സൈബര്‍ സുരക്ഷ ഇനി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സുരക്ഷയ്ക്കു സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടുത്ത അധ്യയനവര്‍ഷം മുതലാണിത്. ഇന്റര്‍നെറ്റിലെ ചതിക്കുഴികളെ സംബന്ധിച്ചു വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍, അതിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയും പാഠഭാഗങ്ങളിലൂടെ കുട്ടികളിലെത്തിക്കാന്‍ എസ്.സി.ഇ.ആര്‍.ടി തീരുമാനിച്ചു.
തിരുവനന്തപുരം സിറ്റി പൊലിസിന്റെ ഇടപെടലും മാര്‍ഗനിര്‍ദേശങ്ങളുമാണു സൈബര്‍ സുരക്ഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രേരകമായത്. ഈ വര്‍ഷം ആരംഭിക്കുന്ന അധ്യയനവര്‍ഷത്തില്‍ ഒന്‍പത്, 10 കഌസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ പുറംചട്ടയില്‍ സൈബര്‍സുരക്ഷ സംബന്ധിച്ച സൂചകങ്ങള്‍ പ്രസിദ്ധീകരിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ ഉണ്ടാകും. കഴിഞ്ഞവര്‍ഷം സൈബര്‍ സുരക്ഷ സംബന്ധിച്ചു കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിനു തിരുവനന്തപുരം ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ കെ.സഞ്ജയ്കുമാര്‍ ഗുരുദിന്‍ ബുക്ക്‌ലെറ്റ് തയാറാക്കിയിരുന്നു. വിഡിയോ പ്രദര്‍ശനം ഉള്‍പ്പെടെ വിശദമായ കാംപയിനും സംഘടിപ്പിച്ചിരുന്നു. വിഷയം വ്യാപക ശ്രദ്ധ നേടിയതിനെ തുടര്‍ന്നു കേരള ശിശുക്ഷേമസമിതിയും പദ്ധതിയുമായി കൈകോര്‍ത്തു. സൈബര്‍സുരക്ഷ സംബന്ധിച്ച ലഘുലേഖകള്‍ വിദ്യാലയങ്ങളില്‍ വിതരണം ചെയ്തതുവഴി ഇന്റര്‍നെറ്റിലെ തട്ടിപ്പുകളേയും ചതിക്കുഴികളെയും കുറിച്ചു വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനും കഴിഞ്ഞിരുന്നു.
കരുതിയിരിക്കാം ചതിക്കുഴികളെ
സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ എങ്ങനെയാണു ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള കരുതലുകള്‍ വിശദീകരിച്ചും കൊണ്ടുള്ളതാണ് എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ പാഠ്യപദ്ധതി. സാമൂഹികമാധ്യമങ്ങളില്‍ എങ്ങനെ സുരക്ഷിത ഇടം തീര്‍ക്കാം എന്നതിനാണു പാഠ്യപദ്ധതിയില്‍ ഊന്നല്‍. വ്യക്തിപരമായ വിശദാംശങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കുന്നതിലെ അപകടം, ഓണ്‍ലൈന്‍ സുഹൃത്തുക്കളെ പൂര്‍ണമായും വിശ്വാസത്തിലെടുത്താലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാഠഭാഗത്ത് ചര്‍ച്ച ചെയ്യും.
കൃത്യമായ പാസ്‌വേഡുകള്‍ തീര്‍ക്കുന്നതിനോടൊപ്പം ഇതു സ്വകാര്യമായി സൂക്ഷിക്കാനും ഇ മെയില്‍ അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെ സംബന്ധിച്ചും പാഠഭാഗങ്ങള്‍ ബോധവല്‍ക്കരിക്കും. ഏതെങ്കിലും തരത്തില്‍ ചതിയിലോ തട്ടിപ്പിലോ പെട്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും പാഠ്യപദ്ധതി വിശദമാക്കുന്നുണ്ട്.



Leave A Comment