ജോൺ എൽ. എസ്പോസിറ്റോ: ഇസ്‌ലാമിനെ വായിച്ച പാശ്ചാത്യ ചിന്തകൻ
പാശ്ചാത്യ അക്കാദമിക ലോകത്ത് ഇസ്‌ലാമിനെക്കുറിച്ചുള്ള വിചാരങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രമുഖ പണ്ഡിതനാണ് ജോർജ്ടൗൺ യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന ജോൺ എൽ. എസ്പോസിറ്റോ (1940–2026). അഞ്ചു പതിറ്റാണ്ടിലധികം നീണ്ട തന്റെ ബൗദ്ധിക ജീവിതത്തിലൂടെ, ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹങ്ങളെയും കുറിച്ച് പാശ്ചാത്യ ലോകത്ത് നിലനിന്നിരുന്ന വികലധാരണകളെ തിരുത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്.
1940-ൽ ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഒരു ഇറ്റാലിയൻ കത്തോലിക്കാ കുടുംബത്തിലാണ് ജോൺ എൽ. എസ്പോസിറ്റോ ജനിച്ചത്. ആദ്യകാലത്ത് ഒരു ക്രിസ്ത്യൻ പുരോഹിതനാകാൻ ആഗ്രഹിച്ച അദ്ദേഹം 10 വർഷത്തോളം 'കപ്പൂച്ചിൻ ഫ്രാൻസിസ്കൻ' (Capuchin Franciscan) പുോരഹിതമഠത്തിൽ ചെലവഴിച്ചു. തുടർന്ന്, കത്തോലിക്കാ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുക എന്ന ലക്ഷ്യത്തോടെ ഫിലാഡൽഫിയയിലെ ടെമ്പിൾ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു.
സർവകലാശാലാ നിബന്ധനപ്രകാരം എല്ലാ വിദ്യാർത്ഥികളും ഏതെങ്കിലും ഒരു ലോകമതത്തെക്കുറിച്ച് പഠിക്കണമായിരുന്നു. തുടക്കത്തിൽ ബുദ്ധമതത്തിലും ഹിന്ദു തത്വചിന്തകളിലുമായിരുന്നു അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നത്. എന്നാൽ, പിന്നീട് ചില സാഹചര്യങ്ങളാൽ അദ്ദേഹം ഇസ്‌ലാം മതത്തെക്കുറിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുക്കുകയാണുണ്ടായത്.
ഇസ്‌ലാം പഠനത്തോട് അദ്ദേഹത്തിൽ കടുത്ത ആവേശം വളർത്തിയത് പ്രശസ്ത ഫലസ്തീനി-അമേരിക്കൻ ചിന്തകനായ പ്രൊഫസർ ഇസ്മായിൽ റാജി അൽഫാറൂഖിയുമായുള്ള കണ്ടുമുട്ടലായിരുന്നു. ഇസ്‌ലാമിന്റെ സംസ്‌കാരത്തെയും ആശയത്തെയും കുറിച്ച് അൽഫാറൂഖി നൽകിയ അറിവുകൾ എസ്പോസിറ്റോയെ ആഴത്തിൽ ആകർഷിച്ചു. ഇസ്‌ലാമിക ഗ്രന്ഥങ്ങൾ അവയുടെ മൂലഭാഷയിൽ തന്നെ വായിച്ചു മനസ്സിലാക്കുകയാണ് ഉചിതമെന്ന അൽഫാറൂഖിയുടെ ഉപദേശപ്രകാരം അദ്ദേഹം അറബി ഭാഷ പഠിക്കുന്നതിനായി ലെബനാനിലേക്ക് പോയി. അവിടെ താമസിച്ചു പഠിച്ച അനുഭവങ്ങളും മുസ്‌ലിം സമൂഹങ്ങൾക്കിടയിലെ നിത്യജീവിതവും അദ്ദേഹത്തിന്റെ ഇസ്‌ലാമിക വീക്ഷണത്തെ കൂടുതൽ വ്യക്തവും യാഥാർത്ഥ്യബോധമുള്ളതുമാക്കി മാറ്റി.
പഠനം പൂർത്തിയാക്കിയ കാലഘട്ടത്തിൽ അമേരിക്കൻ സർവ്വകലാശാലകളിൽ ഇസ്‌ലാമിക പഠനത്തിന് പ്രത്യേക ഡിപ്പാർട്ട്‌മെന്റുകളോ ജോലികളോ ലഭ്യമായിരുന്നില്ല. അതിനാൽ, മസാചുസെറ്റ്‌സിലെ 'കോളേജ് ഓഫ് ദി ഹോളി ക്രോസിൽ' ലോകമതങ്ങൾ (World Religions) പഠിപ്പിച്ചുകൊണ്ടാണ് ജോൺ എസ്പോസിറ്റോ തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. പിന്നീട് അമേരിക്കയിലെ പ്രശസ്തമായ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ വർഷങ്ങളോളം പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
ഇറാൻ വിപ്ലവവും നയതന്ത്ര ഇടപെടലുകളും
1979-ൽ ഇറാനിയൻ രാജവാഴ്ചയെ അട്ടിമറിച്ചുകൊണ്ട് ആയതുല്ലാഹ് ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന ഇറാൻ വിപ്ലവമാണ് എസ്പോസിറ്റോയുടെ ബൗദ്ധിക ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്. ഈ സംഭവത്തോടെ പാശ്ചാത്യ ലോകം ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സ്വാധീനം ഗൗരവമായി ചർച്ച ചെയ്യാൻ തുടങ്ങി. വിപ്ലവത്തിനുശേഷം ഇറാൻ സന്ദർശിച്ച് ഖുമൈനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നേരിട്ട് അഭിമുഖം നടത്താൻ അനുമതി ലഭിച്ച അപൂർവ്വം അമേരിക്കൻ പണ്ഡിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
ഇറാനിയൻ ബന്ദി പ്രതിസന്ധിയുടെ കാലത്ത് അമേരിക്കൻ ഭരണകൂടത്തിനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ നയതന്ത്രജ്ഞർക്കും ഇസ്‌ലാമിനെക്കുറിച്ചും പ്രത്യേകിച്ച് ഷിയാ ആശയങ്ങളെക്കുറിച്ചുമുള്ള അജ്ഞത പുറത്തുവന്നു. ഈ സമയത്ത് അമേരിക്കൻ രാഷ്ട്രീയ വിദഗ്ദ്ധരെയും വിദേശകാര്യ ഉപദേശകരെയും ഇസ്‌ലാമിക വിഷയങ്ങളിൽ ബോധവൽക്കരിക്കാൻ എസ്പോസിറ്റോ ക്ഷണിക്കപ്പെട്ടു. തുടർന്ന് ഭരണാധികാരികൾക്കും മാധ്യമപ്രവർത്തകർക്കും ഇസ്‌ലാമിനെക്കുറിച്ച് ശരിയായ അറിവ് നൽകുന്ന പ്രധാന ഉറവിടമായി അദ്ദേഹം മാറി.
എസ്പോസിറ്റോയുടെ പഠനങ്ങൾക്കും ആശയങ്ങൾക്കും കൂടുതൽ പ്രചാരം നൽകുന്നതിനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമായി ജോർജ്ടൗൺ സർവ്വകലാശാലയിലെ വാൾഷ് സ്‌കൂൾ ഓഫ് ഫോറിൻ സർവീസിൽ 'പ്രിൻസ് അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്‌ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗ്' എന്ന സ്ഥാപനം രൂപീകരിച്ചു. തുടർന്ന് 9/11 സംഭവങ്ങൾക്കു ശേഷമുള്ള കാലങ്ങളിൽ വർദ്ധിച്ചുവന്ന ഇസ്‌ലാമോഫോബിയക്കും തെറ്റായ പ്രചാരണങ്ങൾക്കുമെതിരെ പോരാടാൻ 2015-ൽ 'ബ്രിഡ്ജ് ഇനിഷ്യേറ്റീവ്' (Bridge Initiative) എന്ന അക്കാദമിക പ്രസ്ഥാനത്തിനും തുടക്കമിട്ടു. മാധ്യമങ്ങളിലും പൊതുനയങ്ങളിലും ഇസ്‌ലാം വിരുദ്ധ മുൻവിധികൾ ഉണ്ടാക്കുന്ന ആഘാതങ്ങളെ കൃത്യമായി രേഖപ്പെടുത്താനും പ്രതിരോധിക്കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചു.
പ്രധാന വീക്ഷണങ്ങൾ
ക്ലാഷ് ഓഫ് സിവിലൈസേഷൻ സിദ്ധാന്തത്തോടുള്ള എതിർപ്പ്: സാമുവൽ ഹണ്ടിംഗ്ടൺ, ബർണാഡ് ലൂയിസ് തുടങ്ങിയ പ്രമുഖ പാശ്ചാത്യ ചിന്തകർ മുന്നോട്ടുവെച്ച "നാഗരികതകളുടെ ഏറ്റുമുട്ടൽ" (Clash of Civilizations) എന്ന സിദ്ധാന്തത്തെ അദ്ദേഹം ശക്തമായി എതിർത്തു. പാശ്ചാത്യ ലോകവും ഇസ്‌ലാമിക ലോകവും തമ്മിൽ അനിവാര്യമായ ഒരു സംഘട്ടനം ഉണ്ടാകുമെന്ന വാദം തെറ്റാണെന്നും, പരസ്പര ധാരണയിലൂടെയും സംവാദത്തിലൂടെയും ഇരു സംസ്‌കാരങ്ങൾക്കും ഒന്നിച്ചുപോകാൻ സാധിക്കുമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു.
തീവ്രവാദവും ഇസ്‌ലാമും: ചില തീവ്രവാദ സംഘങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രവൃത്തികളെ അടിസ്ഥാനമാക്കി ഇസ്‌ലാം എന്ന മഹത്തായ മതത്തെയോ ആഗോള മുസ്‌ലിം സമൂഹത്തെയോ അളക്കരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിന്റെ യഥാർത്ഥ രീതി അക്രമപാതയല്ലെന്നും, ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മുസ്‌ലിംകളുടെ സമാധാനപരമായ ജീവിതവും വിശ്വാസവുമാണ് ഇസ്‌ലാമിന്റെ യഥാർത്ഥ ഭാവമെന്നും അദ്ദേഹം ലോകത്തോട് വിളിച്ച് പറഞ്ഞു.
സാമൂഹിക നീതിയും പണ്ഡിതന്റെ ഉത്തരവാദിത്തവും: ദക്ഷിണാഫ്രിക്കയിലെ നോബൽ പുരസ്‌കാര ജേതാവ് ഡെസ്മണ്ട് ടുട്ടുവിന്റെ ആശയങ്ങൾ എസ്പോസിറ്റോയെ ഏറെ സ്വാധീനിച്ചിരുന്നു. "അനീതി നടക്കുമ്പോൾ നിങ്ങൾ നിഷ്പക്ഷത പാലിച്ചാൽ, നിങ്ങൾ അടിച്ചമർത്തുന്നവന്റെ പക്ഷത്താണ്" എന്ന ടുട്ടുവിന്റെ പ്രശസ്തമായ വചനം അദ്ദേഹത്തിന്റെ ഇമെയിൽ സിഗ്നേച്ചറിൽ പോലുമുണ്ടായിരുന്നു. പണ്ഡിതന്മാർ കേവലം അക്കാദമിക കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ, അനീതികൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ ശബ്ദമുയർത്തേണ്ടവരാണെന്നും അത് അവരുടെ ആത്മീയവും സാമൂഹികവുമായ കടമയാണെന്നും അദ്ദേഹം വിശ്വസിച്ചു.
ജനാധിപത്യവും ഇസ്‌ലാമും: ഇസ്‌ലാമിക മൂല്യങ്ങളും ആധുനിക ജനാധിപത്യ തത്വങ്ങളും പരസ്പര വിരുദ്ധമല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് സ്വന്തം മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യവും പങ്കാളിത്ത ഭരണകൂടങ്ങളും പടുത്തുയർത്താൻ സാധിക്കുമെന്ന്, ഗാലപ്പ് (Gallup) സർവേയുടെ അടിസ്ഥാനത്തിലുള്ള തന്റെ പഠനങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി.
2026 ജൂലൈ 15-ന് 86-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് കൗൺസിൽ ഓൺ അമേരിക്കൻ–ഇസ്‌ലാമിക് റിലേഷൻസ് (CAIR)-ഉം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും അനുശോചനം രേഖപ്പെടുത്തി. "പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയ്ക്ക് ബൗദ്ധിക അടിത്തറ പാകിയ സ്വാധീനമുള്ള പണ്ഡിതൻ" എന്നാണ് എസ്പോസിറ്റോയെ അൻവർ ഇബ്രാഹിം വിശേഷിപ്പിച്ചത്. അൻപത് വർഷത്തിലേറെയായി അദ്ദേഹവുമായി നിലനിന്നിരുന്ന വ്യക്തിപരമായ സൗഹൃദവും മലേഷ്യൻ പ്രധാനമന്ത്രി അനുസ്മരിച്ചു.
പ്രധാന അക്കാദമിക രചനകൾ
ഡോ. ജോൺ എൽ. എസ്പോസിറ്റോ അൻപത്തഞ്ചോളം ഗ്രന്ഥങ്ങൾ രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. Islam: The Straight Path എന്ന ഗ്രന്ഥം ലോകമെമ്പാടുമുള്ള നൂറുകണക്കിന് സർവകലാശാലകളിലും കോളേജുകളിലും പ്രധാന റഫറൻസ് ഗ്രന്ഥമായി ഉപയോഗിച്ചുവരുന്നു. മറ്റു ഗ്രന്ഥങ്ങള്‍:
- Political Islam: Radicalism, Revolution or Reform (1997),
- The Islamic Threat: Myth or Reality? (3rd edition: 1999),
- Makers of Contemporary Islam, co-authored John Voll (2001),
- Women in Muslim Family Law, co-authored with Natana J. Delong-Bas (2nd edition: 2002)
- Unholy War: Terror in the Name of Islam (2002),
- Islam: The Straight Path (1st edition: 1988, 3rd edition: 2004),
- The Future of Islam (2010),
- What Everyone Needs to Know About Islam (1st edition: 2002. 2nd edition: 2011),
- Who Speaks for Islam? What a Billion Muslims Really Think, co-authored with Dalia Mogahed (2008),
About the author:
ചട്ടഞ്ചാൽ എം ഐ സി ദാറുൽ ഇർഷാദ് അക്കാദമിയില്‍, സിവിലൈസെഷണൽ സ്റ്റഡീസ് വിഭാഗത്തിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് ലേഖകന്‍



Leave A Comment