സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍ 02: സ്വാലിഹ് നബിയുടെ ഒട്ടകം

അന്ത്യനാളിൽ മണ്ണായിപ്പോകാതെ, ശാശ്വതമായി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന പത്ത് ജീവികളിൽ പെട്ടതാണ് സ്വാലിഹ് നബി (അ) ന്റെ ഒട്ടകം. ഇമാം സ്വാവി(റ) തന്റെ തഫ്സീർ ഹാഷിയത്തു സ്സ്വാവിയിലും ഇമാം ദമീരി(റ) ഹയാതുൽ ഹയവാനുൽ കുബ്റായിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ 7 സ്ഥലങ്ങളിലാണ് ഈ ഒട്ടകത്തെക്കുറിച്ച് അല്ലാഹു പരാമർശിക്കുന്നത്. കേവലമൊരു മൃഗം എന്നതിനപ്പുറം അല്ലാഹു അതിനെ സ്വന്തത്തിലേക്ക് ചേർത്തുകൊണ്ട് "നാഖത്തുല്ലാഹ്" (അല്ലാഹുവിന്റെ ഒട്ടകം) എന്നാണ് വിശേഷിപ്പിച്ചത്.

തിരുനബി(സ്വ) തബൂക്ക് യുദ്ധവേളയിൽ സമൂദ് ഗോത്രക്കാരുടെ പ്രദേശമായ 'ഹിജ്‌ർ' വഴി കടന്നുപോയപ്പോൾ “ആ അത്ഭുത ഒട്ടകം വെള്ളം കുടിച്ചിരുന്ന കിണറ്റിൽ നിന്നുള്ള വെള്ളം മാത്രമേ ഉപയോഗിക്കാവൂ” എന്ന് സ്വഹാബികളോട് കൽപ്പിച്ചതായി സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും വന്നിട്ടുണ്ട്. 

ഇമാം സ്വാവി(റ) വ്യക്തമാക്കുന്നത് പോലെ, ഈ ഒട്ടകം സാധാരണ ഒട്ടകങ്ങളെപ്പോലെ ഒരു ഗർഭപാത്രത്തിൽ നിന്നും ജനിച്ചതല്ല. സമൂദ് ഗോത്രക്കാർ സ്വാലിഹ് നബി(അ)നോട് തങ്ങളുടെ മുന്നിലുള്ള ഒരു വലിയ പാറയിൽ നിന്നും ഒരു ഒട്ടകം പുറത്തുവന്നാൽ ഞങ്ങൾ വിശ്വസിക്കാം എന്ന് വെല്ലുവിളിച്ചു. സ്വാലിഹ് നബി(അ) അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ, ആ പാറ പിളരുകയും അതിൽ നിന്നും പൂർണ്ണവളർച്ചയെത്തിയ, ഗർഭിണിയായ ഒരു കൂറ്റൻ ഒട്ടകം പുറത്തുവരികയും ചെയ്തു. അല്ലാഹുവിന്റെ 'കുൻ' (ഉണ്ടാവുക) എന്ന ഒറ്റ കൽപ്പനയാൽ ഉണ്ടായതുകൊണ്ട് തന്നെ അതിന് വലിയ ആത്മീയ പദവിയുണ്ട്.

ഇമാം ദമീരി(റ) തന്റെ ഗ്രന്ഥത്തിൽ ഈ ഒട്ടകത്തിന്റെ സവിശേഷതകൾ വിവരിക്കുന്നുണ്ട്. “അത് സാധാരണ ഒട്ടകങ്ങളേക്കാൾ എത്രയോ വലിയ ശരീരപ്രകൃതിയുള്ളതായിരുന്നു. വറ്റാത്ത പാലിന്റെ ഉറവയായിരുന്നു അത്. അത് വെള്ളം കുടിക്കുന്ന ദിവസങ്ങളിൽ ആ താഴ്‌വരയിലെ വെള്ളം മുഴുവൻ കുടിക്കുമായിരുന്നു. എന്നാൽ അതിന് പകരമായി ആ നാട്ടിലെ മുഴുവൻ ജനങ്ങൾക്കും കുടിക്കാൻ ആവശ്യമുള്ളത്ര പാൽ അത് ചുരത്തിക്കൊടുക്കുമായിരുന്നു.

അല്ലാഹു അതിന് വേണ്ടി ഒരു ദിവസം വെള്ളം കുടിക്കാൻ നിശ്ചയിച്ചിരുന്നു, ആ ദിവസം മറ്റ് മൃഗങ്ങളെയൊന്നും വെള്ളം കുടിക്കാൻ വിടരുതെന്ന് അല്ലാഹു കൽപ്പിച്ചിരുന്നു. ഇതായിരുന്നു ഖുർആൻ പറഞ്ഞ  (അതിന് ഒരു കുടിവെള്ള ഊഴമുണ്ട്, നിങ്ങൾക്ക് അറിയപ്പെട്ട ഒരു ദിവസത്തെ ഊഴവുമുണ്ട്)”. ഇമാം ആലൂസി(റ) തന്റെ റൂഹുൽ മആനിയിൽ വിശദീകരിക്കുന്നത് പോലെ, സമൂദ് ഗോത്രത്തിലെ അക്രമികൾ ഈ ഒട്ടകത്തെ കശാപ്പ് ചെയ്തപ്പോൾ, അതിന്റെ കുട്ടി (ഫസ്വീൽ) കരഞ്ഞുകൊണ്ട് ആ പഴയ പാറയിലേക്ക് തന്നെ ഓടിമറയുകയാണുണ്ടായത്. പരലോകത്ത് വെച്ച് ഈ ഒട്ടകവും അതിന്റെ കുട്ടിയും ഒരുമിച്ച് ജീവനോടെ വരികയും, സ്വാലിഹ് നബി(അ)ന് വിചാരണ നാളിലും സ്വർഗ്ഗത്തിലും പ്രൗഢിയോടെ സഞ്ചരിക്കാനുള്ള വാഹനമായി അല്ലാഹു ഇതിനെ നിശ്ചയിക്കുകയും ചെയ്യും.

ഇമാം ഇബ്നു കസീർ(റ) തന്റെ തഫ്സീറിലും ചരിത്ര ഗ്രന്ഥങ്ങളിലും വ്യക്തമാക്കുന്നത് പോലെ, സമൂദ് ഗോത്രക്കാർ ഒട്ടകത്തെ പുറത്തെടുക്കാൻ ആവശ്യപ്പെട്ട ആ പാറക്ക് മക്കയിലെ പണ്ഡിതന്മാർ "അൽ-കാതിബ" എന്ന് പേരിട്ടിരുന്നു. അത് കേവലമൊരു സാധാരണ പാറയായിരുന്നില്ല, മറിച്ച് ഒരു ഗർഭിണിയായ സ്ത്രീ പ്രസവവേദനയാൽ ചലിക്കുന്നത് പോലെ ആ പാറ ചലിക്കുകയും, ഒടുവിൽ അത് പിളർന്ന് ഒട്ടകം പുറത്തേക്ക് വരികയും ചെയ്തു എന്നാണ് ചരിത്രം.

Read More: സ്വർഗാവകാശികളായ ജീവികൾ 01. തിരുനബിയുടെ ഖസ്‍വാഅ്

വിശുദ്ധ ഖുർആൻ സൂറത്തുശ്ശംസിൽ (അവരിലെ ഏറ്റവും വലിയ നിർഭാഗ്യവാൻ മുന്നോട്ട് വന്നപ്പോൾ) എന്ന് വിശേഷിപ്പിച്ച ആ ക്രൂരന്റെ പേര് "ഖുദാർ ബിൻ സാലിഫ്" എന്നാണ്. ഇസ്‌ലാമിക ചരിത്രത്തിൽ ഇയാളെ "ആഖിറു നാഖത്തില്ലാഹ്" (അല്ലാഹുവിന്റെ ഒട്ടകത്തെ അറുത്തവൻ) എന്നാണ് വിളിക്കുന്നത്. തിരുനബി(സ്വ) അവനെക്കുറിച്ച് പറഞ്ഞത്, അവൻ ചുവന്ന നിറമുള്ളവനും നീലക്കണ്ണുകളുള്ളവനും വ്യഭിചാരത്തിൽ ജനിച്ചവനും തന്റെ ഗോത്രത്തിൽ വലിയ സ്വാധീനമുള്ള ക്രൂരനുമായിരുന്നു എന്നാണ്. ഒട്ടകത്തെ കൊല്ലാൻ ഇയാൾക്ക് കൂട്ടുനിന്നത് ഒമ്പത് ആളുകളായിരുന്നു (സൂറത്തുന്നംലിൽ അല്ലാഹു പറഞ്ഞ ഒമ്പത് അംഗ സംഘം).

ഒട്ടകം അറുക്കപ്പെട്ടപ്പോൾ അതിന്റെ കുട്ടി ഉച്ചത്തിൽ മൂന്ന് തവണ കരഞ്ഞു എന്ന് തഫ്സീറുകളിൽ വന്നിട്ടുണ്ട്. ഈ മൂന്ന് കരച്ചിലുകൾക്ക് ശേഷമാണ് മൂന്ന് ദിവസത്തിനകം സമൂദ് ഗോത്രത്തിന് മേൽ അല്ലാഹുവിന്റെ ശിക്ഷ (ഭയങ്കരമായ ശബ്ദം) ഇറങ്ങിയത്. ഒന്നാമത്തെ ദിവസം അവരുടെ മുഖം മഞ്ഞനിറമായി, രണ്ടാമത്തെ ദിവസം ചുവപ്പായി, മൂന്നാമത്തെ ദിവസം കറുപ്പായി മാറി, നാലാമത്തെ ദിവസം അവർ ഒന്നടങ്കം നശിക്കുകയും ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് നിർഭാഗ്യവാന്മാരെക്കുറിച്ച് തിരുനബി(സ്വ) അലി(റ) നോട് പറയുന്നുണ്ട്: "സ്വാലിഹ് നബിയുടെ ഒട്ടകത്തെ അറുത്ത ഖുദാർ ബിൻ സാലിഫും, നിന്റെ താടി രക്തത്താൽ നനയ്ക്കുന്നവനുമാണ് (ഇബ്നുമുൽജിം)."

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter