ബാബരി: മതേതരത്വ ധ്വംസനത്തിന് 26 വര്‍ഷം തികയുമ്പോള്‍

ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ക്ക് 26 വര്‍ഷം തികയുന്നു. തകര്‍ക്കപ്പെട്ട ഇന്ത്യന്‍ മതേതരത്വത്തിന്റെ താഴികക്കുടങ്ങള്‍ പുന: സ്ഥാപിക്കാന്‍ ഇപ്പോഴും രാജ്യത്തിന് സാധിച്ചിട്ടില്ല. അതേസമയം, സംഘ്പരിവാര്‍ ഫാസിസം അത് വെച്ച് മുതലെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ഒരു യാഥാര്‍ത്ഥ്യത്തെ എങ്ങനെ സങ്കല്‍പവും മിത്തുമായി അവതരിപ്പിക്കാമെന്ന അജണ്ട വിജയിപ്പിക്കുകയാണ് ഇവിടെ ഹിന്ദുത്വ അജണ്ട. തകര്‍ക്കപ്പെട്ട മുസ്‌ലിം പള്ളിയെക്കുറിച്ചല്ല ഇപ്പോള്‍ എവിടെയും സംസാരം. പ്രത്യുത, അവിടെ എന്ത് പണിയുമെന്നതിനെക്കുറിച്ചാണ്. 

മതേതര ഇന്ത്യയില്‍  ആണ്  കെ.കെ. നായര്‍ എന്ന ഒരു മലയാളിയുടെ  പെരും നുണകളുടെ പേരില്‍ ബാബരി പള്ളി നീണ്ട നാല് പതിറ്റാണ്ടുകള്‍ പൂട്ടിയിട്ടത്. തര്‍ക്കമന്ദിരമെന്ന നിര്‍മിത പേരില്‍ പൂട്ടിയിട്ട ബാബരിയെ  പിന്നീട് വര്‍ഗീയവാദികള്‍ക്കു വേണ്ടി ഏകപക്ഷീയമായി ശിലാന്യാസത്തിനു തുറന്നുകൊടുക്കുകയായിരുന്നു ചില രാഷ്ട്രീയ തങ്കപ്പന്മാര്‍. ഒടുവില്‍, തൊണ്ണൂറ്റിരണ്ടിന്റെ ഡിസംബറില്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ കപട ദേശസ്നേഹികള്‍  തച്ചുടക്കുകയാണുണ്ടായത്.

ഓരോ ഇലക്ഷന്‍ വരുമ്പോഴും ക്ഷേത്ര നിര്‍മാണത്തെക്കുറിച്ചാണ് സംഘ്പരിവാര്‍ സംസാരിക്കുന്നത്. യു.പിയും യോഗിയും ക്ഷേത്ര നിര്‍മാണത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ശിവസേനയും ശക്തമായി രംഗത്ത് വന്നിരിക്കുന്നു. 

അപ്പോഴും, തകര്‍ക്കപ്പെട്ടത് മസ്ജിദാണെന്നും രാജ്യത്ത് മതേതരത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പറയാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഭരണാധികാരിയും തയ്യാറാകുന്നില്ല. പകരം, ആ ഓര്‍മകളെ തന്നെ ഇല്ലായ്മ ചെയ്യുകയാണ് എല്ലാവരും. 

ഇപ്പോള്‍, മറ്റു ചിലര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ വല്ലാതെ കൗതുകം തോന്നുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് മ്യൂസിയം പണിയണമെന്നാണ് അവര്‍ പറയുന്നത്. അവിടെ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിക്കണമെന്ന് മറ്റു ചിലരും ലൈബ്രറി വേണമെന്ന് മറ്റു ചിലരും പറയുന്നു. 

പള്ളി തകര്‍ക്കപ്പെട്ടിടത്ത് പള്ളി തന്നെയാണ് പണിയേണ്ടത്. അതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ സാഹചര്യമൊന്നുമില്ല. അങ്ങനെയൊരു ചിന്തക്ക് പ്രസക്തിയുമില്ല. 

ഭരണമാറ്റങ്ങള്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതെങ്ങനെയാണ്? എന്നും അവകാശം ശേഷിക്കും. അത് സംരക്ഷിക്കപ്പെടുകയും വേണം. ബാബരി തകര്‍ച്ചയുടെ ഓരോ വര്‍ഷം പിന്നിടുമ്പോഴും ഈ അവകാശ സംരക്ഷണത്തിന്റെ ആവശ്യകതയും അനിവാര്യതയുമാണ് മതേതര ഇന്ത്യ വിളിച്ചുപറയുന്നത്. പള്ളി തകര്‍ക്കപ്പെട്ടിടത്ത് പള്ളി തന്നെ പണിയണമെന്ന് അത് വിളിച്ചുപറയുന്നു. അത് കേള്‍ക്കാന്‍ രാജ്യത്തിന് കഴിയുമ്പോഴാണ് മതേതരത്വം ഇവിടെ പൂര്‍ണമാകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter