കൊലവിളികളെ തേടിയെത്തുന്ന പുരസ്കാരങ്ങള്‍

മുസ്‌ലിം വിദ്വേഷവും വർഗീയ ചിന്തയും സമൂഹത്തിൽ വ്യാപകമാക്കുന്ന, വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദ് കാശ്മീർ ഫയൽസ്' എന്ന സിനിമ, 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ദേശീയോദ്‌ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 1990 കാലങ്ങളിൽ കാശ്മീരിൽ നടന്ന കലാപങ്ങളെ വലതുപക്ഷ ആഖ്യാനങ്ങളുപയോഗിച്ച് ചിത്രരൂപത്തിൽ സംവിധാനിച്ച സിനിമ പുരസ്കരിക്കപ്പെടുന്നതിലൂടെ, രാജ്യത്തെ വിദ്യാഭ്യാസ അക്കാദമിക മേഖലകൾക്ക് പുറമെ സാംസ്കാരിക മേഖലകളിൽ കൂടി സംഘ്പരിവാർ സ്വാധീനം ചെലുത്തുന്നതിന്റെ സമീപകാലത്തെ ഉദാഹരണമാണ്.

തിക്തയാഥാർഥ്യങ്ങളും നേർജീവിതങ്ങളും ജാതിയെ പ്രശ്‌നവത്കരിക്കുന്നതുമായ സിനിമകളെ അവഗണിച്ച്, വെറുപ്പിന്റെയും വംശീയ ചിന്തകളുടെയും വിത്തുകൾ വിതച്ച ചലച്ചിത്രങ്ങളെ പരിഗണിച്ച് നിഷ്പക്ഷമായി കൈകാര്യം ചെയ്യേണ്ട ഒരു മേഖലയെ കൂടി കാവിവത്കരിക്കുകയാണ് ഉത്തരവാദപ്പെട്ടവർ. 'സിനിമയുടെ കപടവേഷമണിഞ്ഞ, അശ്ലീലമായതും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നകരമായ സംയോജന'മെന്ന് 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷൻ നദാവ് ലാപിഡ് വിശേഷിപ്പിച്ച ദ കശ്മീർ ഫയൽസിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കുകവഴി ദേശീയ ചലച്ചിത്ര അവാർഡിനെ മികവാർന്ന രീതിയിൽ രാഷ്ട്രീയവത്കരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

ഏറെ കാലമായി, പരിഹാരം കാണാൻ കഴിയാത്ത കാശ്മീർ പ്രശ്നത്തെ സ്വന്തം താത്പര്യങ്ങൾക്കനുസൃതമായി ചിത്രീകരിക്കുകയും കാശ്മീർ മുസ്‍ലിംകളെ പൈശാചികവത്കരിക്കുകയുമാണ് വിവേക് അഗ്നിഹോത്രി. യഥാർഥ ചരിത്രത്തെ തമസ്കരിച്ച്, അസത്യങ്ങളും അർദ്ധസത്യങ്ങളും ചേർത്തുവെച്ച് ചമയിച്ചൊരുക്കിയ ദ കാശ്മീർ ഫയൽസ് കാണാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രോത്സാഹിപ്പിക്കുകയും ബി.ജെ.പി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നിന്ന് സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ വിവേക് അഗ്നിഹോത്രി ചിത്രത്തിൽ പതിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ എതിർക്കുന്നുണ്ടെങ്കിലും ഒളിച്ചു കടത്തുന്ന വർഗീയ ചിന്തകളും നേതാക്കളുടെ പ്രോത്സാഹനവും അത് തെളിയിക്കുകയാണ് ചെയ്യുന്നത്.

രാജ്യമൊട്ടുക്ക് പ്രദർശനാനുമതിക്ക് നികുതി ഇളവ് നൽകി കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ച സിനിമ പുറത്തിറങ്ങിയപ്പോൾ, അത് കണ്ട് തീവ്ര ഹിന്ദുത്വ വാദികൾ തിയറ്ററുകളിൽ വെച്ച് തന്നെ കലാപ മുദ്രാവാക്യങ്ങൾ വിളിച്ച് അസ്വാരസ്യങ്ങൾ ഉയർത്തിയിരുന്നു. സിനിമക്കുശേഷം മുഴങ്ങിയ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളുടെയും കൊലവിളികളുടെയും അനുരണനങ്ങളായിരുന്നു ആ വർഷം രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കുപിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങൾ. ന്യൂനപക്ഷങ്ങൾക്ക് എതിരെ ഹരിയാനയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കലാപങ്ങളിലും തീവണ്ടിയിൽ വെച്ച് ചേതൻ സിംഗ് എന്ന സൈനികൻ മൂന്ന് മുസ്‍ലിം യാത്രക്കാരെ വെടിവെച്ച് കൊന്നതിലും സിനിമ വഹിച്ച പങ്ക് അന്വേഷിക്കേണ്ടതുണ്ട്.


സിനിമയിൽ പ്രസ്താവിക്കുന്നത് പോലെ കശ്മീർ പണ്ഡിറ്റുകളുടെ സ്വത്തുകൾ കൊള്ളയടിക്കാനും അവരെ ഉന്മൂലനം ചെയ്യാനും ലൈംഗികാതിക്രമം നടത്താനും മുസ്‌ലിംകൾ ഒരുക്കിയതാണ് കലാപമെന്ന വാദം നിരർത്ഥകമാണ്. കാശ്മീരിന്റെ സാംസ്കാരിക സ്വത്വം, സ്വാതന്ത്ര്യം തുടങ്ങിയവ മുൻനിർത്തി പ്രധാനമായും മൂന്ന് വിഭാഗങ്ങൾ കാശ്മീരിലുണ്ടായിരുന്നു. കാശ്മീർ ഇന്ത്യയുടെ ഭാഗമായി തുടരണമെന്ന് ആഗ്രഹിക്കുന്നവർ, പാകിസ്ഥാനുമായുള്ള ലയനത്തെ അനുകൂലിക്കുന്നവർ, സ്വതന്ത്ര കാശ്മീർ വാദികൾ തുടങ്ങിയവയായിരുന്നു അവ. എന്നാൽ, അവസാനത്തെ രണ്ട് വിഭാഗങ്ങളെ (ഇന്ത്യൻ അനുകൂലികൾ അല്ലാത്തവർ) മുസ്‍ലിം ഭീകരവാദികളാക്കി ചിത്രീകരിക്കുകയും കാശ്മീർ പണ്ഡിറ്റുകളെ കൂട്ടക്കശാപ്പ് ചെയ്തത് അവരാണ് എന്നുമാണ് സിനിമയിലെ വാദങ്ങൾ. 

ലഭ്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സിനിമയിൽ ഉദ്ധരിക്കപ്പെട്ട ആരോപണം അർത്ഥരഹിതമാണെന്നും വെറും ഭാവനാ സൃഷ്ടി മാത്രമാണെന്നും വ്യക്തമാകും. കാരണം, സങ്കീർണവും സംഘർഷഭരിതവുമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ നടന്ന കലാപത്തിൽ പണ്ഡിറ്റുകൾക്ക് പുറമെ നിരവധി മുസ്‍ലിംകളും അക്കാലത്ത് വധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ചാരസംഘടനയായ റോ മുൻ മേധാവി എ.എസ് ദുല്ലത്ത് പ്രതികരിക്കുന്നത് പോലെ, മുസ്‍ലിംകൾ കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നില്ല, മറിച്ച് ഇന്ത്യനനുകൂല വാദമുള്ള പലരും അവരുടെ സ്വത്വം നോക്കാതെ തന്നെ ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പണ്ഡിറ്റുകളേക്കാൾ കൂടുതൽ മുസ്‍ലിംകൾ സായുധരാൽ കൊല്ലപ്പെടുകയും പലായനം ചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 219 പണ്ഡിറ്റുകൾ മാത്രമാണ് കൊല്ലപ്പെട്ടത്. എന്നാൽ, ചരിത്ര സത്യം മൂടിവെച്ച് നാലായിരം പണ്ഡിറ്റുകൾ എന്ന വ്യാജ കണക്ക് അവതരിപ്പിച്ച് വിഭാഗീയത സൃഷ്ടിക്കുകയാണ് സിനിമ ചെയ്യുന്നത്.

കാശ്മീരിലെ പണ്ഡിറ്റുകളെ മറയാക്കി മുസ്‍ലിംകകളെ തീവ്രവാദികളാക്കിയും ഭീകരവാദികളാക്കിയും ചിത്രീകരിച്ച് സാമൂഹിക അസ്വസ്ഥതയും മത സ്പർദ്ധയും വളർത്താൻ സംഘ്പരിവാർ ലേബലിൽ ഇറങ്ങിയ ഒരു വർഗീയ ചിത്രമാണ് 'ദ് കാശ്മീർ ഫയൽസ്' എന്ന് ചുരുക്കം. രാജ്യത്തെ മത സൗഹാർദ്ദ പെരുമയും സാംസ്കാരിക തനിമയും കലാസൃഷ്ടികളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും നശിപ്പിച്ച് മുസ്‍ലിം വിരുദ്ധ കലാപങ്ങൾക്കും കൊള്ളിവെപ്പുകൾക്കും കൊടി പിടിക്കുകയാണ് കേന്ദ്ര സർക്കാർ. വികലമായ ചരിത്ര രചനകളിലൂടെയും ഊതി വീർപ്പിച്ച കെട്ടുകഥകളിലൂടെയും യാഥാർഥ്യത്തെ തമസ്കരിച്ച് വിദ്വേഷ പ്രചാരണം എന്ന സംഘ്പരിവാർ ഭാഷ്യം ചിത്രാവിഷ്കാരത്തിലൂടെ കൂടുതൽ വിപുലമാവുമ്പോൾ, വീണ്ടും വീണ്ടും തകര്‍ന്നടിയുന്നത് നമ്മുടെ തന്നെ പൈതൃക പെരുമയും പാരമ്പര്യവുമാണ്. സ്നേഹത്തിന്റെയും ധാർമികതയുടെയും ആദ്യപാഠങ്ങൾ നുകരേണ്ട വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികളുടെ വായിൽ വർഗീയതയുടെ വിഷം പുരട്ടുന്ന ഭീതിദമായ സംഭവങ്ങളാണ് ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ നിന്ന് വന്ന വാർത്തകൾ. മുസ്‍ലിം സമുദായത്തിനെതിരെ ഇത്തരം ഹീനവൃത്തികൾക്കും സമൂഹത്തിൽ പൈശാചിക ചിന്ത വളർത്തുന്നതിനും ഹേതുവാകുന്ന ആവിഷ്കാരങ്ങളെ പ്രതിരോധിക്കേണ്ടതിന് പകരം ദേശീയ പുരസ്കാരം നൽകി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വന്തം ജനതക്ക് അധികാരികൾ നൽകുന്ന സന്ദേശം അത് ഭീകരമാണ്. സമാധാനമെന്തെന്നറിയാത്ത, ആഭ്യന്തര പ്രശ്നങ്ങളുടെ പുകച്ചുരുളുകള്‍ അവസാനിക്കാത്ത, എല്ലാം തകരുന്ന ഒരു ഭാരതത്തിനാണ് അവര്‍ ഇതിലൂടെ വിത്ത് പാകുന്നത് എന്ന് പറയാതെ വയ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter