മുസ്ലിം ചരിത്ര നഗരങ്ങള്‍ (3) ഖൈറുവാന്‍: ചരിത്രവും സാംസ്കാരവും
നൂറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രത്തിന്റെയും അതുല്യമായ സംസ്കാരത്തിന്റെയും സാക്ഷിപത്രമാണ് ടുണീഷ്യയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖൈറുവാന്‍ നഗരം. അനേകം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നഗരം കേവലമൊരു ഇസ്ലാമിക തീര്‍ത്ഥാടന കേന്ദ്രം മാത്രമല്ല, സാംസ്കാരികവും തികഞ്ഞ വാസ്തുവിദ്യാ മൂല്യവുമുള്ള ഒരു ടൂറിസ്റ്റ് ഹോട്ട്സ്പോട്ട് കൂടിയാണ് ഇത്. സമ്പന്നമായ അതിന്റെ ഗതകാലം മുതല്‍ പ്രസന്നമായ വര്‍ത്തമാനകാലം വരെ, ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ച് കൊണ്ടേയിരിക്കുകയാണ് ഖൈറുവാന്‍.
നഗരത്തിന്റെ ചരിത്രം

അറബ് പടത്തലവന് ഉഖ്ബത്ത് ഇബ്നു നാഫിഅ് എഡി 670 ല്‍ നഗരം സ്ഥാപിക്കുന്നത് മുതലാണ് ഖൈറുവാന്റെ ചരിത്രമാരംഭിക്കുന്നത്. ഉമയ്യദ് ഖിലാഫത്തിന്റെ കീഴില്‍ കൈറോവാന്‍ ഇസ്ലാമിക പാണ്ഡിത്യത്തിന്റെയും വ്യാപാരത്തിന്റെയും ശ്രദ്ധാ കേന്ദ്രമായി വളര്‍ന്നു. ഇന്നത്തെ ടുണീഷ്യയും അള്‍ജീരിയയുടെയും ലിബിയയുടെയും ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ആഫ്രിക്കയിലെ പ്രവിശാലമായൊരു പ്രദേശത്തിന്റെ തലസ്ഥാനമായി നഗരം മാറി. പുരാതന വ്യാപാര റൂട്ടുകളിലെ തന്ത്രപ്രധാനമായ സ്ഥലമായിരുന്നതിനാല്‍ സമൃദ്ധിയും സാംസ്കാരിക വിനിമയവും കൊണ്ടുവരുന്നത് വളരെ എളുപ്പമായിരുന്നു.
ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍, ഖൈറുവന് ബൗദ്ധികവും കലാപരവുമായ ഗവേഷണങ്ങളുടെ കേന്ദ്രമായി മാറി. നഗരത്തിലെ പ്രമുഖ ആരാധനാ കേന്ദ്രമായ മസ്ജിദ് ഉഖ്ബ എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മതകേന്ദ്രങ്ങളില്‍ ഒന്നാണിത്. നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നും പ്രത്യേകിച്ച് മഗ്രിബ് പ്രദേശത്തു നിന്ന് മക്കയിലേക്കും മദീനയിലേക്കും പോകാന്‍ സാധിക്കാത്ത ആളുകള്‍ മസ്ജിദ് ഉഖ്ബ സന്ദര്‍ശിച്ച് സായൂജ്യമടയുക വരെ ചെയ്തിരുന്നു. റോമന്‍-ബൈസന്റൈന്‍ ആര്‍കിടെക്ചറില്‍ നിര്‍മിക്കപ്പെട്ട, ചതുരാകൃതിയിലുള്ള പള്ളിയുടെ മിനാരം തന്നെയാണ് മുഖ്യ ആകര്‍ഷണം. പളളിക്ക് തൊട്ടടുത്തായി ബീര്‍ ബറൗത്ത എന്നറിയപ്പെടുന്ന പുരാതനമായൊരു കിണര്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. ഒട്ടകങ്ങളെ ഉപയോഗിച്ച് വെള്ളം കോരിയെടുക്കുന്ന പുരാതന വിദ്യയാണ് ഇവിടെ ഇന്നും ഉപയോഗത്തിലുള്ളത്. ആ കാലഘട്ടത്തിന്റെ വാസ്തുവിദ്യാ വൈഭവത്തിന്റെയും ആത്മീയ പ്രാധാന്യത്തിന്റെയും തെളിവായി മസ്ജിദ് ഇന്നും തല ഉയര്‍ത്തി നില്ക്കുന്നു.
സംസ്കാരവും പാരമ്പര്യങ്ങളും

ഖൈറുവാന്‍ വിവിധങ്ങളായ സാംസ്കാരിക സ്വാധീനങ്ങളുടെ സവിശേഷമായ സമ്മിശ്രണം കൊണ്ടഭിമാനിക്കുന്ന നഗരമാണ്. അതിന്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും ഉരുവപ്പെടുന്നത് വ്യത്യസ്തങ്ങളായ നാഗരികതകള്‍ക്കിടയിലെ ഒരു വഴിത്തിരിവായി നിന്നു കൊണ്ടാണ്. അറബ്, ബെര്‍ബര്‍, ആന്‍ഡലൂഷ്യന്‍ സംസ്കാരങ്ങളാല്‍ രൂപപ്പെട്ട നഗരത്തില്‍, അവയുടെയെല്ലാം മായാത്ത മുദ്രകള്‍ പാരമ്പര്യത്തിലും ജീവിതരീതിയിലും ഇന്നും പതിഞ്ഞ് കിടക്കുന്നു.
ഖൈറുവാന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക സമ്പ്രദായങ്ങളിലൊന്നാണ് പരവതാനി നെയ്ത്ത്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട, പരമ്പരാഗത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൈകൊണ്ട് നെയ്ത സങ്കീര്‍ണ്ണവും വര്‍ണാഭവുമായ പരവതാനികള്‍ക്ക് നഗരം പ്രശസ്തമാണ്. ഖൈറുവാനില്‍ നിര്‍മ്മിക്കപ്പെടുന്ന പരവതാനികള്‍ അവയുടെ അസാധാരണമായ കരകൗശല വൈഭവത്തിനും വ്യതിരിക്തമായ ഡിസൈനുകള്‍ക്കും ലോകമെമ്പാടും പേരുകേട്ടതാണ്.
Read More: മുസ്ലിം ചരിത്ര നഗരങ്ങള്‍ (2) ഫെസ്: മൊറോക്കോയുടെ ഹൃദയഭൂമി
സെറാമിക്സ്, മണ്‍പാത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമാണ് ഖൈറുവാന്റെ മറ്റൊരു പ്രധാന സാംസ്കാരിക പൈതൃകം. നഗരത്തിലെ കരകൗശല വിദഗ്ധര്‍ മനോഹരമായ മണ്‍പാത്രങ്ങള്‍ സൃഷ്ടിക്കുന്നു, ജ്യാമിതീയ പാറ്റേണുകളും ശബളിമയാര്‍ന്ന നിറങ്ങളും കൊണ്ട് അലങ്കാരപണികള്‍ ചെയ്താണ് ഇവ പുറം ലോകത്തെത്തുന്നത്. നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നിപുണരായ കലാകാരന്മാരുടെ കരകൗശല വൈദഗ്ദ്യത്തിന് സാക്ഷ്യം വഹിക്കാനും മണ്‍പാത്ര നിര്‍മ്മാണശാലകളിലെ സാങ്കേതിക വിദ്യകള്‍ പഠിക്കാനും അവര്‍ അവസരങ്ങളൊരുക്കുന്നു.
ജീവിതശൈലി
ഖൈറുവാനിലെ ജനങ്ങള്‍ വിദേശികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്ന മനോഭാവക്കാരാണ്. നഗരത്തിന്റെ ദീര്‍ഘകാലത്തെ ആതിഥ്യമര്യാദയുടെ ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായി നമുക്കിതിനെ മനസിലാക്കാം. ഖൈറുവാനികള് എന്നറിയപ്പെടുന്ന തദ്ദേശീയര്‍ തങ്ങളുടെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനിക്കുകയും പലപ്പോഴും സന്ദര്‍ശകരുമായി തങ്ങളുടെ പൈതൃകം പങ്കിടാന്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു.
ഖൈറുവാനിലെ സവിശേഷമായ രീതികളിലൊന്നാണ് ആഴ്ചതോറുമുള്ള ഫ്രൈഡേ മാര്‍ക്കറ്റ്, അഥവാ സൂഖ്. എല്ലാ വെള്ളിയാഴ്ചയും, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പുത്തന്‍ ഉല്പന്നങ്ങള് എന്നിവകൊണ്ട് സജീവമാവുന്ന മാര്‍ക്കറ്റ് കാണാന്‍ പ്രദേശവാസികളും വിനോദസഞ്ചാരികളും നഗരകേന്ദ്രത്തില്‍ ഒത്തുകൂടും. നഗരത്തിന്റെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം പ്രാദേശിക സമൂഹവുമായി ഇടപഴകാന്‍ സന്ദര്‍ശകരെ അനുവദിക്കുന്ന സൂഖ് സന്ദര്‍ശകരുടെ നഗരാനുഭവം വേറിട്ടതാക്കുന്നു.
ഖൈറുവാന്റ പാചകപ്പെരുമയും പ്രശസ്തമാണ്. പരമ്പരാഗത വിഭവങ്ങളായ കസ്കസ്, താജിന്, ബ്രിക്ക് എന്നിവ പ്രാദേശികരുടെ പ്രധാന ഭക്ഷണങ്ങളാണ്. നഗരത്തിലെ തിരക്കേറിയ തെരുവുകള്‍ ആകര്‍ഷകമായ കഫേകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞതായി കാണാം, അവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആധികാരികമായി ടുണീഷ്യന്‍ രുചികള്‍ ആസ്വദിക്കാനും നഗരത്തിന്റെ ഗ്യാസ്ട്രോണമിക് സംസ്കാരത്തില്‍ മുഴുകാനും കഴിയും.
മുസ്ലിം പാരമ്പര്യം

ഒരു ഇസ്ലാമിക തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ ഖൈറുവാന്റെ പ്രാധാന്യം അതിന്റെ ചരിത്രപരവും മതപരവുമായ പൈതൃകത്തിലാണ്. മഹത്തായ വാസ്തുവിദ്യാ സൃഷ്ട്ടിയും ആത്മീയ കേന്ദ്രവുമായ ഖൈറുവാനിലെ വലിയ മസ്ജിദ് സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണെത്തുന്നത്. സങ്കീര്‍ണ്ണമായ ജ്യാമിതീയ പാറ്റേണുകളും കാലിഗ്രഫിയും അലങ്കാര രൂപകല്പനകളും പ്രദര്‍ശിപ്പിക്കുന്ന ഇസ്ലാമിക വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണങ്ങളാണ് മസ്ജിദിന്റെ മുറ്റങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും മിനാരങ്ങളുമെല്ലാം.
നഗരത്തിന്റെ മതപരമായ പ്രാധാന്യം വലിയ പള്ളിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഖൈറുവാനിലെ വീടുകള്‍, മറ്റ് നിരവധിയായ പള്ളികള്‍, മദ്രസകള്‍, ചരിത്രപരവും ആത്മീയവുമായ മൂല്യം പുലര്‍ത്തുന്ന മഖ്ബറകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഭാഗവാക്കാവുന്നു. ചരിത്രത്തിലുടനീളം ഇസ്ലാമിക ജ്ഞാനോത്പാദനത്തിന്റെയും ഭക്തിയുടെയും കേന്ദ്രമെന്ന നിലയില്‍ ഖൈറുവാന്‍ വഹിച്ച പങ്കിന്റെ ഓര്‍മ്മപ്പെടുത്തലുകളായി ഈ പ്രദേശങ്ങള്‍ ഇന്നും നിലകൊള്ളുന്നു.
ഖൈറുവാന്‍ സന്ദര്‍ശിക്കുന്ന ഏതൊരു തീര്‍ത്ഥാടകനും വിനോദസഞ്ചാരിക്കും ഈ മതകേന്ദ്രങ്ങളിലെ ശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥിക്കാനും, ധ്യാനത്തില്‍ മുഴുകാനും അതല്ലെങ്കില്‍ മറ്റു ആത്മീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും സാധിക്കും. നഗരം ആത്മപരിശോധനയ്ക്കും ധ്യാനത്തിനും ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു, സന്ദര്‍ശകരെ അവരവരുടെ വിശ്വാസവുമായി ബന്ധപ്പെടാന്‍ അനുവദിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
ടുണീഷ്യയുടെ സാംസ്കാരികവും മതപരവുമായ സമ്പന്നതയുടെ തെളിവാണ് ഖൈറുവാന്‍. അതിന്റെ പൗരാണിക ചരിത്രവും അതുല്യമായ സംസ്കാരവും അവശേഷിക്കുന്ന പൈതൃകങ്ങളും, വടക്കേ ആഫ്രിക്കയുടെ ഇസ്ലാമിക പൈതൃകം തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് ഖൈറുവാനെ ഒരിക്കലും ഒഴിച്ച് കൂടാത്ത സ്ഥലമാക്കി മാറ്റുന്നു. വിസ്മയിപ്പിക്കുന്ന ഗ്രേറ്റ് മോസ്ക് മുതല്‍ തിരക്കേറിയ സൂഖുകളും അതിലൊഴുകുന്ന ജനസഞ്ചയങ്ങളുടെ ഊഷ്മളമായ ആതിഥ്യമര്യാദയും ഖൈറുവാനെ പുതിയ കാലത്തെ ടൂറിസ്റ്റ് ഹോട്ട്ബെഡാക്കി മാറ്റുന്നതില്‍ അല്‍ഭുതമേതുമില്ല.
 
 


 
             
            
                     
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment