ഇസ്‍ലാമിക ചരിത്ര നഗരങ്ങള്‍ 10- ഇസ്ഫഹാന്‍: സാമ്രാജ്യങ്ങളുടെ തലസ്ഥാനമായിരുന്ന പൈതൃക നഗരം

സയാന്‍ഡെ നദിയുടെ വടക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ ഇറാനിലെ ഒരു വലിയ നഗരമാണ് ഇസ്ഫഹാന്‍.  ടെഹ്റാനില്‍ നിന്ന് 340 കിലോമീറ്റര്‍ തെക്ക് മാറി സമുദ്രനിരപ്പില്‍ നിന്ന് 5200 അടി ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. പതിനൊന്ന് പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ സെല്‍ജൂക്ക് തുര്‍ക്കികളുടെ കാലം മുതല്‍ ആരംഭിച്ച സമ്പന്നമായ ചരിത്രവും പൈതൃകവുമാണ് നഗരത്തിനുള്ളത്. പതിനാറാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ പേര്‍ഷ്യയിലെ സഫാവിദ് ഭരണകൂത്തിന് കീഴിലായ നഗരം ലോകത്തിന്റെ  ശ്രദ്ധാകേന്ദ്രമായി മാറി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്‍പെടുന്ന മൈദാനേ ഇമാം പോലെ നിരവധി ചരിത്ര പ്രസിദ്ധമായ നിര്‍മിതികളാല്‍ സമ്പന്നമാണ് നഗരം. ഇസ്ഫഹാന്റെ കൂടുതല്‍ വിശേഷങ്ങള്‍ നോക്കാം. 

പുരാതന ചരിത്രം

ബി.സി 2700 ല്‍ ഇറാന്റെ തെക്കുവടക്കന്‍ പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന എലാമൈറ്റ്‌സ് (Elamite civilization) എന്ന ജനവിഭാഗമാണ് ചരിത്ര രേഖകള്‍ പ്രകാരം ഇസ്ഫഹാനടങ്ങുന്ന ഈ പ്രവിശ്യകള്‍ ആദ്യമായി വാസസ്ഥലമാക്കുന്നത്. പിന്നീട് പല ഇറാനിയന്‍ ഗോത്രങ്ങളും ഇവിടേക്ക് ചേക്കേറുകയും തല്‍ഫലമായി മേഡ്‌സും (Medes) പേര്‍ഷ്യന്‍സും അടങ്ങുന്ന ഇറാന്റെ പൗരാണിക നാഗരികതകള്‍ പിറവി കൊള്ളുകയും ചെയ്തു. ബി.സി ആറാം നൂറ്റാണ്ടില്‍ അക്കീമെനിഡ് രാജവംശത്തിന്റ  (Achaemenid Empire) കാലത്ത് 'അസ്പദാന' എന്നായിരുന്നു ഇസ്ഫഹാന്റെ പേര്. സൈറസ് ദി ഗ്രേറ്റിന്റെ 'പസര്‍ഗാദേ'യെന്ന (Pasargadae) വമ്പന്‍ തലസ്ഥാന നഗരിയുടെ നിഴലിലായിരുന്നു അസ്പദാന എങ്കിലും, സയാന്‍ഡേ നദിക്കരയിലായി വളര്‍ന്നു വന്ന നഗരം മനുഷ്യവാസത്തിനും ആദ്യകാല സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കും നിരന്തരം വേദിയായി. ബിസി ആറാം നൂറ്റാണ്ട് മുതല്‍ നാലാം നൂറ്റാണ്ട് വരെയുള്ള അക്കീമെനിഡ് കാലഘട്ടത്തില്‍ സാമൂഹികമായും സാമ്പത്തികമായും പേര്‍ഷ്യന്‍ ഡൊമെയ്നിന്റെ പ്രധാന ചലനങ്ങള്‍ നടന്നിരുന്നത് അസ്പാദാന വഴിയായിരുന്നു. അക്കീമെനിഡ് ഭരണാധികാരികളായ സൈറസ് ദി ഗ്രേറ്റും ഡാരിയസ് ദി ഗ്രേറ്റും ഈ പ്രദേശത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കിയിരുന്നു. പേര്‍ഷ്യന്‍ ഡൊമെയ്നുമായി ചേരുന്ന പഴയ എക്സ്പ്രസ് വേയായ ഇംപീരിയല്‍ സ്ട്രീറ്റിലെ ഒരു പ്രധാന കേന്ദ്രമായി  നഗരം മാറുന്നത് ഇക്കാലത്താണ്. ഇക്കാലത്ത് നിര്‍മിക്കപ്പെട്ട മികച്ച വിനിമയ സംവിധാനങ്ങളും റോഡുകളും കെട്ടിടങ്ങളും അസ്പാദാനയെ മറ്റേതു നഗരത്തേക്കാളും മികച്ചതാക്കി മാറ്റി.  

ഇസ്‍ലാമിക യുഗം

ഇസ്ഫഹാന്റെ ഇസ്‍ലാമിക കാലഘട്ടം നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന നിര്‍ണായകമായ സാമൂഹിക വൈജ്ഞാനിക നേട്ടങ്ങള്‍ നഗരത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അറേബ്യയിലെ ഇസ്‍ലാമിന്റെ ആഗമനത്തിന് ശേഷം ഇസ്ഫഹാന്‍ പേര്‍ഷ്യന്‍ ഇസ്‍ലാമിക നാഗരികതയുടെ സുപ്രധാന കേന്ദ്രമായി മാറി. അബ്ബാസി ഖിലാഫത്തിന് (AD 749) കീഴില്‍, മുസ്‍ലിം ലോകത്തെ പണ്ഡിതന്മാരെയും പുറം ദേശങ്ങളില്‍ നിന്നുള്ള ബുദ്ധിജിവികളെയും യുക്തിവാദികളെയും വരെ ആകര്‍ഷിക്കുന്ന തരത്തില്‍ നഗരത്തിന്റെ ബൗദ്ധിക വ്യവഹാരങ്ങള്‍ വളര്‍ന്നു. ഇസ്ഫഹാനില്‍ നിരവധി ക്രിസ്ത്യാനികളും ജൂതന്മാരും സൊരാഷ്ട്രിയന്‍സും അടങ്ങുന്ന ജനവിഭാഗങ്ങള്‍ മുസ്‍ലിംകള്‍ക്കൊപ്പം സമാധാനപരമായി ജീവിച്ചു. പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെയും പാണ്ഡിത്യത്തിന്റെയും കലാ-രചനാ വൈവിധ്യങ്ങളുടെയും കേന്ദ്രബിന്ദുവായി വര്‍ത്തിച്ച സെല്‍ജുക്, സഫാവിദ് കാലഘട്ടങ്ങളോടെ ഇസ്ഫഹാന്‍ പിന്നീടുവന്ന പല മുസ്‌ലിം നഗരികതകള്‍ക്കും വഴികാട്ടിയായി മാറുന്ന സ്ഥിതിയുണ്ടായി. ഇറാന്റെ ഹൃദയഭാഗത്തായി ഇസ്‍ലാമിക നാഗരികതയുടെ കളിത്തൊട്ടിലായി നഗരത്തെ  വികസിപ്പിക്കുന്നതില്‍ ഈ കാലഘട്ടം പ്രധാന പങ്ക് വഹിച്ചുവെന്ന് കാണാം.

വിവിധ ഭരണങ്ങളിലൂടെ

ഇസ്ഫഹാന്റെ ചരിത്രത്തിലുടനീളം സെല്‍ജുക് തുര്‍ക്കികള്‍ (1038-1118) നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ മധ്യേഷ്യയില്‍ നിന്നും ഖവാറസ്മിലേക്കും ട്രാന്‍സോക്‌സിയാനയിലേക്കും ചേക്കേറിയ അവര്‍ 1051 ല്‍ ഇസ്ഫഹാന്‍ തലസ്ഥാനമാക്കുകയും തങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ചലനങ്ങളുടെ കേന്ദ്രമാക്കി നഗരത്തെ മാറ്റുകയും ചെയ്തു. ഇസ്ഫഹാന്‍ കീഴടക്കിയ തുഗ്രില്‍ ബെഗിന്റെയും തുടര്‍ന്നു വന്ന നിസാമുല്‍ മുല്‍ക്കിനെ പോലെ പ്രഗത്ഭരായ ഭരണകര്‍ത്താക്കന്മാരുടെയും കീഴില്‍ നഗരം ഇസ്‍ലാമിക കലകളുടെയും കരകൗശലങ്ങളുടെയും ശാസ്ത്രശാഖകളുടെയും പഠന ഗവേഷണങ്ങളുടെയും കേന്ദ്രമായി വളര്‍ന്നു. മസ്ജിദുകളും കോട്ടകളും വിപുലീകരിക്കപ്പെട്ടു. പുരാതനമായ ജാമി മസ്ജിദിന്റെ വിപുലീകരണവും പുനര്‍നിര്‍മാണവും ഇതില്‍ എടുത്തു പറയേണ്ടതാണ്. വിശാലമായ നാലു ഇവാനുകളും അകത്തും പുറത്തും സങ്കീര്‍ണമായ പാറ്റേണ്‍ വര്‍ക്കുകളും വലിയ മിനാരങ്ങളും അലങ്കരിച്ച സെല്‍ജുക്ക് മസ്ജിദുകള്‍ അബ്ബാസികളികളുടെ വാസ്തുവിദ്യാ ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അവിശ്വസനീയമായ അഭിവൃദ്ധിയുയും വാണിജ്യ പുരോഗതിയുമാണ് സെല്‍ജുക് കാലഘട്ടം നഗരത്തിന് സമ്മാനിച്ചത്. ഇസ്‍ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും കരകൗശല വിദഗ്ധരും ഇക്കാലത്ത് ഇസ്ഫഹാനിലെ നിത്യ സന്ദര്‍ശകരായിരുന്നു. 

സെല്‍ജുക്കികള്‍ക്ക് ശേഷം, പതിനാലാം നൂറ്റാണ്ടിലാണ് ഇസ്ഫഹാന്‍ തിമൂറിഡ് കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ചെങ്കിസ് ഖാന്റെ  മംഗോളിയന്‍ പാരമ്പര്യവുമായി സെന്‍ട്രല്‍ ഏഷ്യയില്‍ അധികാരത്തിലെത്തിയ അമിര്‍ തിമൂര്‍ 1380 ഓടെ ഇറാന്‍, ഇറാഖ്, സിറിയ, തുടങ്ങിയ പ്രദേശങ്ങള്‍ തന്റെ കീഴലാക്കിയിരുന്നു. ഒരര്‍ഥത്തില്‍ നഗരത്തിന്റെ സാമൂഹികവും സര്‍ഗ്ഗാത്മകവുമായ പൈതൃകത്തിന്റെ വീണ്ടെടുപ്പായിരുന്നു തിമുരിദ് കാലഘട്ടം. ഇസ്ഫഹാന്റെ സിറ്റി പ്ലാനിംഗിലും പണ്ഡിത വ്യവഹാരങ്ങളിലും തിമൂറിഡ് പൈതൃകം ഉള്‍ചേര്‍ന്നു കിടക്കുന്നതായി കാണാം. പേര്‍ഷ്യന്‍ ഭാഷയുടെ ബൃഹത്തായ ആവിഷ്‌കാര കേന്ദ്രമായി ഇസ്ഫഹാന്‍ മാറുന്നതും ഇക്കാലത്താണ്. ഇസ്ഫഹാനിലെ പുരാതന നിര്‍മിതിയായ ജാമിഅ് മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലും വിപുലീകരണത്തിലും തിമൂറിഡ് എഞ്ചിനീയറിംഗിന്റെ വൈവിധ്യമാര്‍ന്ന മാതൃകകള്‍ കണ്ടെത്താനാവും.

പതിനാറ് പതിനെട്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ നിലനിന്നിരുന്ന സഫാവിദ് ഭരണകൂടത്തിന് കീഴിലാണ് ഇസ്ഫഹാന്‍ അതിന്റെ പ്രൗഢിയുടെ അത്യുന്നതിയിലെത്തുന്നത്. 1598 ല്‍ ഖസ്‌വിനില്‍ നിന്നും തലസ്ഥാനം ഇസ്ഫഹാനിലേക്ക് മാറ്റിയ ഷാ അബ്ബാസ് ഒന്നാമന്റെ (1588-1629) നേതൃത്വത്തില്‍ നഗരം ഒരു വലിയ പരിവര്‍ത്തനത്തിന് വിധേയമായി. സഫാവിഡ് ഡൊമെയ്നിന്റെ തലസ്ഥാനമെന്ന നിലയിലും സില്‍ക്ക് റൂട്ടിലെ ഏറ്റവും സുരക്ഷിതമായ വാണിജ്യ നഗരമെന്ന നിലയിലും ഇസ്ഫഹാന്‍ അഭിവൃദ്ധി പ്രാപിക്കുകയും സാമൂഹികവും ബൗദ്ധികവുമായി സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം പിടിച്ച, ഇസ്ഫഹാന്‍ നഗരത്തിന് ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന 'മൈദാനെ ഇമാം' (Imam Square) തന്നെയാണ് സഫവിദ് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും മികച്ച നിര്‍മിതി. സഫാവിദ് പോളിറ്റിയുടെ എല്ലാ വശങ്ങളെയും ഒരു പ്രത്യേക ഡയഗ്രാമിലേക്ക് ഏകീകരിക്കുന്ന തരത്തിലായിരുന്നു മൈതാനത്തിന്റെ രൂപകല്‍പന. ആരാധനക്കായി ഷാ മസ്ജിദ്, അനുസ്മരണങ്ങള്‍ക്കായി ഷൈഖ് ലുത്ഫുള്ള പള്ളി, ഭരണ കേന്ദ്രമായി ഇംപീരിയല്‍ പാലസ്, വ്യാപാരത്തിനായി ഖൈസരിയ ബസാര്‍ എന്നിവയാണ് മൈതാനത്തിന് ചുറ്റുമായി നിലകൊള്ളുന്നത്. ജാമി മസ്ജിദടക്കമുള്ള സല്‍ജൂക്ക് കാലത്തെ വിശ്വപ്രസിദ്ധമായ നിര്‍മ്മിതികളുടെ വികസനവും അത്ര സജീവമല്ലെങ്കിലും ഈ കാലഘട്ടത്തില്‍ നടക്കുന്നുണ്ട്. വിശിഷ്ടമായ പേര്‍ഷ്യന്‍ ഡിസൈനും സഫവിദ് കരകൗശല വൈദഗധ്യവും  ഈ കലാരൂപങ്ങളിലെല്ലാം കാണാം. 

സഫാവിദ് കാലഘട്ടം ഇസ്ഫഹാന്റെ സാമൂഹിക വ്യവസ്ഥയില്‍ കാര്യമായ സ്വാധീനങ്ങള്‍ വരുത്തി. അക്കാലത്തെ നിര്‍മ്മാണ പാരമ്പര്യം ഇന്നും പ്രശംസനീയമാണ്. അബ്ബാസി, സെല്‍ജുക്, തിമൂറിദ്, സഫാവിദ് കാലഘട്ടങ്ങളിലായി നഗരത്തിന് വന്നുചേര്‍ന്ന മാറ്റങ്ങള്‍ പേര്‍ഷ്യന്‍ ചരിത്രത്തിലും ഇസ്‍ലാമിക സമൂഹങ്ങളുടെ ചരിത്രത്തിലും നഗരത്തിന്റെ പ്രാധാന്യം അടിവരയിടുന്നതാണ്. 

ബൗദ്ധിക വ്യവഹാരങ്ങളിലും ധൈഷണിക സംസ്കാരത്തിലും മറ്റേത് മുസ്‌ലിം നഗരങ്ങളെയും പോലെ മികച്ച പാരമ്പര്യമാണ് ഇസ്ഫഹാനും അവകാശപ്പെടാനുള്ളത്. വിശ്വപ്രസിദ്ധ തത്വചിന്തകരായ ഇബ്‌നു സീനയും ഫാറാബിയും ചരിത്രകാരനായ ഇബ്‌നു മിസ്‌കവൈഹിയും അനാട്ടമിസ്റ്റായിരുന്ന ഇബ്‌നു നഫീസും പേര്‍ഷ്യയില്‍ ജീവിക്കുകയും പലകാലങ്ങളിലായി ഇസ്ഫഹാനുമായി ബന്ധപ്പെടുകയും ചെയ്തവരാണ്.

1. റാഗിബ് അല്‍ ഇസ്ഫഹാനി (1108)
അറബി സാഹിത്യത്തിലും ഫിലോസഫിയിലും അഗ്രഗണ്യനായിരുന്നു ഇസ്ഫഹാനി. അശ്അരീ ധാര പിന്തുടര്‍ന്നിരുന്ന അദ്ദേഹം തന്റെ 'അല്‍-ഇഅ്തിഖാദ്' തുടങ്ങിയ പുസ്തകങ്ങളിലൂടെ മുഅ്തസിലികള്‍ക്കും ശിയാക്കള്‍ക്കുമെതിരെ നിരന്തരം വെല്ലുവിളികളുയര്‍ത്തി. തഫ്‌സീര്‍ ഗ്രന്ഥമായ 'മുഫ്‌റദാതുഅല്‍ഫാദില്‍ഖുര്‍ആന്‍', 'മുഫ്‌റദാതുഗരീബില്‍ ഖുര്‍ആന്‍' തുടങ്ങിയവയാണ് മറ്റു കൃതികള്‍.

2. ഖുതുബുദ്ദീന്‍ മഹ്മൂദ് ശിറാസി (1236-1311)
ഗണിതശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും അഗ്രഗണ്യനും കവിയും തത്വചിന്തകനും സൂഫിയും വൈദ്യശാസ്ത്ര വിദഗ്ദനുമായിരുന്നു ശീറാസി. 13-ാം നൂറ്റാണ്ടില്‍ ഇറാനിലെ കസെറുമില്‍ ജനിച്ച അദ്ദേഹം നാസിറുദ്ദീന്‍ തൂസിയുടെ അടുത്ത്നിന്ന് വിദ്യ അഭ്യസിക്കുകയും മൗലാന ജലാലുദ്ദീന്‍ റൂമിയെ പോലുള്ള സൂഫികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. ഗണിതത്തില്‍ 'രിസാല ഫീ ഹറകാതി ദറജ', ഗോളശാസ്ത്രത്തില്‍ 'ഇഖ്തിയാറാതെ മുസഫരി', വൈദ്യശാസ്ത്രത്തില്‍ 'നുസഹ്തുല്‍ ഹുകമാ' തുടങ്ങി അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 

വര്‍ത്തമാന കാലം

ഇന്ന് ഇസ്ഫഹാന്റെ സംസ്‌കാരം, വ്യാപാരം, വികസനം എന്നിവ പരിശേധിക്കുമ്പോള്‍ നഗരം തകര്‍ച്ചയെ അഭിമുഖീകരുക്കുന്നുവെന്ന് പറയേണ്ടി വരും. ഇസ്ഫഹാന്റെ പതനത്തിന് കാരണമായ ഘടകങ്ങളില്‍ ഒന്ന് ഇറാന്റെ മാറുന്ന അന്താരാഷ്ട്ര ഭൂപ്രകൃതിയാണ്. ഇറാന്‍ രാഷ്ട്രീയ, അധികാര ഘടനകളിലെ മാറ്റങ്ങളിലൂടെ കടന്നുപോയപ്പോള്‍, ഭരണകേന്ദ്രമെന്ന നിലയില്‍ ഇസ്ഫഹാന്റെ പ്രാധാന്യം കുറഞ്ഞു വന്നു. സഫാവിദ് കാലത്ത് ലോകോത്തര നിലവാരത്തിലുള്ള തലസ്ഥാന നഗരമായിരുന്ന ഇസ്ഫഹാന്‍, പുതിയ തലസ്ഥാനമായി ടെഹ്റാന്‍ ഉയര്‍ന്നുവന്നതോടെ രാഷ്ട്രീയ പ്രാധാന്യം ക്രമേണ നഷ്ടപ്പെടുന്ന അവസ്ഥയിലായി. കൂടാതെ, ആഭ്യന്തര ഏറ്റുമുട്ടലുകളും പ്രാദേശിക പോരാട്ടങ്ങളും ഇസ്ഫഹാനെ പ്രതികൂലമായി ബാധിച്ചു. രണ്ടാം ലോക മഹായുദ്ധവും 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധവും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷങ്ങളിലെ നിരന്തരമായ പ്രക്ഷുബ്ധതയില്‍ നിന്നും നഗരം പൂര്‍ണാമായും മുക്തമായിട്ടില്ല. ദിനേന പെരുകുന്ന ഈ സംഘര്‍ഷങ്ങള്‍ ദൈനംദിന ജീവതം തടസ്സപ്പെടുത്തുകയും നഗരത്തിന്റെ അടിത്തറയെ നശിപ്പിക്കുന്ന തരത്തില്‍ സാമ്പത്തിക വികസനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി, ഇസ്ഫഹാന്‍ അതിന്റെ സാംസ്കാരികവും സാമൂഹികവുമായ സ്ഥാനം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. ഇമാം സ്‌ക്വയറും അതിലെ മനോഹരമായ പള്ളികളും ചരിത്ര പ്രാധാന്യമുള്ള നിര്‍മിതികളുടെ സംരക്ഷണവും പുനര്‍നിര്‍മ്മാണവും ടൂറിസം വ്യവസായത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഈ ശ്രമങ്ങള്‍ നഗരത്തിന്റെ പഴയ പ്രതാപകാലത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും തിരികെ കൊണ്ടുവരാന്‍ സഹായിക്കും.

വര്‍ത്തമാനകാലത്ത് തകര്‍ച്ച നേരിട്ടെങ്കിലും വലിയ സാമൂഹിക പ്രാധാന്യമുള്ള നഗരം തന്നെയാണ് ഇന്നും ഇസ്ഫഹാന്‍. വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളുമായി പൊരുത്തപ്പെട്ടു പോവുന്ന നഗര പ്രദേശങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഇസ്ഫഹാനും അഭിമുഖീകരിക്കുന്നു.  എന്നിരുന്നാലും, ഇസ്ഫഹാന്റെ ഘടനാപരമായ മഹത്വവും സമ്പന്നമായ പൈതൃകവും അതിന്റെ സാമൂഹിക പ്രകൃതിയെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നഗരത്തെ സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുമെന്ന് തീര്‍ച്ചയാണ്. കാരണം, ഇറാന്റെ മഹത്തായൊരു ഭൂതകാലത്തിന്റെ നേര്‍ചിത്രമാണ് ഇസ്ഫഹാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter