പോണ്ടിച്ചേരി സര്‍വകലാശാലയിലും കേന്ദ്രത്തിന്റെ അധികാര ഇടപെടല്‍
  pondichryന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിക്ക് സമ്മര്‍ദം ചെലുത്തിയ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലും മറ്റൊരു കേന്ദ്രമന്ത്രിയുടെ പരാതിയെ തുടര്‍ന്ന് ഇടപെടല്‍ നടത്തിയ രേഖ പുറത്ത്. ഹൈദരാബാദ് സര്‍വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമാണെന്ന പരാതിയാണ് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ നല്‍കിയതെങ്കില്‍ പോണ്ടിച്ചേരിയില്‍ ഇസ്ലാമികവത്കരണം നടക്കുന്നുവെന്നായിരുന്നു മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ആരോപിച്ചിരുന്നത്. സംഘ് അനുകൂല വെബ്‌സൈറ്റില്‍ വന്ന ലേഖനം പരാതിയാക്കി ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറായിരുന്ന റിട്ട ഐ.പി.എസ് ഓഫിസര്‍ ഡി.സി നാഥ് നേതൃത്വം നല്‍കുന്ന പാട്രിയറ്റ് ഫോറം എന്ന സംഘടന മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും സുരക്ഷാ ഉപദേഷ്ടാവിനും ബി.ജെ.പി നേതാക്കള്‍ക്കും ഇമെയില്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരഞ്ജന്‍ ജ്യോതി അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു. ഇതോടെ ഇക്കാര്യം അന്വേഷിക്കാന്‍ മന്ത്രാലയം സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ജലീസ് അഹ്മദ് ഖാന്‍ തരീന്‍ ചുമതല ഏറ്റ മാര്‍ച്ച് 2007 മുതലാണ് സര്‍വകലാശാലയില്‍ ഇസ്ലാമികവത്കരണം തുടങ്ങിയതെന്നും അദ്ദേഹം വിരമിച്ച 2013 ഫെബ്രുവരിവരെ പ്രക്രിയ തുടര്‍ന്നുവെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. അധ്യാപകരായും വിദ്യാര്‍ഥികളായും കശ്മീരില്‍നിന്നടക്കം ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ളവര്‍ കൂടുതലായി എത്തുന്നതാണ് മതവത്കരണത്തിന് ആധാരമായി പരാതിക്കാര്‍ ആരോപിച്ചത്. ഇവരില്‍ പലരും ഭീകരവാദികളാവുമെന്ന ആശങ്കയും പറയുന്നുണ്ട്. സര്‍വകലാശാലയില്‍ പള്ളി പണിയാന്‍ ശ്രമിച്ചെന്നും കാന്റീനില്‍ ഹലാല്‍ മാംസം ഏര്‍പ്പെടുത്തിയെന്നും ആരോപിച്ച കത്തില്‍ ഈ അശുദ്ധികള്‍ക്ക് പരിഹാരക്രിയയായി ആര്യസമാജത്തെയോ മറ്റോ ശുദ്ധികലശത്തിന് നിയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തരീന്‍ വിരമിച്ച് രണ്ടു വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി സമര്‍പ്പിച്ചത്. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പ്രഫ. വെങ്കട്ട രഘൂത്തം, പ്രഫ. മോഹനന്‍ ബി. പിള്ള, പ്രഫ. കൃഷ്ണമൂര്‍ത്തി എന്നിവരടങ്ങിയ സമിതി ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കി മറുപടി നല്‍കി. പള്ളി നിര്‍മിക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആകെ ഉള്ളതിന്റെ ആറു ശതമാനത്തില്‍ താഴെമാത്രമാണ് മുസ്ലിം അധ്യാപകരും വിദ്യാര്‍ഥികളുമെന്നുമാണ് സമിതി നല്‍കിയ മറുപടി.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter