ബുര്‍ദകള്‍: പ്രവാചകരോട് സങ്കടങ്ങള്‍ പറയുന്ന കാവ്യശീലുകള്‍
പ്രവാചകസ്നേഹത്തിന്റെ ഒരായിരം പ്രവാഹം അനുരാഗികളുടെ ഹൃദയാന്തരങ്ങളിൽ അണപൊട്ടിയൊഴുക്കുന്ന കാവ്യ രൂപങ്ങളാണല്ലോ ബുർദകൾ. ഇഷ്ഖിന്റെ കടലാഴിയിൽ നിന്ന് കരപറ്റാൻ പ്രവാചക കരം പുണരുകയായിരുന്നു ബുർദയിലൂടെ ഓരോ പ്രവാചക സ്നേഹിയും. കഅബ് ബിൻ സുഹൈറിന്റെ ബാനത് സുആദിലൂടെയാണ് ബുർദകൾക്ക് പ്രാരംഭം കുറിക്കപ്പെടുന്നത്.
"ബുർദ' എന്ന പേര് വരുന്നത് തന്നെ കഅബിന്റെ കഥയിൽ നിന്നാണല്ലോ. റസൂലിനോട് ക്ഷമാപണം നടത്തുകയും പുകഴ്ത്തുകയും ചെയ്ത അദ്ദേഹത്തിന്റെ മനോഹരമായ വരികളിൽ ആകൃഷ്ടരായ തിരുനബി അദ്ദേഹത്തിന് തന്റെ "തിരുപുടവ" (അറബിയിൽ അതിന് ബുർദ്ദ എന്ന് പറയുന്നു) സമ്മാനിച്ചിരുന്നു. എന്നാൽ കഅബിന്റെ വരികളേക്കാൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ അനശ്വരമായത് പതിമൂന്നാം നൂറ്റാണ്ടുകാരനായ മുഹമ്മദ് ബിൻ സഈദ് ബൂസ്വീരിയുടെ ബുർദയാണ്. "മൗലായ സ്വല്ലി വസല്ലിം ദാഇമൻ അബദ..." എന്ന മദ്ഹിൻ ശീലുകൾ അന്നുമുതൽ ഇക്കാലമത്രയും ലോകത്തിന്റെ നാനാദിക്കുകളിൽ പ്രവാചക സ്നേഹികളുടെ അധരങ്ങളിൽ മന്ത്രിച്ചു കൊണ്ടിരിക്കുകയാണ്.
അക്കാലത്ത് കൊട്ടാരങ്ങളിലും രാജ്യസദസുകളിലും നിറഞ്ഞു നിന്നിരുന്ന പ്രഗൽഭ കവിയായിരുന്ന ബൂസ്വീരിക്ക് ഒരിക്കൽ തളർവാതം പിടിപെടുകയും തുടർന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് പ്രവാചകന്റെ പേരിൽ അതിമനോഹരമായ മദ്ഹുകൾ എഴുതുകയുമിതിനാൽ പിന്നീട് അദ്ദേഹം രോഗമുക്തനായി എന്നതുമാണ് ചരിത്രം.
എന്നാൽ ഇതിനുശേഷം ചരിത്രത്തിൽ പല കവികളും ഇത്തരത്തിൽ ബുർദകൾ എഴുതിയിട്ടുണ്ട്. ബൂസ്വീരിയുടെ വരികൾക്ക് സമാനമായാണ് പലപ്പോഴും ഈ കവിതകളൊക്കെയും വരാറുള്ളത്. അറബിയിൽ "മുആറള" എന്നാണ് ഇത്തരത്തിലുള്ള കവിതകൾക്ക് പറയപ്പെടാറ്. മുൻകാലത്ത് രചിക്കപ്പെട്ട പ്രസിദ്ധമായ ഏതെങ്കിലും ഒരു കവിതക്ക് അതിന്റ പ്രാസത്തിലും രീതിയിലും പശ്ചാത്തലത്തിലും സമാനമായ ഒരു പുതിയ കവിത രചിക്കുന്ന രീതിയാണിത്. ആ കവിതയുടെ പുതിയ ഒരു പതിപ്പായി ഒരു പക്ഷേ ഈ കവിതയെ നമുക്ക് കണക്കാക്കാം. അർത്ഥതലത്തിൽ ഈ പുതിയ കവിത പഴയ കവിതയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ പഴയ കവിതയുടെ പരിസരവും പശ്ചാത്തലവും മനസ്സിലാക്കുന്ന വായനക്കാരനെ പുതിയ കവിതയുടെ പരിസരം കൃത്യമായും ഗ്രഹിക്കാനാകൂ എന്നർത്ഥം. ഇത്തരത്തിൽ ബൂസ്വീരിയുടെ ബുർദക്ക് അനേകം മുആറളകൾ എഴുതപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമാണ് ആധുനിക കാലത്തു രചിക്കപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിൽ അറബ് ലോകത്തെ ഏറ്റവും പ്രമുഖനും "അമീറു ശുഅറാ" എന്നും അറിയപ്പെട്ട അഹ്മദ് ശൗഖിയുടെ "നഹ്ജുൽ ബുർദ".
എന്നാൽ ഇതേ രീതിയിൽ ഇക്കാലത്തു തന്നെയും പ്രശസ്തമായ ഒരു ബുർദ രചിക്കപ്പെട്ടിട്ടുണ്ട്. അറബ് ലോകത്ത് ഏറെ ആരാധകരും വായനക്കാരുമുള്ള ജീവിച്ചിരിക്കുന്ന ഫലസ്തീനിയൻ അറബിക്കവി തമീം അൽ ബർഗൂതിയാണ് ആ ഗ്രന്ഥകാരന്‍. ഈയിടെ 2021ൽ നിര്യാതനായ പ്രശസ്ത കവി മുരീദ് അൽ ബർഗൂതിയുടെയും ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകയും നോവലിസ്റ്റുമായ റദ്‍വ ആഷൂറിന്റെയും പുത്രനാണ് അദ്ദേഹം. 200 ലധികം വരികൾ ഉള്ള ഈ ബുർദ ഇതിനോടകം അദ്ദേഹം തന്നെ പല വേദികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിച്ചിട്ടുമുണ്ട്.
എന്നാൽ വെറുമൊരു പ്രവാചക പ്രകീർത്തനമല്ല ഈ ബുർദയുടെ പ്രമേയം. മേൽപറഞ്ഞ ഇമാം ബൂസ്വീരിക്കും ശൗഖിക്കും എന്ന പോലെ ഒരു സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും കൂടിയാണ് അദ്ദേഹത്തെ ഇങ്ങനെയൊരു ബുർദയിലേക്ക് എത്തിക്കുന്നത്. പൊതുവെ നാം ബുർദകളെ സംബന്ധിച്ച് ചർച്ച ചെയ്യാറും കേൾക്കാറുമുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു രാഷ്ട്രീയവും സാമൂഹികവുമായ ഒരു പരിസരവും പശ്ചാത്തലവും കൂടി ഇപ്പറഞ്ഞ ഓരോ ബുർദകൾക്കുമുണ്ട്. ഈ പശ്ചാത്തലവും ഓരോ ബുർദയോടൊപ്പം പ്രസക്തവും ചിന്തനീയവുമാണ്.
ബുർദകളുടെ രാഷ്ട്രീയ പശ്ചാത്തലം:
ബുർദകൾക്കെല്ലാം ഒരു രാഷ്ട്രീയ സാമൂഹിക ഘടകത്തിന്റെ സ്വാധീനം കൂടിയുണ്ട്. ഓരോ കാലത്തും അതിനനുസൃതമായി ആ കാലത്തിന്റെ ആവശ്യങ്ങളും ആവലാതികളും തങ്ങളുടെ ചുമലിൽ കയറ്റി വെച്ച് കവികൾ പ്രവാചക സാന്നിധ്യത്തിൽ ചെന്ന് തിരുനബിയോടു നടത്തുന്ന ആത്മസംഭാഷണമാണ് ബുർദകൾ. ഇമാം ബൂസ്വീരി തന്റെ കവിതയെഴുതുമ്പോൾ സത്യത്തിൽ താൻ അനുഭവിക്കുന്ന രോഗത്തെക്കുറിച്ച് മാത്രമല്ല തിരുനബിയോട് വാചാലനാകുന്നത്. അന്ന് ലോകമൊട്ടാകെയുള്ള മുഴുവൻ മുസ്‍ലിം സമൂഹവും അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹം തിരുനബിയോട് പറയുന്നത്. കാരണം ഇപ്പറഞ്ഞ ബൂസ്വീരിയും ശൗഖിയും അവരുടെ ജീവിത കാലത്ത് മുസ്‍ലിം ലോകത്തെ മുഴുവൻ ബാധിക്കുന്ന ശക്തമായ പ്രതിസന്ധി ഘട്ടത്തിലാണ് ജീവിച്ചു പോയത്. സമകാലിക സാഹചര്യത്തിൽ മുസ്‍ലിം ലോകം പ്രത്യേകിച്ച് താൻ പ്രതിനിധീകരിക്കുന്ന ഫലസ്തീൻ സമൂഹം നേരിടുന്ന വേദനകളെയും യാതനകളെയും പ്രവാചക തിരു സന്നിധിയിൽ പരാതി പറയുകയാണ് കവി തമീം അൽ ബർഗൂതി.
ഈയൊരു ബുർദയിലൂടെ അദ്ദേഹം മുന്നോട്ട് വെക്കുന്ന പരിസരവും പശ്ചാത്തലവും കൃത്യമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് മുന്നേയുള്ള ബുർദകളുടെ സാഹചര്യം വായിക്കേണ്ടതുണ്ട്.
ബൂസ്വീരി(റ) ബുർദയെഴുതുമ്പോൾ:
ക്രി. 1213 മാർച്ച് മാസത്തിൽ ഈജിപ്തിൽ ജനിച്ച ഷറഫുദ്ദീൻ മുഹമ്മദ് ബിൻ സഈദ് എന്ന ബൂസ്വീരി ക്രി. 1295നാണ് മരണപ്പെടുന്നത്. മൊറോക്കൻ പാരമ്പര്യം ഉള്ള സ്വൻഹാജ വംശാവലിയിൽ പെട്ട അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഈജിപ്തിലേക്ക് കുടിയേറി പാർത്തതാണ്. ബൂസ്വീരി ജനിച്ചു ഒരു മാസത്തിനു ശേഷമാണ് റോമിലെ പോപ് ഇന്നസെന്റ് മൂന്നാമൻ അഞ്ചാം കുരിശു യുദ്ധത്തിന് വേണ്ടി ആജ്ഞാപിക്കുന്നത്. അതിനു മുന്നേ നടന്ന ഒന്നാം കുരിശു യുദ്ധത്തിൽ ക്രിസ്ത്യൻ സഖ്യസേന ജെറുസലേം പിടിച്ചടക്കുകയും രണ്ടാം കുരിശു യുദ്ധത്തിൽ ഡമസ്കസ് കീഴടക്കുന്നതിൽ പരാജയപ്പെടുകയും മൂന്നാം കുരിശു യുദ്ധത്തിൽ ജെറുസലേം തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെടുകയും നാലാം കുരിശു യുദ്ധത്തിൽ ഷാമിലേക്കുള്ള വഴിപിഴച്ച് ഗ്രീസിൽ പോയി യുദ്ധം ചെയ്യുകയുമാണ് ഉണ്ടായിരുന്നത്. അങ്ങനെ ബൂസ്വീരി കുട്ടിയായിരിക്കെ പോപ്പിന്റെ പ്രതിനിധിയുടെ നേതൃത്വത്തിലുള്ള കുരിശ് സഖ്യസേന ക്രി. 1218ൽ ഡാമിയേട്ട ഉപരോധിച്ചു കീഴ്പ്പെടുത്തുകയും സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ സഹോദര പുത്രൻ മലിക്കുൽ കാമിലുമായി മൂന്നുവർഷത്തോളം തുടർച്ചയായ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് ആ യുദ്ധം ക്രി.1221 ന് ബൂസ്വീരി ഇമാമിന് എട്ടുവയസ് തികയുമ്പോഴാണ് അവസാനിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് 15 വയസ്സ് ആയിരിക്കെയാണ് മലികുൽ കാമിൽ തന്റെ പിതൃവ്യൻ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി കീഴടക്കിയ ജെറുസലേം നഗരം സമാധാനവാഹകനെന്ന പേരിൽ അന്നത്തെ യൂറോപ്പിലെ ഏറ്റവും തല ഉയർന്ന രാജാവ് ഹോളി റോമൻ എംപറർ ഫ്രെഡറിക് രണ്ടാമന് പതിച്ച് നൽകുന്നതും അങ്ങനെ കൈറോയിൽ ഉള്ള മലിക്കുൽ കാമിലിനും ഡമസ്കസിലെ തന്റെ സഹോദരൻ മലിക്കുൽ മുഅസ്സമിനുമിടയിൽ ഒരു തടസ്സമായി ഫലസ്തീൻ മാറുന്നതും.
പിന്നീട് മലിക്കുൽ മുഅസ്സമിന്റെ മരണത്തിനുശേഷം ആ പ്രദേശം വാഗ്ദാനം പാലിച്ച് ഫ്രെഡറിക്ക് കാമിലിന് തന്നെ നൽകുന്നുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് കാൽ നൂറ്റാണ്ട് കാലം ഖുദ്സ് ഫ്രഞ്ചുകാരുടെ കൈകളിലായിരുന്നു. പിന്നീട് അതിനു ശേഷം 1244ൽ കിഴക്കൻ ഇറാൻ മേഖലകളിൽ നിന്ന് വന്ന ഖവാരിസ്മികൾ കീഴടക്കുമ്പോൾ ബൂസ്വീരിക്ക് 31 വയസ്സ് ആയിരുന്നു. അഞ്ചുവർഷത്തിനുശേഷം ക്രി. 1249ൽ ഫ്രഞ്ചുകാർ ഫ്രാൻസ് രാജാവ് ലൂയിസ് ഒമ്പതാമന് കീഴിൽ വീണ്ടും ഡാമിയേട്ടാ കീഴടക്കി കൈറോക്ക് നേരെ മാർച്ച് ചെയ്യുന്നതാണ് ബൂസ്വീരി പിന്നീട് കാണുന്നത്. ഈ സൈന്യത്തെ മൻസൂറയിൽ വെച്ച് മംലൂക്കികൾ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. അതിനുശേഷം ബൂസ്വീരിക്ക് 45 വയസ്സ് ആകുമ്പോഴാണ് ക്രി. 1258 ൽ അബ്ബാസി ഭരണകൂടത്തിന്റെ തലസ്ഥാനം ബാഗ്ദാദ് മംഗോളികളുടെ മുന്നിൽ തകര്‍ന്നടിഞ്ഞു എന്ന വാർത്ത കേൾക്കുന്നത്. എന്നുമാത്രമല്ല അക്കാലമത്രയുമുണ്ടായിരുന്ന പതിവ് ഒരു ശക്തി ഒരു പ്രദേശം കീഴടക്കുകയാണെങ്കിൽ അതിനുശേഷം മൂന്നുദിവസം വരെ ആ നാട് മുഴുവൻ കൊള്ളയായിരിക്കും എന്നതായിരുന്നു എന്നാൽ ബാഗ്ദാദ് പിന്നീട് 14 ദിവസത്തോളം മംഗോളികളുടെ കിരാതവാഴ്ചയായിരുന്നു. ഈ സമയം മുഴുവൻ തദ്ദേശവാസികളായ പലരും ജീവൻ നിലനിർത്താൻ വേണ്ടി ശ്മശാന ഭൂമികളിലും കിണറുകളിലും വീടുകളുടെ നിലവറയിലും ഒളിഞ്ഞു കഴിയുകയായിരുന്നു. വാളുകളാലും പട്ടിണി കിടന്നും ഇതിൽ ആകമാനം കൊല്ലപ്പെട്ടവരുടെ എണ്ണം ചരിത്രകാരന്മാർ ലക്ഷത്തിലേറെയുണ്ട് എന്ന് കണക്കുകൂട്ടുകയും ചെയ്യുന്നു. പിന്നീട് ഇങ്ങനെയൊരു കൂട്ടക്കൊല 7 നൂറ്റാണ്ടിനപ്പുറം അമേരിക്ക ഇറാക്ക് കീഴടക്കിയപ്പോൾ അല്ലാതെ ഇറാഖിന്റെ ചരിത്രത്തിൽ തന്നെ ആവർത്തിച്ചിട്ടില്ല. പിന്നീട് മംഗോളികൾ ശാമും ഡമസ്കസും എല്ലാം കീഴ്പെടുത്തി ഈജിപ്തിനു നേരെ വന്നിരുന്നുവെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താൽ സൈഫുദ്ദിൻ ഖുതുസ് ഐൻജാലൂതിൽ വെച്ച് അവരെ കീഴ്പ്പെടുത്തുകയായിരുന്നു. അതുപോലെ കുരിശ് സേനയും പിന്നീട് അന്ത്വാകിയയിൽ വെച്ച് റുക്‌നുദ്ദിൻ ബൈബർസിന്റ മുന്നിൽ മുട്ട് മടക്കുകയായിരുന്നു. പിന്നീട് ക്രി. 1291ൽ മലികുൽ അഷ്‌റഫ് ഖലീൽ ബിൻ ഖലവൂൻ അധികാരത്തിൽ എത്തിയതോടെയാണ് അവർ പൂർണമായുമിവിടെ നിന്ന് പിഴുതെറിയപ്പെട്ടത്. അന്ന് ബൂസ്വീരിക്ക് 78 വയസ്സായിരുന്നു.
ശൗഖി ബുർദയെഴുതുമ്പോൾ:
അഹ്‌മദ് ശൗഖി ജനിക്കുന്നത് ക്രി. 1868 ൽ ഖൈറോയിൽ തന്നെയാണ്. ഈജിപ്ത് ഭരിച്ചിരുന്നത് മുഹമ്മദലി പാഷയുടെ മകൻ ഇബ്രാഹിം ഖിദേവിയുടെ മകൻ ഇസ്മായിൽ ഖിദേവിയാണ്. ഒട്ടോമൻ സുൽത്താൻ അബ്ദുൽ അസീസിന്റെ ഈജിപ്തിലെ ഗവർണർ ആയിരുന്നു അദ്ദേഹം. സൂയസ് കനാൽ ഷിപ്പിങ്ങിന് വേണ്ടി തുറന്നു കൊടുക്കുമ്പോൾ അദ്ദേഹത്തിനെ ഒന്നോ അതിൽ താഴെയോ ആയിരുന്നു വയസ്സ്. അന്ന് ഈജിപ്തിന്റെ ഒരു ഭാഗം ഫ്രഞ്ച് ഉടമസ്ഥതയിലാണ്. പിന്നീട് ബ്രിട്ടണ്‍ സൂയസ് കനാലിന്റെ ഒരു ഓഹരി വാങ്ങുകയും ചെയ്തു. പിന്നീട് തുണീഷ്യയിൽ ഫ്രഞ്ച് അധിനിവേശം നടക്കുമ്പോൾ അദ്ദേഹത്തിന് മൂന്നു വയസ്സായിരുന്നു. പിന്നീട് അതുകഴിഞ്ഞ് അടുത്ത വർഷമാണ് ബ്രിട്ടന്റെ വലിയ യുദ്ധക്കപ്പലുകൾ ആക്രമിച്ച് സൈന്യം ഖൈറോയിൽ ആധിപത്യം ചെലുത്തുന്നത്.
പിന്നീട് ഇറ്റലി ലിബിയ കീഴടക്കുമ്പോൾ അദ്ദേഹം 43 ആം വയസ്സിലാണ്. പിന്നീട് ഒന്നാം ലോകമഹായുദ്ധകാലത്ത് അദ്ദേഹത്തെ സ്പെയിനിലേക്ക് നാട് കടത്തുമ്പോൾ ഓട്ടോമൻ ഭരണകൂടം തകർച്ചയുടെ വക്കിലായിരുന്നു. പിന്നീട് ഇസ്താംബൂളിൽ ഖിലാഫത്ത് തകരുകയും ഖുദ്സും ബഗ്ദാദും ബ്രിട്ടന് കീഴിലാവുകയും ഡമസ്കസും അലെപ്പോയും ഫ്രഞ്ച് ആധിപത്യത്തിന് കീഴിൽ വരുകയും ചെയ്തു. പിന്നീട് ഫ്രഞ്ച് ജനറൽ ഹെൻറി ഗുറൗഡ് ഡമാസ്കസിൽ ചെന്ന് സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ ഖബറിൽ ചവിട്ടിക്കൊണ്ട്: "സലാഹുദ്ധീൻ.. ഞങ്ങളിതാ വന്നിരിക്കുന്നു".. എന്ന് പറഞ്ഞതായി നാടെങ്ങും നിറഞ്ഞപ്പോൾ അദ്ദേഹം തന്റെ അമ്പതുകളിലായിരുന്നു. ഈജിപ്തിലെ ബ്രിട്ടീഷ് ജനറൽ എഡ്മണ്ട് അല്ലെൻബിയെ കുറിച്ചും ഇങ്ങനെയൊരു സംഭവം പറയപ്പെടാറുണ്ട്. 1917ൽ ജെറുസലേമിലേക്ക് പ്രവേശിക്കുമ്പോൾ: "ഇന്നാണ് കുരിശു യുദ്ധങ്ങൾക്ക് സമാപ്തി ആവുന്നത്" എന്ന് പറഞ്ഞതായി അദ്ദേഹത്തെക്കുറിച്ച് പറയപ്പെടാറുണ്ട്. 1919 ലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം എക്സയിലിൽ തന്നെയായിരുന്നു. പക്ഷേ കൃത്യം ഒരു വർഷത്തിനുശേഷം അദ്ദേഹം ഈജിപ്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം തന്നെയായിരുന്നു വിപ്ലവത്തിന് കരുത്തും ആത്മാവും ആയത്.
ചുരുക്കിപ്പറഞ്ഞാൽ, ബൂസ്വീരിയും ശൗഖിയുമെല്ലാം ബുർദുകളെഴുതുമ്പോൾ അവർക്കെല്ലാം സമാനമായൊരു രാഷ്ട്രീയ പരിസരവും പശ്ചാത്തലവുമുണ്ടായിരുന്നു. ബൂസ്വീരി ജീവിച്ച ഈജിപ്തിൽ കുരിശു യുദ്ധങ്ങൾ കൊടികുത്തിവാണപ്പോൾ ശൗഖി ജീവിച്ച ഈജിപ്തിൽ പുതിയകാല കൊളോണിയൽ ശക്തികളുടെ രാജാവാഴ്ചയായിരുന്നു. ഇവരുടെ രണ്ടുപേരുടെയും കാലത്ത് ലോക മുസ്‍ലിം ജനത കലുഷിതമായ രാഷ്ട്രീയ അപചയത്തിന്റെ വെള്ളപ്പൊക്കത്തിൽ മുങ്ങിത്താവുകയായിരുന്നു. ഇരുവരുടെയും കാലങ്ങളിൽ മുസ്‍ലിം ഹൃദയ പ്രദേശങ്ങളായ ഇറാഖിലും ശാമിലും മൊറൊക്കോയിലുമെല്ലാം ഇസ്‍ലാമിന്റെ ശത്രുക്കളുടെ അഴിഞ്ഞാട്ടം നടമാടുകയായിരുന്നു. ഇരുവരുടെയും കാലങ്ങളിൽ മുസ്‍ലിം ഖിലാഫത്ത് തകരുകയും ചെയ്തു. അതിനാൽ ഇരുവരും തങ്ങളുടെ ബുർദകൾ എഴുതുമ്പോൾ തന്റെ ഹൃദയാന്തരങ്ങളിലെ അനുരാഗച്ചെപ്പ് തുറക്കുക മാത്രമല്ല ചെയ്യുന്നത്, മുസ്‍ലിം ഉമ്മത്തിന്റെ വേദനകളും യാതനകളും പ്രവാചകരോട് തുറന്നു പറയുകയായിരുന്നു. ഈ ഉമ്മത്തിനെ ഈ കുത്തൊഴുക്കിൽ നിന്ന് കരകയറ്റാൻ ആ തിരുകരം തേടുകയായിരുന്നു. ഫലസ്തീന്‍ ജനത യാതനകള്‍ അനുഭവിക്കുന്ന ഇക്കാലത്ത്, തമീം ബര്‍ഗൂതി ബുര്‍ദ്ദ എഴുതുമ്പോഴും അത്തരം സാഹചര്യങ്ങളെല്ലാം കടന്നുവരുന്നുണ്ട്. ഇവയെല്ലാം ചരിത്രത്തിന്റെ തനിയാവര്‍ത്തനങ്ങളാണ് എന്നതിനാല്‍ തന്നെ, ബുര്‍ദ്ദകള്‍ എന്നും ചരിത്രപരമായി കൂടി പ്രസക്തമായി തുടരുകയും ചെയ്യുന്നു.



Leave A Comment