ഇൽമുരിജാൽ: ഹദീസ് സംരക്ഷണത്തിൻ്റെ ശാസ്ത്രീയ അടിത്തറ
'കൃത്യമായ അറിവില്ലാത്ത ഒരു വിഷയത്തെയും നിങ്ങൾ പിന്തുടരരുത്' (17:36) എന്ന ഖുർആനിക ആഹ്വാനം, ഓരോ വിഷയത്തെയും തെളിവുകളുടെയും സൂക്ഷ്മപരിശോധനയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നു. പ്രസ്‌തുത ഖുർആനിക ദർശനമാണ് മുസ്‍ലിം പണ്ഡിതന്മാരെ ഇസ്‌ലാമിക വിശ്വാസസംഹിതയെയും അതിൻ്റെ പ്രമാണങ്ങളെയും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതിശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും സംരക്ഷിക്കാനും പ്രചോദിപ്പിച്ചത്. ഈ ശാസ്ത്രീയ സമീപനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വിശുദ്ധഖുർആന്റെ സംരക്ഷണചരിത്രം.
തിരുനബി(സ)യുടെ ജീവിതകാലത്തുതന്നെ ഖുർആൻ മനഃപാഠമാക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്‌തിരുന്നു. അബൂബക്കർ(റ)ന്റെ ഭരണകാലത്ത് അത് ആദ്യമായി ഒരൊറ്റ മുസ്ഹഫായി ക്രോഡീകരിക്കപ്പെട്ടു. പിന്നീട് ഉസ്‌മാൻ(റ)ന്റെ ഭരണകാലത്ത് ഇസ്‍ലാമിന്റെ വ്യാപനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളിലെ പുതിയ മുസ്‍ലിംകൾക്കിടയിൽ ഖുർആൻ പാരായണത്തിൽ ഉച്ചാരണവ്യത്യാസങ്ങൾ പ്രകടമായപ്പോൾ, അബൂബക്കർ(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫിനെ അടിസ്ഥാനമാക്കി അംഗീകൃത ഖിറാഅത്തുകൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക മുസ്ഹഫുകൾ തയ്യാറാക്കി വിവിധ പ്രവിശ്യകളിലേക്ക് അയച്ചുകൊടുക്കുകയുണ്ടായി. ഇതിലൂടെ ഖുർആന്റെ പ്രാമാണിക പാരായണരീതി മുസ്‍ലിം ലോകത്ത് ഏകീകരിക്കപ്പെടുകയും, അനേകം ഹാഫിളുകളുടെയും രേഖാമൂലമുള്ള മുസ്‌ഹഫുകളുടെയും പിന്തുണയോടെ അതിൻ്റെ സംരക്ഷണം ഉറപ്പുവരുത്തപ്പെടുകയും ചെയ്തു. അങ്ങനെ, "തീർച്ചയായും ഈ ഉദ്ബോധനം അവതരിപ്പിച്ചത് നാമാണ്; അതിനെ സംരക്ഷിക്കുന്നതും നാമാണ്" (ഖുർആൻ 15:9) എന്ന ദൈവിക വാഗ്‌ദാനം ചരിത്രത്തിൽ യാഥാർഥ്യമായി.
ആവിർഭാവവും വികാസവും
വിശുദ്ധ ഖുർആനെപ്പോലെ ഹദീസുകൾ ഇസ്‍ലാമിൻ്റെ ആദ്യകാലഘട്ടത്തിൽ വ്യാപകമായി രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. എന്നിരുന്നാലും, തിരുനബി(സ)യുടെ പ്രത്യേക അനുമതിയോടും നിർദ്ദേശത്തോടും കൂടി ചില സ്വഹാബികൾ ഹദീസുകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. അസാധാരണമായ ഓർമ്മശക്തിയുടെ ഉടമകളായിരുന്ന സ്വഹാബികൾ തിരുനബി(സ്വ)യിൽ നിന്ന് കേട്ടും കണ്ടും മനസ്സിലാക്കിയ ഹദീസുകളുടെ ഭൂരിഭാഗവും മനഃപാഠമാക്കി സംരക്ഷിക്കുകയും അവ തങ്ങളുടെ പിൻതലമുറകൾക്ക് ഔപചാരികമായ അധ്യാപനങ്ങളിലൂടെയും അനൗപചാരികമായ ജീവിതസാഹചര്യങ്ങളിലൂടെയും പകർന്നുകൊടുക്കുകയായിരുന്നു. കാലക്രമേണ നവീന ചിന്താഗതികളും പ്രത്യയശാസ്ത്രങ്ങളും ഇസ്‍ലാമിനകത്ത് രൂപപ്പെട്ടപ്പോൾ തങ്ങളുടെ ആശയങ്ങൾക്ക് പിൻബലമേകാൻ ഹദീസുകളെ വളച്ചൊടിക്കാനും വ്യാജ്യങ്ങൾ നിർമിക്കാനും ചിലർ ധൈര്യപ്പെട്ടു.
സുഫ്‍യാനുസ്സൗരി(റ) പറയുന്നു: ഹദീസ് നിവേദകർ കളവു പറയാൻ തുടങ്ങിയപ്പോൾ നമ്മൾ ചരിത്ര പഠനം ആരംഭിച്ചു. അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുമായി മുസ്‍ലിം പണ്ഡിതന്മാർ ഹദീസുകളെ അതിൻ്റെ തനിമയിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ഹദീസ് നിദാനശാസ്ത്രത്തിന് രൂപം കൊടുക്കുന്നത്. ഓരോ ഹദീസും പരിശോധിച്ചു സ്വീകാര്യത അനുസരിച്ച് വിവിധ ഇനങ്ങളായി തരംതിരിച്ച് വളരെ ബൃഹത്തായ രീതിയിലാണ് പണ്ഡിതന്മാർ പ്രസ്‌തുത വിജ്ഞാന ശാഖയെ വികസിപ്പിച്ചെടുത്തത്. അപ്രകാരം പ്രബലവും ദുർബലവുമായ റിപ്പോർട്ടുകളും വ്യാജ വർത്തമാനങ്ങളും വേർതിരിക്കുകയും തിരിച്ചറിയാനായി പ്രത്യേകം നാമകരണങ്ങൾ നൽകുകയും ചെയ്തു. ഈയൊരു ദൗത്യപൂർത്തീകരണത്തിന് വേണ്ടി ഹദീസ് നിവേദക പരമ്പരയിൽ ലക്ഷോപക്ഷം വരുന്ന ആളുകളുടെ ജീവചരിത്രം ഇഴകീറി പരിശോധിക്കേണ്ടി വന്നു. മുഹമ്മദ് ബിനു സീരീൻ(റ) പറയുന്നു : ഹദീസ് ദീനാണ്, അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് നിങ്ങൾ ഗൗരവത്തിൽ ചിന്തിക്കുക.
തുടക്കത്തിൽ, ഹദീസുകൾ നിവേദനം ചെയ്യുമ്പോൾ ഈ ഹദീസ് ആരിൽ നിന്ന് ലഭിച്ചു എന്ന അന്വേഷണത്തിൽ നിന്നാണ് നിവേദകരെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപംകൊണ്ടത്. കാലക്രമേണ ഈ മാനദണ്ഡങ്ങൾ ഒരു വ്യവസ്ഥാപിത വിജ്ഞാനശാഖയായി വളർന്നു സ്വതന്ത്ര ഗ്രന്ഥരചനകളായി പരിണമിച്ചു. നിവേദകരുടെ ജനനം, മരണം, ഗുരു-ശിഷ്യബന്ധങ്ങൾ, വൈജ്ഞാനിക യാത്രകൾ, വിശ്വാസ്യത, ഓർമ്മശക്തി തുടങ്ങി ഹദീസ് നിവേദനവുമായി ബന്ധപ്പെട്ട സകല സവിശേഷതകളും സമഗ്രമായി അവലോകനം ചെയ്യപ്പെട്ടു. അക്കാലത്ത് വിരചിതമായ ചരിത്രഗ്രന്ഥങ്ങളൊക്കെയും പ്രസ്‌തുത ലക്ഷ്യസാധൂകരണാർത്ഥമാണ്. ഹദീസ് പാണ്ഡിത്യം പൂർണ്ണമാവാൻ അന്ന് ചരിത്രപഠനം അനിവാര്യമായിതീർന്നു. അതുകൊണ്ടാണ് ഒട്ടുമിക്ക ഹദീസ് പണ്ഡിതന്മാരും അന്ന് ചരിത്രത്തിലും രചനകൾ നിർവഹിച്ചത്. ഇസ്‍ലാമിക ചരിത്രഗ്രന്ഥങ്ങളിൽ വിശ്രുതമായ താരീഖ് ബഗ്ദാദ്, താരീഖ് ദിമശ്‌ഖ് തുടങ്ങിയവയൊക്കെ അന്നത്തെ ഹദീസ് പണ്ഡിതന്മാരുടെ സംഭാവനകളായിരുന്നു. ചുരുക്കത്തിൽ അക്കാലത്തെ ചരിത്രരചനയുടെ ലക്ഷ്യം ഹദീസ് സംരക്ഷണമായിരുന്നു.
മുസ്‍ലിം പണ്ഡിതന്മാർ വികസിപ്പിച്ചെടുത്ത ഇൽമുരിജാൽ എന്ന വിജ്ഞാനശാഖയെക്കുറിച്ചുള്ള പാശ്ചാത്യ പണ്ഡിത വിലയിരുത്തലുകൾ ഏറെ ശ്രദ്ധേയമാണ്. ലോകത്തെ മറ്റൊരു നാഗരികതയിലും കാണാപ്പെടാത്ത ഈ വിജ്ഞാനപാരമ്പര്യത്തിൻ്റെ സവിശേഷത ഓറിയൻ്റലിസ്റ്റുകൾ പോലും അംഗീകരിച്ചിട്ടുണ്ട്. ജർമൻ ഓറിയൻ്റലിസ്റ്റായ അലോയ്‌സ് സ്പ്രെംഗർ ഇപ്രകാരം നിരീക്ഷിക്കുന്നു: "മുസ്‍ലിം സാഹിത്യത്തിൻ്റെ ഏറ്റവും മഹത്തായ നേട്ടം അതിന്റെ ജീവചരിത്രസാഹിത്യമാണ്. മുസ്‍ലിംകൾ പന്ത്രണ്ട് നൂറ്റാണ്ടുകളായി നടത്തിയതുപോലെ, ഒരു ജനതയും തങ്ങളുടെ പണ്ഡിതന്മാരുടെ ജീവിതചരിത്രങ്ങൾ ഇത്രയും സമഗ്രമായും വ്യവസ്ഥാപിതമായും രേഖപ്പെടുത്തിയിട്ടില്ല.
ഇൽമുരിജാലിലെ പ്രധാന ഗ്രന്ഥങ്ങൾ
പ്രഥമ രചന സ്വഹാബികളെ സംബന്ധിച്ചാണ്. ഇബ്‌നുഹജർ(റ)ന്റെ അൽഇസാബ ഫീ തംയീസിസ്സഹാബ ഈ ഗണത്തിൽ വിഖ്യാതമാണ്. ഒരേകാലത്ത് ജീവിച്ച ഹദീസ് നിവേദകരെ കുറിച്ചുള്ള രചനകളാണ് രണ്ടാം വിഭാഗത്തിൽപ്പെടുന്നവ. അറബിയിൽ അതിന് ത്വബഖ എന്ന് പറയും. ഇവയിൽ മുഹമ്മദ് ബിൻ സഅദിൻ്റെ അത്തബഖാത്തുൽ കുബ്റാ പ്രസിദ്ധമാണ്. മൂന്നാമത്തെ ഇനം പൊതുവായ നിവേദകരെ കുറിച്ചുള്ള രചനകളാണ്. ഇമാം ബുഖാരി(റ)ന്റെ താരീഖുൽകബീർ അതിൽ പ്രമുഖ രചനയാണ്.
പ്രബലരെയും ദുർബലരെയും സംബന്ധിച്ചുള്ള ഗ്രന്ഥങ്ങളും വെവ്വേറെ വിരചിതമായിട്ടുണ്ട്. ഇബ്നു ഹിബ്ബാൻ(റ)ന്റെ അസ്സിഖാത്ത്, ഇബ്നു അദിയ്യ്(റ)ൻ്റെ അൽകാമിൽ ഫീ മഅരിഫത്തി ദുഅഫാഇൽ മുഹദ്ദിസീൻ എന്നീ രചനകൾ ഇവരണ്ടിലും വരുന്ന പ്രമുഖഗ്രന്ഥങ്ങളാണ്. പ്രത്യേകമായ നാടുകളിലെ നിവേദകരെ കുറിച്ചും ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഹി.493 ൽ വഫാത്തായ ഖത്തീബുൽ ബഗ്‌ദാദിയുടെ താരീഖ് ബഗ്ദാദും ഹി. 571 ൽ വഫാത്തായ ഇബ്നു അസാകിറിൻ്റെ താരീഖ് ദിമശ്ഖും ഇവയിൽ ഏറെ വിശ്രുതമാണ്. പ്രത്യേക ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ട നിവേദകരെ കുറിച്ചുള്ള രചനകളും വ്യാപകമാണ്. 600ൽ വഫാത്തായ അബ്ദുൽ ഗനിയ്യ് അൽമഖ്ദിസിയുടെ അൽകമാൽ ഫീ അസ്‌മാഇരിജാൽ ഈ ഗണത്തിൽ പെട്ടതാണ്. സിഹാഹുസ്സിത്തയിലെ നിവേദകരാണ് ഈ ഗ്രന്ഥത്തിന്റെ അന്വേഷണ വിഷയം. അൽഹാഫിസ് അൽമിസ്സി ഇതിനെ പരിഷ്‌കരിച്ച് തഹ്‌ദീബുൽ കമാൽ എന്ന ഗ്രന്ഥം രചിച്ചു. പിന്നീട് ഇതിനെ ആധാരമാക്കി മറ്റു പല രചനകളും ഉരുത്തിരിഞ്ഞുവന്നു. ഇബ്‌നു ഹജർ(റ)ൻ്റെ തഹ്ദീബു തഹ്‌ദീബും തഖീബു തഹ്‌ദീബും അവയിൽ പ്രധാനപ്പെട്ടതാണ്. പ്രത്യേക നൂറ്റാണ്ടുകളിലെ ഹദീസ് നിവേദകരെ സംബന്ധിച്ചുള്ള രചനകളും വിരചിതമായിട്ടുണ്ട്. അദ്ദുററുൽ കാമിന ഫീ അഅയാനിൽ മിഅതിത്താമിന എന്ന ഇബ്‌നു ഹജർ(റ)ൻ്റെ രചന ഇവയിൽ ഏറെ പ്രസിദ്ധമായ ഒന്നാണ്. താജുദ്ദീൻ അസ്സുബ്‌കി(റ)ൻ്റെ തബഖാത്തുശ്ശാഫിഇയ്യ ഈ ഗണത്തിൽ പെടുന്ന പ്രമുഖ രചനയാണ്.
അൽഇസാബ ഫീ തംയീസിസ്സഹാബ
സ്വഹാബികളുടെ ജീവചരിത്രങ്ങളാണ് അൽഇസാബ ഫീ തംയീസി സ്സഹാബ എന്ന ഗ്രന്ഥത്തിൻ്റെ പ്രതിപാദ്യവിഷയം. ഇബ്‌നു ഹജർ അസ്ഖലാനിയാണ് ഗ്രന്ഥകാരൻ. സ്വഹാബാക്കളുടെ ജീവചരിത്രങ്ങൾ സമഗ്രമായി ഒരുമിച്ചുകൂട്ടിയ ഏറ്റവും പ്രാമാണികവും വിപുലവുമായ ഗ്രന്ഥങ്ങളിൽ ഒന്നെന്ന പ്രത്യേകത ഈ ഗ്രന്ഥത്തിനുണ്ട്. സീറാ ഗ്രന്ഥങ്ങൾ, മഗാസി രചനകൾ, ഹദീസ് നിവേദകരെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽ ചിതറിക്കിടന്നിരുന്ന സ്വഹാബാക്കളുടെ ജീവിതവിവരങ്ങൾ ഒരൊറ്റ ഗ്രന്ഥത്തിൽ സമാഹരിച്ച് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ ചെയ്തത്. ഏകദേശം 12,500 സ്വഹാബികളുടെ ജീവചരിത്രങ്ങളാണ് അദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം, സ്വഹാബികളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളെ വേർതിരിച്ച് വ്യക്തമാക്കുകയും സ്വഹാബിയാണെന്ന് സ്ഥാപിക്കുന്നതിനുള്ള മാദണ്ഡങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു.
ജീവചരിത്രങ്ങൾ രേഖപ്പെടുത്തുന്നതിൽ മാത്രമല്ല, ഹദീസ് നിവേദകരായ സ്വഹാബികളുടെ ഹദീസുകൾ ഉദ്ധരിച്ച് അവയുടെ നിവേദനശൃംഖലകളെ (ഇസ്‌നാദ്) വിമർശനാത്മകമായി വിലയിരുത്തുകയും അവയുടെ പ്രാമാണികതയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവചരിത്രഗ്രന്ഥം എന്നതിലുപരി ഹദീസ് പഠനത്തിനും ഈ കൃതി സുപ്രധാനമായ ഒരു അവലംബമാണ്. ഗ്രന്ഥത്തെ നാല് വിഭാഗങ്ങളായാണ് ഇബ്നു ഹജർ(റ) ക്രമീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്തിൽ സുഹ്ബത്ത് വ്യക്തമായി സ്ഥിരീകരിക്കപ്പെട്ട സ്വഹാബാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന്, സ്വാഹാബികളാണോ എന്നതിനെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളോ സംശയങ്ങളോ നിലനിൽക്കുന്നവരെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിമർശനാത്മകമായി പരിശോധിക്കുന്നു. അവസാനഭാഗത്ത്, മുൻകാല ഗ്രന്ഥകാരന്മാർ മതിയായ തെളിവുകളില്ലാതെ സ്വഹാബികളായി പരാമർശിച്ച വ്യക്തികളെ പ്രത്യേകം വേർതിരിച്ച് വ്യക്തമാക്കുന്നു. അതിനാൽ, സ്വഹാബികളുടെ ജീവചരിത്രങ്ങൾ അവതരിപ്പിക്കുക എന്നത് മാത്രമല്ല, സ്വഹാബികളെയും സ്വഹാബികളല്ലാത്തവരെയും കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുക എന്നതും ഈ ഗ്രന്ഥത്തിൻ്റെ പ്രധാന ലക്ഷ്യമാണ്.
താരീഖ് ബഗ്ദാദ്
ഹദീസ്, ഉസൂലുൽ ഹദീസ്, ചരിത്രം തുടങ്ങി വിവിധ വിജ്ഞാനശാഖകളിൽ അനേകം ബൃഹത്തായ ഗ്രന്ഥങ്ങൾ രചിച്ച പ്രമുഖ പണ്ഡിതനായ ഖത്തീബുൽ ബഗ്ദാദിയുടെ വിശ്രുത രചനയാണ് താരീഖ് ബഗ്‌ദാദ്. ബഗ്‌ദാദുമായി ബന്ധപ്പെട്ട പ്രമുഖരുടെ ജീവചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചരിത്ര-ജീവചരിത്രകോശമാണിത്. ബഗ്‌ദാദിലെ ഹദീസ് പണ്ഡിതന്മാർ, വിവിധ വിജ്ഞാനശാഖകളിലെ പണ്ഡിതന്മാർ, സാഹിത്യകാരന്മാർ, ഭരണാധികാരികൾ തുടങ്ങി അനേകം പ്രമുഖരുടെ ജീവചരിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഗ്ദാദിൽ ജനിക്കുകയോ അവിടെ വഫാത്താകുകയോ ചെയ്‌തവരെ മാത്രമല്ല, ബഗ്ദാദ് സന്ദർശിച്ച പണ്ഡിതന്മാരെയും ബഗ്‌ദാദിൻ്റെ പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെയും ഗ്രന്ഥകാരൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏകദേശം 7,831 പേരുടെ ജീവചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥത്തിൽ 5,000-ത്തിലധികം പേർ ഹദീസ് നിവേദകരോ ഹദീസ് പണ്ഡിതന്മാരോ ആണ്. അതുകൊണ്ടുതന്നെ, ചരിത്രഗ്രന്ഥമെന്ന നിലയിൽ മാത്രമല്ല, ഇൽമുരിജാലിലെ പ്രധാന സ്രോതസ്സുകളിലൊന്നായും ഈ കൃതി വിലയിരുത്തപ്പെടുന്നു. മുൻകാല പണ്ഡിതന്മാരുടെ നിരീക്ഷണങ്ങളെ വിമർശനാത്മകമായി പുനഃപരിശോധിക്കുകയും, വ്യത്യസ്ത നിവേദനങ്ങളെ താരതമ്യപ്പെടുത്തി തർജീഹ് നൽകുകയും, ജനന-മരണ തീയതികൾ, സ്ഥലങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ വൈരുദ്ധ്യമുള്ള റിപ്പോർട്ടുകളിൽ കൂടുതൽ പ്രബലമായ അഭിപ്രായം നിർണയിക്കുകയും ചെയ്യുന്ന ഖത്തീബുൽ ബഗ്ദാദിയുടെ ഗവേഷണപാടവം ഈ ഗ്രന്ഥത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ഗ്രന്ഥം പ്രധാനമായും അറബി അക്ഷരമാലാക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ തിരുനബി(സ്വ)യുടെ നാമത്തോടുള്ള ആദരസൂചകമായി, സാധാരണ അക്ഷരമാലാക്രമം ആരംഭിക്കുന്നതിന് മുമ്പ് മുഹമ്മദ് എന്ന പേരുള്ളവരുടെ ജീവചരിത്രങ്ങൾ പ്രത്യേകം ഉൾപ്പെടുത്തിയാണ് ഗ്രന്ഥം ആരംഭിക്കുന്നത്.
തഹ്ദീബുത്തഹ്ദീബ്
ഹദീസ് വിജ്ഞാനശാഖയിലെ അതികായനായ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) രചിച്ച സുപ്രധാന രിജാൽ ഗ്രന്ഥമാണ് തഹ്‌ദീബുത്തഹ്ദീബ്. ഹാഫിസ് അൽമിസ്സിയുടെ തഹ്ദീബുൽ കമാൽ ആസ്‌പദമാക്കിയാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചത്. തഹ്‌ദീബുൽ കമാൽ ബൃഹത്തായ ഗ്രന്ഥമാണെങ്കിലും അതിന്റെ ദൈർഘ്യം കാരണം പഠിതാക്കൾക്ക് അത് എളുപ്പത്തിൽ ഉപയോഗിക്കാനും പഠിച്ചെടുക്കാനും പ്രയാസമായിരുന്നു. ഈ സാഹചര്യം പരിഗണിച്ച് ഇമാം ദഹബി അതിനെ സംഗ്രഹിച്ച് അൽകാശിഫ്, തഹ്‌ദീബുത്തഹ്ദീബ് എന്നീ രണ്ട് ഗ്രന്ഥങ്ങൾ രചിച്ചു. എന്നാൽ, അവയിൽ ആദ്യത്തേത് അതീവ സംക്ഷിപ്‌തമായിരുന്നു. രണ്ടാമത്തെ ഗ്രന്ഥത്തിൽ ജർഹ് വത്‌തഅ്ദീൽ പോലുള്ള അനിവാര്യമായ വിവരങ്ങൾ ഒഴിവാക്കപ്പെട്ടതോടൊപ്പം, ചില വിഷയങ്ങൾ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതായും ഇബ്‌നു ഹജർ(റ) ഗ്രന്ഥത്തിന്റെ ആമുഖത്തിൽ വിമർശനാത്മകമായി രേഖപ്പെടുത്തുന്നു. ഈ പോരായ്മകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇബ്നു ഹജർ(റ) തഹ്ദീബുത്തഹ്ദീബ് രചിച്ചത്. ഗ്രന്ഥത്തിൻ്റെ ആമുഖത്തിൽ തന്നെ ഇതിൻ്റെ രചനാപശ്ചാത്തലം അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഏകദേശം പന്ത്രണ്ടായിരത്തോളം നിവേദകരുടെ ജീവചരിത്രങ്ങളാണ് അദ്ദേഹം ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്. കൂടാതെ, അടിസ്ഥാനഗ്രന്ഥത്തിൽ നിന്ന് ഹാഫിസ് അൽമിസ്സി ഒഴിവാക്കിയ ചില നിവേദകരുടെ ജീവചരിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രിജാലുസ്സിത്തയിൽ ഉൾപ്പെടുന്നവരല്ലെന്ന് വിലയിരുത്തിയ നിവേദകരെയാണ് ഹാഫിസ് അൽമിസ്സി ഒഴിവാക്കിയത്. എന്നാൽ, ഇബ്‌നു ഹജർ(റ) അവരെയും ഉൾപ്പെടുത്തി, സ്വിഹാഹുസ്സിത്തയിലെ നിവേദകരാണെന്ന് തനിക്കുറപ്പായവരെ വ്യക്തമായി ചൂണ്ടിക്കാണിക്കുകയും, അതിൽ ഉറപ്പില്ലാത്തവരെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തു.
അൽകാമിൽ ഫീ മഅരിഫതി ദുഅഫാഇൽ മുഹദ്ദിസീൻ
ഹദീസ് വിജ്ഞാനശാഖയിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്നു അദിയ്യ്(റ) രചിച്ച സുപ്രധാന രിജാൽ ഗ്രന്ഥമാണ് അൽകാമിൽ ഫീ മഅ്‌രിഫതി ദുഅഫാഇൽ മുഹദ്ദിസീൻ. ഇൽമു രിജാലിൻ്റെ കീഴിൽ വരുന്ന അൽജർഹ് വത്‌തഅ്ദീൽ ശാഖയിലെ പ്രധാന കൃതികളിലൊന്നാണിത്. ഹദീസ് നിവേദകരുടെ വിശ്വാസ്യതയും അയോഗ്യതയും നിർണയിക്കുന്ന ശാസ്ത്രമാണ് ജർഹ് വത്-തഅ്ദീൽ. തഅ്ദീൽ എന്നത് നിവേദകരുടെ നീതിബോധം, ഓർമശക്തി, കൃത്യത തുടങ്ങിയ ഗുണങ്ങളെ സ്ഥിരീകരിക്കുന്നതും ജർഹ് അവയിലെ പോരായ്മകൾ വ്യക്തമാക്കുന്നതുമാണ്. ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് ഈ വിഷയത്തിൽ കേന്ദ്രീകൃതമായ ഗ്രന്ഥരചനകൾ ആരംഭിക്കുന്നത്. ഏകദേശം 2209 ഹദീസ് നിവേദകരുടെ ജീവചരിത്രങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ ദീർഘമായ ഒരു മുഖവുര ചേർത്തിട്ടുണ്ട്. അതിൽ തിരുദൂതരുടെ പേരിൽ കളവ് ചമയ്ക്കുന്നതിൻ്റെ ഗൗരവം, ഹദീസ് ഉദ്ധരിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തിയ സ്വഹാബികളുടെ സൂക്ഷ്‌മത, നിവേദനത്തിൽ അബദ്ധം സംഭവിക്കുമെന്ന ഭയത്താൽ ചില സ്വഹാബികൾ ഹദീസ് ഉദ്ധരിക്കുന്നതിൽ നിന്ന് വിട്ടുനിന്ന സംഭവങ്ങൾ എന്നിവ അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നു. തുടർന്ന് സ്വഹാബികളുടെയും താബിഉകളുടെയും ഹദീസ് സംപ്രേഷണത്തിലെ സൂക്ഷ്‌മതയും അദ്ദേഹം വിവരിക്കുന്നു. ഗ്രന്ഥത്തിൽ ദുർബലരും, അറിയപ്പെടാത്തവരും, വിമർശിക്കപ്പെട്ടവരുമായ നിവേദകരെ അറബി അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഓരോ നിവേദകന്റെയും പേര്, വംശപരമ്പര, കുൻയത്ത്, സ്ഥാനപ്പേര്, സ്വദേശം തുടങ്ങിയ വിവരങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു. ചില സന്ദർഭങ്ങളിൽ ജനനമരണ വർഷങ്ങൾ പരാമർശിക്കാറില്ല. അധികവും പ്രസിദ്ധരായ ഗുരുക്കന്മാരെയും ശിഷ്യന്മാരെയുമാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. തുടർന്ന്, തനിക്കു ലഭിച്ച സനദുകളിലൂടെ നിവേദകനെക്കുറിച്ച് പണ്ഡിതന്മാർ നടത്തിയ ജർഹ് തഅ്ദീൽ അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും, അദ്ദേഹം നിവേദനം ചെയ്ത ഹദീസുകളും അവയിലെ ന്യൂനതകളും വിശകലനം ചെയ്യുകയും ചെയ്യുന്നു. ഒടുവിൽ, പ്രസ്തുത നിവേദകനെ സംബന്ധിച്ച തന്റെ അന്തിമ വിലയിരുത്തൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.
താരീഖുൽ കബീർ
അമീറുൽ മുഅമിനീൻ ഫിൽ ഹദീസ് എന്ന പേരിൽ വിശ്രുതനായ ഇമാം ബുഖാരി(റ) രചിച്ച സുപ്രധാന രിജാൽ ഗ്രന്ഥമാണ് താരീഖുൽ കബീർ. ഹദീസ് നിവേദകരുടെ പൊതുവായ ജീവചരിത്രങ്ങൾ സമാഹരിച്ച ഗ്രന്ഥമാണിത്. മദീനയിൽ വെച്ച് പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഈ ഗ്രന്ഥത്തിൻ്റെ രചന ആരംഭിച്ചത്. ഏകദേശം 40,000 ഹദീസ് നിവേദകരുടെ ജീവചരിത്രങ്ങളാണ് ഈ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചിരിക്കുന്നത്. 'ചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന ഏതൊരാളെക്കുറിച്ചും എനിക്ക് എന്തെങ്കിലും പറയാനുണ്ട്' എന്ന ഇമാം ബുഖാരിയുടെ പ്രസ്‌താവന ചരിത്രശാസ്ത്രത്തിലും റിജാൽ വിജ്ഞാനത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ പാണ്ഡിത്യത്തെ വ്യക്തമാക്കുന്നതാണ്. ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഖുറൈശികളുടെ ശ്രേഷ്ഠതയും തിരുനബി(സ്വ)യുടെ സംക്ഷിപ്ത ജീവചരിത്രവും ഉൾക്കൊള്ളുന്ന ഒരു മുഖദ്ദിമ അദ്ദേഹം അവതരിപ്പിക്കുന്നു. തുടർന്ന് മുഹമ്മദ് എന്ന നാമമുള്ള നിവേദകരെ ആദ്യം പരാമർശിക്കുകയും, പിന്നീട് ശേഷിക്കുന്ന നിവേദകരെ അറബി അക്ഷരമാലാക്രമത്തിൽ ക്രമീകരിക്കുകയും ചെയ്യുന്നു. ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തിൽ സ്വഹാബികളായ നിവേദകരെയും, രണ്ടാമത്തെ ഭാഗത്തിൽ താബിഉകളായ നിവേദകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാന ഭാഗത്ത് പേര് അറിയപ്പെടാതെ കുന്യത്ത് (വിളിപ്പേര്) കൊണ്ട് പ്രസിദ്ധരായ നിവേദകരെയാണ് പരിചയപ്പെടുത്തുന്നത്.
താരീഖു ദിമശ്ഖ്
ശാമിലെ പ്രമുഖ ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ ഇമാം ഇബ്നു അസാകിർ(റ) രചിച്ച വിസ്‌മയകരമായ ചരിത്രഗ്രന്ഥമാണ് താരീഖു ദിമശ്ഖ്. ഡമസ്കസുമായി ബന്ധമുള്ള പണ്ഡിതന്മാർ, സാഹിത്യകാരന്മാർ, ഭരണാധികാരികൾ, ഹദീസ് നിവേദകർ തുടങ്ങി അനേകം പ്രമുഖരുടെ ജീവചരിത്രങ്ങൾ സമാഹരിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഇസ്‌ലാമിക ചരിത്രരചനയിലെ അതുല്യസംഭാവനകളിലൊന്നായി വിലയിരുത്തപ്പെടുന്നു. സനദുകളുടെ അടിസ്ഥാനത്തിലാണ് ഗ്രന്ഥത്തിലെ വിവരങ്ങൾ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി ഹദീസ് നിവേദകരുടെ ജീവചരിത്രങ്ങളും അവർ നിവേദനം ചെയ്ത ഹദീസുകളും അവയെ സംബന്ധിച്ച പണ്ഡിതാഭിപ്രായങ്ങളും വിമർശനങ്ങളും അദ്ദേഹം രേഖപ്പെടുത്തുന്നു. അതിനാൽ, ചരിത്രഗ്രന്ഥമെന്നതിനപ്പുറം ഇൽമു റിജാലിലെ പ്രധാന അവലംബഗ്രന്ഥങ്ങളിലൊന്നായും താരീഖു ദിമശ്ഖ് പരിഗണിക്കപ്പെടുന്നു. ഈ ഗ്രന്ഥം സമാഹരിക്കുന്നതിൽ ഇബ്നു അസാകിർ(റ) പ്രകടിപ്പിച്ച അധ്വാനവും സമർപ്പണവും ശ്രദ്ധേയമാണ്. ഇത്രയും വിപുലമായ ഒരു ഗ്രന്ഥം ഒരാളുടെ ജീവിതകാലത്തിനുള്ളിൽ സമാഹരിക്കുക അത്യന്തം ദുഷ്കരമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏകദേശം എഴുപതോളം വാല്യങ്ങൾ രചിച്ച് പൂർത്തിയാക്കിയ ശേഷം രോഗബാധിതനായ ഇബ്നു അസാകിർ(റ) ഗ്രന്ഥം വീണ്ടും പരിശോധിച്ച് ശുദ്ധീകരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പൂർണ മേൽനോട്ടത്തിൽ മകൻ ആ ദൗത്യം നിർവഹിക്കുകയുണ്ടായി. ഏകദേശം ഇരുപത്തിനാല് വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഈ ഗ്രന്ഥം പൂർണരൂപം പ്രാപിച്ചത്. ഗ്രന്ഥത്തിന്റെ ആരംഭത്തിൽ തിരുനബി(സ്വ)യുടെ ജീവചരിത്രവും ഖുലഫാഉർ റാശിദീങ്ങളുടേയും ദമസ്കസിൽ താമസിച്ചിരുന്ന സ്വഹാബികളുടെയും ജീവചരിത്രങ്ങളും വിശദമായി അദ്ദേഹം കൊണ്ടുവരുന്നുണ്ട്.
ഇങ്ങനെ, ഇസ്‍ലാമിക ലോകത്ത് ഏറെ പടര്‍ന്നുപന്തലിച്ച ഒരു സ്വതന്ത്ര വിജ്ഞാന ശാഖയാണ് ഇല്‍മുരിജാല്‍ എന്ന് പറയാം. പ്രവാചകാധ്യാപനങ്ങളെ ഈ സമുദായം എത്രമേല്‍ മഹത്തരവും കളങ്കരഹിതവുമായാണ് കാണുന്നതെന്നും അവലംബിക്കുന്നതെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. അതോടൊപ്പം, ലോകത്ത് മറ്റൊരു ജനതക്കും അവകാശപ്പെടാനില്ലാത്ത ശുദ്ധതുയം സൂക്ഷ്തമയുമാണ് മുസ്‍ലിം സമൂഹത്തിനുള്ളതും.
അവലംബം
- വിശുദ്ധ ഖുർആൻ സൂറത്തുൽ ഇസ്‌റാഅ്, 17:36.
- വിശുദ്ധ ഖുർആൻ സൂറത്തുൽ ഹിജ്ർ, 15:9.
- സ്വഹീഹ് മുസ്ലിം മുഖദ്ദിമ
- സ്വഹീഹുൽ ബുഖാരി കിതാബു ഫദാഇലിൽ ഖുർആൻ,
- സ്വഹീഹ് മുസ്ലിം
- അൽ കിഫായ ഫീ ഇൽമിർ രിവായ
- താരീഖ് ബഗ്ദാദ്
- അൽഇസാബ ഫീ തംയീസിസ്സഹാബ
- തഹ്ദീബുത്തഹ്ദീബ്
- അൽകാമിൽ ഫീ മഅരിഫതി ദുഅഫാഇൽ മുഹദ്ദിസീൻ
- താരീഖുൽ കബീർ
- താരീഖു ദിമശ്ഖ്
About the author:
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പിജി വിദ്യാർത്ഥിയാണ് ലേഖകൻ



Leave A Comment