ദയൂബന്ദിയ്യ: വെളിച്ചംകെട്ട വെള്ളക്കടലാസുകള്‍

തബ്‌ലീഗ് സാഹിത്യങ്ങളെ കുറിച്ച് വേണ്ടത്ര അവഗാഹം നേടാന്‍ കഴിയാത്തത്, അവയില്‍ മിക്കതും ഉറുദുഭാഷയിലായത്‌കൊണ്ടാണ്. സുഗ്രാഹ്യമല്ലാത്ത സൂചനകള്‍ കൂടിയാകുമ്പോള്‍ സങ്കീര്‍ണ്ണത വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തബ്‌ലീഗ് ജമാഅത്തിന്റെ കൃതികള്‍ നമുക്കിടയില്‍ വേണ്ടത്ര ഗൗരവത്തില്‍ വിശകലന വിധേയമാവുന്നുമില്ല. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ തബ്‌ലീഗ് മിഷിഹമാര്‍ വിജയിക്കുന്നുണ്ട്. ഞങ്ങളും നിങ്ങളും ഒന്നുതന്നെയല്ലേ എന്ന ചോദ്യത്തിന് മുമ്പില്‍ സുന്നി സാധാരണക്കാര്‍ വഞ്ചിക്കപ്പെടുകയാണ്.

തബ്‌ലീഗ് സാഹിത്യങ്ങള്‍ സുന്നത്ത് ജമാഅത്തിന് വിരുദ്ധമാണ്. തബ്‌ലീഗ് ജമാഅത്തിനോടുള്ള ഉദാര സമീപനങ്ങള്‍ അവരുടെ ജല്‍പനങ്ങളെ കുറിച്ചുള്ള അന്ധത നിമിത്തമാണ്. അവരുടെ ചില അനുഷ്ഠാന, വിശ്വാസ ഭാഷ്യങ്ങള്‍ നമുക്ക് നോക്കാം. ഇസ്മാഈല്‍ ദഹ്‌ലവിയുടെ നജ്ദിയന്‍ സിദ്ധാന്തങ്ങളും അദ്ദേഹത്തിന്റെ തഖ്‌വിയ്യത്തുല്‍ ഈമാനിലും പരിപൂര്‍ണ്ണമായി വിശ്വസിക്കുന്ന ആളുകളില്‍ പ്രധാനിയാണ് റശീദ് അഹമ്മദ് എന്ന ആള്‍. ഇസ്മാഈല്‍ ദഹ്‌ലവിയെ പറ്റിയുളള ഒരു ചോദ്യത്തിനുത്തരമായി റശീദ് അഹമ്മദ് പറയുന്നു. മൗലവി മുഹമ്മദ് ഇസ്മാഈല്‍, മുത്തഖിയും ബിദ്അത്തുകളെ നശിപ്പിച്ചു സുന്നത്തിനെ നടപ്പില്‍ വരുത്തി ഖുര്‍ആനും ഹദീസും അനുസരിച്ചു അമല്‍ ചെയ്യുന്ന ആളുമാണ്. അദ്ദേഹം അല്ലാഹുവിന്റെ വലിയ്യും ശഹീദുമാണ്. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നുമാണ് ഇതിന്റെ ലക്ഷ്യങ്ങള്‍ കൊടുത്തത്. ആ കിതാബ് പഠിക്കലും അതനുസരിച്ച് അമല്‍ ചെയ്യലും തനി ഇസ് ലാമികമാണ് പുണ്യമാണ്. ആ കിതാബിനെ കുറ്റപ്പെടുത്തുന്നവര്‍ ഫാസിഖും ബിദ്അത്തുക്കാരനുമാണ്. വലിയ വലിയ ആലിമുകളും ഹഖിന്റെ ആളുകളും അതിനെ ഇഷ്ടപ്പെടുന്നു. അതിനെ കുറ്റപ്പെടുത്തുന്ന വഴിപിഴച്ചവരെ പറ്റി ള്വാല്ലും മുള്വില്ലുമാണെന്നു പറയുകയും ചെയ്യുന്നു. (ഫതാവാ റശീദിയ്യ പേ..41) 

ഇതേ ഇസ്മാഈല്‍ ദഹ്‌ലവിയുടെ ശിഷ്യന്‍മാരിലും താവഴിക്കാരിലും പെട്ട പ്രമുഖന്‍മാരില്‍ മുഹമ്മദ് ഖാസിം നാനൂതവി, ഖലില്‍ അഹമ്മദ്, അശ്‌റഫ് അലി എന്നിവരും ഉള്‍പ്പെടുന്നു. അശ്‌റഫ് അലി അദ്ദേഹത്തിന്റെ ബഹിശ്ത്തി സൈവര്‍ എന്ന ഗ്രന്ഥത്തില്‍ ഔലിയാക്കളുടെ പേരില്‍ ഫാതിഹ വിളിക്കല്‍, അവര്‍ക്ക് നേര്‍ച്ചയാക്കല്‍, അവരോട് സഹായം ചോദിക്കല്‍, അവരെ വിളിക്കല്‍, അവരുടെ മഖാമുകളില്‍ ഉറൂസ് കഴിക്കല്‍, വിളക്കു കത്തിക്കല്‍, ജാറം മൂടല്‍, അവരുടെ പേരുകളെ വിര്‍ദ്ദാക്കല്‍, അവരുടെ പേരില്‍ നേര്‍ച്ചയാക്കിക്കെട്ടല്‍ എന്നീ കാര്യങ്ങളെ ശിര്‍ക്കും ബിദ്അത്തും ആക്കിയിരുന്നു. അല്ലാഹു തആലയില്‍ നിന്നു കളവുണ്ടാകല്‍ ജാഇസാണെന്ന പരാമര്‍ശം ഇവര്‍ക്കൊക്കെ ഉളളതുമാണ്. മുഹമ്മദ് ഖാസിം നാനൂതവി അയാളുടെ തഹ്ദീറുന്നാസ് എന്ന ഗ്രന്ഥത്തില്‍, നബി(സ)യുടെ ഖാതിമുന്നബിയ്യീന്‍ എന്ന വിശേഷണത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചത് കാണാവുന്നതാണ്.

ഇങ്ങനെയുളള നജ്ദിയന്‍ ഫിത്‌ന മീര്‍സാഇയ്യത്തിന്റെ ബീജങ്ങളോട് കൂടി വടക്കെ ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന സുന്നത്ത് ജമാഅത്തിന്റെ മഹാ പണ്ഡിതന്‍മാര്‍ അതിനെ നേരിടുകയും ഈ നൂതന വഹാബിയ്യത്തിന്റെ യഥാര്‍ത്ഥ നില പൊതുജനങ്ങള്‍ക്ക് ശരിക്കും ഗ്രഹിക്കാവുന്ന നിലക്കുളള പ്രസംഗങ്ങള്‍ വഴിക്കും പ്രസിദ്ധീകരണങ്ങള്‍ വഴിക്കും അതിനെ നശിപ്പിക്കാന്‍ ഒരുമ്പിട്ടിറങ്ങുകയും ചെയ്യുകയുണ്ടായി. അങ്ങനെ കള്ളി വെളിച്ചത്തായ മേല്‍ പറയപ്പെട്ട ഇസ്മാ ഈല്‍ ദഹ്‌ലവിയും റശീദ് അഹ്‌മദും, അശ്‌റഫലിയും, ഖാസിം നാനൂതവിയും സില്‍ബന്ധികളും പൊതു ജനദൃഷ്ടിയില്‍ നിന്ദ്യന്‍മാരായി ഭവിച്ചു. ഇതില്‍ നിന്നു മോചനം സിദ്ധിക്കാന്‍ ചെയ്തിട്ടുളള ഒരു യുക്തി പ്രയോഗമാണ് അല്‍മുഹന്നദ്. ഖലീല്‍ അഹ്‌മദാണ് അതിന്റ കര്‍ത്താവ്. മേല്‍പറയപ്പെട്ട വഹാബി നേതാക്കളുടെ പ്രധാന ശിഷ്യന്‍മാരിലൊരാളും അവരുടെ നൂതന തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആളുമാണ് ഇദ്ദേഹം. പക്ഷെ അവര്‍ക്കും തനിക്കുമുളള രക്ഷയെ ഓര്‍ത്ത് വഞ്ചനാത്മകമായ ചില കരുനീക്കങ്ങള്‍ അദ്ദേഹം അല്‍മുഹന്നദില്‍ പ്രയോഗിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യങ്ങളോടൊക്കാത്ത ചോദ്യങ്ങളുണ്ടാക്കി വളഞ്ഞു തിരിഞ്ഞ മറുപടികളും എഴുതി, ദയൂബന്തില്‍ നിന്നു പഠിച്ചു. മക്കത്തും മറ്റും പോയി തപസ്സിരിക്കുന്ന ചില മുല്ലാമാരെക്കൊണ്ട് ഒപ്പിടുവിച്ച് തപസ്സിരിക്കുന്ന അവരെ ലോകത്തിലെ ഏറ്റവും വലിയ ഇമാമുകളായി ചിത്രീകരിച്ചു. ഇതൊക്കെയാണ് മുഹന്നദ്കാരന്‍ ചെയ്ത പൊടിക്കൈകള്‍. അദ്ദേഹം അതില്‍ ചെയ്തിട്ടുളള വഞ്ചനകളില്‍ പ്രധാനപ്പെട്ട ചിലതിനെ വെളിയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അല്‍മുഹന്നദ്കാരന്‍ പറഞ്ഞ അദ്ദേഹത്തിന്റെ മശാഇഖുകള്‍ ആരാണെന്ന് വ്യക്തമാകുന്നതാണ്. ഇസ്മാഈല്‍ ദഹ്‌ലവി, റശീദ് അഹ്‌മദ്, ഖാസിം നാനൂതവി, അശ്‌റഫ് അലി എന്നീ വഹാബികളാണ് മുഹന്നദ്കാരന്റെ മശാഇഖുകള്‍ അല്‍മുഹന്നദിന്റെ മുഖവുരയില്‍ തന്നെ ഈ സംഗതി കാണാവുന്നതാണ്. (പേജ്-2,3 നോക്കുക) അല്‍മുഹന്നദ്കാരന്റെ ഈ മശാഇഖുകളുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ നമ്മുക്ക്  മുഹന്നദിനെ പരിശോധിക്കാം.

അല്‍മുഹന്നദില്‍ ആദ്യമായി കാണുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ മശാഇഖുകളും ഇമാം അബുഹനീഫ(റ)യുടെ മുഖല്ലിദുകളാണെന്നാണ്. ഇത് ഏത് അര്‍ത്ഥത്തിലാണ് അദ്ദേഹം പറയുന്നതെന്ന് മനസിലാവുന്നില്ല. ഇന്ന് കാണുന്ന അധിക വഹാബികളും ഇപ്രകാരമുളള വാക്കുകള്‍ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. സ്വഹീഹായ ഹദീസ് കിട്ടിയാല്‍ തന്റെ മദ്ഹബാണെന്ന് ശാഫിഇമാം(റ) പറഞ്ഞിട്ടുണ്ട്. തങ്ങള്‍ സ്വഹീഹായ ഹദീസു കൊണ്ട് അമല്‍ ചെയ്യുന്നവരാണ് അതുകൊണ്ട് ശാഫികളാണ് എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത് എന്ന് അവരുമായി സംസാരിക്കുമ്പോള്‍ അവര്‍ പറയുകയും ചെയ്യാറുണ്ട്. മുഹന്നദ്കാരനും ഇപ്രകാരമുളള വല്ലതും ഉദ്ദേശിച്ചുകൊണ്ടാണോ പറയുന്നതെന്ന് ചിന്തിക്കേണ്ടതാണ്. വഞ്ചനാത്മകമായ ഒരര്‍ത്ഥം അതിന്നുണ്ടെന്നാണ് മനസ്സിലാവുന്നത്. കാരണം മുഹന്നദ്കാരന്റെ മശാഇഖുകളില്‍ ഇമാമായ ഇസ്മയീല്‍ ദഹ്‌ലവിയെപ്പറ്റി റശീദഹമ്മദ് അദ്ദേഹത്തിന്റെ ഫത്‌വയില്‍ ഇപ്രകാരം പറയുന്നു. സഹീഹും മന്‍സൂഖും അല്ലാത്ത ഹദീസ് കിട്ടിയാല്‍ അതുകൊണ്ട് അമല്‍ ചെയ്യുകയും അല്ലാത്ത പക്ഷം അബുഹനീഫയെ ഞാന്‍ തഖ്‌ലീദ് ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം (ഇസ്മായില്‍ ദഹ്‌ലവി) പറയുമായിരുന്നു. (ഫതാവ റശീദിയ്യ പേജ.് 44) തഖ്‌വിയ്യത്തുല്‍ ഈമാന്‍ എന്ന ഗ്രന്ഥത്തിലുളളതുകൊണ്ട് അമല്‍ ചെയ്യലാണ് ശരിയായ ഇസ്‌ലാമെന്ന് പറഞ്ഞ ആളാണ് റശീദഅഹമ്മദ്. ആ ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഇസ്മാ ഈല്‍ദഹ്‌ലവി. അല്‍മുഹന്നദ്കാരന്റെ മശാഇഖുകളില്‍പെട്ട പ്രധാനികളാണ് ഇവര്‍ രണ്ടുപേരും. അപ്പോള്‍ മുഹന്നദ്കാരന്‍ പറയുന്ന തഖ്‌ലീദിന്റെ അര്‍ത്ഥം എന്താണെന്ന് ചിന്തിക്കുക. ഈ ആശയം ഇവരുടെ പുസ്തകങ്ങളില്‍ മറ്റു സ്ഥലങ്ങളിലും കാണാം. മുഹമ്മദുബുനു അബ്ദുല്‍ വഹാബിനെ പറ്റി റശീദ് അഹ്‌മദ് പറയുന്നു.- അദ്ദേഹം ഹമ്പലീമദ്ഹബ്കാരനാണെന്ന് കേട്ടിട്ടുണ്ട്. ഹദീസ് കൊണ്ട് അമല്‍ ചെയ്യുന്ന ആളായിരുന്നു. ബിദ്അത്തിനെയും ശിര്‍ക്കിനെയും എതിര്‍ത്തിരുന്നു. (ഫാതാവറശീദിയ്യ പേജ് 237)

ഇസ്മാഈല്‍ ദഹ്‌ലവിയുടെ തഖ്‌ലീദും അവരുടെ മറ്റു പ്രവര്‍ത്തനങ്ങളും ഏതാണ്ട് ഒരേ രൂപത്തില്‍ തന്നെയുളളതാണ്. റശീദ്അഹമ്മദിന്റെ സ്വന്തം നിലയെ പറ്റി അദ്ദേഹം തന്നെ പറയുന്നതിപ്രകാരമാണ്. സ്വഹാബത്തിന്റെയും മുജ്തഹിദുകളായ ഇമാമുകളുടെയും ഇടയില്‍ അഭിപ്രായ വ്യത്യാസമുളള മസ്അലയില്‍ സ്വന്തം നിലക്കോ മറ്റേതെങ്കിലും ഒരു മുജ്തഹിദിനെ പിന്‍ പറ്റിയോ ഏതഭിപ്രായം മുന്‍തൂക്കമായി തോന്നുന്നുവോ അതുകൊണ്ട് അമല്‍ ചെയ്യും. (ഫതാവാറശീദിയ്യ പേജ് 4) മുഹന്നദ്കാരന്റെ മശാഇഖുകളുടെ തഖ്‌ലീദിന്റെ സ്വഭാവമാണിത്. ഇതിനെ സംബന്ധിച്ചാണ് അദ്ദേഹം തഖ്‌ലീതെന്ന് പറഞ്ഞിട്ടുളളതെന്ന് നാം ഗ്രഹിക്കേണ്ടതാണ്…
മുഹന്നദ്കാരന്റെയും മശാഇഖുകളുടെയും തഖ്‌ലീദ് ഏത് വിധത്തിലുളളതാണെന്ന് മുന്‍ വിവരണത്തില്‍ നിന്ന് വ്യക്തമായല്ലോ.. ഹദീസ് കിട്ടിയാല്‍ അതുകൊണ്ട് അമല്‍ ചെയ്യും, സ്വഹാബത്തിന്റെയും മുജതഹിദുകളായ ഇമാമുകളുടെയും ഇടയില്‍ അഭിപ്രായ വ്യത്യാസമുളള വിഷയത്തില്‍ സ്വന്തം തഹ്കീക്(ഗവേഷണം) കൊണ്ട് സത്യം കണ്ടു പിടിച്ചു അമല്‍ ചെയ്യും (ഫ റ പേ 4) ഇതിനെപ്പറ്റിയാണ് മുഹന്നദ്കാരന്‍ താനും മശാഇഖുകളും മുഖല്ലിദുകളാണെന്ന് പറഞ്ഞത്. ഇത് എത്ര കടുത്ത വഞ്ചനയാണെന്ന് ചിന്തിച്ചു നോക്കുക. സ്വന്തം ഗവേഷണം കൊണ്ട് സത്യം കണ്ടുപിടിക്കലിനെപ്പറ്റി തഖ്‌ലീദ് എന്ന് പറയാമോ?
ഈ റശീദ് അഹമ്മദിന്റെയും മറ്റും യഥാര്‍ത്ഥനിലയെന്താണ്? ബുഖാരിയോ മുസ്‌ലിമോ മറ്റോ ദര്‍സ് നടത്താനുളള കഴിവാണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്കുളളത്. 

മഹാന്‍മാരായ ഹദീസ് വ്യാഖ്യാതാക്കളുടെ ഗ്രന്ഥത്തില്‍ ചിലത് നോക്കി അതിലുളളത് തങ്ങളുടെ സ്വന്തമാണെന്ന നിലക്ക് എഴുന്നളളിക്കുകയും ചെയ്യും. അപ്പോഴേക്കും സര്‍വ്വജ്ഞന്‍മാരായി ചമഞ്ഞു ആയതുന്‍ മിന്‍ ആയതില്ലാഹിയായി സ്വന്തം ഗവേഷണം നടത്തുകയായി. സത്യം പുതുതായി കണ്ടുപിടിക്കാനൊരുങ്ങിപുറപ്പെടുകയായി. ഇതെല്ലാം ജഹ്‌ലിന്റെ ആഴത്തിലേക്ക് ചൂണ്ടുന്ന ചൂണ്ടു പലകകളാണ്. മഹാന്‍മാരായ  ഖുലഫാഉര്‍റാശിദുകളുടെയും താബിഉകളുടെയും കാലത്ത് പൂര്‍ണ്ണമായി നടപ്പില്‍ വരുത്തപ്പെട്ട ഇസ്‌ലാമിക ജീവിത രീതിയും പതിനായിരക്കണക്കായ സംഭവങ്ങളില്‍ അന്നത്തെ ഖാസിമാരും ജഡ്ജിമാരും കല്‍പിച്ച വിധിയും വിധിന്യായങ്ങളും ഇന്നും സുരക്ഷിതമാണ്. അവയാണ് മദ്ഹബുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അവയെല്ലാം പുറംതളളി ഇസ്‌ലാമിനെ പുനര്‍വിചാരണ ചെയ്തു പുതിയ ഗവേഷണം നടത്താനാണ് ഈ ദയുബന്തിവഹാബികള്‍ ഒരുങ്ങിയിട്ടുളളതെന്ന് മനസ്സിലാക്കാം. അങ്ങിനെയാണ് അവര്‍ക്കുവേണ്ടതെങ്കില്‍ അവര്‍ പക്ഷേ അതു മറച്ചുവെച്ചു വഞ്ചിക്കുന്നതെന്തിനാണ്?
2. പിന്നീട് മുഹന്നദ്കാരന്‍ പറയുന്നു അദ്ദേഹത്തിനും അയാളുടെ മശാഇഖുകള്‍ക്കും ഖാദിരി, ചിശ്ത്തി, സുഹ്‌റവര്‍ദ്ദി മുതലായ തരീഖത്തുകള്‍ ഉണ്ടെന്ന്. മുഹന്നദുകാരന്‍ അദ്ദേഹത്തെപ്പറ്റിയും അയാളുടെ മശാഇഖുകളെ പറ്റിയും ത്വരീഖത്തുകാരാണെന്നു പറഞ്ഞത് വഞ്ചനാപരമായ ഒരു അര്‍ത്ഥത്തിലാണെന്ന് മനസ്സിലാക്കാന്‍ ധാരാളം തെളിവുകളുണ്ട്.  ചിശ്തി ത്വരീഖത്തിന്റെ പ്രാധാന്യം തന്നെ അതിലുള്ള സ്‌നേഹബഹുമാനങ്ങളോടെയുള്ള ശൈഖ് സ്മരണയാണ്. അതെകുറിച്ച് അവരുടെ ഇമാമായ റഷീദ് അഹ്‌മദ് പറയുന്നത് നോക്കൂ: അതസ്വറുഫുല്‍ ബാത്വിഹീ(ആത്മീയാന്തര പ്രവര്‍ത്തനം)യുടെ വിശ്വാസം മുരീദില്‍ വന്നാല്‍ അത് ശിര്‍ക്കാവുന്നതാണ്(ഫറ പേ 200).

ഖാദിരിയ്യത്തോ രിഫാഇയ്യത്തോ മറ്റേതെങ്കിലും തരീഖത്തോ ആയിരുന്നാലും അതിലെല്ലാം ഉള്ള കഴമ്പ് തസര്‍റുഫ് ബാതിനി തന്നെയാണ്. തവസ്സുല്‍ ഇസ്തിഗാസ അസ്മാഉല്‍ബദര്‍ മുതലായതിന്റെ വിര്‍ദ് എന്നിവയെ നിഷേധിക്കുന്നവര്‍ക്ക് എന്ത് ത്വരീഖത്താണ്. ഇതിനെല്ലാം പുറമെ മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിനെപറ്റി ചോദിച്ചപ്പോള്‍ റശീദ് അഹമ്മദ് പറയുന്നതിപ്രകാരമാണ്. അദ്ദേഹം നല്ല ആളായിരുന്നു. ഹദീസ്‌കൊണ്ട് അമല്‍ ചെയ്യുകയും ശിര്‍ക്ക്, ബിദ്അത്ത് ഇവകളെ എതിര്‍ക്കുകയും ചെയ്യുന്ന ആളായിരുന്നു. (ഫ റ പേ-237) മുഹന്നദ്കാരന്റെ ത്വരീഖത്തിന്റെ മോഡലാണത്. ദയൂബന്തി വഹാബിയ്യത് എന്ന ത്വരീഖത്താണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്കുള്ളതെന്ന് ഇപ്പോള്‍ നല്ലപോലെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. 

3. മുഹന്നദ്കാരന്‍ മൂന്നാമതായി  വഹാബി എന്ന വാക്കിന്റെ അര്‍ത്ഥം പറയുകയാണ്. ഇമാമുകളെ തഖ്‌ലീദ് വിട്ടവന്‍ എന്നായിരുന്നു വഹാബി എന്ന വാക്കിനു അസ്സല്‍ അര്‍ത്ഥം. പിന്നീട് അതിനെ വിശാലമാക്കി നബിയുടെ സുന്നത്ത് പ്രകാരം അമല്‍ ചെയ്യുകയും ചീത്തയായ ബിദ്അത്തുകളെയും ദുരാചാരത്തേയും ഉപേക്ഷിക്കുന്നവര്‍ക്കായി പറയപ്പെടുകയും ചെയ്തു.  (മുഹന്നദ് -9 നോക്കുക). വഹാബിയുടെ അര്‍ത്ഥം എത്രവിചിത്രമാണ്. ഏത് പ്രദേശത്തുള്ള വഹാബികളും അവരെക്കൊണ്ട് പറഞ്ഞുവരുന്ന അതേ നിര്‍വചനം തന്നെയാണിതും. ഈ ഒരൊറ്റ വാചകം തന്നെ മുഹന്നദ്കാരനും അദ്ദേഹത്തിന്റെ ദയൂബന്തി മശാഇഖുകളും തനിവഹാബികളാണെന്നതിന് മതിയായ തെളിവാണ്. ആത്മാര്‍ത്ഥതയോടെയല്ല മുഹന്നദ്കാരന്‍ സംസാരിക്കുന്നതെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. വഹാബി എന്നാല്‍ ആരാണെന്ന് ഇദ്ദേഹത്തിനും ശൈഖന്‍മാര്‍ക്കും അറിഞ്ഞുകൂടാത്തത് കൊണ്ടല്ല ഇദ്ദേഹം ഇപ്രകാരം തട്ടിമൂളിച്ചതെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇദ്ദേഹത്തിന്റെ ശൈഖ് റശീദ് അഹ്‌മദ് പറയുന്നു: അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍ വളരെ നല്ലതായിരുന്നു. (ഫ.വ.റ പേ 235) എത്ര കടുത്ത വഞ്ചനയാണ് മുഹന്നദ്കാരന്‍ ചെയ്തിട്ടുള്ളതെന്നു ചിന്തിക്കുക. ചുരുക്കത്തില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ശൈഖന്‍മാരും തനി വഹാബികളാണെന്നു പറയുന്നതില്‍ അവര്‍ക്കഭിമാനമേയുള്ളൂ എന്നര്‍ത്ഥം. 

4. ഒന്നും രണ്ടും ചോദ്യങ്ങളുടെ ഉത്തരത്തില്‍ മുഹന്നദ്കാരന്‍ പറയുന്നു ഞങ്ങളുടെയും മശാഇഖുകളുടെയും അടുക്കല്‍ നബി(സ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുക എന്നത് ഏറ്റവും മഹത്തായ ഈബാദത്തില്‍പെട്ടതാണ്. അത് ശദുര്‍രിഹാല്‍(ദൂരെ നിന്ന് വാഹനം കയറി) കൊണ്ടായാലും, ദൂരെ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുന്നവര്‍ സിയാറത്തിനെതന്നെ കരുതേണ്ടതുണ്ട്. വഹാബികള്‍ മദീനത്തെ പള്ളിയെകരുതി യാത്ര ചെയ്യേണ്ടതാണെന്ന് പറയുന്നത് തള്ളപ്പെട്ടതാണ്. നമ്മുടെ ശൈഖുല്‍ മശാഇഖ് മുഫ്തി സദറുദ്ദീന്‍ ദഹ്‌ലവി ഒരു രിസാല ഉണ്ടാക്കിയിട്ടുള്ളത് അതില്‍ വഹാബികളെയും അവരോട് യോജിക്കുന്നവരുടേയും മേല്‍ ഖിയാമം തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.  മുഹന്നദ്കാരന്‍ ഒന്നും രണ്ടും ചോദ്യത്തിന്റെ ഉത്തരങ്ങള്‍ പറഞ്ഞതിന്റെ ചുരുക്കമാണ് മേല്‍ ചേര്‍ത്തിട്ടുള്ളത്. ഇതില്‍ പല വിധത്തിലുള്ള വഞ്ചനയും പ്രയോഗിച്ചിട്ടുണ്ട്. ഒന്നാമതായി അദ്ദേഹം തന്റേയും തന്റെ മശാഇഖുകളുടേയും വിശ്വാസമാണതെന്ന് പറഞ്ഞിട്ടുള്ളത് ശുദ്ധനുണയാണ്. അദ്ദേഹത്തിന്റെയും മറ്റു ദയൂബന്തികളുടെയും ഇമാമായ ഇസ്മായില്‍ ദഹ്‌ലവി തഖ്‌വിയതുല്‍ ഈമാനില്‍ പറയുന്നതിങ്ങനെയാണ്. ഏതെങ്കിലും പ്രവാചകന്റെയോ ശൈഖിന്റെയോ ഖബറിലേക്ക് ദൂരെ നിന്ന് കരുതിക്കൊണ്ട് യാത്ര ചെയ്യുകയോ അവിടെ വിളക്ക് കത്തിക്കുകയോ ജാറം മൂടുകയോ ചെയ്താല്‍ അത് ശിര്‍ക്കാകുന്നതാണ്. അതിന്ന് ഇബാദത്തില്‍ ശിര്‍ക്ക് ചെയ്യുക എന്നാണ് പേര്‍. (തഖ്‌വിയതുല്‍ ഈമാന്‍ പേ 10) നോക്കുക.

റശീദ് അഹമ്മദ് തന്നെ സത്യസമ്പൂര്‍ണമാണെന്നും അതിലുള്ളത്‌കൊണ്ട് അമല്‍ ചെയ്യുന്നതാണ് ശരിയായ ഇസ്‌ലാമെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള തഖ്‌വിയതുല്‍ ഈമാനിലാണ് പ്രവാചകന്‍മാരുടെ ഖബറിലേക്ക് അതിനെ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്ര ശിര്‍ക്കാണെന്ന് പറയുന്നത്. മുഹന്നദ്കാരന്റെയും മറ്റു ദയൂബന്തികളുടെയും ഇമമാണ് ശഹീദെന്ന് അവര്‍ പറയുന്ന ഈ ഇസ്മായില്‍ ദഹ്‌ലവി. അദ്ദേഹത്തെ മുഹന്നദിന്റെ ആമുഖത്തില്‍ തന്നെ ഇമാമാക്കിയിട്ടുണ്ട്. അപ്പോള്‍ മുഹന്നദ്കാരന്റെയും അദ്ദേഹത്തിന്റെ ദയൂബന്തികളുടെയും പുതിയ കര്‍മ്മ പ്രകാരം ശദ്ദുര്‍രിഹാല്‍ എന്ന ദൂരെ നിന്നു ഖബറിനെ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്ര തീര്‍ച്ചയായും ശിര്‍ക്കാവേണ്ടതാണ്. അത് മറച്ചുവെച്ചുകൊണ്ട് വമ്പിച്ച വഞ്ചനയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നു മനസ്സിലാക്കാം. റശീദഹ്‌മ്മദ് അദ്ദേഹത്തിന്റെ ഫതാവയില്‍ ഇതിനെപ്പറ്റി ഇപ്രകാരം പറയുന്നു. ഖബര്‍ സിയാറത്തിനെ കരുതി യാത്ര ചെയ്യുക എന്ന ഈ വിഷയം അഭിപ്രായ വ്യത്യാസമുള്ളതാണ്. രണ്ടു പക്ഷത്തും വലിയ പണ്ഡിതന്‍മാരുണ്ട്. വിധി പറയുക സാധ്യമല്ല. എങ്കിലും ഉറൂസ് സമ്മേളനത്തിന് പോകല്‍ ഹറാമാണ്. (ഫ റ പ 166) മുഹന്നദ്കാരന്റെ മറ്റൊരു വലിയ ശൈഖാണിത്. നമ്മുടെയും നമ്മുടെ മശാഇഖുകളുടെയും അടുക്കല്‍ ഏറ്റവും വലിയ ഇബാബത്താണ് ശദ്ദുര്‍രിഹാല്‍ കൊണ്ടായിരുന്നാലും സായാറത്തിനെ ഉദ്ദേശിച്ചു പോകുന്നത് എന്ന് മുഹന്നദ് പറഞ്ഞിട്ടുള്ളത് എത്ര ഭീമമായ വഞ്ചനയാണ്.
രണ്ടാമതായി വഹാബികള്‍ മദീനത്തെ പള്ളിയെ കരുതി യാത്രചെയ്യേണ്ടതാണെന്ന് പറഞ്ഞത് തള്ളപ്പെടേണ്ടതാണെന്ന് മുഹന്നദ്കാരന്‍ പറഞ്ഞിട്ടുള്ളത് മറ്റൊരു വഞ്ചനയാണ്. ഇവിടെ വഹാബിയായി അപലപിച്ചത് ആരെയാണ്. സുന്നത്ത്  കൊണ്ട് അമല്‍ ചെയ്യുന്നവരാണ് എന്നല്ലെ മുമ്പ് തീരുമാനിച്ചത്.   ഈ തീരുമാനപ്രകാരം ഇസ്മാഈല്‍ ദഹ്‌ലവിയും റശീദും മറ്റും തള്ളപ്പെടേണ്ടവരാവുന്നില്ലേ? താനും തന്റെ മശാഇഖും എന്ന് ആദ്യത്തില്‍ പറഞ്ഞത് എത്രവേഗം മറന്നുപോയി. സുഫഹാഉല്‍ അഹ്‌ലാം (ബുദ്ധിശൂന്യന്‍മാര്‍) എന്ന് നബി (സ-അ) വിശേഷിപ്പിച്ച ആ കൂട്ടത്തില്‍ ഈ മുഹന്നദ്കാരനു സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ മറാറാര്‍ക്കാണ് സ്ഥാനം ലഭിക്കുക.  

മൂന്നാമതായി മുഫ്തീ സദ്‌റുദ്ദീന്‍ ദഹ്‌ലവിയെ മുഹന്നദ്കാരന്‍ ഉദ്ദരിച്ചത് ഭീമമായ ഒരു വഞ്ചനയാണ്. യഥാര്‍ത്ഥത്തില്‍ സദറുദ്ദീന്‍ ദഹ്‌ലവി ഇസ്മാഈല്‍ ദഹ്‌ലവിയുടെ തഖ്‌വിയത്തുല്‍ ഈമാന്‍ എന്ന കൃതിയെ ശക്തിയുക്തം ഖണ്ഡിച്ചുകൊണ്ടാണ് ആ രിസാല എഴുതിയത്. അപ്പോള്‍ മുഫ്തി സദ്‌റുദ്ദീന്‍ മുഹന്നദ്കാരന്റെ മശാഇഖുകളെ എതിര്‍ത്ത ആളാണ്. അപ്പോള്‍ മുഫ്തി സദ്‌റുദ്ദീന്‍ മുഹന്നദ്കാരന്റെ മശാഇഖുകളെ എതിര്‍ത്ത ആളാണ്. അങ്ങിനെയുള്ള അദ്ദേഹത്തെ തന്റെ മശാഇഖുകളുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുള്ളത് എത്ര വലിയ വഞ്ചനയാണ്. ഒന്നാം ചോദ്യത്തിന്റെ ജവാബ് എഴുതിയപ്പോള്‍ തന്നെ മുഹന്നദ്കാരന്‍ എത്ര വഞ്ചനകള്‍ പ്രയോഗിച്ചിട്ടുണ്ടെന്നു ചിന്തിച്ചുനോക്കുക. ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിച്ചാല്‍ ദഹിച്ചുപോകുമെന്നാണ് മൂപ്പരുടെ ധാരണ. 
5 തസവസ്സുലിനെ സംബന്ധിച്ചുണ്ടാക്കിയ മൂന്നും നാലും ചോദ്യങ്ങള്‍ക്കുത്തരമായി മുഹന്നദ്കാരന്‍ പറയുന്നു: ഞങ്ങളുടെയും ഞങ്ങളുടെ മശാഇഖുകളുടെയും അടുക്കല്‍, അമ്പിയാക്കളെകൊണ്ടും സ്വാലിഹുകളെകൊണ്ടും തവസ്സുല്‍ ജാഇസാണ്.  അതായത് അവരുടെ ഹയാത്തിലും മൗതിനുശേഷം അല്ലാഹുമ്മ ഇന്നി അതവസ്സുലു ഇലൈക ബിഫുലാനിന്‍ അന്‍തുജീബ ദഅ്‌വതീ വഖ്‌ളിയഹാജതീ (അല്ലാഹുവേ എന്റെ ഹാജത്തുകളെ നീ വീട്ടിത്തരുവാനും എന്റെ ദുആയെ നീ സ്വീകരിക്കാനും ഞാന്‍ ഇന്ന ആളെകൊണ്ട് നിന്നിലേക്ക് തവസ്സുല്‍ ചെയ്യുന്നു) എന്നിങ്ങനെ പറയുക. ശാഹ്‌മുഹമ്മദ് ഇസ്ഹാഖ് ദഹ്‌ലവിയും മൗലാനാ റശീദഹ് മദ് ഗംഗോഹി അദ്ദേഹത്തിന്റെ ഫതാവയിലും വ്യക്തമാക്കിയപോലെ  (മുഹന്നദ് 12-13) 

മുഹന്നദ്കാരന്‍ പറഞ്ഞ വാചകങ്ങളാണിത്. ഇതില്‍ ശ്രദ്ധിക്കേണ്ട പല സംഗതികളും ഉള്‍ക്കൊള്ളുന്നുണ്ട്. ഒന്നാം ചോദ്യത്തിന്റെ മറുപടിയില്‍ കാണുന്ന തരത്തിലുള്ള വാചകങ്ങളെല്ല ഇതില്‍ പ്രയോഗിച്ചിട്ടുള്ളത്. ദൂരെയാത്ര ചെയ്തതും സിയാറത്തിനു വരുമ്പോള്‍ കരുതേണ്ടതിനെപ്പറ്റി ചോദിച്ചപ്പോള്‍ കരുതേണ്ടത് ഇന്നതാണെന്നു പറഞ്ഞാല്‍ മതിയാവുന്നേടത്ത്  നബി(സ) യുടെ സിയാറത്ത് മഹത്തായ ഒരു ഇബാദത്താണെന്നും മറ്റും അവിടെ വളരെ ശത്കിയായി എഴുതിയിട്ടുണ്ട് എന്ന് തവസ്സുലിനെപറ്റിയുള്ള ഈ ചോദ്യത്തിന്റെ മറുപടിയില്‍ വെറും ജാഇസാണെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. തവസ്സുല്‍ മുഹന്നദ്കാരന്റെ അടുക്കല്‍ ഇബാദത്തിന്റെ ഇനത്തില്‍ ഉള്‍പ്പെടുന്നില്ല എന്നാണല്ലോ ഇതില്‍ നിന്നും മനസ്സിലാകേണ്ടത്. എന്തൊരു ആവേശക്കുറവാണ് ഇവിടെ മുഹന്നദ്കാരനില്‍ കാണാന്‍ കഴിയുന്നത്. 
ഇവിടെ മറ്റൊരുകാര്യം ശ്രദ്ധിക്കാനുള്ളത് തവസ്സുല്ലിന് കൊടുത്ത നിര്‍വ്വചനത്തെപ്പറ്റിയാണ്. “അല്ലാഹുവേ എന്റെ ഹാജത്തുകളെ നീ വീട്ടിത്തരുവാന്‍ ഇന്ന ആളെകൊണ്ട് തവസ്സുല്‍ ചെയ്യുന്നു എന്ന് പറയലാണ് ജാഇസ്സായ തവസ്സുല്‍ എന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയും പറഞ്ഞതുകൊണ്ട് എല്ലാ തവസ്സുലിനെയും ജാഇസാക്കുന്നവരാണ് താനും തന്റെ ശൈഖുമാരുമെന്ന് തെറ്റിദ്ധരിപ്പിച്ച് സഞ്ചരിക്കാനാണ്  അദ്ദേഹം ശ്രമിക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ വാസ്തവം അങ്ങിനെയല്ല. മുസ്‌ലിങ്ങളില്‍ മഹാത്മാക്കളെക്കൊണ്ടുള്ള തവസ്സുല്‍ പലവിധേനയും നടപ്പിലുണ്ട്. 

അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകിട്ടാനുള്ള കാരണങ്ങളാണെന്നു മനസ്സിലാക്കിക്കൊണ്ടു അവരോടു നേരിട്ടുചോദിക്കല്‍. അവരുടെ ഖബറുകളില്‍ നിന്നും അകന്ന ദൂരപ്രദേശങ്ങളില്‍ നിന്നും അവരെ വിളിച്ചുകൊണ്ട് താങ്കള്‍ അല്ലാഹുവിന്റെ പ്രിയപ്പെട്ട ആളാണെന്ന് എനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കല്‍. അവരുട ഖബറുകള്‍ക്ക് സമീപം ചെന്നുകൊണ്ട്  മേല്‍ പ്രകാരം അപേക്ഷിക്കല്‍.
മഹാന്‍മാരായ അവരുടെ മഹത്വം കൊണ്ടും ബര്‍ക്കത്ത് കൊണ്ടും തന്റെ കാര്യം സാധിപ്പിച്ചു തരണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കല്‍, ഇതില്‍ ഓരോന്നിനെപ്പറ്റിയും മുഹന്നദ്കാരന്റെ ശൈഖന്‍മാര്‍ എന്തു പറയുന്നുവെന്ന് നമുക്ക് നോക്കാം.

ഒന്നാമത്തെ വകുപ്പിനെപ്പറ്റി മുഹന്നദ്കാരന്റെ വലിയ ശൈഖായ റശീദ് അഹമ്മദ് പറയുന്നു: ഖബറാളികളോട് എനിക്ക് ഇന്ന കാര്യം ചെയ്ത് തരേണമേ എന്നപേക്ഷിക്കല്‍ സംശയം കൂടാതെ ശിര്‍ക്കാണ്. (ഫ: റ :94)
രണ്ടാമത്തെ വകുപ്പിനെപ്പറ്റി മുഹന്നദ്കാരന്റെ മറ്റൊരു ശൈഖും ദയൂബന്തികളുടെ ഇമാമുമായ ഇസ്മാഈല്‍ ദഹ്‌ലവി പറയുന്നു “ചിലര്‍ ദൂരെ നിന്നു മഹാത്മാക്കളെ വിളിച്ചു ഞങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ദു ആ ചെയ്യേണമേ എന്നപേക്ഷിക്കുന്നു. ഞങ്ങള്‍ അവരോട് ഹാജത്തുകളെ തേടിയിട്ടില്ല. അവരെക്കൊണ്ടു ദുആ ചെയ്യിപ്പിക്കുകയാണ് അതുകൊണ്ട് ശിര്‍ക്കാവുന്നില്ലെന്നവര്‍ മനസ്സിലാക്കുന്നു. ഇത് തെറ്റാണ് ഹാജത്തുകള്‍ ചോദിക്കുന്ന വഴിക്ക് ശിര്‍ക്ക് വന്നിട്ടില്ലെങ്കിലും അവരെ  വിളിക്കുന്ന വഴിക്ക് ശിര്‍ക്ക് വന്നു സ്ഥിരപ്പെട്ടിരിക്കുന്നു.(തഖ്‌വിയത്തുല്‍ ഈമാന്‍ ) റശീദ് അഹമ്മദും ഇപ്രകാരം തന്നെ പറയുന്നു. ദൂരെ നിന്ന് യാറസൂലല്ലാഹ് എന്ന് വിളിക്കുമ്പോള്‍ ഗൈബിയായ അറിവ് കാരണമായി അവര്‍ കേള്‍ക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ടാണെങ്കില്‍ തനി കുഫ്‌രിയത്താണ്.(ഫ:റ:പേജ് 18) ഇനിയും അദ്ദേഹം പറയുന്നു. അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹനബിയ്യു എന്നു പറയുമ്പോള്‍ നബി (സ) സലാം ചൊല്ലുന്നത് കേള്‍ക്കുമെന്ന് വിശ്വാസമുണ്ടെങ്കില്‍ അത് കുഫ്‌രിയ്യത്താണ്. (ഫ:റ: പേജ് 89)
മൂന്നാമത്തെ വകുപ്പിനെപ്പറ്റി റശീദ് അഹമ്മദ് പറയുന്നു: ഖബറിന്റെ അരികെവെച്ചു ഖബറാളിയോട് എനിക്കു വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യണമേ എന്നു പറയണമെങ്കില്‍ മരിച്ചവര്‍ക്ക്  കേള്‍വിയുണ്ടോ ഇല്ലെയോ എന്നതിനെ ആസ്പദിച്ചു നിലകൊള്ളുന്നതാണത്. സ്വഹാബത്തിന്റെ  കാലം മുതല്‍ അഭിപ്രായ വ്യത്യാസമുള്ളതാണത്. അതിനെ ആര്‍ക്കും തീരുമാനിക്കാന്‍ സാധ്യമല്ല. (ഫ:റ:പേ:87-94). തീരുമാനം സാധ്യമല്ലാതെ വരുമ്പോള്‍ ജാ ഇസല്ലേ എന്ന് പറയാവുന്നതല്ലല്ലോ.

ഈ തഖ്‌വിയതുല്‍ ഈമാന്‍ കൊണ്ടു അമല്‍ ചെയ്യലാണ് ശരിയായ ഇസ്‌ലാമെന്നു റശീദും പറയുന്നുണ്ടല്ലോ? അതിന്നും പുറമേ മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് നല്ല ആളും അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം സത്യവുമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ? ഇതില്‍ നിന്നെല്ലാം ഈ വിഷയത്തില്‍ മുഹന്നദ്കാരന്‍ ചെയ്ത വഞ്ചനയും വ്യക്തമാവുന്നതാണ്. 
6. പരിശുദ്ധ റൗളാ ശരീഫിന്റെ അരികെ വെച്ച് ദുആ ചെയ്യുന്നവന് ഖബര്‍ ശരീഫിലേക്ക് തിരിഞ്ഞുനില്‍ക്കാമോ എന്ന ചോദ്യത്തിന്റെ ജവാബ് എഴുതിയതില്‍ മുഹന്നദുകാരന്‍ പറയുന്നു. സിയാറത്തിന്റെ സമയത്ത് നബി(സ)യുടെ മുഖത്തിന് നേരെ തിരിഞ്ഞു നില്ക്കണമെന്നതാണ് ബലപ്പെട്ട ഖൗല്‍. അതാണ് ഞങ്ങള്‍ പിടിക്കുന്നത്. അങ്ങനെയാണ് ഞങ്ങളുടെയും ഞങ്ങളുടെ മശാഇഖുകളുടെയും അമല്‍. ദുഅ:ചെയ്യുന്നതിന്റെയും വിധി ഇതാണ്. നബി(സ)യുടെ ഖബര്‍ സിയാറത്തിന്റെ സമയം അബദോടുകൂടി  നബി(സ)യുടെ മുഖത്തേക്ക് തിരിഞ്ഞു നില്‍ക്കുന്നതാണ് മുഹന്നദുകാരന്റെയും അദ്ദേഹത്തിന്റെ മശാഇഖുകളുടെയും അമല്‍ എന്നാണല്ലോ ഈ പറയുന്നത്. ഇത് തനി വഞ്ചനയാണ്. കാരണം ഇദ്ദേഹത്തിന്റെയും മറ്റുള്ള ദയൂബന്തി വഹാബികളുടെയും പുതിയ ധര്‍മ്മശാസ്ത്രമായ തഖ്‌വിയത്തുല്‍ ഈമാന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അദബോടുകൂടി നില്‍ക്കല്‍, വിളിക്കല്‍, നാമം ജപിക്കല്‍ എന്നിവ അഷ്ടാ സാഹിബ് തന്റെ സ്വന്തം ബഹുമാനത്തിന് നിശ്ചയിച്ചതാണ്. ഇങ്ങനെയുള്ള പെരുമാറ്റം പെരുമാറിയാല്‍ അത് ശിര്‍ക്കാണ്. (തഖ്‌വിയത്തുല്‍ ഈമാന്‍ പേ:44) റശീദ് അഹ്‌മദ് ഗംഗോഹി ശരിയായ ഇസ്‌ലാമിന്റെ വിധികള്‍ പറഞ്ഞ കിതാബാണെന്നാണ് ഈ തഖ്‌വിയത്തുല്‍ ഈമാനിനെപറ്റി പറഞ്ഞിട്ടുള്ളത്. മുഹന്നദ്കാരന്‍ എത്ര ഭീമമായ നുണയാണ് തട്ടിമുളപ്പിച്ചതെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാമല്ലോ. ദുആ ചെയ്യുന്നതിന്റെയും വിധി ഇതാണ് എന്ന് പറഞ്ഞത് മറ്റൊരു വഞ്ചനയാണ്. ഖബറിന്റെ അരികെ അദബോടെ നില്‍ക്കുന്നത് ശിര്‍ക്കാകുമെങ്കില്‍ അങ്ങിനെ നിന്നുകൊണ്ട് ദുആ ചെയ്യുന്നത് എന്താവുമെന്ന് മനസ്സിലാക്കാമല്ലോ. ഖബറിന്റെ അടുക്കല്‍ അദബോടെ നിന്നു കൊണ്ട് ഖബറാളിയോട് വല്ല അപേക്ഷയും ചെയ്താല്‍ അത് ശിര്‍ക്കാണെന്ന് റഷീദ് അഹമദും പറയുന്നുണ്ട്. ഖബറാളിയോട് എനിക്ക് ഇന്ന കാര്യം ചെയ്തു തരണമെന്ന് പറയുന്നത് ഖബറിന്നരികെ വെച്ചായിരുന്നാലും ദൂരെ വെച്ചായിരുന്നാലും ശിര്‍ക്കാണ്. (ഫതാവാ റശീദിയ്യ പേജ്: 112) അപ്പോള്‍ ഡബിള്‍ ശിര്‍ക്കായി. ഇവിടെ മേല്‍ പ്രകാരം നിന്നു കൊണ്ട് ഖബറാളിയോട് തന്റെ കാര്യത്തില്‍ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ പറയുന്നുവെങ്കില്‍ അതിന്നും അര്‍ത്ഥമില്ല. കാരണം ഖബറാളിയുടെ കേള്‍വിയെപറ്റി വിധി പറയല്‍ മുഹാല്‍ (അസാധ്യം) എന്നാണ് റഷീദ് അഹമദ് പറയുന്നത്. (ഫ: റ :പേ :112) പിന്നെ മേല്‍ പ്രകാരം ശിര്‍ക്കായ നിര്‍ത്തം നിന്നു കൊണ്ട് അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുകയാണെങ്കില്‍ അത് എങ്ങിനെ പറ്റും? ശിര്‍ക്കില്‍ നിന്ന് ഒഴിഞ്ഞ് ശഹാദത്ത് കലിമ ചൊല്ലിയിട്ടു വേണമല്ലോ ആ ദുആ ചെയ്യാന്‍. അപ്പോള്‍ മുഹന്നദുകാരന്‍ തന്റെയും തന്റെ മശാഇഖുകളുടെയും അടുക്കല്‍ ദുആയും അങ്ങിനെ പറഞ്ഞത് തനി വഞ്ചനയല്ലാതെ മറ്റെന്താണ്?

7. നബി(സ)യുടെ മേല്‍ പറഞ്ഞ സ്വലാത്തിനെ അധികരിപ്പിക്കുന്നതിനെപ്പറ്റിയുളള ഏഴാമത്തെ ചോദ്യത്തിനുത്തരം പറഞ്ഞു കൊണ്ട് മുഹന്നദ്കാരന്‍ പറയുന്നു. ദലാഇലുല്‍ ഖൈറാത്ത് ചൊല്ലുന്നതു കൊണ്ടോ അല്ലാതെയോ സ്വലാത്തിനെ പെരുപ്പിക്കുന്നത് ഞങ്ങളുടെ അടുക്കല്‍ വളരെ നല്ല അമലാണ്. നമ്മുടെ ശൈഖുനാ അല്ലാമാ ഗംഗോഹിയും മറ്റു മശാഇഖുകളും ദലാഇല്‍ ഓതാറുണ്ടായിരുന്നു. മൗലാനാ ഗംഗോഹി ദലാഇലിന്റെ ഇജാസത്ത് തന്നെ കൊടുക്കാറുണ്ടായിരുന്നു. മുഹന്നദ്കാരന്റെ ഈ വാചകങ്ങളെ പറ്റിയും നാം വളരെയധികം ചിന്തിക്കേണ്ടതുണ്ട്. സ്വലാത്ത് ചൊല്ലുമ്പോള്‍, പ്രത്യേകിച്ച് ഇന്ന് നടപ്പിലുളള ദലാഇലുല്‍ ഖൈറാത്തിലുളള വാചകങ്ങളിലായാല്‍ അതില്‍ നബി (സ) യുടെ പരിശുദ്ധനാമങ്ങളെ ആവര്‍ത്തിച്ചു ചൊല്ലേണ്ടതായി വരുന്നുവെന്നത് തീര്‍ച്ചയാണ്. അല്ലാഹുവിന്റേതല്ലാത്ത മറ്റു യാതൊരു നാമവും ജപിക്കാന്‍ പാടില്ലെന്നും അത് ശിര്‍ക്കാണെന്നും റഷീദ് അഹമദ് ഗംഗോഹി വലിയ്യാണെന്ന് പ്രസ്താവിച്ച ഇസ്മാഈല്‍ ദഹ്‌ലവി തഖ്‌വിയതുല്‍ ഈമാനില്‍ പറഞ്ഞിട്ടുളളത് ഇതിന് മുമ്പ് നാം കണ്ടതാണ്. അപ്പോള്‍ നബി(സ)യുടെ പരിശുദ്ധനാമങ്ങള്‍ ഉള്‍പ്പെടുന്ന ദലാ ഇലുല്‍ ഖൈറാത്ത് എങ്ങിനെയാണ് ഗംഗോഹിയും മറ്റും ചൊല്ലുന്നത്. അതിന് എങ്ങിനെ തുടര്‍ച്ച കൊടുക്കും നബി(സ)യുടെ പരിശുദ്ധനാമങ്ങള്‍ ഉണ്ടായിത്തീരുന്ന തസവ്വുര്‍(ബഹുമാന സ്മരണ)ഇവരുടെ അടുക്കല്‍ പാടുണ്ടോ? ഔലിയാക്കളെ തസവ്വുര്‍ ചെയ്യുമ്പോള്‍ അവര്‍ അറിയുമെന്നും ഹാളിറാകുമെന്നും വിശ്വാസമുണ്ടായാല്‍ ശിര്‍ക്കാണെന്നും അത്‌കൊണ്ട് അപ്രകാരമുളളത് പാടില്ലെന്നു ഈ ഗംഗോഹി പറയുന്നുണ്ട്. (ഫ: റ: പേ:49)ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി, ശൈഅന്‍ലില്ലാഹി എന്നിങ്ങനെയുളള പദങ്ങള്‍ ശിര്‍ക്കിന്നു സമമാണെന്നും അത് ജാഇസല്ലെന്നു ഈ റശീദ് തന്നെയാണ് പറഞ്ഞത്. (ഫ: റശീദായ്യ പേ: 50) ദലാഇലുല്‍ ഖൈറാത്തില്‍ യാ റസൂല്ലാഹ് എന്ന് പറയുന്നത് ജാഇസല്ലായെന്നാണ് ഗംഗോഹി പറഞ്ഞത്. (ഫ റ പേ: 66) റഹ്‌മതുന്‍ലില്‍ ആലമീന്‍ എന്നത് റസൂലിനുളള പ്രത്യേക നാമമല്ലെന്നു പറഞ്ഞതും ഈ ഗംഗോഹി തന്നെയാണ്. (ഫ:റ: പേ :96) ഇങ്ങനെ പലതും ഉദ്ധരിക്കാറുണ്ട്. 

അപ്പോള്‍ മുഹന്നദ്കാരന്‍ പറയുന്ന ദലാഇല്‍ ഏതാണെന്ന് മനസ്സിലാകുന്നില്ല. മുഹന്നദ്കാരനെ പോലുളളവര്‍ ഉപയോഗിക്കുന്ന ഭാഷാ ശൈലി മറ്റുളളവരെ വഞ്ചിക്കാന്‍ മാത്രം പര്യാപ്തമാകുന്നു. ഒരു പ്രത്യേക ഭാഷയാണെന്ന് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍ മുഹന്നദ്കാരനും മറ്റും ഉപയോഗിക്കുന്ന ദലാഇലുകള്‍ നബി(സ)യുടെ നാമ സ്മരണയും, അഭിസംബോധനവും മറ്റും ഉള്‍പ്പെടാത്ത ഒരു പ്രത്യേക ദലാഇലാവാനേ വഴിയുള്ളൂ. ഇവിടെയും അദ്ദേഹം കടുത്ത വഞ്ചന പ്രയോഗിച്ചിട്ടുണ്ടെന്നു ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്.

ദയൂബന്തികളുടെ മുഹന്നദ്
മുഹന്നദ്കാരന്റെ ദലാഇലുല്‍ ഖൈത്താറിന്റെ പേരില്‍ നടത്തിയിട്ടുളള വഞ്ചനയുടെ മറ്റൊരു ഉദാഹരണവും കൂടി ഇവിടെ കാണിക്കാം. അദ്ദേഹം ഉദ്ദേശിച്ച ദലാഇല്‍ നമ്മുടെ ഇടയില്‍ സാധാരണ നടപ്പിലുളള ദലാഇലല്ല എന്നതിന്നു വ്യക്തമായ തെളിവുകളുണ്ട്. കാരണം നമ്മുടെ ദലാഇലില്‍ പറഞ്ഞ നബി (സ) യുടെ നാമങ്ങളുടെ കൂട്ടത്തില്‍ താഴെ കൊടുക്കുന്ന നാമങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. (1) അഹ്‌യൂദ്-നരകാഗ്നിയില്‍ നിന്നു രക്ഷിക്കുന്നവര്‍. (2) മുഹ്‌യീ-ജീവന്‍ നല്‍കുന്നവര്‍. (3) മുന്‍ജീ-ആപത്ത് മുസ്വീബത്തുകളില്‍ നിന്ന് രക്ഷപ്പെടുത്തുന്നവര്‍ (4) നാസിര്‍-സഹായിക്കുന്നവര്‍ (5) ഗൗസ്-സഹായം എത്തിക്കുന്നവര്‍ (6) അഫുവ്വ്-തെറ്റുകള്‍ മാപ്പു ചെയ്യുന്നവര്‍ (7) വല്ലിയ്യ്-സഹായിക്കുന്നവര്‍ (8) ഗിയാസ്-അപേക്ഷ കേട്ടു സഹായിക്കുന്നവര്‍ (9) മുഖ്താര്‍ അല്ലാഹുവിന്റെ ഖജാനകളില്‍ പ്രവര്‍ത്തനാധികാരം നല്‍കപ്പെട്ടവര്‍ (10) ശഫീഅ ശുപാര്‍ശ ചെയ്യുന്നവര്‍ (11) മുഹൈമിന്‍ -മേല്‍നോട്ടവും സംരക്ഷണവും ചെയ്യുന്നവര്‍ (12) ഖാഇദുല്‍ ഗുര്‍റില്‍ മുഹജ്ജലീന്‍-നെറ്റിത്തടം പ്രകാശിക്കുന്ന മുസ്‌ലിംകളെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നവര്‍ (13) വക്കീല്‍-സംരക്ഷകര്‍ (14) കഫീല്‍-തന്റെ സമുദായത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തവര്‍ (15) കാഫി-ആവശ്യങ്ങളെ നിര്‍വഹിക്കുന്നവര്‍ (16) മുക്തഫി-കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ (17) ശാഫി-ആശ്വാസം നല്‍കുന്നവര്‍ (18) ഫാതിഹ്-അനുഗ്രഹങ്ങളുടെ വാതില്‍ തുറക്കുന്നവര്‍ (19) മിഫ്താഹുല്‍ജന്നത്ത് -സ്വര്‍ഗത്തിന്റെ താക്കോല്‍ (20) മുസഹ്‌മിഹുല്‍ഹസനാത്-സല്‍കര്‍മ്മങ്ങളെ സ്വീകാര്യയോഗ്യമാക്കുന്നവര്‍ (21) മുഖീലുല്‍ ഹസനാത്ത് (22) സ്വാഹിബു ശഫാഅത്ത്-ശുപാര്‍ശകളുടെ ഉടമ (23) ഖത്തീബുല്‍ ഉമ്മ-സമുദായത്തിന്റെ നിവേദകന്‍ (24) കാശിഫുല്‍ കുറബ്-നാശ നഷ്ടങ്ങളെ ദുരീകരിക്കുന്നവന്‍. (25) റാഫിഉര്‍തബ്-പദവി ഉയര്‍ത്തുന്നവര്‍ (26) സ്വാഹിബുല്‍ ഫറജ്-ആപത്തുകള്‍ക്ക് മുക്തി നല്‍കുന്നവന്‍ (27) കാശിഫുല്‍ ഗുമ്മ-വ്യസന ദുഖങ്ങളെ ദുരീകരിക്കുന്നവര്‍ (28) മുലിന്നിഅമ- അനുഗ്രഹങ്ങള്‍ നല്‍കാന്‍ അധികാരപ്പെട്ടവര്‍ (29) മുഅ്തിര്‍റഹ്‌മത്ത് കൃപാകടാക്ഷം ചെയ്യുന്നവര്‍ തുടങ്ങിയവയാണ് ആ പരിശുദ്ധ നാമങ്ങള്‍. ഇവിടെ ഉദാഹരണത്തിന് മാത്രമേ ഉദ്ധരിച്ചിട്ടുളളൂ. നബി(സ)യുടെ ഇപ്രകാരമുളള നാമങ്ങള്‍ ഉച്ചരിക്കുന്നതും അവയില്‍ വിശ്വസിക്കുന്നതും മുഹന്നദ്കാരനും അദ്ദേഹത്തിന്റെ ദയൂബന്ത് മശായിഖുകള്‍ക്കും പാടുളളതാണോ. പുതിയ നജ്ദീ തത്വങ്ങള്‍ വളരെ നല്ലതാണെന്ന് പറയുന്ന റശീദ് അഹ്‌മദ് ഇവയെ പറ്റി എന്തു പറയും ബുദ്ധിയുളളവര്‍ ആരെങ്കിലുമൊക്കെ ലോകത്ത് ഉണ്ടാവുമെന്നും മുഹന്നദ്കാരന്‍ ധരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മുഹന്നദ്കാരന്റെയും മറ്റു ദയൂബന്തികളുടെയും ഇമാമും വലിയ്യുമായ ഇസ്മായില്‍ ദഹ്‌ലവി പറയുന്നു. ലോകത്തില്‍ കൈകാര്യകര്‍തൃത്വം നടത്തല്‍, വിധികള്‍ നടത്തല്‍, മരിപ്പിക്കല്‍, ആഹാരാദികളെ വിശാലമാക്കല്‍, അവയില്‍ ബുദ്ധിമുട്ടുകള്‍ വരുത്തല്‍, ആരോഗ്യം, രോഗം എന്നിവയുണ്ടാവല്‍, ജയപരാജയങ്ങള്‍ നല്‍കല്‍, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കല്‍, ആപത്തുകള്‍ ദുരീകരിക്കല്‍, ആപത്‌സന്ധികളില്‍ സഹായമരുളല്‍, എന്നിവയെല്ലാം അല്ലാഹുവിന്റേതാണ്. അമ്പിയാ, ഔലിയാ, ശുഹദാ, ദേവി, ദേവന്‍ എന്നിവയുടെ സ്ഥിതി അതല്ല. ആരെങ്കിലും അല്ലാഹു ഒഴിച്ചു മറ്റേതെങ്കിലും ഒരാള്‍ക്ക് കൈകാര്യാധികാരം സ്ഥിരപ്പെടുത്തുകയോ അവരോട് ആവശ്യങ്ങള്‍ ചോദിക്കുകയോ അങ്ങിനെ അവര്‍ക്ക് നേര്‍ച്ചയാക്കുകയോ ആപല്‍ സമയങ്ങളില്‍ അവരെ വിളിക്കുകയോ ചെയ്താല്‍ അവര്‍ മുശ്‌രിക്കാവുന്നതാണ്. അതിന്ന് കൈകാര്യധികാരത്തിലുളള ശിര്‍ക്ക് എന്നാണ് പേര്‍. അല്ലാഹുവിന്റേത് പോലുളള കൈകാര്യാധികാരം സ്ഥിരപ്പെടുത്തുകയാണത്. അല്ലാഹു അവര്‍ക്ക് കൊടുത്ത കഴിവു കൊണ്ടാണ് എന്ന് കരുതിയാലും അവര്‍ സ്വന്തം കഴിവു കൊണ്ട് ചെയ്യുന്നു എന്ന് കരുതിയാലും രണ്ടായിരുന്നാലും ശിര്‍ക്ക് തന്നെയാണ്. (തഖ്‌വിയതുല്‍ ഈമാന്‍ പേ: 10)

മുഹന്നദ്കാരന്റെയും അദ്ദേഹത്തിന്റെ ദയുബന്തികളുടെയും ഇമാമിന്റെ വചനങ്ങളുമാണ് മേലുദ്ധരിച്ചിട്ടുളളത്. ഇത് കൊണ്ട് അമല്‍ ചെയ്‌തെങ്കിലേ ശരിയായ മുസ്‌ലിമാവുകയുളളൂ. എന്നാണ് റശീദ് പറഞ്ഞതും അല്ലാഹു നല്‍കിയിട്ടുളള കഴിവുകൊണ്ട് തന്നെ വല്ല കാര്യവും ചെയ്യല്‍, വല്ല വിധിയും നടത്തല്‍, ബര്‍കത്ത് നല്‍കല്‍, ആവശ്യങ്ങള്‍ നിര്‍വഹിക്കല്‍, അപേക്ഷ കേള്‍ക്കല്‍ എന്നിവയെല്ലാം ശിര്‍ക്കാണെന്നു ഇതില്‍ നിന്ന് വ്യക്തമായല്ലോ അപ്പോള്‍ ദാലുഇലുല്‍ ഖൈറാത്തില്‍ നിന്നു ഉദ്ധരിക്കപ്പെട്ട നബി(സ) യുടെ പരിശുദ്ധനാമങ്ങള്‍ ഉച്ചരിക്കുന്നതും അതില്‍ വിശ്വസിക്കുന്നതും ശിര്‍ക്കാകുന്ന പ്രവര്‍ത്തിയാണെന്നും അവരുടെ ഭാഷ്യപ്രകാരം വ്യക്തമാക്കിയല്ലോ. ദലാഇല്‍ ചൊല്ലിത്തീരുമ്പോഴേക്ക് എത്ര പ്രാവശ്യം കാഫിറാക്കുമെന്ന് ഊഹിക്കാനോ ഉള്ളൂ. ഉദാഹരണത്തിന് മാത്രമേ ഇവിടെ ഉദ്ധരിച്ചിട്ടുളളൂ. നബി (സ)യോടുളള അപേക്ഷകളും അഭിസംബോധനകളും മറ്റും ഉള്‍ക്കൊളളുന്ന വേറെ പലതും അതിലുണ്ട്. ഇങ്ങിനെയുളള ദലാഇല്‍ ചൊല്ലുന്നതും അതിന്നു തുടര്‍ച്ചകൊടുക്കുന്നതും ദയൂബന്തി-വഹാബികള്‍ക്ക് ഒട്ടും ചേര്‍ന്നതല്ല. അത് കൊണ്ട് മുഹന്നദ്കാരന്‍ പറഞ്ഞത് നുണയാണെന്ന് മനസ്സിലാക്കാം. ദലാഇലിന്ന് റശീദ് തുടര്‍ച്ച കൊടുത്തത് കണ്ടേടത്ത് വച്ച് അത് ചുട്ടുകരിക്കാന്‍ വേണ്ടിയുളളതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നജ്ദിയന്‍ തത്വങ്ങള്‍ ശരിക്കും പിന്‍പറ്റിയവനാവാന്‍ വേണ്ടി അങ്ങിനെയാണ് ചെയ്യേണ്ടത്.

നബി(സ)യുടെ മേല്‍ ചേര്‍ത്ത പരിശുദ്ധ നാമങ്ങളില്‍ ശഫീഅ്, സാഹിബുശ്ശഫാഅ (ശുപാര്‍ശകന്‍) എന്ന പരിശുദ്ധനാമത്തെപ്പറ്റി അത് ഞങ്ങളുടെ, അടുക്കല്‍ ശിര്‍ക്കല്ല എന്ന് വല്ല ദുയൂബന്തിയും പറയുന്നുവെങ്കില്‍ അതും വഞ്ചനയാണെന്നു തന്നെ ഗ്രഹിക്കേണ്ടതാണ്. കാരണം ദയൂബന്തികളുടെ ഇമാമായ ഇസ്മാഇല്‍ അദ്ദേഹത്തിന്റെ തഖ്‌വിയതുല്‍ ഈമാനില്‍ പറയുന്നതിപ്രകാരമാണ്. പ്രവാചകരുടെ കാലത്തുളള കാഫിറുകളും ബിംബങ്ങളെ പറ്റി അല്ലാഹുവിനു സമന്‍മാരെന്നു വിശ്വസിച്ചിരുന്നില്ല. അല്ലാഹുവിന്റെ അടിമകളും സൃഷ്ടികളും ആണെന്നു തന്നെയായിരുന്നു വിശ്വസിച്ചിരുന്നത്. പക്ഷെ അവയെ വിളിക്കലും അവര്‍ക്ക് നേര്‍ച്ചയാക്കലും അവരെ ശുപാര്‍ശക്കാരാക്കലും ആയിരുന്നു അവരുടെ ശിര്‍ക്കും കുഫ്‌റിയതും അത് കൊണ്ട് ഏതെങ്കിലും സൃഷ്ടികളോട് ഇപ്രകാരമുളള പെരുമാറ്റം ആരെങ്കിലും ചെയ്താല്‍ അവനും മുശ്‌രിക്കാണ്. അബുജാഹിലും അവനും ശിര്‍ക്കില്‍ സമന്‍മാരാണ്. ഇതില്‍ അമ്പിയാ ഔലിയാ, ജിന്ന്, ശൈത്താന്‍, ദേവീദേവന്‍മാരും തമ്മിലൊന്നും യാതൊരു വ്യത്യാസവുമില്ല.(തഖ്‌വിയതുല്‍ ഈമാന്‍ പേ: 8)

നബി (സ) യെപ്പറ്റി സാഹിബുശ്ശഫാഅത് എന്ന് വിശ്വസിച്ചവന്‍ ദയൂബന്തി തത്വശാസ്ത്ര പ്രകാരം ആരായിത്തീരുമോയെന്ന് ചിന്തിക്കുക മുഹന്നദ്കാരന്റെ തൊലിക്കട്ടി എത്രകേമം മഹാന്‍മാരുടെ കൂടെ ജിന്ന് ശൈത്താന്‍, ദേവീദേവന്‍മാരെ കൂട്ടിചേര്‍ത്തത് എത്ര ഭയങ്കരം.
തഖ്‌ലീദ് ചെയ്യല്‍ ആവശ്യമാണെന്നല്ല, വുജൂബാണ്. എന്തുകൊണ്ടെന്നാല്‍ ഇമാമുകളുടെ തഖ്‌ലീദ് വിട്ട് തന്നിഷ്ടത്തെ പിന്‍പറ്റുന്നത് നിര്‍മ്മിതത്വത്തിലേക്കാണെത്തിക്കുന്നതെന്ന് പല പരിശോധനകളില്‍ നിന്നും മനസ്സിലാവുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങളും ഞങ്ങളുടെ മശാഇഖുകളും ഉസൂലിലും ഫുറൂഇലും ഇമാം-അബുഹനീഫയെ തഖ്‌ലീദ് ചെയ്യുന്നവരായത്. നമ്മുടെ മശാഇമുകള്‍ക്ക് ഈ വിഷയത്തില്‍ ചില ഗ്രന്ഥങ്ങള്‍ക്ക് ഉണ്ട്. (മുഹന്നദ് പേ: 16)
മുഹന്നദ്കാരന്‍ തഖ്‌ലീദിനെ പറ്റി പറഞ്ഞ വാചകങ്ങളാണ് മേലുദ്ധരിച്ചത്. വഞ്ചനാത്മകമായ ഒരു അര്‍ത്ഥത്തിലാണ് അദ്ദേഹം തഖ്‌ലീദ് എന്ന പദം ഉപയോഗിച്ചിട്ടുളളതെന്നു മുമ്പ് ഉണര്‍ത്തിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. അദ്ദേഹത്തിന്റെ വഞ്ചന ഇവിടെ നിന്ന് നല്ല പോലെ വ്യക്തമാവുന്നുണ്ട്. ഇമാമുകളുടെ തഖ്‌ലീദ് വിട്ട് തന്നിഷ്ടത്തെ പിന്‍പറ്റുന്നതിനെയാണ് അദ്ദേഹം ഇവിടെ ആക്ഷേപിക്കുന്നത്. തഖ്‌ലീദ് വിട്ട് തന്നിഷ്ടത്തെ പിന്‍ പറ്റുക എന്നത് കൊണ്ടുളള ഉദ്ദേശ്യം വ്യക്തമാണ്. ഖുര്‍ആനിനെയോ ഹദീസിനെയോ പിന്‍പറ്റി കൊണ്ട് തഖ്‌ലീദ് വിടുന്നതിന് വിരോധമില്ലെന്നാണ് ഇവരുടെ പക്ഷമെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. ഇയാളുടെ പ്രധാന ശൈഖായ റശീദ് പറഞ്ഞിട്ടുളളത് ഇപ്രകാരമാണ്. സ്വഹാബത്തിന്റെയോ മറ്റ് മുജ്തഹിദുകളുടെയോ ഇടയില്‍ അഭിപ്രായ വ്യത്യാസമുളള കാര്യങ്ങളില്‍ സ്വന്തം തഹ്ഖീഖ് (ഗവേഷണം) കൊണ്ട് സത്യം കണ്ടുപിടിച്ച് പ്രവര്‍ത്തിക്കലാണ് എന്റെ വഴി, അതാണ് സത്യത്തിന്റെ ആളുകളുടെ മാര്‍ഗം.(ഫ റ പേ: 4) മുഹന്നദ്കാരന്റെയും റഷീദിന്റെയും വലിയ ഇമാമായ ഇസ്മാഈല്‍ദാഹ്‌ലവി പറയുകയാണ് അല്ലാഹുവിന്റെയും റസൂലിന്റെയും വാചകങ്ങളെ അടിസ്ഥാനമാക്കുവിന്‍. അതിനെ ലക്ഷ്യപ്പെടുത്തുവിന്‍. നിങ്ങളുടെ ബുദ്ധിക്ക് അതില്‍ പ്രവേശനം അനുവദിക്കരുത്. മഹാത്മാക്കളുടെയും മൗലവിമാരുടെയും (ഇമാമുകളുടെ) ഖിസ്സയും വാചകങ്ങളും അതിനോട് യോജിച്ചതാണെങ്കില്‍ സ്വീകരിക്കുക. യോജിക്കാത്തതാണെങ്കില്‍ പിടിക്കരുത്. അതിനോട് യോജിക്കാത്ത നടപടികളെ വിട്ടു കളയുക. അല്ലാഹുവിന്റെയും റസൂലിന്റെയും വാചകങ്ങളെ മനസ്സിലാക്കാന്‍ പ്രയാസമാണെന്നും അതിന് വലിയ പാണ്ഡിത്യം ആവശ്യമാണെന്നും നമുക്ക് അവ ഗ്രഹിക്കാന്‍ കഴിവില്ലെന്നും മറ്റും പൊതുജനങ്ങള്‍ക്കിടയില്‍ പരന്നിട്ടുളള ധാരണ തെറ്റാണ്. എന്തുകൊണ്ടെന്നാല്‍ ഖുര്‍ആനില്‍ വിഷയങ്ങള്‍ വളരെ  വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നും അത് മനസ്സിലാക്കാന്‍ തീരെ ബുദ്ധിമുട്ടില്ലെന്നും അല്ലാസാഹിബ് തന്നെ പറഞ്ഞിട്ടുണ്ട്. പടു ജാഹിലിന്നും പണ്ഡിതനും എല്ലാവര്‍ക്കും അല്ലാഹുവിന്റെയും റസൂലിന്റെയും വാചകങ്ങളെ പറ്റി ഗവേഷണം നടത്തലും മനസ്സിലാക്കലും അതനുസരിച്ച് പ്രവര്‍ത്തിക്കലും ആവശ്യമാണ്. (തഖ്‌വിയതുല്‍ ഈമാന്‍, പേ: 2,3,4)

മുഹന്നദ്കാരന്റെയും മറ്റെല്ലാ ദയൂബന്തി വഹാബികളുടെയും പുതിയ ധര്‍മ്മശാസ്ത്രപുസ്തകമായ തഖ്‌വിയതുല്‍ ഈമാനിലുളള വാക്കുകളാണ് മേലുദ്ധരിച്ചത്. അത്‌കൊണ്ട് അമല്‍ ചെയ്യുന്നവനേ ശരിയായ മുസ്‌ലിമാവുകയുളളുവെന്നാണ് റശീദ് അഹ്‌മദ് പറഞ്ഞിട്ടുളളത്. എന്തെല്ലാം അസംബന്ധങ്ങളാണ് ആ മനുഷ്യന്‍ തട്ടിമൂളിച്ചിട്ടുളളതെന്ന് ചിന്തിച്ചു നോക്കണം. ഏതൊരു പടുജാഹിലിന്നും ഖുര്‍ആനിനെ വ്യാഖ്യാനിക്കാനും അവന്റെ  വ്യാഖ്യാനത്തില്‍ നിന്ന് അവന് തോന്നുന്നതിനെ തളളികളയാനും അധികാരം നല്‍കിയിരിക്കുകയാണ്. അതിന് വേണ്ട ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനു വേണ്ടി അല്ലാഹുവിന്റെ പേരില്‍ കളവും കെട്ടിച്ചവച്ചിരിക്കുന്നു. ഖുര്‍ആന്‍മജീദില്‍ വിഷയങ്ങള്‍ വളരെ വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നും അത് മനസ്സിലാക്കാന്‍ തീരെ ബുദ്ധിമുട്ടില്ലെന്നും അല്ലാഹു സാഹിബ് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് ഏത് ആയത്തിന്റെ അര്‍ത്ഥമാണെന്ന് ഏതെങ്കിലും ഒരു ദയൂബന്തി വഹാബിക്ക് കാണിച്ചു തരാന്‍ കഴിയുമോ? ഏത് സാഹിബിനെയാണ് അല്ലാഹുവാക്കി ചിത്രീകരിച്ചതെന്ന് മനസ്സിലാവുന്നില്ല.  അവയെ അഗാധജ്ഞാനികള്‍ അല്ലാതെ അറിയുന്നതല്ല എന്ന പരിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനവും ഇദ്ദേഹത്തിന്റെ വാക്കുകളും തമ്മില്‍ പൊരുത്തപ്പെടുന്നതെങ്ങനെ? ഇസ്മാഈല്‍ ദഹ്‌ലവിയുടെ തേന്നിവാസങ്ങളെ ഇവിടെ ഖണ്ഡിക്കാന്‍ ഒരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ മേല്‍ ചേര്‍ത്ത വാചകങ്ങളിലുളള വാദങ്ങളും മുഹന്നദ്കാരന്റെ പ്രഖ്യാപനവും തമ്മിലുളള അന്തരം മാത്രമേ ഇവിടെ കാണിക്കാന്‍ ഉദ്ദേശിക്കുന്നുളളൂ. ഇസ്മാഈല്‍ ദഹ്‌ലവിയുടെ മേല്‍ വാചകങ്ങളില്‍ നിന്ന് അദ്ദേഹം ഖുര്‍ആനില്‍ നിന്നും സ്വന്തം നിലക്ക് മസ്അലകള്‍ മനസ്സിലാക്കാന്‍ ഉപദേശിക്കുന്നു. അങ്ങിനെ മനസ്സിലാവുന്നത് കൊണ്ട് പ്രവര്‍ത്തിക്കാനും അവര്‍ക്ക് മനസ്സിലാവുന്നതിനെതിരെ ഇമാമുകളുടെ വാക്കുകളെ വലിച്ചെറിയുവാനും കല്‍പിക്കുകയാണ്. ഏറ്റവും വലിയ ജാഹിലായാല്‍ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അത്രയും എളുപ്പമാണെന്ന് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. താനും തന്റെ മശാഇഖുകളും ഹനഫിഇമാമിന്റെ മുഖല്ലിദുകളാണെന്നു മുഹന്നദ്കാരന്‍ പറഞ്ഞത് വഞ്ചനയും കളവുമാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. ഹനഫീ മദ്ഹബ്കാരനവുകയെന്നാല്‍ ഒരു പൈജാമയും സല്‍വാറും പഞ്ചാബി തലപ്പാവും ധരിക്കലാണെന്നാണോ അര്‍ത്ഥം? 

അങ്ങിനെയാണെങ്കില്‍ ഇവരും ഹനഫികളാണെന്ന് സമ്മതിക്കാവുന്നതാണ്. വഞ്ചനാത്മകമായ പദപ്രയോഗങ്ങള്‍ക്ക് ഇങ്ങിനെയുളള അര്‍ത്ഥങ്ങളുണ്ടാവും.
ഔലിയാക്കളോട് തുടര്‍ച്ച വാങ്ങുന്നതിനെപറ്റിയും മഹാന്‍മാരുടെ ഹൃദയങ്ങളില്‍ നിന്നും അവരുടെ ഖബ്‌റുകളില്‍ നിന്നും ആത്മീയാനുഗ്രഹങ്ങള്‍ സിദ്ധിക്കപ്പെടുന്നതിനെപറ്റിയും ത്വരീഖത്തിന്റെ ആളുകള്‍ക്ക് മഹാന്‍മാരായ ശൈഖന്‍മാരുടെ ആത്മാക്കളില്‍ നിന്നു അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനെപ്പറ്റിയും ഉളളതാണ് മുഹന്നദ്കാരന്റെ പതിനൊന്നാം ചോദ്യം. ഇതിന് അദ്ദേഹം എഴുതിയിട്ടുളള മറുപടിയുടെ ചുരുക്കം ഇതാണ്.
അത്യാവശ്യമായ മസ്അലകള്‍ പഠിക്കുകയും വിശ്വാസങ്ങള്‍ ശരിപ്പെടുത്തുകയും ചെയ്ത ശേഷം മനുഷ്യന് (എല്ലാ വിധേനയും)   പരിപൂര്‍ണ്ണനായ ഒരു ശൈഖിനെ തുടരുന്നത് നല്ലതാണ് അങ്ങിനെയുളള ഒരാളെ കിട്ടുന്നില്ലെങ്കില്‍ അപ്രകാരമുളളവരുടെ മാര്‍ഗത്തിലും കൂട്ടത്തിലും ചേര്‍ന്നാലും മതിയാവുന്നതാണ്. മശാഇഖുകളുടെ ആത്മാക്കളില്‍ നിന്നുളള ഗുണ ലബ്ദിയും, അവരുടെ ഹൃദയങ്ങളിലും ഖബറുകളിലും നിന്നുമുളള അനുഗ്രഹം സിദ്ധിക്കലും അതിന്റെ യോഗ്യന്‍മാര്‍ക്കറിയാവുന്ന വഴിക്ക് പറ്റുമെന്നല്ലാതെ പ്രസിദ്ധമായ കാര്യങ്ങളെക്കൊണ്ടല്ല അത്.

മുഹന്നദില്‍ പറഞ്ഞ വാചകങ്ങളുടെ ചുരുക്കമാണ് മേലുദ്ധരിച്ചത്. അതിലടങ്ങിയിട്ടുളള ഒഴിഞ്ഞുമാറ്റങ്ങളും വഞ്ചനകളും എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാണ്. ഇത് നിലവിലുളള കൈതുടര്‍ച്ചാ സമ്പ്രദായങ്ങളെ പറ്റിയാണ് ചോദ്യം എന്ന് അത് വായിക്കുന്നവര്‍ക്ക് തോന്നുന്നതാണ്. എല്ലാ വിധേനയും പരിപൂര്‍ണ്ണനായ ശൈഖിനെ തുടരുന്നതാണ് നല്ലതാണെന്നാണ് മറുപടി, ആരാണ് ഈ പരിപൂര്‍ണ്ണനായ ആള്‍. ശിര്‍ക്കിനെയും ബിദ്അത്തിനെയും നശിപ്പിക്കുന്ന സ്വാലിഹും മുത്തഖിയും ആയിരുന്നു. സുന്നത്ത് കൊണ്ടും ഖുര്‍ആന്‍ കൊണ്ടും അമല്‍ ചെയ്യുന്ന ആളായിരുന്നു നജിദിലെ മുഹമ്മദ്ബുനു അബ്ദുല്‍ വഹാബ് എന്ന് മുഹന്നദ്കാരന്റെ മശാഇഖുകളില്‍പെട്ട പ്രധാനിയായ റശീദഅഹമ്മദ് പറഞ്ഞിട്ടുണ്ടല്ലോ. തഖ്‌വിയതുല്‍ ഈമാന്‍ സത്യ സമ്പൂര്‍ണ്ണമാണെന്നും അതിന്റെ കര്‍ത്താവ് ഇസ്മായില്‍ ദഹ്‌ലവി വലിയ്യായിരുന്നു എന്നും അദ്ദേഹം തന്നെ പറഞ്ഞതും ആണ്. അപ്പോള്‍ ഈ യുഗത്തില്‍ തുടരേണ്ടത് അവര്‍ രണ്ടാളോടും ആണെന്ന് വരുന്നു. അല്ലെങ്കില്‍ അവരോട്  തുടര്‍ന്ന റശീദിനോടായാലും തരക്കേടില്ല. മുഹന്നദ്കാരനും അദ്ദേഹത്തിന്റെ ദയൂബന്തി മശാഇഖുകളും അവരോടാണ് തുടര്‍ന്നിട്ടുളളതെന്ന് പല ന്യായങ്ങളെ കൊണ്ടും തെളിയുന്നുമുണ്ട്. അപ്രകാരമുളള തുടര്‍ച്ചയോട് കൂടി മാര്‍ഗദര്‍ശനത്തിനും മതപ്രബോധനത്തിനും താനും തന്റെ മശാഇഖുകളും ഒരുങ്ങിപ്പുറപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞതും ഇതിനുളള തെളിവാണ്. തഖ്‌വിയത്തുല്‍ ഈമാന്‍ , ഫതാവാ റശീദിയ്യാ, ഹിഫ്‌ളുല്‍ ഈമാന്‍, തഹ്ദീറുന്നാസ് മുതലായ വഹാബി പ്രസിദ്ധീകരണങ്ങളാണല്ലോ അവരുടെ മാര്‍ഗ ദര്‍ശന പ്രബോധ പ്രയോക്തനങ്ങള്‍. ഇതിനും പുറമേ മുഹന്നദ്കാരന്റെയും മറ്റ് ദയൂബന്തി വഹാബികളുടെയും ഇമാമായ ഇസ്മായില്‍ ദഹ്‌ലവി അദ്ദേഹത്തിന്റെ തദ്കീറുല്‍ ഇഖ്‌വാനില്‍ പറയുന്നതിപ്രകാരമാണ്. നിങ്ങള്‍ ദീനില്‍ പുതിയ സമ്പ്രദായങ്ങളും വിശ്വാസങ്ങളും ത്വരീഖത്തുകളും ഉണ്ടാക്കരുത്. അങ്ങനെ നിങ്ങള്‍ ഭിന്നിക്കരുത്. ചിലര്‍ മുഅ്തസിലി, ചിലര്‍ ഖവാരിജി, ചിലര്‍ റാഫിളി, ചിലര്‍ നാസിബി, ചിലര്‍ ജബ്‌രി, ചിലര്‍ ഖദ്‌രി, ചിലര്‍ മര്‍ജി, ചിലര്‍ ഫക്കീര്‍ വേഷം ധരിക്കുന്ന ആള്‍, അതില്‍ ചിലര്‍ ഖാദിരി, മറ്റു ചിലര്‍ സുഹറവര്‍ദി, മറ്റു ചിലര്‍ നഖ്ശബന്തി, മറ്റു ചിലര്‍ ചിശ്തി ഇങ്ങിനെയെല്ലാം ആയിത്തീരുന്നു. എന്നാല്‍ എല്ലാവരും ഒന്നായി ഖുര്‍ആന്‍- ഹദീസ് പ്രകാരം അമല്‍ ചെയ്യുകയും നബിയുടെ നടപടിചര്യകള്‍ അനുസരിച്ച് മുസ്‌ലിമായിരിക്കുകയും ചെയ്യാനാണ് കല്‍പ്പന. യഹുദിനസ്രാണികളുടെ മാതിരി പല കക്ഷികളായി പിരിയരുത് എന്നുമാണ്. പുതിയ കാര്യങ്ങള്‍ നിര്‍മ്മിച്ചുണ്ടാക്കി കക്ഷികളായി പിരിയരുത്. എന്തുകൊണ്ടെന്നാല്‍ ഖിയാമത്തുനാളില്‍ ചിലര്‍ മുഖം വെളുത്തവരായും മറ്റു ചിലര്‍ മുഖം കറുത്തവരായും ആകുന്നു. മുഖം കറുത്തവരോട് പറയപ്പെടുന്നു നിങ്ങള്‍ ആദ്യം മുസ്‌ലിമാവുകയും ഖുര്‍ആന്‍ സമ്മതിച്ചു നടപ്പാക്കാമെന്ന് കരാര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ദീനില്‍ പുതിയ നടപടികളുണ്ടാക്കി കുഫ്‌രിയത്തായ ബിദ്അത്തുകള്‍ നടപ്പില്‍ വരുത്തി അല്ലാഹുവിന്റെ കിത്താബിനൊത്ത് അമല്‍ ചെയ്യുന്നത് ഉപേക്ഷിച്ചു. പിന്നീട് കുഫ്‌രിയത്തായ ബിദ്അത്തുകളെ നിങ്ങള്‍ ഇഷ്ടപ്പെടുകയും അവയെ ഉപേക്ഷിക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്തു. അങ്ങനെ അവര്‍ക്കെതിരായി ഖുര്‍ആനിലുളളതിനോട് നിങ്ങള്‍ക്ക് വെറുപ്പായി അതിന്റെ ശിക്ഷ ഇന്നനുഭവിക്കും. ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം ആര് പുതിയ ബിദ്അത്തുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നുവോ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഖുര്‍ആനിനെ നിഷേധിക്കുന്നവനും മുഖം കറുത്തവനും ആയിത്തീരുന്നുവെന്ന് (തദ്കീറുല്‍ ഇഖ്‌വാന്‍ പേ 68)

ദയുബന്തി വഹാബികളുടെയും മുഹന്നദ്കാരന്റെയും ഇമാമായ ഇസ്മാഈല്‍ ദഹ്‌ലവിയുടേതാണ് മേലുദ്ധരിച്ച വചനങ്ങള്‍. എത്ര കടുത്ത ഭാഷയിലാണ് ഖാദിരി, ചിശ്തി, സുഹറവര്‍ദി, നഖ്ശബന്തി എന്നീ ത്വരീഖത്തുകളെ ചീത്ത പറഞ്ഞിട്ടുളളതെന്ന് ചിന്തിച്ചു നോക്കുക.
(1)ഈ ത്വരീഖത്തുകളെ ഖവാരിജി, റാഫിളി ജബ്‌രി, ഖദിരി പോലെയുളള പിഴച്ച പാര്‍ട്ടികളെ പോലെയാക്കി (2) യഹൂദി നസാറാക്കളുടെ പാര്‍ട്ടിപോലെയാക്കി. (3) ഖുര്‍ആനിനും ഹദീസിനും എതിരായ പാര്‍ട്ടിയാക്കി (4) ബിദ്അത്തുകാരുടെ പാര്‍ട്ടിയാക്കി (5) കുഫ്‌രിയത്തിന്റെ പാര്‍ട്ടിയാക്കി (7) നരകക്കാരാക്കി (8) ശിക്ഷ അനുഭവിക്കുന്നവരാക്കി (9) ശിക്ഷ ഇന്നനുഭവിക്കുക എന്നും പറയപ്പെടുന്നവരാക്കി (10) ഖുര്‍ആനിനെ നിഷേധിക്കുന്ന കാഫിറുകളാക്കി.
ത്വരീഖത്തിന്റെ മഹത്തായ നാലു വഴികളായ ഖാദിരി, ചിശ്തി, സുഹറവര്‍ദി, നഖ്ശബന്തി എന്നിവയെ ഇത്രയും കഠിനമായ നിലക്ക് ആക്ഷേപിച്ച ഇസ്മാഈല്‍ ദഹ് ലവിയെ വലിയ്യും മുത്തഖിയും ആക്കിയിട്ടുളള റശീദ് അഹമ്മദും മുഹന്നദ്കാരനും മറ്റു ദയൂബന്തി വഹാബികളും അവര്‍ക്കു തുടര്‍ച്ചയുണ്ടെന്ന് പറഞ്ഞാല്‍ തുടര്‍ച്ച ആരോടാണെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാണ്. ത്വരീഖത്തുകളെ ആക്ഷേപിച്ചു കൊണ്ട് ഇസ്മാഈല്‍ ദഹ്‌ലവി എഴുതിയിട്ടുളള മേല്‍ വാചകങ്ങളെ പറ്റി റശീദ് അഹമ്മദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹവും അതിന് ന്യായീകരിക്കുകയാണ് ചെയ്തിട്ടുളളത്. (ഫതാവാ റശീദി. പേ 46,47 നോക്കുക) ഇത്രയും പറഞ്ഞതില്‍ നിന്ന് മുഹന്നദ്കാരന്‍ തനിക്കും മശാഇഖുകള്‍ക്കും ത്വരീഖത്ത് തുടര്‍ച്ചയുണ്ടെന്ന് പറഞ്ഞത് ഇന്ന് നിലവിലുളള ഖാദിരി, ചിശ്തി, നഖ്ശബന്തി, സുഹറവര്‍ദി എന്നിവയെ ഉദ്ദേശിച്ചു കൊണ്ടാണെങ്കില്‍ അത് പച്ചക്കളളവും ഭീമമായ ഒരു വഞ്ചനയുമാണെന്ന് വ്യക്തമാവുന്നതാണ്.
മശാഇഖുകളുടെ ആത്മാക്കളില്‍ നിന്നുളള ഗുണലബ്ദി, അവരുടെ ഹൃദയങ്ങളില്‍ നിന്നുമുളള അനുഗ്രഹം സിദ്ധിക്കല്‍ എന്നിങ്ങനെ ചോദ്യത്തില്‍ ഉന്നയിച്ച മറ്റു വിഷയങ്ങളെ പറ്റി ഒരു ഒഴിഞ്ഞുമാറല്‍ കുതന്ത്രമാണ് മുഹന്നദ്കാരന്‍ പ്രയോഗിച്ചിട്ടുളളതെന്ന് അദ്ദേഹത്തിന്റെ മറുപടി വായിക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. സൂത്രത്തില്‍ അവയെ നിഷേധിക്കാന്‍ വേണ്ടി മാത്രമാണ് ചോദ്യത്തില്‍ ആ പ്രശ്‌നങ്ങള്‍ അദ്ദേഹം ഉന്നയിച്ചതെന്ന് വേണം മനസ്സിലാക്കാന്‍. തസര്‍റൂഫ് ബാതിനി (ആത്മീയന്തര പ്രവര്‍ത്തനം) ശിര്‍ക്കാണെന്ന് റശീദ്അഹമ്മദ് പറഞ്ഞതാണല്ലോ? (ഫ: റ: പേ 200 നോക്കുക) ചോദ്യത്തില്‍ ഉന്നയിച്ച ഈ വിഷയങ്ങളെല്ലാം തന്നെ തസര്‍റുഫ് ബാതിനിയുടെ വകുപ്പുകളില്‍ ഉള്‍പ്പെട്ടതുമാണ്. അത്‌കൊണ്ട് അവയെ നിഷേധിക്കുക തന്നെ വേണമല്ലോ. ഈ മുഹന്നദ്കാരനും അദ്ദേഹത്തിന്റെ ദയൂബന്തി മശാഇഖുകളും തനി വഹാബികളാണെന്നതിന് കൂടുതല്‍ തെളിവാവശ്യമുണ്ടെന്ന് തോന്നുന്നില്ല.

(12) മുഹന്നദ്കാരന്‍ എഴുതിയിട്ടുള്ള പന്ത്രണ്ടാമത്തെ ചോദ്യം ഇപ്രകാരമാണ്. അഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് നജ്ദി മുസ്‌ലിങ്ങളെ മുഴുവനും മുശ്‌രിക്കാക്കുകയും സലഫികളെ ചീത്ത പറയുകയും ചെയ്യുന്ന ആളും മുസ്‌ലിങ്ങളുടെ രക്തം ചിന്തുന്നതിനെയും സ്വത്തുക്കള്‍ പിടിച്ചടക്കുന്നതിനേയും  അപമാനിക്കുന്നതിനേയും ഹലാലാക്കുന്ന ആളുമായിരുന്നു. അതില്‍ നിങ്ങളുടെ അഭിപ്രായമെന്ത്? സലഫികളേയും മുസ്ലീങ്ങളേയും ഖിബ്‌ലയുടെ അഹ്‌ലുകാരെയും നിങ്ങളും കാഫിറാക്കല്‍ ജാഇസാക്കുന്നുണ്ടോ? എന്താണ് നിങ്ങളുടെ നില? ഇതിനുത്തരം പറഞ്ഞുകൊണ്ട് മുഹന്നദ്കാരന്‍ പറയുന്നു അവയെ പറ്റി ഞങ്ങളുടെ വിധി ദുറുല്‍ മുഖ്താറിന്റെ കര്‍ത്താവ് പറഞ്ഞിട്ടുള്ള വിധിയാണ്. അതായത് ഖവാരിജുകളെപറ്റി പറഞ്ഞത് . അതിന്റെ ഹാശിയയില്‍ ശാമി ഇപ്രകാരം പറയുന്നു. ഖവാരിജുകളുടെ നില നമ്മുടെ ഇക്കാലത്ത് നജ്ദില്‍ നിന്ന് പുറപ്പെട്ട അബ്ദുല്‍ വഹാബിന്റെ അനുചരന്‍മാരുടേത് പോലെയാണ്. അവര്‍ ഹമ്പലി മദ്ഹബുകാരാണെന്ന് വാദിച്ചിരുന്നു. പക്ഷേ അവര്‍ മാത്രമേ മുസ്‌ലിങ്ങളായുള്ളു എന്നവര്‍ വിശ്വസിച്ചു. അവരുടെ വിശ്വാസങ്ങളെ എതിര്‍ക്കുന്നവര്‍ മുശ്‌രിക്കെന്നവര്‍ വിശ്വസിച്ചു. അവരുടെ വിശ്വാസങ്ങളെ എതിര്‍ക്കുന്നവര്‍ മുശ്‌രിക്കെന്നവര്‍ തീരുമാനിക്കുകയും അങ്ങനെ അവരേയും അവരുടെ ഉലമാക്കളെയും വധിക്കുന്നത് അവര്‍ ഹലാലാക്കുകയും ചെയ്തു. എന്നാല്‍ അല്ലാഹു അവരുടെ ശക്തി ക്ഷയിപ്പിച്ചു കളഞ്ഞു. (ശാമി പറഞ്ഞതാണിതുവരെ വിവരിച്ചത്) അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ ആരും തന്നെ നമ്മുടെ ഇല്‍മിന്റെ മശാഇഖുകളില്‍ ഉള്‍പ്പെടുന്നില്ല. മുസ്‌ലിങ്ങളുടെ രക്തം,സ്വത്ത്,മാനം എന്നിവയെ ഹലാലാക്കുന്നത് അവകാശം ഉണ്ടായിട്ടോ ഇല്ലാതെയോ എന്ന് നോക്കണം. അവകാശം ഇല്ലാതെയാണെങ്കില്‍ ശറഇല്‍ ജാഇസായ തഅ്‌വീല്‍ കൂടാതെയാണെങ്കില്‍ കുഫ്‌റാണ്. തഅ്‌വീലോടെയായിരുന്നാല്‍ ഫിസ്ഖാണ്. അവകാശം ഉള്ളതോടെയാണെങ്കില്‍ ജാഇസ് എന്നല്ല വാജിബ് തന്നെയാണ്. സലഫീങ്ങളെ കാഫിറാക്കുന്നതില്‍ നിന്ന് ഞങ്ങള്‍ ശുദ്ധന്‍മാരാണ്. ഖിബ്‌ലയുടെ അഹ്‌ലുകാരായ ബിദ്അത്തുകാരെ അവര്‍ ദീനില്‍ നിന്നുള്ള കാര്യത്തെ നിഷേധിക്കാതിരിക്കുമ്പോള്‍ ഞങ്ങള്‍ കാഫിറാക്കുന്നില്ല. ഇതൊക്കെയാണ് ഞങ്ങളുടെയും ഞങ്ങളുടെ മശാഇഖുകളുടെയും നില.

മുഹന്നദ്കാരന്‍ എഴുതിയിട്ടുള്ള ഉത്തരത്തിന്റെ ചുരുക്കമാണ് ഇത്. എത്ര ഭീമമായ നുണയാണ് അദ്ദേഹം ഇവിടെ തട്ടിവിട്ടിട്ടുള്ളതെന്ന് ചിന്തിച്ചുനോക്കുക. ദുറുല്‍ മുഖ്ദാറിലും അല്ലാമ ശാമി അതിന്റെ ഹാശിയയിലും ഖവാരിജുകളാണെന്ന് പറഞ്ഞ തീരുമാനമാണ് മുഹമ്മദ് അബ്ദുല്‍ വഹാബിനെ പറ്റിയും അയാളുടെ 
അനുയായികളെപറ്റിയും മുഹന്നദ്കാരനും മശാഇഖുകള്‍ക്കും ഉള്ളതെന്ന് പറഞ്ഞത് പച്ചക്കള്ളമല്ലാതെ മറ്റെന്താണ്. യാതൊരു സത്യ സന്ധതയും ഇല്ലാതെയാണ് മുഹന്നദ്കാരന്‍ എഴുതുന്നതെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ വല്ല തെളിവും ആവശ്യമുണ്ടോ? 
റശീദ് അഹമ്മദ്  ഗംഗോഹി പറയുന്നത് കാണുക: മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിനെ പറ്റിയാണ് ഈ പറയുന്നത്. അയാളും അനുയായികളും ശരിയായ വിശ്വാസക്കാരാണെന്നും അവര്‍ സജ്ജനങ്ങളുമാണെന്നാണ് ഈ പറയുന്നത്. വിശ്വാസങ്ങള്‍ എല്ലാവരുടെയും യോജിച്ചതാണെന്നു പറയുന്ന വാക്കുകള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. റശീദ് അഹമ്മദ് ഗംഗോഹിയും അനുയായികളും വിശ്വാസത്തില്‍ ഒത്തവരാണെന്നു തുറന്നു പ്രഖ്യാപിക്കുകയാണ് ഇത്. അപ്പോള്‍ അല്ലാമാ ശാമി അവരെപ്പറ്റി പറഞ്ഞ തീരുമാനമാണ് ഞങ്ങള്‍ക്കുള്ളത് എന്ന് മുഹന്നദില്‍ പറഞ്ഞത് പച്ചക്കള്ളവും നുണയുമല്ലാതെ മറ്റെന്താണ്? നുണപറയാന്‍ ഇങ്ങിനെ ധൈര്യപ്പെടുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല. റശീദ് അഹമ്മദ് പിന്നെയും  പറയുന്നു: മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് നല്ല ആളായിരുന്നു. ഹദീസുകൊണ്ട് അമല്‍ ചെയ്യുകയും ശിര്‍ക്ക് ബിദ്അത്തുകളെ വിരോധിക്കുകയും ചെയ്യുന്നവരായിരുന്നു.(ഫ:റ: പേ:237) മുഹന്നദ്കാരന്റെ വഞ്ചനയുടെ സ്വഭാവം ഇപ്പോള്‍ ഒന്നുകൂടി വ്യക്തമായി. 

ഹനഫി, ഹമ്പലി എന്ന വ്യത്യാസമല്ലാതെ വിശ്വാസത്തില്‍ റശീദ്അഹമ്മദും നജ്ദിയും വ്യത്യാസമില്ലെന്ന് റശീദ്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.  അപ്പോള്‍ മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബോ അനുയായികളോ ഞങ്ങളുടെ ഇല്‍മിന്റെ മശാഇഖുകളില്‍ ഇല്ലെന്നു പറഞ്ഞതും വഞ്ചനയാണെന്നു തെളിഞ്ഞു. യഥാര്‍ത്ഥത്തില്‍ റശീദ് അഹമ്മദും മുഹന്നദ്കാരനും മറ്റു ദയൂബന്തിവഹാബികളും എല്ലാം ശരിയായ നജ്ദിയന്‍  സിദ്ധാന്തക്കാരനാണെന്നാണ് സംശയാതീതമായി ഗ്രഹിക്കാന്‍ കഴിയുന്നത്. 
13. സുന്നി മുസ്‌ലിങ്ങളുടെ രക്തം ചിന്തുന്നതിനെ പറ്റിയും സ്വത്തുക്കള്‍ കൊള്ള ചെയ്യുന്നതിനെ പറ്റിയും മറ്റുമാണ് ചോദ്യത്തിന്റെ അവസാന ഭാഗം. അപ്രകാരമെല്ലാം ചെയ്തിട്ടുള്ള മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബും അനുയായികളും ഹദീസു പ്രകാരം അമല്‍ ചെയ്തിരുന്ന സ്വാലിഹീങ്ങളും മുത്തഖീങ്ങളും ആയിരുന്നു എന്ന് വിശ്വസിക്കുന്ന മുഹന്നദ്കാരനും തന്റെ ഗുരുവര്യനായ റശീദും മറ്റുദയൂബന്തി വഹാബികളും അങ്ങനെ ചെയ്യുമെന്ന് തന്നെയാണല്ലോ കരുതേണ്ടത്.   ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞരീതിയും വളരെ ശ്രദ്ധേയമാണ്. ഹഖ് (അവകാശമുണ്ടെങ്കില്‍, ന്യായമുണ്ടെങ്കില്‍ ) അങ്ങനെ ചെയ്യാവുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അവകാശം, ന്യായം എന്നെല്ലാമുള്ള പദങ്ങള്‍ എത്രയും അവ്യക്തവും ഇഷ്ടാനുസരണവും എപ്പോഴും വ്യാഖ്യാനിക്കാവുന്നതാണെന്നും മനസ്സിലാക്കേണ്ടതാണ്. മുഹന്നദ്കാരന്റെയും അദ്ദേഹത്തിന്റെ മശാഇഖുകളുടെയും കൈയില്‍ അധികാരം വന്നുചേരുന്നുവെങ്കില്‍ അതിന്റെ വ്യാഖ്യാനവും പ്രവര്‍ത്തനവും മറ്റുള്ളവര്‍ക്ക്  കാണാമായിരുന്നു. മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ അനുയായികള്‍ക്ക് അധികാരം കൈവന്നപ്പോള്‍ അവര്‍ അതിന്റെ പ്രവര്‍ത്തന രൂപം കാണിച്ചിട്ടുണ്ട്.
റഹ്‌മാന്‍ അര്‍ശിന്‍മേല്‍ ഇസ്തിവാഅ് ചെയ്തു എന്നര്‍ത്ഥം വരുന്ന അല്ലാഹുവിന്റെ വചനങ്ങളെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു. അല്ലാഹുവിന് ഭാഗവും സ്ഥലവും ഉണ്ടാവാന്‍ പാടുണ്ടോ എന്നിങ്ങനെയുള്ള 13ഉം 14ഉം നമ്പറിട്ട ചോദ്യങ്ങള്‍ക്കുത്തരമായി മുഹന്നദ്കാരന്‍ പറയുന്നു:  മേല്‍ പ്രകാരമുള്ള ആയത്തുകളെ പറ്റി ഞങ്ങള്‍ പറയുന്നത് അവയെകൊണ്ട് ഞങ്ങള്‍ വിശ്വസിക്കുന്നു. എങ്ങിനെയാണെന്ന് ചോദിക്കപ്പെടരുത് എന്നാണ് അല്ലാഹു തആല സൃഷ്ടികളുടെ എല്ലാഗുണങ്ങളെ തൊട്ടും പുതുതാവലിന്റെ എല്ലാ അടയാളങ്ങളെ തൊട്ടും പരിശുദ്ധനാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ മുന്‍ഗാമികളുടെ വിശ്വാസം പോലെ ഭാഗം,സ്ഥലം എന്നിവ അല്ലാഹുവിന് സ്ഥിരപ്പെടുത്തല്‍ ജാഇസല്ല. അല്ലാഹു തആല അതിനെ തൊട്ടും മറ്റെല്ലാ പുതുതാകലിന്റെ സ്വിഫത്തുകളെ തൊട്ടും ശുദ്ധനാണെന്നും ഞങ്ങള്‍ പറയുന്നു.   

ഇതാണ് മേല്‍ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരത്തില്‍ മുഹന്നദ്കാരന്‍ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെയും മശാഇഖുകളുടെയും വിശ്വാസമുണ്ടെന്ന നിലക്കാണ് മുഹന്നദ്കാരന്‍ മേല്‍ വചനങ്ങള്‍ എഴുന്നള്ളിച്ചിട്ടുള്ളതെന്ന് നാം ഗ്രഹിക്കേണ്ടതാണ്. എന്നാല്‍ ഇവിടെയും അദ്ദേഹം കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ചിരിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെയും മറ്റെല്ലാ ദയൂബന്തി വഹാബികളുടെയും ഇമാമും വലിയ്യും ശഹീദും മറ്റുമായ ഇസ്മയീല്‍ ദഹ്‌ലവി അദ്ദേഹത്തിന്റെ ഈളാഹുല്‍ഹഖ് എന്ന ഗ്രന്ഥത്തില്‍ പറയുന്നതിപ്രകാരമാണ്. അല്ലാഹുവിനെ പറ്റി കാലം,സ്ഥലം, ഭാഗം എന്നിവയെപ്പറ്റി പരിശുദ്ധനാണെന്ന് വിശ്വസിക്കലും ആകൃതിയോ 
അഭിമുഖീകരിക്കലോ കൂടാതെയാണ് അവനെ കാണല്‍ എന്ന് വിശ്വസിക്കലും ബിദ്അത്തും വഴികേടുമാണ്. (ഈളാഹുല്‍ഹഖ് പേ : 35,36)
മുഹന്നദ്കാരന്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ദയൂബന്തി സിദ്ധാന്തക്കാര്‍ക്ക് എങ്ങിനെ നിരക്കുമെന്ന് മനസ്സിലാവുന്നില്ല. ഏതു പടുജാഹിലിന്നും മനസ്സിലാകുന്ന അര്‍ത്ഥങ്ങളാണ് പരിശുദ്ധ ഖുര്‍ആനിനു നല്‍കേണ്ടതെന്നാണല്ലോ അവരുടേയും മശാഇഖുകളുടെയും വിശ്വാസവും തീരുമാനവും  തന്നെയുമല്ല പ്രസ്തുത ആയതുകളില്‍ പറഞ്ഞത് എങ്ങിനെ എന്നു ചോദിച്ചാല്‍ പറയാന്‍ സാധിച്ചാല്‍ മാത്രം സര്‍വജ്ഞന്‍മാരായി ഞെളിഞ്ഞു നടക്കാന്‍ കഴിയാതെ പോവുകയും ചെയ്യുമല്ലോ. 
(15) സൃഷ്ടികളില്‍ നബി(സ)യേക്കാള്‍ ബഹുമാനമുള്ളവരും ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എന്നാണ് പതിനഞ്ചാമത്തെ ചോദ്യം. അതിനുത്തരമായി അദ്ദേഹം എഴുതുകയാണ്: നബി(സ) എല്ലാ സൃഷ്ടികളേക്കാളും ബഹുമാനമുള്ളവരാണെന്നും അല്ലാഹുവിങ്കല്‍ സ്ഥാനം കൊണ്ടും അടുപ്പം കൊണ്ടും നബിക്ക് സമന്‍മാര്‍ പോകട്ടെ, നബിയോടടുത്തു നില്‍ക്കുന്നവരും കൂടി ഇല്ലെന്നുമാണ് ഞങ്ങളുടെയും മശാഇഖുകളുടെയും വിശ്വാസം ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതുകൊണ്ടദ്ദേഹം ഉദ്ദേശിച്ചതെന്തെന്ന് മനസ്സിലാകുന്നില്ല. നബി(സ)ക്ക് എല്ലാസൃഷ്ടികളേക്കളുമധികം മന്‍സിലത് (സ്ഥാനവലിപ്പം) ഖുര്‍ബ ്(അടുപ്പം, സാമീപ്യം) ഇവയുണ്ടെന്നതിന്റെ അര്‍ത്ഥമെന്ത്? അല്ലാഹു പ്രത്യേകം വല്ല അധികാരവും നല്‍കിയിട്ടുണ്ടെന്നോ വല്ല കഴിവുകളും കൊടുത്തിട്ടുണ്ടെന്നോ ഉള്ളതായിരിക്കാന്‍ നിവൃത്തിയില്ല. കാരണം അതെല്ലാം തനി ശിര്‍ക്കാണെന്നാണ്  തഖ്‌വിയത്തുല്‍ ഈമാന്റെ വാദം. തഖ്‌വിയത്തുല്‍ ഈമാനില്‍ പറയുന്നത് വിശ്വസിച്ചെങ്കിലേ ശരിയായ മുസ്‌ലിമാവുകയുള്ളൂ എന്നാണ് റശീദ് അഹമ്മദിന്റെ വിധി. ശഫാഅത്തിന്റെ അധികാരം നബി(സ)ക്ക് നല്‍കപ്പെട്ടു എന്ന് വിശ്വസിച്ചാല്‍  അത് അബൂജാഹിലിന്റെ ശിര്‍ക്കിന് സമമായി ശിര്‍ക്കാവുമെന്നും മക്ക മുശ്‌രിക്കിന്റെ ശിര്‍ക്ക് ഈ ശരീഅത്തിലുള്ള വിശ്വാസം കാരണമായി ഉണ്ടായതാണെന്ന് ഇസ്മായില്‍ ദഹ്‌ലവി പറഞ്ഞിട്ടുണ്ട്. പിന്നെ ഈ സ്ഥാന വലിപ്പം എന്നതുകൊണ്ട് മണ്ണാങ്കട്ടയാണാവോ ഉദ്ദേശിച്ചത്. അതിനും പുറമേ എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ അടുക്കല്‍ ചെരുപ്പുകുത്തിയേക്കാള്‍ താണവരാണെന്ന് വിശ്വസിക്കാനും ഇസ്മയീല്‍ ദഹ്‌ലവി പറയുന്നുണ്ടന്നും നാം മുമ്പു കണ്ടല്ലോ
മുഹന്നദ്കാരന്‍ പറഞ്ഞിട്ടുള്ളത് വഞ്ചനയാണെന്ന് മനസ്സിലാക്കാന്‍ ഇനിയും തെളിവുകള്‍ ഉദ്ധരിക്കാനുണ്ട്. അദ്ദേഹത്തിന്റെ മശാഇഖുകളില്‍പെട്ട വലിയ ഇമാമായ ഇസ്മയീല്‍ ദഹ്‌ലവി അദ്ദേഹത്തിന്റെ തഖ്‌വ്‌യത്തുല്‍ ഈമാനില്‍ പറയുന്നു അല്ലാഹു തആല വല്ല കല്‍പ്പനയും പുറപ്പെടുവിക്കുമ്പോള്‍ അവര്‍ (അമ്പിയാക്കളും, മലക്കുകളും) ഭയപ്പെട്ടു ബോധമറ്റവരാകുന്നു അല്ലാഹുവിനോട് മടക്കി ചോദിക്കാനാവുന്നില്ല. പരസ്പരം അന്വേഷിച്ച് നിര്‍ണ്ണയപ്പെടുത്തുകയാണ്. (തഖ്‌വിയത്തുല്‍ ഈമാന്‍ പേ:27) മലക്കുകളുടെയും അമ്പിയാക്കളുടെയും നിലയാണ് ഈ പറഞ്ഞത്. എന്നാല്‍ ഇസ്മയീല്‍ ദഹ്‌ലവി തന്നെ അദ്ദേഹത്തിന്റെ ശൈഖും ഗുരുവുമായ സയ്യിദ് അഹമ്മദ് എന്ന ആളെ പറ്റി സിറാത്തുല്‍ മുസ്തഖീം എന്ന ബുക്കില്‍ പറയുകയാണ് ഒരു ദിവസം അല്ലാഹു തആല അവന്റെ ഖുദറത്തിന്റെ കൈകൊണ്ട് ഗുരുവിന്റെ വലത്തെ കൈ പിടിച്ചു പരിശുദ്ധ ലോകത്തിലെ ചില പ്രധാനപ്പെട്ട സാധനങ്ങളെ ഗുരുവിന്റെ മുമ്പാകെ വച്ചു. നിനക്കിപ്പോള്‍ ഇവയെ തന്നിരിക്കുന്നു ഇനിയും ചിലത് തരും എന്നു പറയുകയുണ്ടായി (സിറാത്തുല്‍ മുസ്തഖീം) ഹാ! എന്തൊരാശ്ചര്യം!!! അല്ലാഹുവിന്റെ അടുക്കല്‍ എല്ലാ മലക്കുകളും അമ്പിയാക്കളും പേടിച്ചു വിറച്ചുകൊള്ളുകയാണ്. പക്ഷേ ഇസ്മയീല്‍ ദഹ്‌ലവിയുടെ മഠയനായ ശൈഖ് സയ്യിദ് അഹമ്മദ് അല്ലാഹുവിനോട് കൈകോര്‍ത്തു പിടിച്ചു സല്ലാപത്തിലാണ്. ആരാണ് ഇപ്പോള്‍ ബഹുമാനപ്പെട്ടവര്‍? നബി(സ)യോ, അല്ല മുഹന്നദ്കാരന്റെ ശൈഖിന്റെ ശൈഖായ....? ഇന്നലില്ലാഹി..!!
(17) എന്നാല്‍ ഇത്രയൊന്നും ദൂരെ പോകേണ്ടതില്ല. ഈ മുഹന്നദ്കാരന്‍തന്നെ അദ്ദേഹത്തിന്റെ ബറാഹീന്‍ ഖാതിഅ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നമുക്ക് പരിശോധിക്കാം അദ്ദേഹം പറയുന്നു നബി(സ) യെ ഒരു സ്വാലിഹായ മനുഷ്യന്‍ സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഉര്‍ദുവില്‍ സംസാരിക്കുന്നതായിട്ടാണ് കണ്ടത്. തങ്ങള്‍ക്ക് ഈ ഉര്‍ദു ഭാഷ എങ്ങിനെ മനസ്സിലായി?  താങ്കള്‍ അറബി ഭാഷക്കാരനാണല്ലോ? എന്ന് അദ്ദേഹം ചോദിച്ചു. നബി അതിന് ഇപ്രകാരം പറഞ്ഞു: ഞാന്‍ എന്നു മുതല്‍ ദയൂബന്തി മദ്രസയിലെ ഉലമാക്കളുമായി ഇടപെട്ടുവോ അന്നു മുതല്‍ എനിക്ക് ഈ ഭാഷ കിട്ടി. സുബ്ഹാനല്ലാ ഇതില്‍ നിന്നും ആ മദ്രസയുടെ നില എന്താണെന്നു മനസ്സിലായി. (ബറാബിന്‍ഖാതിഅ:)

മുഹന്നദ്കാരന്‍ എഴുതിത്തള്ളിയ വാചകങ്ങളാണ് ഇവയെന്നോര്‍ക്കുക! എത്ര കടുത്ത തോന്നിവാസങ്ങളാണിവയെന്ന് ചിന്തിച്ചു നോക്കുക! ദയൂബന്ത് മദ്രസയിലെ മൗലവിമാരില്‍ നിന്നാണ് നബി(സ)  ഉര്‍ദു പഠിച്ചതെന്നാണ് ഈ പറയുന്നത്. അതായത് ദയൂബന്തി മദ്രസയിലെ ദര്‍സിന് നബി(സ)  ഹാജരാവാറുണ്ടായിരുന്നു സാരം. ദയൂബന്ത് മദ്രസയുടെ മഹത്വത്തെ പറ്റി ആശ്ചരപ്പെട്ടുകൊണ്ട് സുബ്ഹാനല്ലാ എന്ന് പറഞ്ഞ് കണ്ടില്ലേ. അപ്പോള്‍ നബി(സ)അവിടെ ഹാജരായിരിക്കണ്ടതാണല്ലോ? കുതിരവട്ടത്തേക്കെളുപ്പത്തില്‍ കൊണ്ടുപോകുകയാണ് ഈ രോഗത്തിന്നുള്ള ചികിത്സ. ഏതായാലും ഈ പറഞ്ഞതില്‍ നിന്ന് നബി(സ) യുടെ ഉസ്താദന്‍മാരാണ് തന്റെ മശാഇഖുകള്‍ എന്നാണ് മുഹന്നദ്കാരന്‍ വരുത്തി തീര്‍ക്കുന്നതെന്ന് വ്യക്തമാണ്. അപ്പോള്‍ ആരാണ് വലിയ ആള്‍? ആര്‍ക്കാണ് ബഹുമാനം? മരണപ്പെട്ടവര്‍ക്ക് കേള്‍വിയുണ്ടോ എന്ന കാര്യം  തീര്‍ത്തു പറയാന്‍ വയ്യെന്നും അതില്‍ വിധിപറയല്‍ മുഹാലാണെന്നും മറ്റും റശീദ് അഹമ്മദ് പറഞ്ഞിരുന്നത് എന്തായിപ്പോയി എന്നു മനസ്സിലാവുന്നില്ല. ദയൂബന്ത് മൊല്ലമാര്‍ റസൂലിനോട് ഉര്‍ദുവില്‍ സംസാരിച്ചാല്‍ അത് കേള്‍ക്കും. മറ്റൊന്നും കേള്‍ക്കുന്നതല്ല എന്നാണോ ആവോ? നബി(സ) മൗലിദിന്റെ മജ്‌ലിസില്‍ ഹാളിറാണെന്നു വിശ്വസിച്ചാല്‍ ശിര്‍ക്കാകുമെന്ന് പറയുന്നുണ്ടല്ലോ. ദയൂബന്ത് മദ്‌റസ ഒഴിച്ച് മറ്റെവിടെയും ഹാജരാവാന്‍ റസൂലിന് പാടില്ല എന്നായിരിക്കാം അതിന്റെ സാരം. എത്ര ലജ്ജാവഹമാണ് തബ്‌ലീഗ് സാഹിത്യങ്ങളുടെ അന്തസത്ത എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?

അവലംബം: അമൂല്യരത്‌നങ്ങള്‍-ശംസുല്‍ ഉലമ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter