കിൽവ സുൽത്താനേറ്റ്: ഇന്ത്യൻ മഹാസമുദ്രം നിയന്ത്രിച്ച ഇസ്‌ലാമിക സാമ്രാജ്യം

നൂറ്റാണ്ടുകളോളം ആഫ്രിക്കയെയും മിഡിൽ ഈസ്റ്റിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പാതകളിലൊന്നായിരുന്നു ഇന്ത്യൻ മഹാസമുദ്രം. യൂറോപ്യൻ കൊളോണിയൽ ശക്തികൾ ഈ സമുദ്രത്തിലേക്ക് കാലെടുത്തുവെക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ, മൺസൂൺ കാറ്റിന്റെ താളത്തിനൊപ്പിച്ച് സഞ്ചരിച്ച മുസ്‍ലിം വ്യാപാര ശൃംഖലകൾ വിദൂര ദേശങ്ങളിലെ സംസ്കാരങ്ങളെ തമ്മിൽ കോർത്തിണക്കിയിരുന്നു. ആഫ്രിക്കൻ കിഴക്കൻ തീരങ്ങളിൽ, കച്ചവടത്തിലൂടെ സമ്പന്നമാവുകയും ഇസ്‌ലാമിക മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നുകയും ചെയ്ത സ്വാഹിലി മുസ്‍ലിം നഗരങ്ങളുടെ ഒരു വലിയ നിര തന്നെ ഈ സമുദ്രതീരത്ത് രൂപംകൊണ്ടു.

ഈ തീരദേശ ശക്തികളിൽ ഏറ്റവും പ്രമുഖമായിരുന്നു ഇന്നത്തെ ടാൻസാനിയയുടെ തീരത്തുള്ള 'കിൽവ കിസിവാനി' (Kilwa Kisiwani) എന്ന ദ്വീപ് നഗരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കിൽവ സുൽത്താനേറ്റ് (Kilwa Sultanate). മധ്യകാലഘട്ടത്തിലെ സ്വാഹിലി തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. ലോകചരിത്ര പഠനങ്ങളിൽ, ഉൾനാടൻ ഉൽപ്പാദനത്തെ ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടവുമായി ബന്ധിപ്പിച്ച് ആഫ്രിക്കൻ തീരദേശ രാജ്യങ്ങൾ എങ്ങനെ സമ്പന്നമായി വളർന്നു എന്നതിന് ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണീ സാമ്രാജ്യം. 

സമുദ്ര വ്യാപാരത്തിലൂടെ വളർന്ന അധികാര കേന്ദ്രം

എഡി പത്താം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി ഉദയം ചെയ്ത കിൽവ, തന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനം മൂലം ക്രമേണ ശക്തിപ്രാപിക്കുകയാണുണ്ടായത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകൾക്ക് വിശ്രമിക്കാനും ചരക്കുകൾ കൈമാറാനുമുള്ള പ്രധാന കേന്ദ്രമായി കിൽവ മാറി. സ്വർണം, ആനക്കൊമ്പ്, തുണിത്തരങ്ങൾ, കളിമൺ പാത്രങ്ങൾ എന്നിവയുടെ പ്രധാന വാണിജ്യ ഹബ്ബായി കിൽവ വളർന്നു.

മറ്റു ഭൂപ്രദേശങ്ങൾ പിടിച്ചെടുത്ത് പടുകൂറ്റൻ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന് പകരം, ഈ വ്യാപാര കൈമാറ്റങ്ങളുടെ നിയന്ത്രണം കയ്യിലൊതുക്കിക്കൊണ്ടാണ് കിൽവയിലെ ഭരണാധികാരികൾ അധികാരം ഉറപ്പിച്ചത്. കാൽനടയായി സഞ്ചരിച്ചിരുന്ന യാത്രാസംഘങ്ങളിൽ നിന്നോ കാർഷിക മേഖലകളിൽ നിന്നോ നികുതി പിരിച്ചു മാത്രം വളർന്ന മറ്റ് ഉൾനാടൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കിൽവയെ വ്യത്യസ്തമാക്കിയത് ഈ സമുദ്രകേന്ദ്രീകൃത നയമായിരുന്നു.

ഏകദേശം പതിമൂന്ന് -പതിനാല് നൂറ്റാണ്ടുകളോടെ കിൽവ അതിന്റെ പ്രതാപത്തിന്റെ ഉച്ചിയിലെത്തി. തെക്കൻ ആഫ്രിക്കയിൽ നിന്നുള്ള സ്വർണ വ്യാപാരത്തിന്റെ നിയന്ത്രണം കിൽവയുടെ കൈകളിൽ വന്നതോടെ അവർ വലിയ സാമ്പത്തിക ശക്തിയായി മാറി. ഉൾനാടൻ പാതകളിലൂടെ കിൽവയിൽ എത്തുന്ന സ്വർണവും ആനക്കൊമ്പും അറേബ്യന്‍, പേർഷ്യന്‍, ഏഷ്യൻ വിപണികളിലേക്ക് കയറ്റി അയക്കപ്പെട്ടു.

ഈ സുൽത്താനേറ്റ് ആഫ്രിക്കൻ സമൂഹവും അറേബ്യ, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളും തമ്മിലുള്ള സമ്പർക്കത്തിലൂടെ രൂപംകൊണ്ട 'സ്വാഹിലി സംസ്കാരവുമായി' (Swahili Culture) അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. കിൽവയിലെ ഭാഷ, മതം, വാസ്തുവിദ്യ, ഭരണശൈലി എന്നിവയെല്ലാം ഈ സാംസ്കാരിക കൈമാറ്റത്തിന്റെ പ്രകടമായ തെളിവുകളാണ്.

പതിനാലാം നൂറ്റാണ്ടിൽ കിൽവ സന്ദർശിച്ച പ്രശസ്ത മൊറോക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത, സൽസ്വഭാവിയായ ഭരണാധികാരിയും ശക്തമായ ഇസ്‌ലാമിക സംസ്കാരവുമുള്ള മനോഹരമായ ഒരു മുസ്‍ലിം നഗരമായാണ് അതിനെ വിശേഷിപ്പിച്ചത്. കടലിൽ നിന്ന് ശേഖരിച്ച പവിഴപ്പുറ്റുകൾ (Coral stone) ഉപയോഗിച്ച് നിർമ്മിച്ച 'കിൽവ ഗ്രേറ്റ് മോസ്ക്', സമുദ്രത്തിലേക്ക് നോക്കി നിൽക്കുന്ന 'ഹുസുനി കുബ്‍വ' (Husuni Kubwa) കൊട്ടാര സമുച്ചയം തുടങ്ങിയവ കിൽവയുടെ സമ്പന്നമായ നാഗരികതയ്ക്ക് സാക്ഷ്യം വഹിക്കുന്ന സ്മാരകങ്ങളാണ്. 

വിശ്വാസവും കച്ചവടവും: ആഫ്രിക്കയിലെ ഇസ്‌ലാമിക വ്യാപനം

കിൽവയിൽ ഇസ്‌ലാം മതം എന്നത് കേവലം ആരാധനാ കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല. മറിച്ച് അത് കച്ചവടം, ഭരണം, നയതന്ത്രം, സാമൂഹിക വ്യവസ്ഥ എന്നിവയെല്ലാം നിയന്ത്രിച്ചു. ആഫ്രിക്കയിൽ ഇസ്‌ലാം ഒരിക്കലും പുറത്തുനിന്ന് അടിച്ചേൽപ്പിക്കപ്പെട്ട ഒന്നായിരുന്നില്ല. മറിച്ച്, വ്യാപാരികളിലൂടെയും തുറമുഖ നഗരങ്ങളിലൂടെയും ഉന്നത സമൂഹങ്ങളിലൂടെയുമാണ് അത് പടർന്നത്. അതുകൊണ്ടുതന്നെ ആഫ്രിക്കൻ സമൂഹങ്ങളിലെ മതപരമായ മാറ്റങ്ങൾ അവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ചുറ്റുപാടുകളുമായി ഇഴചേർന്നിരുന്നു. സ്വാഹിലി തീരത്തെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വ്യത്യസ്ത കുടുംബ വ്യവസ്ഥകളും സാമൂഹിക മാതൃകകളും നിലനിന്നിരുന്ന ആഫ്രിക്കൻ ഭൂമികയിൽ കിൽവ ഒരു സവിശേഷ മാതൃകയായി നിലകൊള്ളുന്നതായിരുന്നു. 

പോർച്ചുഗീസ് ഇടപെടലും കിൽവയുടെ പതനവും

എ.ഡി പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാർ ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാര പാതകൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും മുസ്‍ലിം വ്യാപാരികളുടെ മേൽക്കോയ്മയെ തകർക്കാൻ തുടങ്ങുകയും ചെയ്തതോടെ കിൽവയുടെ പ്രതാപം മങ്ങിത്തുടങ്ങി. വലിയൊരു ഭൂപ്രദേശം നേരിട്ട് ഭരിക്കുന്നതിന് പകരം കച്ചവടത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ഭരണകൂടത്തിന് വിദേശ അധിനിവേശങ്ങൾ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. കച്ചവട നിയമങ്ങളും സമുദ്ര പാതകളും പുറത്തുനിന്നുള്ള ശക്തികൾ മാറ്റിമറിച്ചപ്പോൾ കിൽവയുടെ സ്വാധീനം പെട്ടെന്ന് തന്നെ ദുർബലമായി.

കാലങ്ങൾക്കിപ്പുറവും ഈ പതനം നൽകുന്ന ചരിത്രപരമായ പാഠം വലുതാണ്. ഭൂമിശാസ്ത്രപരമായ വിസ്തൃതിയേക്കാൾ കച്ചവട ബന്ധങ്ങളെ മാത്രം ആശ്രയിച്ചു വളരുന്ന നഗരരാഷ്ട്രങ്ങൾക്ക് വിദേശ ഇടപെടലുകൾ വലിയ തിരിച്ചടിയുണ്ടാക്കാം എന്ന യാഥാർത്ഥ്യം കിൽവയുടെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ആഫ്രിക്കൻ ചരിത്രത്തെ വെറുമൊരു വനാന്തര സംസ്കാരമായോ മരുഭൂമിയിലെ കച്ചവടമായോ മാത്രം കാണുന്ന പൊതുധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് കിൽവയുടെ യഥാർത്ഥ ചരിത്രം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കിൽവയെ ഒരു തുറമുഖ ശക്തിയാക്കി മാറ്റി, കച്ചവടം അതിനെ സമ്പന്നമാക്കി, സാംസ്കാരിക സമ്പർക്കം അതിന്റെ വാസ്തുവിദ്യയെയും സ്വത്വത്തെയും രൂപപ്പെടുത്തി, അവസാനം പോർച്ചുഗീസ് ഇടപെടല്‍ അതിന്റെ പതനത്തിന് കാരണമായി. ഈ കാരണ-കാര്യ ബന്ധങ്ങൾ വ്യക്തമാക്കുന്ന ലോകചരിത്രത്തിലെ സുപ്രധാന ഏടാണ് കിൽവ സുൽത്താനേറ്റ്.!

References:

  1. Ibn Battuta. *Rihlat Ibn Battuta (The Travels of Ibn Battuta)
  2. Freeman-Grenville, G.S.P. *The Medieval History of the Coast of Tanganyika*. Oxford University Press, 1962.
  3. Chittick, Neville. *Kilwa: An Islamic Trading City on the East African Coast*. British Institute in Eastern Africa, 1974.
  4. Kilwa Sultanate: The African Muslim power that ruled the Indian Ocean By Neelam Rahim

ലേഖകനെക്കുറിച്ച്:

വല്ലപ്പുഴ ദാറുന്നജാത് അറബിക് കോളേജ് ഡിഗ്രി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ലേഖകന്‍. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രം, ക്ലാസിക്കൽ-ആധുനിക ഇസ്‌ലാമിക രാഷ്ട്രീയം, ലോക ചരിത്രം, ആഗോള രാഷ്ട്രീയം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന താല്പര്യമേഖലകൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter