ഓണററി ബിരുദ കോഴ്സുകള്‍ 2016 വരെ ഗവണ്‍മെന്‍റ് കോളേജുകളില്‍ മാത്രം
Higher-Education-150x150ഓണററി ബിരുദ കോഴ്സുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എയിഡഡ് കോളേജുകള്‍ക്ക് 2016 വരെ കാത്തിരിക്കേണ്ടി വരും. നിലവില്‍ പരീക്ഷണാര്‍ത്ഥം മൂന്ന് ഗവണ്‍മെന്‍റ് കോളേജുകളില്‍ ഓണററി ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ച് 2016-17 അദ്ധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ എയിഡഡ് കോളേജുകള്‍ക്ക് കോഴ്സ് തുടങ്ങാന്‍ അനുമതി നല്‍കൂ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. എന്നാല്‍ നിശ്ചിത ആര്‍ട്സ്, സയന്‍സ് വിഷയങ്ങളില്‍ 2014-15 കാലയളവില്‍ തന്നെ കൂടുതല്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലേക്ക് കോഴ്സ് വ്യാപിപ്പിക്കാന്‍ വകുപ്പിന് പദ്ധതിയുണ്ട്. ഇതിനായി സിലബസിന്‍റെ മാതൃക തയ്യാറാക്കാനും ഓരോ വിഷയങ്ങളിലേക്കും യോഗ്യരായ ഫാക്കല്‍റ്റീസിനെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ തിരുവനന്തപുരം ഗവ. വിമണ്‍സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ യഥാക്രമം ബി.എ ഇംഗ്ലീഷ് (ഓണ.), എക്കണോമിക്സ്, ബി.കോം, ബി.എസ്സി കോഴ്സുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഓണററി ബിരുദ കോഴ്സുകള്‍ തുടങ്ങാനുള്ള താല്‍പര്യവുമായി എയിഡഡ് കോളേജ് അധികൃതര്‍ രംഗത്തു വന്നിരുന്നു. മഹാരാജാസിലൊഴികെയുള്ള മൂന്നിടങ്ങളിലും കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴ്സുകള്‍ ആരംഭിച്ചത്. മഹാരാജാസിലെ ഓണററി എക്കണോമിക്സ് കോഴ്സ് ഈ ജൂണ്‍ മുതലാണ് ആരംഭിക്കുന്നത്. കോഴ്സിനോട് ഇതു വരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ആശാവഹമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. പൊതു വിഭാഗത്തിന് 70 ശതമാനവും പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 55-60 ശതമാനവുമായി മാര്‍ക്ക് പരിധി നിശ്ചയിച്ചിട്ടും അനുവദിക്കപ്പെട്ട 30 സീറ്റുകളില്‍ വളരെ വേഗത്തിലാണ് പ്രവേശനം പൂര്‍ത്തിയായതെന്നും ഭാവിയില്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നുയരുന്ന ആവശ്യമനുസരിച്ചായിരിക്കും എയിഡഡ് കോളേജുകളുടെ അപേക്ഷ പരിഗണിക്കുകയെന്നും അവര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter