അൽ മുവത്വ : ഹദീസ് ലോകത്തെ  വിസ്മയം

ഇമാം മാലിക് ഇബ്നു അനസ് (റ) ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥമാണ് അൽ- മുവത്വ.പരമ്പരാഗതമായി കേരളത്തിലെ  ദീനീ സ്ഥാപനങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ഈ കൃതിയുടെ ഗ്രന്ഥകർത്താവ് ,രചനാ പശ്ചാതലം,  ഗ്രന്ഥത്തിൽ അവലംബിച്ച ക്രോഡീകരണ രീതി ശാസ്ത്രം, അനുബന്ധ വ്യാഖ്യാന ഗ്രന്ഥങ്ങൾ തുടങ്ങിയ ഏതാനും ചില കാര്യങ്ങളാണ്ഇവിടെ വിശദീകരിക്കുന്നത്.

 ഇമാം മാലിക്കും ഇൽമുൽ ഹദീസും

‘ഇമാമു ദാരിൽ ഹിജ്റ’‘മുഫ്തിൽ ഹിജാസ് ‘ തുടങ്ങിയ സ്ഥാനപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അംഗീകൃത നാലു മദ്ഹബുകളിലൊന്നായ മാലികീ മദ്ഹബിന്റെ ഇമാമാണ് അദ്ദേഹം. മൊറോക്കോ , സ്പെയ്ൻ, ഇറാഖ്,ഈജിപ്ത് തുടങ്ങിയ നാടുകളിൽ ഈ മദ്ഹബിന് കൂടുതൽ പ്രചാരമുണ്ട്. 

 വിദ്യാർത്ഥി തന്റെ കയ്യിലിരിക്കുന്ന ഗ്രന്ഥത്തിൽ നിന്നോ, അല്ലെങ്കിൽ തന്റെ മനസ്സിൽ നിന്നോ എടുത്ത്  ഗുരുവിന് മുമ്പിൽ ഓതിക്കേൾപ്പിക്കുകയും ഗുരു സമ്മതം മൂളുകയും ചെയ്യുന്ന ഒരു അധ്യാപന രീതിയുണ്ട് ഹദീസ് അധ്യാപനത്തിൽ . അൽ-അർള് (العرض) എന്നാണ് ഈ രീതിക്ക് പറയുക.ഈ ശൈലിയായിരുന്നു ഇമാം മാലിക് (റ) തന്റെ അധ്യാപനത്തിൽ സ്വീകരിച്ചിരുന്നത്. അദ്ദേഹം വിദ്യാർത്ഥികൾക്ക് മുന്നിൽ ഹദീസ് ഓതി കേൾപ്പിക്കാറുണ്ടായിരുന്നില്ല എന്നർത്ഥം.ഫത്വ  നൽകുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നു ഇമാം മാലിക് പൂർണമായും വ്യക്തയില്ലാത്ത കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിച്ചു പോന്നിരുന്നു.പലപ്പോഴും ‘ലാ അദ് രീ’ (എനിക്ക് അറിയില്ല) എന്ന മറുപടിയാണ് അദ്ദേഹം ചോദ്യ കർത്താവിനു നൽകാറുണ്ടായിരുന്നത്.ഹിജ്റ വർഷം 93-ൽ അദ്ദേഹംജനിക്കുകയും 179 -ൽ വഫാത്താവുകയും ചെയ് തു.

ക്രോഡീകരണ പശ്ചാതലം

അബ്ബാസി ഖലീഫ അബൂ ജഅഫർ അൽ മൻസൂർ (മ. 158 ഹി. ) ന് ഹജ്ജ് വേളയിൽ ഇമാം മാലികുമായി സന്ധിക്കാനുള്ള അവസരമുണ്ടായി. അദ്ദേഹത്തിൽ നിന്നും ഫിഖ്‌ഹും ഹദീസു കേട്ടു മനസ്സിലാക്കിയപ്പോൾ മുസ്ലിംകൾക്ക് ഉപകാരപ്പെടുന്ന വൈജ്ഞാനികമായ ഒരു ഗ്രന്ഥം രചിക്കാൻ  ഖലീഫ ഇമാമിനോട് അഭ്യർത്ഥിച്ചു. അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) ന്റെ കർക്കശ്യവും ഇബ്നു അബ്ബാസ് (റ) ന്റെ ഇളവുകളും ഇബ്നു മസ്ഊദ് ( റ ) -ന്റെ  ഒറ്റപ്പെട്ട അഭിപ്രായങ്ങളും മാറ്റി നിർത്തി മിതത്വം പുലർത്തുന്ന ഒരു  ഗ്രന്ഥമാണ് രചിക്കേണ്ടതെന്ന് ഖലീഫ നിർദേശിച്ചു.സ്വഹാബിമാരുടെയും ഇമാമുമാരുടേയും ഐക്യകണ്ഠേനയുള്ള അഭിപ്രായങ്ങൾ ഒരുമിച്ചു കൂട്ടുവാനും പറഞ്ഞു. നാടുകളിൽ ഈ ഗ്രന്ഥത്തിന് പ്രചാരം കൊടുക്കുകയും ആളുകൾ അത് അടിസ്ഥാനപ്പെടുത്തി ആരാധനാ കർമങ്ങൾ അനുഷ്ഠിക്കുകയും വേണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഖലീ ഇങ്ങനെ നിർദേശിച്ചത് .ആരാധനാ അനുഷ്ഠാനങ്ങൾ നിർവ്വഹിക്കപ്പെടാനുള്ള ഒരു അടിസ്ഥാന ഗ്രന്ഥമായി മുവത്വ പരിഗണിക്കുന്നതിനെ കുറിച്ച് ഇമാം മാലിക് (റ) നോട് ചോദിച്ചപ്പോൾ അദ്ധേഹംഅനുകൂലമായ മറുപടി  നൽകിയില്ല. തികഞ്ഞ ജ്ഞാനിയും നീതിമാനുമായിരുന്ന അദ്ധേഹം പറഞ്ഞു: നാം അറിയാത്ത പലതും പലരും അറിയുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ടാവുമല്ലോ. അതുകൊണ്ട് മുവത്വ മാത്രം അടിസ്ഥാനപ്പെടുത്താതെ വേറെ ഗ്രന്ഥങ്ങളും പരിഗണിക്കണമെന്നർത്ഥം.

അൽ -മുവത്വ ക്ക് ഈ നാമകരണം ചെയ്യപ്പെടാനുള്ള കാരണമായി പറയപ്പെടുന്ന  അദ്ധേഹത്തിന്റെ ഉദ്ധരി കാണുക:

“ എന്റെ ഈ ഗ്രന്ഥം മദീനയിലെ എഴുപത് കർമ ശാസ്ത്ര പണ്ഡിതന്മാർക്കു മുമ്പിൽ കാണിക്കുകയും അവരെല്ലാം എന്നോട് ഈ ഗ്രന്ഥത്തിലടങ്ങിയ കാര്യങ്ങളിൽ യോജിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഞാൻ ഈ ഗ്രന്ഥത്തിന് അൽ- മുവത്വ എന്ന് ഞാൻ നാമകരണം ചെയ്തു.”സർവരാലും യോജിക്കപ്പെട്ടത് എന്നാണ് ഈ പദത്തിന്റെ അർത്ഥം

 മറ്റു രിവായത്തുകൾ

മുവത്വ വിവിധ മുഹദ്ധിസുകൾ രിവായത്തു ചെയ്തതു കൊണ്ടു തന്നെ പത്തോളം റിവായത്തുകൾ മുവത്വ ക്ക് ഉള്ളതായി കാണാം. . ഇവയെല്ലാം വ്യത്യസ്തങ്ങളുമാണ്. ചില രിവായത്തുകളിൽ മറ്റു ചിലതിലില്ലാത്ത കൂടുതൽ ഹദീസുകൾ കാണാം. ചില രിവായത്തുകളാകട്ടെ ഹദീസുകളുടെ ക്രമത്തിൽ പൂർണ്ണമായും മാറ്റങ്ങളുണ്ട്. അഥവാ ഒരു രിവായത്തിൽ ആദ്യം കൊണ്ടുവന്ന ഹദീസ് മറ്റേ രിവായത്തിൽ അവസാനമായിരിക്കാം കൊണ്ടുവന്നിട്ടുള്ളത് എന്നർത്ഥം.

ഇതിൽ ഏറ്റവും കൂടുതൽ ഹദീസുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള രിവായത്ത് അബൂ മുസ് അബ് അൽ സുഹ്രി അൽ മദനി ( മ.242 ഹി.)എന്നവരുടെ രിവായത്ത് ആണ്. മുഅസി സു രിസാല എന്ന പ്രസാധകർ നമ്പറിട്ടതു പ്രകാരം 3069 ഹദീസുകളാണ് ഈ രിവായത്തിൽ കാണുന്നത്. ഇമാം മാലിക് (റ) യുടെ വാക്കുകൾ , അഭിപ്രായങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് ഇത്ര അധികം എണ്ണം വന്നത്. ഇത് രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രിവായത്തുകളുടെ കൂട്ടത്തിൽ ഏറ്റവും അധികം പ്രചാരം നേടിയിട്ടുള്ളത് യഹ് യ ബ്നു യഹ് യ അലൈസി അൽ മസ്മൂദി (മ.234 ഹി .)യുടെ രിവായത്താണ്. പണ്ഡിതന്മാർ കൂടുതലായും അവലംബിക്കുന്നതും വ്യാഖ്യാനകൃതികളെഴുതിയതും ഈ രിവായത്തിനാണ് എന്നത് ഇതിന്റെ മഹത്വം വിളിച്ചറിയിക്കുന്നു. നിരുപാധികം മുവത്വ എന്ന് പറഞ്ഞാൽ ഈ രിവായത്താണ് ഉദ്ദേശിക്കപ്പെടുന്നതും. ശൈഖ് ഖലീൽ ശീഹാ എന്നവർ നൽകിയ എണ്ണ പ്രകാരം 1942 ഹദീസുകളാണു ഈ രിവായത്തിൽ ഉള്ളത്. മൗഖൂഫായ ഹദീസുകളും മഖ്തൂ ആയ ഹദീസുകളും ഉൾപ്പെടുത്തിയാണിത്.

 മറ്റൊരു പ്രധാനപ്പെട്ട രിവായത്താണ് ഹനഫീ മദ്ഹബിലെ പ്രമുഖ സ്ഥാനീയരായ മുഹമ്മദ് ഇബ്നു ഹസൻ ശൈബാനി (മ. 189 .ഹി)യുടേത്. ഹനഫീ മദ്ഹബിനെ സാധൂകരിക്കുന്ന ഹദീസുകൾ അദ്ദേഹം ഇതിൽ കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

വ്യാഖ്യാന ഗ്രന്ഥങ്ങൾ

മുവത്വയുടെ ചില പ്രധാന വ്യാഖ്യാന ഗ്രന്ഥങ്ങൾ താഴെ ചേർക്കുന്നു

  1. അൽ ഇസ്ത്ദ് കാർ
  2. അത്തംഹീദ് (ഇവ രണ്ടും ഇബ്നു അബ്ദിൽ ബർറ് എന്നവരുടെ ഗ്രന്ഥങ്ങളാണ്.)
  3. അബൂ വലീദ് അൽ ബാജിയുടെ അൽ മുൻതഖ
  4. ഇമാം സുയൂത്വിയുടെ തൻവീറുൽ ഹവാലിക്
  5. ഇമാം സുർഖാനിയുടെ ശറഹു സുർഖാനി
  6. അബൂ ബക്ർ ഇബ്നുൽ അറബിയുടെ അൽ ഖബസ് ഫീ ശറഹി മുവത്വ ഇ മാലിക് ഇബ്നി അറസ് ‘
  7. മുഹമ്മദ് സകരിയ്യാ അൽ കാന്ദലവിയുടെ ഔജസുൽ മസാലിക്
  8. ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ അൽ മുസ വ ശറഹുൽ മുവത്വ
  9. ദഹ്ലവിയുടെ തന്നെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ അൽ മുസഫ .ഇത് പേർഷ്യൻ ഭാഷയിലാണ് വിരചിതമായിട്ടുള്ളത് അൽ മുസവ്വ അറബിയിലും .

രീതി ശാസ്ത്രം

മുവത്വയുടെ രചനാ രീതി ശാസ്ത്രത്തെ കുറിച്ച് പറയാം. മുസ്ലിം ലോകത്ത് ആദ്യമായി വ്യവസ്ഥാപിതമായി അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥമാണ് അൽ - മുവത്വ. ഇമാം ശാഫി ( റ ) അതുവരെ നിലവിലുണ്ടായിരുന്ന എല്ലാ ഹദീസ് കിത്താബുകളേക്കാളും ഏറെ ശ്രേഷ്ഠത

അൽ - മുവത്വ ക്ക് കൽപ്പിച്ചിരുന്നു. “അല്ലാഹുവിന്റെ ഗ്രന്ഥം ഒഴിച്ചു നിർത്തിയാൽ ഇമാം മാലികിന്റെ മുവത്വയേക്കാൾ സ്വഹീഹായ ഒരു ഗ്രന്ഥവും ഭൂമിയിലില്ല “  എന്ന് അദ്ധേഹം പറയുകയുണ്ടായി .ഹദീസ് പണ്ഡി തന്മാരുടെ കൂട്ടത്തിൽ വെച്ച് , ഫന്നുൽ ഹദീസ് അഥവാ ഹദിസ് വിജ്ഞാനീയത്തിൽ വ്യവസ്ഥാപിതമായ രചന നടത്തപ്പെട്ട ഗ്രന്ഥം അൽ - മുവത്വ ആയതു കൊണ്ടായിരിക്കും ഇമാം ശാഫി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടാവുക. മാത്രവുമല്ല സ്വഹീഹുൽ ബുഖാരിയും , സ്വഹീഹുൽ മുസ്ലിമും അന്ന് ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നില്ല. ഹദീസ് നിവേദകരെ കുറിച്ചുള്ള നിരൂപണം, പണ്ഡിതരും നിവേദകരും ആയ ആളുകളിൽ നിന്ന് മാത്രം ഹദീസ് സ്വീകരിക്കുന്ന കാർക്കശ്യം തുടങ്ങിയവയെല്ലാം അദ്ധേഹം ഈ ഗ്രന്ഥത്തിൽ പാലിച്ചിരിക്കുന്നു.

 ഹദീസുകളോടു കൂടെ ത്തന്നെ വിശ്വാസയോഗ്യമായ ഖുർആൻ വ്യാഖാനങ്ങൾ,  , സ്വഹാബിമാരുടെയും (മൗഖൂഫ് ) മുൻകാല ക്കാരായ ഇമാമുമാരുടെയും അഭിപ്രായങ്ങൾ, സ്വന്തം ഗവേഷണങ്ങൾ , ഫത് വകൾ തുടങ്ങിയവയും അൽ - മുവത്വ യുടെ ഉള്ളടക്കത്തിൽ പെടുന്നു.

Also Read;എ.സി ബ്രൌണ്‍ ഹദീസുകളെ വായിക്കുന്നത് ഇങ്ങനെയാണ്

 ഒരു അധ്യായത്തിൽ ആദ്യമായി ഉദ്ധരിക്കുന്നഹദീഥ് മർഫൂ ആയ ഹദീസായിരിക്കും അതിനു ശേഷം മൗഖൂഫായ ആസാറുകളായിരിക്കും ഉദ്ധരിക്കുന്നത്. പലപ്പോഴും മദീനാ നിവാസികളുടെ കർമങ്ങളും(عملأهلالمدينة ) അധ്യായത്തിൽ കൊണ്ടു വരും.

 സമകാലീനരായ പണ്ഡിതരെ പോലെ ഫിഖ്ഹും ഹദീസും കലർത്തിയാണ് അദ്ധേഹം ക്രോഡീകരണം നടത്തിയത്. വെറും ഹദീസ് നിവേദനങ്ങൾ മാത്രമല്ല മുവത്വയിലുള്ളത്. ചില അധ്യായങ്ങളിൽ ഹദീസ് നിവേദനങ്ങളേ ഇല്ല. പ്രത്യുത ഫുഖഹാഇന്റെ അഭിപ്രായങ്ങളും മദീന നിവാസികളുടെ കർമങ്ങളും , സ്വന്തം ഗവേഷണങ്ങളുമാണ് ചേർത്തിരിക്കുന്നത്. ബാബു മാലാ സകാത്ത ഫീഹി മിന സിമാർ (بابمالازكاةفيهمنالثمار ) എന്ന അധ്യായം ഇതിനുദാഹരണമാണ്. അതിനാൽ തന്നെ

  മുവത്വ ഒരേ സമയം ഫിഖ്ഹിന്റെയും ഹദീസിന്റെയും ഗ്രന്ഥമാണ് എന്നു നമുക്ക് പറയാം. മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന രീതിയിൽ തൗഹീദ്, പരിത്യാഗം (زهد) പുനർജ്ജന്മം(البعثوالنشور) കഥകൾ (القصص)തുടങ്ങിയവ സംബന്ധിച്ച ഹദീസുകൾ മുവത്വയിൽ ഇല്ല.

മുവത്വയുടെ രചനാ രീതി പരിശോധിക്കാം. മിക്ക ഹദീസുകളും സ്വഹീഹായ സനദ് പൂർണ്ണമായും ഉള്ള ഹദീസുകളാണെങ്കിലും 

മുൻക്വതി (المنقطع), ബലാഗാത്ത് (البلاغات) , മുർസൽ (المرسل) എന്നീ ഗണത്തിൽ പെടുന്ന ഹദീസുകളും കാണാം. സനദിൽ നിന്നും ഒരു നിവേദകൻ നഷ്ടപ്പെടുമ്പോഴാണ് ഹദീസ് മുൻക്വതി ആവുന്നത്.

بلغنىعنرسولاللهصلىاللهعليهوسلم

(പ്രവാചകരിൽ നിന്നും എനിക്ക് വിവരം എത്തി) എന്ന രൂപത്തിലോ അല്ലെങ്കിൽبلغنىعنفلانأنهقالقالرسولاللهصلىاللهعليه (നിശ്ചിത വ്യക്തിയിൽ നിന്നും എനിക്ക് വിവരം എത്തി; അദ്ദേഹം നബി (സ)  പറഞ്ഞതായി പറഞ്ഞു) എന്ന രൂപത്തിലോ മുവത്വയിൽപറയുന്ന ഹദീസുകളെയാണ് ഈയൊരു സാങ്കേതിക പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. നബി (സ) ഒരു കാര്യം  പറഞ്ഞുവെന്നോ (قالرسولاللهصلىاللهعليهوسلم) പ്രവർത്തിച്ചുവെന്നോ

(فعلرسولاللهصلىاللهعليهوسلم ) 

ഒരു താബിഇയ്യ് തനിക്കും പ്രവാചകനും ഇടയിലുള്ള നിവേദകനായ സ്വഹാബിയെ കളഞ്ഞ് പറയുന്നതാണ് മുർസൽ ഹദീസുകൾ .  മുർസൽ ഹദീസുകളിൽ പേരു പറയാതെ വിട്ടു പോയ നിവേദകരുടെ പേര് ഇമാം മാലിക് (റ) വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.കാരണം മുർസൽ ഹദീസുകൾ പ്രമാണയോഗ്യമാണെന്നായിരു അദ്ധേഹത്തിന്റെ പക്ഷം. പിൽക്കാലത്തു വന്ന പണ്ഡിതർ അത് വീണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ നടത്തി.

التمهيدلمافىالموطأمنالمعانيوالاسانيد

എന്ന ഗ്രന്ഥത്തിലൂടെ ഇബ്നു അബ്ദുൽ ബർറ് (മ. 463 .ഹി ) മുവത്വയിലെ ബലാഗാത്തുകളിലുള്ള റാവിമാരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തി സനദിനെ ശരിയാക്കി. നാല് ഹദീസുകളിലുള്ള ബലാഗാത്തിലെ റാവിമാരെ കണ്ടെത്താൻഅദ്ധേഹത്തിനു സാധിച്ചിരുന്നില്ല. പിന്നീട് ഇബ്നു സ്വലാഹ് (റ) ഈ നാലു റാവിമാരെയും വീണ്ടെടുക്കുകയാണുണ്ടായത് .ബലാഗത്തു കളും മുർസലുകളും അടങ്ങിയിട്ടുണ്ടെങ്കിലും മുവത്വ വലിയ പ്രധാന്യത്തോടു കൂടെയാണ് പണ്ഡിതൻ ന്മാർ നോക്കി കണ്ടിട്ടുള്ളത്. ഹദിസ് സ്വീകരിക്കുന്ന വ്യക്തികളെ സസൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം മാത്രമായിരുന്നു അദ്ധേഹം സ്വീകരിച്ചിരുന്നത്. പിന്നീട് ഇമാം ബുഖാരി (റ) തന്റെ ഗ്രന്ഥത്തിൽ മുർസലുകളും ബലാഗാത്തുകളും പാടെ നീക്കം ചെയ്തു കൊണ്ട് ഗ്രന്ഥരചന നിർവ്വഹിച്ചു. അതുകൊണ്ടു തന്നെ സ്വഹീഹുൽ ബുഖാരി മുവത്വയേക്കാൾ മികച്ച ഗ്രന്ഥമായി സ്ഥാപിക്കപ്പെട്ടു. സ്വഹീഹുൽ ബുഖാരി വിശ്വാസ്യ യോഗ്യതയുടെ ( സിഹത്തി) ന്റെ കാര്യത്തിൽ മികച്ചു നിൽക്കുന്നുവെങ്കിലും മുവത്വയുടെ മഹത്വം ഒരിക്കലും നഷ്ടപ്പെടുന്നില്ല.

 അവലംബം :

 1.അൽ ഫികറുൽ മൻഹജീ  ഇൻദൽ മുഹദ്ധിസീൻ : ഡോ. ഹുമാം സഈദ്

  1. മനാഹിജുൽ മുഹദ്ധിസീൻ ഡോ. യാസിർ അശിമാലി
  2. മുഖദ്ധിമത്തു തഹ്‌ഖീഖിൽ മുവത്വ : ഫുആദ് അബ്ദുൽ ബാഖി
  3. ഇഖ്തിസാറു ഉലൂമിൽ ഹദീസ് : ഹാഫിള്

 ഇബ്നു കഥീർ

 

 

 

:

 

 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter