ഡോ. സഈദുർ റഹ്മാൻ നദ്‌വി: ഇന്ത്യന്‍ മുസ്‍ലിംകളുടെ അഭിമാനം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തും അന്താരാഷ്ട്ര അറബി സാഹിത്യ രംഗത്തും ഏഴു പതിറ്റാണ്ടുകളിലേറെക്കാലം ജ്വലിച്ചുനിന്ന പ്രകാശഗോപുരമായിരുന്നു മൗലാനാ ഡോ. സഈദുർ റഹ്മാൻ അഅ്സമി നദ്‌വി. ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ റെക്ടറും ഇന്റഗ്രൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറുമായിരുന്ന അദ്ദേഹം, തന്റെ ജീവിതം മുഴുവൻ ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ പ്രസാരണത്തിനും അറബി ഭാഷാ പ്രചാരണത്തിനുമായി സമർപ്പിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു. 2026 ഒക്ടോബർ 7 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 92-ാം വയസ്സിൽ ലഖ്‌നൗവിലെ വസതിയിൽ വെച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോൾ, അത് ഇന്ത്യന്‍ അറബി സാഹിത്യ രംഗത്തിന്റെയും നദ്‌വത്തുൽ ഉലമയുടെ ചരിത്രത്തിന്റെയും ഒരു സുവർണ്ണ അധ്യായത്തിന്റെ വിരാമമാണ് കുറിച്ചത്. ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണ വാർത്ത, ഭാരതത്തിലെയും അറബ് ലോകത്തെയും ഇസ്‌ലാമിക, സാഹിത്യ, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വലിയ ദുഃഖതരംഗമാണ് സൃഷ്ടിച്ചത്.

വിജ്ഞാനത്തോടും ആത്മീയതയോടും ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന പ്രശസ്തമായ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1934 മെയ് 14-ന് (മറ്റൊരു നിവേദന പ്രകാരം 1935 മെയ് 14) ഉത്തർപ്രദേശിലെ അഅ്സംഗഢ് ജില്ലയിലെ മൗ നാഥ് ഭഞ്ചൻ എന്ന ചരിത്രപ്രസിദ്ധമായ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് മൗലാനാ മുഹമ്മദ് അയ്യൂബ് അഅ്സമി, ഉത്തർപ്രദേശിലെ പ്രമുഖ മത കലാലയമായ ജാമിഅ മിഫ്താഹുൽ ഉലൂം മൗവിന്റെ നാസിമും (നിർവാഹകൻ) പ്രഗത്ഭനായ ഹദീസ് അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ മൗലാനാ മുഹമ്മദ് സ്വാബിർ തന്റെ കാലത്തെ ഉന്നതനായ പണ്ഡിതനും അറിയപ്പെടുന്ന ആത്മീയ ഗുരുവും തസ്വവ്വുഫിന്റെ ശൈഖുമായിരുന്നു. ഹൈദരാബാദിൽ അധ്യാപനത്തോടൊപ്പം ജനങ്ങളുടെ ആത്മവിശുദ്ധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹത്തിന് അനേകം പ്രമുഖരിൽ നിന്ന് ആത്മീയ ഖിലാഫത് ലഭിച്ചിരുന്നു. ഇത്തരത്തിൽ വീട്ടിൽ തന്നെ ഇൽമും തഖ്‌വയും നിറഞ്ഞ അന്തരീക്ഷം നിലനിന്നിരുന്നതിനാൽ ചെറുപ്പത്തിൽ തന്നെ സഈദുർ റഹ്മാനിൽ അറിവ് നേടാനുള്ള അപാരമായ താല്പര്യവും ത്വരയും സ്വാഭാവികമായി തന്നെ രൂപപ്പെടുകയായിരുന്നു.

ചെറുപ്പത്തിൽ തന്നെ മദ്രസയിൽ പോയി പഠിക്കണമെന്ന കടുത്ത ആഗ്രഹം പ്രകടിപ്പിച്ചാണ് അദ്ദേഹം തന്റെ അക്കാദമിക് യാത്ര ആരംഭിക്കുന്നത്. ജാമിഅ മിഫ്താഹുൽ ഉലൂം മൗവിൽ വെച്ച് ഖാരിഅ് അബ്ദുൽ മന്നാൻ സാഹിബിന് കീഴിൽ ബഗ്ദാദി ഖാഇദ അക്ഷരങ്ങൾ പഠിച്ചുകൊണ്ടാണ് അദ്ദേഹം വിജ്ഞാനത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചത്. വിശുദ്ധ ഖുർആൻ അധ്യയനത്തിന് ശേഷം പാഴ്‌സി ഭാഷാ സാഹിത്യ ഗ്രന്ഥങ്ങളായ ആമദ്‌നാമ, ഗുൽസാരെ ദബിസ്താൻ, ഗുലിസ്താൻ, ബൂസ്താൻ തുടങ്ങിയ ഉന്നത ഗ്രന്ഥങ്ങൾ അദ്ദേഹം പൂർണ്ണമായി പഠിച്ചെടുത്തു. മക്കളുടെ വൈജ്ഞാനിക വളർച്ചയിൽ പിതാവ് മൗലാനാ മുഹമ്മദ് അയ്യൂബ് സാഹിബ് അതീവ ജാഗ്രത പുലർത്തിയിരുന്നു. ദിവസവും മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം എല്ലാ മക്കളെയും അടുത്തിരുത്തി അവരെ പഠനത്തിൽ പരിശോധിക്കുകയും വിജ്ഞാനം കൈവരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപദേശിക്കുകയും ചെയ്യുമായിരുന്നു. പഠനത്തിന്റെ ഒരു ഘട്ടത്തിൽ കൂടുതൽ വിജ്ഞാന തൃഷ്ണയോടെ ദാറുൽ ഉലൂം ദേവ്ബന്ദിൽ പ്രവേശനം നേടിയെങ്കിലും, അവിടെ മനസ്സ് ഉറയ്ക്കാത്തതിനെ തുടർന്ന് തിരിച്ചെത്തുകയും മാതൃസ്ഥാപനമായ ജാമിഅ മിഫ്താഹുൽ ഉലൂം മൗവിൽ നിന്ന് തന്നെ ദർസെ നിസാമി കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തു.

1952-ൽ ഉന്നത ദീനി പഠനങ്ങൾക്കായി ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ പ്രവേശനം നേടിയതാണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക ജീവിതത്തിലെ ഏറ്റവും സുവർണ്ണമായ വഴിത്തിരിവായത്. നദ്‌വയിലെ അറബി ഭാഷാ സാഹിത്യ വിഭാഗത്തിൽ ചേർന്ന അദ്ദേഹം അടുത്ത മൂന്ന് വർഷക്കാലം അറബി ഭാഷ, സാഹിത്യം, തഫ്സീർ, ഹദീസ്, ഇസ്‌ലാമിക ശാസ്ത്രങ്ങൾ എന്നിവയിൽ അപാരമായ പ്രാവീണ്യം നേടി. പഠനോല്‍സുകനായ ഒരു വിദ്യാർത്ഥിയായും മികച്ച എഴുത്തുകാരനായും ചിന്തകനായും അദ്ദേഹം നദ്‌വയിൽ ശ്രദ്ധിക്കപ്പെട്ടു. 1955-ൽ നദ്‌വയിലെ പഠനം പൂർത്തിയാക്കിയ ശേഷം, അറബി ഭാഷയിലും സാഹിത്യത്തിലും കൂടുതൽ ആഴത്തിലുള്ള പ്രാവീണ്യവും സാഹിത്യ മികവും കൈവരിക്കുന്നതിനായി അദ്ദേഹം ബഗ്ദാദിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് പ്രശസ്ത അറബി പണ്ഡിതനും പശ്ചാത്യ-പൗരസ്ത്യ സാഹിത്യ വിചക്ഷണനുമായിരുന്ന അല്ലാമ തഖിയുദ്ദീൻ അൽഹിലാലി അൽമറാക്കിഷിയുടെ കീഴിൽ ഉന്നത സാഹിത്യ അധ്യയനം നടത്തി. ഇറാഖിലെ ഈ പഠനകാലം അദ്ദേഹത്തിന്റെ അറബി ഭാഷാ ശൈലിയെ കൂടുതൽ ശുദ്ധീകരിക്കാനും അന്താരാഷ്ട്ര തലത്തിലുള്ള വൈജ്ഞാനിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ഏറെ സഹായിച്ചു.

1955-ൽ തിരിച്ചെത്തിയ സഈദുർറഹ്മാൻ, മഹാനായ ഇസ്‌ലാമിക ചിന്തകനും മാർഗ്ഗദർശിയുമായിരുന്ന മൗലാനാ അബുൽ ഹസൻ അലി ഹസനി നദ്‌വിയുടെ (അലി മിയാൻ) രക്ഷാകർതൃത്വത്തിൽ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ അധ്യാപകനായി സേവനമനുഷ്ഠിക്കാൻ തുടങ്ങി. അധ്യാപന രംഗത്ത് വിദ്യാർത്ഥികളുടെ ചിന്തയെയും ഭാഷയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന പ്രഗത്ഭനായ ഒരു അധ്യാപകനായി അദ്ദേഹം മാറി. തുടർന്ന് സ്ഥാപനത്തിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ വികസിച്ചുകൊണ്ടിരുന്നു. 1993 മുതൽ 1999 വരെയുള്ള കാലയളവിൽ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലെ അറബി ഭാഷാ സാഹിത്യ വിഭാഗത്തിന്റെ തലവനായി (ഡീൻ) അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 2000-ൽ അദ്ദേഹം നദ്‌വത്തുൽ ഉലമയുടെ മൊഹ്തമിം (ചീഫ് അഡ്മിനിസ്‌ട്രേറ്റർ/പ്രിൻസിപ്പൽ) ആയി ചുമതലയേറ്റു. ഒരു നൂറ്റാണ്ടിലധികം ദൈർഘ്യമുള്ള നദ്‌വയുടെ വൈജ്ഞാനിക പാരമ്പര്യത്തെ അതീവ വൽസലതയോടെ അദ്ദേഹം നയിച്ചു.

നദ്‌വത്തുൽ ഉലമയിലെ ജുമാ മസ്ജിദിൽ ദീർഘകാലം ജുമുഅ ഖുതുബ നിർവ്വഹിച്ചിരുന്നത് മൗലാനാ സഈദുർ റഹ്മാൻ അഅ്സമി നദ്‌വിയായിരുന്നു. അനാവശ്യമായ വൈകാരിക പ്രകടനങ്ങൾക്കോ കാർക്കശ്യങ്ങൾക്കോ മുതിരാതെ, യുക്തിയും സമചിത്തതയും ഖുർആനിക തെളിവുകളും ഉയർത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. അദ്ദേഹത്തിന്റെ വിനയത്തിന്റെയും എളിമയുടെയും ഉദാഹരണമായി ശിഷ്യന്മാർ ഇന്നും ഒരു അനുഭവം ഓർത്തെടുക്കാറുണ്ട്. നദ്‌വയിലെ ഒരു വിദ്യാർത്ഥി, മൗലാനാ ക്ലാസ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ചെരുപ്പുകൾ എടുത്തുവെച്ചുകൊടുക്കുന്നത് പതിവാക്കിയിരുന്നു. വർഷം മുഴുവൻ ഇത് കണ്ടില്ലെന്ന് നടിച്ച മൗലാനാ, വർഷാവസാനം ആ വിദ്യാർത്ഥിയോട് പറഞ്ഞു: "താങ്കൾ എന്നെ ചെരുപ്പ് ധരിപ്പിക്കുന്ന ചുമതല സ്വയം ഏറ്റെടുത്തുവല്ലോ. അല്ലാഹു താങ്കളിലൂടെ ഈ ദീനിന്റെ വിജ്ഞാനം കിഴക്കുമുതൽ പടിഞ്ഞാറുവരെ പ്രചരിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു." അദ്ദേഹത്തിന്റെ ഇത്തരം അനുഗ്രഹപൂർണ്ണമായ പ്രാർത്ഥനകളാണ് തങ്ങളുടെ ജീവിതത്തിലെ എറ്റവും വലിയ സൗഭാഗ്യമെന്ന് ശിഷ്യന്മാർ ഇന്നും സാക്ഷ്യപ്പെടുത്തുന്നു.

മൗലാനാ സഈദുർ റഹ്മാൻ അഅ്സമി നദ്‌വിയുടെ ഏറ്റവും തിളക്കമാർന്ന സംഭാവന അറബി മാധ്യമപ്രവർത്തന രംഗത്തായിരുന്നു. നദ്‌വത്തുൽ ഉലമയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്ത അറബി മാസികയായ 'അൽബഅ്സുൽ ഇസ്‌ലാമി'യുടെ അസിസ്റ്റന്റ് എഡിറ്ററായി പ്രവേശിച്ച അദ്ദേഹം, 1979-ൽ അതിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. ഈ മാസികയിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക ചിന്തകളെയും സമകാലിക വിശകലനങ്ങളെയും അറബ് ലോകത്തെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. കൂടാതെ, നദ്‌വയിൽ നിന്ന് പുറത്തിറങ്ങുന്ന 'അൽറായിദ്' ദ്വൈവാരികയുടെ അസിസ്റ്റന്റ് എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ മദ്രസകളെയും വൈജ്ഞാനിക കേന്ദ്രങ്ങളെയും അറബ് ലോകവുമായി ബന്ധിപ്പിക്കുന്ന സാംസ്‌കാരിക പാലമായി അദ്ദേഹത്തിന്റെ എഴുത്തുകൾ മാറി.

അറബിയിലും ഉർദുവിലുമായി നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചിന്ത, ആധുനിക വെല്ലുവിളികൾ, ഇസ്‌ലാമും പാശ്ചാത്യ ലോകവും തമ്മിലുള്ള ആശയവിനിമയം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയങ്ങൾ. ഇസ്‌ലാമിക നാഗരികതയും ആധുനിക പാശ്ചാത്യ ചിന്തകളും തമ്മിലുള്ള വ്യത്യാസങ്ങളെയും ബന്ധങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന 'ഇസ്‌ലാമും പാശ്ചാത്യ ലോകവും' (Islam and the West), മഹാനായ മൗലാനാ അബുൽ ഹസൻ അലി ഹസനി നദ്‌വിയുമായുള്ള 28 വർഷത്തെ ദീർഘമായ ബന്ധത്തെയും അനുഭവങ്ങളെയും കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പായ '28 സാൽ ശഫഖതോം കെ സായെ മേം' (വാല്‍സല്യത്തിന്റെ തണലില്‍ 28 വര്‍ഷം) എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. ഇതിനുപുറമെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രമുഖ പണ്ഡിതന്മാരുടെ മികച്ച ഉർദു ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. ശൈഖ് അബുൽ ഹസൻ അലി നദ്‌വി, ശൈഖ് മുഹമ്മദ് സകരിയ്യ, മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി, മുഫ്തി മുഹമ്മദ് ഷഫീഅ് ഉസ്മാനി തുടങ്ങിയ പ്രമുഖരുടെ ഗ്രന്ഥങ്ങൾ അദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റം നടത്തി. അദ്ദേഹത്തിന്റെ രചനകളും സാഹിത്യ സംഭാവനകളും സർവ്വകലാശാലകളിൽ ഗവേഷണ വിഷയമായിട്ടുണ്ട്.

കേവലം നദ്‌വത്തുൽ ഉലമയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സേവനങ്ങൾ. ഇന്ത്യയിലെ നിരവധിയായ ദീനി, വിദ്യാഭ്യാസ, സാമൂഹിക പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹം സുപ്രധാന ചുമതലകൾ വഹിച്ചു. ലഖ്‌നൗവിലെ പ്രശസ്തമായ ഇന്റഗ്രൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ച അദ്ദേഹം, 1973-ൽ സ്ഥാപിതമായ ഓൾ ഇന്ത്യ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. ഈ വർഷം (2026) ബോർഡ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. അറബി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് 1994-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട പുരസ്‌കാരം നൽകി ആദരിച്ചു. കൂടാതെ 2019-ൽ ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (D.Litt) ബിരുദവും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. ദീനി തഅ്‍ലീമി കൗൺസിലിന്റെ വൈസ് പ്രസിഡന്റായും റാബിത്വ അദബെ ഇസ്‌ലാമിയുടെ ഉന്നത അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

2026 ഒക്ടോബർ 7 ബുധനാഴ്ച അദ്ദേഹത്തിന്റെ നിര്യാണ വാർത്ത പുറത്തുവന്നതോടെ ദീനി-സാഹിത്യ ലോകത്ത് വലിയ ശൂന്യതയാണ് അനുഭവപ്പെട്ടത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതന്മാരും സാംസ്‌കാരിക നേതാക്കളും രാഷ്ട്രീയ പ്രമുഖരും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞു: "അത്യധികം സച്ചരിതനായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. ആളുകളെ പഠിപ്പിക്കുന്നതിനും അവരുടെ ഭാവി നിർണ്ണയിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു."

മൗലാനാ ഡോ. സഈദുർ റഹ്മാൻ അഅ്സമി നദ്‌വിയുടെ ഭൗതിക ശരീരം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹം രചിച്ച സാഹിത്യ കൃതികളിലൂടെയും, സംഭാവന ചെയ്ത അറബി മാധ്യമങ്ങളിലൂടെയും, അദ്ദേഹം വാർത്തെടുത്ത ആയിരക്കണക്കിന് ശിഷ്യ സമ്പത്തിലൂടെയും ആ പ്രകാശഗോപുരം വരുംതലമുറകൾക്ക് എന്നും വഴികാട്ടിയായി നിലനിൽക്കും. നാഥന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടേ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter