സ്വപ്നവ്യാഖ്യാനം : ചരിത്രവും രീതിശാസ്ത്രവും
നാമൊക്കെ സ്വപ്നം കാണാറുണ്ട്. സ്വപ്നങ്ങളുടെ കൂട്ടത്തിൽ നിരർത്ഥകങ്ങളായ പാഴ് സ്വപ്നങ്ങളും അർത്ഥവത്തായ യഥാർത്ഥ സ്വപ്നങ്ങളുമുണ്ടാവാം. പല സ്വപ്നങ്ങളും ഉണരുമ്പോൾ ഓർമ്മയുണ്ടാവണമെന്നില്ല, അതേസമയം ചില സ്വപ്‌നങ്ങൾ ജീവിതത്തിലുടനീളം ഓർത്തെന്നും വരാം.
നാം ഒരു സ്വപ്നം കണ്ടുവെന്ന് കരുതുക, ഉണർന്നതിനുശേഷവും നമ്മുടെ ഓർമ്മയിൽ അത് തങ്ങി നിൽക്കുന്നുണ്ടെന്നും കരുതുക. എങ്കിൽ, എന്താണ് നാം കണ്ട സ്വപ്നത്തിന്റെ പൊരുളെന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാവുകയില്ല? ഈ ചോദ്യത്തിനു മറുപടി പറയുന്ന ഒരു ശാസ്ത്രമേയുള്ളൂ, അതാണ് സ്വപ്ന വ്യാഖ്യാന ശാസ്ത്രം.
മനുഷ്യാരംഭത്തോളം അതിന് പഴക്കമുണ്ട്. മഹാനായ യൂസഫ് നബി (അ)ന്റെ കാലം തൊട്ടാണ് അതിന് വലിയ പ്രചാരണം കിട്ടിത്തുടങ്ങിയത്. ഇസ്രായേലി പ്രവാചകന്മാരിൽ പെട്ട മഹാനായ ദാനിയേൽ (അ) സ്വപ്ന വ്യാഖ്യാനത്തിൽ നൈപുണ്യം നേടിയ മറ്റൊരു പ്രവാചകനായിരുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തെ ഒരു വിജ്ഞാനീയമായി ഈ ഉമ്മത്തിന് പരിചയപ്പെടുത്തുകയും അതിന് അടിത്തറയിടുകയും ചെയ്തത് താബിഉകളിൽ പ്രമുഖനായ മുഹമ്മദ് ബിൻ സീരീൻ(റ) ആണ്. പിന്നീട്, മഹാന്മാരായ ഇബ്രാഹിം കിർമ്മാനി(റ), ജാബിർ മഗ്‌രിബി(റ), ജാഫർ സ്വാദിഖ്(റ), ഇസ്മായിൽ അശ്അസ്(റ) തുടങ്ങിയ പണ്ഡിതന്മാരാണ് ഈ വിജ്ഞാന ശാഖയെ പരിപോഷിപ്പിച്ചത്.
എന്താണ് സ്വപ്നം?
ഉറക്കം കാരണം നനഞ്ഞ മൃദുവായ ചില വാതകങ്ങൾ ഉണ്ടാവും. അവ ശരീരത്തിൽ നിന്നും മസ്തിഷ്കത്തിലേക്ക് കയറിപ്പോകും. ഇത് കാരണമായി എല്ലാ ഇന്ദ്രിയങ്ങളും ശക്തികളും വിശ്രമിക്കുകയും ഭക്ഷണം നന്നായിട്ട് ദഹിക്കുകയും ചെയ്യും. ശരീരത്തിന്റെ വാതം, പിത്തം, കഫം, രക്തം എന്നീ ഘടകങ്ങൾ ദൃഢമാവുകയും ചെയ്യും. ഈ സമയത്താണ് നമ്മുടെ മനസ്സിൽ സ്വപ്നങ്ങൾ പ്രത്യക്ഷമാവുന്നത്. ഇത് സ്വാഭാവികമായ ഒരു പ്രവർത്തനമാണ്. എന്തുകൊണ്ടെന്നാൽ, അതുമൂലം നമ്മുടെ ശരീരത്തിലെ ശക്തികൾക്ക് വിശ്രമം ലഭിക്കുന്നു. പ്രത്യേകിച്ചും, ഭാവന ശക്തിക്കും ചിന്താശക്തിക്കും കൂടുതൽ വിശ്രമം ലഭിക്കുന്നു.
സ്വപ്നങ്ങൾ എത്രതരം?
മഹാനായ ദാനിയാൽ (അ) പറയുന്നു: സ്വപ്നം യാഥാർത്ഥ്യത്തിൽ രണ്ടിനങ്ങളാണ്. ഒന്ന്, യഥാർത്ഥ സ്ഥിതിയെക്കുറിച്ച് വിവരം നൽകുന്നത്. രണ്ട്, കാര്യങ്ങൾ നിർവ്വഹിക്കുന്ന ശക്തിക്ക് വിവരം കൊടുക്കുന്നത്. ഈ രണ്ടെണ്ണത്തിനും നാലു വിഭാഗങ്ങളുണ്ട്. ഒന്നാമത്തേത്, സ്വപ്നത്തിൽ കൽപ്പന നൽകുന്നത്. രണ്ടാമത്തേത് സ്വപ്നം, തടയുന്നത്. മൂന്നാമത്തേത് സ്വപ്നത്തിൽ, മുന്നറിയിപ്പ് നൽകുന്നത്. നാലാമത്തെ സ്വപ്നത്തിൽ സന്തോഷവാർത്ത അറിയിക്കുന്നത്.
മഹാനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)ൽ നിന്നും നിവേദനം: നബി (സ) പറയുകയുണ്ടായി: "الرؤيا ثلاثة اقسام من الله تعالى وبشرى للمؤمنين في حياتهم". സ്വപ്നം മൂന്ന് തരമാണ്. ഒന്ന്, അല്ലാഹുതആലയുടെ ഭാഗത്തുനിന്നുള്ളത്, സത്യവിശ്വാസികൾക്ക് സന്തോഷം നൽകുന്നതാണ് രണ്ടാമത്തേത്. "من الشيطان للذين امنوا". മൂന്നാമത്തേതാണ് പാഴ് കിനാവുകൾ.
മഹാനായ ജാഫർ സ്വാദിഖ് പറയുന്നു: സ്വപ്നം മൂന്ന് തരമുണ്ട്. ഒന്ന്, ഹക്കം (സുദൃഢമായത്). രണ്ടാമത്തേത്, മുത്തശാബിഹ് (സംശയാസ്പദമായത്). മൂന്നാമത്തേത്, പാഴ് കിനാവുകൾ. നാലു വിഭാഗമാളുകളാണ് ഈ തരം സ്വപ്നങ്ങൾ കാണുക. ഫിത്നയും ഫസാദും ഉണ്ടാക്കുന്നതിൽ തൽപരരായ ആളുകളാണ് ഇതിൽ ഒരു വിഭാഗം. മദ്യപാനികളാണ് രണ്ടാമത്തെ വിഭാഗം. വഴുതനങ്ങ, പയർ, ഉപ്പു ചേർത്തമാംസം തുടങ്ങിയ പിത്തരസം വർധിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളാണ് നാലാമത്തെ വിഭാഗം.
ഇമാം മുഹമ്മദ് ബിൻ സീരിയൽ പറയുന്നു: പാഴ് കിനാവുകൾ മൂന്നുതരമുണ്ട്. ഒന്ന്, ദേഹേച്ഛയും പ്രകൃതിയും അതിജയിക്കുന്നത് കൊണ്ടുണ്ടാകുന്നത്. രണ്ട്, പിശാചിന്റെ പ്രദർശനം കൊണ്ടുണ്ടാകുന്നത്. മൂന്ന്, മനസ്സിന്റെ സ്വന്തം പ്രവർത്തനങ്ങൾ കൊണ്ടുണ്ടാകുന്നത്. ഇവ മൂന്നും ശരിയാവുകയില്ല.
യഥാർത്ഥ സ്വപ്നങ്ങൾ
യഥാർത്ഥമായ സ്വപ്നം മൂന്ന് വിധത്തിലുണ്ട്. ഒന്ന്, സ്വപ്നത്തിൽ സന്തോഷ വാർത്ത അറിയിക്കൽ. രണ്ട്, ഉണർത്തലിന്റെ സ്വപ്നം. മൂന്ന്, ഇൽഹാമിന്റെ സ്വപ്നം.
സത്യസ്വപ്നങ്ങൾ ഒരു മലക് വഴിയാണ് ലഭിക്കുന്നത്. ഇത് ഒന്നുകിൽ 'ലൗഹുൽ മഹ്ഫൂളിൽ' (സംരക്ഷിത ഫലകം) രേഖപ്പെടുത്തിയിട്ടുള്ള, നടക്കാനിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയാകാം, അല്ലെങ്കിൽ ഒരു വിശ്വാസിക്ക് വരാനിരിക്കുന്ന ആപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അവനെ സുരക്ഷിതനാക്കാൻ വേണ്ടിയുള്ള സന്ദേശമാകാം. ഇതുകൊണ്ടാണ് സ്വപ്നം കണ്ട് മറന്നു പോകുന്ന വ്യക്തിയോട് സ്വപ്നവ്യാഖ്യാതാവ് പശ്ചാത്താപം ചെയ്യിക്കുന്നത്. സ്വപ്നത്തെ മറന്നു കളയുന്നത് കുറ്റമാണ്. എന്തുകൊണ്ടെന്നാൽ, സ്വപ്നത്തെ പ്രതിനിധാനം ചെയ്യുന്നത് ലൗഹുൽ മഹ്ഫൂളിൽ നിന്നുള്ള മലക്കായിരിക്കാൻ സാധ്യതയുണ്ട്.
മഹാനായ ഇമാം മഗ്‌രിബി പറയുന്നു: സ്വപ്നത്തിലൂടെ സന്തോഷവാർത്ത അറിയിക്കൽ ഇപ്രകാരമാണ്: ഒരു മലക്കിനെ അള്ളാഹു ലൗഹുൽ മഹ്ഫൂളിൽ നിയമിച്ചിട്ടുണ്ട്. ഒരു നന്മയോ തിന്മയോ ഒരു വ്യക്തിയുടെ ശിരസ്സിൽ വരുന്നുണ്ടെങ്കിൽ, ആ മലക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനെ അറിയിക്കും. ഈ മലക്കിന്റെ പേര് "മലക്കുറുഅ് യാ " എന്നാണ്. ഏതെങ്കിലും ഒരാൾക്ക് സന്തോഷവാർത്ത അറിയിക്കണം എന്നുണ്ടെങ്കിൽ, സ്വപ്നത്തിന്റെ മലക്ക് സ്വപ്നത്തിലത് വെളിപ്പെടുത്തികൊടുക്കും.
ഉണർത്തലിന്റെ സ്വപ്നം എന്നതുകൊണ്ട് അർത്ഥമാകുന്നത്: മലക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനെ ഓർമ്മപ്പെടുത്തുകയോ വരാൻ പോകുന്ന കാര്യത്തെക്കുറിച്ച് അവനെ അറിയിക്കുകയോ ചെയ്യും. സ്വപ്നം കാണുന്നവൻ അതനുസരിക്കുകയും കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. അത് കാരണമായി ഇബാദത്തും അനുസരണവും വർദ്ധിക്കുകയും വരാനിരിക്കുന്ന തിന്മയിൽ നിന്ന് രക്ഷ നേടുകയും ചെയ്യാം. അല്ലാഹു പറയുന്നു: "و توبوا الى الله ايها المؤمنون لعلكم تفلحون" (സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക, നിങ്ങൾ വിജയികളായി തീരാൻ വേണ്ടി).
ഇൽഹാം (ബോധനം) വഴിയുള്ള സ്വപ്നം എന്നാൽ, ഒരു വ്യക്തിക്ക് സ്വപ്നത്തിലൂടെ ലഭിക്കുന്ന ദൈവിക നിർദ്ദേശങ്ങളാണ്. ദാനം ചെയ്യുക, സത്യത്തിനായി നിലകൊള്ളുക, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക, തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കുക, സൃഷ്ടികൾക്ക് നന്മ ചെയ്യുക തുടങ്ങിയ പല നല്ല കാര്യങ്ങൾക്കുമുള്ള പ്രചോദനം ഇതിലൂടെ ലഭിക്കുന്നു
അടിസ്ഥാനരഹിത സ്വപ്നങ്ങൾ
സ്വപ്നവ്യാഖ്യാതാക്കൾ കള്ള സ്വപ്നങ്ങളെ, ഹിമ്മത്ത് (മനക്കരുത്ത്), ഇല്ലത്ത് (അനാരോഗ്യം), പൈശാചികം എന്നിങ്ങനെ മൂന്നുതരമാക്കി തിരിച്ചിട്ടുണ്ട്.
"ഹിമ്മത്ത്" അഥവാ, ജാഗ്രതാവസ്ഥയിൽ ഒരാൾ ആലോചിച്ചു കൊണ്ടിരിക്കുന്ന കാര്യം സ്വപ്നത്തിൽ കാണുക. ഈ സ്വപ്നത്തിന് ഒരു അടിസ്ഥാനവുമില്ല. ഇതിനൊട്ടു വ്യാഖ്യാനവുമില്ല.
"ഇല്ലത്ത്" അഥവാ, ദുഃഖിതനും രോഗബാധിതനുമായ മനുഷ്യർ ജാഗ്രതാവസ്ഥയിൽ വേദന കൊണ്ട് കരയുമല്ലോ. സ്വപ്നത്തിലും ഇങ്ങനെ വേദനപ്പെട്ടു കരയുക, നന്നല്ലാത്തതും ഭീകരവുമായ ദൃശ്യങ്ങൾ കാണുക. ഈ സ്വപ്നത്തിന്റെ പ്രേരണ വേദനയാണ്. ഈ സ്വപ്നത്തിനും യാതൊരു അടിസ്ഥാനവുമില്ല.
മൂന്നാമത്തെ വിഭാഗമായ പൈശാചിക സ്വപ്നം അഥവാ, ശരീരം പൊട്ടിപ്പിളരുക, അസഭ്യമായ കാര്യങ്ങൾ കാണുക. ഇതിനൊന്നും വ്യാഖ്യാനമില്ല. ഖുർആൻ പറയുന്നു (ഈജിപ്ത് ചക്രവർത്തിയുടെ പ്രതിനിധികളെ ഉദ്ധരിച്ചുകൊണ്ട്): "وَمَا نَحْنُ بِتَأْوِيلِ ٱلْأَحْلَـٰمِ بِعَـٰلِمِينَ" (ആ പോക്കിനാവുകൾ വ്യാഖ്യാനിക്കാൻ അറിയുന്നവരല്ല ഞങ്ങൾ).
നല്ല സ്വപ്നങ്ങൾ കാണാനുള്ള വഴി
ഇമാം കിർമാനി(റ)പറയുന്നു: ഒരാൾ തന്റെ സ്വപ്നം തെളിവോടെയും അടയാളങ്ങളോടെയും നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ കഴിയുന്നത്ര ശുദ്ധിയോടെ വലതുഭാഗം ചെരിഞ്ഞു കിടന്നുറങ്ങണം. അല്ലാഹുവിനെ ഓർക്കുകയും വളരെ കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുകയും വേണം. എന്തുകൊണ്ടെന്നാൽ, വളരെയധികം ഭക്ഷണം കഴിക്കുന്നവൻ അല്ലാഹുവിനെ ഓർക്കാൻ കഴിയുകയില്ല. അവന്റെ ആമാശയം നിറഞ്ഞതായിരിക്കും. ഭക്ഷ്യവസ്തുക്കളിൽ നിന്നുള്ള വാതകങ്ങൾ അവന്റെ തലച്ചോറിൽ എത്തിക്കൊണ്ടിരിക്കും. അതുമൂലം അവന്റെ പ്രകൃതി പലതരത്തിലുള്ള ഭാവനകൾ നിറഞ്ഞതാകും. തന്മൂലം വളരെ വ്യത്യസ്തങ്ങളായ പാഴ് സ്വപ്നങ്ങളാകും ദർശിക്കുക.
തീരെ ഭക്ഷണം കഴിക്കാതിരുന്നാലും പറ്റില്ല. കാരണം, ആമാശയം ശൂന്യമായിട്ട് ഉറങ്ങുകയാണെങ്കിൽ പാഴ് സ്വപ്നങ്ങൽ കാണും. കാരണം, ഭക്ഷണം ലഭിക്കാത്തത് കൊണ്ട് ശരീരം അലസവും ദുർബലവുമായിതീരും. ഉറക്കം വരുകയുമില്ല, ഉറക്കം വരികയാണെങ്കിൽ പാഴ് സ്വപ്നം കാണുകയും ചെയ്യും. ഉറങ്ങുന്ന സമയത്ത് വളരെ വിശപ്പ് ഉണ്ടാവുകയോ വയറു കൂടുതൽ നിറയുകയോ ചെയ്യരുത്. എങ്കിൽ സ്വപ്നം നല്ലതായിരിക്കും. സ്വപ്നം മറക്കാതിരിക്കുകയും വേണം.
മഹാനായ മസ്ഊദ് (റ)ൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു അഅ്‍റാബി നബി (സ്വ) അടുത്ത് വന്നു പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരെ, ഞാൻ ഒരു സ്വപ്നം കണ്ടിട്ടുണ്ട്." എന്നിട്ടയാൾ ഒരു പാഴ് സ്വപ്നം വിവരിച്ചു പറയാൻ തുടങ്ങി. അപ്പോൾ നബി (സ്വ) ചോദിച്ചു: "നീ എന്താണ് കഴിച്ചിരിക്കുന്നത്?" അയാൾ പറഞ്ഞു: "ഞാൻ കുറെ പഴുത്ത ഈത്തപ്പഴം തിന്നിരുന്നു." അപ്പോൾ നബി (സ്വ) പറഞ്ഞു: "ഈ സ്വപ്നത്തിന്റെ വ്യാഖ്യാനം ശരിയാവുകയില്ല."
ഇതു കാരണമാണ് സ്വപ്ന വ്യാഖ്യാതാക്കൾ ഇതുപോലെയുള്ള ഒരുപാട് സ്വപ്നങ്ങൾക്ക് നൽകിയ വ്യാഖ്യാനം പുലരാതിരുന്നത്. ഈ കാര്യങ്ങളെക്കുറിച്ച് വ്യാഖ്യാതാക്കൾ അശ്രദ്ധരാവരുത്. ശരിയായ സ്വപ്നത്തിന്റെ അടയാളങ്ങൾ ഇവവയാണ്. എല്ലാ സ്വപ്നങ്ങളിലും പിശാച് എങ്ങനെയെങ്കിലും ഇടപെടും. എല്ലാ വസ്തുക്കളെയും പോലെ സ്വയം അവതരിപ്പിക്കുകയും ചെയ്യും. എന്നാൽ ദൈവം, പ്രവാചകന്മാർ, മലക്കുകൾ, ആകാശം, സൂര്യൻ, നക്ഷത്രങ്ങൾ ഇവയെ പോലെ ഏതെങ്കിലും രൂപം പ്രാപിക്കാൻ പിശാചിന് കഴിയുകയില്ല. എന്തുകൊണ്ടെന്നാൽ, ഇവയിൽ ഏതെങ്കിലും ഒന്നിന്റെ രൂപം പ്രാപിക്കാൻ പിശാചിന് കഴിയുമായിരുന്നുവെങ്കിൽ, അല്ലാഹുവിന്റെ സൃഷ്ടികൾക്കിടയിൽ അവൻ വ്യാപകമായ ഫിത്നയും കുഴപ്പവും സൃഷ്ടിക്കുമായിരുന്നു. ദൈവമായി പ്രത്യക്ഷപ്പെട്ട്, "ഞാൻ നിന്റെ റബ്ബാണെന്നും ഞാൻ നിന്റെ പാപങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നു" എന്നും അവൻ പറഞ്ഞേക്കാം. സ്വപ്നത്തിൽ പ്രവാചകന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്, "താൻ നിന്നെക്കുറിച്ച് തൃപ്തനാണെന്നും നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നും" പറഞ്ഞേക്കാം. ഇത്തരത്തിൽ മനുഷ്യ സമൂഹത്തെ വ്യാപകമായി വഴി തെറ്റിക്കാൻ പിശാചിന് അവസരം നൽകുമായിരുന്ന പഴുത് അല്ലാഹു അടച്ചു കഴിഞ്ഞിരിക്കുകയാണ്. മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം സ്വപ്നത്തിൽ ദർശിച്ചാൽ അത് സത്യമായിരിക്കും. അതിനു സ്വപ്നവ്യാഖ്യാനവും ഉണ്ടാകും.
ഇവരോട് സ്വപ്ന വ്യാഖ്യാനം ചോദിക്കരുത്
ഇമാം ജാഫർ സ്വാദിഖ് പറയുന്നു: നാലുതരം ആളുകളോട് സ്വപ്നവ്യാഖ്യാനം ചോദിക്കാൻ പാടുള്ളതല്ല.
- ശരീഅത്തിന്റെ നിയമങ്ങൾ പാലിക്കാത്ത മതനിഷ്ടയില്ലാത്ത ആളുകൾ. എന്തുകൊണ്ടെന്നാൽ, സത്യസന്ധരും സദ്‍വൃത്തരും പുണ്യവാന്മാരുമായ ആളുകളോടാണ് സ്വപ്നത്തിന്റെ വ്യാഖ്യാനം ചോദിക്കേണ്ടത്. മതനിഷ്ടയില്ലാത്ത ആളുകൾ അല്ലാഹുവിനെ ധിക്കരിച്ചത് കാരണം ദൈവിക സന്നിധിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ്. അവരിൽ നിന്നും എങ്ങനെ നന്മയും പുണ്യവും ലഭിക്കാനാണ്?
- സ്ത്രീകൾ: ബുദ്ധിശക്തിയും ചിന്താശേഷിയും ആവശ്യമുള്ള ഒരു പ്രവർത്തനമാണ് സ്വപ്നവ്യാഖ്യാനം. സ്ത്രീകൾ പൊതുവേ ബുദ്ധിശക്തിയും ചിന്താശേഷിയും പുരുഷന്മാരെ അപേക്ഷിച്ചു കുറഞ്ഞവരാണ്. അതുകൊണ്ടാണല്ലോ സാക്ഷി പറയുമ്പോൾ ഒരു പുരുഷന്റെ സ്ഥാനത്ത് രണ്ടു സ്ത്രീകൾ വേണമെന്ന് ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ളത്. എന്നാലും, അതീവ ബുദ്ധിശാലികളായ അപൂർവ്വം ചില സ്ത്രീകൾ ഉണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല.
- അജ്ഞർ: മതപരമായ ജ്ഞാനം ഇല്ലാത്തവരെയാണിവിടെ ഉദ്ദേശം. ഭൗതിക വിഷയങ്ങളിൽ അതിയായ ജ്ഞാനമുള്ളവരാണെങ്കിലും, മതപരമായ ജ്ഞാനമില്ലെങ്കിൽ അവരോട് സ്വപ്നത്തിന്റെ വ്യാഖ്യാനം ചോദിക്കരുത്. എന്തുകൊണ്ടെന്നാൽ, സ്വപ്നവ്യാഖ്യാതാവിന് തഫ്സീർ, ഹദീസ് തുടങ്ങിയ മതപരമായ വിഷയങ്ങളിൽ അറിവ് അനിവാര്യമാണ്.
- ശത്രുക്കൾ: ശത്രുവിൽ നന്മയും പുണ്യവും ഉണ്ടാവുകയില്ല. ശത്രുക്കൾ സ്വപ്നത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. ഒരാളുടെ സ്വപ്നം എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടുന്നത്, അങ്ങനെയാണ് പുലരുക. ഇതൊരു വസ്തുതയാണ്. വിശുദ്ധ ഖുർആൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: "قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ" (നിങ്ങൾ രണ്ടുപേരും എന്നോട് ചോദിച്ച സംഗതി തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു). തടവിൽ കഴിഞ്ഞിരുന്ന മഹാനായ യൂസഫ് നബി(അ) രണ്ട് സഹതടവുകാർ കണ്ട സ്വപ്നത്തിന് നൽകിയ വ്യാഖ്യാനം അനർത്ഥമാകും വിധം ആണല്ലോ പുലർന്നത്.
ഒരിക്കൽ ഒരാൾ തന്റെ വരിയുടച്ചതായി സ്വപ്നം കണ്ടു. അദ്ദേഹം സ്വപ്ന വ്യാഖ്യാതാക്കളുടെ അടുത്ത് ചെന്ന് താൻ കണ്ട സ്വപ്നം വിവരിച്ചു കേൾപ്പിച്ചു. സ്വപ്നവ്യാഖ്യാതാക്കളിൽ ഒരുവൻ പറഞ്ഞു: "ഈ വ്യക്തി വളരെ പെട്ടെന്ന് മരണപ്പെട്ടു പോകും." മറ്റൊരാൾ പറഞ്ഞു: "ഇയാൾ തന്റെ മക്കളിൽ നിന്നും വേർപെട്ടു പോകും." മൂന്നാമത്തെ ഒരാൾ പറഞ്ഞു: "ഇയാളുടെ വൃഷണങ്ങൾക്ക് തകരാർ സംഭവിക്കും." നാലാമത്തെയാൾ പറഞ്ഞു: "ഇയാളുടെ കുടുംബ പരമ്പര മുറിഞ്ഞു പോകും." അഞ്ചാമത്തെ ഒരാൾ പറഞ്ഞു: "ഇയാൾ തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലും."
ഇങ്ങനെ അഞ്ചാളും അഞ്ചു വ്യാഖ്യാനമാണ് നൽകിയത്. ഏതാനും ദിവസങ്ങൾ മാത്രമേ കഴിഞ്ഞുള്ളൂ, അപ്പോഴേക്കും ഇയാൾ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്തു. കുട്ടികളെയും കൂട്ടി വഞ്ചിയിൽ പുഴയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് കാറ്റ് എതിർദിശയിൽ അടിച്ചു വീശി. വഞ്ചി മുങ്ങി. നദിയിലുള്ള ഒരു മത്സ്യം ഇയാളുടെ ലൈംഗികാവയവും വൃഷണങ്ങളും തിന്നു. സ്വത്തും സന്താനങ്ങളും എല്ലാം നിശ്ശേഷം തകർന്നു. ചുരുക്കത്തിൽ, സ്വപ്നവ്യാഖ്യാതാക്കൾ പറഞ്ഞതുപോലെ ഇയാളുടെ സ്വപ്നം സത്യമായി പുലർന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം.
സ്വപ്നവ്യാഖ്യാനത്തെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യാമുള്ളവർ മഹാനായ മുഹമ്മദ് ഇബ്നു സീരീൻ രചിച്ച كتاب تعبير الرؤيا നോക്കാവുന്നതാണ്. സമ്പൂർണ സ്വപ്നവ്യാഖ്യാനം എന്ന പേരില്‍ മുഹമ്മദ് ഫൈസി അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. കൂടുതൽ അറിയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ.



Leave A Comment