ത്വരീഖ: ചൂഷകര്‍ക്കെതിരെ ഇച്ഛാശക്തിയോടെ
വിശ്വാസങ്ങളും അനുഷ്ടാനങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ഇസ്‌ലാം. ഋജുവായ വിശ്വാസവും സുകൃതവും ചെയ്തവര്‍ക്ക് നിരവധി സന്തോഷവാര്‍ത്തകള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ''സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് താങ്കള്‍ സുവിശേഷം അറിയിക്കുക: നിശ്ചയമായും അവര്‍ക്ക് ചില സ്വര്‍ഗങ്ങള്‍ ഉണ്ട്.'' (അല്‍ബഖറ: 25), ''സത്യവിശ്വാസം കൈക്കൊള്ളുകയും നന്മപ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലവും പാപമോചനവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.'' (മാഇദ: 9), ''സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, തങ്ങളുടെ വിശ്വാസം നിമിത്തം രക്ഷിതാവ് അവരെ സന്മാര്‍ഗത്തിലാക്കുന്നതാണ്.'' (യൂനുസ്: 9), ''നിശ്ചയം, സത്യവിശ്വാസം കൈക്കൊള്ളുകയും നന്മചെയ്യുകയും ചെയ്തവര്‍ക്ക് കരുണാനിധിയായ അല്ലാഹു സ്‌നേഹം പതിച്ചു നല്‍കുന്നതാണ്.'' (മര്‍യം: 96), ''സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മം അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് പാപമോചനവും മാന്യമായ ആഹാരവും ഉണ്ടായിരിക്കുന്നതാണ്.'' (ഹജ്ജ് - 50) ഇത്തരം ആശയങ്ങളുള്ള ആയത്തുകള്‍ പലതവണ ആവര്‍ത്തിക്കുന്നതായി ഖുര്‍ആനില്‍ കാണാം.
വിശ്വാസത്തെയും അനുഷ്ഠാനത്തെയും സാര്‍ത്ഥകവും അത് നിബന്ധവുമാകുന്ന മറ്റൊരുഘടകവും ഇസ്‌ലാമിലുണ്ട്. എന്താണ് ഈമാന്‍?, എന്താണ് ഇസ്‌ലാം? എന്നീ ചോദ്യങ്ങള്‍ക്ക് ജിബ്‌രീല്‍(അ)ന് നബി(സ) നല്‍കിയ മറുപടി ഹദീസ് സമാഹരണങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. ഇമാമിനെയും ഇസ്‌ലാമിനെയും സംക്ഷിപ്തമായി വിവരിച്ചപ്പോള്‍ എന്നാണ് ഇഹ്‌സാന്‍? എന്നായിരുന്നു ജിബ്‌രീലിന്റെ സംശയം: ''നീ നിന്റെ രക്ഷിതാവിനെ കാണുംപോലെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.'' പ്രസ്തുത സംശയത്തിന് നബി (സ) നല്‍കിയ നിവാരണം ഇങ്ങനെയായിരുന്നു. ഖുര്‍ആനിലും ഇഹ്‌സാന്‍ എന്ന പദം ഉപയോഗിച്ചതായി കാണാന്‍ കഴിയും. ഇഹ്‌സാനില്ലാത്ത ഇഅ്തിബാദും അമലും അര്‍ത്ഥരഹിതവും ആത്മശൂന്യവുമാണ്.
ഖുര്‍ആനും സുന്നത്തും പരിചയപ്പെടുത്തിയ ഇഹ്‌സാനാണ് പില്‍ക്കാലത്ത് തസ്വവ്വുഫ് എന്ന സമ്പുഷ്ടമായ വിജ്ഞാനശാഖയും ത്വരീഖത്തുകള്‍ എന്ന പ്രായോഗിക രൂപങ്ങളായും പരിണമിച്ചത്. തസ്വവ്വുഫ്, ത്വരീഖത്ത് എന്നീ സംജ്ഞകളുടെ നിര്‍വചനങ്ങളില്‍ നിന്നും അപഗ്രതനങ്ങളില്‍ നിന്നും ഉത്ഗ്രഹിക്കാവുന്നതാണ്.
ഖുര്‍ആന്‍ ക്രോഢീകരണം, ഹദീസ് സമാഹരണം, കര്‍മശാസ്ത്രത്തിന്റെ ഉദ്ഭവം, ഇല്‍മുല്‍കലാമിന്റെ ഉല്‍പത്തി എന്നപോലെ തസ്വവ്വുഫ് ചില അനിവാര്യതകളുടെ സൃഷ്ടിയാണ്. മതം കേവലം ബാഹ്യപ്രകടനങ്ങളില്‍ ഒതുങ്ങുകയും അമലുകള്‍ ആത്മശൂന്യമാവുകയും ചെയ്തപ്പോഴാണ് ഇസ്‌ലാമിന്റെ അകക്കാമ്പിലേക്ക് വിശ്വാസികളെ ആനയിക്കാന്‍ ആദ്യാത്മികചിന്ത അനിവാര്യമാണെന്ന് അക്കാലത്തെ ഉലമാഅ് ആലോചിച്ചത്. ജ്ഞാനികളുടെ നിര്‍വ്വഹണത്തെക്കുറിച്ച് അവബോധവാന്‍മാരായ അവര്‍ തസ്വവ്വുഫ് എന്ന ഒരു വൈജ്ഞാനിക ശാഖക്കുരൂപം നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
കര്‍മശാസ്ത്രത്തിന്റെയും ഇല്‍മുല്‍കലാമിന്റെയുമൊക്കെ മൗലിക അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണെന്നപോലെ തസ്വവ്വുഫിന്റെ ഉറവിടവും അവകള്‍ തന്നെയാണ്. തസ്വവ്വുഫില്‍ പരാമര്‍ശിക്കുന്ന തത്വങ്ങളുടെ പ്രായോഗിക രൂപമാണ് ത്വരീഖത്തുകള്‍, ത്വരീഖത്തുകളും അവകളുടെ ഗുരുക്കന്‍മാരും കടന്ന്‌പോകുന്ന ധാര നബി (സ) യില്‍ എത്തുന്നതായി കാണാനാവും.
നബി(സ)യെ കേന്ദ്രീകരിച്ച് രൂപപ്പെട്ട സ്വഹാബികളുടെ കൂട്ടായ്മയുടെ മാതൃക അതിന്റെ സത്തയിലും ശൈലിയിലും വ്യത്യാസമില്ലാതെ ത്വരീഖത്തിന്റെ മശാഇഖുമാരുടെ ചുറ്റുമുള്ള മുരീദുമാരില്‍ ദര്‍ശിക്കാനാകും. വിശ്വാസത്തിലും ധാര്‍മികതയിലും അങ്ങേ അറ്റത്തെ അപചയം സംഭവിച്ച ഒരു ജനതയെയാണ്; ''എന്റെ സ്വഹാബികള്‍ നക്ഷത്ര തുല്യരാണ്. അവരില്‍ ആരെ അനുധാവനം ചെയ്താലും അവന്‍ വിജയിച്ചു.'' എന്ന വിതാനത്തിലേക്ക് നബി (സ) ഉയര്‍ത്തിക്കൊണ്ടുവന്നത്. നബി (സ) ശിക്ഷണവും വിമലീകരണവും അവരെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന് ചുരുക്കം. റസൂല്‍ (സ) യുടെ വാക്കുകളും പ്രവര്‍ത്തികളും ഇടപെടലുകളും സ്വന്തത്തെപോലും അവിടെ സമര്‍പിക്കാന്‍ അവര്‍ക്ക് പ്രചോദനമേകി.
നബി(സ) കാണിച്ച ഈ മാതൃക ആത്യാത്മിക ഗുരുക്കള്‍ തങ്ങളുടെ ശിഷ്യരില്‍ ശീലിപ്പിച്ചിരുന്നു. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും ഒഴുകി വന്ന അവരുടെ വാക്കുകളിലും പ്രായോഗിക ജീവിതത്തിലും ശിഷ്യര്‍ ഹഠാതാകര്‍ഷിച്ചു. അവരുടെ സാമീപ്യമില്ലാത്ത ജീവിതം ശിഷ്യര്‍ക്ക് ആലോചിക്കാനാവുമായിരുന്നില്ല. ഇങ്ങനെ ഒരു ഗുരുവിനെ കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന നിരവധി ആത്മീയ സരണികള്‍ ഇസ്‌ലാമിക ലോകത്ത് പ്രചുര പ്രചാരം നേടിയിട്ടുണ്ട്. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനിയിലേക്ക് ചേര്‍ക്കപ്പെട്ട ഖാദിരിയ്യ ശൈഖ് മുഈനുദ്ദീന്‍ ചിശ്തിയിലേക്കു ചേര്‍ക്കപ്പെട്ട ചിശ്തിയ്യ, അഹ്‌മദുല്‍ കബീര്‍ രിഫാഇയ്യാല്‍ സ്ഥാപിതമായ രിഫാഇയ്യ, അബുല്‍ ഹസനുശ്ശാദുലിയുടെ ശാദുലിയ്യ, ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ നഖ്ശബന്ദിയ്യ, ഇമാം സുഹ്‌റവര്‍ദികളുടെ സുഹ്‌റവര്‍ദിയ്യ തുടങ്ങിയവ സൂഫീസരണികളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്.
ഈ ത്വരീഖത്തുകള്‍ വഴിയാണ് പില്‍ക്കാലത്ത് ഇസ്‌ലാം പ്രചുര പ്രചാരം നേടിയത്. ഉത്തരേന്ത്യന്‍ ഇസ്‌ലാമിക പ്രബോധനചരിത്രത്തില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) യും ഖുതുബ്ദ്ദീന്‍ ബക്തിയാര്‍ക്ക് കഅ്കിയും ഹമീദുദ്ദീന്‍ നന്ദേറിയും ഫരീദുദ്ദീന്‍ ഗത്തേശത്തും നിസാമുദ്ദീന്‍ ഔലിയയുമൊക്കെ നടത്തിയ സേവനങ്ങള്‍ ഇതിനുദാഹരണമാണ്. ഉത്തമ നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം പ്രചരിച്ച കേരളവും ഇതനുപാദമായി. ഇന്ന് കേരളത്തില്‍ കാണുന്ന ആത്മീയ വൈജ്ഞാനിക മികവും സാമൂഹ്യകെട്ടുറപ്പും സാമുദായിക ഐക്യവും രാഷ്ട്രീയ അവബോധവുമൊക്കെ സയ്യിദ്-സൂഫി-ഉലമ വിഭാഗങ്ങളുടെ അഭിപ്രായ ഭിന്നതകളില്ലാത്ത ആ മാനസിക ഐക്യം കൊണ്ടുണ്ടായതാണ്. ഇമാം ഗസാലി(റ) ന്റെ ആത്മീയ വീക്ഷണവും ഇമാം ശാഫി(റ) ന്റെ കര്‍മശാസ്ത്രസരണിയും ഇമാം അബുല്‍ ഹസനുല്‍ അശ്അരി(റ) യുടെ വിശ്വാസധാരവുമാണ് കേരളത്തില്‍ വേരുപിടിച്ചത്. ഖാദിരിയ്യാ ത്വരീഖത്തിന് കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ സവിശേഷമായ അംഗീകാരം തന്നെയുണ്ട്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) കേരളീയരുടെ മനസ്സില്‍ ചെലുത്തിയ സ്വാധീനത്തിന്റെ നിദര്‍ശനമാണ് മുഹ്‌യദ്ദീന്‍ മാല, മുഹ്‌യദ്ദീന്‍ മൗലീദ്, മുഹ്‌യദ്ദീന്‍ റാത്തീബ്, മുഹ്‌യദ്ദീന്‍ പള്ളി എന്ന പ്രയോഗങ്ങളൊക്കെ.
ശൈഖ് ജീലാനി(റ)ന്റെ ജനകീയതയും ഖാദിരിയ്യ ത്വരീഖത്തിനു കിട്ടിയ അംഗീകാരവും ഖാദിരിയ്യ ത്വരീഖത്തിന്റെ പേരില്‍ വ്യാജന്മാര്‍ രംഗപ്രവേശനം ചെയ്യാന്‍ കാരണമായി. പക്ഷെ, കേരളത്തില്‍ അത്തരം പ്രസ്ഥാനങ്ങള്‍ക്ക് വേരുപിടിച്ചില്ല. പാരമ്പര്യ ഉലമാക്കളുടെയും സമസ്തയുടെ രൂപീകരണശേഷം സമസ്തയുടെയും ശക്തമായ ഇടപെടലുകളാണ് വ്യാജത്വരീഖത്തുകള്‍ പ്രചരിക്കുന്നതിന് വിഘാതമായത്.
ഓരോ വ്യാജന്‍മാരുടെയും പൊയ്മുഖങ്ങള്‍ തുറന്ന്കാട്ടിയപ്പോഴും പാരമ്പര്യ ഉലമാക്കള്‍ക്കെതിരെ അവര്‍ ഉന്നയിച്ച ഒരാരോപണമുണ്ട്. സമസ്തയുടെ ഉലമാക്കള്‍ക്ക് തസ്വവ്വുഫും ത്വരീഖത്ത് അറിയാത്തവരും അവകളെ അംഗീകരിക്കാത്തവരുമാണ്. തീര്‍ത്തും ബാലിഷമാണ് ഈ ആരോപണം. നാളിതുവരെ സമസ്തയെ നയിച്ചവരുടെ ചരിത്രം പരിശോധിച്ചാല്‍ പ്രസ്തുത ആരോപണത്തില്‍ കഴമ്പില്ലെന്ന് സുവ്യക്തമാവും. ''ഒരാള്‍ ഭക്‌നാവണമെങ്കില്‍ വിരോധമുള്ളതിനെ ഭയന്ന് വിരോധമില്ലാത്തത് ഉപേക്ഷിക്കണമെന്ന് അര്‍ത്ഥം വരുന്ന നബി വചനം ജീവിതം കൊണ്ട് സാക്ഷാത്കരിച്ച വറഇന്റെ പ്രതീകങ്ങളായിരുന്നു അവര്‍ ഒന്നിലധികം മശാഇഖുമാരുടെ ആത്മീയ ശിക്ഷണവും ആത്മബന്ധവും കാത്ത് സൂക്ഷിക്കുന്നവരായിരുന്നു സമസ്തയുടെ ഉലമാക്കള്‍ ആത്മീയതയെ ചൂഷണോബാധിയാക്കി കൊട്ടിഘോഷിച്ചു നടന്നില്ല എന്നത്‌കൊണ്ട് അവര്‍ക്കൊന്നും ത്വരീഖത്തില്ല എന്നുപറയുന്നത് ശുദ്ധ അസംബന്ധമാണ്. സമുജ്ജ്വലമായ ആത്മീയ തറയില്‍ നിന്നുകൊണ്ടാണ് അവര്‍ ഓരോ വ്യാജ ത്വരീഖത്തുകളെ തുറന്ന് കാണിച്ചത്. സമസ്ത എതിര്‍ത്ത ഏതാനും ചില ത്വരീഖത്തുകളെ കുറിച്ചുള്ള ചെറുവിവരണമാണ് ഈ കുറിപ്പ്.
കോരൂര്‍ ത്വരീഖത്ത്
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ പ്രാരംഭത്തിലാണ് ഈ ത്വരീഖത്തിന്റെ ഉത്ഭവം. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കോരൂര്‍ ദേശത്തെ പുത്തന്‍വീട്ടില്‍ മമ്മദ് എന്ന വ്യക്തിയാണ് ഈ ത്വരീഖത്തിന്റെ ഉപജ്ഞാതാവ്. നഖ്ശബന്ദീ ത്വരീഖത്തിന്റെ പിന്തുടര്‍ച്ചക്കാരനും ശൈഖുമായിട്ടാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഇയാളുടെ ത്വരീഖത്തും നഖ്ശബന്ദി ത്വരീഖത്തും തമ്മില്‍ അജഗജാന്തരമുണ്ടെന്ന് തുടര്‍വിശകലനത്തില്‍ നിന്നും വ്യക്തമാവും.
തന്റെ ത്വരീഖത്തിലേക്ക് കൈപിടിച്ചു ബൈഅത്ത് ചെയ്തുകൊണ്ടാണ് അയാള്‍ ആളെ കൂട്ടിയത്. ഇതുകൊണ്ടാണ് ഇവര്‍ കൊരൂര്‍ കൈകാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ശരീഅത്ത് വിരുദ്ധമായ കൊരൂര്‍കൈകാരുടെ ചില വിചിത്ര പ്രകടനങ്ങള്‍ അക്കാലത്ത് വന്‍വിവാദങ്ങള്‍ക്ക് കളമൊരുക്കി.
ചാലിലകത്ത് കുഞ്ഞമ്മദ്ഹാജി, ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ ശാലിയാത്തീ എന്നീ പണ്ഡിതരുടെ പ്രത്യയശാസ്ത്രവും ഖണ്ഡനവും ചാലിലകത്തിന്റെ പ്രമുഖ ശിഷ്യന്‍ സുലൈമാന്‍ മുസ്‌ലിയാരുടെ ആത്മീയ മുന്നേറ്റവും കൊരൂര്‍ ത്വരീഖത്തിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചു. കൊരൂര്‍ ത്വരീഖത്തിനെ മുളയിലെ നുള്ളിയ ചാലിലകത്തി(ന.മ)ന്റെ 1912 ല്‍ ഇറക്കിയ ഫത്‌വ ഏറെ പ്രസിദ്ധമാണ്. അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസങ്ങളില്‍ നിന്ന് വ്യതിചലിച്ചവരും ശരീഅത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുമാണ് കൊരൂര്‍ ത്വരീഖത്തുകാര്‍'' ഇതായിരുന്നു ചാലികത്തിന്റെ തീര്‍പ്പ്.
കൊരൂര്‍ ശൈഖിനെ സന്ദര്‍ശിച്ച സുലൈമാന്‍ മുസ്‌ലിയാര്‍ ശൈഖിനെ തന്നോടൊപ്പം തിളച്ച വെള്ളത്തില്‍ കുളിക്കാന്‍ ഒരുക്കമാണോ എന്ന് വെല്ലുവിളിച്ചത് പ്രസിദ്ധമാണ്. കൊരൂര്‍ ത്വരീഖത്തിനെ ഖണ്ഡിച്ചു കൊണ്ട് ശിഹാബുദ്ദീന്‍ അഹ്‌മദ്‌കോയ ശാലിയാത്തി രചിച്ചതാണ് ''നജാത്തുല്‍ ഇബാദ അല്‍ തല്‍ബീസാത്തി ശയൂഖില്‍ ഫസാദ്'' എന്ന ഗ്രന്ഥം. കൊരൂര്‍ ത്വരീഖത്തിനെ സംബന്ധിച്ച് ഇമ്പിച്ചി അബ്ദുല്ല എന്നയാള്‍ ചില ചോദ്യങ്ങള്‍ എഴുതി ചോദിച്ചപ്പോഴാണ് ശാലിയാത്തി പ്രസ്തുത ഗ്രന്ഥം രചിച്ചത്. ചോദ്യകര്‍ത്താവിന്റെ സംശയങ്ങള്‍ തന്നെ ആ ത്വരീഖത്തിന്റെ അനിസ്‌ലാമികത ബോധ്യപ്പെടുത്തുന്നത് കൊണ്ട് അതിവിടെ കുറിക്കുന്നത് ഉചിതമായിരിക്കും.
1. ആത്മശുദ്ധി ഇല്ലാത്തവരോട് തുടര്‍ന്ന് നിസ്‌കരിക്കല്‍ അനുവദനീയമല്ലാത്തതിനാല്‍ സാധാരണ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കാതിരിക്കേണ്ടതാണ്.
2. ദീനിയ്യായ വിജ്ഞാനം പഠിക്കുന്നതിലേര്‍പെടുന്നതിനേക്കാള്‍ പുണ്യം ദിക്‌റിലും മറ്റു ഇബാദത്തിലും ഏര്‍പെടലാണ്. അത്‌കൊണ്ട് തന്നെ ശരീഅത്തിന്റെ ഇല്‍മ് സ്വായത്തമാക്കാനാവും.
3. അല്ലാഹുവിന്റെ ആജ്ഞകളും വിലക്കുകളും അറിയാന്‍ ഇല്‍മ് പഠിക്കേണ്ടതില്ല. ബുദ്ധികൊണ്ട് അവ അറിയാനാകും.
4. ഈ ത്വരീഖത്ത് സ്വീകരിക്കാത്ത മുസ്‌ലിംകളോട് സലാം പറയാന്‍ പാടില്ല.
5. ഈ ത്വരീഖത്ത് സ്വീകരിച്ചാല്‍ പിന്നെ അന്യസ്ത്രീകളെ ദര്‍ശിക്കല്‍ അനുവദനീയമാകുന്നു.
6. ഫാത്വിഹ ഓതല്‍, ഖത്മുല്‍ ഖുര്‍ആന്‍ നടത്തല്‍, മൗലീദുകള്‍ ഓതല്‍, വഅ്‌ള് പറയല്‍ തുടങ്ങിയവ പ്രതിഫലം വാങ്ങുന്നവരെക്കൊണ്ട് ചെയ്യിക്കല്‍ അനുവദനീയമല്ല. അവരുടെ വാക്കുകള്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല.
7. ഈ ത്വരീഖത്ത് സ്വീകരിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അമുസ്‌ലിംകള്‍ ആയത്‌കൊണ്ടും ത്വരീഖത്ത് സ്വീകരിച്ചതോടെ മുസ്‌ലിംകള്‍ ആയത്‌കൊണ്ടും നേരത്തെ പ്രവര്‍ത്തിച്ചുപോയ നിഷിദ്ധ കാര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് പൊറുക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള വിവിധ വാദങ്ങള്‍ മുരീദുമാര്‍ ഉന്നയിക്കുന്നു.
ചോറ്റൂര്‍ ത്വരീഖത്ത്
മുക്തിയാര്‍ മുഹ്‌യദ്ദീന്‍ എന്ന വ്യക്തിയാണ് ഈ വ്യാജ ത്വരീഖത്തിന്റെ സ്ഥാപകന്‍. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ തുന്നല്‍വൃത്തിക്കായി മലപ്പുറം ജില്ലയിലെ തിരൂരിലെത്തി. ഇവിടെ വെച്ചാണ് ഇയാള്‍ തന്റെ ത്വരീഖത്തിന് രൂപം നല്‍കിയത്. കല്‍പകഞ്ചേരി, പുത്തനത്താണി പ്രദേശങ്ങളില്‍ ഈ ത്വരീഖത്ത് അതിവേഗം പ്രചരിച്ചു. അവിടങ്ങളിലെ പല പ്രമുഖ കുടുംബങ്ങലും ഇയാളുടെ കെണിയില്‍ വീണത് ത്വരീഖത്തിന് പ്രചാരണം കിട്ടാന്‍ നിമിത്തമായി. '' നീ യഖീന്‍വരും വരെ നിന്റെ രക്ഷിതാവിനെ ആരാധിക്കുക' എന്ന ഖുര്‍ആന്‍ വാക്യം ഉയര്‍ത്തിക്കാട്ടി തങ്ങള്‍ക്ക് ഉറപ്പ് വന്നിരിക്കുന്നു. അതുകൊണ്ട് ഇബാദത്ത് ചെയ്യേണ്ടതില്ല എന്നവര്‍ വാദിച്ചു. ഖാദിരിയ്യാത്വരീഖത്തിന്റെ പിന്‍മുറക്കാരായി സ്വയം പരിചയപ്പെടുത്തി ഇവരും ഖാദിരിയ്യാ ത്വരീഖത്തും അജഗജാന്തരമുണ്ട്.
ഇശ്തികാനുത്തന്‍ബീഹ് എന്ന അറബിമലയാള കൃതി ചോറ്റൂര്‍ ശൈഖിന്റെ മുരീദായ മൗലവി മുഹ്‌യദ്ദീന്‍ ഇബ്‌നുകുഞ്ഞീന്‍ 1930 ല്‍ അടിച്ചിറക്കി. 24 ചോദ്യങ്ങള്‍ക്ക് ഖാസിമാരും പണ്ഡിതന്‍മാരും ഉത്തരം നല്‍കിയില്ലെന്ന് ആരോപിച്ചുകൊണ്ടാണ് ഈ കൃതി പുറത്തിറക്കിയത്. ''ഹിദായതുല്‍ മുത്വലത്തിഖ് ബിഗവായത്തില്‍ മുതശയ്യിഖ്'' എന്ന പേരില്‍ ചെറിയമുണ്ടം കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍ ഇശ്തിഹാറിനെ പൊളിച്ചെഴുതി. പല വിചിത്ര വാദങ്ങളുമായി പ്രത്യക്ഷപ്പെട്ട ചോറ്റൂര്‍ ത്വരീഖത്തിനും അധികകാലം പിടിച്ചുനില്‍ക്കാനായില്ല. വാക്കുകൊണ്ടും തൂലികകൊണ്ടും ചോറ്റൂര്‍ ത്വരീഖത്തിനെ നേരിട്ട കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരെ ഇവര്‍ സിഹ്‌റ്‌കൊണ്ടാണ് പരാജയപ്പെടുത്തിയതെന്ന് ചരിത്രം പറയുന്നുണ്ട്.
ശംസിയ്യാ ത്വരീഖത്ത്
വിമര്‍ശന വിധേയമായ മറ്റൊരു ത്വരീഖത്താണ് ശംസിയ്യ. ആന്ത്രോത്ത് ദ്വീപുകാരനായ ചെമ്പാട്ടിമാട ആറ്റക്കോയയാണ് 1962 ഈ ത്വരീഖത്തുമായി രംഗപ്രവേശനം ചെയ്തത്. ഈ ത്വരീഖത്തിന്റെ ശരീഅത്ത് വിരുദ്ധ നീക്കങ്ങളെയും ചൂഷണ മനോഭാവത്തെയും ലക്ഷദ്വീപിലെ പണ്ഡിതസഭയായ ജംഇയ്യത്തു ഹിമായത്തിശ്ശരീഅല്‍ ഇസ്‌ലാമിയ്യ അക്കാലത്തുതന്നെ തുറന്നുകാട്ടിയിരുന്നു. ചികിത്സകനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ആറ്റക്കോയ ധനസമ്പാദനത്തിന് കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ത്വരീഖത്ത്. ഇയാളുടെ വാചാലതയില്‍ പലപാമരന്‍മാരും പെട്ടുപോയി. ശംസിയ്യാ ത്വരീഖത്തിനെ സംബന്ധിച്ച് ലക്ഷദ്വീപിലെ ശരീഅത്ത് സംരക്ഷണ സമിതിയുടെ തീരുമാനം ഇങ്ങനെ വായിക്കാം. ചെമ്പിട്ടമാട ആറ്റക്കോയയാല്‍ സ്ഥാപിതമായതും ഇപ്പോള്‍ പുതിയവീട്ടില്‍ പൂക്കോയ നേതൃത്വം വഹിക്കുന്നതുമായ ശംസിയ്യാ ത്വരീഖത്ത് എന്നറിയപ്പെടുന്ന പ്രസ്ഥാനം താഴെപറയുന്ന കാരണങ്ങളാല്‍ കുഫ്‌രിയ്യത്താണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു.
1. എസ്.എസ്. ഫത്ഹുല്ല തങ്ങള്‍, പി.പി. പുതിയത്താന്‍ ആറ്റക്കോയ തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വെച്ച് ചെമ്പിട്ടമാട ആറ്റക്കോയ താന്‍ വഹ്ദത്തുല്‍ വുജൂദില്‍ ആണെന്നും അതിനാല്‍ തനിക്ക് നിസ്‌കാരം
റാമാണെന്നും പറഞ്ഞു.
പ്രായപൂര്‍ത്തിയും ബുദ്ധിയും നിലനില്‍ക്കുന്ന കാലത്തോളം ഒരുത്തനും അവനില്‍ നിന്ന് ശറഇന്റെ ആജ്ഞ, നിരോധനകള്‍ നീങ്ങിപ്പോകുന്ന ഒരവസ്ഥയിലേക്ക് എത്തുകയില്ല. ഇലാഹി പ്രേമത്തിന്റെ പാരമ്യത്തില്‍ എത്തുകയും ഹൃദയ ശുദ്ധി ലഭിക്കുകയും ഈമാനിനെ കാപട്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും ചെയ്തവര്‍ക്ക് ശറഇന്റെ ആജ്ഞ, നിരോധനകള്‍ ബാധകമല്ലെന്നും വന്‍ദോശങ്ങളുടെ കാരണത്താല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കപ്പെടുകയില്ലെന്നും അവന്റെ ഇബാദത്ത് ബാഹ്യമായ ഇബാദത്തുകളല്ലെന്നും മറിച്ച് ചിന്തയാണെന്നുമുള്ള വാദം വഴികേടും കുഫ്‌രിയ്യത്തുമാണ്. (ശര്‍ഹുല്‍ അഖാഇദ്) നിസ്‌കാരത്തിന്റെ നിര്‍ബന്ധത്തെ നിഷേധിച്ചുകൊണ്ട് നിസ്‌കാരത്തെ ഒഴിച്ചവന് കാഫിറാണ്. (തുഹ്ഫ)
2. ആറ്റകോയയുടെ അനുയായി ആയ പോയിലം കോയയുടെ സാന്നിധ്യത്തില്‍ നടന്ന പ്രസംഗത്തില്‍ ഹഖിന്റെ ശുഹൂദിന്ന് സൂര്യനെ നോക്കല്‍ അനുവദനീയമാണെന്നും ഫുതൂഹാതുല്‍ മക്കിയയില്‍ ഉണ്ടെന്ന് പറഞ്ഞതിനെ എ.ഐ. പൂക്കോയ തങ്ങള്‍ ചോദ്യം ചെയ്യുകയും പ്രശ്‌നം സ്ഥലത്തെ ജുമുഅത്ത് പള്ളിയില്‍ എത്തുകയും അവരെ പ്രതിനിധീകരിച്ച് പെയിലം കോയ, പി.പി. പൂക്കോയ, യു.പി. ഖാസിംകോയ, പെയിലം കുഞ്ഞിക്കോയ എന്നിവരും മറുവശത്ത് എ.ഐ. പൂക്കോയതങ്ങള്‍, എസ്.എസ്. യൂസുഫ് കോയതങ്ങള്‍, മര്‍ഹൂം എ.ബി.കോയമ്മുക്കോയ തങ്ങള്‍ എന്നിവരും മര്‍ഹൂം ബമ്മാത്തബിയ്യപുറ ആറ്റക്കോയതങ്ങള്‍ ജഡ്ജിയുമായി നിന്നുകൊണ്ട് വാദപ്രതിവാദം നടത്തുകയും ഹഖിന്റെ ശുഹൂദ് ഇബാദത്ത് കൊണ്ടല്ലാതെ കിട്ടുകയില്ലെന്ന് ഇബാദത്തായി സൂര്യനെ നോക്കല്‍ കുഫ്‌രിയ്യത്താണെന്നും അവര്‍ സ്വയം സമ്മതിക്കുകയും ചെയ്തു.
3. അവര്‍ ഇന്നും ആ വിശ്വാസത്തിലാണെന്നതിന് ഹി. 1397 ല്‍ പെയിലംകോയതന്നെ ഉണ്ടാക്കിയതും ഇപ്പോഴത്തെ ഖലീഫയായ പി.പി. പൂക്കോയ എഴുതിയതുമായ നഫ്ഹതുല്‍ ആലിഫീ മിദ്ഹത്തില്‍ ജലാലി' എന്ന മാലപ്പാട്ടുതന്നെ തെളിവാണ്.
4. കഴിഞ്ഞ റമളാന്‍ മാസം അവരുടെ പ്രസംഗത്തില്‍ വെച്ചും മറ്റും അംഗീകരിക്കപ്പെട്ട പണ്ഡിതന്മാരെ യാതൊരു കാരണവും കൂടാതെ കാഫിറാണെന്ന് പറഞ്ഞതിനാല്‍ അവര്‍ സ്വമേധയാ ഇസ്‌ലാമില്‍ നിന്ന് പുറത്താണ്. 1986 ലാണ് മേല്‍ തീരുമാനങ്ങള്‍ ശരീഅത്ത് സംരക്ഷണ സമിതി എടുത്തത്.
കടല്‍ കടന്ന് ഈ ത്വരീഖത്ത് കേരളത്തിലുമെത്തി. പി.പി. പൂക്കോയയാണ് ത്വരീഖത്തുമായി മലബാറില്‍ വന്നത്. കോഴിക്കോട്ടെ ചെറുവണ്ണൂരിലെ പള്ളിയില്‍ മുസാഫിറായി എത്തിയ പൂക്കോയ നെല്ലിക്കുത്ത് സ്വദേശിയായ പള്ളി ജീവനക്കാരന്‍ മുസ്‌ലിയാരെ പരിചയപ്പെട്ടു. തന്റെ ത്വരീഖത്തിനെ അയാള്‍ക്ക് പരിചയപ്പെടുത്തി. പൂക്കോയയുടെ വാക്കുകളില്‍ ആകൃഷ്ടനായ മുസ്‌ലിയാര്‍ ഖാദിരിയ്യാ ത്വരീഖത്തിന്റെ പേരില്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ട ശംസിയ്യാ ത്വരീഖത്തിന്റെ പ്രചാരകനായി. അതോടെ ത്വരീഖത്ത് സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചു. ചെറുവണ്ണൂരില്‍ നിന്നും പ്രസ്തുത മുസ്‌ലിയാര്‍ മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത അല്ലൂരിലെത്തി. തന്റെ തനിനിറം പ്രകടിപ്പിക്കാതെ അവിടെയെത്തിയ മുസ്‌ലിയാര്‍ ആദ്യമായി ജനസമ്മിതിനേടി. ഭൂരിപക്ഷം തന്റെ ആജ്ഞാനുവര്‍ത്തികളാണെന്ന് ബോധ്യമായപ്പോള്‍ അയാള്‍ തന്റെ തനിനിറം പുറത്തെടുത്തു. അയാള്‍ക്ക് ജനസമ്മിതികിട്ടാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. അക്കാലത്ത് മുജാഹിദ് ലോബിയുടെ കൈവശമായിരുന്ന അല്ലൂര്‍ ജുമുഅത്ത് പള്ളി ഇയാളുടെ ശ്രമഫലമായി സുന്നികള്‍ കൈവശപ്പെടുത്തി. ഈ അനുകൂല സാഹചര്യങ്ങളൊക്കെ ഉപയോഗപ്പെടുത്തി മുസ്‌ലിയാര്‍ പൂക്കോയയെ അവിടെ പുണ്യപുരുഷനായി വാഴിച്ചു. അയാളുടെ ത്വരീഖത്തില്‍ അണിചേരാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ഒരു കോളേജ് സ്ഥാപിച്ച് ത്വരീഖത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അല്ലൂരിലെ പ്രമാണിമാരുടെയും യുവാക്കളുടെയും പിന്‍ബലം ഇവരുടെ വളര്‍ച്ചക്ക് സഹായകമായി.
നിശ്ചയം, നിസ്‌കാരം തിന്‍മകളെയും നിഷിദ്ധകാര്യങ്ങലെയും നിര്‍മാര്‍ജനം ചെയ്യുമെന്നാണ് ഖുര്‍ആന്റെ ഭാഷ്യം. എന്നാല്‍ ഇന്ന്കാണുന്ന നിസ്‌കാരക്കാര്‍ എല്ലാ ചീത്ത പ്രവര്‍ത്തനങ്ങലുടെയും വക്താക്കളാണ്താനും. അതുകൊണ്ട് മുസ്‌ലിംകള്‍ ഇപ്പോള്‍ നിര്‍വ്വഹിച്ചുവരുന്ന നിസ്‌കാരമല്ല ഖുര്‍ആനും സുന്നത്തും പരിചയപ്പെടുത്തിയ നിസ്‌കാരം എന്നിവര്‍ വാദിച്ചു. സൂര്യോദയ സമയത്തും അസ്തമയ നേരത്തും സൂര്യനെ നോക്കല്‍ പുണ്യമാണെന്ന് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ അവര്‍ അംഗീകരിപ്പിച്ചു.
ഇവര്‍ക്കെതിരെ ലക്ഷദ്വീപിലെ പണ്ഡിത സഭയുടെ ഫത്‌വ പുറത്ത് വന്നപ്പോള്‍ തന്നെ റഈസുല്‍ മുഹ്ഖിഖീന്‍ കണ്ണിയ്യത് ഉസ്താദ് അതംഗീകരിച്ചിരുന്നു. പിന്നീട് കേരളത്തിലും ഈ വ്യാജന്‍മാര്‍ പ്രചരിച്ചപ്പോള്‍ അവര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തന്നെ പണ്ഡിതന്മാര്‍ തീരുമാനിച്ചു. ഇ.കെ. ഹസന്‍മുസ്‌ലിയാര്‍, തേഞ്ഞിപ്പലം സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശംസിയ്യാ ത്വരീഖത്തിനെതിരെ അഹോരാത്രം പരിശ്രമിച്ചു. പുത്തനത്താണിയില്‍ ഇവര്‍ക്കെതിരെ ഒരു സമ്മേളനം തന്നെ സംഘടിപ്പിക്കപ്പെട്ടു. കണ്ണിയ്യത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ് തുടങ്ങിയ മഹത്തുക്കള്‍ അണിനിരന്ന സമ്മേളനത്തില്‍ ''ഇവര്‍ സൂര്യപൂജകരാണെ''ന്ന് കണ്ണിയത്തുസ്താദ് പ്രഖ്യാപിച്ചു. സമസ്തയുടെ എതിര്‍പ്പ്മൂലം ഇവര്‍ക്ക് അധികകാലം പിടിച്ചു നില്‍ക്കാനായില്ല.
നൂരിഷ ത്വരീഖത്ത്
ഖാദിരിയ്യ, ചിശ്തിയ്യ ത്വരീഖത്തുകളുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്നവരാണ് നൂരിഷ ത്വരീഖത്തുകാര്‍. ഹൈദരാബാദുകാരനായ അഹ്‌മദ് മുഹ്‌യിദ്ദീന്‍ നൂരിശാഹ് ആണ് ഈ ത്വരീഖത്തിന്റെ സംസ്ഥാപകന്‍. 1955 ല്‍ ഏപ്രില്‍ 8,9,10 തിയ്യതികളില്‍ തലശ്ശേരിയില്‍ വെച്ച് നടന്ന ത്വരീഖത്ത് കോണ്‍ഫ്രന്‍സിലൂടെയാണ് നൂരിഷ കേരളത്തില്‍ എത്തുന്നത്. തബറുകിന്റെ ശൈഖായി ഗണിക്കപ്പെട്ട നൂരിഷതങ്ങള്‍ പണ്ഡിതന്‍മാരുടെ ആദരവും സ്വീകാര്യതയും പിടിച്ചുപറ്റി. മൂര്‍ച്ചയുള്ള വാക്കുകളും ആകര്‍ഷകമായ ശൈലിയും സമസ്തയുടെ വേദികളില്‍ അയാള്‍ നിരന്തരം പ്രത്യക്ഷപ്പെടാന്‍ ഹേതുവായി. 1955-ല്‍ നടന്ന ത്വരീഖത്ത് കോണ്‍ഫ്രന്‍സിനെ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ അക്കാലത്തുതന്നെ വിമര്‍ശിച്ചിരുന്നു. ദീനുല്‍ ഇസ്‌ലാമിലെ ത്വരീഖത്ത് സമ്മേളനങ്ങള്‍ നടത്തി പ്രചരിപ്പിക്കാനുള്ളതാണോ? എന്നായിരുന്നു ശൈഖുനയുടെ ചോദ്യം. ഭൂരിപക്ഷപണ്ഡിതന്മാരും നൂരിഷാ ത്വരീഖത്തിനെ കുറിച്ച് മൗലം പാലിച്ചത് പതിറ്റാണ്ടുകളോളം അയാളുടെ ദിക്ര്‍ മജ്‌ലിസുകളില്‍ ജനങ്ങള്‍ തടിച്ചുകൂടാന്‍ ഇടവരുത്തി.
1970-ല്‍ 40 പേരെ ചില്ലക്കിരിക്കുന്നതിന് വേണ്ടി ഹൈദരാബാദിലേക്ക് കൊണ്ട് പോയി. അവര്ക്ക് ഖിര്‍ക്കയും ഖിലാഫത്തും നല്‍കി. ഇവര്‍ കേരളത്തിലെത്തി നൂരിഷ കേവലം തബറുഖിന്റെ ശൈഖല്ലെന്നും മുറബ്ബിയായ ശൈഖാണെന്നും വാദിച്ചു. ദിക്ര്‍ ഹല്‍ഖകളോടനുബന്ധിച്ചു നടക്കുന്ന തഅ്‌ലീമുകളില്‍ പലവിചിത്ര വാദങ്ങളും വ്യാഖ്യാനങ്ങളും ചമച്ചു. അതോടെ ഈ ത്വരീഖത്ത് ഒരു വിവാദമായി. ഇതുസംബന്ധമായി പലഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ വന്നു. 25-05-1974 ല്‍ ചേര്‍ന്ന സമസ്ത മുശാവറ, നൂരിഷ ത്വരീഖത്തിനെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ''നൂരിഷയുടെ ത്വരീഖത്തിനെപറ്റി അദ്ദേഹവുമായി സമസ്തയുടെ തീരുമാനം വെച്ചുകൊണ്ട് സൂഫിസ്വാലിഹുകളുടെ കിതാബുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ സമസ്ത തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിക്കാന്‍ തീരുമാനിച്ചു. വ്യവസ്ഥകളെപറ്റിയും മറ്റും തീരുമാനമെടുക്കാന്‍ താഴെപറയുന്നവരെ അധികാരപ്പെടുത്തി.
1. ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍
2. കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍
3. വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍
4. കെ.ടി. മാനു മുസ്‌ലിയാര്‍
5. എ.പി. അബൂബക്ര്‍ മുസ്‌ലിയാര്‍.
ഈ തീരുമാനം അയാളെ അറിയിച്ചെങ്കിലും ഒരു ചര്‍ച്ചക്ക് നൂരിഷ തയ്യാറായില്ല. അവസാനം 10-12-1974 ല്‍ കെ.കെ. അബൂബകര്‍ ഹസ്രത്തിന്റെ അധ്യക്ഷ്യത്തില്‍ ചേര്‍ന്ന മുശാവറയോഗം നൂരിഷ ത്വരീഖത്തിനെതിരെ ഇപ്രകാരം തീരുമാനമെടുത്തു: ''നൂരിഷ ത്വരീഖത്തിനെപ്പറ്റി താഴെ കാണുന്ന പ്രമേയം പാസ്സാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഹൈദറാബാദിലെ നൂരിഷയുടെ പേരില്‍ അദ്ദേഹത്തിന്റെ ഖുലഫാക്കള്‍ കേരളത്തില്‍ നടത്തിവരുന്ന ത്വരീഖത്ത് പ്രസ്ഥാനത്തെ സംബന്ധിച്ച് പൊട്ട്യാറ, ഇരിങ്ങാട്ടിരി, മാമ്പുഴ എന്നീ മഹല്ലുകളില്‍ നിന്ന് വന്ന ചോദ്യങ്ങളില്‍ വിവരിച്ച സംഗതികളെ സംബന്ധിച്ചും സില്‍സില നൂരിയ്യ കേരള പ്രസിദ്ധം ചെയ്തിട്ടുള്ള അഹമ്മദിയത്തെ ത്വരീഖത്ത്, മജ്‌ലിസെ ഖുലഫ, സില്‍സില നൂരിയ്യ നിയമങ്ങളും ചട്ടങ്ങളും എന്നിവയെപറ്റിയും മറ്റും ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. മേല്‍പറഞ്ഞ പുസ്തകങ്ങളിലെ വിഷയങ്ങളില്‍ ചോദ്യങ്ങളില്‍ പറഞ്ഞപോലെ പലതും ശറഇനോട് യോജിക്കാത്തതാണെന്ന് മുശാവറ തീരുമാനിക്കുന്നു. അതിനാല്‍ ഈ പ്രസ്ഥാനവുമായി അകന്ന് നില്‍ക്കാന്‍ പൊതുജനങ്ങളോട് ഈയോഗം ഉപദേശിക്കുന്നു. (സമസ്ത 60.ാം വാര്‍ഷിക സ്മരണിക. പേജ് 64)
കോരൂര്‍, ചോറ്റൂര്‍, ശംസിയ്യ ത്വരീഖത്തുകള്‍ പാരമ്പര്യപണ്ഡിതരുടെ എതിര്‍പ്പുമൂലം നാമാവശേഷമായെങ്കിലും നൂരിഷ ത്വരീഖത്ത് എണ്ണപ്പെട്ട ചിലകേന്ദ്രങ്ങളില്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ത്വരീഖത്ത് പ്രചാരണാര്‍ത്ഥം പല പ്രസിദ്ധീകരണങ്ങളും അവര്‍ അടിച്ചിറക്കുന്നുണ്ട്. സമസ്തയുടെ പണ്ഡിതന്മാര്‍, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്, മദ്‌റസ പ്രസ്ഥാനം എന്നിവക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ലേഖനങ്ങള്‍ ഇപ്പോഴും ഈ പ്രസിദ്ധീകരണങ്ങളില്‍ എഴുതിവിടാറുണ്ട്. വാമൊഴി വഴിയും വരമൊഴിയിലൂടെയും അവക്കൊക്കെ നൂറാവര്‍ത്തി മറുപടി നല്‍കിയിട്ടും കുപ്രചരണങ്ങളും ചരിത്രവക്രീകരണങ്ങളും അവര്‍ അവസാനിപ്പിക്കുന്നില്ലെന്നത് നൂരിഷ ത്വരീഖത്തിന്റെ അന്തസ്സാരശൂന്യത ബോധിപ്പിക്കുന്നുണ്ട്.
നൂരീഷയുടെ 'അസ്‌റാറു ലാഇലാഹ ഇല്ലല്ലാഹ്' എന്ന കൃതിയില്‍ വഹാബിസം ജല്‍പ്പിക്കുന്ന പലകാര്യങ്ങളും എഴുതിയിരിക്കുന്നു. ഇസ്തിഗാസ, തബര്‍റുക്ക് തുടങ്ങിയ കാര്യങ്ങള്‍ ശിര്‍ക്കോ അതിനോടടുത്തതോ ആണെന്ന് സമര്‍ത്ഥിക്കുകയാണതില്‍. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്ന് ല്‍പ്പെറഏ ത്സഏ ഛള്‍„ഞ്ചലത്സ എന്ന അര്‍ത്ഥം കല്‍പിക്കാതെ വെറും ല്‍പ്പെറഏ ൂത്സഏ Šƒഘƒണ്മഏ ശ്ശക്കഢƒയ ത്സ എന്നു വന്നുചേരുന്ന അര്‍ത്ഥം മുരീദുമാര്‍ക്കിടയില്‍ പഠിപ്പിക്കുന്നു. നൂരിഷയുടെ 'അഹമ്മദിയ്യ ത്വരീഖത്ത്' എന്ന കൃതിയിലും ഇതുകാണാം.
അദ്ദേഹത്തിന്റെ 'തഫ്‌സീര്‍ നൂരി' എന്ന രചനയില്‍ അല്ലാഹുവിന്റെ സിഫത്തുകള്‍ ഇഷ്ടാനുസരണമുള്ളവയാണെന്ന വികല വിശ്വാസം കാണാം. ഇതു സ്വിഫാത്തുകളുടെ നിര്‍ബന്ധസ്തിത്വത്തിനു എതിരാണ്. മറ്റൊരാളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാത്തത് എന്ന അര്‍ത്ഥത്തില്‍ അവ. ആണെന്ന് പറയാമെങ്കിലും അതു നൂരിഷ പറയുന്ന അര്‍ത്ഥത്തിലല്ല.
അല്ലാഹു തടികൊണ്ടുതന്നെ സൃഷ്ടികളുമായി സഹത്വമുള്ളവനാണെന്ന് അപകടവാദവും നൂരിഷയുടെ ഗ്രന്ഥത്തിലുണ്ട്. പ്രത്യക്ഷത്തില്‍ ആ ആശയം തോന്നിപ്പിക്കുന്ന വചനങ്ങള്‍ക്കൊക്കെ അല്ലാഹു അറിവുകൊണ്ടും സഹായം കൊണ്ടും നിങ്ങളുടെ കൂടെയുണ്ടെന്നാണ് വിവക്ഷയെന്ന് മുഫസ്സിറുകള്‍ വിവരിച്ചിട്ടുണ്ട്. മാത്രവുമല്ല, അതാണ് വിവക്ഷയെന്നും ദാത്ത് കൊണ്ടുള്ള മഇയ്യത്തിന്റെ മേല്‍ ഉപരിസൂചിത ആയത്തുകളെ ചുമത്തരുതെന്നും ഉമ്മത്ത് ഏകോപിച്ചിരിക്കുന്നതായി തഫ്‌സീര്‍ ബഹ്‌റുല്‍ മുഹീത്വില്‍ 4/277 തുറന്നു പറഞ്ഞിരിക്കുന്നു. അദ്വൈതവാദത്തിന്റെ അംശങ്ങള്‍ കൂടിക്കലര്‍ന്ന വിവരണങ്ങളാണ് ഇവ്വിഷയകമായി നൂരിഷക്കാര്‍ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ദാത്തിയ്യായ മഇയ്യത്തല്ല, സിഫാത്തുകള്‍ കൂടെയാവുക അഥവാ അവ ബന്ധപ്പെടുക എന്നതാണ് അല്ലാഹുവിന്റെ മഇയ്യത്തുകൊണ്ടുദ്ദേശ്യമെന്ന് മുഫസ്സിറുകളുടെ ഏകാഭിപ്രായത്തെ ഒരു നവനൂരി പറഞ്ഞൊപ്പിച്ചത് ഇപ്രകാരമാണ്.
''പ്രസ്തുത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നമ്മുടെ ഇമാമുകള്‍ അല്ലാഹു കൂടെയുണ്ടെന്ന് വിവരിക്കുന്ന ആയത്തിന്, അറിവുകൊണ്ട് കൂടെ ഉണ്ടെന്നും സഹായംകൊണ്ട് കൂടെ ഉണ്ടെന്നും വ്യാഖ്യാനിച്ചത് സൂഫിയാക്കള്‍ അവരുടെ ആത്മശുദ്ധീകരണംകൊണ്ടും ആത്മീയ പ്രയാണം മുഖേനയും അനുഭവിച്ചറിഞ്ഞ ദാത്തിയ്യായ മഇയ്യത്തിനെ നിഷേധിക്കാനല്ല. നമ്മുടെ സകല പ്രവര്‍ത്തനങ്ങളും അല്ലാഹു അറിയുകയും കാണുകയും ചെയ്യുന്നു. അവന്‍ പരമാധികാരിയും മനുഷ്യനില്‍ എപ്പോഴും എന്തും ചെയ്യാന്‍ കഴിവുള്ളവനാണ് എന്ന് ബോധിപ്പിക്കുക വഴി അല്ലാഹുവിന്റെ ഖശിയ്യത്തും മഹബ്ബത്തും പൊതുജനങ്ങള്‍ക്ക് ഉണ്ടാക്കിക്കൊടുക്കലാണ് അവരുടെ ലക്ഷ്യം.(അല്‍ബുര്‍ഹാന്‍ മര്‍ഹൂം ബി. കുട്ടി ഹസന്‍ ഹാജി അനുസ്മരണ പതിപ്പ് പേജ് 73)
മുഫസ്സിറുകളുടെ ഈ വ്യാഖ്യാനം പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ളതാണ് എന്നാണ് മറുപടിയുടെ ചുരുക്കം. എന്നാലത് തീര്‍ത്തും ശരിയല്ല. മുഫസ്സിറുകള്‍ അല്ലാഹുവിന്റെ ഖുര്‍ആനിക വചനങ്ങളുടെ ഉദ്ദേശ്യങ്ങള്‍ സാധ്യമായത്ര വിവരിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ ബഹുജനങ്ങളെ ഉത്‌ബോധിപ്പിക്കാന്‍ പറ്റും വിധമുള്ള അര്‍ത്ഥം ഖുര്‍ആനിനും നല്‍കലല്ല അവരുടെ പണി. മുഫസ്സിറുകളെ അവരുടെ ഉദ്യമത്തിനു വിടുന്നതാണ് കരണീയമെന്നാണ് നമുക്ക് പറയാനുള്ളത്. അവരുടെ വ്യാഖ്യാനങ്ങള്‍ സര്‍വ്വപ്രധാനങ്ങളാണ്.
വേങ്ങാട് കൈക്കാര്‍
സമസ്തയുടെ കാര്യദര്‍ശിയായിരുന്ന ശംസുല്‍ ഉലമാ (ഖ.സി) പതിറ്റാണ്ടുകള്‍ക്കു മുമ്പേ ശക്തമായി ആഞ്ഞടിച്ച് നിഷ്പ്രഭമാക്കിയ ത്വരീഖത്ത് വേഷധാരിയാണ് കണ്ണൂരിലെ വേങ്ങാട് അബ്ദുല്ലാ ശൈഖ് (ഇയാള്‍ ഈയിടെ മരണമടഞ്ഞു) അബ്ദുല്ലാ ഖാദിരി എന്നു പറഞ്ഞു ശരീഅത്തു വിരുദ്ധ ജീവിതവും ആശയവും ഇയാളും കൂട്ടരും വെച്ചുപുലര്‍ത്തുകയുണ്ടായി. ഇയാളുടെ അഖീദയില്‍ പിഴച്ച ചില വരികള്‍ കാണുക:
''അല്ലാഹു വാജിബായ സ്വിഫത്തുകള്‍ മുഴുവനും അല്ലാഹുവിന്റെ വുജൂദില്‍ സമ്മേളിക്കപ്പെടുന്നു. വാജിബുല്‍ വുജൂദായ വഹ്ദത്തുല്‍ വുജൂദ് റസൂലുല്ലാഹി അല്ലാതെ മറ്റൊന്നുമല്ല. അഖീദയില്‍ ആകെ അറിയാന്‍ കഴിയുന്നത് വഹ്ദത്തുല്‍ വുജൂദിനെ കുറിച്ച് മാത്രമാണ്. വഹ്ദത്തുല്‍ വുജൂദിനെ വ്യക്തമായി സ്ഥാപിക്കുന്ന തെളിവുകളുടെ സമാഹാരത്തിനാണ് അഖീദ എന്നു പറയുന്നത്. ഈ അഖീദ അറിയല്‍ എല്ലാ മുകല്ലിഫിന്റെ മേലിലും അനിവാര്യമാക്കിയിരിക്കുന്നു.'' (വേങ്ങാട് ശൈഖ് രചിച്ച ആത്മജ്ഞാനത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ പേജ് 65)
ശരീഅത്തിനോട് വിമുഖത കാണിക്കലാണ് ഇയാളുടെയും കൂട്ടരുടെയും മുഖമുദ്ര. എല്ലാം ഖാദിരിയത്തിന്റെയും മറ്റു ആദ്ധ്യാത്മിക സരണികളുടെയും പേരില്‍. ഇയാളുടെ ഒരു നിമിഷം, ഹല്‍ക്കട്ടാ ശരീഫിലൂടെ, ഖാദിരിയ്യ അല്‍ ഖദീരിയ്യ സില്‍സില കേരളത്തില്‍, വീണ്ടും തുടങ്ങിയ കൃതികളെല്ലാം തീര്‍ത്തും ശറഈ വിരുദ്ധവാദങ്ങള്‍ എഴുന്നള്ളിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഉലമാക്കള്‍ ഇക്കൂട്ടരെയും തള്ളിക്കളയുകയുണ്ടായി.
ആലുവാ ത്വരീഖത്ത്
ആലുവക്കടുത്ത് തുരുത്ത് സ്വദേശി യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്ത്തി എന്ന പേരില്‍ കളരിക്കല്‍ യൂസുഫ് എന്നയാള്‍ പ്രചരിച്ച ത്വരീഖത്താണിത്. ദീര്‍ഘമായ പഠനത്തിനും പരിചിന്തനത്തിനും ശേഷം 29.03.2006-ന് ചേര്‍ന്ന സമസ്ത മുശാവറ ഈ ത്വരീഖത്ത് പിശച്ചതാണെന്നും ബഹുജനങ്ങള്‍ അതിലകപ്പെടരുതെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. ഖാദിരിയ്യത്തിന്റെ പേരില്‍ തന്നെയായിരുന്നു ഇവരുടെ പ്രവര്‍ത്തനവും.
നേരത്തെ പറഞ്ഞ വേങ്ങാടു ശൈഖിന്റെ അതേ കൈവഴിയിലാണു യൂസുഫ് സുല്‍ത്താനുമുള്ളത്. രണ്ടുപേരും കര്‍ണ്ണാടക ഹല്‍ക്കട്ടയിലെ മുഹമ്മദ് ബാദുഷാ യമനിയുമായി തങ്ങള്‍ സഹവസിക്കുകയും ശിഷ്യപ്പെടുകയും ചെയ്തതായി അവകാശപ്പെടുന്നു. മുഹമ്മദ് യമനിയുടെ 'ഗുല്‍സാറെ ഖദീര്‍' എന്ന ഉര്‍ദു ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ചാണ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ശംസുല്‍ ഉലമ (റ) വേങ്ങാട് ശൈഖിനെ എതിര്‍ത്തത്. അതേ ഗുല്‍സാറെ ഖദീര്‍ യൂസുഫ് സുല്‍ത്താനും വിനയായത് സ്വാഭാവികം.
മൊത്തം ത്വരീഖത്തുകള്‍ പതിനാലാണെന്നും അതില്‍ ഒന്ന് സ്വീകരിച്ചാല്‍ മാത്രമേ മുഅ്മിന്‍ ആകൂ എന്നും അത് താന്‍ നേതൃത്വം നല്‍കുന്ന ത്വരീഖത്താണെന്നും ബാക്കി പതിമൂന്നില്‍ ഏതു സ്വീകരിച്ചാലും മുസ്‌ലിമായി മരിക്കാനെ സാധിക്കൂ, മുഅ്മിനായി മരിക്കാന്‍ കഴിയില്ലെന്നും യൂസുഫ് സുല്‍ത്താനും തന്റെ ഖലീഫമാരും മുരീദുമാരും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ലാ ഇലാ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന തൗഹീദിന്റെ വചനം അംഗീകരിച്ചവരൊക്കെ മുസ്‌ലിമും മുഅ്മിനുമാണെന്ന മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഇനെ നിഷേധിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ശൈഖിന്റെ വാദം സമര്‍ത്ഥിക്കാന്‍ ചില മുരീദുമാര്‍ രംഗത്തുവന്നത്. ഈമാനും ഇസ്‌ലാമും ഒന്നാണെന്നോ മുഅ്മിനും മുസ്‌ലിമും ഒന്നാണെന്നോ ഉള്ള ഒരു ഇജ്മാഅ് പണ്ഡിതന്മാരെങ്കിലും ഉദ്ധരിച്ചതായി ഒരു കിതാബിന്റെ ഉദ്ധരണി പോലുമില്ലെന്ന് അവര്‍ ജല്‍പിച്ചു. (ത്വരീഖത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി പേജ്, 6, 42)
മതകീയമായി അംഗീകരിക്കപ്പെടുന്ന ഇസ്‌ലാമും ഈമാനും മുഅ്മിനും മുസ്‌ലിമും ഒന്നാണെന്ന ഇജ്മാഅ് നിരവധി ഇബാറത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹാശിയത്തു മുല്ലാ അഹമദ് പേജ്. 185, ഇബ്‌നുല്‍ ഹമാമിന്റെ കിതാബുല്‍ മുസായറ, ഇത്ഹാഫ് 20248, ഫത്ഹൂല്‍ മുബീന്‍ പേജ് 60, റാസി 28/121, ശര്‍ഹുമുസ്‌ലിം 2/120,2/9 എന്നിങ്ങനെ നിരവധി ഉദ്ധരണികള്‍ പ്രസ്തുത ഇജ്മാഅ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഭാഷാര്‍ത്ഥപ്രകാരം ഈമാനും ഇസ്‌ലാമും രണ്ടര്‍ത്ഥത്തിലാണ്. ഇതുവെച്ച് അവയെ രണ്ടായി വിശദീകരിച്ച ചില വരികള്‍ ഉദ്ധരിക്കുന്ന ആലുവ വിഭാഗത്തിന്റെ രീതി മൗഢ്യമാണ്. ചില സ്ഥലങ്ങളില്‍ മുഅ്മിനും മുസ്‌ലിമും രണ്ടായി നമ്മുടെ ഇമാമുകള്‍ വിവരിച്ചത്, രണ്ടും വാക്കാര്‍ത്ഥപരമായി പര്യായപദങ്ങളാണെന്ന് സിദ്ധാന്തിച്ച് ഈമാനിന്റെയും കുഫ്‌റിന്റെയുമിടയില്‍ മറ്റൊരു സ്ഥാനം സ്ഥാപിക്കുന്ന ഖദ്‌രീ, മുഅ്ത്തസിലി ആശയക്കാരെ ഖണ്ഡിക്കാന്‍ മാത്രമായിരുന്നു. ഇക്കാര്യം ഇമാം സുബ്കി (റ) ത്വബഖാത്ത് 1/77-ല്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ മതപരമായി മുസ്‌ലിമായവന്‍ മുഅ്മിനുമാണ്.
അഖീദയില്‍ പാളിച്ചയുള്ള കെട്ടുകഥകളുടെ വാഹകരാണ് ഈ ത്വരീഖത്തുകാര്‍ എന്ന് അവരുടെ ഗുല്‍സാറെ ഖദീറിന്റെ പേജുകള്‍ തെളിയിക്കുന്നു. പഞ്ച്തന്‍ പാക് (മുഹമ്മദ് (സ), അലി, ഫാത്വിമ, ഹസന്‍, ഹുസൈന്‍ (റ)) എന്നീ വിശുദ്ധ വ്യക്തിത്തവങ്ങളെക്കുറിച്ച് അഭൗമമായ ചില കാര്യങ്ങള്‍ വിവരിച്ച് അവര്‍ അഞ്ചുപേര്‍ക്കും ഒന്നിച്ച് അശ്‌റഫുല്‍ ഖല്‍ഖ് എന്ന പദവി ചാര്‍ത്തുകയാണ് ഗുല്‍സാറെ ഖദീര്‍. ഇതു ഭീമാബദ്ധമാണ്. മുഹമ്മദ് നബി (സ) യാണ് അശ്‌റഫുല്‍ ഖല്‍ഖ്. പിന്നെ ഇതര അമ്പിയാക്കളും അതുകഴിഞ്ഞ് 3 ഖലീഫമാര്‍ക്കും പിറകെയാണ് അലി (റ) വിനും മറ്റും സ്ഥാനമുള്ളത്.
ആദം നബി (അ) ന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ പടച്ചുണ്ടാക്കിയ ഒരു വിചിത്ര കഥയുണ്ട്. നീണ്ട ആ കഥയില്‍ മലക്കുകളെ കുറിച്ച് അഹങ്കാരം, അസൂയ, കോപം, ശത്രുത എന്നിവ ആരോപിച്ചിരിക്കുന്നു. അല്ലാഹുവിന് മറവിയുണ്ടായി എന്നുവരെ മലക്കുകള്‍ പറഞ്ഞതായി ഗുല്‍സാറില്‍ കാണുന്നു. (പേജ് 45-53), ഗുല്‍സാറിലെ ഈ കഥയ്ക്കു മറുപടി പറയാന്‍ പാടുപെട്ടിരുന്ന ഇവ്വിഭാഗം, പക്ഷെ, പ്രസ്തുത കഥ ഒന്നുദ്ധരിക്കാന്‍പോലും തയ്യാറാകാത്തതാണ് ഏറെ കൗതുകം.
അഹ്‌ലുബൈത്തിലെ 12 ഇമാമീങ്ങള്‍ക്കു പ്രത്യേകം ഗ്രന്ഥം അല്ലാഹു ജിബ്‌രീല്‍ മുഖേന വഹ്‌യായി ഇറക്കിക്കൊടുത്തിട്ടുണ്ടെന്ന ശീആ വാദം ഇസ്‌ലാമിക ലോകം തള്ളിക്കളഞ്ഞതാണ്. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്ന ശീആ പണ്ഡിതന്‍ കുലൈനിയുടെ ഖണ്ഡിക എടുത്തുദ്ധരിച്ച് അതംഗീകരിക്കുയാണ് ഗുല്‍സാറില്‍ മുഹമ്മദ് യമനി കാണിച്ചിരിക്കുന്നത്. (ഗുല്‍സാര്‍ പേജ്. 157)
ഇസ്‌ലാമിക കര്‍മശാസ്ത്രത്തെയും അതിന്റെ ഇമാമുകളെയും കേവലം ജ്വാഹിലീ തലത്തില്‍ വീക്ഷിച്ച് അവരെ പരിഹസിക്കുന്ന ഏര്‍പ്പാട് എല്ലാ പിഴച്ച ത്വരീഖത്തുകാരിലും സാധാരണ കണ്ടുവരാറുള്ളതാണ്. ഖാദിരിയ്യത്തിന്റെ പേരില്‍ സംസാരിക്കുന്ന സുല്‍ത്താന്റെ അനുയായികള്‍ എഴുതിയതിങ്ങനെയാണ്. ''ആരിഫീങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് തള്ളിവിട്ട കിതാബുകളില്‍ രേഖപ്പെടുത്തപ്പെട്ട ലിപി മനഃപാഠമാക്കിയ ബാഹ്യമത പണ്ഡിതന്മാര്‍ക്ക് ഒരിക്കലും നബിമാരുടെ അനന്തര സ്വത്ത് ലഭിക്കുന്നില്ല. അവര്‍ നബിമാരുടെ അനന്തരാവകാശികളാകുന്നില്ല. മറിച്ച് അവര്‍ക്ക് ലഭിച്ച വിജ്ഞാനം ഇബ്‌ലീസിനുണ്ടായിരുന്ന വിജ്ഞാനം പോലെ തള്ളപ്പെടേണ്ടതും ഉപകാരമില്ലാത്തതുമാണ്. (മാറ്റൊലി 2006 ഏപ്രില്‍ 10)
ഉദ്ധ്യത ത്വരീഖത്തുകളും മറ്റുവ്യാജ വികൃതി ത്വരീഖത്തുകളൊക്കെയും തന്നെ തങ്ങളുടെ അബദ്ധങ്ങള്‍ക്ക് പ്രമാണമായി മഹാന്മാരായ മശാഇഖുമാരുടെ ചില വചനങ്ങള്‍ എടുത്തുപറയാറുണ്ട്. അവരുടെ ഉദ്ദേശ്യങ്ങളും സാങ്കേതിക ഉപയോഗങ്ങളും സാങ്കേതിക ഉപയോഗങ്ങളും മനസ്സിലാക്കാതെയാണ് അവരിങ്ങനെ പ്രമാണം പറയുന്നത്. എന്നാലിപ്രകാരം അനേകം പേര്‍ പിഴച്ചു പോയതായി ചരിത്രത്തില്‍ കാണാം. അതുസംബന്ധിച്ച് ഇമാം ഇബ്‌നു ഹജര്‍ (റ) പ്രസ്താവിച്ചതെന്തെന്ന് നോക്കാം.
''നമ്മുടെ ഗുരുനാഥന്മാരുടെ ഗുരുവര്യന്മാരില്‍ ഒരാള്‍ അദ്ദേഹം തസവ്വുഫും പ്രാമാണിക ബൗദ്ധിക വിജ്ഞാനീയങ്ങളും ആര്‍ജ്ജിച്ചവരാണ് പറഞ്ഞു. യഥാര്‍ത്ഥമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, സൂഫികളുടെ തെറ്റിദ്ധാരണയുളവാക്കുന്ന ചില സാങ്കേതിക ശബ്ദങ്ങള്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിച്ച ആളുകളെ ഞാന്‍ കാണുകയാണെങ്കില്‍ ഞാനവരെ ആക്ഷേപിക്കുമായിരുന്നു. കാരണം, അവ സാധാരണക്കാരെയും തസവ്വുഫ് വാദികളായ വിഡ്ഢികളെയും വഴിതെറ്റുക്കുന്നവയാണ്. ഇബ്‌നുഹജര്‍(റ) തുടര്‍ന്നെഴുതി: സൂഫികളുടെ പ്രസ്തുത സാങ്കേതിക ശബ്ദങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ അവരുടെ സാങ്കോതികോപയോഗങ്ങള്‍ വിനഷ്ടമാകാതെ സംരക്ഷിക്കുക തുടങ്ങിയ ശരിയായ ഉദ്ദേശ്യമൊന്നുമില്ലെങ്കിലേ മേല്‍ ഗുരുനാഥന്റെ വിമര്‍ശനത്തിനു ന്യായമുള്ളൂ. പിന്നെ ത്വരീഖത്തുവാദികളായ മൂഢന്മാര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ തടയുവാന്‍ ഇവിടെ മതപണ്ഡിതന്മാരുണ്ടല്ലോ. (തുഹ്ഫ 9/82)
മഹാന്മാരുടെ ചില നിഗൂഢ വചനങ്ങലെ അസ്ഥാനത്തുദ്ധരിച്ചുകൊണ്ടാണ് പലപ്പോഴും വികല ത്വരീഖത്തുകാര്‍ നിലനില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ അത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍, ഇബ്‌നുഹജര്‍ (റ) പറഞ്ഞതുപോലെ, എക്കാലത്തും നമ്മുടെ ഉലമാഇനു സാധിച്ചിട്ടുണ്ട്. അവസാനമായി വികല ത്വരീഖത്തുവാദികളുടെ കുതന്ത്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരുദ്ധരണി വായിക്കുക.
''ഇനി ശൈത്വാനിയ്യായ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത്ത് ഇതുകളെ സിന്ദീഖീങ്ങള്‍, റാഫിഈങ്ങള്‍, ശിആക്കള്‍ ഇങ്ങനെയുള്ള തെറ്റുവടിക്കാര്‍ ജനങ്ങളുടെ പക്കല്‍ നിന്ന് മുതലുകള്‍ വേട്ടയാടാനും സ്ത്രീകളെ സ്വാധീനം വരുത്തുവാനും പല യുക്തിയും ചെയ്ത് ശൈത്വാനെയും ജിന്നിനെയും സേവിച്ച് അവരെ വഴിയായി ജനങ്ങള്‍ക്ക് ഉറക്കില്‍ പല അത്ഭുതമായ കാര്യങ്ങളും കാണിച്ചുകൊടുത്തു റസൂലിന്റെ മേല്‍ പൊള്ളയായ ഹദീസുകളെ കെട്ടി ഖുര്‍ആനിന് മുഫസ്സിരീങ്ങള്‍ അറിയാത്തതും ഓര്‍ക്കാത്തതുമായ പല മഅ്കളും കെട്ടിപ്പറഞ്ഞു. സ്വത്തുകാരെ സ്വാധീനം വെച്ച്, ഈ കൂട്ടത്തില്‍ ആരിഫീങ്ങളെ ചില കലാമും അവരുടെ ഹവാക്ക് ഒത്തത് ചേര്‍ത്ത് ഈ വക ഇല്‍മുകളെല്ലാം മുസ്‌ലിയാന്മാര്‍ക്ക് ഉണ്ടാകുന്നതല്ല. ഇതുകള്‍ അവരുടെ കിതാബുകളില്‍ കാണുന്നതല്ല. മശാഇഖുമാരുടെ വായില്‍ നിന്ന് പിടിച്ചെടുക്കുന്നതാണ്. ഇതാണ് മറച്ചുവെക്കാന്‍ പറഞ്ഞ ഇല്‍മുകള്‍. ഇതു നമ്മള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞുകൂടാ. എന്നിങ്ങനെ ചില നിയമവും നിശ്ചയിച്ചു അവരെ ഹവാക്ക് ഒത്ത ചില രിയാളകളെയും നിയമിച്ചു, അപ്പോള്‍ അവര്‍ക്ക് പടച്ചവന്‍ പറഞ്ഞതുപ്രകാരം ചില ശൈത്വാന്മാര്‍ വസ്‌വാധീനപ്പെടലും ചിലര്‍ക്ക് അവരുടെ രിയാളകളില്‍ ഫാസിദായ ചില ഊഹങ്ങളും മറ്റും ഉണ്ടായിത്തീരലും, അതുമുതല്‍ ശരീഅത്തിനെ പറിച്ചു ചീന്തിനടക്കലും ഇങ്ങനെത്തന്നെ കള്ളത്വരീഖത്തുകാരില്‍പെട്ട മുമ്പ് ചില രാജ്യങ്ങളിലുണ്ടായിരുന്നവരെകൊണ്ട് ഗുണം പറയലും ഉലമാഅ് അവരെ നിഷേധിച്ചത് ഉലമാഇത് വിവരമില്ലാഞ്ഞിട്ടാണെന്ന് പറയലും അവര്‍ക്കുള്ള ലക്ഷണങ്ങളാണ്. (ഹിദായത്തുല്‍ മുതലത്വിഖ് ബി ഗവായത്തില്‍ മുതശയിഖ് പേജ്. 27)
നടേ വിവരിച്ച എല്ലാ ത്വരീഖത്തു വൈകൃതക്കാരും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരാണെന്നതില്‍ സന്ദേഹമില്ല. അപഹാസ്യമായ ദുര്‍ന്യായങ്ങളും പൂര്‍വ്വകാല ഉമ്മത്തുകളുടെ ശറഈ നിയമങ്ങളും ദലീല്‍ പിടിച്ച് തങ്ങളുടെ പിഴച്ച നടപടികളെ സാധൂകരിക്കാന്‍ അവര്‍ ഒരുമ്പെടാറുണ്ട്. തൃശൂര്‍ ജില്ലയിലുള്ള ഒരു ശൈഖ് സ്വന്തം സഹോദരിയെ ഭാര്യയാക്കി വെച്ചിരിക്കുകയാണ്. ഇതിനയാള്‍ പറയുന്ന ന്യായം ഇങ്ങനെയാണത്രെ. ആദം നബി (അ) യുടെ ആണ്‍മക്കള്‍ ആദം നബി (അ) യുടെ തന്നെ പെണ്‍മക്കളായ സഹോദരിമാരെയാണല്ലോ നികാഹ് ചെയ്തിരിക്കുന്നത്. ഇതാണ് തന്റെ നടപടിക്ക് തെളിവ് എന്നാണ് അയാള്‍ പറയുന്നത്. ദിക്ര്‍ മഹ്‌ളറയില്‍ നിറയെ ശൈഖിന്റെ ചെറുതും വലുതുമായ ഫോട്ടോകള്‍ നിരത്തിവെച്ച മറ്റൊരു ത്വരീഖത്തുകാരുടെ വിശദീകരണം ഇപ്രകാരമാണ്: മയ്യിത്തിനെ ഖബ്‌റില്‍ മറമാടിക്കഴിഞ്ഞാല്‍ ചോദ്യം ചെയ്യപ്പെടുന്ന സമയം റസൂല്‍ (സ്വ) യുടെ ഫോട്ടോയല്ലേ കാണിച്ചുകൊടുക്കുന്നത്. അതേ മുറക്കാണ് തങ്ങളും ശൈഖിന്റെ രൂപം കൊണ്ടു നടക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഖബ്‌റിലെ ഫോട്ടോയും ദുന്‍യാവിലെ ഫോട്ടോയും വിഭിന്നങ്ങളാണ്. ഒന്ന് അദൃശ്യവും മറ്റേത് ദൃശ്യവും. രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് അബദ്ധമാണ്. സ്വര്‍ഗത്തില്‍ കള്ളിന്റെ പാനീയം കുടിക്കടപ്പെടുമെന്ന് കണ്ട് ഇഹലോകത്തുമദ്യപിക്കാന്‍ പറ്റുമോ? കഞ്ചാവു വലിക്കാരായ ചില കള്ളത്വരീഖത്തുകാര്‍ക്ക് സ്വര്‍ഗത്തിലെ കള്ളും കടിഞ്ഞാണായ്ക്കൂടായ്കയില്ല.
ഖാദിരിയ്യ, ചിശ്തിയ്യ സരണിയുടെ വക്താക്കളായിട്ടാണ് ഈ ത്വരീഖത്തുകാര്‍ സ്വയം പരിചയപ്പെടുത്തുന്നത്. എറണാകുളം ജില്ലയിലെ ആലുവ തുരുത്ത് സ്വദേശിയായ യൂസുഫ് സുല്‍ത്താനാണ് സ്ഥാപകന്‍. ദുരൂഹവും ശറഈ വിരുദ്ധമായ ആലുവാ ത്വരീഖത്തിന്റെ നിജസ്ഥിതി അറിയാന്‍ സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 1999 മാര്‍ച്ച് 15 ന് കലൂര്‍ ഹൈവേ മസ്ജിദ് ഹുസൈനിക്കു മദ്‌റസയില്‍ മുഫത്തിശ് എം.ഐ. ലത്വീഫ് മൗലവിയുടെ അധ്യക്ഷത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പി.എ. മൂസല്‍ഫൈസി അവതാരകനും കെ. അബ്ദുസ്സമദ് ഫൈസി അനുവാദകനുമായി പാസാക്കിയ പ്രമേയം സമസ്തയിലേക്ക് അയക്കുകയുണ്ടായി. പ്രസ്തുത പ്രമേയത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യുല്‍ ഉലമ കേന്ദ്രമുശാവറയെ എസ്.കെ.ജെ. റെയ്ഞ്ച് മുഖേന പി.എ. മൂസല്‍ ഫൈസി അറിയിക്കുന്നത് ''ആലുവതുരുത്ത് യൂസുഫ് സുല്‍ത്താന്‍ എന്ന ആളെക്കുറിച്ച് എറണാംകുളം റൈഞ്ചില്‍ നിന്നും അയച്ച പ്രമേയത്തിന് മൗലവിയും കൂടി തുരുത്തില്‍ പോയി മഹല്ല് വാസികളും ജമാഅത്ത് കമ്മറ്റി ഭരണസമിതി മെമ്പറും പള്ളി ഇമാമും കൂടി ടി. യൂസുഫ് സുല്‍ത്താന്റെ ബന്ധുക്കളും ഉള്‍പ്പെടെ വിശ്വസ്തരായ ഏഴ്‌പേരെ നേരില്‍ കണ്ട് ശേഖരിച്ച വിവരണത്തിന്റെ സംക്ഷിപ്ത റിപ്പോര്‍ട്ട്.
1. തുരുത്ത് കളരിക്കല്‍ യൂസുഫ് വാപ്പ അബ്ദുര്‍ഹ്‌മാന്‍ കാക്ക (ഇദ്ദേഹം ഒരു ജിന്ന് സേവയുള്ള ആളായിരുന്നു)
2. മാതാവ് പാത്തുമ്മതാത്ത ദിനീ വിജ്ഞാനമോ ദീനിന്റെ നടപടികളോ ഇല്ലാത്ത ഒരു പാവപ്പെട്ട സാധാരണ കുടുംബമായിരുന്നു. യൂസുഫ് ചെറുപ്പത്തില്‍ ഒരു വിദ്യാഭ്യാസവും നേടിയിട്ടില്ല. വീട്ടിലെ കഷ്ടപ്പാട് കാരണം 15.ാം വയസ്സില്‍ നാടുവിട്ടു. പത്ത്-പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഉദ്ദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നീണ്ടതാടിയും കെട്ടും കോട്ടും കഴുത്തില്‍ തസ്ബീഹ് മാലയും എല്ലാവിരലുകളിലും മോതിരവുമണിഞ്ഞ് നാട്ടില്‍ വന്ന് തന്റെ എളാമ്മ (മാതൃസഹോദരി) യുടെ വീട്ടില്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ എന്ന പേര് സ്വീകരിച്ച് താമസം തുടങ്ങി. നാട്ടുകാരും ബന്ധുക്കളും ശൈഖായി അംഗീകരിക്കുകയോ ഗൗനിക്കുകയോ ചെയ്തില്ല. അധികം താമസിയാതെ പ്രസ്തുത വീട്ടിലെ എളാമ്മയുടെ വിവാഹിതയായ മകളെ (ഭര്‍ത്താവ് മദ്യപാനിയാണെന്നും പറഞ്ഞ്) വിവാഹബന്ധം വേര്‍പ്പെടുത്തി യൂസുഫ് ശൈഖ് വിവാഹം കഴിച്ചു. (പ്രസ്തുത വിവാഹത്തിന്റെ പശ്ചാതലം നാട്ടുകാര്‍ പലതും പറയുന്നത്കാരണം ഇവിടെ വിവരിക്കുന്നില്ല.)
3. ആലുവ തുരുത്ത് മുസ്‌ലിം ജമാഅത്ത് വര്‍ഷങ്ങളായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും വിദ്യാഭ്യാസബോര്‍ഡിന്റെയും അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മഹല്ലാണ്. ആറാം വാര്‍ഡിന്റെ കീഴില്‍ 35/34.ാം നമ്പ്രായി അംഗീകരിച്ച് ആലുവ റെയ്ഞ്ചിന്റെ കീഴില്‍ മദ്രസത്തുല്‍ അറബിയ്യയും രണ്ട് ബ്രാഞ്ച് മദ്‌റസകളും ജമാഅത്ത് കമ്മറ്റി നടത്തി വരുന്നു. പള്ളിയും ദീനീ സ്ഥാപനങ്ങളും ദീനി പ്രവര്‍ത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ജാഹിലായ കളരിക്കല്‍ യൂസുഫ് ദീര്‍ഘകാലം ഊരുചുറ്റി വനവാസത്തിലായിരുന്നു എന്ന് പറഞ്ഞ് നടന്നശേഷം ശൈഖും വലിയ്യുമായി രംഗത്ത് വന്നെങ്കിലും നാട്ടുകാര്‍ അംഗീകരിച്ചില്ല. ടിയാന്‍ തൊട്ടടുത്തുള്ള പള്ളിയില്‍ പോയി ഒരു വഖ്തിന് പോലും ജമാഅത്തില്‍ പങ്കെടുക്കുകയില്ല. ദീനിയ്യായ ഒരു വിവരവുമില്ല. ശരീഅത്തിന്റെ നിലപാടുകളോട് യാതൊരു താത്പര്യവുമില്ല. എന്നാല്‍ സമസ്തയുടെ ചില പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും യൂസുഫ് സുല്‍ത്താന്റെ സ്ഥിരം സന്ദര്‍ശകരും ധനപറ്റുകാരുമായപ്പോള്‍ അവരുടെ പ്രേരണയാല്‍ സാത്വികരായ പലരും അയാളുടെ കെണിയില്‍ പെട്ടിട്ടുണ്ട്.
4. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുരുത്ത് ജുമാമസ്ജിദ് പുനര്‍നിര്‍മാണത്തിന് വേണ്ടി മതപ്രസംഗ പരമ്പര നടത്തിയപ്പോള്‍ പള്ളി നിര്‍മ്മാണത്തിന് ടി.യൂസുഫ് സുല്‍ത്താന്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രസംഗ സ്റ്റേജിലൂടെ അത് പരസ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് പള്ളിക്കമ്മിറ്റി പ്രസ്തുത സംഖ്യക്ക് സമീപിച്ചപ്പോള്‍ തന്നെകൊണ്ട് ശിലാസ്ഥാപനം നടത്തിക്കണമെന്ന് ഡിമാന്റ് ചെയ്തു. കമ്മറ്റി അതംഗീകരിക്കാത്തതിന്റെ പേരില്‍ വാഗ്ദത്ത സംഖ്യ പള്ളിക്ക് കൊടുത്തില്ല. അന്നത്തെ ഖത്വീബിനെകൊണ്ട് പള്ളിയുടെ ശിലാസ്ഥാപനം നടത്തിയപ്പോള്‍ യൂസുഫ് സുല്‍ത്താന്‍ പറയുകയുണ്ടായി: ''അവിടെ പള്ളിക്കല്ല; അമ്പലത്തിന്നാണ് തറക്കല്ലിട്ടത്''.
5. ടി. യൂസുഫ് സുല്‍ത്താന്‍ സുഖലോലുപലനും ആര്‍ഭാട ജീവിതം നയിക്കുന്നവനുമാണ്. ലക്ഷങ്ങള്‍ മുടക്കിയ ഇരുനില ബംഗ്ലാവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫര്‍ണിച്ചറുകളും ആഡംബര വസ്തുക്കളും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫോര്‍ഡ് കാറും സെല്ലുലാര്‍ ഫോണും മറ്റുമായി ജീവിക്കുന്ന ടി. ശൈഖ് പണം നല്‍കി ഒട്ടനവധി ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. തന്നെ സ്ഥിരമായി സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്ക് ആയിരക്കണക്കിന് രൂപ സംഭാവനയായി നല്‍കുകയും ചെയ്യുന്നു. തന്നോടൊപ്പം ഗുണ്ടകളെ അംഗരക്ഷകരായി മുരീദ് എന്ന നിലയില്‍ എപ്പോഴും ഉണ്ടായിരിക്കും. ടിയാന്‍ ഇടക്കിടെ വിദേശയാത്ര നടത്തുകയും ധാരാളം പണം കൊണ്ട് വരികയും ചെയ്യുന്നു.
ആലുവ ത്വരീഖത്തിനെ സംബന്ധിച്ച് മേല്‍ ആരോപണങ്ങള്‍ സമസ്തയിലെത്തിയപ്പോള്‍ അതിനെകുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പഠനവിശകലനശേഷം 29-03-2006 ന് ചേര്‍ന്ന മുശാവറ ഈ ത്വരീഖത്ത് വ്യാജമാണെന്ന് തീരുമാനിച്ചു. അത് പൊതുജനത്തിനിടയില്‍ വിളംബരം ചെയ്തു.



Leave A Comment