അലിജാ ഇസത്ബെഗോവിച്ച്: സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങൾ

 

ബോസ്നിയ ഹെർസഗോവിനോ  പ്രസിഡന്റ്, ബുദ്ധിജീവി, ചിന്തകൻ, നിയമജ്ഞൻ തുടങ്ങിയ വിശേഷണങ്ങേൾക്കെല്ലാം അർഹനാണ് ബോസ്നിയൻ മുസ്‍ലിംകളുടെ വിമോചന നേതാവായ അലിജാ ഇസത്ബെഗോവിച്ച്. ബോസ്നിയൻ മുസ്‍ലിംകളുടെ ദേശീയാഭിമാനം ഉറപ്പിക്കാനും, ക്രൊയേഷ്യന്‍-സെർബ് മുസ്‍ലിം സമൂഹങ്ങളെ ഒരുമിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമം ലോക ശ്രദ്ധയാകർഷിച്ച രാഷ്ട്രീയ ദൗത്യമായിരുന്നു. തന്റെ എഴുത്തുകളിലൂടെ യൂറോപ്യൻ നവോത്ഥാനചിന്തയും ഇസ്‍ലാമിക ആത്മീയതയും ഇഴുകിചേർന്ന അപൂർവമായ ദാർശനിക കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. മതമോ ജാതിയോ നോക്കാതെ ഒരുമിച്ചുള്ള സഹവാസം ബോസ്നിയയുടെ ഭാവി നിർണ്ണയിക്കണമെന്ന് സ്വപ്നം കണ്ട അദ്ദേഹം തുടർച്ചയായി അത് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു.

 

ജനനം, ബാല്യകാലം, വിദ്യാഭ്യാസം

 

1926ൽ ബോസ്നിയൻ തലസ്ഥാനമായ ഷാമസ്യിലാണ് അലിജാ ബെഗോവിചിന്റെ ജനനം. അദ്ദേഹത്തിന്റെ കുടുംബം ആദ്യം ബോസാൻസ്കി ഷാമാക് എന്ന ചെറിയ പട്ടണത്തിലാണ് താമസിച്ചിരുന്നത്. അലിജായുടെ ജനനത്തിനു പിന്നാലെ, നല്ല വിദ്യാഭ്യാസവും സാമൂഹിക അവസരങ്ങളും ലഭിക്കുന്നതിനായി കുടുംബം സരായാവോയിലേക്ക് കുടിയേറി. ബാല്യകാലം മുതലേ ഗൗരവമേറിയ ചിന്താശേഷിയും മതബോധവുമുള്ള ഒരാളായിരുന്നു അദ്ദേഹം. ചെറുപ്പം മുതൽ തന്നെ ഇസ്‍ലാം മതത്തിന്റെ സാമൂഹിക സന്ദേശങ്ങളെക്കുറിച്ചും, യൂറോപ്പിൽ വളർന്നുവരുന്ന ദേശീയത, കമ്മ്യൂണിസം, ഫാഷിസം തുടങ്ങിയ രാഷ്ട്രീയ പ്രവണതകളെക്കുറിച്ചും പഠിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു. സരയാവോ സർവകലാശാലയിൽ നിന്നും കല, ശാസ്ത്രം, നിയമം എന്നിവയിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം 25 വർഷത്തോളം  അഭിഭാഷകനായി ജോലി ചെയ്തിട്ടുണ്ട്.

 

തടവറ  ജീവിതം

 

1946ൽ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തത് കാരണം, അലിജാ 3 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. 1949ൽ വീണ്ടും യങ് മുസ്‍ലിം ഓർഗനൈസേഷനുമായി ബന്ധം പുലർത്തി എന്നാരോപിച്ച് യുഗോസ്ലാവിയൻ ഭരണകൂടം നടത്തിയ കുറ്റ വിചാരണയെ തുടർന്ന് "സരയാവോ 12" എന്ന സംഘടന നേതാവായ അദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന 11 ബുദ്ധി ജീവികളെയും 12 വർഷത്തേക്ക് തടവിലിട്ടു. പിന്നീട് ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകളുടെയും മുസ്‍ലിം ലോകത്തിന്റെയും സമ്മർദം മൂലമാണ്  അഞ്ച് വർഷത്തിനുളളിൽ അദ്ദേഹത്തെ പുറത്തെത്തിച്ചത്.

 

ചിന്തകൾ, രജനകൾ 

 

തടവ് ജീവിതത്തിനിടയിലും ഇസ്‍ലാമിക ചിന്തയിൽ ആഴത്തിൽ മനനം നടത്തിയിരുന്ന വിഞ്ജാന കുതുകിയാണ്  അലിജാ ഇസ്സത്ബെഗോവിച്ച്. ജയിലിൽ കഴിയുമ്പോൾ ജയിലർമാരുടെ കണ്ണ് വെട്ടിച്ച് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ബെഗോവിച്ചിന്റെ ജയിൽ കുറിപ്പുകൾ എന്ന ഗ്രന്ഥമായി പിന്നീട് പ്രശസ്തമായത്. ജയിലിനുള്ളിലെ കഠിനമായ സാഹചര്യങ്ങളിൽ സഹജയിലാളികളുടെ സഹായത്തോടെയായിരുന്നു ഈ രചനകൾ. അദ്ദേഹത്തിന്റെ പ്രശസ്ത കൃതി "ഇസ്‍ലാം ബിറ്റ്‍വീൻ  ഈസ്റ്റ് ആൻഡ് വെസ്റ്റ്" ഇസ്‍ലാമിന്റെ ആധുനിക ദാർശനിക വിശകലനമാണ്. ഇസ്‍ലാമിനെ ഒരു മതമെന്നതിനപ്പുറം, മനുഷ്യന്റെ ജീവിതരീതിയും സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയും ഉൾക്കൊള്ളുന്ന സമഗ്രമായ ചട്ടക്കൂടായിട്ടാണ് അദ്ദേഹം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. മതവും ധർമ്മവും, ജീവിതം, ജനങ്ങൾ, സ്വാതന്ത്ര്യം, കമ്മ്യൂണിസവും നാസിസവും, ഇസ്‍ലാം, ചരിത്രം, നിരീക്ഷണങ്ങൾ, രാഷ്ട്രീയ ചിന്തകൾ, എന്റെ മക്കളുടെ കത്തുകളിൽ നിന്ന്, എന്നിവ അദ്ദേഹത്തിന്റെ പ്രധാന മറ്റു കൃതികളിൽ പെടുന്നു.

 

അലിജാ എന്ന വിമോനനായകൻ

 

അലിജാ ഇസത്ബെഗോവിച്ച് 1990-ൽ ബോസ്നിയ ഹെർസഗോവിനോയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. സെർബ് വംശീയവാദികളുടെ ക്രൂരപ്രവർത്തനങ്ങൾക്കെതിരെ മുസ്‍ലിം സമൂഹത്തെ ഒന്നിപ്പിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബോസ്നിയൻ മുസ്‍ലിംകളുടെ സാമൂഹ്യചരിത്രത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. അലിജാ ഇസത്ബെഗോവിച്ച് ഒരു മുസ്‍ലിം നേതാവായിരുന്നുവെങ്കിലും, പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹം മുസ്‍ലിം സമൂഹത്തിനപ്പുറം ബോസ്നിയയിലെ എല്ലാ ജനങ്ങൾക്കുമായി പ്രവർത്തിച്ചു.

 

ബോസ്നിയ ഒരു ബഹുജാതി, ബഹുമത രാഷ്ട്രമാകണമെന്ന തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ക്രൊയാറ്റുകളും സെർബുകളും മുസ്‍ലിംകളും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തന്റെ രാഷ്ട്രത്തിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമായിരുന്നു. മുസ്‍ലിംകൾക്കൊപ്പം ക്രിസ്ത്യാനികൾക്കും മറ്റു മതവിഭാഗങ്ങൾക്കും തുല്യ അവകാശം ലഭിക്കണമെന്ന് അദ്ദേഹം കണിശത പുലര്‍ത്തി.

 

1992-ൽ മുസ്‍ലിംകൾക്കെതിരെ സെർബ് സൈന്യം ജാതി ശുദ്ധീകരണ പ്രചാരണം നടത്തിയ പ്രതിസന്ധി ഘട്ടത്തിൽ ദീർഘദർശിയായ അലിജാ സ്വാതന്ത്ര്യത്തിനും ബഹുജാതി ഐക്യത്തിനും വേണ്ടി മുസ്‍ലിം സമൂഹത്തെ ഒന്നിപ്പിക്കുകയും അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. യു.എൻ, യൂറോപ്യൻ യൂണിയൻ, മുസ്‍ലിം രാഷ്ട്രങ്ങൾ എന്നിവരോട് സഹായം അഭ്യർത്ഥിക്കുന്നതിനോടൊപ്പം  ആരാധനാലയങ്ങളുടെ സംരക്ഷണത്തിനും മതപരമായ സഹവാസത്തിനും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്‌ത അദ്ദേഹത്തിന്റെ പ്രവർത്തനം പ്രശംസാർഹമാണ്.

 

സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങൾ

 

ബോസ്നിയൻ ജനങ്ങൾ ഒറ്റകെട്ടായി നിൽക്കണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു അലിജാ ഇസത്ബെഗോവിച്ച്. 1995-ലെ ഡേയ്റ്റൺ സമാധാന ഉടമ്പടി സാമൂഹ്യ സംഘർഷത്തിന് അറുതി വരുത്തിയെങ്കിലും, അത് ബോസ്നിയയെ ആഴത്തിൽ വിഭജിച്ചു, രാഷ്ട്രീയവും വംശീയവുമായ വേർതിരിവ് സ്ഥാപിച്ചു. ബോസ്നിയയെ ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾക്ക് ഇരയാക്കി, പ്രത്യേകിച്ച് സെർബ് ദേശീയ നേതാക്കളിൽ നിന്ന്. സമാധാനകരാറിന്റെ ആവിർഭവത്തോടെ ശ്വാസം മുട്ടിയ ഏകീകൃതവും ബഹുവംശീയവുമായ ബോസ്നിയയെക്കുറിച്ചുള്ള ഇസത്ബെഗോവിച്ചിന്റെ സ്വപ്നം ഇന്നും സ്വപ്നമായി തന്നെ തുടരുന്നു.

 

മരണം

 

2000-ൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അലിജാ ഇസത്ബെഗോവിച്ച് രാഷ്ട്രീയജീവിതത്തിൽ നിന്ന് വിരമിച്ചു. 2003 ഒക്ടോബറിൽ അദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം നേരിട്ടു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതോടെ 2003 ഒക്ടോബർ 19-ന് സരയാവോയിൽ വെച്ച് ഈ ലോകത്തോട് വിട പറയുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter