ഇന്ത്യന്‍ സ്‌കൂളിലെ പാഠപുസ്തകങ്ങള്‍ ഏകീകരിക്കുന്നു
as രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും പാഠപുസ്തകങ്ങള്‍ ഏകീകരിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതോടൊപ്പം പാഠപുസ്തകങ്ങളുടെ വിലയും ഏകീകരിക്കുമെന്ന് ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനായി മസ്‌കത്ത് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാരുടെ യോഗം കഴിഞ്ഞമാസം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍, ചില സ്‌കൂളുകളില്‍ നിലവിലെ പാഠപുസ്തകങ്ങള്‍ സ്റ്റോക്കുണ്ട്. ഈ സ്‌കൂളുകളില്‍ വരുന്ന അധ്യയന വര്‍ഷം ഭാഗികമായി മാത്രമേ ഏകീകരണം നടപ്പാക്കൂ. എന്നാല്‍, തൊട്ടടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ 19 ഇന്ത്യന്‍ സ്‌കൂളുകളിലും ഒരേ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. നിലവില്‍ പല ഇന്ത്യന്‍ സ്‌കൂളുകളിലും സി.ബി.എസ്.ഇ സിലബസിലെ തന്നെ വ്യത്യസ്ത പ്രസാധകരുടെ ടെക്സ്റ്റ് ബുക്കുകളാണ് അധ്യയനത്തിനായി ഉപയോഗിക്കുന്നത്. രക്ഷിതാക്കള്‍ ജോലിയും താമസവും മാറുന്നതിന് അനുസരിച്ച് സ്‌കൂള്‍ മാറേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതോടൊപ്പം, വ്യത്യസ്തമായ വിലയാണ് പാഠപുസ്തകങ്ങള്‍ക്ക് ഓരോ സ്‌കൂളിലും ഈടാക്കുന്നത്. പുസ്തകങ്ങള്‍ ഏകീകരിക്കുന്നതോടെ ഇവയുടെ വിലയും ഏകീകരിക്കുന്നത് രക്ഷിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു പാഠപുസ്തക ഏകീകരണം. ബോര്‍ഡിന്റെ തീരുമാനം മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളെയും അറിയിച്ചിട്ടുണ്ട്. ഏകീകരണം നടപ്പാക്കുന്നതിന്റെ ജോലികളും ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter