ഇഖ്റഅ് 15. അവകാശങ്ങള്‍ നൽകാൻ ഒന്നും തടസ്സമാവാതിരിക്കട്ടെ
അഞ്ചാം ഖലീഫ എന്ന പേരില്‍ ചരിത്രത്തില്‍ പ്രസിദ്ധനായ ഉമറുബ്നു അബ്ദില്‍ അസീസ്(റ) നാട് ഭരിക്കുന്ന കാലം. ഒരു ദിവസം ഒരു സംഘം, വലീദുബ്നുഅബ്ദില്‍മലികിന്റെ മകനായ റൗഹിനെ സമീപിച്ച്, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചില കെട്ടിടങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വാദിക്കുകയും അതിനായി തെളിവുകള്‍ ഹാജറാക്കുകയും ചെയ്തു. പക്ഷേ, താന്‍ അധികാര കുടുംബത്തിലെ അംഗമാണെന്ന നിലയില്‍ അദ്ദേഹം അവരോട് കയര്‍ത്ത് സംസാരിച്ചു.
ഉടനെ ഖലീഫ ഇടപെടുകയും അദ്ദേഹത്തോട് അവ തിരിച്ചുനല്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതെ സദസ്സ് വിട്ട് പോയ റൗഹ് ആഗതരെ ഭീഷണിപ്പെടുത്തി. വിവരം അറിഞ്ഞ ഖലീഫ, തന്റെ സൈനികരില്‍ ഒരാളെ പിന്നാലെ പറഞ്ഞയക്കുകയും ആ കെട്ടിടങ്ങള്‍ തിരിച്ച് നല്കാന്‍ വിസമ്മതിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ കഥ കഴിക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തു. ഖലീഫയുടെ സൈനികന്‍ വരുന്നത് കണ്ട റൗഹ് എത്രയും വേഗം അവ തിരിച്ച് നല്കി.
മറ്റൊന്നും നോക്കാതെ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് ചേരേണ്ടവനാണ് വിശ്വാസി. അവിടെ അവന് ബന്ധങ്ങളോ കൂട്ടുകെട്ടുകളോ തടസ്സമല്ല. മോഷ്ടിച്ചത് എന്റെ മകള്‍ ഫാതിമയാണെങ്കില്‍ പോലും ഞാന്‍ അവളുടെ കരങ്ങള്‍ വെട്ടാതിരിക്കില്ല എന്ന പ്രവാചക വചനം ഇവിടെ ഏറെ ശ്രദ്ധേയമാണ്. ഉന്നത കുടുംബത്തിലെ ഒരു സ്ത്രീ മോഷ്ടിച്ച പരാതി പ്രവാചക സന്നിധിയിലെത്തുകയും അതില്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് ബന്ധുക്കള്‍ പ്രവാചകരെ സമീപിക്കുകയും ചെയ്ത വേളയിലായിരുന്നു, നിയമം എത്ര ഉന്നതനും ബാധകമാണെന്ന, ലോക ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത, ഈ പ്രഖ്യാപനമുണ്ടാവുന്നത്. ശേഷം അവിടുന്ന് തന്റെ അനുയായികളോട് ഇങ്ങനെ പറയുകയും ചെയ്തു, നിങ്ങളുടെ മുന്‍കാലക്കാര്‍ അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രമായതിന്റെ ഒരു കാരണം ഇതായിരുന്നു, അവരിലെ പാവങ്ങള്‍ കുറ്റം ചെയ്താല്‍ അതിന് ശിക്ഷ നല്കുകയും ഉന്നതര്‍ തെറ്റ് ചെയ്താല്‍ അവര്‍ കണ്ണടക്കുകയും ചെയ്യുമായിരുന്നു.
Read More: ഇഖ്റഅ് 14 . ഖലീഫ പോലും അതീതനല്ലാത്ത നീതിന്യായം
ഇസ്‍ലാമിന്റെ നിയവും അതിന്റെ പ്രയോഗവല്‍ക്കരണവും അങ്ങനെയാണ്. അത് എല്ലാവരെയും ഒരു പോലെയാണ് കാണുന്നത്. ആ നിയമവ്യവസ്ഥക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. ആരെയെങ്കിലും പ്രത്യേകമായി ശിക്ഷിക്കാനോ ആരെയെങ്കിലും രക്ഷിക്കാനോ അത് അനുവദിക്കുന്നില്ല. മക്കള്‍ക്കിടയില്‍ പോലും വേര്‍തിരിവുകള്‍ നടത്തുന്നത് അത് കര്‍ശനമായി വിലക്കിയിരിക്കുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തിലും ഈ നിയമസമത്വം നിലവില്‍ വരേണ്ടിയിരിക്കുന്നു. എല്ലാവരെയും ഒരു പോലെ കാണാന്‍, എല്ലാവരോടും ഒരു പോലെ സമീപിക്കാന്‍, ആരെയും നിസ്സാരവല്‍ക്കരിക്കാതിരിക്കാന്‍, വിശ്വാസികളെന്ന നിലയില്‍ ശീലിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ റമദാന്‍ അതിന് കൂടിയുളള വേദിയാവട്ടെ.



Leave A Comment