വിസമ്മതം; അപഭ്രംശങ്ങള്‍ക്കെതിരെ
ഇസ്‌ലാം ദീനിനെ അതിന്റെ ശുദ്ധതയോടെയും കലര്‍പ്പില്ലാതെയും നീണ്ട എണ്‍പത്തിയഞ്ചു വര്‍ഷം കേരള സമൂഹത്തില്‍ കൊണ്ടു നടന്നു എന്നതാണ് സമസ്ത നിര്‍വ്വഹിച്ചുപോന്ന സമാനതകളില്ലാത്ത ത്യാഗം. ഇപ്പറഞ്ഞത് ലവലേശം അതിശയോക്തിപരമല്ലെന്ന് കേരളമുസ്‌ലിംകളുടെ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചരിത്രം വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഇന്ന് കേരളമുസ്‌ലിം സമാജത്തിലെ ഓരോ അണുവും- ഏതു വിഭാഗത്തില്‍ പെട്ടവനാണെങ്കിലും - ഒരു വിധത്തിലെല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സമസ്തയുടെ തണല്‍ കൊണ്ടവരോ അതിനോട് കടപ്പെട്ടവരോ ആയിരിക്കും.
ഭൗതികവും ഐഛികവുമായ പ്രേരണകളാല്‍ ഒരു സമൂഹത്തിന് ജീവിത പ്രയാണത്തില്‍ വന്നുപെടാവുന്ന എല്ലാതരം ജീര്‍ണതകളെയും കാലേകൂട്ടി കാണുകയും അതിനെ പ്രതിരോധിക്കാന്‍ വേണ്ട സംവിധാനങ്ങളൊരുക്കുകയും ചെയ്ത നിര്‍വൃതിയുടെ ചരിത്രമാണ് സമസ്തക്ക് പറയാനുള്ളത്. സാമൂഹികാടിസ്ഥാനത്തില്‍ വളരെ വ്യവസ്ഥാപിതമായി നിര്‍വ്വഹിച്ചുപോന്ന ഈ ദൗത്യനിര്‍വ്വഹണം മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
1934-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയുടെ ഭരണഘടന അതിന്റെ കാര്യമായ പ്രവര്‍ത്തന ഊന്നലുകളെക്കുറിച്ച് വ്യക്തികത നല്‍കുന്നുണ്ട്. സമസ്തയുടെ പ്രധാന ഉദ്ധേശ്യലക്ഷ്യങ്ങള്‍ പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം വായിക്കാം.
'എ) പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നിവല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ബി) അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരങ്ങളെയും നിയമാനുസൃതം തടയുകയും അത്തരം അബദ്ധങ്ങളെ കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധമുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക.
സി) മുസ്‌ലിം സമുദായത്തിന് മതപരവും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങള്‍ സംരക്ഷിക്കുക.
ഡി) മതവിദ്യാഭ്യാസവും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക.
ഇ) മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മദ്ധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം ഇത്യാദികളെ നശിപ്പിച്ചു സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പ്രവര്‍ത്തിക്കുക.
വിശ്വാസം, രാഷ്ട്രീയം (അവകാശാധികാര സംരക്ഷണം), വിദ്യാഭ്യാസം, സാമൂഹികത എന്നീ പ്രധാന നാല് തലങ്ങളിലാണ് ഭരണഘടനാ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഊന്നിനില്‍ക്കുന്നത്. അഥവാ സാമൂഹിക ജീവിതത്തിന്റെ എല്ലാ അരികുകളെയും സസൂക്ഷ്മം നിരീക്ഷിക്കുകയും അവയിലെല്ലാം നേതൃത്വപരമായമിഷന്‍ ഏറ്റെടുക്കുകയും ചെയ്യുക, അതോടൊപ്പം, അത്തരം രംഗങ്ങളിലുണ്ടാവുന്ന അപക്വതകളെയും അനാചാരങ്ങലെയും പ്രതിരോധിക്കുകയും സമൂഹത്തിന് അപ്പപ്പോള്‍ വേണ്ട രീതിയില്‍ മാര്‍ഗനിര്‍ദ്ധേശം നല്‍കുകയും ചെയ്യുക. നന്മയുടെ പാതയില്‍ നിര്‍മ്മാണാത്മകവും തിന്മയുടെ വഴിയില്‍ സംഹാരാത്മകവുമായ സമീപനം സ്വീകരിച്ചുപോന്നു സമസ്ത. ആത്മീയപരവും ആദര്‍ശപരവുമായ പ്രതിരോധങ്ങള്‍
സമസ്തയുടെ ഭരണഘടനയില്‍ പറയുന്ന സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളില്‍ കാര്യമായ ഊന്നല്‍ നല്‍കുന്നത് സമൂഹത്തിന്റെ ആത്മീയമായ പരിശീലനത്തിനും അനുശീലത്തിനുമാണ്. ഭരണഘടനലക്ഷ്യങ്ങളില്‍ എ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ സ്ഥാപനവും ബി അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിനു വേണ്ടിയുള്ള പ്രതിരോധവുമാണ്. വളരെ പ്രധാനമായ ഈ രണ്ടു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 1926-ല്‍ സമസ്ത ഔദ്യോഗികമായി സ്ഥാപിക്കപ്പെടുന്നതും പ്രവര്‍ത്തനമാരംഭിക്കുന്നതും.
1. വഹാബി ചിന്തകള്‍ക്കെതിരെ
മലബാര്‍ കലാപത്തിന്റെ കെടുതി പൂര്‍ണ്ണമായ ശേഷസാഹചര്യം മുതലെടുത്ത്, അപഭ്രംശനങ്ങളില്ലാതെ ശാന്തമായി നീങ്ങിയിരുന്ന കേരള മുസ്‌ലിം ജീവിതത്തെ താറുമാറാക്കാനാണ് ഇരുപതുകളില്‍ ചിലര്‍ രംഗത്തു വന്നത്. സത്യത്തില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു ഈ പുത്തനാശയക്കാര്‍. കൊടുങ്ങല്ലൂരില്‍ ഒരുക്കൂടിയ ഇ.കെ. മൗലവിയും എം.സി.സി. അബ്ദുറഹ്‌മാന്‍ മൗലവിയും കെ.എം. മൗലവിയും കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ തന്നെ ബിദ്അത്തിന്റെ ആദ്യവെടി പൊട്ടിച്ചു. 1922-ല്‍ അവര്‍ 'നിഷ്പക്ഷ സംഘം' എന്ന ഒരു സംഘടനയുണ്ടാക്കി. കലഹം പതിവായിരുന്ന കൊടുങ്ങല്ലൂരിലെ മുസ്‌ലിം കുടുംബങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് പറഞ്ഞുതീര്‍ക്കുക എന്ന ആട്ടിന്‍തോലണിഞ്ഞായിരുന്നു ഈ ചെന്നായയുടെ വേഷം കെട്ടല്‍. പക്ഷേ അവിടുത്തെ ഗോത്രകലഹത്തിനു അറുതി വരുത്താന്‍ നിഷ്പക്ഷ സംഘത്തിനായതുമില്ല (കേരള മുസ്‌ലിം നവോഥാന ചരിത്രം 120). പിന്നീട് ഈ സംഘം ഐക്യസംഘം എന്നു പേരു സ്വീകരിച്ചു.
1923-ല്‍ എറിയാട്ടുവെച്ചു തന്നെ ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷികം പുത്തനാശയക്കാരുടെ ആചാര്യനായ വക്കം മൗലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നതോടെ വഹാബി ചിന്തകേരളത്തില്‍ മറനീക്കി പുറത്തുചാടി. പിന്നീട് മലബാറില്‍ കണ്ണുംനട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് വച്ച് നടത്താന്‍ തീരുമാനിച്ചതിലൂടെ തെക്കന്‍ കേരളത്തില്‍ മുനിഞ്ഞു കത്തിയ ബിദ്അത്തിന്റെ തീപൊരി മലബാറിലേക്കും പകരാനുള്ള ശ്രമമായിരുന്നു. ഇതു മണത്തറിഞ്ഞ നാട്ടിലെ ക്രാന്തദര്‍ശികളായ പണ്ഡിതന്‍മാര്‍ സമസ്ത രൂപീകരിച്ച് വിനാശത്തിന്റെ വാഹകര്‍ക്കെതിരെ സംഘടിത പ്രതിരോധം തീര്‍ക്കുകയായിരുന്നു. അപ്പോള്‍ സമസ്തയുടെ രൂപീകരണം തന്നെ ആത്മീയ വിശ്വാസരംഗത്തെ അല്‍പത്തരങ്ങള്‍ക്കെതിരെയുള്ള യുദ്ധകാഹളമായിരുന്നു.
സമുദായത്തില്‍ ഒരനൈക്യമില്ലാത്ത സാഹചര്യത്തില്‍ ഐക്യസംഘം രൂപപ്പെടുന്നത് അനൈക്യത്തിന്റെ പുതിയ വാതില്‍ തുറക്കാനാണെന്ന് ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്‍മാര്‍ ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1925-ല്‍ ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് വച്ചു നടത്തുന്നതിനു വേണ്ടി സ്വാഗതസംഘം രൂപീകരിച്ചതറിഞ്ഞ അഹ്‌മദ്‌കോയ ശാലിയാത്തി (റ) യെ പോലെയുള്ള പണ്ഡിതന്‍മാര്‍ കോഴിക്കോട്ടെ പ്രര്‍ത്തകപ്രമുഖരെയും സംഘടനാഭാരവാഹികളെയും കണ്ട് സമ്മേളന വഴി ഉണ്ടാവുന്ന ദുരന്തങ്ങളെ കുറിച്ച് തെര്യപ്പെടുത്തിയിരുന്നു. സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന കോഴിക്കോട് ഹിമാലയത്തിന്റെ ഭാരവാഹികളെയും ഉലമാക്കള്‍ ചെന്നുകണ്ടു. മൗലാനാ അഹ്‌മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, അച്ചിപ്ര കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയ ഉലമാക്കള്‍ അന്ന് ഐക്യസംഘത്തിന്റെ സമ്മേളത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ മുന്നണിപ്പോരാളികളായി നിന്നു. എന്നാല്‍ പണ്ഡിത വിരോധം തലക്കുപിടിച്ച ചിലരുടെ ഓശാനയോടെ മൗലവിമാര്‍ സമ്മേളനം ഒരുവിധം നടത്തി. ഇങ്ങനെ പോയാല്‍ സമുദായം കനത്ത വില നല്‍കേണ്ടി വരുമെന്ന് മനസ്സിലാക്കിയ പണ്ഡിതന്മാര്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയിലെത്തി ചര്‍ച്ച നടത്തുകയും ഒരു കൂട്ടായ പണ്ഡിത മുന്നേറ്റത്തിന്റെ ആവശ്യകതയെ മുന്നില്‍ കാണുകയും ചെയ്തു. അങ്ങനെ ആ വര്‍ഷം തന്നെ 1925-ല്‍ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ മൗലാനാ കെ.പി. മുഹമ്മദ് മീറാന്‍ മൗലവി പ്രസിഡന്റും പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയുമായുള്ള ഒരു പണ്ഡിതസഭ രൂപീകരിക്കപ്പെട്ടു. ഈ ഒരു വര്‍ഷത്തില്‍ തന്നെ വളരെ സാര്‍വത്രികവും വ്യവസ്ഥാപിതാവുമായ പ്രവര്‍ത്തനമാണ് ബിദ്അത്തിന്റെ ശക്തികള്‍ക്കെതിരെ ഈ പണ്ഡിതകൂട്ടായ്മക്ക് നടത്താനായത്. പുത്തന്‍വാദികള്‍ സ്വാധീനം ചെലുത്തിയിരുന്ന പ്രദേശങ്ങളില്‍ ഐതിഹാസികമായ പ്രഭാഷണ സദസ്സുകളും സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 1925-ല്‍ തന്നെ കോഴിക്കോട്ടും ചാലിയത്തും മഞ്ചേരിയിലും എടവണ്ണയിലും വിപുലമായ സമ്മേളനങ്ങള്‍ നടത്തുകയും ബിദ്ഈകക്ഷികളില്‍ നിന്ന് അപകലം പാലിക്കാന്‍ സമൂഹത്തെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു.
പിന്നീടിന്നോളം വരെ സമസ്തയുടെ ഊര്‍ജം കാര്യമായി ഉപയോഗിച്ചത് അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ നിലനില്‍പിനും സമൂഹത്തിന്റെ വിശ്വാസം കാത്തുരക്ഷിക്കാനുമായിരുന്നു. സമസ്ത കച്ചകെട്ടിയിറങ്ങിയതോടെ വഹാബി കുതന്ത്രങ്ങളുടെ അടിവേരറുക്കപ്പെടുകയായിരുന്നു. തദ്‌ലക്ഷ്യം മുന്‍നിര്‍ത്തി കേരളത്തിന്‍രെ അങ്ങോളമിങ്ങോളം വന്‍സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി.
'തിരൂരിലും മലപ്പുറത്തും നടന്ന ഐക്യക്കാരുടെ സമ്മേളനത്തില്‍ കുടിക്കാന്‍ പച്ചവെള്ളം പോലും നല്‍കാന്‍ കച്ചവടക്കാരും മറ്റും തയ്യാറായില്ല. തിരൂരിലെ സമ്മേളനത്തിനു റയില്‍വേ സ്റ്റേഷനിലെത്തിയ ഐക്യനേതാക്കള്‍ക്ക് താമസസ്ഥലത്ത് പോവാന്‍ ഒരു ടാക്‌സി പോലും ലഭിക്കാത്ത അവസ്ഥയുണ്ടായി (ശബാബ് സെമിനാര്‍ പതിപ്പ് 97 നോക്കുക)
1933 മാര്‍ച്ച് 5 ന് ഫറോക്കില്‍ വെച്ചു നടന്ന സമസ്തയുടെ ആറാം വാര്‍ഷിക മഹായോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന മൗലാനാ മൗലവി ശിഹാബുദ്ദീന്‍ അബുസ്സആദത്ത്, പി അഹ്‌മദ് കോയ സാഹിബ് ചാലിയം നടത്തിയ ദീര്‍ഘമായ അദ്ധ്യക്ഷ പ്രസംഗത്തില്‍ വഹാബി മൗലവിമാരോടുള്ള സമസ്തയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുറന്നു വ്യക്തമാക്കുന്നുണ്ട്. മൗലാനാ ശാലിയാത്തി (റ) യുടെ പ്രസംഗത്തില്‍ നിന്ന്:
1923-ല്‍ രാജ്യം ഒരുവിധം സുഖപ്പെട്ടപ്പോഴേക്ക് കോണ്‍ഗ്രസ് ഭ്രമം മൂത്ത ചില മൗലവി വേഷഹാരികളും കുപരിഷ്‌കാരികളും വഹാബിയ്യും ദുര്‍ബോധനകളെ കമ്മറ്റികള്‍, പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ വഴിയായി ഇളക്കിവിട്ടു കേരളത്തില്‍ ചിലഭാഗങ്ങളില്‍ അവരുടെ പ്രചാരവേലകളും മറ്റും തുടങ്ങിയപ്പോള്‍ 1330 ഓളം സംവത്സരങ്ങളായി കേരളമുസ്‌ലിംകള്‍ അനുഷ്ഠിച്ചുവന്നിരുന്ന അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ സത്യവും സുന്ദരവുമായ പഴയ വിശ്വാസ നടപടികളെ വിട്ടൊഴിവാനും അമ്പിയാ, ഔലിയാ, സ്വാലിഹീന്‍, നാല് മദ്ഹബിലെ ഉലമാപണ്ഡിതന്‍മാര്‍ എന്നിവരെയും അവരുടെ മതഗ്രന്ഥങ്ങളെയും ആചാരചിട്ടകളെയും ത്യജിച്ചും, അവഹേളിച്ചും, റദ്ദ് ചെയ്തും അവരോട് എതിര്‍ക്കുന്ന പണ്ഡിതന്മാരെ ചില കള്ളനോട്ടീസുകളാലും വാറോലഹരജികളാലും ദുര്‍വ്യാഖ്യാനങ്ങളാലും നീചമായ അവഹേളന വാക്കുകളാലും പുകയാക്കി വിടുകയും ഭയപ്പെടുത്തുകയും ഗൂഢമായി ചിലരെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയും ചെയ്യുക നിമിത്തം കേരള മുസ്‌ലിംകളുടെ മതസംബന്ധമായും സമുദായ സംബന്ധമായും ഉള്ള നിവാരണത്തിനായി പക്കാ സുന്നികളും തനിച്ച ജസ്റ്റിസ് കക്ഷികളും കേരളത്തിലെ ശ്രുതിപ്പെട്ട മിക്ക മുസ്‌ലിയാ പണ്ഡിതന്മാര്‍ ഉള്‍പ്പെട്ടതുമായ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന മഹാസംഘം ഏര്‍പ്പെടുത്തുവാനും തുവഴിയായി ശരിയായ മതപ്രസംഗങ്ങളും മീറ്റിങ്ങുകളും പ്രസിദ്ധീകരണങ്ങളും നടത്തി ഇസ്‌ലാമിക തത്വങ്ങളെ സംരക്ഷിക്കുവാനും അരാജകത്വത്തെ അകറ്റുവാനും ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു.
മാന്യമഹത്തുക്കളെ, എന്നാല്‍ ഈ മഹത്തായ ഉദ്യമം മുസ്‌ലിയാ പണ്ഡിതന്‍മാരുടെയും പൗരപ്രമാണികളുടെയും ചുമലിലാണ് അര്‍പ്പിച്ചിരിക്കുന്നതെന്നും അവരുടെ അശ്രാന്തപരിശ്രമം കൂടാതെ ആ കാര്യം സഫലീകരിക്കുവാന്‍ സാധിക്കയില്ലെന്നുമുള്ളതിന്ന്, 'എന്റെ ഉമ്മത്തില്‍ നിന്നും രണ്ട് സംഘം നന്നായാല്‍ ജനങ്ങള്‍ മുഴുവന്‍ നന്നായി. അവര്‍ വടക്കായാല്‍ ജനങ്ങള്‍ മുഴുവനും ചീത്തയായി, ഒന്ന് ഉലമാപണ്ഡിതന്മാര്‍, രണ്ട് പൗരപ്രമാണികള്‍ (ഹ.ശ)' എന്ന നബിവചനം സാക്ഷ്യം വഹിക്കുന്നല്ലോ.
അതുകൊണ്ട്, മുസ്‌ലിയാപണ്ഡിതന്മാരെ, പൗരപ്രമാണികളെ, നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് കഴിയുന്നവിധം ദേഹവും ധനവും ചെലവഴിച്ച് വഹാബിയ്യാ പ്രസ്ഥാനം മുതലായ അനാചാര വിശ്വാസ നടപടികളെയും അന്ധവിശ്വാസഛിദ്രങ്ങളെയും അരാജകത്വത്തെയും അകറ്റി ദീനിനെയും സമുദായത്തെയും സംരക്ഷിക്കുവാന്‍ സന്നദ്ധരാകുവീന്‍. എന്നാല്‍ നിങ്ങള്‍ അല്ലാഹു തആലാനെ (അവന്റെ ദീനിനെ) സഹായിച്ചാല്‍ അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ കാലടികള്‍ ഉറപ്പിക്കുകയും ചെയ്യും (ഖു.ശ) എന്ന തിരുവചനം അനുസരിച്ച് അല്ലാഹു തആലാന്റെ സംരക്ഷയും സഹായവും നിങ്ങളില്‍ ഉണ്ടാവാന്‍ തക്കകാരണമാണ്. ഇത്രയും പറഞ്ഞതു സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ സംഘത്തിന്റെ അഭ്യൂദയത്തിനും ഭാവി ശ്രേയസ്സിനും വേണ്ടി, കഴിയുന്ന സഹായസഹകരണങ്ങള്‍ ചെയ്യാനും അതുവഴിയായും മറ്റും കോണ്‍ഗ്രസ് വഹാബികളുടെയും മറ്റനാചചാരികളുടെയും അന്ധവിശ്വാസ ദുര്‍ബോധനകള്‍, കുതന്ത്രങ്ങള്‍, അരാജകത്വം മുതലായവകളെ കഴിയുന്നവിധം അകറ്റുവാനും എല്ലാവരോടും അഭ്യര്‍ത്ഥിച്ചും നമ്മുടെ എല്ലാ പരിശ്രമങ്ങളും ദീനിന്റെയും സമുദായത്തിന്റെയും അഭ്യുന്നതി ബീജവും ഭക്തിജനകവും പൊതുസമാധാനപോഷണവും പരലോക ഗുണമിശ്രവും ആക്കിത്തരുവാന്‍ അല്ലാഹു തആലാനോട് ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചും സ്വീകാര്യ സംഘത്തിന്റെ സഹായസഹകരണങ്ങളെ അഭിനന്ദിച്ചും ഒന്നുകൂടി നിങ്ങള്‍ എല്ലാവര്‍ക്കും ഹാര്‍ദ്ദവമായ നന്ദിപ്രദര്‍ശിപ്പിച്ചുംകൊണ്ട് തത്കാലം വിരമിച്ചുകൊള്ളുന്നു.''
1930 കള്‍ക്ക് വഹാബികള്‍ക്കെതിരെ കേരളത്തിലുടനീളം ശക്തമായ വാദപ്രതിവാദങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മൗലാനാ ഖുത്വ്ബി മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടിമുസ്‌ലിയാര്‍, കണ്ണിയ്യത്ത് അഹ്‌മദ് മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍, റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ആദ്യകാല സുന്നി പോര്‍ക്കളത്തിലെ പോരാളികള്‍.
1933-ല്‍ നാദാപുരത്ത് നടന്ന പ്രസിദ്ധമായ വാദപ്രതിവാദത്തില്‍ മൗലാന ഖുത്വ്ബി, കണ്ണിയ്യത്ത് ഉസ്താദ് തുടങ്ങിയവരായിരുന്നു സുന്നീപക്ഷത്തുണ്ടായിരുന്നത്. എം.സി.സി.ഹസന്‍ മൗലവി, ഇ. മൊയ്തു മൗലവി, ഇ.കെ. മൗലവി, കട്ടിലശ്ശേരി തുടങ്ങിയവര്‍ വഹാബി പക്ഷത്തും. ഇസ്തിഗാസ, തവസ്സുല്‍, ഔലിയാക്കളുടെ കറാമത്ത് എന്നിവയായിരുന്നു വാദവിഷയങ്ങള്‍. മരണത്തോടെ ഔലിയാക്കളുടെ കറാമത്ത് മുറിയുമെന്ന വഹാബി വാദത്തിന് അവര്‍ തെളിവ് കൊണ്ടു വന്നത് ശര്‍ഹുല്‍ അഖാഇദിലെ പാതിമുറിച്ചെടുത്ത ഒരു ഇബാറത്തായിരുന്നു. 'ലാതന്‍ ഖത്വിഉ' എന്നതിലെ 'ലാ' കട്ടുകൊണ്ടായിരുന്നു അവര്‍ ഇബാറത്ത് വായിച്ചത്. അതോടെ ലാ കട്ട വാദപ്രതിവാദത്തില്‍ വഹാബികള്‍ തോറ്റു തൊപ്പിയിട്ടു.
സമസ്തയുടെ ആദ്യകാല സമ്മേളങ്ങളൊക്കെ വഹാബികളടക്കമുള്ള പുത്തന്‍വാദികളുടെ നട്ടെല്ലൊടിക്കുന്നവയായിരുന്നു. 1933-ല്‍ ഫറോക്കില്‍ നടന്ന ആറാം സമ്മേളനത്തില്‍ വഹാബികളുടെ ഓരോ വാദവും പ്രത്യേകം അവതരിപ്പിച്ചു ഖണ്ഡിക്കപ്പെടുകയുണ്ടായി.
1944-ല്‍ കൊടിയത്തൂരില്‍ വെച്ച് തറാവീഹ് നിസ്‌കാരത്തിന്റെ റക്അത്തുകളെ സംബന്ധിച്ച് ഒരു വാദപ്രതിവാദം നടന്നു. തറാവീഹ് എട്ട് റകഅത്താക്കി പറപ്പൂര്‍ അബ്ദുറഹ്‌മാന്‍ മൗലവി പ്രസംഗിച്ചു. ശൈഖുനാ കണ്ണിയ്യത്ത് ഉസ്താദ് തറാവീഹ് 20 റക്അത്താണെന്ന് സ്വഹീഹായ ഹദീസുകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിച്ചു. പക്ഷേ മൗലവി ഹിമാലയന്‍ ബ്ലണ്ടറുമായി വീണ്ടും തലപൊക്കി. ഇതു ഇരുകക്ഷികള്‍ തമ്മില്‍ ശക്തമായ വാദപ്രതിവാദത്തിലേക്ക് വഴിതെളിയിച്ചു. സുന്നിപക്ഷത്ത് ശൈഖുനാ കണ്ണിയ്യത്തും മൗലാനാ പറവണ്ണയുമായിരുന്നു. വഹാബി പക്ഷത്ത് പാലൂര്‍ അബ്ദുറഹ്‌മാന്‍ മൗലവിയും എം.സി.സി. അബ്ദുറഹ്‌മാന്‍ മൗലവിയും ശൈഖ് മുഹമ്മദ് മൗലവിയുമായിരുന്നു.
1945-ല്‍ കാര്യവട്ടം സമ്മേളനത്തോടനുബന്ധിച്ച് വഹാബികളെ വാദപ്രതിവാദത്തിനു ക്ഷണിച്ച് സ്വാഗതസംഘം ചെയര്‍മാന്‍ കത്ത് കൊടുത്തെങ്കിലും വഹാബികള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. 1947-ലെ മീഞ്ചന്ത സമ്മേളനത്തോടനുബന്ധിച്ച്, വഹാബികള്‍ വിലകുറഞ്ഞ ഇതേ നിലപാട് തന്നെ സ്വീകരിച്ചത്.
വളരെ നേരത്തെ തന്നെ, 1946 ജൂലൈ 8ന് സ്വാഗതസംഘം ഭാരവാഹികള്‍ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കെ.എം. മൗലവി, സെക്രട്ടറി എം.സി.സി എന്നിവര്‍ക്ക് മീഞ്ചന്ത സമ്മേളനത്തോടനുബന്ധിച്ച് വാദപ്രതിവാദത്തിനു ക്ഷണിച്ചു രജിസ്റ്റര്‍ കത്തയച്ചു. കത്തിനു കേരള ജംഇയ്യത്തുല്‍ ഉലമ അസി.സെക്രട്ടറി കെ. ഉബൈദുല്ല മൗലവി നിഷേധ രൂപത്തില്‍ മറുപടി അയക്കുകയായിരുന്നു. പ്രസ്തുത മറുപടിക്ക് മറുപടിയായി സ്വാഗതസംഘം ഭാരവാഹികള്‍ വീണ്ടും കത്തയച്ചു. രണ്ടാമത്തെ കത്ത്ത കിട്ടിയപ്പോള്‍ സമ്മേളനം മുടക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്.
വഹാബികളുടെ പേടി സ്വപ്നമായ റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ 1948-ല്‍ നിര്യാതനായതോടെ വാലുചുരുട്ടി ഒളിഞ്ഞിരുന്ന വഹാബികള്‍ ഒന്നുകൂടി രംഗത്തുവന്നു. ആ സന്ദര്‍ഭത്തിലാണ് തെക്കന്‍ കേരളത്തില്‍ പ്രസംഗത്തിനു പോയ മൗലാന പറവണ്ണ അവിടെ തീപ്പൊരി പ്രസംഗം നടത്തിയിരുന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെ പരിചയപ്പെടുന്നത്. 1949 മാര്‍ച്ച് മാസത്തില്‍ കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പില്‍ എടവണ്ണ അലവിയുടെ പ്രസംഗ പരിപാടി നടന്നുവരികയായിരുന്നു. മുഹ്‌യിദ്ദീന്‍ മാലയുടെ വരികള്‍ പാടി ശിര്‍ക്കാരോപിക്കുകയായിരുന്നു അലവി. ഇതിനു ചുട്ട മറുപടി കൊടുക്കാന്‍ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെ വിളിക്കാമെന്ന് മൗലാനാ പറവണ്ണ കരുതി. അങ്ങനെ പതിക്ക് ടെലിഗ്രാം ചെയ്തടിസ്ഥാനത്തില്‍ 1949 മാര്‍ച്ച് 10 ന് പതി അലവി മൗലവിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ടുള്ള കത്തുമായി നെടിയിരുപ്പിലെത്തി. സംവാദാത്മക അന്തരീക്ഷമായി പിന്നീട് അവിടെ. മുഹ്‌യിദ്ദീന്‍ മാലഅവസാന വരിയും ചൊല്ലി പതി വിശദീകരിച്ചപ്പോള്‍ അലവി മൗലവിക്ക് കാര്യം പിടികിട്ടി. മൗലവി പറഞ്ഞു: മുസ്‌ലിയാര്‍ പറയുന്നതുപോലെയാണ് ആ മാലയുടെ അര്‍ത്ഥമെങ്കില്‍ കുഴപ്പമില്ല.'
പിന്നീടങ്ങോട്ട് പതിയുടെ ജൈത്രയാത്രയായിരുന്നു. സംവാദത്തിന് കളമൊരുങ്ങുമ്പോഴെല്ലാം പതിയുണ്ടെന്നറിഞ്ഞാല്‍ വഹാബി മൗലവിമാര്‍ മാളത്തിലൊളിക്കാന്‍ തുടങ്ങും. 1950 - ല്‍ പരപ്പനങ്ങാടിയില്‍ വാദപ്രതിവാദത്തിനുക്ഷണിച്ചപ്പോള്‍ 'ഞങ്ങള്‍ പതിയെന്ന വ്യക്തിയോട് വാദപ്രതിവാദത്തിനില്ല' എന്നായിരുന്നു വഹാബികളുടെ മറുപടി.
ശൈഖുനാ ശംസുല്‍ ഉലമ നന്മണ്ടയില്‍ സ്വയം മുന്‍കൈ എടുത്ത് നടത്തിയ സംവാദം വളരെ പ്രസിദ്ധമാണ്. നാലുദിവസം നീണ്ടുനിന്ന പരിപാടി സുന്നികള്‍ക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കിക്കൊടുത്തു. രണ്ടുദിവസം പിന്നിട്ടപ്പോള്‍ തന്നെ ശൈഖുനായെ കൂട്ടാന്‍ ആളുകള്‍ മഞ്ചലുമായി മത്സരിക്കുകയായിരുന്നു. മുത്തനൂര്‍, തൃപ്പനച്ചി സ്‌കൂള്‍ പടിയില്‍ ശംസുല്‍ ഉലമാ നടത്തിയ എട്ടു ദിവസത്തെ ഖണ്ഡപ്രസംഗത്തോടെ ഒട്ടേറെ വഴിപിഴച്ചുപോയ ആളുകള്‍ സ്റ്റേജില്‍ കയറി വന്ന് ഖേദിച്ചു മടങ്ങുകയുണ്ടായി. 'ഈ വേദിയില്‍ നിന്ന് സത്യം മനസ്സിലാക്കിയതിനാല്‍ ഞങ്ങള്‍ പിഴച്ച പാര്‍ട്ടിയില്‍ നിന്ന് മടങ്ങുന്നു' എന്നവര്‍ വേദിയില്‍ കയറി പരസ്യമായി വിളിച്ചുപറഞ്ഞു.
ചേകനൂര്‍ മൗലവി വഹാബിയായിരുന്ന സമയത്ത് വാഴക്കാട്ട് വച്ച് 1966-ല്‍ ചേകനൂരും ഇ.കെ. ഹസന്‍ മുസ്‌ലിയാരും തമ്മില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗങ്ങള്‍ നടന്നു. അവസാനം വാദപ്രതിവാദത്തിലെത്തി. വൈകുന്നേരം തുടങ്ങിയ ചോദ്യോത്തരം സ്വുബ്ഹ് വാങ്ക് കൊടുത്തപ്പോള്‍ ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു: ''ഞങ്ങള്‍ നിസ്‌കരിക്കാന്‍ പോകുന്നു. മറുകക്ഷി തയ്യാറാവുകയാണെങ്കില്‍ നിസ്‌കരിച്ചതിനുശേഷം തുടരാം. ചേകന്നൂരും സില്‍ബന്ദികളും അപ്പോഴേക്കും തടി സലാമത്താക്കിയിരുന്നു.
ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍, ബശീര്‍ മുസ്‌ലിയാര്‍, ആമയൂര്‍ മുഹമ്മദ് മൗലവി തുടങ്ങി ഇനിയും ഒട്ടേറെ നേതാക്കള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന് വേണ്ടി പ്രവര്‍ത്തിച്ചവനായിട്ടുണ്ട്. ഇവര്‍ നടത്തിയ വഹാബികളെ നിലംപരിശാക്കിയ വാദപ്രതിവാദങ്ങള്‍ ഇനിയും ധാരാളമുണ്ട്. 1970-ലെ താനാളൂര്‍ വാദപ്രതിവാദം, 1974-ലെ പാടൂര്‍ വാദപ്രതിവാദം, 1976-ലെ കുറ്റിച്ചിറ സംവാദം, 1983-ലെ കൊട്ടപ്പുറം സംവാദം തുടങ്ങിയ ഉദാഹരണങ്ങള്‍ മാത്രമാണ്.
1930 കളില്‍ ചേര്‍ന്ന സമസ്തയുടെ ജനറല്‍ ബോഡികളില്‍, വഹാബിസത്തിനെതിരെയുള്ള വളരെ ആധികാരികവും വിവരാണാതീതവുമായ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
വഹാബി ചിന്തകള്‍ക്കെതിരെ ശക്തമായ തടയണ സൃഷ്ടിച്ച സമസ്ത പലപ്പോഴായി കേരള സര്‍ക്കാരില്‍ നിന്നു വന്ന സുന്നത്ത് ജമാഅത്ത് വിരുദ്ധമായ നിലപാടുകളെ തക്കസമയത്ത് ചോദ്യം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് 31-07-1976 ന് കൊയിലാണ്ടി ഖാസി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തിലെ അഞ്ചാമത്തെ തീരുമാനം: കേരള ഗവര്‍ണ്‍മെന്റ് 4.ാം ക്ലാസിലേക്ക് അംഗീകരിച്ച അറബി പാഠപുസ്തകത്തിലെ 15.ാം പാഠം ശരീഅത്ത് വിരുദ്ധമായാലും അത് സുന്നികളുടെ വിശ്വാസം ചോദ്യം ചെയ്യുന്നതായതിനാലും ആ പാഠം പിന്‍വലിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കാന്‍ ടി. അബൂബക്ര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദറഹ്‌മാന്‍ മുസ്‌ലിയാര്‍, ഇകെ ഹസന്‍ മുസ്‌ലിയാര്‍ എന്നിവരെ ഉത്തരവാദപ്പെടുത്തി.
അന്തര്‍ദേശീയ തലത്തിലും സുന്നത്തു ജമാഅത്തിനെതിരായ നീക്കങ്ങളെ എതിര്‍ത്തുതോല്‍പിക്കാന്‍ സമസ്ത ശ്രമിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. 16-10-1975 ന് എന്‍.കെ. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയില്‍ ജുമുഅ ഖുത്വ്ബ, സ്ത്രീകളുടെ ജുമുഅ ജമാഅത്ത് എന്നീ വിഷയങ്ങളില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി എടുത്ത തീരുമാനത്തിന്റെ സാധുതയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായി കാണാം. റാബിത്വയുടെ കീഴില്‍ സംഘടിപ്പിക്കപ്പെട്ട മസ്ജിദ് കോണ്‍ഫ്രന്‍സില്‍ ജുമുഅ ഖുത്വ്ബ പരിഭാഷപ്പെടുത്തണമെന്നും സ്ത്രീകള്‍ പരപുരുഷനൊന്നിച്ച് ജുമുഅ ജമാഅത്തില്‍ പങ്കെടുക്കണമമെന്നും തീരുമാനിക്കപ്പെട്ടിരുന്നു. ഈ തീരുമാനത്തിന്റെ മതപരമായ സാധ്യതയെയാണ് സമസ്ത ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചും ഖുര്‍ആന്‍-ഹദീസ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തെളിവ് ആവശ്യപ്പെട്ടു സമസ്ത റാബിത്വക്ക് രണ്ട് കത്തുകള്‍ അയച്ചു.
2. മീര്‍സായുടെ ജല്‍പനങ്ങള്‍ക്കെതിരെ
1901 മുതലാണ് താന്‍ സമ്പൂര്‍ണനബിയും റസൂലുമാണെന്ന വാദം മിര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി ഉന്നയിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ ശേഷം കേരളത്തിലും അതിന്റെ അലയൊലികളെത്തി. അതിനെ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമങ്ങള്‍ പണ്ഡിത ശ്രേഷ്ഠനായിരുന്ന മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ വളരെ ഗംഭീരമായി നടന്നു. 1913-ല്‍ കേരളത്തിലെ ഖാദിയാനി തലവനായിരുന്ന ബി. കുഞ്ഞഹമ്മദും മൗലാനാ ചാലിലകത്തും തമ്മില്‍ കണ്ണൂരിലെ പഴയങ്ങാടിയില്‍ നടന്ന വാദപ്രതിവാദമാണ് കേരളത്തില്‍ ഖാദിയാനികള്‍ക്കെതിരെയുള്ള പ്രഥമപോരാട്ടമായി അറിയപ്പെടുന്നത്.
ഖാദിയാനികളുടെ തുഹ്ഫത്തുല്‍ മലബാര്‍ എന്ന ഗ്രന്ഥത്തിനു ഖണ്ഡനമായി മൗലാനാ ചാലിലകത്ത് റദ്ദുല്‍ ഖാദിയാനി എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. മൂന്നാം ദശകത്തോടെ സമസ്ത നിലവില്‍ വന്നപ്പോള്‍ ഖാദിയാനിസത്തിനെതിരെ സംഘടിതമായ നീക്കങ്ങള്‍ക്ക് സമസ്ത കരുക്കള്‍ നീക്കി. ഖാദിയാനിസത്തെ കേരളക്കരയില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ സമസ്തയെ പോലെ പ്രവര്‍ത്തിച്ച വേറെ സംഘടനയില്ല. 1927-ല്‍ താനൂരില്‍ നടന്ന സമസ്തയുടെ ഒന്നാം സമ്മേളനത്തിലെ പ്രസംഗങ്ങള്‍ ഖാദിയാനിസത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതായിരുന്നു.
ഖാദിയാനിസത്തിനെതിരെ വിശ്വാസികള്‍ ഒന്നടങ്കം ആഞ്ഞടിക്കാന്‍ തുടങ്ങി. ഖാദിയാനികള്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു പുറത്താണെന്ന് സമസ്ത നിരന്തരം ഉത്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. 1932-ല്‍ തലശ്ശേരിയില്‍ കൂടിയ കേരള മുസ്‌ലിം മജ്‌ലിസില്‍ ഖാദിയാനികളെ കയറ്റാന്‍ വിസമ്മതിച്ച് പടിക്ക് പുറത്ത് നിര്‍ത്തി. 1933 മാര്‍ച്ച് 5 ന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഖാദിയാനികള്‍ക്ക് പെണ്ണ് കൊടുക്കരുതെന്നും അവരെ മുസ്‌ലിം പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്നും അവരുടെ മയ്യിത്ത് മുസ്‌ലിംകളുടെ ഖബറിസ്ഥാനില്‍ മറമാടരുതെന്നും ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കി. പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം:
'പഞ്ചാബിലെ മീര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി നബി എന്നും റസൂല്‍ എന്നും വിശ്വസിച്ചു അദ്ദേഹം സ്ഥാപിച്ച നവീന മതമായ അഹ്‌മദിയ്യത്തില്‍, ബൈഅത്ത് ചെയ്ത് ചേരുകയും അവയില്‍ ചേരാതെയും മിര്‍സായുടെ ദഅ്‌വത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന സര്‍വ്വ മുസ്‌ലിംകളെയും കാഫിറാക്കി തള്ളി മുസ്‌ലിംകളുടെ ജുമുഅ നിസ്‌കാരം, ഇമാമും ജമാഅത്തുമായുള്ള നിസ്‌കാരം മുതലായതുകളില്‍ പങ്കെടുക്കാതെ മുസ്‌ലിംകളില്‍ നിന്ന് വിശ്വാസപരമായും പ്രവര്‍ത്തിപരമായും ഭിന്നിച്ച ഒരു പ്രത്യേക മതസ്ഥരായി കഴിഞ്ഞ് കൂടുകയും അഹമ്മദിയ്യാക്കള്‍ എന്നും ഖാദിയാനികളെന്നും അറിയപ്പെടുന്നവരെ അവര്‍ മുസ്‌ലിംകളല്ലെന്ന കാരണത്താല്‍ 1932 ഓഗസ്റ്റ് 22,23 തീയ്യതികളില്‍ തലശ്ശേരിയില്‍ വച്ചു കൂടിയ കേരള മുസ്‌ലിം കോണ്‍ഫ്രന്‍സില്‍ പ്രവേശനം നിരസിച്ചതും കേരള മുസ്‌ലിം കോണ്‍ഫ്രന്‍സില്‍ പ്രവേശനം നിരസിച്ചതും കേരള മുസ്‌ലിം മജ്‌ലിസ് പ്രവര്‍ത്തകന്‍മാരുടെ ഉചിതവും ഇസ്‌ലാമികവുമായ പ്രവര്‍ത്തിയെ ഈ യോഗം അഭിനന്ദിക്കുകയും ഇന്ത്യയിലെ പല സ്ഥലത്തും കണ്ണൂരിലും ഖാദിയാനികളെ സമുദായ ബഹിഷ്‌കരണം ചെയ്തതും കോടതികളില്‍ നിന്നും ഖാദിയാനികള്‍ മുസ്‌ലിംകളില്‍ പെട്ടവരല്ലെന്ന് വിധിയുണ്ടായിട്ടുള്ളതും കേരള മുസ്‌ലിംകളെ ഈ യോഗം അനുസ്മരിപ്പിക്കുകയും ഖാദിയാനികളെന്നും അഹമദിയ്യാക്കളുമെന്നുമുള്ള പേരിനാല്‍ അറിയപ്പെടുന്നവര്‍ അവരുടെ പിഴച്ച വിശ്വാസം മൂലവും ആചാരം മൂലവും ഇസ്‌ലാമില്‍ പെട്ടവരല്ലെന്നും ശറഇന്റെ അഹ്കാമുകളെ കൊണ്ട് സ്ഥിരപ്പെട്ടിരിക്കയാല്‍ അവരെ സമുദായം ബഹിഷ്‌കരണം ചെയ്യേണ്ടതും അവര്‍ക്ക് പെണ്ണ് കൊടുക്കുകയോമുസ്‌ലിമീങ്ങളുടെ ശ്മശാനത്തില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യിക്കുകയോ മുസ്‌ലിം പള്ളികളില്‍ അവരെ കയറ്റുകയോ ചെയ്യാന്‍ പാടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഈ യോഗം തീര്‍ച്ചപ്പെടുത്തുകയും അതാതു ദേശത്തെ ഖാളിമാര്‍ ഈ തീര്‍പ്പിനെ തങ്ങളുടെ മഹല്ലുകളില്‍ നിയമാനുസരണം നടപ്പില്‍ വരുത്തേണമെന്നും ഈ യോഗം കേരളത്തിലെ ഖാളിമാരോട് അപേക്ഷിക്കുകയും ചെയ്യുന്നു.''
സമസ്തയുടെ ഈ നിലപാടിന് മുസ്‌ലിം കേരളത്തില്‍ ശക്തമായ പിന്തുണയാണ് ലഭിച്ചത്. പണ്ഡിതന്‍മാരെല്ലാം ഈ പുതിയ മതത്തിനെതിരെ രംഗത്തിറങ്ങി. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ അവ്വിഷയകമായി ഗ്രന്ഥങ്ങളെഴുതി. പാലോട്ട് മൂസക്കുട്ടി ഹാജി സ്വന്തം ചെലവില്‍ നോട്ടീസുകളും ലഘുലേഖകളുമിറക്കുകയും ഖാദിയാനികള്‍ രംഗപ്രവേശനം ചെയ്യുന്നിടത്തൊക്കെ ചെന്ന് പ്രസംഗിക്കുകയും ചെയ്തു.
ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍ രംഗത്തെത്തിയതോടെ, ഖാദിയാനിസത്തിന്റെ പ്രചരണങ്ങളൊക്കെ പാഴ്‌വേലയായി കോഴിക്കോട് കേന്ദ്രമായി കേരളത്തില്‍ അവരുടെ പ്രചരണം സജീവമായ തൊള്ളായിത്തി അമ്പതുകളുടെ ആരംഭം. കോഴിക്കോട് നടക്കാവില്‍ ശൈഖുന നടത്തിയ നാലു ദിവസത്തെ പ്രസംഗത്തോടെ അവരുടെ കേന്ദ്രം തന്നെ കോഴിക്കോട് നിന്ന് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. കോഴിക്കോട് ഖാദിയാനിയായിരുന്ന കുഞ്ഞഹമ്മത് (ആക്കോട്) അതോടെ താമസം തന്നെ കണ്ണൂര്‍ പഴയങ്ങാടിയിലേക്ക് മാറ്റി. ശേഷം ശൈഖുനാ ശംസുല്‍ ഉലമ പഴയങ്ങാടിക്ക് സമീപം ദര്‍സേല്‍ക്കുകയും ഖാദിയാനിസത്തിനെതിരെ ജനങ്ങളെ നിരന്തരം ബോധവത്കരിക്കുകയും ചെയ്തു. അതോടെ കേരളത്തില്‍ ഖാദിയാനിസം അപ്രസക്തമായി.
3. മൗദൂദി വാദത്തിനെതിരെ
1941 ആഗസ്ത് 26 ന് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) സ്ഥാപിച്ച പ്രസ്ഥാനമാണ് മൗദൂദിസം. വഹാബിസത്തിലെ മുഴുവന്‍ ആദര്‍ശ അബദ്ധങ്ങളും മൗദൂദിസത്തിലും കടന്നുകൂടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് വളാഞ്ചേരിയിലെ എടയൂര്‍ സ്വദേശി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ എന്ന വി.സി. മുഹമ്മദലി ഹാജി മൗദീദി സാഹിബിന്റെ ക്ഷണമനുസരിച്ച് പഠാന്‍ കോട്ടിലേക്ക് പോയി. 1944-ല്‍ നാട്ടില്‍ തിരിച്ചെത്തിയതോടെ ബിദ്അത്തിന്റെ പുതിയ പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയായിരുന്നു. മൗദൂദി ചിന്തകളുടെ പ്രചരണത്തിനായി ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പ്രഥമ ഖയ്യിമായി ഹാജി സാഹിബ് തന്നെ നിയമിതനാവുകയും വളാഞ്ചേരി ആസ്ഥാനമായി 'പ്രബോധനം' വാരിക തുടങ്ങുകയും ചെയ്തു.
മൗദൂദിയുടെ ചില ചിന്തകള്‍ മനസ്സിലാക്കിയ സമസ്ത നേതൃത്വം പക്വമായി അതിനെ നേരിടാനുള്ള വഴികളാലോചിച്ചു. അതിന്റെ ഭാഗമായി 1950-ല്‍ വളാഞ്ചേരിയില്‍ വച്ചു തന്നെ സമസ്ത ഇരുപതാം സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സമ്മേളനത്തില്‍ മൗദൂദിസം തന്നെയായിരുന്നു പ്രധാന ചര്‍ച്ച. മൗദൂദിയുടെ ഉറുദു ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ശംസുല്‍ ഉലമാ മൗദൂദി വാദത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയതോടെ സമ്മേളനം കുറിക്കുതന്നെ കൊണ്ടും. 'സമസ്ത വളാഞ്ചേരി സമ്മേളനം മൗദൂദികള്‍ക്ക് ഹാലിളക്കം ഉണ്ടാക്കി' എന്ന് പ്രബോധനം (പു.ക. ലക്കം 8) ത്തില്‍ ഖയ്യിം ഹാജി സാഹിബ് തന്നെ തുറന്നു സമ്മതിച്ചു.
പിന്നീട് ശംസുല്‍ ഉലമയുടെ നേതൃത്വത്തില്‍ നിരവധി വാദപ്രതിവാദങ്ങള്‍ നടന്നു. 1951 ജൂണ്‍ 21,22, 23 തീയ്യതികളില്‍ നടത്തിയ പ്രസംഗത്തില്‍ ജമാഅത്തിനെ ഇസ്‌ലാമി നേതാക്കളെ വെല്ലുവിളിച്ചതനുസരിച്ച് ജൂലൈ 9 ന് വാദപ്രതിവാദം നടത്താന്‍ തീരുമാനമായെങ്കിലും അവസാനം മൗദൂദികള്‍ ഒഴിഞ്ഞുമാറി. ശൈഖുനാ ശംസുല്‍ ഉലമ പട്ടിക്കാട് മുള്ള്യാര്‍ കുര്‍ശിയിലും മലപ്പുറം കൂട്ടിലങ്ങാടിയിലും മൗദൂദി വാദങ്ങളെ ഖണ്ഡിച്ചു പ്രസംഗിച്ചിട്ടുണ്ട്.
1951-ല്‍ കര്‍ണാടകയിലെ ഉപ്പനങ്ങാടിയില്‍ മഹല്ലുകമ്മിറ്റിയില്‍ കടന്നുകൂടിയ രണ്ടു മൗദീദികള്‍ ഒരടവ് പയറ്റി. മസ്ജിദ് ഖത്വീബും മുദര്‍ശിസുമായി ഒരു മൗദൂദിലെ നിശ്ചയിക്കുക. അവര്‍ കുറ്റ്യാടിയിലെ മൊയ്തു മൗലവി സൂത്രത്തില്‍ മസ്ജിദിന്‍രെ ചുമതലക്കാരനായി നിയമിച്ചു. നാട്ടുകാര്‍ ഇതെതിര്‍ത്തു. ശൈഖുനാ ശംസുല്‍ ഉലമയെയും പറവണ്ണയെയും പങ്കെടുപ്പിച്ച് അവിടെ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. അതോടെ നാട്ടുകാര്‍ മൊയ്തു മൗലവിയെ പിരിച്ചുവിട്ടു. പിന്നീട് മൗലവി തന്റെ തട്ടകം മംഗലാപുരത്തേക്ക് മാറ്റി. അതിനെ പ്രതിരോധിക്കാന്‍ മംഗലാപുരത്തുകാര്‍ ശൈഖുനാ ശംസുല്‍ ഉലമയുടെ പരിപാടി വച്ചു. പരിപാടിയില്‍ ശൈഖുനാ പ്രസംഗിച്ചു കൊണ്ടിരിക്കെ ഇസ്മാഈല്‍ അബ്ബ എന്ന മൗദൂദി സ്റ്റേജില്‍ കയറി ചോദ്യം ചെയ്യാന്‍ തുനിഞ്ഞു. ആകെ ബഹളമായി പുരുഷാരവം ഇളകി മറിഞ്ഞു. അവസാനം അത് ഇസ്മാഈല്‍ അബ്ബയുടെ കൊലപാതകത്തിലെത്തിച്ചു. ശൈഖുനായെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ശൈഖുനാക്ക് കര്‍ണ്ണാടകയില്‍ പ്രവേശനം നിരോധിക്കപ്പെട്ടു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളായ കോഴിപ്പുറത്ത് മാധവമേനോന്റെയും കുട്ട്യമോളു അമ്മയുടെയും ശ്രമഫലമായി ഖൈഖുനാക്കുണ്ടായിരുന്ന പ്രവേശന നിരോധനം റദ്ദ് ചെയ്യപ്പെട്ടു. 1951-ല്‍ കോണ്‍ഗ്രസിന്റെ പൊതു തെരെഞ്ഞെടുപ്പ് പരിപാടിയില്‍ ശൈഖുനാ അഭിസംബോധനം ചെയ്യാനുണ്ടായ ചരിത്രപരമായ സാഹചര്യം ഇതായിരുന്നു.
ശംസുല്‍ ഉലമാക്ക് പുറമെ മൗലാനാ പറവണ്ണ, മൗലാനാ വാണിയമ്പലം പോലെയുള്ള പഴയകാല നേതാക്കള്‍ മുതല്‍ നിലവിലുള്ള പണ്ഡിതന്മാര്‍ വരെ നിരവധി പ്രസംഗങ്ങളും എഴുത്തുകളും മൗദൂദിയന്‍ ചിന്തയെ പ്രതിരോധിക്കുന്നതില്‍ നിര്‍വഹിച്ചവരാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ കുതന്ത്രപരവും രാഷ്ട്രീയപരവുമായ സ്വാര്‍ത്ഥതകളെ തുറന്നുകാട്ടാന്‍ നേതാക്കള്‍ അതിലുടനീളം ശ്രമിച്ചിട്ടുണ്ട്. മൗലാനാ കെ.ടി. മാനുമുസ്‌ലിയാര്‍ എഴുതുന്നു. ''1941 ലാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെടുന്നതെങ്കിലും 1946 നു ശേഷമാണ് കേരളത്തില്‍ അതുപ്രചരിക്കാന്‍ തുടങ്ങിയത്. സമസ്തക്ക് ആ പാര്‍ട്ടിയുടെയും വാദഗതികളെ നേരിടേണ്ടിവന്നു. അന്നുതന്നെ നമ്മുടെ നേതാക്കള്‍ പറഞ്ഞു: ''ജമാഅത്തെ ഇസ്‌ലാമി മതത്തിന്റെ ആവരണമണിഞ്ഞ രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇപ്പോള്‍ അത് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.'' (കെ.ടി. മാനു മുസ്‌ലിയാര്‍ സ്മരണിക/ പേജ് 274)
4. ആത്മീയ നാട്യങ്ങള്‍ക്കെതിരെ
1933 മാര്‍ച്ച് 5 ന് ചേര്‍ന്ന ജനറല്‍ ബോഡിയിലെ 7-ാം പ്രമേയം ഇങ്ങനെ വായിക്കാം:
''ഇസ്‌ലാമിക മതവിധികള്‍ക്ക് വിപരീതമാണെന്നു പ്രത്യക്ഷപ്പെട്ട കൊരൂര്, ചോറ്റൂര് ശൈഖന്‍മാരാണെന്ന് പറയപ്പെടുന്നവരുടെ കൈതുടര്‍ച്ചയും അതുസംബന്ധമായ നടപടികളും ഇസ്‌ലാമീങ്ങള്‍ക്ക് സ്വീകരിപ്പാന്‍ പാടില്ലാത്തതാണെന്നും മറ്റും വിവരിച്ചു കൊണ്ട് ആരാമ്പുറത്തു വച്ചു കൂടിയ സ്‌പെഷ്യല്‍ ഉലമായോഗത്തിന്റെ തീര്‍പ്പിനെയും കഴിഞ്ഞ വാര്‍ഷിക യോഗങ്ങളില്‍ പാസ്സാക്കിയ പ്രമേയങ്ങളെയും ഈ യോഗം ബലപ്പെടുത്തുകയും അതില്‍ നിന്നു കഴിയുന്ന വേഗത്തില്‍ പിന്‍വാങ്ങണമെന്നും ഉപദേശിക്കുകയും ചെയ്യുന്നു.''
സമസ്തക്ക് തുടക്കം മുതല്‍ തന്നെ ആത്മീയ നാട്യങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടേണ്ടി വന്നിട്ടുണ്ട്. അതില്‍ ആദ്യകാലങ്ങളില്‍ തലപൊക്കിയ വ്യാജ ത്വരീഖത്തുകളായിരുന്നു കോരൂര്‍ ത്വരീഖത്തും ചോറ്റൂര്‍ ത്വരീഖത്തും. കൊടുവള്ളി കോരൂരിലെ പുത്തന്‍വീട്ടില്‍ മമ്മദ് എന്നയാളാണ് ഈ ത്വരീഖത്തുമായി കടന്നുവന്നത്. നഖ്ശബന്ദി ത്വരീഖത്തിന്റെ ഖലീഫയാണെന്ന് വാദിച്ച ഇയാള്‍ ശരീഅത്ത് വിരുദ്ധമായ പലകാര്യങ്ങളും അനുവദിച്ചിരുന്നു. കല്‍പകാഞ്ചേരി, പുത്തനത്താണി എന്നീ ഭാഗങ്ങളില്‍ പ്രചാരം സിദ്ധിച്ച മറ്റൊന്നാണ് ചോറ്റൂര്‍ ത്വരീഖത്ത്. കണ്ണൂരിലെ മുഹ്‌യിദ്ദീന്‍ എന്ന ഒരു ടെയ്‌ലര്‍ താന്‍ഗൗസും ഖുത്വ്ബുമാണെന്ന് വാദിച്ചു രംഗപ്രവേശനം ചെയ്തു. ചിലര്‍ ഇതില്‍ അകപ്പെട്ടു. സമസ്തക്ക് രൂപീകരണകാലത്ത് തന്നെ ഇവയെ നേരിടാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാല വാര്‍ഷിക യോഗങ്ങളിലും ആരാമ്പുറത്ത് കൂടിയ പ്രത്യേക ഉലമാ യോഗത്തിലും കോരൂര്‍, ചോറ്റൂര്‍ ത്വരീഖത്തുകള്‍ വ്യാജമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോരൂര്‍ ത്വരീഖത്ത് അനിസ്‌ലാമിക സംവിധാനമാണെന്ന് 1912-ല്‍ മൗലാനാ ചാലിലകത്ത് വ്യക്തമാക്കിയിരുന്നു.
ചോറ്റൂര്‍ ത്വരീഖത്തുകാര്‍ അവരുടെ ത്വരീഖത്ത് പ്രചരണാര്‍ത്ഥം അച്ചടിച്ചിറക്കിയ 'ഇശ്തിഹാറുത്തന്‍ബീഹ്' എന്ന പുസ്തകത്തെ ഖണ്ഡിച്ചുകൊണ്ടും ശൈഖിന്റെ കള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നും സമസ്ത പണ്ഡിതന്മാര്‍ 'ഹിദായത്തുല്‍ മുതലത്തിഖ് ബി ഗവായത്തില്‍ മുതശയ്യിഖ്' എന്ന ഒരു ഗ്രന്ഥം അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. അവരുടെ കേന്ദ്രമായ പുത്തനത്താണിയില്‍ സംഘടിപ്പിക്കപ്പെട്ട ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരുടെ വിശദീകരണത്തോടെ ചോറ്റൂര്‍ ത്വരീഖത്ത് കെട്ടടങ്ങി.
അതുപോലെ കേരളത്തില്‍ വളരെ സങ്കീര്‍ണ്ണമായ വിവാദമായിരുന്നുവല്ലോ കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കം. പൊന്നാനിയിലെ മഖ്ദൂര്‍ കുടുംബവും കോഴിക്കോട് ജിഫ്‌രി കുടുംബവും അടങ്ങുന്ന പൊന്നാനി കൈക്കാരും ശിയാ ആചാരികളായിരുന്ന കൊണ്ടോട്ടിയിലെ ചില തങ്ങന്‍മാരുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി കൈക്കാരും. അന്ന് കൊണ്ടോട്ടി കൈക്കാരുടെ ശിയാ വിശ്വാസത്തെയും ആചാരത്തെയും തുറന്നു കാട്ടാനും അവര്‍ക്കെതിരെ ഫത്‌വ പുറപ്പെടിക്കാനും അന്നമാന്യമായ ആര്‍ജവമാണ് മഖ്ദൂം-ജിഫ്‌രി പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചത്. പിന്നീട് സമസ്ത വന്നതോടെ സമസ്തയുടെ പണ്ഡിതരന്മാരും അതിന്നെതിരെ നയപരമായ നിലപാടുമായി മുന്നോട്ട് വന്നു. 1930-ല്‍ മണ്ണാര്‍ക്കാട്ട് ചേര്‍ന്ന സമസ്തയുടെ നാലാം സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയങ്ങളില്‍ ഒന്ന് (4.ാം പ്രമേയം) ഇങ്ങനെ വായിക്കാം:
'ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസനടപടികള്‍ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ സുന്ദരവിശ്വാസനടപടികളോട് കേവലം മാറാതെ കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്ക് പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. (അല്‍ ബയാന്‍, പു. 1/ലക്കം 5). സമസ്തയയുടെ ഈ പ്രമേയാനന്തരം കൊണ്ടോട്ടി കൈക്കാര്‍ പൂര്‍ണമായും സുന്നീ ആശയത്തില്‍ ലയിക്കുകയായിരുന്നു.
സമസ്തയുടെ പ്രതിരോധങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നിന്ന മറ്റൊരു ത്വരീഖത്താണ് നൂരിഷ ത്വരീഖത്ത്. ഹൈദരാബാദിലെ നൂരിഷാ തങ്ങളുടെ ഈ വ്യാജനിര്‍മ്മിതി 1955-ലെ തലശ്ശേരിയില്‍ സംഘടിപ്പിക്കപ്പെട്ട ത്വരീഖത്ത് സമ്മേളനത്തോടെയാണ് തലപൊക്കിയത്. പക്ഷേ അന്ന് തങ്ങളുടെ വികലമായ ആശയങ്ങള്‍ പുറത്ത് കാണിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. സൂത്രശാലിയായിരുന്ന നൂരിഷ തങ്ങള്‍ അങ്ങനെ സമസ്തയുടെയും ജാമിഅയുടെയും പലപരിപാടികളിലും സംബന്ധിച്ചു. പക്ഷേ എട്ടാം ദശകത്തിന്റെ ആദ്യത്തില്‍ സംഗതി വെളിച്ചത്തായി. 1972-ല്‍ കേരളത്തില്‍ നിന്ന് കുറെ ഖലീഫമാരെ തെരെഞ്ഞെടുത്ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയി നാല്‍പതു ദിവസത്തെ തഅ്‌ലീമ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ അവരുടെ തനിനിറം പുറത്തായി. പലഭാഗങ്ങളില്‍ നിന്നും സമസ്തയിലേക്ക് ചോദ്യങ്ങള്‍ വന്നു. 16-12-1973 ന്ന് കെ.കെ. അബൂബകര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ ശക്തമായ തീരുമാനമെടുത്തു.
1. നൂരിഷ ത്വരീഖത്തിനെപ്പറ്റി താഴെ കാണുന്ന പ്രമേയം പാസ്സാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു:
''ഹൈദ്രാബാദിലെ നൂരിഷായുടെ പേരില്‍ അദ്ദേഹത്തിന്റെ ഖുലഫാക്കള്‍ കേരളത്തില്‍ നടത്തിവരുന്ന ത്വരീഖത്ത് പ്രസ്ഥാനത്തെ സംബന്ധിച്ച് പൊട്യാറ, ഇരിങ്ങാട്ടിരി, മാമ്പുഴ എന്നീ മഹല്ലുകളില്‍ നിന്ന് വന്ന ചോദ്യങ്ങളില്‍ വിവരിച്ച സംഗതികളെ സംബന്ധിച്ചും, 'സില്‍സില നൂരിയ്യ കേരള' പ്രസിദ്ധം ചെയ്തിട്ടുള്ള 'അഹ്‌മദിയ്യ ത്വരീഖത്ത്', 'മജ്‌ലിസെ ഖുലഫാ സില്‍സിലാ നൂരിയ്യ നിയമങ്ങളും ചട്ടങ്ങളും എന്നിവയെ പറ്റിയും മറ്റും ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. മേല്‍പറഞ്ഞ പുസ്തകങ്ങളിലെ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ പറഞ്ഞതുപോലെ പലതും ശറഇനോട് യോജിക്കാത്തതാണെന്ന് മുശാവറ തീരുമാനിക്കുന്നു. അതിനാല്‍ ഈ പ്രസ്ഥാനവുമായി അകന്ന് നില്‍ക്കാന്‍ പൊതുജനങ്ങളോട് ഈ യോഗം ഉപദേശിക്കുന്നു.''
മാത്രവുമല്ല, നൂരിഷതങ്ങളുമായി ഒരു ആദര്‍ശ സംവാദത്തിനു തന്നെ സമസ്ത തയ്യാറായി. പ്രാമാണിക കിതാബുകള്‍ മുന്നില്‍ വച്ച് ത്വരീഖത്ത് വിഷയകമായി സംസാരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കാന്‍ 25-05-1974 ന് ചേര്‍ന്ന മുശാവറ തീരുമാനിച്ചു: ''നൂരിഷ ത്വരീഖത്തിനെ പറ്റി അദ്ദേഹവുമായി സമസ്തയുടെ തീരുമാനം വച്ചുകൊണ്ട് സലഫുസ്വാലിഹുകളുടെ കിതാബുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ സമസ്ത തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിക്കാന്‍ തീരുമാനിച്ചു. വ്യവസ്ഥകളെ പറ്റിയും മറ്റും തീരുമാനങ്ങളെടുക്കുവാന്‍ താഴെ പറയുന്നവരെ അധികാരപ്പെടുത്തി. 1. ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ 2. കോട്ടുമല ടി. അബൂബകര്‍ മുസ്‌ലിയാര്‍ 3. വാണിയമ്പലം പി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ 4. കെ.ടി. മാനു മുസ്‌ലിയാര്‍ 5. എ.പി. അബൂബകര്‍ മുസ്‌ലിയാര്‍.
അതേപ്രകാരം, എഴുപതുകളില്‍ ലക്ഷദ്വീപില്‍ നിന്ന് ദേശാടനം ചെയ്യപ്പെട്ട ശംസിയ്യ ത്വരീഖത്തിന്‍രെയും ആത്മീയ കാപട്യങ്ങളെ സമസ്ത ചോദ്യം ചെയ്തിട്ടുണ്ട്. 1979 ല്‍ വെളിമുക്കില്‍ മുശാവറ ചേര്‍ന്ന് അത് വ്യാജമാണെന്ന് പ്രഖ്യാപിച്ചു. 1981-ല്‍ പുത്തനത്താണിയില്‍ ശൈഖുനാ കോട്ടുമലയും കണ്ണിയത്ത് ഉസ്താദും ശൈഖുനാ ശംസുല്‍ ഉലമയും തങ്ങളുടെ പ്രഭാഷണങ്ങളിലൂടെ ശംസിയ്യയെ കടന്നാക്രമിച്ചതോടെ ത്വരീഖത്ത് പൊട്ടിത്തവിടുപൊടിയായി. പിന്നീട് അപ്പപ്പോള്‍ ശംസിയ ത്വരീഖത്തിനെ കുറിച്ച് സമസ്ത ഉണര്‍ത്തിയിട്ടുണ്ട്. 26-08-1995 ലെ സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ അധ്യക്ഷതയിലുള്ള മുശാവറയില്‍ 'മൊഗ്രാല്‍പുത്തൂര്‍ മഹല്ലത്തില്‍ ശംസിയ്യാ ത്വരീഖത്ത് വളര്‍ന്നു പിടിക്കുന്നതിനെ സംബന്ധിച്ച് മഹല്ലുകളില്‍ സൂക്ഷിക്കേണ്ടതും വേണ്ടപോലെ ആ കാര്യം കൈകാര്യം ചെയ്യേണ്ടതുമാണ്. ശംസിയ്യാ ത്വരീഖത്ത് അത്യന്തം ആപല്‍ക്കരമാണെന്ന് ഉണര്‍ത്തുന്നു' എന്ന് തീരുമാനിക്കപ്പെട്ടിരുന്നു.
സമസ്ത പണ്ഡിതന്‍മാര്‍ സമീപകാലത്തെടുത്ത ധീരമായ ഇനീഷ്യേറ്റീവായിരുന്നു ആലുവാ ത്വരീഖത്തിനെതിരെ എടുത്ത തീരുമാനം. 29-03-2006 ന് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിലുള്ള മുശാവറ യോഗം അതിനെതിരെ തീരുമാനമെടുക്കുയും അതിന്റെ തനിനിറം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. ''ആലുവായിലെ യൂസുഫ് സുല്‍ത്താന്‍ എന്നവര്‍ പ്രചരിപ്പിക്കുന്ന ത്വരീഖത്ത് സംബന്ധിച്ച് അന്വേഷിച്ചു പഠിച്ചു നല്‍കിയ റിപ്പോര്‍ട്ടിലും മറ്റും പറഞഞ കാരണങ്ങളാല്‍ ആലുവയിലെ യൂസുഫ് സുല്‍ത്വാന്‍ എന്നവര്‍ പ്രചരിപ്പിക്കുന്ന ത്വരീഖത്ത് പിഴച്ചതാണെന്നും, അതുമായി മുസ്‌ലിം ജനങ്ങള്‍ അകന്നു നില്‍ക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു.''
5. തബ്‌ലീഗ് ജമാഅത്തിന്റെ ആത്മീയ കാപട്യത്തിനെതിരെ
തബ്‌ലീഗ് ജമാഅത്ത് കേരളത്തിലെ സാധാരണക്കാരായ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കിയ സന്ദര്‍ഭം. 29-08-1965 ന് കണ്ണിയ്യത്ത് ഉസ്താദിന്റെ നേതൃത്വത്തിലുള്ള മുശാവറ യോഗം തബ്‌ലീഗിനെ കുറിച്ച് പഠിക്കാന്‍ ഒരു സബ് കമ്മറ്റിയെ ഏല്‍പിച്ചു. കമ്മറ്റി പഠിച്ചു റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ചു. 16-10-1965 ന് തീരുമാനം വന്നു:
''കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഷയങ്ങളെ സംബന്ധിച്ച് ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഉകളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.''
ഈ തീരുമാനം കേരളത്തിലെ പലപേരുകേട്ട പണ്ഡിതന്മാര്‍ക്കും രസിച്ചില്ല. അവര്‍ തട്ടിക്കൂട്ടി 'അഖില കേരള ജംഇയ്യത്തുല്‍ ഉലമ' സ്ഥാപിച്ചു. 'അഖില' സമസ്തക്കെതിരില്‍ വലിയ കൊടുങ്കാറ്റാവുമെന്ന് പലരും ധരിച്ചു. കാരണം ധാരാളം ശിഷ്യസമ്പത്തുള്ള വലിയ പണ്ഡിതന്‍മാരായിരുന്നു അഖിലയുടെ നേതൃനിരയില്‍. അവര്‍ മുശാവറയും ഫത്‌വാ കമ്മറ്റിയുമുണ്ടാക്കി. ജാമിഅക്ക് പകരമായി കാസര്‍ഗോഡില്‍ ഒരു കോളേജുണ്ടാക്കി. 'ജംഇയ്യത്ത്' എന്ന മാസിക തുടങ്ങി ഇവരുടെ ഒരുക്കങ്ങള്‍ക്ക് മുന്നില്‍ പലര്‍ക്കും ആശങ്കകളായി. 'കോട്ടുമല, നിങ്ങള്‍ തീരെ ഭയപ്പെടരുതെന്ന്' ശംസുല്‍ ഉലമ സി.എച്ച് . ഐദ്‌റൂസ് മുസ്‌ലിയാരോട് 'അഖില അകലെ പോകു'മെന്ന് ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ 1966-ല്‍ കുറ്റിച്ചിറയില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ തിങ്ങിനിറഞ്ഞ പുരുഷാരവത്തോട് 'ഇവിടെ അഖിലയും വേണ്ട കോഖിലയും വേണ്ട, സമസ്ത മതി' എന്ന് പാണക്കാട് പൂക്കോയ തങ്ങള്‍. തങ്ങളുടെ ഈ പ്രഖ്യാപനത്തോടെ കൊടുങ്കാറ്റുപോലെ വന്ന അഖില കാറ്റുപോയ ബലൂണ്‍ കണക്കെ അപ്രസക്തമായി. (തബ്‌ലീഗ് ജമാഅത്തിനെ പറ്റി അഖിലയിലെ അഞ്ചംഗകമ്മറ്റി പഠിച്ച് കണ്ടെത്തിയതും സമസ്ത കണ്ടെത്തിയത് തന്നെയായിരുന്നു!)
6. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ
സമസ്ത സ്ഥാപിക്കപ്പെട്ടതു മുതലേ സുന്നീ ആദര്‍ശാചാരങ്ങള്‍ക്ക് വേണ്ടി പൊരുതുമ്പോഴും അവയില്‍ കടന്നുകൂടാവുന്ന അനാചാരങ്ങള്‍ക്കെതിരെ ശക്തമായ തടയണ സൃഷ്ടിക്കാന്‍ സമസ്ത പണ്ടിതന്മാര്‍ സദാബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. നേര്‍ച്ചകളോടനുബന്ധിച്ചും മഖ്ബറകളോടനുബന്ധിച്ചുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമസ്ത പല്ലും തഖവുളുപയോഗിച്ച് എതിര്‍പ്പുണ്ട്.
1951-ല്‍ വടകരയില്‍ ചേര്‍ന്ന സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന മുശാവറയില്‍ മഹാന്മാരുടെ പേരില്‍ കഴിച്ചുവരാറുള്ള നേര്‍ച്ചകളിലും മറ്റും നടന്നുവരുന്നതും അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തില്‍ പെട്ട ഉലമാഇന്റെ ദൃഷ്ടിയില്‍ വിരോധിക്കപ്പെട്ടതുമായ എല്ലാ അനാചാരങ്ങളെയും നിര്‍ത്തല്‍ ചെയ്ത് യഥാസ്ഥാനത്ത് സുന്നത്തായ ആചാരങ്ങള്‍ മാത്രം നടപ്പില്‍ വരുത്താനും ഉപദേശിക്കാനും തീരുമാനിച്ചു.
ഈയിടെ നുരഞ്ഞുപൊങ്ങിയ മുടി വിവാദത്തിന്റെ വിഷയത്തിലും യുക്തമായ ദിശാനിര്‍ണയവുമായി സമസ്ത സത്യത്തോടൊപ്പം നിന്നും കിട്ടിയ മുടിയെ കുറിച്ച് ഓതന്റിക്കായ വിശദീകരണം നല്‍കാതെ അത് പ്രവാചകമുടിയാണെന്നും അതുസൂക്ഷിക്കാന്‍ 40 കോടി രൂപ ചെലവില്‍ ഒരു പള്ളിപണിയുമെന്നും പറയുന്ന കാന്തപുരം എ.പി. അബൂബകര്‍ മുസ്‌ലിയാരുടെ നിലപാടിനെ സമസ്ത സംശയത്തോടെയാണ് നോക്കിയത്. വിവാദ മുടി പ്രവാചകരുടേതാണെന്ന് തെളിയുന്നത് വരെ അതില്‍ വഞ്ചിതരാവരുതെന്നും അതിന്റെ ചൂഷണത്തില്‍ അകപ്പെടരുതെന്നും സമസ്ത മുശാവറ ജനങ്ങളെ ഉപദേശിച്ചു. ഇതിനെതിരെ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് വച്ച് സമരപ്രഖ്യാപനം നടത്തുകയും ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് പ്രഖ്യാപിക്കുകയും ചെയ്തു.
സാമൂഹിക പ്രതിരോധങ്ങള്‍
സാമൂഹിക ജീവിതത്തെ ബാധിക്കുന്ന എല്ലാതരം ജീര്‍ണ്ണതകളെയും സമസ്ത കാലാകാലങ്ങളിലായി എതിര്‍ത്തു പോന്നിട്ടുണ്ട്. സമസ്ത ഭരണഘടനയുടെ പ്രധാന ഉദ്ധേശ്യലക്ഷ്യങ്ങളില്‍ 'ഇ' അനുശാസിക്കുന്നത് സമൂഹമധ്യത്തില്‍ ഉണ്ടായേക്കാവുന്ന അധര്‍മം, അനൈക്യം, അരാജകത്വം തുടങ്ങിയവയെ ചെറുത്തുതോല്‍പിച്ചു സമുദായത്തിന്റെ പൊതുവായ ഗുണത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നാണ്. സമസ്തയുടെ ഈ സ്ഥാപിത ലക്ഷ്യത്തില്‍ ഊന്നിയാണ് കഴിഞ്ഞ എട്ടരപതിറ്റാണ്ടും സമസ്ത അതിന്റെ ജൈത്രയാത്ര തുടരുന്നത്.
തൊള്ളായിരത്തി അമ്പതുകളില്‍ കോഴിക്കോട് വച്ച് ആര്‍.എസ്.എസ്. വര്‍ഗീയപരമായ പ്രസ്താവനയിറക്കിയപ്പോള്‍ അതിനെ നഖശിഖാന്തം സമസ്ത ചെറുത്തതായി കാണാം. സമൂഹത്തില്‍ അനൈക്യമുണ്ടാക്കുന്ന എല്ലാ ദുഃശക്തികളെയും സമസ്ത തികഞ്ഞ അവജ്ഞയോടെയാണ് കണ്ടത്.
1950 ഏപ്രില്‍ 29,30 ന് വളാഞ്ചേരിയില്‍ മൗലാനാ അബ്ദുല്‍ ബാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.എസ്.എസിന്റെ പ്രസ്തുത വര്‍ഗീയ പ്രസ്താവനക്കെതിരെ പ്രതിഷേധ പ്രമേയം പാസ്സാക്കിയിരുന്നു. '14-10-1954 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്‍രെ യോഗത്തില്‍ മുസ്‌ലിമീങ്ങളെ അപമാനിക്കുന്നതും പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കേളപ്പന്‍ നായരുടെ പ്രസ്താവനക്കെതിരെയാണ് അന്ന് പ്രതിഷേധ പ്രമേയം പാസ്സാക്കിയത്.
സാമൂഹികമായ സന്തുലിതാവസ്ഥയെയും സുസ്ഥിതിയെയും ബാധിക്കുന്ന അനിസ്‌ലാമിക പ്രവണതകളെയും സമസ്ത നിരുത്സാഹപ്പെടുത്തുകയും കര്‍ശനമായ നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ സ്ത്രീകളെ അര്‍ദ്ധനഗ്നരായി പ്രദര്‍ശിപ്പിച്ച എം.ഇ.എസിന്റെ നടപടിയെ ചോദ്യം ചെയ്യുകയും എം.ഇ.എസില്‍ നിന്ന് ലീഗുകാരോട് മാറി നില്‍ക്കാനും സമസ്ത ആജ്ഞാപിച്ചിട്ടുണ്ട്. 06-03-1975 ന് കെ.കെ. അബൂബക്ര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം അതു വ്യക്തമാക്കുന്നുണ്ട്. തീരുമാനം ഇങ്ങനെ:
''ബഹുമാനപ്പെട്ട സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ അവര്‍കളുടെ കാലത്ത് മാറ്റി നിര്‍ത്തപ്പെട്ടിരുന്നതും, മാനാഞ്ചിറ മൈതാനിയില്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ അര്‍ദ്ധ നഗ്നകളായി സ്ത്രീകളെ പ്രദര്‍ശിപ്പിക്കുകയും അതിന് ഇസ്‌ലാമിക വര്‍ണ്ണന നല്‍കുകയും ചെയ്യുക തുടങ്ങിയ അനിസ്‌ലാമിക പ്രവണതകള്‍ വഴി ഇസ്‌ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ എം.ഇ.എസ്സുമായി സഹകരിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാക്കളോട് പ്രത്യേകമായും മുസ്‌ലിം ബഹുജനങ്ങളോട് പൊതുവായും ഈ യോഗം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.''
സമസ്തയുടെ പോഷക സംഘടനകള്‍ക്ക് കീഴില്‍ സാമൂഹ്യജീര്‍ണ്ണതകള്‍ക്കെതിരെ നിരവധി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 1992 ഡിസംബറില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിയ 'ജീര്‍ണതക്കെതിരെ ജിഹാദ്' കാമ്പയിന്‍ സമൂഹത്തിന്റെ പൊതുഇടങ്ങളില്‍ വലിയ ചര്‍ച്ചയായി. മദ്യം, ലോട്ടറി, തട്ടിപ്പ്, ബ്ലേഡ് മാഫിയ, സ്ത്രീധനം, മഖ്ബറ ദുരാചാരങ്ങള്‍ തുടങ്ങിയ സമൂഹത്തിലെ എല്ലാ വേണ്ടാത്തരങ്ങള്‍ക്കെതിരെയും അന്ന് കാമ്പയിന്‍ വിരല്‍ ചൂണ്ടി.
മലപ്പുറത്തിന്നടുത്ത് ഒരു നേര്‍ച്ച പരിപാടിയില്‍ ആനവിരണ്ടോടി ഒരാളെ കക്കൂസിലിട്ട് അപായപ്പെടുത്തിയ സംഭവം വലിയ ചര്‍ച്ചയായ സന്ദര്‍ഭത്തിലായിരുന്നു എസ്.കെ.എസ്.എസ്.എഫിന്റെ 'ജീര്‍ണതക്കെതിരെ ജിഹാദ്' എന്ന ഈ കാമ്പയിന്‍. അന്ന് സാമൂഹിക-രാഷ്ട്രീയ കേരളം പ്രസ്തുത സംഭവത്തിന്റെ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പയിനെ ഉറ്റുനോക്കി. കാമ്പയിന്‍ അന്ന് വലിയ ചര്‍ച്ചകള്‍ക്കും; പ്രതികരണങ്ങള്‍ക്കും വിധേയമായി.
വിദ്യാഭ്യാസ പ്രതിരോധങ്ങള്‍
വിദ്യാഭ്യാസ രംഗത്തെ എല്ലാ അരുതായ്മകള്‍ക്കെതിരെയും സമസ്ത രംഗത്തുവന്നിട്ടുണ്ട്. ഭൗതികവിദ്യാഭ്യാസത്തോടുള്ള സമസ്തയുടെ നിലപാടല്ല അതിനു പണ്ഡിതന്മാരെ പ്രേരിപ്പിച്ചിട്ടുള്ളത്. ഭൗതിക വിദ്യാഭ്യാസത്തിന്റെ പേരില്‍ എന്തുമാകാമെന്നും ഏതറ്റം വരെ പോകാമെന്നുമുള്ള ചിലരുടെ നിലപാടുകളെ സമസ്ത എതിര്‍ക്കുകയും സമൂഹത്തെ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതിന് ഏറ്റവും നല്ല ഉദാഹരണം എം.ഇ.എസ്സും മോഡേണ്‍ ഏജ് സൊസൈറ്റിയുമാണ്. വിദ്യാഭ്യാസ സേവനത്തിന്റെ മറവില്‍ അടിസ്ഥാന ഇസ്‌ലാമിക ബോധങ്ങളെ പോലും തകിടം മറിക്കുന്ന രീതിയില്‍ എം.ഇ.എസ്. മുന്നോട്ടു വന്നപ്പോള്‍ അതില്‍ സമുദായം അകപ്പെടരുതെന്ന് സമസ്ത ജനങ്ങളെ ഉണയര്‍ത്തുകയായിരുന്നു.
ഖുര്‍ആന്‍ മനുഷ്യവചനമാണെന്നും ഇസ്‌ലാം സ്ഥാപകന്‍ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) യാണെന്നുമായിരുന്നു അവരെഴുതിയിരുന്നത്.
22.10.1970 ന് പട്ടിക്കാട് ജാമിഅയില്‍ വെച്ച് ശൈഖുനാ കോട്ടുമല അബൂബകര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയോഗം എടുത്ത തീരുമാനത്തില്‍ പ്രശ്‌നവും നിലപാടും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
''എം.ഇ.എസ്സിനെപ്പറ്റിയും ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയെപറ്റിയും താഴെകാണുന്ന പ്രമേയം പാസ്സാക്കി. 'എം.ഇ.എസ് ജേര്‍ണല്‍ പുസ്തകം രണ്ട് ലക്കം അഞ്ച് (സെപ്തംബര്‍ 25 പേജ് 13 ല്‍) 'വിശുദ്ധ ഖുര്‍ആന്റെ കൈയെഴുത്ത് രേഖ' എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങളുടെ ദൃഷ്ടിയില്‍ പെടുകയുണ്ടായി. അതില്‍ ഇപ്രകാരം പറയുന്നു: ''ഹസ്‌റത്ത് ഉസ്മാന്റെ പരിശുദ്ധ ഖുര്‍ആന്‍ താഷ്‌കണ്ടിലെ ഉസ്ബക് ചരിത്രമ്യൂസിയത്തില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പുരാതനമായ അറബ് ലിഖിത രേഖകളിലൊന്നാണ് ഈ ഖുര്‍ആന്‍. ഇസ്‌ലാം മതസ്ഥാപകനായ മുഹമ്മദ് നബിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സൈദുബ്ന്‍ സാബിത് പ്രവാചകന്റെ വചനങ്ങള്‍ എല്ലാം ശേഖരിച്ചു ഗ്രന്ഥത്തിലാക്കിയതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായിരുന്ന ഉസ്മാനെ പുതിയ ഖുര്‍ആന്‍ തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതില്‍ വ്യത്യസ്ത നിലയിലാണ് സൂറത്തുകള്‍ ക്രമീകരിക്കപ്പെട്ടിരുന്നത്.''
അല്ലാഹുവിന്റെ തിരുവചനങ്ങളായ പരിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്ന എം.ഇ.എസിന്റെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുസ്‌ലിംകള്‍ ബോധവാന്മാരാകണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എം.ഇ.എസിനോട് പെരുമാറണമെന്നും ഉത്‌ബോധിപ്പിക്കുന്നതോടൊപ്പം എം.ഇ.എസിന്റെ ഇത്തരം അനിസ്‌ലാമിക വിശ്വാസപ്രമാണങ്ങളില്‍ മുസ്‌ലിം ബഹുജനങ്ങള്‍ അകപ്പെടരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇന്ന് ചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഈ ആശയങ്ങളില്‍ നിന്ന് ഒരുപടി മുന്നോട്ട് പോയ ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ ഉദ്ഘാടന യോഗത്തിലെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ ആശയങ്ങള്‍ തനി അനിസ്‌ലാമികവും ഇസ്‌ലാമിന്റെ നാരായ വേരിന് തന്നെ കത്തിവെക്കുന്നതാണെന്ന് ബോധ്യമാകയാല്‍ പ്രസ്തുത സൊസൈറ്റിയെ സര്‍വ്വശക്തിയും ഉപയോഗിച്ചു എതിര്‍ക്കണമെന്ന് മുസ്‌ലിം സുഹൃത്തുക്കളോട് സമസ്തയുടെ ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു.''
സത്യത്തില്‍ എം.ഇ.എസിന്റെ വിദ്യാഭ്യാസ സേവനത്തെയല്ല സമസ്ത ഇവിടെ എതിര്‍ത്തത്. സലഫിസവും പരിഷ്‌കാരവും തലക്കു പിടിച്ച അന്നത്തെ അവരുടെ ചിന്താഗതികളെയായിരുന്നു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശരീഅത്ത് വിവാദകാലത്ത് ഇസ്‌ലാം പരിഷ്‌കരിക്കപ്പെടണമെന്ന് എം.ഇ.എസ് വാദിച്ചിരുന്നവല്ലോ. ഇതെല്ലാം വച്ചുകൊണ്ടാണ് എം.ഇ.എസില്‍ നിന്ന് മാറിനില്‍ക്കാന്‍ ലീഗ് നേതാക്കളോട് പോലും സമസ്ത നിര്‍ദ്ധേശിച്ചത്. റോളണ്ട് മില്ലര്‍ ഈ സാഹചര്യത്തെ തന്റെ 'മാപ്പിള മുസ്‌ലിംസ് ഓഫ് കേരള'യില്‍ ചരിത്രവിശകലനത്തിന് വിധേയമാക്കുന്നുണ്ട്.
എന്നാല്‍ എം.ഇ.എസിനുമുമ്പ് സ്ഥാപിക്കപ്പെട്ട, അതിനേക്കാള്‍ വിഷല്പിതമായ നിലപാടുകള്‍ സ്വീകരിച്ചവരായിരുന്നു ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റി. എം.ഇ.എസ് സ്ഥാപകനായ ഡോ. അബ്ദുല്‍ ഗഫൂര്‍, എന്‍.പി. മുഹമ്മദ്, പ്രൊഫ: മങ്കട അബ്ദുല്‍ അസീസ് മൗലവി, ചേകനൂര്‍ മൗലവി തുടങ്ങിയ സമുദായത്തിന്റെ പാരമ്പര്യധാരയില്‍ നിന്ന് മാറിനില്‍ക്കുന്നവരായിരുന്നു ഇതിനു പിന്നില്‍. അതുകൊണ്ടാണ് അതിന്റെ ആശയങ്ങള്‍ 'ഇസ്‌ലാമിന്റെ നാരായ പേരിനു തന്നെ കത്തിവെക്കുന്നതാണെന്ന്' സമസ്ത പ്രമേയത്തില്‍ പറയുന്നത്. എന്നാല്‍ എം.ഇ.എസിന്റെ ഇപ്പോഴത്തെ നേതാക്കള്‍ പോയകാലത്തെ അബദ്ധങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റി തികഞ്ഞ മണ്ടത്തരമായിരുന്നുവെന്നാണ് എം.ഇ.എസിന്റെ ഇപ്പോഴത്തെ സാരഥിയും ഡോ. അബ്ദുല്‍ ഗഫൂറിന്റെ മകനുമായ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ഇക്കഴിഞ്ഞ ജാമിഅ സമ്മേളനത്തില്‍ വെച്ച്(07. 01. 2012) പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ ജാമിഅയ്യയുടെ ആകാശത്തെ സാക്ഷി നിര്‍ത്തിയാണ് 1970-ല്‍ സമസ്ത മുശാവറ എം.ഇ.എസിനും ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റിക്കുമെതിരെ പ്രമേയം പാസ്സാക്കിയതെന്നത് ചരിത്രത്തിന്റെ നിയംഗമായിരിക്കും. സമസ്ത കാലങ്ങള്‍ക്ക് മുമ്പെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതില്‍ സമസ്തക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.
അതോടൊപ്പം തന്നെ, 'മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള' ലൗകിക വിദ്യാഭ്യാസത്തെയും സമസ്ത പ്രോത്സാഹിപ്പിക്കുകയും അതിന് നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. 1933 ല്‍ അവതരിപ്പിക്കപ്പെട്ട ആറാം പ്രമേയത്തില്‍ മതവിദ്യാഭ്യാസത്തെയും ഭൗതിക വിദ്യാഭ്യാസത്തെയും ഒന്നിച്ചാണ് പറയുന്നത്.
'മലബാര്‍ മുസ്‌ലിംകളില്‍ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്ന് വിപരീതമായ പല ദുര്‍ബോധനകളും ഉണ്ടായിക്കൊണ്ടിരിക്കുന്നതിനെ തടങ്ങല്‍ ചെയ്യുവാന്‍ യഥാര്‍ത്ഥമായ മതപഠനം ആവസ്യമായിരിക്കുകയാല്‍ എല്ലാ ജുമുഅത്ത് പള്ളികളിലും ദര്‍സുകള്‍ നടത്തേണമെന്നും മുസ്‌ലിം സമുദായാഭിവൃദ്ധിക്കുതകുന്ന മറ്റു വിദ്യാഭ്യാസങ്ങളെ പ്രചരിപ്പിക്കണമെന്നും ഈയോഗം കേരളത്തിലെ മുസ്‌ലിം ജമാഅത്തുകളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.'
മാനസുറ്റ ലോകത്തെ ഏറ്റവും വലിയ മതവിദ്യാഭ്യാസ ഏജന്‍സിയായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഭരണഘടനയില്‍ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ചര്‍ച്ച ചെയ്യുന്ന 5-ാം വകുപ്പില്‍ ഏറ്റവും ഒടുവിലായി പറയുന്നത് 'ഭൗതിക വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂള്‍, കോളേജ്, സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിച്ചു നടത്തുക' എന്നാണ്. മതരംഗത്ത് സമസ്തയുടെ ഏറ്റവും വലിയ ഉപരിപഠന സംവിധാനമായ ജാമിഅ നൂരിയ്യയും വിദ്യാഭ്യാസ ബോര്‍ഡും സംയുക്തമായി 2001-ല്‍ പട്ടിക്കാടിനടുത്ത വേങ്ങൂരില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതിലൂടെ സാങ്കേതിക പഠന രംഗത്ത് സമസ്തയുടെ കയ്യൊപ്പു കൂടിയായി. ഒരു പോളിടെക്‌നിക് കോളേജ് കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ സമസ്ത നേതാക്കള്‍.
സാമ്പത്തിക പ്രതിരോധങ്ങള്‍
സാമ്പത്തിക രംഗത്തും തനതു ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് സമസ്ത പ്രവര്‍ത്തിച്ചത്. ഇസ്‌ലാം അങ്ങേ അറ്റം അകറ്റി നിര്‍ത്തിയ പലിശ അനുവദനീയമാക്കി കൊണ്ട് സമസ്തയുടെ സ്ഥാപനഘട്ടത്തിലും നിലവിലും ചിലര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ സമസ്ത പണ്ഡിതന്മാര്‍ ശക്തമായി എതിര്‍ത്തു.
തൊള്ളായിരത്തി ഇരുപതുകളിലാണ് ഐക്യസംഘം പുതിയ പലിശ കുതന്ത്രവുമായി (ഹീലത്തുര്‍റിബാ) കടന്നുവരുന്നത്. മുസ്‌ലിംകളുടെ സാമ്പത്തിക സ്ഥിതി നന്നാക്കിത്തീര്‍ക്കേണ്ടതിനെ പറ്റി ആലോചിച്ച ഐക്യസംഘക്കാര്‍ ഒരു ബാങ്ക് സ്ഥാപിച്ച് പലിശ അനുവദനീയമാകുമോ എന്നു കണ്ടുപിടിക്കാന്‍ കെ.എം. മൗലവി അടക്കമുള്ളവരെ ചുമതലപ്പെടുത്തി. അവര്‍ 'രിസാലത്തുന്‍ ഫിന്‍ബങ്കി' എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കി. അതില്‍ അവര്‍ മുഖ്യപ്രമേയമാക്കിയത് 'ഹീലത്തുര്‍റിബ'യായിരുന്നു അഥവാ 'ഒരു മുസ്‌ലിം ബാങ്ക് സ്ഥാപിക്കുക, അതില്‍ നിന്ന് കടം വാങ്ങുന്ന ഓരോരുത്തരം ഒരു ക്ലിപ്ത സംഖ്യ ബാങ്കിലേക്ക് കൊടുക്കാന്‍ നേര്‍ച്ചയാക്കുക, ഇങ്ങനെ വരുമ്പോള്‍ കടക്കാരില്‍ നിന്നും ബാങ്കിലേക്ക് കിട്ടുന്ന ആദായം പലിശയാവുകയില്ല. ഇത് 'ഹീലത്തുര്‍റിബ' യാണെന്നുള്ള ഒരു സംഗതി മാത്രമേ പറയുവാനുള്ളൂ'' (രിസാലത്തുല്‍ ഫില്‍ ബങ്കി 34)
പക്ഷേ സമസ്തയുടെ തണലില്‍ ജീവിച്ചുപോന്ന പൊതുജനം ഇതിനെ പുച്ഛിച്ചു തള്ളുകയാണ് ചെയ്തത്. ഷെയര്‍ വില്‍ക്കാനായി ഓടി നടന്നവര്‍ക്ക് നിരാശയായിരുന്ന ഫലം. ഷെയറിന്റെ ആദ്യഗഡു നല്‍കിയ ചിലര്‍ രണ്ടാമത്തെ ഗഡുവിന് വേണ്ടി സമീപിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ ഐക്യസംഘത്തിന്റെ ശ്രമം പാളി.
എന്നും പലിശയെ എതിര്‍ത്ത ചരിത്രമാണ് സമസ്തക്കുള്ളത്. ബാങ്ക് പലിശയെപ്പറ്റി വഖഫ് ബോര്‍ഡില്‍ നിന്ന് വന്ന കത്തിന് 'പാടില്ല' എന്ന മറുപടി കൊടുക്കാന്‍ 13-08-1964 ന് ചേര്‍ന്ന മുശാവറയോഗം തീരുമാനിച്ചിട്ടുണ്ട്.
സാഹിത്യപ്രതിരോധങ്ങള്‍
അശ്ലീലമായ വായനയെയും എഴുത്തിനെയും സമസ്ത നിരുത്സാഹപ്പെടുത്തിയിരുന്നു. നേരിന്റെ വഴി പറഞ്ഞുകൊടുക്കാന്‍, നേര് മാത്രം വായിക്കാന്‍ സമസ്ത നിരവധി പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 1950 കള്‍ക്ക് മുമ്പ് ശൗഖുല്‍ ഇസ്‌ലാം, നൂറുല്‍ ഈമാന്‍, അല്‍ ബയാന്‍, അല്‍ ബുര്‍ഹാന്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കി. 1980 കള്‍ക്ക് ശേഷം ഹിക്മത്ത്, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍, സത്യധാര, തെളിച്ചം, അല്‍ മുഅല്ലിം, കുരുന്നുകള്‍, സന്തുഷ്ട കുടുംബം എന്നിവയും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതുപോലെ ഒരുപാട് കനപ്പെട്ട ഗ്രന്ഥങ്ങലും വിവര്‍ത്തനങ്ങളും സമസ്തയുടെ പണ്ഡിതന്‍മാരുടെ സംഭാവനകളായുണ്ട്. ഇവയെല്ലാം ശ്ലീലതയുള്ള വായനയെയും ആലോചനയെയും സമൂഹത്തില്‍ നിലനിര്‍ത്തിപ്പോരുന്നു.
അനിസ്‌ലാമികവും അശ്ലീവുമായ എഴുത്തുകളെയെല്ലാം സമസ്ത അവജ്ഞയോടെ തള്ളിയിട്ടുണ്ട്. 21-10-1961 ന് കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന മുശാവറ യോഗം സി.എന്‍. അഹ്‌മദ് മൗലവിയുടെ അനിസ്‌ലാമിക ഖുര്‍ആന്‍ പരിഭാഷയില്‍ പ്രതിഷേധിച്ചതായി കാണാം.
അതുപോലെ, 07-12-82 ലെ മുശാവറ ഇടമുറകിന്റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന പുസ്തകത്തില്‍ പ്രതിഷേധിക്കുകയും ആ വിഷയത്തില്‍ ആകുന്നത് ചെയ്യാന്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. അതേ മുശാവറയില്‍ തന്നെ കുട്ടശ്ശേരിയുടെ ചന്ദ്രികയില്‍ വന്നിരുന്ന ഇസ്‌ലാം മത വിരുദ്ധ ഫത്‌വകളെ പറ്റി ചന്ദ്രിക ദിനപത്രത്തിന് പ്രതിഷേധമറിയിക്കാനും തീരുമാനിച്ചിരുന്നു.
രാഷ്ട്രീയ പ്രതിരോധങ്ങള്‍
രാഷ്ട്രീയമായ ഒരു താല്‍പര്യവും സ്ഥാപനം മുതല്‍ ഇന്നേവരെ സമസ്തക്കുണ്ടായിട്ടില്ല. തികഞ്ഞ മതകീയ അജണ്ടകളുമായി രംഗത്തവന്ന പലരും കാലാന്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളായി അധഃപതിക്കുമ്പോള്‍ സമസ്ത അതിന്റെ ലക്ഷ്യബോധം മറന്നില്ല. ഇടക്കാലത്ത് ചിലര്‍ രാഷ്ട്രീയ താല്‍പര്യവുമായി സമസ്തയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ മാറ്റി നിര്‍ത്തുകയാണ് പണ്ഡിത നേതൃത്വം ചെയ്തത്.
എന്നാല്‍ മുസ്‌ലിംകളെ മുസ്‌ലിംകള്‍ എന്ന നിലയിലും ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയിലും ബാധിക്കാവുന്ന രാഷ്ട്രീയ തീരുമാനങ്ങളില്‍ ഇടപെടാനും തിരുത്തിക്കാനും സമസ്ത മുന്നോട്ടു വന്നിട്ടുണ്ട്. അതിന് ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം.
1945 ഓഗസ്റ്റ് 1 ന് കോഴിക്കോട് മൂദാക്കര ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ അബ്ദുല്‍ കലാം ആസാദിന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ''ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിനിധി എന്ന നിലയില്‍, മുസ്‌ലിമീങ്ങളുടെ മദ്ഹബുകള്‍ ഒന്നാക്കിത്തീര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യം ഞാന്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന' ആസാദ് ഫലസ്തീന്‍ ദിനത്തില്‍ പ്രസ്താവിച്ചിരുന്നു. അതിന്നെതിരെയാണ് സമസ്ത പ്രതികരിച്ചത്.
അതുപോലെ 1951 സെപ്തംബര്‍ 16-ലെ മുശാവറ യോഗ തീരുമാനം നോക്കുക ''മിസ്റ്റര്‍ ദേവയുടെ സഹായത്താല്‍ വിരചിതമായതും മദ്രാസ് ഗവര്‍ണെണ്ട് പാഠപുസ്തകവുമായി അംഗീകരിച്ചതുമായ സാമൂഹികശാസ്ത്രം ഒന്നാം പുസ്തകത്തില്‍ ഇസ്‌ലാം മതത്തെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍ അമര്‍ഷം രേഖപ്പെടുത്തുകയും പ്രസ്തുതഭാഗം നീക്കം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിനുവേണ്ടി പ്രമാണങ്ങള്‍ പാസ്സാക്കി വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ ഡയരക്ടര്‍, മലബാര്‍ കളക്ടര്‍ എന്നിവര്‍ക്ക് അയച്ചുകൊടുക്കാന്‍ എല്ലാമഹല്ലുകാരോടും അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെ മുസല്‍മാന്‍ കാണിക്കേണ്ട പൗരധര്‍മ്മങ്ങളെയും സമസ്ത ഉണര്‍ത്തുകയും അതിന്നുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തിട്ടുണ്ട്. അറുപതുകളില്‍ ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സമസ്ത പൗരധര്‍മ്മം ജനങ്ങളെ പഠിപ്പിച്ചു.
മുസ്‌ലിം സമൂഹത്തെ വിശേഷിച്ചും പൗരസമൂഹത്തെ പൊതുവിലും ബാധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പല നിയമങ്ങള്‍ക്കെതിരെയും ബില്ലുകള്‍ക്കെതിരെയും സമസ്ത വിരല്‍ ചൂണ്ടിയിട്ടുണ്ട്. വിവാഹപ്രായം പുരുഷന്‍മാര്‍ക്ക് 21 ഉം സ്ത്രീകള്‍ക്ക് 18ഉം നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റിന്റെ 'വിവാഹപ്രായബില്ലി'നെതിരെ സമസ്ത പ്രതിഷേധിക്കുകയും സര്‍ക്കാറിനോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 26-10-1978 ന് ചേര്‍ന്ന മുശാവറയാണ് ഈ തീരുമാനമെടുത്തത്. അതേപോലെ ഈയ്യിട വിവാദമായ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സമിതി അവതരിപ്പിച്ച 'ഫാമിലി കോഡി'നെതിരെയും സമസ്ത നിലപാടെടുത്തു.
രാഷ്ട്രീയ രംഗത്തുള്ള അപക്വതകള്‍ക്കെതിരെ നിലപാടെടുക്കുമ്പോഴും രാഷ്ട്ര നിര്‍മിതിയിലും പൗരധര്‍മസ്ഥാപനത്തിലും സമസ്ത വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമസ്തയുടെ വിശാലവും വ്യവസ്ഥാപിതവുമായ മദ്‌റസാ സംവിധാനമുപയോഗിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് രാഷ്ട്ര സ്‌നേഹവും പൗരധര്‍മ്മവും പഠിപ്പിക്കാന്‍ സമസ്ത മുന്‍കൈ എടുത്തുവെന്നത് മതസംഘടനകളുടെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ എഴുതപ്പെടേണ്ട അധ്യായമാണ്.
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കേരളത്തിനു അകത്തും പുറത്തും നടത്തപ്പെടുന്ന ഒമ്പതിനായിരത്തിലേറെ മദ്‌റസകളില്‍ മൂന്നാം ക്ലാസിലെ ധര്‍മബോധനശാസ്ത്രമായ 'കിതാബുല്‍ അഖ്‌ലാഖി'ല്‍ പത്താം പാഠം 'ഹുബ്ബുല്‍ വത്വന്‍' എന്നാണ്. സ്വരാജ്യസ്‌നേഹം എന്നാണ് അധ്യായത്തിന്റെ അര്‍ത്ഥം, വര്‍ഷങ്ങളായി ഇതു മദ്‌റസകളില്‍ പഠിപ്പിച്ചുവരുന്നു. 7-8 വയസ്സ് പ്രായത്തില്‍ തന്നെ രാജ്യത്തോടു കൂറുള്ള ഒരു തലമുറയായി വിദ്യാര്‍ത്ഥികളെ വളര്‍ത്തുന്നതില്‍ സമസ്തയുടെ ഭാഗധേയം എത്രത്തോളം വലുതാണെന്നതിന് 'ഹുബ്ബുല്‍ വത്വന്‍' എന്ന പാഠഭാഗം തന്നെ ധാരാളം പാഠം അതേപടി ഇവിടെ പകര്‍ത്തുന്നു.
ദര്‍സ് 10 ഹുബ്ബുല്‍ വത്വന്‍
നാം ഇന്ത്യക്കാരാണ്. ബഹുമത വിശ്വാസികള്‍ ഇന്ത്യയില്‍ വസിക്കുന്നു. തുല്ല്യപ്രാധാന്യവും സംരക്ഷണവും എല്ലാ മതങ്ങള്‍ക്കും മതസംസ്‌കാരങ്ങള്‍ക്കും ഉണ്ട് ഇവിടെ. മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഇവിടെ എല്ലാവര്‍ക്കും അവകാശമുണ്ട്.
മതത്തിന്റെ പേരില്‍ കലഹിക്കാനോ അന്യരെ ദ്രോഹിക്കാനോ പാടില്ല. ജനാധിപത്യരാജ്യമാണ് നമ്മുടേത്. പരസ്പര സ്വാതന്ത്ര്യത്തിലും മമതയിലും ജീവിക്കണം. സാഹോദര്യബന്ധത്തില്‍ കഴിയണം. നാടിന്റെ ഐക്യവും ഐശ്വര്യവും പുരോഗതിയുമാണ് നമ്മുടെ ലക്ഷ്യം. ദേശസ്‌നേഹം ഓരോ പൗരന്റെയും കടമയാണ്. പരസ്പരം കഴിയുന്ന സഹായസഹകരണങ്ങള്‍ ചെയ്യണം.
''ഭൂമിയില്‍ ഉള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചെയ്യുക. എന്നാല്‍ അല്ലാഹു തആല നിങ്ങള്‍ക്ക് കരുണ ചെയ്യും' എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ ആരാധനാലയങ്ങളും ആരാധ്യവസ്തുക്കളെയും നിന്ദിക്കുകയോ ചീത്തപറയുകയോ ചെയ്യരുത്. അല്ലാഹു തആല പറയുന്നു: ''ഇതര മതസ്ഥരുടെ ആരാധ്യവസ്തുക്കളെ നിങ്ങള്‍ ചീത്തപറയരുത് (അന്‍ആം 118)
(കിതാബുല്‍ അഖ്‌ലാഖ്, പേജ് 30,31)



Leave A Comment