ലത്വാഇഫെ അഷ്റഫി: സൂഫി ജ്ഞാനവും  ആത്മീയ ദർശനവും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സൂഫി സാഹിത്യചരിത്രത്തിൽ നൂറ്റാണ്ടുകളായി ആദരവോടെ കാണപ്പെടുന്ന മഹത്തായ ഗ്രന്ഥങ്ങളിലൊന്നാണ് 'ലത്വാഇഫെ അഷ്റഫി' . പ്രമുഖ സൂഫി പണ്ഡിതനായ ഹസ്രത്ത് സയ്യിദ് അഷ്റഫ് ജഹാംഗീർ സംനാനി(റ)യുടെ ആത്മീയ പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ദാർശനിക ചിന്തകൾ, ജീവിതാനുഭവങ്ങൾ എന്നിവയുടെ സമാഹാരമാണ് ഈ കൃതി. പതിനാലാം നൂറ്റാണ്ടിൽ പേർഷ്യൻ ഭാഷയിൽ രൂപംകൊണ്ട ഈ ഗ്രന്ഥം തസവ്വുഫിന്റെ ആത്മീയ പാരമ്പര്യം മാത്രമല്ല, മധ്യകാല ഇന്ത്യയിലെ ഇസ്‍ലാമിക ചിന്തയെയും സാമൂഹിക സാഹചര്യങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന വിലപ്പെട്ട ചരിത്രരേഖ കൂടിയാണ്.

പേർഷ്യയിലെ സംനാൻ രാജകുടുംബത്തിൽ ജനിച്ച ഹസ്രത്ത് അഷ്റഫ് ജഹാംഗീർ സംനാനി(റ) അധികാരവും സമ്പത്തും രാജകീയ ജീവിതവും ഉപേക്ഷിച്ച് ആത്മീയ മാർഗം സ്വീകരിച്ച മഹാനായിരുന്നു. സത്യാന്വേഷണത്തിനായി അദ്ദേഹം ദീർഘകാലം യാത്ര ചെയ്യുകയും പ്രമുഖ സൂഫി ഗുരുക്കന്മാരിൽ നിന്ന് ആത്മീയ പരിശീലനം നേടുകയും ചെയ്തു. പിന്നീട് ഇന്ത്യയിലെ ഉത്തർ പ്രദേശിലെ കിചൗഛാ ശരീഫിനെ തന്റെ ആത്മീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി. അവിടെ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ശിഷ്യന്മാർക്ക് നൽകിയ ഉപദേശങ്ങളുമാണ് പിന്നീട് 'ലത്വാഇഫെ അഷ്റഫി' എന്ന മഹത്തായ ഗ്രന്ഥമായി ലോകത്തിന് ലഭിച്ചത്.

ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത, ഇത് എഴുത്തുകാരൻ നേരിട്ട് എഴുതിയ കൃതിയല്ല എന്നതാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ഹസ്രത്ത് നിസാം യമനി, ഗുരുവിന്റെ ആത്മീയ സദസ്സുകളിൽ നടന്ന സംവാദങ്ങൾ, ചോദ്യോത്തരങ്ങൾ, ഖുർആൻ,ഹദീസ് വിശദീകരണങ്ങൾ, ആത്മീയ ഉപദേശങ്ങൾ എന്നിവ അതീവ ശ്രദ്ധയോടെ രേഖപ്പെടുത്തി. പിന്നീട് അവ ക്രമീകരിച്ച് അധ്യായങ്ങളാക്കി ഗുരുവിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഒരു സാധാരണ ഗ്രന്ഥമല്ല, മറിച്ച് ഒരു ആത്മീയ ഗുരുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപംകൊണ്ട വിശ്വസനീയമായ മൽഫൂദ് (സംസാരങ്ങൾ) എന്ന നിലയിലാണ് അറിയപ്പെടുന്നത്.

'ലത്വാഇഫെ അഷ്റഫി' എന്ന പേരിന്റെ അർത്ഥം തന്നെ ഈ ഗ്രന്ഥത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. "ലത്വീഫ" എന്നത് സൂക്ഷ്മമായ ആത്മീയ ജ്ഞാനം അല്ലെങ്കിൽ ഹൃദയത്തെ സ്പർശിക്കുന്ന രഹസ്യവിജ്ഞാനം എന്ന അർത്ഥം നൽകുന്നു. അതിനാൽ ഈ ഗ്രന്ഥം വെറും ഉപദേശങ്ങളുടെ സമാഹാരമല്ല, മറിച്ച് ആത്മീയ ജീവിതത്തിന്റെ സൂക്ഷ്മതകളെ തുറന്നുകാട്ടുന്ന വിജ്ഞാനകോശമാണ്. അറുപതിലധികം ലത്വീഫകളായി ക്രമീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ വിശ്വാസം, ആത്മശുദ്ധീകരണം, ദൈവസ്നേഹം, പ്രവാചകസ്നേഹം, ആത്മീയ പരിശീലനം, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

ഗ്രന്ഥത്തിന്റെ അടിസ്ഥാന സന്ദേശം ഇസ്‍ലാമിന്റെ ബാഹ്യജീവിതവും ആന്തരികജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ്. ശരീഅത്ത് എന്നത് മുസ്‍ലിമിന്റെ ബാഹ്യജീവിതത്തെ ക്രമപ്പെടുത്തുന്ന ദൈവിക നിയമമാണെങ്കിൽ, ത്വരീഖത്ത് ആ നിയമങ്ങളുടെ ആത്മീയ സാരത്തെ ജീവിതത്തിൽ സാക്ഷാത്കരിക്കുന്ന മാർഗമാണ്. ഈ രണ്ടിനെയും പരസ്പരം വേർതിരിക്കാനാവില്ലെന്നാണ് അഷ്റഫ് സംനാനി(റ) പഠിപ്പിക്കുന്നത്. ആരാധനകൾ ശരീരത്തിന്റെ പ്രവർത്തനങ്ങളായി മാത്രം ഒതുങ്ങാതെ ഹൃദയത്തിന്റെ വിശുദ്ധിയോടെയും ആത്മസമർപ്പണത്തോടെയും നിർവഹിക്കപ്പെടുമ്പോഴാണ് യഥാർത്ഥ ആത്മീയ വളർച്ച ഉണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഗ്രന്ഥത്തിൽ ഏറെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്ന മറ്റൊരു വിഷയമാണ് തൗഹീദ്, അഥവാ അല്ലാഹുവിന്റെ ഏകത്വം. വിശ്വാസിയുടെ ജീവിതത്തിലെ ഓരോ പ്രവൃത്തിയും ചിന്തയും അല്ലാഹുവിലേക്ക് നയിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു. അല്ലാഹുവിലുള്ള പൂർണ ആശ്രയവും അവനോടുള്ള സ്നേഹവും സമർപ്പണവുമാണ് ആത്മീയജീവിതത്തിന്റെ അടിത്തറയെന്നും അത് മനുഷ്യനെ അഹങ്കാരത്തിൽ നിന്ന് മോചിപ്പിച്ച് വിനയത്തിലേക്ക് നയിക്കുമെന്നും വിശദീകരിക്കുന്നു.

സൂഫിസത്തിന്റെ പ്രായോഗിക പരിശീലനങ്ങൾക്കും ഈ ഗ്രന്ഥത്തിൽ വലിയ പ്രാധാന്യമുണ്ട്. മനുഷ്യന്റെ ആത്മീയ വളർച്ച ഒരു ദിവസത്തിൽ സംഭവിക്കുന്നതല്ലെന്നും, അതിന് നിരന്തരമായ ആത്മപരിശോധനയും പരിശീലനവും ആവശ്യമാണെന്നും മഹാൻ പഠിപ്പിക്കുന്നു. അതിനായി തൗബ (ആത്മാർത്ഥമായ പശ്ചാത്താപം), സബർ (ക്ഷമ), ശുക്ർ (കൃതജ്ഞത), തവക്കുൽ (അല്ലാഹുവിൽ പൂർണ ഭരമേൽപ്പിക്കൽ), രിദാ (ദൈവവിധിയിൽ സംതൃപ്തി) എന്നീ ആത്മീയ പദവികളിലൂടെ വിശ്വാസി ക്രമേണ മുന്നേറണമെന്ന് വിവരിക്കുന്നു. ഓരോ ഘട്ടവും അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പാണെന്നും, ഈ ആത്മീയ യാത്രയുടെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവുമാണെന്നും മഹാൻ വ്യക്തമാക്കുന്നു.

മനുഷ്യന്റെ ആന്തരിക ജീവിതത്തെക്കുറിച്ചുള്ള വിശകലനവും ഇതിന്റെ ശ്രദ്ധേയമായ ഭാഗമാണ്. ഖുർആനിൽ പരാമർശിക്കുന്ന നഫ്സിന്റെ വിവിധ അവസ്ഥകളെ അടിസ്ഥാനമാക്കി മനുഷ്യ മനസ്സിന്റെ വളർച്ചയെ അഷ്റഫ് സംനാനി (റ) വിശദീകരിക്കുന്നു. തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന നഫ്സുൽ അമ്മാറ, തെറ്റുകൾ തിരിച്ചറിഞ്ഞ് ഖേദിക്കുന്ന നഫ്സുൽ ലവ്വാമ, അല്ലാഹുവിന്റെ സ്മരണയിൽ സമാധാനം കണ്ടെത്തുന്ന നഫ്സുൽ മുത്മഇന്ന എന്നീ ഘട്ടങ്ങളിലൂടെ ഒരു വിശ്വാസി എങ്ങനെ ആത്മീയമായി വളരണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ഈ മാറ്റം വെറും സിദ്ധാന്തമല്ല; ആരാധന, ദിക്റ്, ആത്മപരിശോധന, നല്ല സ്വഭാവം, ആത്മനിയന്ത്രണം എന്നിവയിലൂടെ നേടിയെടുക്കേണ്ട ജീവിതപരമായ ഒരു പ്രക്രിയയാണെന്ന് ഗ്രന്ഥം വ്യക്തമാക്കുന്നു.

'ഇൽമുൽ ലദുന്നി' അഥവാ അല്ലാഹു പ്രത്യേകമായി ദാനമായി നൽകുന്ന ആത്മീയ ജ്ഞാനവും ലത്വാഇഫെ അഷ്റഫിയിലെ പ്രധാന ചർച്ചാവിഷയമാണ്. മനുഷ്യന്റെ പഠനത്തിലൂടെയും അനുഭവത്തിലൂടെയും ലഭിക്കുന്ന അറിവിനേക്കാൾ ഉയർന്നതാണ് ഹൃദയത്തിന്റെ വിശുദ്ധിയിലൂടെ അല്ലാഹു നൽകുന്ന ഈ ജ്ഞാനമെന്ന് ഗ്രന്ഥം വിശദീകരിക്കുന്നു. എന്നാൽ ഇത് എല്ലാവർക്കും സ്വമേധയാ ലഭിക്കുന്ന ഒന്നല്ല; ഖുർആനും സുന്നത്തും അനുസരിച്ചുള്ള ജീവിതം, ആത്മശുദ്ധീകരണം, ദൈവഭക്തി എന്നിവയിലൂടെ അല്ലാഹു അനുഗ്രഹിക്കുന്ന പ്രത്യേക ദാനമായാണ് ഇതിനെ ഗ്രന്ഥം അവതരിപ്പിക്കുന്നത്.

സൂഫി ചിന്തകനായ മുഹ്യിദ്ദീൻ ഇബ്നു അറബിയുടെ 'വഹ്ദത്തുൽ വുജൂദ്' എന്ന ദാർശനിക ആശയത്തിനും ഈ ഗ്രന്ഥത്തിൽ പ്രാധാന്യമുണ്ട്. പ്രപഞ്ചവും അതിന്റെ സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ സങ്കീർണ്ണമായ ആശയത്തെ അഷ്റഫ് സംനാനി(റ) ഖുർആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിക്കുന്നുണ്ട് . അല്ലാഹുവും സൃഷ്ടികളും ഒന്നാണെന്ന തെറ്റായ ധാരണയല്ല ഈ ആശയം പഠിപ്പിക്കുന്നതെന്നും, മറിച്ച് സൃഷ്ടിയുടെ മുഴുവൻ നിലനിൽപ്പും അല്ലാഹുവിന്റെ ഇച്ഛയെയും ശക്തിയെയും ആശ്രയിച്ചിരിക്കുന്നുവെന്ന ആത്മീയ ബോധ്യമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം ഇബ്നു അറബിയുടെ ചിന്തകളെ ഇന്ത്യൻ സൂഫി പാരമ്പര്യത്തിൽ വ്യക്തതയോടെ അവതരിപ്പിച്ച പ്രധാന കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ലത്വാഇഫെ അഷ്റഫിയുടെ മറ്റൊരു വലിയ സവിശേഷത വിവിധ സൂഫി സിൽസിലകളുടെ ആത്മീയ പാരമ്പര്യങ്ങളെ സമന്വയിപ്പിക്കുന്നതിലാണ്. ചിശ്തിയ്യ, ഖാദിരിയ്യ, സുഹ്റവർദിയ്യ തുടങ്ങിയ ധാരകളിൽ ആത്മീയ അധികാരം നേടിയിരുന്ന അഷ്റഫ് സംനാനി(റ), ഓരോ സിൽസിലയുടെയും പ്രത്യേകതകളെ പരസ്പരം വിരുദ്ധമെന്നല്ല, മറിച്ച് ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത മാർഗങ്ങളെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. അതിനാൽ ഈ ഗ്രന്ഥം ഒരു പ്രത്യേക ത്വരീഖത്തിന്റെ മാത്രം പാഠപുസ്തകമല്ല; സൂഫിസത്തിന്റെ വിശാലമായ ആത്മീയ പാരമ്പര്യത്തെ ഉൾക്കൊള്ളുന്ന ഒരു സമഗ്ര കൃതിയാണ്.

ആത്മീയ ജീവിതം മനുഷ്യന്റെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ഉത്തരവാദിത്തങ്ങളിലും എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ചാണ് ഗ്രന്ഥം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യഥാർത്ഥ സൂഫി സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിയല്ല; സമൂഹത്തിനിടയിൽ ജീവിച്ചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടികൾക്ക് സേവനം ചെയ്യുന്നവനാണ് എന്ന സന്ദേശം ഈ കൃതിയുടെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. ആത്മീയ പുരോഗതിയുടെ യഥാർത്ഥ മാനദണ്ഡം മനുഷ്യസ്നേഹവും വിനയവും സേവനമനോഭാവവുമാണെന്ന് അദ്ധേഹം വ്യക്തമാക്കുന്നു.

ആത്മീയ ജീവിതത്തിൽ ഗുരുവിന്റെ സ്ഥാനത്തിനും ഈ ഗ്രന്ഥം വലിയ പ്രാധാന്യം നൽകുന്നു. ഒരു മുരീദ് (ശിഷ്യൻ) തന്റെ മുർഷിദിന്റെ (ആത്മീയ ഗുരു) മാർഗനിർദേശത്തിൽ ആത്മശുദ്ധീകരണത്തിന്റെ വഴിയിലൂടെ മുന്നേറേണ്ടതിന്റെ ആവശ്യകത ലത്വാഇഫെ അഷ്റഫി വിശദീകരിക്കുന്നുണ്ട്. ആത്മീയ അനുഭവങ്ങൾ മാത്രം മതിയാകില്ലെന്നും, അവ ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ശരിയായി മനസ്സിലാക്കാൻ യോഗ്യനായ ഗുരുവിന്റെ മാർഗനിർദേശം അനിവാര്യമാണെന്നും ഗ്രന്ഥം പഠിപ്പിക്കുന്നു. അതോടൊപ്പം തന്നെ വ്യാജ ആത്മീയ നേതാക്കളെയും അന്ധവിശ്വാസങ്ങളെയും ശക്തമായി വിമർശിക്കുകയും യഥാർത്ഥ തസവ്വുഫ് എപ്പോഴും ഇസ്‍ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളോട് ചേർന്നുനിൽക്കുന്നതാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യഹൃദയത്തിന്റെ ആന്തരിക ലോകത്തെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം  ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷതയാണ്. സൂഫി പാരമ്പര്യത്തിൽ പറയപ്പെടുന്ന ലത്വീഫകൾ അഥവാ ആത്മീയ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഇതിൽ കാണാം. ഖൽബ് (ഹൃദയം), റൂഹ് (ആത്മാവ്), സിർ (രഹസ്യം), ഖഫി, അഖ്ഫാ തുടങ്ങിയ ആത്മീയ അവസ്ഥകളിലൂടെ മനുഷ്യൻ അല്ലാഹുവിന്റെ സ്മരണയിൽ കൂടുതൽ ആഴത്തിൽ വളരുന്നതാണ് ഈ ചർച്ചകളുടെ കേന്ദ്രവിഷയം. ഹൃദയശുദ്ധിയും നിരന്തര ദിക്റും ആത്മനിയന്ത്രണവും ഈ ആത്മീയ വളർച്ചയുടെ അടിസ്ഥാനമാണെന്ന് ഗ്രന്ഥം പഠിപ്പിക്കുന്നു.

ഇതോടൊപ്പം പ്രവാചകൻ മുഹമ്മദ് നബി ﷺ യോടുള്ള സ്നേഹത്തിനും സുന്നത്തിന്റെ പ്രാധാന്യത്തിനും ലത്വാഇഫെ അഷ്റഫി പ്രത്യേക ഊന്നൽ നൽകുന്നു. പ്രവാചകന്റെ ജീവിതമാതൃക പിന്തുടരാതെ യഥാർത്ഥ ആത്മീയത കൈവരിക്കാൻ കഴിയില്ലെന്നാണ് ഗ്രന്ഥത്തിന്റെ നിലപാട്. സുന്നത്ത് ഒരു നിയമസമാഹാരം മാത്രമല്ല, ആത്മാവിനെ ശുദ്ധീകരിക്കുന്ന ജീവിതരീതിയാണെന്നും, പ്രവാചകസ്നേഹമാണ് വിശ്വാസിയുടെ ആത്മീയ വളർച്ചയുടെ ഏറ്റവും ശക്തമായ പ്രചോദനമെന്നും ഗ്രന്ഥം വിശദീകരിക്കുന്നു.

ലത്വാഇഫെ അഷ്റഫിയിൽ ഉൾപ്പെട്ടിരിക്കുന്ന മക്തൂബാത്ത് അഥവാ ആത്മീയ കത്തുകൾക്കും വലിയ പ്രാധാന്യമുണ്ട്. സമകാലിക പണ്ഡിതന്മാർക്കും ഭരണാധികാരികൾക്കും ശിഷ്യന്മാർക്കും നൽകിയ ഉപദേശങ്ങൾ ഈ കത്തുകളിൽ ഉൾപ്പെട്ടിരിക്കുന്നു. ഭരണാധികാരികൾ നീതിപൂർവം ഭരിക്കണമെന്നും ദരിദ്രരെയും ദുരിതമനുഭവിക്കുന്നവരെയും സംരക്ഷിക്കണമെന്നും അധികാരം അല്ലാഹുവിന്റെ അമാനത്തായി കാണണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതിലൂടെ ആത്മീയത സമൂഹത്തിൽ നിന്ന് അകന്നുനിൽക്കുന്ന ജീവിതമല്ല, മറിച്ച് നീതിയും സേവനവും ഉത്തരവാദിത്തവും നിറഞ്ഞ ജീവിതമാണെന്ന് ഇത് വ്യക്തമാക്കുന്നു.

സാമ്പത്തിക ധാർമികതയെക്കുറിച്ചും ലത്വാഇഫെ അഷ്റഫിയിൽ ശ്രദ്ധേയമായ നിർദേശങ്ങളുണ്ട്. ഖാൻഖാഹുകളിലെ ലങ്കർ സംവിധാനത്തിലൂടെ വിശപ്പനുഭവിക്കുന്നവർക്കും യാത്രക്കാർക്കും ആവശ്യക്കാർക്കും ഭക്ഷണം നൽകുന്ന സംസ്കാരത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സമ്പത്ത് ശേഖരിക്കുന്നതിനേക്കാൾ പങ്കുവെക്കുന്നതിലാണ് അനുഗ്രഹമെന്നും, ദാനം ആത്മീയ ജീവിതത്തിന്റെ അഭിന്നഘടകമാണെന്നും ഗ്രന്ഥം പഠിപ്പിക്കുന്നു. തവക്കുൽ എന്ന ദൈവവിശ്വാസം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രധാന സവിശേഷത അത് ആത്മീയതയോടൊപ്പം ചരിത്രവും സംസ്കാരവും സംരക്ഷിച്ചുവെന്നതാണ്. മധ്യകാല ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ, സൂഫി ഖാൻഖാഹുകളുടെ പ്രവർത്തനങ്ങൾ, പണ്ഡിതന്മാരുമായുള്ള സംവാദങ്ങൾ, ഭരണകൂടവുമായി നിലനിന്ന ബന്ധങ്ങൾ തുടങ്ങിയ നിരവധി വിവരങ്ങൾ ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലത്വാഇഫെ അഷ്റഫി ഒരു ആത്മീയ ഗ്രന്ഥം മാത്രമല്ല, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിലെ ഇന്ത്യൻ മുസ്‍ലിം സമൂഹത്തിന്റെ ചരിത്രം പഠിക്കുന്നവർക്ക് പ്രധാന പ്രാഥമിക സ്രോതസ്സുകൂടിയാണ്.

പിന്നീടുവന്ന നിരവധി ചരിത്രകാരന്മാരും സൂഫി പണ്ഡിതന്മാരും ഈ ഗ്രന്ഥത്തെ വലിയ ആദരവോടെയാണ് പരാമർശിച്ചിട്ടുള്ളത്. ഇമാം അബ്ദുറഹ്മാൻ ജാമിയുടെ 'നഫഹാത്തുൽ ഉൻസ്', അല്ലാമ അബ്ദുൽ ഹയ്യ് അൽഹസനിയുടെ 'നുസ്ഹത്തുൽ ഖവാതിർ', 'ഖസീനത്തുൽ അസ്ഫിയാ' തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഹസ്രത്ത് അഷ്റഫ് ജഹാംഗീർ സംനാനി(റ) യുടെ ആത്മീയ മഹത്വവും അവരുടെ പാരമ്പര്യവും പരാമർശിക്കപ്പെടുന്നു. ഇവയിലൂടെ ലത്വാഇഫെ അഷ്റഫിയുടെ പ്രാധാന്യവും സ്വാധീനവും പിന്നീട് വന്ന തലമുറകളിലും നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കാം.

ആധുനിക കാലത്തും ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. സൂഫിസം, ഇസ്‍ലാമിക തത്ത്വചിന്ത, ഇൻഡോ-പേർഷ്യൻ സാഹിത്യം, മധ്യകാല ഇന്ത്യൻ ചരിത്രം എന്നിവ പഠിക്കുന്ന ഗവേഷകർക്ക് ഇന്നും ഇത് പ്രധാന അവലംബഗ്രന്ഥമാണ്. പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ഈ കൃതിയുടെ പ്രധാന ഭാഗങ്ങൾ പിന്നീട് ഉർദുവിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലകളിലെ ഗവേഷണങ്ങളിലും സൂഫി സാഹിത്യപഠനങ്ങളിലും ലത്വാഇഫെ അഷ്റഫി സ്ഥിരമായി ഉദ്ധരിക്കപ്പെടുന്ന കൃതികളിലൊന്നാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ഈ ഗ്രന്ഥം നൽകുന്ന സന്ദേശം കൂടുതൽ പ്രസക്തമാണ്. ഭൗതിക വിജയങ്ങളുടെ പിന്നാലെ പായുന്ന മനുഷ്യന് ആത്മീയ സമാധാനവും ഹൃദയശുദ്ധിയും സ്നേഹവും വിനയവും സേവനമനോഭാവവും എത്രമാത്രം ആവശ്യമാണ് എന്നത് ഈ കൃതി ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥ ആത്മീയത ആരാധനകളിൽ മാത്രം ഒതുങ്ങുന്നില്ല; അത് മനുഷ്യനോടുള്ള കരുണയിലും നീതിയിലും ദാനധർമ്മത്തിലും നല്ല സ്വഭാവത്തിലുമാണ് പ്രകടമാകുന്നതെന്ന് ലത്വാഇഫെ അഷ്റഫി പഠിപ്പിക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും, അതിന്റെ സന്ദേശം ഇന്നും കാലാതീതമാണ്. ഖുർആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ആത്മീയ ജീവിതം എങ്ങനെ നയിക്കാമെന്ന് അന്വേഷിക്കുന്നവർക്ക് ഈ ഗ്രന്ഥം വിശ്വസനീയമായ വഴികാട്ടിയാണ്. അതേസമയം സൂഫിസത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ചരിത്രകാരന്മാർക്കും ഇത് ഒഴിവാക്കാനാവാത്ത ഒരു പ്രാഥമിക സ്രോതസ്സാണ്. അതുകൊണ്ടുതന്നെ ലത്വാഇഫെ അഷ്റഫി ഒരു ആത്മീയ ഗ്രന്ഥം മാത്രമല്ല, ഇസ്‍ലാമിക ചിന്തയുടെയും സൂഫി പാരമ്പര്യത്തിന്റെയും മധ്യകാല ഇന്ത്യൻ ചരിത്രത്തിന്റെയും അമൂല്യമായ വിജ്ഞാനകോശമായി ഇന്നും നിലകൊള്ളുന്നു.

അവലംബങ്ങൾ:

  1. لطائف أشرفي
  2. نفحات الأنس
  3. نزهة الخواطر
  4. الفتوحات المكية
  5. فصوص الحكم

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter