ബുര്‍ദതുതമീം: ആനുകാലിക സമുദായത്തിന്റെ കണ്ണാടി

ഇമാം ബൂസ്വീരിയുടെയും അഹ്മദ് ശൗഖിയുടെയും ബുര്‍ദ്ദകളുടെ ചുവട് പിടിച്ച് ഇരുപതാം നൂറ്റാണ്ടിലും സമാനമോ, ഒരു പക്ഷേ, അതിലും തീക്ഷ്ണമായതോ ആയ രീതിയില്‍ ഒരു ബുര്‍ദ രചിക്കപ്പെട്ടിട്ടുണ്ട്.  ഫലസ്തീന്‍ അടക്കമുള്ള മുസ്‍ലിം പ്രദേശങ്ങളും ജനസമൂഹങ്ങളും നേരിടുന്ന തിക്തമായ രാഷ്ട്രീയ അനുഭവങ്ങളാണ് തമീം അൽബർഗൂത്തി എന്ന ആ കവിയെ ബുര്‍ദയിലെത്തിച്ചത്. ശൗഖിയും ബൂസീരിയും ചെയ്ത പോലെ തന്റെ കാലത്തെക്കുറിച്ച് താനും ബുര്‍ദയിലൂടെ വിവരിക്കുകയാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

1977 ൽ ഇസ്രായേലുമായി അനുരഞ്ജന നീക്കത്തിന് ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദാത്ത് മുതിരുകയും ക്യാമ്പ് ഡേവിഡ് കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതിനെ നിഷിതമായി എതിർത്ത കവിയുടെ പിതാവ് മുരീദ് അൽബർഗൂത്തി പോലുള്ള ഫലസ്തീൻ പ്രമുഖര്‍ ഈജിപ്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഇതേ വർഷമാണ് തമീം ജനിക്കുന്നത്. പിന്നീട് അങ്ങോട്ട് 17 വർഷത്തോളം മുരീദിന് ഈജിപ്തിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. പിതാവിന്റെ അഭാവം തീർത്ത കൈറോയിൽ ആണ് കുഞ്ഞു തമീം കണ്ണുതുറക്കുന്നതും വളരുന്നതും. ബാല്യകാലത്ത് ഇസ്രായേൽ തുടർച്ചയായി രണ്ടു പ്രാവശ്യം ലെബനാൻ ആക്രമിക്കുകയും 1982 ൽ ബൈറൂത്തിലെ സബ്റാ ശാത്തിലയിൽ വെച്ച് ആയിരത്തോളം വരുന്ന നിരപരാധികളും നിരായുധരും ആയ മനുഷ്യരെ അരുംകൊല ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് 1991ൽ ആയിരുന്നു ഇറാഖിനെ അമേരിക്ക ഉപരോധിക്കുന്നതും ശേഷം സൈനികമായി അക്രമിക്കുന്നതും. ഇതിനെ തുടർന്ന് പട്ടിണി കിടന്നും മറ്റും ലക്ഷക്കണക്കിന് ആളുകൾ മരിച്ചു പോയിരുന്നു എന്നാണ് കണക്ക്. ഇതിൽ പകുതിയും ചെറിയ കുട്ടികളായിരുന്നത്രേ. ഇക്കാലയളവിൽ സൂയസ് കനാലിന്റെ മുകളിലൂടെ ഇറാഖിന് നേരെ കുതിച്ചുപോകുന്ന അമേരിക്കൻ സൈനിക വിമാനങ്ങളെ ആഘോഷത്തോടെ വരവേൽക്കുകയായിരുന്നുവത്രേ ഈജിപ്ത്.

ഇതിനെതിരെ കൈറോയിൽ നടന്ന ജനപ്രക്ഷോഭത്തിൽ പങ്കെടുത്തതിന് തമീമിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും തുടർന്ന് അദ്ദേഹത്തെയും ഈജിപ്തിൽ നിന്ന് നാടുകടത്തപ്പെടുകയുമായിരുന്നു. ഇതിന്റെ ഒരു വർഷം മുന്നേ തന്നെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കും റാമല്ലയും കയ്യേറിയിരുന്നു. 2006 ൽ രണ്ടാം ലബ്നാൻ യുദ്ധത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനെതിരെ ഹിസ്ബ്ബുല്ലയുടെയും മറ്റും നേതൃത്വത്തിൽ അഭൂതപൂർവമായ ചെറുത്തുനിൽപ്പ് ആണ് ലബനാനിൽ നടന്നത്. അധിനിവേശ ശക്തിക്കെതിരെയുള്ള വലിയ മുന്നറിയിപ്പ് ആയിരുന്നു അത്. പിന്നീട് ഈജിപ്ഷ്യൻ പ്രസിഡണ്ട് ഹുസ്നി മുബാറക് ഇസ്രയേലുമായി സൈനിക സന്ധിയിൽ ഏർപ്പെടുകയും 2008 ൽ ഗസ്സയിലെ പിഞ്ചു പൈതങ്ങൾക്കു മീതെ ഇസ്രായേൽ ബോംബുകൾ പേമാരി പോലെ വർഷിച്ചപ്പോൾ അഭയാർത്ഥികൾക്കു മുന്നിൽ റഫ ബോർഡർ അടച്ചിടാൻ പ്രസിഡന്റ് ആജ്ഞാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഈജിപ്തിൽ തന്നെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ അലയൊലി ഉയർന്നിരുന്നു.

ഈ സാമൂഹിക-രാഷ്ട്രീയ അസ്വസ്ഥതകളെല്ലാം മുന്നില്‍ വെച്ചാണ് തമീം അല്‍ബര്‍ഗൂതി ബുര്‍ദ രചിക്കുന്നത്. ഉമ്മതിന്റെ ഈ ദയനീയ കാഴ്ചകളില്‍ മനം നൊന്ത് പ്രവാചകരോട് പരാതി പറയുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍, തന്റെ കൃതിയുടെ മുന്‍ഗാമികളായ ബുർദകളുമായി ഉള്ള ഈ ചരിത്രപരമായ സാദൃശ്യം ആദ്യമൊന്നും കവിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നതായിരുന്നു സത്യം. വ്യക്തിപരമായി അദ്ദേഹം നേരിട്ട ജീവിത സന്ദർഭങ്ങളാണ് കൃത്യമായും ബുർദയിലേക്ക് തന്നെ എത്തിച്ചത് എന്ന് തമീം പറയുന്നുണ്ട്. 2003ലാണ് ഈജിപ്തിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെടുന്നത്. പിന്നീട് ധാരാളം തലസ്ഥാന നഗരികളിലും ദേശങ്ങളിലും പരദേശിയായി സഞ്ചരിച്ച അദ്ദേഹം 2010 ൽ ബർലിനിലും പിന്നീട് വാഷിംഗ്ടണിലും ആയിരുന്നു. മുമ്പ് പിതാവ് മുരീദ് ഈജിപ്തിൽ നിന്ന് പുറത്താക്കപ്പെട്ടത് മുതൽ ചിതറിപ്പോയ കുടുംബം വീണ്ടും ഒത്തുചേരാൻ വർഷങ്ങള്‍ തള്ളിനീക്കേണ്ടിവന്നു. മാതാവിനോടൊപ്പം ഈജിപ്തിൽ കഴിഞ്ഞു വന്ന ബാല്യകാലത്തിനുശേഷം 2003 ഓടെ വേർപാട് അതിന്റെ പൂർണാർത്ഥത്തിൽ എത്തി. പിതാവ് ബുടാപെസ്റ്റിലും പിന്നീട് ജോർദാനിലും മാതാവ് ഈജിപ്തിലുമായി, രാജ്യാതിർത്തികൾ അവർക്ക് മുന്നിൽ മുൾവേലികൾ തീർത്തു. അങ്ങനെ ഒരിക്കൽ വാഷിംഗ്ടണിലെ ഒരു കഫെയിൽ ചിന്താനിമഗ്നനായി ഇരിക്കേയാണ് അടുത്തിരിക്കുന്ന ഒരു യുവതി അദ്ദേഹത്തോട് ചോദിക്കുന്നത്: മുസ്‍ലിംകളും അറബികളും യഥാർത്ഥത്തിൽ നീചന്മാരാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ എന്ന്. അരിശവും നിരാശയും പൂണ്ട് അവിടെനിന്ന് എണീറ്റ് നടന്നുപോകുമ്പോൾ തന്റെ ചുണ്ടുകളിൽ അദ്ദേഹം ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു:

مولاي صلّ وسلّم دائما أبدا

على حبيبك خير الخلق كلّهم

തുടർന്നാണ് ബുർദ എഴുതുക എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്.

"മിഹ്നത്തുനാ ബൈന യദൈ റസൂലില്ലാ" - ഞങ്ങളുടെ പ്രയാസം പ്രവാചകൻ സമക്ഷം എന്നൊരു തലക്കെട്ട് ഈ കവിതക്ക് അദ്ദേഹം ചിലയിടങ്ങളിൽ നൽകിയതായും കാണാം. മുൻഗാമികളേക്കാൾ അല്പം വരികൾ അധികം കൊണ്ടുവരലാണ് മുആറളകളുടെ ശൈലിയും പതിവും, 150 വരിയാണ് ബൂസീരി ഇമാം തന്റെ ബുർദയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്നുവന്ന അഹമ്മദ് ഷൗഖി 190 വരികളാണ് നഹ്ജുൽ ബുർദയിൽ ചേർത്തുവച്ചിരിക്കുന്നതെങ്കില്‍, തമീം ബര്‍ഗൂതിയുടെ ബുര്‍ദയില്‍ 200 വരികളാണ് ഉള്ളത്.

ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രവാചകരോടും അവിടത്തെ അനുയായികളോടുമുള്ള അടങ്ങാത്ത സ്നേഹത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കാവ്യം തുടങ്ങുന്നത്. വെള്ളാം എവിടെയായിരുന്നാലും ദാഹിച്ചവന്‍ അത് കണ്ടെത്താതിരിക്കില്ല എന്ന പ്രാപഞ്ചിക സത്യത്തോടാണ്, പ്രവാചകപ്രേമത്തെ അദ്ദേഹം ഉദാഹരിക്കുന്നത്. ശേഷം പ്രവാചകരുടെ വിശേഷണങ്ങളും തിരുജീവിതത്തിലെ വിവിധ സംഭവവികാസങ്ങളും വരാനിരിക്കുന്ന കാര്യങ്ങളെല്ലാം പ്രവാചകര്‍ക്ക് ജിബ്‍രീല്‍(അ) കാണിച്ചുകൊടുത്തതുമെല്ലാം അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്. കര്‍ബലയിലെ മണ്‍തരികള്‍ രക്തവര്‍ണ്ണമായി മാറിയതും അത് പ്രവാചകര്‍ നേരത്തെ പ്രവചിച്ചതുമെല്ലാം കടന്നുവരുന്നുണ്ട്. ഇസ്‍ലാമിക സാമ്രാജ്യം കടന്നുപോയ നിംന്നോതങ്ങളെല്ലാം പരാമര്‍ശിക്കുമ്പോള്‍, സ്പെയിനും ഖുര്‍തുബയും ഉസ്മാനി ഖിലാഫതുമെല്ലാം പരാമൃഷ്ടമാവുന്നു.

ഭിന്നിപ്പും അനൈക്യവും കാരണം മുസ്‍ലിം ലോകത്തിന് സഹിക്കേണ്ടിവന്ന കഷ്ടതകളും അനുഭവിക്കേണ്ടിവന്ന നഷ്ടങ്ങളുമെല്ലാം കവിതയുടെ ഭാഗമാണ്. ഖിലാഫതിനെ തകര്‍ത്ത് രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടതും മതം എന്താണെന്ന് പോലും അറിയാത്ത രാജാക്കന്മാര്‍ അധികാര കേന്ദ്രങ്ങളിലെത്തിയതും സമുദായത്തിന്റെ പ്രശ്നങ്ങളൊന്നും തന്നെ അവരെ അലട്ടാതെ പോയതുമെല്ലാം അദ്ദേഹം പ്രതിപാദിക്കുന്നു.

മുന്‍ഗാമികളായ ബുര്‍ദ രചയിതാക്കളും ബര്‍ഗൂതിയുടെ ബുര്‍ദയില്‍ കടന്നുവരുന്നുണ്ട്. അവരെയെല്ലാം ആദരപൂര്‍വ്വം ഓര്‍ക്കുന്നതോടൊപ്പം, അവരെപ്പോലെ താനും ഇതാ പരാതികളെല്ലാം പ്രവാചകരോട് പറയുകയാണെന്നും അദ്ദേഹം പറയുന്നു. ശേഷം, ആരെല്ലാം എങ്ങനെയെല്ലാം കഴിഞ്ഞാലും വിശുദ്ധ മതം മാറോട് ചേര്‍ത്ത് പിടിച്ച് ജീവിക്കുന്ന, അതിന് വേണ്ടി അഗ്നിഗോളങ്ങളിലൂടെ പുഞ്ചിരിച്ച് നടക്കാന്‍ പോലും തയ്യാറാവുന്ന ഒരു പറ്റം ഇവിടെ ഇപ്പോഴും ബാക്കിയുണ്ടെന്നും അവരുടെ പരലോക മോക്ഷത്തിനും ആരും രക്ഷക്കില്ലാത്ത ആ ദിനം അവരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

അവസാനം, പ്രവാചകരുടെ മേല്‍ എന്നെന്നും സ്വലാതും സലാമും ഉണ്ടാവട്ടെ എന്ന് ആശംസിച്ചും ഇരുനൂറ് വരികളടങ്ങിയ മറ്റൊരു ബുര്‍ദ കൂടി ഇവിടെ വിരചിതമായിരിക്കുകയാണെന്ന് പറഞ്ഞും ഞങ്ങളുടെ കാര്യങ്ങളെല്ലാം ഗുണകരവും സന്മാര്‍ഗ്ഗപൂര്‍ണ്ണവുമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുമാണ് ബര്‍ഗൂതിയുടെ ഈ ബുര്‍ദ അവസാനിക്കുന്നത്.

ബുര്‍ദ എന്നത് കേവലം ഒരു കാവ്യം എന്നതിലുപരി ഓരോ കാലത്തിന്റെയും കണ്ണാടിയായി മാറുകയാണ്. അത്തരത്തില്‍ ആനുകാലിക മുസ്‍ലിം സമൂഹത്തിന്റെ പ്രതിഛായ തെളിയുന്ന കണ്ണാടിയാണ് തമീം ബര്‍ഗൂതിയുടെ ബുര്‍ദ എന്ന് പറയാം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter