ഹമാസ്: ഉല്‍ഭവവും വളര്‍ച്ചയും
ഇസ്രയേല്‍ ജനതയില്‍ നിന്ന് ഫലസ്ഥീന്‍ ഭൂമി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 1987 ല്‍ രൂപീകൃതമായ സംഘടനയാണ് ഹമാസ്.'ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്‌ലാമിയ്യ' എന്നാണ് ഹമാസിന്റെ പൂര്‍ണ നാമം. അതിന്റെ അറബിക് ചുരുക്ക രൂപമാണ് ഹമാസ്. ഇസ്‌ലാമിക ചെറുത്തുനില്‍പ്പു പ്രസ്ഥാനം എന്നതാണതിന്റെ അര്‍ത്ഥം. ഇസ്രയേല്‍ അധിനിവേശത്തില്‍ നിന്നും ഫലസ്ഥീന്‍ രാജ്യം മോചിപ്പിച്ച് 1948 ലെ അതിര്‍ത്ഥികളോടെ സ്വതന്ത്ര്യരാജ്യമാക്കുക എന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇത്‌കൊണ്ട് തന്നെ ഇസ്രയേലിന് പിന്തുണ നല്‍കുന്ന അമേരിക്കയും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും ഹമാസിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹമാസിന്റെ തുടക്കം
1970 ല്‍ ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവര്‍ത്തനം തുടങ്ങിയത്. ഹമാസിന്റെ പ്രവര്‍ത്തനത്തിലൂടെ ഗസ്സമുനമ്പ് (ഗസ്സ സ്ട്രിപ്പ്), വെസ്റ്റ് ബാങ്ക് എന്നീ സ്ഥലങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ഫലസ്ഥീനികള്‍ക്ക് സാധിച്ചു. ഒന്നര ദശകത്തോളം പ്രവര്‍ത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987 ല്‍ ഔദ്യോഗികമായി ഹമാസ് എന്ന സംഘടന രൂപം കൊളളുന്നത്.
ആശയങ്ങൾ
'അല്ലാഹു ഞങ്ങളുടെ ലക്ഷ്യം, പ്രവാചകന്‍ ഞങ്ങളുടെ മാതൃക, ഖുര്‍ആന്‍ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാര്‍ഗം ,ശഹാദത്ത് ഞങ്ങളുടെ പ്രധാന ലക്ഷ്യം' എന്നതാണ് ഹമാസിന്റെ മുദ്രാവാക്യം. ഫലസ്ഥീനികള്‍ക്കിടയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസ് പ്രത്യേകം ശ്രദ്ധനല്‍കുന്നു. പാവപ്പെട്ടവര്‍ക്കായി ആശുപത്രികളും സ്‌കൂളുകളും സ്ഥാപിച്ച ഹമാസ് ഫലസ്ഥീന്‍ ജനതയുടെ വിശ്വാസം നേടിയെടുത്തു.
യുദ്ധവും പ്രതിരോധവും
1970കളിലും 80 കളുടെ തുടക്കത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തേക്കാള്‍ ഫലസ്ഥീനികള്‍ക്കിടയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹമാസ് മുന്‍ഗണന നല്‍കിയിരുന്നത്. ഭരണതലത്തിലെ അഴിമതികള്‍ തുറന്നുകാട്ടുക, ഫലസ്ഥീന്‍ വികാരം വളര്‍ത്തുക എന്നീ രീതികളിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ 80കളുടെ മധ്യത്തില്‍ ഗസ്സ സ്ട്രിപ്പും വെസ്റ്റ് ബാങ്കും ഇസ്രയേല്‍ പൂര്‍ണമായി അധിനിവേശപ്പെടുത്തുകയും അവിടെ ഇസ്രയേലി കുടിയേറ്റക്കാരെ കുടിയിരുത്തുകയും ചെയ്തതോടെ ഹമാസ് നേതാവ് ശൈഖ് അഹ്മദ് യാസീന്റെ നേതൃത്വത്തില്‍ സായുധ പോരാട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
ഹമാസ് എന്ന സംഘടന ഔദ്യോഗികമായി രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങിയത് യാസീന്റെ കാലത്താണ്. ഈ സമയത്ത് ഇസ്രയേലിനെതിരെ നിരവധി പോരാട്ടങ്ങള്‍ നടത്താന്‍ സംഘടന മുന്നിട്ടിറങ്ങി. 1987 മുതല്‍ 1993 വരെ ഇസ്രയേല്‍ -ഹമാസ് ഏറ്റുമുട്ടലുകകളുടെ പരമ്പരയായിരുന്നു. 1993 ലെ ഓസ്ലോ ഉടമ്പടിയോടെയാണ് സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്.
സമാധാന നിര്‍ദേശങ്ങള്‍
2004 ജനുവരി 26ന് ഹമാസ് നേതാവ് അബ്ദുല്‍ അസീസ് ഇസ്രയേലുമായി വെടിനിര്‍ത്തലിന് താത്പര്യം പ്രകടിപ്പിച്ചു. പകരം വിവിധ കാലഘട്ടങ്ങളിലെ യുദ്ധങ്ങളിലൂടെ കൈവശപ്പെടുത്തിയ ഫലസ്ഥീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വെസ്റ്റ് ബാങ്ക്, ഗസ്സ സ്ട്രിപ്പ് എന്നീ പ്രദേശങ്ങള്‍ മാത്രമുള്‍പ്പെടത്തി ഫലസ്ഥീന്‍ രാജ്യം രൂപവത്കരിച്ചാല്‍ പോലും തങ്ങള്‍ അതിനെ പിന്തുണക്കുമെന്നും ആക്രമണ പാത വെടിയുമെന്നും ഹമാസിന്റെ പരമോന്നത നേതാവ് അഹമ്ദ് യാസീന്‍ ഉറപ്പിച്ച് പറയുകയും ചെയ്തു.
2004 മാര്‍ച്ച് 22 ന് ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ യാസീന്‍ കൊല്ലപ്പെട്ടു. ശേഷം നേതാവായ രന്‍തീസിയും 2004 ഏപ്രില്‍ 17 ന് കൊല്ലപ്പെട്ടു. ശേഷം ഖാലിദ് മിശ്അല്‍ ഹമാസ് മേധാവിയായി. 2005 സെപ്റ്റംബറില്‍ ഗാസമുനമ്പില്‍ നിന്നും ഇസ്രയേല്‍ സേന പിന്മാറാന്‍ തയ്യാറായത് ഹമാസിന്റെ നിരന്തമായ പോരാട്ടങ്ങളുടെ ഫലമായാണ്. ഇസ് മാഈല്‍ ഹനിയ്യയാണ് നിലവില്‍ ഹമാസിന് നേതൃത്വം നല്‍കുന്നത്. ഹമാസിന്റെ സായുധ വിഭാഗമാണ് അല്‍ഖസ്സാം ബ്രിഗേഡ്.
Leave A Comment