ജനസംഖ്യാ നിയന്ത്രണബില്‍: വസ്തുതകളും പ്രത്യാഘാതങ്ങളും
മനുഷ്യന്‍ സര്‍വ്വേശ്വരന്റെ സൃഷ്ടികളില്‍ പരമ ശ്രേഷ്ഠനത്രെ. ബൗദ്ധിക വളര്‍ച്ചയും സാമൂഹികമായി കോര്‍ത്തിണക്കിയ അവന്റെ ജീവിത ക്രമവുമാണ് ഇതര ജീവികളില്‍ നിന്നവനെ വ്യത്യസ്ഥമാക്കുന്നത്.മറ്റുള്ള ജീവജാലങ്ങളെ പോലെ തന്നെ പരസ്പരം ഇണ ചേർന്ന് പ്രത്യുല്‍പാദനം നടത്തി തന്നെയാണ് മനുഷ്യനും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ സുസ്ഥിരമാക്കി നില നിര്‍ത്തുന്നത്. ആദ്യ പിതാവായ ആദം നബിയുടെയും മാതാവ് ഹവ്വാഅ് ബീവിയുടെയും മക്കളാണ് മനുഷ്യവംശം മുഴുവനും. തലമുറ മാറ്റത്തിനനുസൃതമായി സ്വാഭാവികമായും ജനസംഖ്യാ വര്‍ദ്ധനവും സമൂഹത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവ് മാത്രമാണ് സമൂഹത്തിലെ മറ്റു പല പ്രശ്നങ്ങളുടെയും കാരണമെന്ന് കൊട്ടിഘോഷിക്കുകയും താരതമ്യേന ജനസംഖ്യാനുപാതം കൂടുതലുളള സമുദായത്തെ അതിന്റെ പേരില്‍ ക്രൂഷിക്കാനും വ്യാപകമായി തുടങ്ങിയത് ഈയടുത്ത കാലങ്ങളിലാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യു പി യിലെ നിയമസഭയില്‍ അവതരിപ്പിച്ച ജനസംഖ്യ നിയന്ത്രണബില്ലിന്റെ കരട് രൂപം
യു.പി. സർക്കാറും ജനസംഖ്യാ നിയന്ത്രണ ബില്ലും
200 ദശലക്ഷത്തിലധികം ജനങ്ങളുളള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ ജൂലൈ 21- നായിരുന്നു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു പി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം പുറത്ത് വിട്ടത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നതാണ് അഞ്ച് അധ്യായങ്ങളുള്ള ഈ ബില്ലിന്റെ പ്രധാന ഘടകം.
എന്നാല്‍ നിയമം നടപ്പിലായാല്‍ യു പിയിലെ പല ബി.ജെ.പി എംഎൽഎമാരും പെട്ടുപോകുമെന്നതാണ് സത്യം. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം യുപിയില്‍ ആകെയുള്ള 304 ബി ജെ പി എം എല്‍ എ മാരില്‍ 152 പേര്‍ക്കും മൂന്നോ അതിലധികമോ കുട്ടികളുണ്ടെന്നതാണ് കണ്ടത്തലുകൾ. റോഷന്‍ ലാല്‍ വര്‍മ്മ, മാധുരി വര്‍മ്മ തുടങ്ങിയ എം എല്‍ എ മാര്‍ക്ക് ഏഴിലധികം കുട്ടികളുണ്ടെന്നാണ് വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയക്കാര്‍ക്ക് എത്ര കുട്ടികളുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവായ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്.
അഭിമുഖീകരിക്കേണ്ടുന്ന പ്രശ്നങ്ങൾ
ഈയൊരു ബില്‍ നടപ്പില്‍ വരുന്നതോടെ വലിയ പ്രത്യാഘാതങ്ങളെയായിരിക്കും നാം അഭിമുഖീകരിക്കേണ്ടി വരിക. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരില്‍ കൂടുതല്‍ പേരും സാമൂഹികവും സാമ്പത്തികവുമായി താഴെ തട്ടിലുള്ളവരാണ്. ദളിതര്‍, ആദിവാസി പിന്നോക്ക ജാതിക്കാര്‍, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ ദരിദ്രര്‍, തുടങ്ങിയവര്‍ക്കെല്ലാം താരതമ്യേന കുട്ടികള്‍ കൂടുതലാണ്. സമൂഹത്തിലെ താഴെ തട്ടിലുള്ള ഇവരെ ഉയര്‍ത്തി കൊണ്ട് വരുന്നതിന് പകരം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വരെ വിലക്കുകയും ചെയ്യുന്നത് ചില സ്ഥാപിത ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രമാണ്. പാവപ്പെട്ടവരെ വീണ്ടും പാവപ്പെട്ടവനാക്കാനുള്ള പ്രവണതയായിട്ടാണ് ബില്ലിനെ കാണേണ്ടത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഉത്തര്‍ പ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാര്‍ക്ക് 789 സ്ത്രീകൾ എന്നാണ്. ഈ നിയമം നടപ്പിലായാല്‍ സ്വാഭാവികമായും പെൺ ഭ്രൂണഹത്യ വര്‍ദ്ധിക്കുകയും സമൂഹത്തില്‍ സ്ത്രീകള്‍ ക്രമാധീതമായി കുറയുകയും ചെയ്യും. സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്നതുറപ്പാണ്.
Also Read:ജനസംഖ്യാവിസ്‌ഫോടനം-തിരുത്തപ്പെടേണ്ട ധാരണകൾ
രണ്ട് കുട്ടികള്‍ക്ക് ശേഷം സ്ത്രീ വന്ധീകരണത്തിനു വിധേയമായാല്‍ കുട്ടിയുടെ ആരോഗ്യ സംരക്ഷണം,വിദ്യാഭാസം തുടങ്ങിയവക്കായി പിതാവിന് പ്രമോഷനും ഇന്‍ക്രിമെന്റുകളു മുള്‍പ്പടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. തീര്‍ത്തും പുരുഷാധിപത്യമുള്ള ഈയൊരു സമൂഹത്തില്‍ ഇത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. പുരുഷന്റെ നിര്‍ബന്ധംമൂലം വന്ധീകരണത്തിന് വിധേയമാവുന്ന സ്ത്രീക്ക് ഒരു പക്ഷേ വലിയ രീതിയുലുള്ള മാനസിക ശാരീരിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ ഒരു കുട്ടി ജനിച്ച ശേഷം വന്ധീകരണത്തിനു വിധേയമായാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം ലഭിക്കും. എന്നാല്‍ ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ഈ കുട്ടി മരണപ്പെട്ടാല്‍ മറ്റൊരു കുട്ടിക്ക് ജന്മം നല്‍കാന്‍ കഴിയാത്ത മാതാപിതാക്കളുടെ മാനസികാവസ്ഥയെ കൂടി നാം ചര്‍ച്ച ചെയ്യേണ്ടതില്ലേ.
വിദഗ്ദരുടെ വിയോജിപ്പുകള്‍
മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുഷൻ ഫോര്‍ പോപ്പുലേഷന്‍ സയന്റിസ്റ്റ് മേധാവി പെരിയാനകം അരോകിയ സ്വാമി ഇതിനെ കുറിച്ച് പറയുന്നതിങ്ങനെയാണ്.' ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് സബ് സിഡി പൊതുവെ ലഭിക്കുന്നത്.അത് കൊണ്ട് സബ്‌സിഡി ഒഴിവാക്കുന്നത് ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാല്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളതിന്റെ പേരില്‍ ദരിദ്രരെ സര്‍ക്കാര്‍ പദ്ധതികളിൽ നിന്ന് വിലക്കുന്നത് അന്യായമാണ്. രണ്ടില്‍ കൂടുതലുള്ളവരെ ശിക്ഷിക്കുന്ന ഈ നിഷേധാത്മകമായ നിലപാട് ചൈനയുടെ മാതൃകയാണ്. ചൈന ഒരു ജനാധിപത്യ രാജ്യമല്ല. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാന്‍ പാടില്ല എന്നതാണ് അദ്ദേഹം "ദി വയറിനോട്" പറഞ്ഞത്. ഇത്തരത്തിലുള്ള ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ജനനത്തിലെ ലിംഗാനുപാതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തന്നെയാണ് വിദഗ്ധരായ അഭിഷേക് ചക്രവര്‍ത്തിയും എസ് അനുക്രിതിയും പറയുത്.
പടച്ച് വിടുന്ന മുസ്‌ലിം വിരുദ്ധത
മുസ്‌ലിം ജനസംഖ്യാ വർദ്ധനവിനെ കുറിച്ച് നിറം പിടിപ്പിച്ച കള്ളക്കഥകൾ സുലഭമായ ഈ സാഹചര്യത്തിൽ മുസ്‌ലിം സമുദായത്തെ കരിവാരിത്തേക്കാനുള്ള ഒരു ശ്രമമായിട്ടു കൂടിയാണ് നാം ഇതിനെ നോക്കി കാണേണ്ടത്. രാജ്യത്ത് തീവ്രവാദവും പീഡനവും വർദ്ധിക്കുന്നത് മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നത് കൊണ്ടാണെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ബിജെപി എംപി യായ ഹരി ഓം പാണ്ഡെയാണ്.
ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെയും അശാസ്ത്രീയമായ ഇത്തരം നിയമങ്ങളെയും എതിർക്കേണ്ടത് ജനാധിപത്യ വക്താക്കളുടെ ബാധ്യതയാണ്.
Leave A Comment