ഇഖ്റഅ് 28. പരസ്പരമുള്ള കടമകള്‍ കൂടി ഓര്‍ക്കാം
ഒരു വിശ്വാസിക്ക് തന്റെ സഹോദരനോടുള്ള കടമകള്‍ ആറാണ്, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, കണ്ട് മുട്ടുമ്പോള്‍ സലാം പറയുക, ഉപദേശം ആവശ്യപ്പെട്ടാല്‍ ഏറ്റവും ഗുണകരമായത് പറഞ്ഞ് കൊടുക്കുക, തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ അതിന് മറുപടിയെന്നോണം അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പറയുക, അവന്‍ അസുഖബാധിതനായാല്‍ അവനെ സന്ദര്‍ശിക്കുക, അവന്‍ മരണപ്പെട്ടാല്‍ സംസ്കാര ചടങ്ങുകളില്‍ കൂടെയുണ്ടാവുക.
പ്രവാചകര്‍ തന്റെ സമുദായത്തോട് നടത്തിയ ഉപദേശമാണ് ഇത്. പരസ്പരം ഏറ്റവും ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിക്കുന്ന ഒരു സമൂഹത്തെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇതെന്ന് പറയാം.
വിശ്വാസികളെല്ലാം, ഏതെങ്കിലും ഒരു അവയവത്തിന് അസുഖം ബാധിച്ചാല്‍ പനി പിടിച്ചും ഉറക്കമൊഴിഞ്ഞും അതിന് വേണ്ടി കൂട്ട് നില്ക്കുന്ന ഒരു ശരീരം പോലെയാണെന്നുള്ള ഉപമയും ഇതിനോട് ചേര്‍ത്ത് വായിക്കാം.
ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യരെല്ലാം പാലിക്കേണ്ടതാണ് ഈ മര്യാദകളെന്ന് പറയാം. ആരോഗ്യപൂര്‍ണ്ണമായ ബന്ധങ്ങളാണ് ഏതൊരു സമൂഹത്തിന്റെയും ശക്തിയും അടിസ്ഥാനവും. കാണുമ്പോഴൊക്കെ മനസ്സ് അറിഞ്ഞ് അഭിവാദ്യം ചെയ്യുന്ന, അതും നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന, വിരുന്നിനോ സല്ക്കാരത്തിനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ ക്ഷണിച്ചാല്‍ സസന്തോഷം ആ ക്ഷണം സ്വീകരിച്ച് അവന്റെ സുഖദുഖങ്ങളില്‍ പങ്കാളിയാവുന്ന, ഉപദേശനിര്‍ദ്ദേശങ്ങള്‍ ആവശ്യമാവുന്ന സമയത്ത് അത് ആത്മാര്‍ത്ഥമായി നല്കുന്ന, അസുഖമായാല്‍ അവനെ അന്വേഷിച്ച് വീട്ടിലേക്കോ ആശുപത്രിയിലേക്കോ ചെന്ന് അവനെ ആശ്വസിപ്പിച്ച് പ്രാര്‍ത്ഥന നടത്തി തിരിച്ച് പോരുന്ന, മരണപ്പെട്ടാല്‍ ഖബ്റടക്കുന്നത് വരെ കൂടെ നിന്ന് എല്ലാം ചെയ്ത് കൊടുക്കുന്ന വ്യക്തികളടങ്ങുന്ന ഒരു സമൂഹത്തെ കുറിച്ച് ആലോചിച്ച് നോക്കൂ.
എത്ര വലിയ പ്രയാസങ്ങള്‍ക്കിടയിലും പിടിച്ച് നില്ക്കാനും ഏത് വലിയ പ്രതിസന്ധികളിലും തകരാതെ മുന്നോട്ട് കുതിക്കാനുള്ള കരുത്താര്‍ജ്ജിക്കാനും ഇതില്‍പരം മറ്റെന്ത് വേണം.
Read More : ഇഖ്റഅ് 27.എല്ലാ പോസ്റ്റുകളും നമുക്ക് പങ്ക് വെക്കാനാവില്ല
അത്തരം ഒരു സമൂഹത്തെയാണ് വിശുദ്ധ ഇസ്‍ലാം വിഭാവനം ചെയ്യുന്നതും വളര്‍ത്തിയെടുത്തതും. ശേഷം വരുന്നവര്‍ക്കെല്ലാം മാതൃകയെന്നോണം വാര്‍ത്തെടുക്കപ്പെട്ട ഉത്തമ സമൂഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്, ഈ സാമൂഹ്യമര്യാദകളെല്ലാം പാലിച്ചവരായിരുന്നു, ജീവിതത്തിലെ ഏറ്റവും നല്ല മൂല്യങ്ങളെല്ലാം സ്വായത്തമാക്കിയവരായിരുന്നു.
അത്തരം ഒരു മാതൃകാസമൂഹത്തിന്റെ ഇന്നത്തെ പ്രതിനിധികളാണ് നാം. നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് ഇസ്‍ലാമിനെ വായിച്ചെടുക്കാനും ഉത്തമ സമൂഹത്തെ നേരില്‍ കാണാനും നമ്മിലൂടെ സാധിക്കണം. നമ്മുടെ ജീവിതം ആ രീതിയിലേക്ക് ഉയര്‍ന്നിട്ടുണ്ടോ എന്ന് നമുക്ക് ഒരു ആത്മവിചാരണ നടത്താം. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ അതിനായുള്ള ശ്രമങ്ങള്‍ തുടരാം. ഈ റമദാന്‍ അതിന് കൂടിയായിരിക്കട്ടെ.



Leave A Comment