മദീനയിൽ ഉമർ(റ)ന്റെ പേരുള്ള പുരാതന ശിലാഫലകം കണ്ടെത്തി

മദീന മേഖലയിലെ അൽമഹ്ദ് ഗവർണറേറ്റിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിനിടെ, പ്രമുഖ സ്വഹാബിയും രണ്ടാം ഖലീഫയുമായ ഉമർ ബിൻ അൽഖത്താബിന്റെ (റ) പേര് കൊത്തിവെച്ച ഒരു ശിലാഫലകം കണ്ടെത്തിയതായി സൗദി പൈതൃക കമ്മീഷൻ അറിയിച്ചു.

അതില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്: "ഇഹലോകത്തിലും പരലോകത്തിലും അല്ലാഹുവാണ് ഉമർ ബിൻ അൽഖത്താബിന്റെ സംരക്ഷകൻ. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല."

അൽമഹ്ദിൽ നിന്നുള്ള ഈ പുരാവസ്തു പര്യവേഷണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വലിയൊരു ചരിത്രരേഖയാണെന്ന് സൗദി പൈതൃക കമ്മീഷൻ അഭിപ്രായപ്പെട്ടു. ഈ പ്രദേശത്തിന്റെ പൈതൃകം രേഖപ്പെടുത്താനും വരുംതലമുറകൾക്കായി അത് സംരക്ഷിക്കാനും ഓരോ ഫലകങ്ങളും ശിലാചിത്രങ്ങളും സഹായിക്കുന്നുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. "അൽമഹ്ദിലെ ഓരോ കല്ലും ഓരോ ഓർമ്മകൾ പേറുന്നുണ്ട്, ഇസ്‌ലാമിക ഭരണകൂടത്തിന്റെ പ്രാരംഭ നാളുകൾ വരെയുള്ള ചരിത്രത്തിലെ കഥകളാണ് ഓരോ ലിഖിതങ്ങളും കാത്തുസൂക്ഷിക്കുന്നത്," കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഖലീഫ ഉസ്മാൻ(റ)ന്റെ കാലഘട്ടവുമായി ബന്ധപ്പെട്ട ഒരു ശിലാഫലകം 2022-ൽ പൈതൃക കമ്മീഷൻ പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ കണ്ടെത്തല്‍. ഹിജ്‌റ 24-ൽ രേഖപ്പെടുത്തിയ ആ ലിഖിതം, ഇസ്‌ലാമിക ചരിത്രത്തിലെ തീയതി രേഖപ്പെടുത്തിയ ഏറ്റവും ആദ്യകാല ശിലാ രേഖകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഹിജ്‌റ 23-ലെ യൻബൂഅൽനഖ്‌ലിലെ 'സലമ' ലിഖിതവും, ഹിജ്‌റ 24-ലെ അൽഉലയിലെ 'സുഹൈർ' ലിഖിതവുമാണ് ഇതിന് മുമ്പുള്ളവ. ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ ഘട്ടത്തെക്കുറിച്ചുള്ള പ്രാഥമിക ചരിത്ര രേഖകളെന്ന നിലയിൽ ഇത്തരം ശിലാശാസനങ്ങൾക്കുള്ള പ്രാധാന്യത്തെയാണ് ഈ കണ്ടെത്തലുകൾ അടിവരയിടുന്നത്.

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളും രണ്ടാം ഖലീഫയുമായ ഉമർ(റ)വുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് അൽമഹ്ദ് ലിഖിതം സവിശേഷ പ്രാധാന്യമർഹിക്കുന്നത്. ഇതിന്റെ പൂർണ്ണമായ ചരിത്ര പശ്ചാത്തലം നിർണ്ണയിക്കാൻ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമാണെങ്കിലും, ആദ്യകാല മുസ്‌ലിം സമൂഹത്തിന്റെ ആഴത്തിലുള്ള മതബോധത്തെയും അറേബ്യൻ ഭൂപ്രദേശങ്ങളിലുടനീളം ഇസ്‌ലാമിക വിശ്വാസ പ്രഖ്യാപനങ്ങൾ വ്യാപിച്ചതിനെയുമാണ് ഈ ലിഖിതം പ്രതിഫലിപ്പിക്കുന്നത്.

ആദ്യകാല ഇസ്‌ലാമിക കാലഘട്ടവുമായി ബന്ധപ്പെട്ട പുരാവസ്തു കേന്ദ്രങ്ങൾ സർവേ ചെയ്യാനും രേഖപ്പെടുത്താനും സംരക്ഷിക്കാനും സൗദി അറേബ്യ നടത്തുന്ന നിരന്തരമായ ശ്രമങ്ങളെക്കൂടിയാണ് ഈ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നത്. ഇവയുടെ അക്കാദമിക മൂല്യത്തിനപ്പുറം, ഇസ്‌ലാമിക പൈതൃകത്തെക്കുറിച്ചുള്ള പൊതുജനബോധം ശക്തിപ്പെടുത്താനും, ചരിത്രം പുസ്തകങ്ങളിൽ മാത്രമല്ല, മണ്ണിലെ കല്ലുകളിൽക്കൂടിയാണ് കൊത്തിവെക്കപ്പെട്ടിട്ടുള്ളതെന്ന് പുതിയ തലമുറകളെ ഓർമ്മിപ്പിക്കാനും ഇത്തരം കണ്ടെത്തലുകൾ ഏറെ സഹായകമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter