വിശ്വാസിനി, സ്വത്വം, ഹിജാബ്: നവകൊളോണിയലിസത്തെ വായിക്കുമ്പോൾ

വ്യക്തിയുടെ വീക്ഷണങ്ങളെ  സാമൂഹ്യ നന്മയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കുകയും മനുഷ്യ പ്രവർത്തനങ്ങളുടെ ധാർമികത നിശ്ചയികാനുള്ള അവകാശം വിട്ട് കൊടുക്കുകയും, ഇച്ഛയ്ക്ക് ആധ്യാത്മികതയേക്കാൾ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ധാരയാണ് നവ-ആധുനികത. മാനുഷിക മൂല്യത്തെ അംഗീകരിച്ചും സാമൂഹ്യ ഐക്യത്തിനും ധാരണയ്ക്കും പ്രാധാന്യം കൊടുക്കുന്ന മതത്തിന്റെ ധാർമികതയെ വക്രീകരിച്ചും ദ്വന്ദവത്കരിക്കുകയും ചെയ്ത ആധുനിക വ്യവഹാരങ്ങൾ മനുഷ്യന്റെ വസ്ത്രാതിർത്തികളിലേക്ക് വരെ നുഴഞ്ഞുകയറി എന്നതാണ് വസ്തുത.

സാങ്കേതികതയിൽ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിനിടയിലും മതമെന്ന നിലയിൽ ഇസ്‍ലാമും  വിശ്വാസിനി എന്ന നിലയിൽ മുസ്‍ലിം സ്ത്രീയും സർവ്വധാരകളിലും വക്രീകരിക്കപ്പെടുകയാണ്. ഹിജാബ്, നിഖാബ് എന്നീ തലക്കെട്ടുകൾ തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങൾ. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് കൂടിയാണ് യുദ്ധമെന്ന സൂചകവാക്യങ്ങൾ വരെ അധിനിവേശവക്താക്കൾ ചികഞ്ഞെടുത്തു. അന്യന്റെ ജീവിതത്തിലെ നാഗരികഹത്യക്ക് ശ്രമിക്കുന്ന കോളോണിയലിസം മുസ്‍ലിം സ്ത്രീകളെ വരെ സമൂഹത്തിൽ വസ്തുവത്കരിച്ചു. ഇറാനിലെ സ്ത്രീകൾ വിമോചനം ആഗ്രഹിക്കുന്നുവെന്നും അവരുടെ സ്വതന്ത്ര പാതയിലേക്കുള്ള തുടക്കമാണ് ഈ യുദ്ധമെന്നും അമേരിക്ക കൊട്ടിഘോഷിച്ചു.

ചരിത്രത്തിൽ ഇതാദ്യമായല്ല മാധ്യമങ്ങളെ കൂട്ട്പിടിച്ചു സ്ത്രീയെ, പ്രത്യേകിച്ച് മുസ്‌ലിം വിശ്വാസിനികളെ ഫെമിനിസ്റ്റ് വത്കരിക്കുന്നത്. ലോക പോലീസ് എന്ന് സ്വയം മുദ്ര വെച്ച അമേരിക്ക, അഫ്ഗാൻ യുദ്ധത്തിന് വേണ്ടി അനുകൂലമായ പൊതുബബോധം രൂപപ്പെടുത്തിയത് ഇത്തരത്തിലുള്ള മുസ്‍ലിം സ്ത്രീ പരാമർശത്തിലൂടെ തന്നെയായിരുന്നു. അഫ്‌ഗാനിലെ സ്ത്രീകൾ പീഡിതാവസ്ഥയിലാണെന്നും അവരെ രക്ഷിക്കണം എന്നും വരുത്തി തീർത്ത അമേരിക്കൻ പ്രഥമ വനിതാ ലോറ ബുഷ് പിന്നീട് നടത്തി തീർത്തത് തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളായിരുന്നു. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എന്ന് അവര്‍ പറയുന്ന ഹിജാബും തട്ടവും അഴിപ്പിച്ചതോടെ, വിശ്വാസിനികളായിരുന്ന സ്ത്രീകളെ അവരുടെ അഭിമാനവും ആധ്യാത്മികാഭിമാനവും മറികടന്ന് തങ്ങളുടെ കൊളോണിയൽ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു എന്നതായിരുന്നു വസ്തുത. ചരിത്രത്തിന്റെ യാഥാർഥ്യവും ഭീകരതയും പഠിച്ചവർ ഇതിനെ വിശേഷിപ്പിച്ചത് നാഗരിക വ്യവഹാരത്തിന്റെ സംഘട്ടനം എന്നായിരുന്നു. അഫ്ഗാനിൽ എവിടെയാണോ അവസാനിപ്പിച്ചത് അതേ പ്രത്യായശാസ്ത്രത്തിൽ തന്നെയാണ് അമേരിക്കയും ഇസ്രയേലും ഇന്നും ഗമിക്കുന്നത്.

ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും പിടിച്ചു കെട്ടുന്ന രംഗം മുരീദ് ബർഗൂതി ഞാൻ റാമല്ല കണ്ടു എന്ന രചനയിൽ വിശദീകരിക്കുന്നതായി കാണാം. ബലാൽക്കാരമായി സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകെട്ടുന്ന സൈനികർ ഫലസ്തീൻ ഉമ്മമ്മാരോട് ഹാസ്യ രൂപേണ ഒരു കുഞ്ഞിന് നൂറ് അമ്മമാരോ എന്ന്  ചോദിക്കുന്ന പക്ഷം അതെ ഞങ്ങളുടെ കുട്ടികൾക്ക് നൂറമ്മമാർ കാണും അല്ലാതെ നിങ്ങളെ പോലെ നൂറ് അച്ചന്മാരെ കാണില്ല എന്ന്  മറുപടി പറയുന്ന ഫലസ്തീൻ അമ്മമാരെ പറഞ്ഞു ബർഗൂതി പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, അധിനിവേശം നിറങ്ങളും മണങ്ങളും ഒച്ചകളും ഓർമിക്കാൻ കഴിയുന്ന ഒരു സ്ഥലം സ്വന്തമായില്ലാത്ത തലമുറകളെ സൃഷ്ടിച്ചു. ഓർക്കുക എട്ട് മണി വാർത്ത സൃഷ്ടിക്കുന്ന ഒരു വസ്തുവല്ല ഫലസ്തീനി, മറിച്ച് ജീവനുള്ള അസ്തിത്വമാണ്.

കൊളോണിയൽ ചരിത്രത്തിന്റെ ആധികാരികതയിൽ പ്രാധാന്യം ഒട്ടും കുറയാത്ത ഫ്രാൻസും, അന്യന്റെ അസ്തിത്വം കവർന്നെടുക്കാൻ ഉപയോഗിച്ച ധാരയും മുസ്‍ലിം സ്ത്രീകളുടെ  വസ്ത്രങ്ങളായിരുന്നു. പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിൽ അൾജീരിയ അധിനിവേശപ്പെടുത്തിയ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ അന്തർധാരകളും ഇത്തരത്തിൽ മലിനമായിരുന്നു. അന്ന് നൈതികതയുടെയും ധാർമികതയുടെയും ചട്ടക്കൂടിൽ ഫ്രഞ്ച് അധിനിവേശകർ മുസ്‍ലിം വിശ്വാസിനികളെ വേശ്യാവൃത്തി ചെയ്തു എന്നത് വക്രീകരിക്കപ്പെട്ടു ചരിത്രത്തിന്റെ വസ്തുതയാണ്. സ്ത്രീ, കാണപ്പെടേണ്ട രീതിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അധിനിവേശക്കാരെ ഭയപ്പെടുത്തുന്നു എന്ന് ഫ്രഞ്ച് രാഷ്ട്രീയ തത്വചിന്തകൻ ഫ്രാന്റ്സ് ഫാനോൻ പ്രതിപാദിക്കുന്നതായി കാണാം. ഹിജാബിനെയും നിഖാബിനെയും സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് നിരോധിച്ച അവർ അവരെ വേശ്യവൃത്തിക്കും തങ്ങളുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചു എന്ന് സമീപ കാല ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നതായി കാണാം. ശാരീരിക പീഡനങ്ങളും വേശ്യവൃത്തികളും കേവലം ലൈംഗിക അതിക്രമം എന്നതിലുപരി കൊളോണിയൽ ചിന്താധാരയുടെ ആയുധം കൂടിയായിരുന്നു എന്നതാണ് വസ്തുത.

ആധുനികതയുടെ നിയോ-ലിബറൽ ചിന്താഗതികളിൽ വാണിജ്യവത്കരണത്തിനും വസ്തുവത്കരണത്തിനും സ്ത്രീയെ ചിത്രീകരിക്കാൻ മുതലാളിത്വ തത്വങ്ങൾ മറന്നിട്ടില്ല. സമകാലികതയിൽ ഏറെ പ്രചാരത്തിലുള്ള ശ്രദ്ധാ സമ്പദ് വ്യവസ്ഥയിൽ (Attention Economy) മനുഷ്യ കുലത്തിന്റെ മർമ്മ  പ്രധാനമായ ശ്രദ്ധാകേന്ദ്രത്തെ വസ്തുതയെ വക്രീകരിക്കാനും തിരുത്തികുറിക്കാനും ഉപയോഗിക്കുന്നു എന്നുള്ളതാണ് വസ്തുത. നൂറ്റാണ്ടുകൾക്ക് മുമ്പ് വരെ അഭൗതികതയിലും ലോക തത്വങ്ങളിലും വിശ്വസിച്ചിരുന്ന സമുദായം ഇന്ന് അവയിൽ യുക്തിയും അനാവശ്യതയും കൂട്ടിക്കലർത്തി. വ്യക്തി എന്നതിനെ സാമൂഹ്യ ധാർമികതയ്ക്ക് മുകളിൽ കെട്ടിവെച്ചു എന്ന് ചുരുക്കം.

മതവിശ്വാസങ്ങളിൽ അതിപ്രധാനമായ ഇസ്‍ലാമിനെ വാദ-പ്രതിവാദങ്ങളിലൂടെ പ്രതിരോധിക്കുന്നത് എളുപ്പമല്ലെന്ന വസ്തുത മനസ്സിലാക്കിയ വിമർശകർ ധാർമിക  വിശ്വാസി (Good Muslim) അധാർമിക വിശ്വാസി (Bad Muslim) എന്നീ നിലയിലേക്ക് ചുരുക്കി കെട്ടി. തട്ടമഴിച്ചുവെച്ച മുസ്‍ലിം സ്ത്രീയെ ധാർമികതയുടെ പട്ടികയിൽ ഉയർത്തിക്കാണിച്ച് നിരൂപണത്തിന്റെ ആയുധമാക്കാനും, യാഥാർഥ്യത്തിൽ ഊന്നി വിശ്വാസമാനദണ്ഡങ്ങളെലാം പുലർത്തുന്നവരെ അധാർമികതയിൽ നിർത്താനും വിശ്വാസിനികളെ മലിനപ്പെടുത്താനും വിമർശന ധാര മറന്നില്ല. റമദാൻ പോലുള്ള പുണ്യമാസങ്ങളിൽ മുതലാളിത്ത വസ്തുവത്കരണം പ്രകടമായിരുന്നു. വസ്തുവിന്റെ മേന്മ നോക്കാതെ സമൂഹം സ്ത്രീ എന്ന വസ്തുവത്ക്കരണത്തെ (Objectification) അവലംബിച്ചു. കാണേണ്ടത് കാണേണ്ട രീതിയിൽ കാണപ്പെടുന്നതാണ് അധിനിവേശത്തിന്റെ ഭീതിയെങ്കിൽ കാണപ്പെടുന്നിടത്തെല്ലാം കാണിക്കുക എന്ന മനോഭാവം കൂടി ആധുനികതയ്ക്ക് മുകളിൽ നിപതിച്ചിരിക്കുന്നു. സ്വന്തം അഭിമാനമോ, മതമോ, സ്വതമോ പോലും പണയപ്പെടുത്തി അന്യന്റെ ചിലവിൽ ജീവിച്ച അധിനിവേശം ആധുനികതയുടെ മറവിൽ മനുഷ്യന്റെ സ്വത്വവും ശ്രദ്ധയും അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പണയപ്പെടുത്തി എന്ന് വ്യക്തം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter