ബാഹ്യമായ കാഴ്ചകള്‍ക്കപ്പുറത്തെ വിശാലമായ ലോകം
അബുൽ ഖാസിം പറയുന്നു: ഞാൻ ഉസ്താദ് അബൂ അലി (റ) ന്റെ സന്നിധിയിലായിരുന്നു. സംസാരത്തിനിടെ അബൂ അബ്ദിർറഹ്മാൻ സുലമിയെ കുറിച്ച് പരാമർശമുണ്ടായി. 'അദ്ദേഹം സമാഇനിടയിൽ ദർവീശുമാരോടൊപ്പം എഴുന്നേറ്റ് ആടാറുണ്ട്. അദ്ദേഹത്തിന് ശാന്തമായി ഇരിക്കലാണ് നല്ലത്.' എന്ന് ഞാൻ അവിടെ സൂചിപിച്ചു.
ഇത് കേട്ടതും അബൂ അലി(റ) പറഞ്ഞു: 'സുലമിയുടെ അടുത്തേക്ക് പുറപ്പെടുക. അദ്ദേഹം തന്‍റെ ഗ്രന്ഥപുരയിലായിരിക്കും. ചുവന്ന ചട്ടയുള്ള ഒരു ചെറിയ ഗ്രന്ഥം അവിടെയുണ്ടാകും. ഹുസൈൻബിൻ മൻസ്വൂറിന്റെ കവിതകളാണതിൽ. അത് ഇങ്ങോട്ടു കൊണ്ടു വരണം. സുലമിയോട് സമ്മതം ചോദിക്കേണ്ടതൊന്നുമില്ല.'
അതൊരു ഉച്ച സമയമായിരുന്നു. ഞാൻ സുലമിയുടെ വീട്ടിലെത്തി. ഉസ്താദ് പറഞ്ഞതു പോലെ തന്നെ അദ്ദേഹം ഗ്രന്ഥപുരയിൽ തന്നെയായിരുന്നു. അവിടെ ചുവന്ന ചട്ടയുള്ള ഗ്രന്ഥവും കാണാനായി. ഞാൻ അവിടെ ഇരുന്നു. സുലമി എന്നോട് സംസാരം തുടങ്ങി. അദ്ദേഹം പറഞ്ഞു:
'മുമ്പൊരിക്കൽ വലിയൊരു പണ്ഡിതൻ സമാഇൽ ആടുമായിരുന്നു. ഇതിനോട് മറ്റൊരാൾക്ക് വിയോജിപ്പുണ്ടായിരുന്നു. ഒരിക്കൽ ഈ വിയോജിപ്പുള്ള മനുഷ്യൻ വീട്ടിൽ ഒറ്റക്ക് വളരെ സന്തോഷത്തോടെ വട്ടം ചുറ്റുന്നത് കാണാനിടയായി. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ആ മനുഷ്യൻ പറഞ്ഞു: 'എനിക്ക് മനസ്സിലാകാത്ത ഒരു പ്രഹേളിക ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് അത് മനസ്സിലായി. അതിന്റെ സന്തോഷം അടക്കാനായില്ല. അതിനാലാണ് ഞാൻ ഇങ്ങനെ വട്ടം ചുറ്റിയത്.' അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: 'ഇത് തന്നെയാണ് സമാഇൽ സ്വൂഫികള്‍ക്ക് സംഭവിക്കുന്നതും'.
Read More: അധികം വാങ്ങിയ ഭക്ഷണം
ഉസ്താദ് അബൂ അലി പറഞ്ഞത് പോലെ സംഭവിച്ചതും സുലമിയുടെ ഈ വർത്തമാനവും കൂടിയായപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പരിഭ്രമിച്ചു. പിന്നെ ഞാൻ ചിന്തിച്ചു: 'സത്യം വെളിപ്പെടുത്തുക തന്നെ വഴിയുള്ളൂ.'
ഞാൻ സുലമിയോട് പറഞ്ഞു: 'ഉസ്താദ് അബൂ അലി ഒരു ചുവന്ന ചട്ടയുള്ള ഗ്രന്ഥത്തെ കുറിച്ചു പറഞ്ഞാണ് എന്നെ ഇങ്ങോട്ട് അയച്ചത്. അത് നിങ്ങളുടെ സമ്മതമൊന്നും ചോദിക്കാതെ അദ്ദേഹത്തിന് കൊണ്ടു പോയി കൊടുക്കാൻ ഉസ്താദ് എന്നോട് കൽപിച്ചിട്ടുമുണ്ട്. പക്ഷേ, എനിക്ക് അങ്ങനെയത് കൊണ്ട് പോകാൻ പേടിയാണ്. എന്നാൽ, അദ്ദേഹത്തെ അനുസരിക്കാതിരിക്കാനും വയ്യ.'
അന്നേരം സുലമി ആ ഗ്രന്ഥത്തിൽ നിന്ന് ഇബ്നുമന്‍സൂറിന്റെ, ആറാറു വരികളായി രചിച്ച ഒരു കവിതയെടുത്തു. കൂടെ അദ്ദേഹത്തിന്റെ ഒരു രചനയും. അതിനദ്ദേഹം الصهيور في نقض الدهور എന്നായിരുന്നു പേരിട്ടിരുന്നത്.
സുലമി പറഞ്ഞു: 'ഇത് കൊണ്ടു പോയി കൊടുത്തോളൂ. കൊടുക്കുമ്പോൾ അദ്ദേഹത്തോടു പറയണം: ഞാൻ ഈ വാള്യം വായിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് ചിലത് എന്‍റെ ഗ്രന്ഥത്തിലേക്ക് ഞാൻ പകർത്തുന്നുമുണ്ട്.'
എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് ഒരു പിടിയും കിട്ടാതെ ഞാന്‍ തിരിച്ച് നടന്നു.
രിസാല 270
Leave A Comment