സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍ 4: സുലൈമാൻ നബി (അ) ൻ്റെ ഉറുമ്പ്

വിശുദ്ധ ഖുർആനിൽ ഒരു വലിയ സൂറത്തിന് തന്നെ പേര് നൽകാൻ (സൂറത്തുന്നംല് - ഉറുമ്പ്) അല്ലാഹു തിരഞ്ഞെടുത്തത് ഒരു ചെറിയ ഉറുമ്പിന്റെ വിവേകപൂർണ്ണമായ ചരിത്രത്തെ മുൻനിർത്തിയാണ്. അന്ത്യനാളിൽ വിചാരണക്ക് ശേഷം മണ്ണായിപ്പോകാതെ, പ്രവാചകനെ ബഹുമാനിച്ചതുകൊണ്ടും സ്വന്തം ജനതയോട് കരുണ കാണിച്ചതുകൊണ്ടും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന പത്ത് സവിശേഷ ജീവികളിൽ പെട്ടതാണ് സുലൈമാൻ നബി (അ) ന്റെ ഈ 'ഉറുമ്പ്'.

സുലൈമാൻ നബി(അ)യും അവിടുത്തെ ജിന്നുകളും മനുഷ്യരും അടങ്ങുന്ന വൻ സൈന്യവും 'വാദിന്നംല് (ഉറുമ്പുകളുടെ താഴ്‌വര) എന്ന പ്രദേശത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ ഉറുമ്പ് തന്റെ കൂട്ടരെ രക്ഷിക്കാൻ മുന്നോട്ട് വരുന്നത്. ആ രംഗം വിശുദ്ധ ഖുർആൻ ഇങ്ങനെ വിവരിക്കുന്നു: "അങ്ങനെ അവർ ഉറുമ്പുകളുടെ താഴ്‌വരയിലെത്തിയപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ! നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവരറിയാതെ നിങ്ങളെ ചവിട്ടി മെതിക്കാതിരിക്കട്ടെ." (സൂറത്തുന്നംല്: 18)

ഒരു ചെറിയ ഉറുമ്പിന്റെ വാക്കുകൾ കേട്ട് സുലൈമാൻ നബി(അ) അത്ഭുതപ്പെടുകയും സന്തോഷത്താൽ പുഞ്ചിരിക്കുകയും, തനിക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ഇമാം സ്വാവി(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയത് പ്രകാരം, ഈ ഉറുമ്പിന് 'ത്വാഖിയ്യ'  എന്നായിരുന്നു പേര്. ചിറകുകളുള്ള, ചെറിയൊരു മുടന്തുള്ള ഒരു ഉറുമ്പായിരുന്നുവത്രെ അത്.

ഇമാം ദമീരി(റ) തന്റെ ഹയാത്തുൽ ഹയവാനിൽ കുബ്രായിൽ വ്യക്തമാക്കുന്നത് പോലെ, ഈ ഉറുമ്പ് വെറുമൊരു മൃഗസഹജമായ ബുദ്ധിയല്ല പ്രകടിപ്പിച്ചത്. മറിച്ച്, ഒരു മികച്ച ഭരണാധികാരിയെപ്പോലെ തന്റെ ജനതയെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് നയിക്കാനുള്ള 'ഭരണവിവേകം' അത് കാണിച്ചു. അതിലുപരിയായി, സുലൈമാൻ നബി(അ)യും സൈന്യവും നീതിമാന്മാരാണെന്നും അവർ തങ്ങളെ ചവിട്ടുകയാണെങ്കിൽ അത് മനഃപൂർവ്വമായിരിക്കില്ല, അവർ അറിയാതെ സംഭവിക്കുന്നതായിരിക്കും  എന്നും പറഞ്ഞുകൊണ്ട് പ്രവാചകന്റെ നീതിയെ അത് സാക്ഷ്യപ്പെടുത്തി.

ഇമാം ആലൂസി(റ) തന്റെ റൂഹുൽ മആനിയിൽ ഈ ഉറുമ്പിന്റെ വാക്കുകളിലെ ഭാഷാപരമായ അത്ഭുതത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അത് തന്റെ കൂട്ടുകാരോട് പറഞ്ഞ ഒറ്റ വചനത്തിൽ ഭാഷാശാസ്ത്രത്തിലെ പത്ത് വ്യത്യസ്ത ശൈലികളാണ് (നിദാ - വിളി, തൻബീഹ് - ഓർമ്മപ്പെടുത്തൽ, അംറ് - കൽപ്പന, തഹ്ദീറ് - താക്കീത്, ഈതിദാറ്- ക്ഷമാപണം തുടങ്ങിയവ) അടങ്ങിയിരിക്കുന്നത്. ഇത്രയും വലിയ ജ്ഞാനം അല്ലാഹു നൽകിയ ആ ഉറുമ്പിനെ അല്ലാഹു പരലോകത്ത് മണ്ണാക്കി മാറ്റുകയില്ല. മറിച്ച് സ്വർഗ്ഗത്തോപ്പുകളിൽ സുലൈമാൻ നബി (അ) ന്റെ ആദരവോടെ അതിനെ അല്ലാഹു നിലനിർത്തും.

ഇമാം ദമീരി(റ) തന്റെ ഹയാത്തുൽ ഹയവാനിൽ ഉറുമ്പിന്റെ ആത്മീയ ബോധത്തെ ഉണർത്തുന്ന മനോഹരമായൊരു ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ഉറുമ്പിന്റെ വിവേകം കണ്ട സുലൈമാൻ നബി(അ) അതിനോട് ചോദിച്ചു: "ഒരു വർഷം നിനക്ക് ജീവിക്കാൻ എത്ര തരി ഗോതമ്പ് വേണം?" ഉറുമ്പ് പറഞ്ഞു: "ഒരു തരി ഗോതമ്പ് മതി." പ്രവാചകൻ അതിനെ ഒരു കുപ്പിക്കുള്ളിലാക്കി ഒരു തരി ഗോതമ്പും കൊടുത്ത് ഒരു വർഷത്തേക്ക് അടച്ചുവെച്ചു.

വർഷം തികഞ്ഞ് കുപ്പി തുറന്നപ്പോൾ ഉറുമ്പ് ആ ഗോതമ്പ് മണിയുടെ പകുതി മാത്രമേ തിന്നിട്ടുള്ളൂ എന്ന് കണ്ട് പ്രവാചകൻ അത്ഭുതപ്പെട്ടു. കാരണം തിരക്കിയപ്പോൾ ആ ഉറുമ്പ് പറഞ്ഞ മറുപടി പണ്ഡിതന്മാർ തവക്കുലിന് തെളിവായി ഉദ്ധരിക്കുന്നു: "ഹേ, അല്ലാഹുവിന്റെ പ്രവാചകരേ! ഞാൻ ഭൂമിയിൽ സ്വതന്ത്രയായിരുന്നപ്പോൾ അല്ലാഹുവായിരുന്നു എനിക്ക് ഭക്ഷണം തന്നിരുന്നത്. അവൻ എന്നെ ഒരിക്കലും മറക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാൽ അങ്ങ് എന്നെ കുപ്പിയിലടച്ച് എന്റെ ഭക്ഷണം അങ്ങയുടെ ഉത്തരവാദിത്തത്തിലായപ്പോൾ, മനുഷ്യനായ അങ്ങ് എന്നെ ചിലപ്പോൾ മറന്നുപോയേക്കുമെന്ന് ഞാൻ ഭയന്നു.  അതുകൊണ്ട് അടുത്ത വർഷത്തേക്ക് വേണ്ടി ഞാൻ പകുതി കരുതിവെച്ചതാണ്."

ശാഫി മദ്ഹബിലെ ഫുഖഹാക്കൾ മഴക്ക് വേണ്ടിയുള്ള പ്രത്യേക നിസ്കാരത്തിന്റെ (ഇസ്തിസ്ഖാഅ്) ബാബുകളിൽ ഉറുമ്പിന്റെ ഒരു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്:

ഒരിക്കൽ സുലൈമാൻ നബി(അ)യും സൈന്യവും മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ടപ്പോൾ വഴിയിൽ ഒരു ഉറുമ്പ് മലർന്നു കിടന്ന് അതിന്റെ കാലുകൾ ആകാശത്തേക്ക് ഉയർത്തി പ്രാർത്ഥിക്കുന്നത് കണ്ടു: "അല്ലാഹുവേ, ഞങ്ങൾ നിന്റെ സൃഷ്ടികളിൽപ്പെട്ട ചെറിയൊരു സൃഷ്ടിയാണ്. നിന്റെ മഴയില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. ഒന്നുകിൽ ഞങ്ങൾക്ക് മഴ തരേണമേ, അല്ലെങ്കിൽ ഞങ്ങളെ നശിപ്പിക്കരുതേ." ഇത് കണ്ട സുലൈമാൻ നബി(അ) സൈന്യത്തോട് പറഞ്ഞു: "നിങ്ങൾ മടങ്ങിക്കൊള്ളുക, ആ ചെറിയ ഉറുമ്പിന്റെ പ്രാർത്ഥന കാരണം അല്ലാഹു നമുക്ക് മഴ നൽകിയിരിക്കുന്നു."

Read More: സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍ 3: സുലൈമാൻ നബിയുടെ ഹുദ്ഹുദ്

ഇതിന്റെ അടിസ്ഥാനത്തിലാണ് ശാഫി ഫിഖ്ഹ് പ്രകാരം മഴക്കായുള്ള പ്രാർത്ഥനക്ക് പോകുമ്പോൾ പാപങ്ങളില്ലാത്ത മൃഗങ്ങളെയും ജീവികളെയും കൂടെക്കൂട്ടുന്നത് പ്രാർത്ഥനക്ക് വേഗത്തിൽ ഉത്തരം കിട്ടാൻ കാരണമാകുമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.

വിശുദ്ധ ഖുർആനിൽ ഉറുമ്പ് തന്റെ കൂട്ടുകാരോട് പറയുന്നത്, സുലൈമാനും സൈന്യവും നിങ്ങളെ ചവിട്ടി മെതിക്കാതിരിക്കട്ടെ എന്നാണ്. ഇവിടെ പ്രയോഗിച്ച 'ഹത്മ്'  എന്ന പദം, അറബി ഭാഷയിൽ ഗ്ലാസ്സ് പോലെയുള്ള കട്ടിയുള്ള വസ്തുകൾ തല്ലിപ്പൊട്ടിക്കുന്നതിനാണ് ഉപയോഗിക്കുക.

ആധുനിക ശാസ്ത്രം ഉറുമ്പുകളെക്കുറിച്ച് പഠിച്ചപ്പോൾ കണ്ടെത്തിയത്, ഉറുമ്പുകളുടെ ശരീരത്തിന്റെ പുറംഭാഗം നിർമ്മിക്കപ്പെട്ടിരിക്കുന്നത് 'കൈറ്റിൻ' (Chitin) എന്ന ഗ്ലാസ്സിന് സമാനമായ കട്ടിയുള്ള പദാർത്ഥം കൊണ്ടാണെന്നാണ്. അതുകൊണ്ട് അവയുടെ മേൽ കാൽ അമരുമ്പോൾ ശരീരം ചതയുകയല്ല, മറിച്ച് ഗ്ലാസ്സ് പൊട്ടുന്നത് പോലെ പൊട്ടിപ്പോവുകയാണ് ചെയ്യുന്നത്. ഒരു ചെറിയ ഉറുമ്പിന്റെ വാക്കിലൂടെ അല്ലാഹു വെളിപ്പെടുത്തിയ ആ ഭാഷാപരമായ കൃത്യത ഖുർആന്റെ വലിയൊരു ശാസ്ത്രീയ അത്ഭുതം കൂടിയാണ്.

ഇമാം ഗസ്സാലി(റ) തന്റെ ഇഹ്‌യാ ഉലൂമിദ്ദീനിലും, ഇമാം ദമീരി(റ) തന്റെ ഗ്രന്ഥങ്ങളിലും ഉറുമ്പുകളുടെ ഭക്ഷണ സംഭരണത്തെക്കുറിച്ച് അല്ലാഹു നൽകിയ ഒരു വലിയ അത്ഭുതം വിവരിക്കുന്നുണ്ട്. ഉറുമ്പുകൾ തങ്ങൾക്ക് മഞ്ഞുകാലത്ത് കഴിക്കാനായി മണ്ണിനടിയിൽ ഗോതമ്പ്, വരിനെല്ല് തുടങ്ങിയ ധാന്യങ്ങൾ സംഭരിച്ചു വെക്കുമ്പോൾ, അവ ആ ധാന്യമണികളെ "കൃത്യമായി നടുക്കുവെച്ച് കടിച്ചു മുറിച്ച് രണ്ട് കഷണങ്ങളാക്കി" മാത്രമേ സൂക്ഷിക്കുകയുള്ളൂ. മണ്ണിലെ ഈർപ്പവും വെള്ളവും തട്ടുമ്പോൾ ഈ ധാന്യങ്ങൾ മുളച്ചുപോകാതിരിക്കാനാണ് ഉറുമ്പുകൾ ഇങ്ങനെ ചെയ്യുന്നത്. ധാന്യം മുളച്ചാൽ അത് അവയ്ക്ക് ഭക്ഷണമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് അല്ലാഹു അവയെ പഠിപ്പിച്ചിരിക്കുന്നു.

ഇതിനേക്കാൾ വലിയ അത്ഭുതം, ഉറുമ്പുകൾ 'മല്ലി വിത്തുകൾ' (Coriander seeds) സംഭരിക്കുമ്പോൾ അവ അതിനെ രണ്ട് കഷണങ്ങളല്ല, പകരം "നാല് കഷണങ്ങളായി" മുറിക്കുന്നു. കാരണം മല്ലി വിത്ത് പകുതിയാക്കിയാലും മുളയ്ക്കാനുള്ള ശേഷിയുള്ള ഒരേയൊരു വിത്താണ്. അത് നാലാക്കിയാൽ മാത്രമേ മുളയ്ക്കാതിരിക്കൂ എന്ന് ഈ ചെറിയ ഉറുമ്പിന് അറിയാം. ഈ അസാധാരണ ജ്ഞാനം നൽകപ്പെട്ടതിനാലാണ് അത് സ്വർഗ്ഗത്തിൽ ആദരിക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter