ഫുആദ് സസ്കിൻ: അറബ്  ശാസ്ത്ര സംസ്കാരത്തിന്‍റെ അടിവേര് തിരഞ്ഞ ചരിത്രകാരൻ

“Arabists have no reason to despair. There is still scope of discoveries”  ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ചിന്തകനായ ഫ്രാൻസ് റോസന്താളിന്റെ വാക്കുകളാണ് ഇവ. അറബ് മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റത്തിന്‍റെ ചരിത്രം പറയുന്ന സ്രോതസ്സുകൾ പുരാതന ലൈബ്രറികളിലായി ഇനിയും കണ്ടെത്തപ്പെടാതെ കിടക്കുന്നുണ്ട് എന്നത് മുസ്‌ലിം ലോകം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വസ്തുതയാണ്. ഇസ്‍ലാമിക വൈജ്ഞാനിക ചരിത്രത്തിൻറെ അറിയപ്പെടാതെ പോയ ഏടുകളെ പുറം ലോകത്തിന് മുമ്പിൽ തുറന്നു കാട്ടാൻ വേണ്ടി തുർക്കി, ഇറാൻ, സിറിയ, അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും അമേരിക്ക, യൂറോപ്പ്, ഇന്ത്യ, എന്നീ നാടുകളിലെയും പുരാതന ലൈബ്രറികളിൽ അറുപത് വർഷത്തോളം തൻറെ ജീവിതം ചെലവഴിച്ച മുസ്‌ലിം ലോകത്തെ ആധുനിക ചരിത്രകാരന്മാരിൽ പ്രധാനിയാണ് ഫുആദ് സസ്കിൻ. മുസ്‌ലിം ലോകത്തെ ലൈബ്രറികളിൽ പൊടിപിടിച്ച് കിടക്കുകയായിരുന്ന ഖുർആൻ, ഹദീസ്, ചരിത്രം, സാഹിത്യം, ഇൽമുൽകലാം, സൂഫിസം, ജ്യോതിഷം, ജ്യോതിശാസ്ത്രം, ജന്തുശാസ്ത്രം, രസതന്ത്രം, എന്നീ മേഖലകളിൽ അറിയപ്പെടാതെ പോയ ഒരു വലിയ പുസ്തക ശേഖരമാണ് അതിലൂടെ അദ്ദേഹത്തിന് പുറംലോകത്തെത്തിക്കാനായത്.

1924 ൽ തുർക്കിയിലെ ഏർസ്രും പ്രവിശ്യയിൽ ജനിച്ച സെസ്കിൻറെ ജീവിതത്തിൽ ജർമൻ ഓറിയന്റലിസ്റ്റ് ആയ ഹെൽമറ്റ് റിട്ടർ ഇസ്താംബൂള്‍ യൂണിവേഴ്സിറ്റിയിൽ അറബിക് ലിറ്ററേച്ചറിൽ നടത്തിയ ലെച്ച്ചറിങ് ആണ് വഴിത്തിരിവായി മാറിയത്. വെറും ഒരു എൻജിനീയർ മാത്രം ആകാൻ സ്വപ്നം കണ്ടിരുന്ന സെസിക്കിനോട് റിട്ടർ മുഹമ്മദ് ജരീർ അല്‍ത്വബ്‍രിയുടെയും ഇമാം ഗസാലിയുടെയും ഗ്രന്ഥങ്ങൾ പഠിക്കാൻ ആവശ്യപ്പെട്ടു. വേണ്ട രീതിയിൽ പഠിക്കപ്പെടാതെ പോയ പല മാനുസ്ക്രിപ്റ്റുകളുടെയും കലവറയായ ഇസ്താംബൂളിലെ പുരാതന ലൈബ്രറികളിൽ ജീവിതം കഴിച്ചുകൂട്ടിയിരുന്ന റിറ്റർ മുസ്‌ലിം പണ്ഡിതന്മാർക്ക് ചരിത്രത്തിൽ വേണ്ട രീതിയിലുള്ള പരിഗണന ലഭിച്ചിട്ടില്ല എന്ന് വിശ്വസിച്ചിരുന്ന അപൂർവ്വം ചില യൂറോപ്യൻ ചരിത്രകാരന്മാരിൽ പെട്ട ഒരാളായിരുന്നു. അദ്ദേഹത്തിൻറെ ഈ വീക്ഷണം സെസ്കിനിൽ ശക്തമായ സ്വാധീനം ചെലുത്തിയതിനെ തുടർന്ന് അദ്ദേഹത്തിൻറെ പാത പിന്തുടരാനുള്ള തീരുമാനം എടുക്കുകയാണുണ്ടയത്. 1960 തുർക്കിയിലെ അദ്നാൻ മെന്ദരസ് പ്രധാന മന്ത്രി ആയിരുന്ന ഡെമോക്രാറ്റിക് പാർട്ടി ഗവൺമെന്റിനെ അട്ടിമറിച്ച് സായുധ വിപ്ലവകാരികൾ അധികാരത്തിൽ വന്നതോടെ അദ്ദേഹത്തിന് തുർക്കിയിലെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. തൻറെ ഗുരു റിട്ടറിനോട് കൂടെ ജർമ്മനിയിലേക്ക് പലായനം നടത്തിയ സസ്‌കിൻ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലെ ഗഥെ യൂണിവേഴ്സിറ്റിയിലാണ് പിന്നീട് പഠനം തുടർന്നത്.

എട്ടാം നൂറ്റാണ്ടിൽ  അബ്ബാസി ഭരണ കാലത്ത് വൈജ്ഞാനിക സങ്കേതമായി മാറിയ ബാഗ്ദാദ് കേന്ദ്രീകരിച്ചാണ് അദ്ദേഹം കൂടുതൽ പഠനങ്ങളും നടത്തിയിട്ടുള്ളത്. മുസ്‌ലിം പണ്ഡിതന്മാർ ഗ്രീക്ക് ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും മുസ്‌ലിം ലോകത്ത് അതിശക്തമായ ധൈഷണിക മുന്നേറ്റത്തിന് സാക്ഷിയാവുകയും ചെയ്ത കാലഘട്ടമാണ് ഇത്. ആൽക്കമി എന്ന പദം ആദ്യമായി പരിചയപ്പെടുത്തിയ ജാബിർ ബിൻ ഹയ്യാനും കിതാബുൽ ജബറിൽ അൽജിബ്രയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത മൂസൽ ഖവാരിസ്മിയും ഈ കാലഘട്ടത്തിലെ പ്രമുഖരാണ്. ഈ കാലഘട്ടത്തിൽ തന്നെ അറബികൾ ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള മാപ്പുകൾ തയ്യാറാക്കുകയും വ്യത്യസ്ത കടൽ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

അബ്ബാസി ഖലീഫയായിരുന്ന മഅ്മൂന്റെ നിർദ്ദേശപ്രകാരം വരയ്ക്കപ്പെട്ട ഒരു മാപ്പ് സസ്കിൻ 1980കളുടെ തുടക്കത്തിൽ കണ്ടെത്തുകയുണ്ടായി. ഗോള ആകൃതിയിൽ ഭൂമിയുടെ രൂപത്തെ വളരെ വ്യക്തമായി അടയാളപ്പെടുത്തി എന്നതിന് പുറമേ നൂറ്റാണ്ടുകളായി ഇന്ത്യൻഓഷ്യൻ, അറ്റ്‍ലാന്റിക്ഓഷ്യൻ, എന്നിവ വെറും ഉൾനാടൻ കടലുകൾ ആണ് എന്ന് ടോളമി വരുത്തിവെച്ച തെറ്റിദ്ധാരണകളെ തിരുത്തുന്നതുമായിരുന്നു ഈ മാപ്. അദ്ദേഹത്തിൻറെ സഹപ്രവർത്തകനായ എയ്മൻ നാഫായി എന്ന ഈജിപ്ഷ്യൻ എൻജിനീയർ ഈ മാപ്പിനെ ഗ്ലോബ് രൂപത്തിൽ നിർമ്മിച്ചു നൽകുകയും ഇന്ന് ഇസ്താംബൂളിലെ മ്യൂസിയത്തിന്റെ കവാടത്തിനരികെ ഈ മാപ്പ് സ്ഥാപിച്ചതായും കാണാം. 1968 ഇറാനിലെ മഷ്ഹദിലെ അസ്താൻ ലൈബ്രറിയിൽ നിന്ന് പ്രമുഖ ചിന്തകനായിരുന്ന ഡയോഫാന്റസിന്റെ അരിതമാറ്റിക്ക എന്ന ഗ്രന്ഥത്തിന്റെ അറബി വിവർത്തന പതിപ്പ് കണ്ടെത്തുകയുണ്ടായി. അബ്ബാസി കാലഘട്ടത്തിലെ പ്രമുഖ ക്രിസ്ത്യൻ പണ്ഡിതനായിരുന്ന കുഷ്താ ബിൻ ലൂക്കാ വിവർത്തനം ചെയ്തതായിരുന്നു ഇത്.

ചരിത്രത്തിൻറെ ആധികാരികത രേഖാമൂലമുള്ള സ്രോതസ്സുകളിൽ മാത്രമാണ് എന്ന പാശ്ചാത്യ തത്വപ്രകാരം മുസ്‌ലിം ലോകത്ത് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട ഹദീസുകൾക്കും മറ്റും ചരിത്ര ആധികാരികത ഇല്ല എന്ന ഓറിയന്റലിസ്റ്റുകളുടെ അടിസ്ഥാനരഹിതമായ വാദങ്ങളെ പൊളിച്ചെഴുതാൻ അദ്ദേഹം ശ്രമം നടത്തിയിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയുടെ സ്രോതസ്സുകളെ അന്വേഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ ആദ്യ പ്രബന്ധത്തിലൂടെ രേഖാ മൂലമുള്ള സ്രോതസ്സുകൾ പാശ്ചാത്യരുടെ കുത്തകയാണെന്നും മുസ്‌ലിം ലോകത്തിന് അത് അന്യമാണെന്നുമുള്ള ധാരണ തിരുത്തുകയാണ് ഉണ്ടായത്. സ്വഹീഹുൽ ബുഖാരിയിൽ ഇമാം ബുഖാരി ആശ്രയിച്ച സ്രോതസ്സുകൾ ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. ഹിജ്റ ഒന്നാം നൂറ്റാണ്ടു മുതൽ വാമൊഴിയായാണ് ഹദീസുകൾ കൈമാറ്റം ചെയ്യപ്പെട്ടത് എന്ന മുസ്‍ലിം പണ്ഡിതരുടെ തന്നെ ധാരണ തിരുത്തി ഒന്നാം നൂറ്റാണ്ട് മുതൽ തന്നെ ഹദീസുകൾ എഴുതപ്പെട്ടിട്ടുണ്ട് എന്ന് തുറന്ന് കാട്ടാൻ അദ്ദേഹത്തിന് സാധിച്ചു. അഹ്മദ് ബിൻ ഹമ്പലിന്റെ ഇലൽ എന്ന ഗ്രന്ഥവും ഇബ്ൻ സഅദിന്റെ ത്വബഖാതു താരീഖ് അൽബുഖാരിയും ആ വാദത്തെ തെളിയിക്കാൻ വേണ്ടി അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.

സസ്കിന്റെ  മാസ്റ്റർ പീസ് ആയി ഗണിക്കപ്പെടുന്ന അറബി പൈതൃകത്തിന്റെ ചരിത്രം (Geschichte des Arabischen Schrifttums) കാൾ ബ്രോക്കൽമാൻറെ അറബി സാഹിത്യ ചരിത്രത്തിൻറെ (Geschichte der arabischen Litteratur) തുടർച്ച എന്നോണം എഴുതി തുടങ്ങിയതായിരുന്നു എങ്കിലും അത് ഒരു തുടർച്ചയല്ല പുതിയൊരു ഗ്രന്ഥമാണ് എന്ന് മനസ്സിലാക്കിയ സസ്കിനെ തൻറെ സഹപ്രവർത്തകർ നിരാശപ്പെടുത്തി. എന്നാൽ 1967ൽ ആദ്യ വോല്യം പബ്ലിഷ് ചെയ്യപ്പെട്ടതോടെ സഹപ്രവർത്തകർ അദ്ദേഹത്തിൻറെ ദൃഢ നിശ്ചയം മനസ്സിലാക്കി. ഏഴാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള നഷ്ടപ്പെട്ട ഇസ്‍ലാമിക ശാസ്ത്രവും വിജ്ഞാനവും എങ്ങനെയാണ് വളർന്നത് എന്നതിന്റെ വളരെ വ്യക്തമായ ഉൾക്കാഴ്ച നൽകുന്ന ഈ ഗ്രന്ഥം ഈ മേഖലയിൽ അക്കാദമിക രംഗത്ത് വളരെ വലിയ റഫറൻസ് ആയി പരിഗണിക്കപ്പെടുന്നു. 17 വോല്യം വരുന്ന ഈ ഗ്രന്ഥം ഖുർആൻ, ഹദീസ്, ചരിത്രം, സാഹിത്യം, ഇൽമുൽ കലാം, സൂഫിസം, എന്നിവക്ക് പുറമേ ഭൗതികശാസ്ത്രം, മെഡിസിൻ, ജന്തു ശാസ്ത്രം, രസതന്ത്രം, മാത്തമാറ്റിക്സ് എന്നീ വ്യത്യസ്ത വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. മിഡിൽ ഈസ്റ്റിലേയും അമേരിക്കയിലെയും യൂറോപ്പിലെയും പുരാതന ലൈബ്രറികളിൽ നിന്ന് നാലുലക്ഷത്തോളം മാനുസ്ക്രിപ്റ്റുകളുടെ പിൻബലത്തിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. ബ്രോക്കൽമാനിൽ നിന്നും വ്യതിരിക്തമായി സംശയത്തിന് ഒരു വകയും വയ്ക്കാതെ ഓരോ വിഷയത്തിലും വ്യക്തമായ പഠനം നൽകുന്നുണ്ട് ഈ ഗ്രന്ഥം. പുസ്തകങ്ങളുടെ വിവർത്തനങ്ങൾ അവലംബിക്കുന്നത് ഒഴിവാക്കാൻ വേണ്ടി അദ്ദേഹം 30 ഓളം ഭാഷകൾ സ്വന്തമായി പഠിച്ചെടുത്തിരുന്നു.

തുർക്കിയിൽ നിന്ന് നാടുകടത്തപ്പെട്ടതിനുശേഷം തൻറെ ജീവിതത്തിൻറെ സിംഹഭാഗവും യൂറോപ്പിലും അമേരിക്കയിലും ആയി കഴിച്ചുകൂട്ടിയ സെസ്കിൻ ഗ്രീക്ക് സംസ്കാരത്തെ പോലെ തന്നെ അറബ് സംസ്കാരവും യൂറോപ്പിന്റെ നവോത്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകിയിട്ടുണ്ട് എന്നും  യൂറോപ്പിന്റെയും ഇസ്‍ലാമിന്റെയും ചിന്താരീതിയിലുള്ള സാമ്യതകളും ചൂണ്ടിക്കാട്ടി ശാസ്ത്രീയമായ ചിന്ത പാശ്ചാത്യർക്ക് മുസ്‍ലിംകളിൽ നിന്ന് അനന്തരമായി കിട്ടിയതാണ് എന്നും സമര്‍ത്ഥിക്കുന്നുണ്ട്. വൈജ്ഞാനിക ഉത്പാദനത്തിലും സാംസ്കാരിക മുന്നേറ്റങ്ങളിലും മുസ്‍ലിം ലോകം യൂറോപ്പുമായി സഹകരിച്ച് മുന്നോട്ടു പോകണം എന്ന് വിശ്വസിച്ചിരുന്ന ഇദ്ദേഹം സാമുവൽ ഹണ്ടിങ്ടന്റെ സംസ്കാരങ്ങൾ തമ്മിലുള്ള തർക്കങ്ങളെ (clash of civilizations) ശക്തമായി എതിർക്കുന്നുണ്ട്.

അതാതുർക്കിന്റെ സെകുലരിസ്റ്റ് ആശയങ്ങൾ കാരണം സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്ന ഇദ്ദേഹം തൻറെ നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത മുന്നേറ്റവും വർഷങ്ങൾക്കുശേഷം തൻറെ ജന്മനാട്ടിലേക്ക് തിരിച്ചെത്തുകയും അവിടെ തനിക്ക് ലഭിച്ച ശക്തമായ സ്വീകരണവും പ്രവാചകന്റെ ഹിജ്റയെയും ജീവിതത്തെയുമാണ് ഓർമ്മിപ്പിക്കുന്നത്. അദ്ദേഹത്തിൻറെ കരിയറിലെ മുഴുവൻ ഭാഗവും ജർമ്മനിയിലാണ് കഴിച്ചുകൂട്ടിയത് എങ്കിലും അദ്ദേഹത്തിൻറെ പുസ്തകങ്ങളും ലേഖനങ്ങളും തുർക്കിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു തുടങ്ങിയതോടെ തുർക്കി സന്ദർശനം പത്തിവാക്കിയിരുന്നു. രണ്ടായിരത്തോടെ തുർക്കി പ്രസിഡന്റ് ഉർദുഗാനെ കണ്ടുമുട്ടുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സെസിക്കിന്റെ പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുർക്കി ഗവൺമെൻറ് സ്ഥാപിച്ചതോടെ ഫ്രാങ്ക്ഫർട്ടിലെ 45,000 ത്തോളം വരുന്ന തന്റെ പുസ്തക ശേഖരം തുർക്കിയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടത്തി. എന്നാൽ അവ ജർമ്മനിക്ക് ഉടമപ്പെട്ട പുരാവസ്തുക്കളാണ് എന്ന ന്യായം പറഞ്ഞ് അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. ഒരു പൊതു സ്ഥാപനത്തിൻറെ സ്വത്ത് തന്റേതാക്കാനുള്ള ശ്രമം നടത്തി എന്നും അദ്ദേഹത്തിന് തുർക്കിഷ് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉറുദുഗാനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ ജർമ്മൻ പ്രോസിക്യൂട്ടർമാർ കേസ് ഫയൽ ചെയ്യുകയും ചെയ്തു. 50000 യൂറോ വില വരുന്ന ഈ പുസ്തക ശേഖരം തുർക്കിയിലേക്ക് മാറ്റണമെങ്കിൽ മന്ത്രിസഭയിൽ നിന്നും പ്രത്യേക സമ്മതം ആവശ്യമാണ് എന്ന ഉപാധിയും മുന്നോട്ടു വെച്ചു. എന്നാൽ ശേഷം അവ ജർമ്മനിയുടെ പുരാവസ്തുക്കൾ അല്ല എന്ന് തെളിയിക്കാപ്പെട്ടതോടെ ജർമൻ പ്രോസിക്യൂട്ടർമാർക്ക് തങ്ങളുടെ വാദം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ പുസ്തക ശേഖരം സെസ്കിന് ഉടമപ്പെട്ടതാണോ അതോ സ്ഥാപനത്തിന്റേതാണോ എന്നതിലുള്ള ചർച്ച തുടരുകയും ജർമ്മനിയിൽ നിന്ന് ആ പുസ്തകങ്ങൾ നീക്കുന്നതിനെ നിരോധിക്കുകയും അദ്ദേഹത്തിനെത്തിന്റെ ഓഫീസ് സീൽ ചെയ്യുകയും ചെയ്തു. അവസാനകാലത്ത് സസ്കിൻ തൻറെ പഠനം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എങ്കിലും തൻറെ പുസ്തക ശേഖരത്തിലേക്കുള്ള വിലക്ക് കാരണത്താൽ അദ്ദേഹത്തിന് അത് സാധിക്കാതെ പോയി.

അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുടെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.1978 ൽ മുസ്‍ലിം അറബ് ലോകത്തെ ഉന്നത ബഹുമതിയായ കിംഗ് ഫൈസൽ അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കപ്പെടുകയുണ്ടായി. അവാർഡ് സ്വീകരിച്ച അദ്ദേഹം ഫ്രാങ്ക്ഫർട്ടിലെ തന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബ് ഇസ്‍ലാമിക് സയൻസസിന്റെ ഫണ്ടിലേക്ക് കൈമാറുകയാണ് ഉണ്ടായത്. ബാഗ്ദാദ്, മൊറോക്കോ, ഡമസ്കസ്, കൈറോ, എന്നീ സ്ഥലങ്ങളിലെ അറബിക് ലാംഗ്വേജ് അക്കാദമികളിൽ അംഗമായിരുന്ന അദ്ദേഹം ടർക്കിഷ് ഹിസ്റ്ററി അക്കാദമിയിലെ മെമ്പർ കൂടിയായിരുന്നു. ജർമ്മൻ റിപ്പബ്ലിക്കിന്റെ ഉന്നത ബഹുമതിയായ ഫ്രാൻസ് സിറ്റിയുടെ ഗഥെ ഫലകവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഫ്രാങ്ക്ഫർട് മ്യൂസിയത്തിൽ അദ്ദേഹം  ശേഖരിച്ച് സ്വന്തമായി ബൈൻഡ് ചെയ്ത 40,000ത്തിലധികം മാനുസ്ക്രിപ്റ്റുകൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ്യൻ റിനൈസൻസോടെ പാർശ്വവൽക്കരിക്കപ്പെട്ട 800 വർഷത്തെ മുസ്‍ലിം ലോകത്ത് നടന്നിട്ടുള്ള വൈജ്ഞാനിക സംഭാവനകളെ പുറത്തുകൊണ്ടുവന്ന അദ്ദേഹം മുസ്‍ലിം സ്പെയ്നിലെയും ബഗ്ദാദിലേയും ഡമസ്കസിലെയും എൻജിനീയർമാരും ഡോക്ടർമാരും ഉപയോഗിച്ചിരുന്ന ലബോറട്ടറി ഉപകരണങ്ങളുടെയും ആസ്ട്രോ ലാബുകളുടെയും മാതൃകകൾ അടക്കം 800ലധികം ശാസ്ത്ര കണ്ടുപിടിത്തങ്ങളെ അദ്ദേഹം പുനർ നിർമ്മിച്ചു. അവകളെപ്പറ്റി 5 വോള്യം വരുന്ന ഒരു കാറ്റലോഗ് തയ്യാറാക്കുകയും ചെയ്തു. അയ്മൻ നാഫായ് എന്ന ഈജിപ്ഷ്യൻ സിവിൽ എൻജിനീയറായിരുന്നു അദ്ദേഹത്തെ ഈ ഉപകരണങ്ങൾ തയ്യാറാക്കുന്നതിൽ സഹായിച്ചിരുന്നത്. അവ ഇന്നും ഇസ്താമ്പൂളിലെയും ഫ്രാങ്ക്ഫർട്ടിലേയും അറബിക് ഇസ്‍ലാമിക് സയൻസ് ഹിസ്റ്ററി മ്യൂസിയങ്ങളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന വളരെ അപൂർവ്വമായ ചരിത്രശേഷിപ്പുകളുടെ ആവിഷ്കാരമാണ്.

തൻറെ പഠനത്തിന്റെ പതിനെട്ടാം വോല്യം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് 92ആം വയസ്സിൽ അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നത്. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയെന്നോണം ഉറുദുഗാൻ 2019 ഫുആദ് സസ്കിൻ വർഷമായി ആഘോഷിക്കാൻ ഉത്തരവിടുകയുണ്ടായി. 2018 ഇൽ ഇഹലോകവാസം വെടിഞ്ഞ സസ്കിൻ പ്രസിദ്ധമായ തോപ്കാപി പാലസിന്റെ മുറ്റത്ത് തൻറെ പേരിൽ നിർമ്മിക്കപ്പെട്ട സ്ഥാപനത്തിൻറെ തണലിലായി അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter