ആഫ്രിക്കയും മുസ്‍ലിം ലോകത്തിന് ഏറെ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്

ആഗോള മുസ്‍ലിം ജനസംഖ്യയുടെ നാലിലൊന്നിലധികം ഭാഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് വസിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മുസ്‍ലിം ജനസംഖ്യയുള്ള പത്ത് രാജ്യങ്ങളിൽ നാലെണ്ണവും ഈ ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണെന്നതാണ് മറ്റൊരു പ്രധാനപെട്ട കാര്യം. വടക്കൻ ആഫ്രിക്കയിൽ മുസ്‍ലിംകൾക്ക് വൻ ഭൂരിപക്ഷമുണ്ടെന്നത് എല്ലാവർക്കും അറിയാമെങ്കിലും സഹാറൻ, സബ്-സഹാറൻ ആഫ്രിക്കൻ മേഖലകളില്‍, പ്രത്യേകിച്ച് ഭൂമധ്യരേഖയ്ക്ക് മുകളിലായി ദശലക്ഷക്കണക്കിന് മുസ്‍ലിംകൾ അധിവസിക്കുന്നുണ്ട് എന്നതാണ് സത്യം. ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗങ്ങളിലും ശ്രദ്ധേയമായ മുസ്‍ലിം ന്യൂനപക്ഷങ്ങളെ കാണാൻ സാധിക്കും.

ഇത്ര വലിയ ജനസംഖ്യയും ഇസ്‌ലാമിക നാഗരികതകളുടെ സമ്പന്നമായ ചരിത്രവുമുണ്ടായിട്ടും, ആഗോള ഇസ്‌ലാമിക ചരിത്രരേഖകളിൽ സബ്-സഹാറൻ ആഫ്രിക്കയിലെ ഇസ്‌ലാം പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലും നയരൂപീകരണ ചർച്ചകളിലും, ചില അക്കാദമിക് രചനകളിൽ പോലും, ആഫ്രിക്കയിലെ ഇസ്‌ലാമിനെ പലപ്പോഴും "ആഫ്രിക്കൻ ഇസ്‌ലാം" എന്ന പേരിൽ ലളിതവൽക്കരിച്ച് ചിത്രീകരിക്കാറുണ്ട്. ബോക്കോ ഹറാം പോലുള്ള അക്രമാസക്തമായ പ്രസ്ഥാനങ്ങളുടെ ഉദയത്തോടെ, മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും അത്തരം തീവ്രവാദികളെ "കർക്കശക്കാരായ വിശ്വാസികൾ" എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ആഫ്രിക്കയിലെ മുസ്‍ലിംകളെ ഒന്നുകിൽ "മതാന്ധർ" അല്ലെങ്കിൽ "മുസ്‌ലിം നാമധാരികൾ" എന്ന് മുദ്രകുത്തിയിരുന്ന കൊളോണിയൽ കാലഘട്ടത്തിലെ വിവേചനപരമായ കാഴ്ചപ്പാടുകളുടെ തുടർച്ചയാണിത്.

ആഫ്രിക്കയിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള തെറ്റായ ചിത്രീകരണങ്ങളെ തിരുത്താനായി അക്കാദമിക് മേഖലയിൽ നിന്ന് ഗൗരവതരമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ബ്രിൽ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'അറബിക് ലിറ്ററേച്ചർ ഇൻ ആഫ്രിക്ക' എന്ന പരമ്പര ഭൂഖണ്ഡത്തിലെ അറബി രചനകളുടെ വലിയ ശേഖരത്തെ സവിശേഷമായി രേഖപ്പെടുത്തുന്നുണ്ട്. വോലോഫ്, ഹൗസ, ഫുൾഫുൾഡെ, സോമാലി തുടങ്ങിയ പ്രാദേശിക ഭാഷകളിൽ അറബി ലിപി ഉപയോഗിച്ച് എഴുതപ്പെട്ട ഇസ്‌ലാമിക കൃതികളെ പഠിക്കാനും അവയെ ചരിത്രത്തിന്റെ ഭാഗമാക്കാനുമുള്ള ശ്രമങ്ങൾ ഇന്ന് സജീവമായി നടക്കുന്നുമുണ്ട്. റോമൻ ലോമിയറുടെ 'മുസ്‍ലിം സൊസൈറ്റീസ് ഇൻ ആഫ്രിക്ക', ഉസ്മാൻ കാനെയുടെ 'ബിയോണ്ട് ടിംബക്റ്റു' തുടങ്ങിയ പ്രമുഖ കൃതികൾ ആഫ്രിക്കൻ ചരിത്രത്തെ വിശാലമായി പ്രതിപാദിക്കുമ്പോൾ, മറ്റു പല പഠനങ്ങള്‍ ആഫ്രിക്കൻ മുസ്‍ലിം സ്ത്രീകളുടെ അനുഭവങ്ങൾ, ഇസ്‌ലാമിക വിദ്യാഭ്യാസം, കൊളോണിയൽ ഭരണത്തിന് ശേഷമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ ശരീഅത്ത് നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്.

ആഫ്രിക്കൻ ഇസ്‌ലാമിനെക്കുറിച്ചുള്ള നല്ല വാർത്തകൾ പുറംലോകം അറിയുന്നത് പലപ്പോഴും അവിടുത്തെ പഴയകാല ചരിത്രങ്ങളിലൂടെയാണ്. മാലിയിലെ തിമ്പുക്തുവിലെ പുരാതന കൈയെഴുത്തുപ്രതികൾ ഇന്ന് ലോകപ്രശസ്തമാണ്. മോറിത്താനിയയിലെ ചിങ്കുട്ടി, വാലാത്ത തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള അമൂല്യമായ രേഖകളും ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ ഭൂഖണ്ഡത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം തന്നെ അവിടുത്തെ വർത്തമാനകാല ഇസ്‌ലാമിക ജീവിതവും നാം ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലെ ആഫ്രിക്കൻ മുസ്‍ലിം ചിന്തകരുടെ ബൗദ്ധിക സംഭാവനകളെ ലോകം ഇനിയും ഏറെ പരിചയപ്പെടേണ്ടതുണ്ട്.

ആഫ്രിക്കയിലെ ഇസ്‌ലാമിക ചരിത്രം

പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ മുസ്‍ലിംകൾ ആഫ്രിക്കയിലേക്ക്, പ്രത്യേകിച്ച് ഇന്നത്തെ എത്യോപ്യയായ അബിസീനിയയിലേക്ക് പലായനം ചെയ്തിരുന്നു. പ്രവാചക പുത്രി റുഖിയ(റ), അവരുടെ ഭർത്താവും പിൽക്കാലത്തെ ഖലീഫയുമായ ഉസ്മാൻ ബിൻ അഫ്ഫാൻ(റ) തുടങ്ങിയ പ്രമുഖരായ സ്വഹാബികൾ ഈ ചരിത്രയാത്രയിൽ പങ്കാളികളായിരുന്നു. അബിസീനിയയിലെ മാറ്റങ്ങളെക്കുറിച്ച് സദാ ബോധവാനായിരുന്ന പ്രവാചകൻ(സ്വ) അവിടുത്തെ രാജാവായിരുന്ന നജാശി അന്തരിച്ചപ്പോൾ പരേതനുവേണ്ടി നിസ്കരിക്കുക പോലും ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടുകളിൽ ഹിജാസിൽ ആരംഭിച്ച മുസ്‍ലിം ഭരണം ഖുലഫാഉറാശിദുകളുടെയും പിന്നീട് ഉമവീ ഖലീഫമാരുടെയും നേതൃത്വത്തിൽ വടക്കൻ ആഫ്രിക്ക വരെ വ്യാപിച്ചു. വടക്കൻ ആഫ്രിക്കയിലെ ഈ മുന്നേറ്റമാണ് സഹാറൻ, സബ്-സഹാറൻ ആഫ്രിക്കൻ മേഖലകളിലേക്ക് ഇസ്‌ലാം കടന്നുചെല്ലാൻ വഴിയൊരുക്കിയത്. ഈ പ്രക്രിയ എങ്ങനെയാണ് നടന്നതെന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും, മുസ്‍ലിം വ്യാപാരികളും പണ്ഡിതന്മാരും തുടക്കത്തിൽ അവിടെ ചെറിയ സമൂഹങ്ങൾ സ്ഥാപിച്ചുവെന്നും പിന്നീട് ഭരണാധികാരികൾ ഇസ്‌ലാം സ്വീകരിച്ചതോടെ അതൊരു വലിയ മാറ്റത്തിന് കാരണമായെന്നും പൊതുവെ അംഗീകരിക്കപ്പെടുന്ന അഭിപ്രായങ്ങളിലൊന്നാണ്. ഇതിനുശേഷം 'തജ്ദീദ്' (നവോത്ഥാനം) പോലുള്ള പ്രസ്ഥാനങ്ങളിലൂടെയും മറ്റും ഇസ്‌ലാം അവിടുത്തെ വലിയൊരു വിഭാഗം ജനതയുടെ ജീവിതക്രമമായി മാറിയതായി മനസിലാക്കാം. ഈ മാറ്റം പൂർത്തിയാകാൻ നൂറ്റാണ്ടുകളെടുത്തു എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന്, ഇന്നത്തെ മാലിയുടെ തെക്കൻ ഭാഗങ്ങളിൽ ഇരുപതാം നൂറ്റാണ്ടിലാണ് പലരും ഇസ്‌ലാം സ്വീകരിച്ചത്. വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും, അധിനിവേശ ശക്തികൾക്ക് താൽപ്പര്യമില്ലാതിരുന്നിട്ടും കൊളോണിയൽ ഭരണം പലയിടങ്ങളിലും ഇസ്‌ലാം വ്യാപിക്കാൻ സഹായിച്ചിട്ടുണ്ട്. നിർബന്ധിത സൈനിക സേവനം, അടിമത്തത്തിൽ നിന്നുള്ള മോചനം, വിപണികളുടെ വ്യാപനം തുടങ്ങിയ കൊളോണിയൽ കാലത്തെ സാമൂഹിക മാറ്റങ്ങൾ ജനങ്ങൾ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങളായി മാറി.

ആഫ്രിക്കയിലെ ഇസ്‌ലാമിക ലോകത്തെ പ്രധാനമായും പരസ്പരബന്ധിതമായ രണ്ട് ഭാഗങ്ങളായി കാണാം. ഇതിൽ ആദ്യത്തേത് വടക്കുപടിഞ്ഞാറൻ ആഫ്രിക്കയാണ്. സഹാറ മരുഭൂമിയെ ഒരു ബന്ധിപ്പിക്കൽ മേഖലയാക്കി മാറ്റിക്കൊണ്ട് അക്കാലത്ത് വ്യാപാരവസ്തുക്കളും മനുഷ്യരും ആശയങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഒഴുകിയിരുന്നു. രണ്ടാമത്തെ ലോകം ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നുകിടക്കുന്നതാണ്. ഇത് സോമാലിയയെയും സ്വാഹിലി തീരത്തെയും കിഴക്കൻ ആഫ്രിക്കയുമായും അറേബ്യൻ ഉപദ്വീപുകളുമായും ഇന്ത്യൻ ഉപഭൂഖണ്ഡവുമായും തെക്കുകിഴക്കൻ ഏഷ്യയുമായും മതപരമായും വ്യാപാരപരമായും ബന്ധിപ്പിക്കുന്നുണ്ട്.

മറ്റ് മുസ്‌ലിം രാജ്യങ്ങളെപ്പോലെ തന്നെ ആഫ്രിക്കയിലെ ഇന്നത്തെ ഇസ്‌ലാമിക സാഹചര്യത്തെയും കൊളോണിയലിസം വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ബ്രിട്ടീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ജർമ്മൻ, പോർച്ചുഗീസ് അധിനിവേശ ശക്തികൾ ആഫ്രിക്കയുടെ ഭൂപടം തന്നെ മാറ്റിവരച്ചു. അവർ സാമ്രാജ്യങ്ങളെ തകർക്കുക മാത്രമല്ല, മതം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മുസ്‍ലിംകളെ ക്രിസ്തുമതത്തിലേക്ക് മാറ്റുക എന്നതിലുപരി, യൂറോപ്യൻ രീതിയിലുള്ള ഒരു 'ആധുനിക' മുസ്‍ലിം സമൂഹത്തെ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ശരീഅത്ത് നിയമങ്ങളുടെ പ്രയോഗത്തിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇസ്‌ലാമിക നിയമങ്ങളെ പരിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്തു. മുസ്‌ലിം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് തങ്ങൾക്ക് വഴങ്ങാത്ത ഭരണാധികാരികളെ നീക്കം ചെയ്യാനും ചില സൂഫി സരണിയിലുള്ളവരെയും മറ്റും ലഹളക്കാരായി മുദ്രകുത്താനും അവർ മടിച്ചില്ല. കൂടാതെ, ഈജിപ്തിലെ അൽഅസ്ഹർ സർവ്വകലാശാല പോലുള്ള കേന്ദ്രങ്ങളുമായി ആഫ്രിക്കൻ മുസ്‌ലിംകൾക്കുള്ള ബന്ധം അധിനിവേശക്കാർ തടസ്സപ്പെടുത്തി. കൊളോണിയൽ ഭരണത്തോട് സഹകരിച്ചവർക്ക് ഹജ്ജ് യാത്രയ്ക്കുള്ള സൗകര്യങ്ങളും ഭരണത്തിൽ ഉയർന്ന പദവികളും നൽകി അവർ പ്രോത്സാഹിപ്പിച്ചു. എന്നാൽ ഇത്തരം പ്രതിബന്ധങ്ങൾക്കിടയിലും സ്വതന്ത്ര ചിന്താഗതിക്കാരായ പല മുസ്‌ലിം പണ്ഡിതന്മാരും തങ്ങളുടെ ബൗദ്ധിക പ്രവർത്തനങ്ങൾ തുടരുകയും അധിനിവേശത്തിന് വഴങ്ങാത്തവർ ഹിജാസിലേക്കും മറ്റും ഹിജ്റ പോവുകയും ചെയ്തു.

ആഫ്രിക്കൻ രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയപ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ തന്നെ ദേശീയ കാഴ്ചപ്പാടുകൾ മതേതരമായ രീതിയിലാണ് പ്രകടിപ്പിക്കപ്പെട്ടത്. ഏഷ്യയിലെ പല രാജ്യങ്ങളെയും പോലെ ആഫ്രിക്കൻ രാജ്യങ്ങളും ഏകകക്ഷി ഭരണത്തിലേക്ക് മാറുകയും ഇസ്‌ലാമിക കാര്യങ്ങളെ നിയന്ത്രിക്കാൻ സർക്കാർ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കുകയും ചെയ്തു. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇസ്‌ലാമിക ചിന്തകരും പ്രസ്ഥാനങ്ങളും അവിടെ വളർന്നുവന്നു. 1990-കളിൽ ഉണ്ടായ ജനാധിപത്യപരമായ മാറ്റങ്ങളും മാധ്യമ സ്വാതന്ത്ര്യവും മുസ്‌ലിംകൾക്ക് രാഷ്ട്രീയത്തിലും സമൂഹത്തിലും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ കൂടുതൽ അവസരങ്ങൾ നൽകി. ഇന്ന് ആഫ്രിക്കൻ ഭൂഖണ്ഡം വൈവിധ്യമാർന്ന ഇസ്‌ലാമിക ചിന്തകളുടെയും ജീവിതരീതികളുടെയും കേന്ദ്രമാണ്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ പ്രമുഖരായ പശ്ചിമാഫ്രിക്കൻ മുസ്‌ലിം ചിന്തകരെക്കുറിച്ച് നോക്കാം.

തഫ്സീർ

വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മുസ്‌ലിം പണ്ഡിതന്മാർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന പാഠ്യപദ്ധതിയുടെ (core curriculum) പ്രധാന ഭാഗമാണ് തഫ്സീർ. 'തഫ്സീറുൽ ജലാലൈൻ' എന്ന കൃതിക്ക് ഈ മേഖലയിൽ വലിയ സ്വാധീനമുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പശ്ചിമാഫ്രിക്കയിലും തഫ്സീർ പ്രധാനമായും വാമൊഴിയായാണ് പ്രചരിച്ചിരുന്നതെങ്കിലും ശ്രദ്ധേയമായ രേഖാമൂലമുള്ള വ്യാഖ്യാനങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്.

കൊളോണിയൽ കാലഘട്ടത്തിന് ശേഷം പശ്ചിമാഫ്രിക്കൻ പണ്ഡിതന്മാർ രചിച്ച തഫ്സീറുകളിൽ ഏറ്റവും പ്രശസ്തമായ രണ്ട് കൃതികളുണ്ട്. സെനഗലിലെ അഹ്മദ് ദെമെ (മരണം 1973) രചിച്ച 'ദിയാഉൽ നയ്യിറൈൻ' എന്ന ഗ്രന്ഥവും മൗറിട്ടേനിയയിൽ ജനിച്ച മുഹമ്മദ് അമീനുൽ ഷിൻഖീത്തി (മരണം 1973) രചിച്ച 'അദ്‌വാഉൽ ബയാൻ' എന്ന ഗ്രന്ഥവുമാണവ. ഏകദേശം 1890-കളിൽ ജനിച്ച അഹ്മദ് ദെമെ സെനഗലിലെ വിവിധ വിജ്ഞാന കേന്ദ്രങ്ങളിൽ നിന്ന് പരമ്പരാഗത വിദ്യാഭ്യാസം നേടിയ ശേഷം തന്റെ നീണ്ട പണ്ഡിത ജീവിതത്തിനിടയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതനാണ്. ഏകദേശം ഇരുപത് വർഷത്തോളമെടുത്ത് 1959-ൽ അദ്ദേഹം പൂർത്തിയാക്കിയ 'ദിയാഉൽ നയ്യിറൈൻ' എന്ന കൃതിയിൽ മതവിശ്വാസത്തിന്റെ ബാഹ്യമായ വശങ്ങളും (ളാഹിർ) ആന്തരികമായ വശങ്ങളും (ബാത്തിൻ) തമ്മിലുള്ള സമന്വയമാണ് ലക്ഷ്യമിടുന്നത്. ഈ കൃതി അച്ചടിരൂപത്തിൽ പുറത്തിറങ്ങാൻ 2006 വരെ കാത്തിരിക്കേണ്ടി വന്നു.

മൗറിത്താനിയയിൽ ജനിച്ച് അവിടുത്തെ പരമ്പരാഗത പഠനത്തിന് ശേഷം ജഡ്ജിയായി സേവനമനുഷ്ഠിച്ച ശൈഖ് ഷിൻഖീത്തി പിന്നീട് ഹജ്ജ് യാത്രയ്ക്ക് ശേഷം സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കി. മദീന ഇസ്‌ലാമിക്ക്‌ യൂണിവേഴ്സിറ്റി പോലുള്ള പ്രമുഖ വിദ്യാലയങ്ങളിൽ അധ്യാപകനായിരുന്ന അദ്ദേഹം ആധുനിക സലഫി ചിന്താഗതിയുടെ വികാസത്തിൽ നിർണ്ണായക പങ്ക് വഹിച്ച പശ്ചിമാഫ്രിക്കൻ പണ്ഡിതരിൽ ഒരാളാണ്. മുസ്‌ലിം വേൾഡ് ലീഗിന്റെ സ്ഥാപക അംഗം കൂടിയായ അദ്ദേഹത്തിന്റെ തഫ്സീർ ഖുർആനിലെ സൂക്തങ്ങളെ ഖുർആൻ കൊണ്ടും ഹദീസുകൾ കൊണ്ടും വിശദീകരിക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തിന്റെ ഭൂരിഭാഗം അദ്ദേഹം പൂർത്തിയാക്കിയെങ്കിലും ബാക്കി ഭാഗം അദ്ദേഹത്തിന്റെ ശിഷ്യനായ അത്വിയ്യ ബിൻ മുഹമ്മദ് സാലിം ആണ് പൂർത്തിയാക്കിയത്.

മുസ്‌ലിംകൾ ഖുർആനിൽ നിന്ന് അകന്നുപോകുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഷിൻഖീത്തി ഈ തഫ്സീർ രചിച്ചത്. ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള പ്രതീക്ഷയും താക്കീതുകളിലുള്ള ഭയവും ജനങ്ങളിൽ കുറഞ്ഞുവരുന്നതിനെ അദ്ദേഹം ഖേദപൂർവ്വം നോക്കിക്കാണുന്നുണ്ട്. അല്ലാഹുവിന്റെ വാക്കുകളെക്കുറിച്ച് അല്ലാഹുവിനേക്കാൾ അറിവുള്ള മറ്റാരുമില്ലെന്ന വിശ്വാസത്തിൽ ഊന്നിനിന്ന് ഖുർആൻ കൊണ്ട് ഖുർആനെ വ്യാഖ്യാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. ഇതിനോടൊപ്പം തന്നെ ഖുർആനിലെ സൂക്തങ്ങളിൽ നിന്നുള്ള നിയമപരമായ കണ്ടെത്തലുകളും (ഫിഖ്ഹ്) ഏതെങ്കിലും പ്രത്യേക മദ്ഹബിനോട് പക്ഷപാതം കാണിക്കാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനും അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചുവെന്ന് പറയാം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലെ ഏറ്റവും പരിഗണിക്കപ്പെടുന്ന തഫ്സീറുകളിൽ ഒന്നായി 'അദ്‌വാഉൽ ബയാൻ' മാറി.

അറബിയിലുള്ള തഫ്സീറുകൾക്ക് പുറമെ ആഫ്രിക്കൻ പ്രാദേശിക ഭാഷകളിലേക്ക് ഖുർആൻ വിവർത്തനം ചെയ്യാനും പശ്ചിമാഫ്രിക്കൻ മുസ്‍ലിംകൾ താല്പര്യം കാണിച്ചു. വാമൊഴിയായി വിവർത്തനങ്ങൾ കാലങ്ങളായി നടന്നിരുന്നെങ്കിലും രേഖാമൂലമുള്ള വിവർത്തനങ്ങൾ അപൂർവ്വമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ നൈജീരിയയിലെ അബൂബക്കർ ഗുമി (മരണം 1992), നാസിറു കബാര (മരണം 1996) എന്നിവർ ഹൗസ ഭാഷയിൽ തയ്യാറാക്കിയ വിവർത്തനങ്ങൾ ഇതിൽ പ്രധാനമാണ്. നൈജീരിയയിലെ സലഫി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു അബൂബക്കർ ഗുമിയെങ്കിൽ, നാസിറു കബാര ഖാദിരിയ്യ സൂഫി സരണിയിലെ പ്രമുഖനായിരുന്നു. ഈ രണ്ട് വിവർത്തന ഗ്രന്ഥങ്ങളും സൂഫിസത്തെക്കുറിച്ചുള്ള തർക്കങ്ങൾക്കും ഖുർആൻ വ്യാഖ്യാനിക്കേണ്ട ശരിയായ രീതിയെക്കുറിച്ചുള്ള സംവാദങ്ങൾക്കും വലിയ വേദിയായി മാറിയെന്ന് ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്.

ഫിഖ്ഹും ഉസൂലുൽ ഫിഖ്ഹും

കർമ്മശാസ്ത്രത്തിന്റെ കാര്യത്തിൽ പശ്ചിമാഫ്രിക്ക പണ്ടുമുതൽക്കേ മാലികി മദ്ഹബിന് പ്രാധാന്യമുള്ള മേഖലയാണ്. അബ്ദുല്ലാഹ് ബിൻ അബി സൈദ് അൽഖൈറുവാനി രചിച്ച 'രിസാല', ഖലീൽ ബിൻ ഇസ്ഹാഖിന്റെ 'മുഖ്തസർ' തുടങ്ങിയ അടിസ്ഥാന മാലികി ഗ്രന്ഥങ്ങൾക്ക് ഈ പ്രദേശത്ത് വലിയ സ്വാധീനമുണ്ട്. കൊളോണിയൽ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന തിമ്പുക്തുവിലെ അഹ്മദ് ബാബ, ഇന്നത്തെ മൗറിത്താനിയയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള സിദി അബ്ദുല്ലാഹ് ബിൻ അൽഹാജ് ഇബ്രാഹിം അലവി, മുഹമ്മദ് യഹ്‌യ വലാത്തി എന്നിവർ പശ്ചിമാഫ്രിക്കയിലെ ഏറ്റവും പ്രശസ്തരായ നിയമവിദഗ്ധരായിരുന്നു. ഇവരിൽ അവസാനത്തെ രണ്ടുപേരും ഉസൂലുൽ ഫിഖ്ഹ് എന്ന ശാഖയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. സീദി അലവി രചിച്ച 'മറാഖി സുഊദ്' എന്ന ആയിരം വരികളുള്ള കവിതയും അതിന് അദ്ദേഹം തന്നെ എഴുതിയ 'നശ്രുൽ ബുനൂദ്' എന്ന വ്യാഖ്യാനവും ഈ രംഗത്തെ പ്രധാന കൃതികളാണ്. വലാത്തിയും ഈ കവിതക്ക്‌ വ്യാഖ്യാനം രചിച്ചിട്ടുണ്ട്; കൂടാതെ അദ്ദേഹം തയ്യാറാക്കിയ 'ഈസാലുൽ സാലിക്' എന്ന ഗ്രന്ഥം ഇമാം മാലികിയുടെ നിയമനിർമ്മാണ രീതികളെ പഠിപ്പിക്കുന്ന പ്രശസ്തമായ പാഠപുസ്തകമാണ്.

ഇരുപതാം നൂറ്റാണ്ടിൽ ഒരു പശ്ചിമാഫ്രിക്കൻ പണ്ഡിതൻ രചിച്ച ഏറ്റവും ആധികാരികമായ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഒന്നാണ് നൈജീരിയക്കാരനായ അബൂബക്കർ കത്സിനാവി രചിച്ച 'അഷലുൽ മദാരിക്'. നൈജീരിയയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് മക്കയിലേക്കും മദീനയിലേക്കും പോവുകയും അവിടുത്തെ പ്രമുഖ മാലികി പണ്ഡിതന്മാരുടെ കീഴിൽ പഠനം തുടരുകയും ചെയ്തു. ഇബ്നു അസ്കർ ബഗ്ദാദിയുടെ 'ഇർഷാദുൽ സാലിക്' എന്ന ഗ്രന്ഥത്തിന് അദ്ദേഹം നൽകിയ വിപുലമായ വ്യാഖ്യാനമാണ് 'അഷലുൽ മദാരിക്'. ഇബ്നു അസ്കറിന്റെ മൂലഗ്രന്ഥം വളരെ ചുരുങ്ങിയ രൂപത്തിലുള്ള ഒന്നാണെങ്കിൽ കത്സിനാവിയുടെ വ്യാഖ്യാനം മൂന്ന് വാല്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. മൂലഗ്രന്ഥത്തിലെ ആശയങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം തന്നെ ആദ്യകാല പണ്ഡിതന്മാർ മുതൽ പിൽക്കാലത്തുള്ളവർ വരെയുള്ളവരുടെ വൈവിധ്യമാർന്ന അഭിപ്രായങ്ങളും തെളിവുകളും അദ്ദേഹം ഇതിൽ സമഗ്രമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സമകാലിക കാലഘട്ടത്തിലെ സമാനമായ മറ്റൊരു പ്രധാന കൃതി മൗറിത്താനിയൻ പണ്ഡിതനായ മുഹമ്മദ് സാലിം വുല്‍ദ് അദ്ദദൂ തയ്യാറാക്കിയ ശൈഖ് ഖലീലിന്റെ 'മുഖ്തസറി'ന്റെ പദ്യരൂപമാണ്. മൗറിത്താനിയയിലെ പ്രശസ്തമായ ഒരു പണ്ഡിത കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ആലി ബിൻ അബ്ദുൽ വദൂദ് ഒരു പ്രമുഖ ശൈഖായിരുന്നു. ലോകപ്രശസ്ത പണ്ഡിതനായ ശൈഖ് മുഹമ്മദ് അൽഹസൻ വുല്‍ദ് ദദൂ അദ്ദേഹത്തിന്റെ സഹോദരീപുത്രനാണ്. വിദേശ പഠനത്തിന് അവസരങ്ങൾ കുറവായിരുന്ന കാലത്ത് 1961-ൽ ടുണീഷ്യയിലേക്ക് അയക്കപ്പെട്ട യുവ ജഡ്ജിമാരുടെ സംഘത്തിൽ വുല്‍ദ് ദദൂവും ഉണ്ടായിരുന്നു. പിന്നീട് മൗറിത്താനിയയിലെ നീതിന്യായ വ്യവസ്ഥയിൽ ഉന്നത പദവികൾ അലങ്കരിച്ച അദ്ദേഹം ശരീഅത്ത് നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കണമെന്ന് വാദിച്ചു. രാജ്യത്തെ നിയമങ്ങൾ ചിലപ്പോൾ ഖുർആന്റെയും സുന്നത്തിന്റെയും സലഫുകളുടെ ഏകകണ്ഠമായ അഭിപ്രായങ്ങളുടെയും (consensus) വ്യക്തമായ തെളിവുകൾക്ക് വിരുദ്ധമായി വിധിക്കാൻ ജഡ്ജിമാരെ നിർബന്ധിക്കുന്നുവെന്ന് അദ്ദേഹം അന്നത്തെ പ്രസിഡന്റിന് അയച്ച കത്തിൽ ഖേദപൂർവ്വം സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു അവതരിപ്പിച്ച നിയമങ്ങൾക്കനുസരിച്ച് വിധി നടത്താത്തവരെക്കുറിച്ച് ഖുർആനിലെ സൂറത്തുൽ മാഇദയിൽ പറയുന്ന കഠിനമായ ശിക്ഷകൾക്ക് നാം അർഹരാകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. പിൽക്കാലത്ത് ചില ശരീഅത്ത് നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കപ്പെട്ടെങ്കിലും മൗറിത്താനിയയുടെ 'ഇസ്‌ലാമിക് റിപ്പബ്ലിക്' എന്ന പദവിയെക്കുറിച്ചും ശരീഅത്തിന്റെ സ്ഥാനത്തെക്കുറിച്ചും ഇന്നും ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്.

സർക്കാറിലെ ഉന്നത പദവികൾക്കിടയിലും തന്റെ ബൗദ്ധിക പ്രവർത്തനങ്ങളിൽ വുല്‍ദ് ദദൂ വ്യാപൃതനായിരുന്നു. സുപ്രീം കോടതി തലവനായും സാംസ്കാരിക-ഇസ്‌ലാമിക കാര്യ മന്ത്രിയായും ഹൈ ഇസ്‌ലാമിക് കൗൺസിൽ മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖലീലിന്റെ മുഖ്തസറിനെ ആസ്പദമാക്കി അദ്ദേഹം രചിച്ച 'അൽതശീൽ വൽതക്മീൽ' എന്ന കാവ്യവും അതിന് അദ്ദേഹം തന്നെ എഴുതിയ 'അൽതദ്‌ലീൽ വൽതദ്‌യീൽ' എന്ന വ്യാഖ്യാനവും കൂടി ചേർന്നാൽ ആറ് വാല്യങ്ങളിലായി നാലായിരത്തിലധികം പേജുകളുണ്ട്. തന്റെ ജീവിതത്തിന്റെ അവസാന ദശകങ്ങളിൽ ഔദ്യോഗികമായ വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലാണ് അദ്ദേഹം ഈ ബൃഹത്തായ ദൗത്യം പൂർത്തിയാക്കിയത് എന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്.

സൂഫിസം

പശ്ചിമാഫ്രിക്കയിലെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളിൽ നിർണ്ണായക സ്വാധീനം സൂഫിസം ചെലുത്തിയിട്ടുണ്ട്. ആഫ്രിക്കൻ സൂഫി പണ്ഡിതന്മാർ കേവലം ആത്മീയവാദികൾ മാത്രമാണെന്ന തെറ്റായ ധാരണകളെ തിരുത്തിക്കൊണ്ട്, അഹ്മദു ബാംബ (മരണം 1927), ഇബ്രാഹിം നിയാസ് (മരണം 1975) തുടങ്ങിയ പ്രമുഖ നേതാക്കൾ സുന്നി പണ്ഡിത പാരമ്പര്യത്തിൽ അഗാധമായ അറിവുള്ളവരായിരുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. സെനഗലിൽ 'മുരീദിയ്യ' സൂഫി സരണിക്ക് തുടക്കം കുറിച്ച ബാംബയും, 'തിജാനിയ്യ' സരണിയുടെ പ്രമുഖ ശാഖയെ നയിച്ച് സെനഗൽ മുതൽ സുഡാൻ വരെ അനുയായികളെ നേടിയ ശൈഖ് നിയാസും ബൃഹത്തായ സാഹിത്യ സംഭാവനകൾ നൽകിയവരാണ്. പ്രവാചക പ്രകീർത്തനങ്ങളും ആത്മീയ ശിക്ഷണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇവരുടെ കൃതികളിൽ ധാരാളമായി കാണാം. ബാംബയുടെ വിഖ്യാതമായ 'മസാലിക് അൽജിനാൻ' (സ്വർഗ്ഗത്തിലേക്കുള്ള വഴികൾ) എന്ന പദ്യകൃതി ഇമാം ഗസാലിയെയും ഇബ്നു അത്വാഇല്ലാഹിയെയും പോലുള്ള മുൻകാല സൂഫി പണ്ഡിതന്മാരുടെ ചിന്തകളെ കോർത്തിണക്കി രചിച്ചതാണ്. ഈ ഗ്രന്ഥത്തിൽ വംശീയതയ്ക്കെതിരെ അദ്ദേഹം നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണ്. തന്റെ കറുത്ത വർണ്ണത്തിന്റെ പേരിൽ ആരും തന്റെ വാക്കുകളെ അവഗണിക്കരുതെന്നും, അല്ലാഹുവിന്റെ അടുക്കൽ ഉന്നതൻ വർണ്ണമല്ല മറിച്ച് ദൈവഭക്തിയുള്ളവനാണെന്നും അദ്ദേഹം കൃതിയിൽ പറയുന്നു. ബാംബയുടെയും നിയാസിന്റെയും രചനകൾ ഇന്ന് ആഗോളതലത്തിൽ വിവർത്തനം ചെയ്യപ്പെടുകയും പഠനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട്. ഇവരുടെ കൃതികൾക്ക് ലഭിക്കുന്ന വലിയ പ്രചാരവും പണ്ഡിത വ്യാഖ്യാനങ്ങളും ഈ രംഗത്ത് പുതിയൊരു ജ്ഞാനശാഖയ്ക്ക് തന്നെ രൂപം നൽകിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആഫ്രിക്കൻ മുസ്‍ലിംകൾക്കിടയിൽ ഇന്നും മുരീദിയ്യ, തീജാനിയ്യ സരണികൾക്ക് വലിയ സ്വാധീനമുണ്ട്.

ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിൽ സൂഫിസത്തിന്റെ ഈ ആധിപത്യം മറ്റു ചില മുസ്‍ലിം വിഭാഗങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുകയുണ്ടായി. സൂഫിസം ഇസ്‌ലാമിൽ പുത്തൻ ആചാരങ്ങൾ (ബിദ്അത്ത്) കടത്തിക്കൂട്ടുന്നുവെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി അനുയായികളെ ചൂഷണം ചെയ്യുന്നുവെന്നും ആരോപിക്കുന്ന സൂഫിവിരുദ്ധ എഴുത്തുകൾ ഇക്കാലത്ത് സജീവമായി. നൈജീരിയയിലെ അബൂബക്കർ ഗുമി ഇതിൽ പ്രധാനിയാണ്. 'ജമാഅത്ത് ഇസാലത്തിൽ ബിദ്അ...' എന്ന വലിയ പ്രസ്ഥാനത്തിന്റെ ആത്മീയ വഴികാട്ടിയായിരുന്ന അദ്ദേഹം തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സൂഫിസത്തെ കഠിനമായി വിമർശിച്ചു. കൊളോണിയൽ വിദ്യാഭ്യാസം, രാഷ്ട്രീയ മാറ്റങ്ങൾ, സൗദി അറേബ്യയുടെ സ്വാധീനം എന്നിവ എങ്ങനെയാണ് അദ്ദേഹത്തിന്റെ ചിന്തകളെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ 'വേര്‍ ഐ സ്റ്റാൻഡ്' വിവരിക്കുന്നുണ്ട്. പ്രത്യേകിച്ച് തീജാനിയ്യ സരണി ഉയർത്തുന്ന ആത്മീയ അവകാശവാദങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നപ്പോൾ, ആ വിശ്വാസങ്ങളെ പ്രതിരോധിക്കാനായി സൂഫി പണ്ഡിതന്മാരും സജീവമായി രംഗത്തെത്തി.

ഇസ്‌ലാമിക സാമൂഹിക ശാസ്ത്രം

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പശ്ചിമാഫ്രിക്കയിലെ ഇസ്‌ലാമിക പാരമ്പര്യങ്ങളെ വിശകലനം ചെയ്യാൻ പാശ്ചാത്യ സാമൂഹിക ശാസ്ത്ര രീതികൾ (ചരിത്രം, നരവംശശാസ്ത്രം തുടങ്ങിയവ) ഉപയോഗിക്കുന്നതിൽ അവിടുത്തെ എഴുത്തുകാർ താല്പര്യം കാണിച്ചു. ഇവർ പാശ്ചാത്യ രീതികൾ ഉപയോഗിക്കുമ്പോഴും ഒരു മുസ്‍ലിം എന്ന നിലയിലുള്ള ബോധ്യത്തോടെയാണ് വിഷയങ്ങളെ സമീപിച്ചത്.

നൈജീരിയയിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രധാന കൃതികൾ അധികവും പുറത്തുവന്നത്. കൊളോണിയൽ കാലത്തെ വിദ്യാലയങ്ങളിൽ നിന്ന് ആധുനിക വിദ്യാഭ്യാസം നേടിയ പണ്ഡിതന്മാർ പിന്നീട് അറബ് രാജ്യങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി ഈ രംഗത്ത് വലിയ സംഭാവനകൾ നൽകി. ആദം അൽഇലോറിയുടെ 'അൽഇസ്‌ലാം ഫീ നൈജീരിയ', അലി അബൂബക്കറിന്റെ 'അൽസഖാഫ അൽഅറബിയ്യ ഫീ നൈജീരിയ', ശൈഖ് ഗലദാഞ്ചിയുടെ 'ഹറകത്തുൽ ലുഗതിൽഅറബിയ്യ...' എന്നിവ ഈ ഗണത്തിലെ മികച്ച കൃതികളാണ്. ഇതിൽ അലി അബൂബക്കറിന്റെ പുസ്തകം 1750 മുതൽ നൈജീരിയൻ സ്വാതന്ത്ര്യ വർഷമായ 1960 വരെയുള്ള ഇസ്‌ലാമിക ചിന്താധാരകളുടെ വികാസത്തെ സമഗ്രമായി രേഖപ്പെടുത്തുന്നുണ്ട്. ഉസ്മാൻ ദാൻ ഫോദിയോയുടെ പരിഷ്കരണ പ്രവർത്തനങ്ങൾ, ഇസ്‌ലാമിക വിദ്യാഭ്യാസ രീതികൾ, പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ സാഹിത്യ സൃഷ്ടികൾ, അറബി ഭാഷ പ്രാദേശിക ഭാഷകളിൽ ചെലുത്തിയ സ്വാധീനം എന്നിവ അദ്ദേഹം ഈ കൃതിയിൽ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ഒരു പ്രമുഖ പണ്ഡിതന്റെ മകൻ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും പാശ്ചാത്യ അക്കാദമിക് രീതികളും കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഈ പഠനം ഇന്നും ഈ മേഖലയിലെ ഒരു പ്രധാന അവലംബമാണ്.

ഉപസംഹാരം

പശ്ചിമാഫ്രിക്കയിലെ ഇസ്‌ലാമിക ബൗദ്ധിക പ്രവർത്തനങ്ങളുടെ ഭാവി ഏറെ പ്രകാശപൂർണ്ണമാണ്. ദീർഘകാലമായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന അവിടുത്തെ അറബി, അജമി സാഹിത്യ പാരമ്പര്യങ്ങൾ ഇന്ന് കയ്യെഴുത്തുപ്രതികളുടെ ഡിജിറ്റലൈസേഷനിലൂടെയും ആധുനിക പ്രസാധനങ്ങളിലൂടെയും കൂടുതൽ വെളിച്ചത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റിന്റെ വ്യാപനം, കുടിയേറ്റങ്ങൾ, അറബി ഭാഷാ പ്രസിദ്ധീകരണങ്ങൾ, പാശ്ചാത്യ അക്കാദമിക് പഠനങ്ങൾ എന്നിവയിലൂടെ പശ്ചിമാഫ്രിക്കൻ മുസ്‍ലിം ചിന്തകൾ ഇന്ന് ആഗോള മുസ്‌ലിം സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് സാവധാനമെങ്കിലും സ്ഥിരമായി ലയിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും, നൈജീരിയയിലും സഹേൽ മേഖലയിലുമുള്ള സായുധ പോരാട്ടങ്ങളും ചില പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ രാഷ്ട്രീയ-മത പ്രകടനങ്ങൾക്കുള്ള കടുത്ത നിയന്ത്രണങ്ങളും ഈ മേഖലയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. "തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്" (ഖുർആൻ 94:6) എന്ന് സൂറത്തുൽ ഇൻഷിറാഹിൽ അല്ലാഹു അരുളിച്ചെയ്തതുപോലെ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിലവിലെ പ്രതിസന്ധികൾക്കിടയിൽ നിന്നുപോലും മഹത്തായ പണ്ഡിതകൃതികൾ ഇനിയും രൂപപ്പെട്ടേക്കാം. ഇസ്‌ലാമിക ഉമ്മത്തിന്റെ സുപ്രധാനമായ ഒരു ഭാഗമെന്ന നിലയിൽ പശ്ചിമാഫ്രിക്കയ്ക്ക് ലോകത്തിന് നൽകാൻ ഇനിയും ഏറെയുണ്ട്.

Source: https://www.hashiya.org/posts/islamic-thought-west-africa

ലേഖകനെ കുറിച്ച്

കാസർകോഡ് ദർസ് വിദ്യാര്‍ത്ഥിയായ ലേഖകന്‍, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തില്‍ ഡിഗ്രിയും ചെയ്യുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter