അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്ററും മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളും
അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, മിഷിഗണിലെ നിർണായകമായ യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ പുരോഗമന പക്ഷക്കാരനായ ഡോ. അബ്ദുൽ സഈദ് വിജയം കൈവരിച്ചിരിക്കുന്ന വാർത്തകളാണ് നിലവിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനുമായ മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ ചരിത്ര വിജയം നേടിയത്. ഈ വിജയത്തിലൂടെ അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം സെനറ്റർ എന്ന ചരിത്രപരമായ പദവി അബ്ദുൽ സഈദ് സ്വന്തമാക്കി. അമേരിക്കൻ മുസ്ലിം സമൂഹത്തിനും രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങൾക്കായി പോരാടുന്നവർക്കും ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് യഥാർത്ഥത്തിൽ ഈ തിരഞ്ഞെടുപ്പു ഫലം.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി പകുതി പിന്നിടുമ്പോൾ നിർണായകമായ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പാണ് രാജ്യത്ത് ഇപ്പോൾ നടന്നിട്ടുള്ളത്. കോൺഗ്രസിലെ ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഇതില്, നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. പ്രസിഡന്റിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞുനിൽക്കുന്ന ഈ സാഹചര്യത്തിൽ ഡെമോക്രാറ്റുകൾ കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അവ ശരിവെക്കും തരത്തിൽ തന്നെയാണ് ആദ്യഘട്ട ഫലങ്ങൾ പുറത്ത് വരുന്നതും. ഇറാനിലെ ഒടുങ്ങാത്ത യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് അടച്ചതും അനിയന്ത്രിതമായി ഇന്ധനവില ഉയർന്നതും രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
ഈ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലെല്ലാമാണ് ഡെട്രോയിറ്റിലെ ഡെമോക്രാറ്റിക് പാർട്ടി ആസ്ഥാനത്ത് അബ്ദുൽ സഈദ് തന്റെ വിജയം നേടിയത്. "നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കും പള്ളികളിലേക്കും എന്നെ സ്വാഗതം ചെയ്തു" എന്ന് അദ്ദേഹം വിജയവേളയിൽ ഓർമിക്കുകയുണ്ടായി. മിഷിഗണിലെ വലിയ നഗരങ്ങൾ മുതൽ ചെറിയ ഗ്രാമങ്ങൾ വരെ നീണ്ട പ്രചാരണത്തിലൂടെയാണ് താൻ ഈ വിജയം നേടിയതെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ വോട്ടർമാർ നൽകിയ പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പ്രചാരണത്തിലെ വെല്ലുവിളികളും ഇസ്ലാമോഫോബിയയും
ഈ തിരഞ്ഞെടുപ്പ് പ്രചാരണം അബ്ദുൽ സഈദിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയതും കടുത്ത വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. എതിരാളികളും ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖരും അദ്ദേഹത്തിനെതിരെ കടുത്ത ഇസ്ലാമോഫോബിയ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. അദ്ദേഹത്തിന്റെ പേരിനെയും വിശ്വാസത്തെയും മുൻനിർത്തി ഡൊണാൾഡ് ട്രംപ് പോലും അദ്ദേഹത്തെ 'ജിഹാദി' എന്ന് വിളിക്കുകയും അദ്ദേഹം സെനറ്റിലേക്ക് പ്രവേശിക്കാൻ മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോകേണ്ടിവരുമെന്ന് വരെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മുസ്ലിം വിശ്വാസി എന്ന നിലയിൽ സത്യസന്ധതയും ധാർമ്മികതയും മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം ഈ പ്രതിസന്ധികളെ ധീരമായി നേരിട്ടു. ഇതെല്ലാം കണ്ടും മനസ്സിലാക്കിയും തന്നെയാണ് മിഷിഗണിലെ ജനങ്ങൾ തീരുമാനമെടുത്തതും.
ഈജിപ്ഷ്യൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായ സഈദ്, മുൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥനാണ്. സാർവത്രിക ആരോഗ്യ പരിരക്ഷ, തിരഞ്ഞെടുപ്പുകളിൽ അവിഹിതമായ പണം ഒഴുക്കുന്നത് തടയൽ, ഇസ്രായേൽ നയങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങൾ എന്നിവയാണ് അദ്ദേഹം പ്രചാരണത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ചത്. അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (AIPAC) ഉൾപ്പെടെയുള്ള വൻകിട ലോബികൾ അദ്ദേഹത്തിനെതിരെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടും, നീതിക്കും ധർമ്മത്തിനും വേണ്ടിയുള്ള ജനങ്ങളുടെ പിന്തുണയോടെ ആ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് ഈ വിജയം മനസ്സിലാക്കിത്തരുന്നത്.
പ്രതിനിധികളായ അലക്സാൻഡ്രിയ ഒകാസിയോ-കോർട്ടെസ്, സെനറ്റർ ബെർണി സാൻഡേഴ്സ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. അമേരിക്കയിലെ സ്വിങ് സ്റ്റേറ്റുകളിൽ ഒന്നിൽ ഇസ്ലാമിക പശ്ചാത്തലമുള്ള ഒരാൾക്ക് പുരോഗമന അജണ്ടകളിലൂടെ വിജയിക്കാൻ കഴിയുമെന്ന് തെളിയിച്ച ഈ തിരഞ്ഞെടുപ്പ് ഫലം, വലിയൊരു രാഷ്ട്രീയ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം വിദേശ യുദ്ധങ്ങൾക്കും അക്രമങ്ങൾക്കും ഉപയോഗിക്കരുതെന്നും, മറിച്ച് അത് രാജ്യത്തെ സ്കൂളുകൾക്കും ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമാണ് നൽകേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
മാറ്റത്തിന്റെ കാറ്റ്
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ കടുത്ത ഇസ്ലാമോഫോബിയ പ്രചാരണങ്ങളെയും വർഗീയാതിക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് അറബ്-അമേരിക്കൻ, മുസ്ലിം സ്ഥാനാർത്ഥികൾ ചരിത്രപരമായ വിജയമാണ് കരസ്ഥമാക്കിയത്. രാജ്യത്തിന്റെ കോൺഗ്രസിലേക്കും സ്റ്റേറ്റ് ലെജിസ്ലിറേറ്ററുകളിലേക്കും നിരവധി മുസ്ലിം പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു സെനറ്റർ ഉൾപ്പെടെ കുറഞ്ഞത് ഏഴ് മുസ്ലിം സ്ഥാനാർത്ഥികളാണ് കോൺഗ്രസിലേക്ക് ഇതുവരെ വിജയം വരിച്ചത്.
ഈ ചരിത്ര വിജയങ്ങളിലെ മറ്റൊരു പ്രമുഖനാണ് ഗാസയിൽ പരിക്കേറ്റ ഫലസ്തീനികൾക്ക് ചികിത്സ നൽകിയ ഈജിപ്ഷ്യൻ-അമേരിക്കൻ സർജനായ ആദം ഹമാവി (Adam Hamawy). ന്യൂജേഴ്സിയുടെ 12-ാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം സ്റ്റേറ്റിലെ ആദ്യ മുസ്ലിം കോൺഗ്രസ് പ്രതിനിധിയായി മാറി. യു.എസ് ആർമി സർജനായിരുന്ന അദ്ദേഹം, 2004-ൽ ഇറാഖിൽ വെച്ച് വെടിയേറ്റു വീണ ഇപ്പോഴത്തെ സെനറ്റർ ടാമി ഡക്ക്വർത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച വ്യക്തി കൂടിയാണ്. പിൽക്കാലത്ത് ഗാസയിൽ സന്നദ്ധ സേവനത്തിനായി പോയ അദ്ദേഹം ഗുരുതരമായി പരിക്കേറ്റ ഫലസ്തീനി കുട്ടികൾ ഉൾപ്പെടെയുള്ളവരെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ, പ്രമുഖരായ മറ്റ് മുസ്ലിം വനിതാ നേതാക്കളും തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയിട്ടുണ്ട്. മിഷിഗണിലെ 12-ാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ നിന്ന് വിജയിച്ച ഫലസ്തീൻ-അമേരിക്കൻ ഡെമോക്രാറ്റായ റാഷിദ ത്ലൈബ് (Rashida Tlaib) തന്റെ അഞ്ചാം തവണയാണ് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേലിന്റെ ഗാസ യുദ്ധത്തെ ശക്തമായി വിമർശിക്കുന്നവരിൽ പ്രധാനിയാണ് അവർ. അതുപോലെ മിനസോട്ടയിൽ നിന്ന് വീണ്ടും വിജയം കൈവരിച്ച സോമാലി-അമേരിക്കൻ ഡെമോക്രാറ്റായ ഇൽഹാൻ ഒമറും (Ilhan Omar) അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്രായേൽ നയങ്ങളെ നിരന്തരം വിമർശിച്ചുകൊണ്ട് അഞ്ചാം തവണയും ഉറപ്പിച്ചിരിക്കുകയാണ്.
ഈ ഇടക്കാല തിരഞ്ഞെടുപ്പിൽ ലൊസാഞ്ചലസ് മേയർ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമൻ മത്സരിക്കുന്നതും, ഫോസൈത് കൗണ്ടി കമ്മിഷണറായി ശുചിത പട്ടേൽ ജനവിധി തേടുന്നതും അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയ സാമൂഹിക മാറ്റങ്ങളെയാണ് കാണിക്കുന്നത്. ചരിത്രപരമായി വംശീയാക്രമണങ്ങൾക്കും വെളുത്തവർഗക്കാരുടെ തീവ്രവാദ സംഘടനയായ ക്ലൂക്ലക്സ് ക്ലാൻ സാന്നിധ്യത്തിനും പേരുകേട്ട ഫോസൈത് കൗണ്ടിയിൽ ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും മുഖ്യ ചർച്ചയായ ഈ തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ ഈ മുന്നേറ്റം വരാനിരിക്കുന്ന 2028-ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിലും വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. അമേരിക്കൻ ജനതയുടെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പുരോഗമന രാഷ്ട്രീയത്തിന് രാജ്യത്ത് സ്വീകാര്യതയേറുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് അബ്ദുൽ സഈദിന്റെ ഈ ചരിത്ര വിജയം.
ലേഖകനെക്കുറിച്ച്
ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റ് സ്ഥാപനമായ വല്ലപ്പുഴ ദാറുന്നജാത് അറബിക് കോളേജ് ഡിഗ്രി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ലേഖകന്. ഇസ്ലാമിക നാഗരികതയുടെ ചരിത്രം, ക്ലാസിക്കൽ-ആധുനിക ഇസ്ലാമിക രാഷ്ട്രീയം, ലോക ചരിത്രം, ആഗോള രാഷ്ട്രീയം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന താല്പര്യമേഖലകൾ.



Leave A Comment