മായൻകുട്ടി എളയ: കേരളത്തിലെ ആദ്യ ഖുർആൻ പരിഭാഷകൻ

തലശ്ശേരിയിലെ പ്രമുഖ വ്യാപാരിയും സമുദായാഭിമാനിയുമായിരുന്ന അബ്ദുൽഖാദിർ കേയിയുടെ പുത്രനായിരുന്നു മായൻകുട്ടി എളയ. ഒന്നേകാൽ ശതാബ്ദത്തിന്നുമുമ്പ് തലശ്ശേരിയിൽ ഭൂജാതനായ ഇദ്ദേഹം നാട്ടുകാർക്കിടയിൽ മായൻകേയി എന്ന പേരിലാണ് പ്രസിദ്ധനായിരുന്നത്. സ്വന്തം കൃതികളിൽ മുഹ്‍യുദ്ദീനുബ്നു അബ്ദുൽ ഖാദിർ എന്ന നാമമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

സാമ്പത്തികക്കഴിവും തികഞ്ഞ വിജ്ഞാനവും ഒത്തിണങ്ങിയ ചുരുക്കം ചില കേരളീയ മുസ്‌ലിം പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. തലശ്ശേരിയിലെ ഖാസി മുഹമ്മദ്, അഹ്മദ് മുസ്ല്യാർ എന്നിവരിൽ നിന്ന് മതപഠനം നിർവ്വഹിച്ച അദ്ദേഹത്തെ, പിതാവ്, വിവിധ വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടിയവർ മുഖേന വീട്ടിൽ വെച്ച് പഠിപ്പിക്കുകയാണുണ്ടായത്.

മായൻകുട്ടി എളയ കളരിപ്പയറ്റും ഗുസ്തിയും അഭ്യസിച്ചത് ചങ്ങമ്പള്ളി അലവിക്കുട്ടിക്കുരുക്കളുടെ ശിഷ്യനായിരുന്ന മായനലി, മീർ അലി, ശേർ അലി എന്നിവരിൽ നിന്നാണ്. സുന്ദരനും സമ്പന്നനും പണ്ഡിതനുമായിരുന്ന അദ്ദേഹം കണ്ണൂർ അറക്കൽ കൊട്ടാരത്തിൽ നിന്ന് വിവാഹം കഴിച്ചതിനു ശേഷമാണ് മായൻകുട്ടി എളയ എന്ന പേരിൽ പ്രസിദ്ധനായത്.

സാഹിത്യ സംഭാവനകൾ

ബാല്യകാലത്തുതന്നെ പഠനാർഹങ്ങളായ മാപ്പിളപ്പാട്ടുകളെഴുതാൻ അദ്ദേഹം തുടങ്ങിയിരുന്നു. തലശ്ശേരിക്കാരനായ മമ്മദ് കുട്ടി മകൻ വീരാൻ കുട്ടിയാണ് ഇദ്ദേഹത്തിന് മാപ്പിളപ്പാട്ട് രചന അഭ്യസിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രഥമകൃതിയാണ് 'ആഖിബത്ത് മാല'.

ആലം അടങ്കൽ ഉടയെ പെരിയോനിൽ

ഇസ്രാഈൽയെണ്ടെമലക്ക് ഉരപേശിനാറ്

ചേലിൽ മികവർജിബ്രീൽ മീക്കാ ഈലും

ചെഞ്ചൽ മികച്ചെ ഇസ്രാഫീൽയെണ്ടോരും

യേലിൽ അർശേചുമന്തോർ അവർകളും

യെണ്ടോർകൾ ഉണ്ട് ഹയ്യൂം ഖയ്യൂം ആണ്ടോനെ...

 

ഇതിൽ അന്ത്യനാളിന്റെ അടയാളങ്ങളെക്കുറിച്ചും പുനരുത്ഥാനത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഹിജ്റ 1255-ലാണ് ഈ കൃതി പൂർത്തീകരിച്ചത്. അതു സംബന്ധിച്ച് മാലയിൽ വിവരിക്കുന്നത്,

അള്ളാ ഒരുവൻ തൻ ഉതവിയാലെ

അതൃപ്പക്കഥ പണിന്തൊടു വാക്കി ഞാൻ

കൊല്ലം ഹസാറും പിൻ ഇരുന്നൂറതിൽ

കൂടും സമാനിനോടടുത്തമ്പത്തഞ്ചിൽ

ചൊല്ലും ശഹ്ർദുൽ ഹജ്ജതും മുവ്വഞ്ച്

ജികമാൽ പുലർന്തെയൗ മുസ്നൈനിലെ...

'ലിഖാമാല', 'ദബീഹ് മാല', 'ഖിസ്സത്ത് സുലൈമാനു ബ്നു ദാവൂദ്' (മഹാകാവ്യം), 'തശറുഖുൽ ഖുർആൻ' മുതലായവ അദ്ദേഹത്തിന്റെ മുദ്രണം ചെയ്തിട്ടുള്ള കൃതികളിൽപ്പെടുന്നു.

ശാഫിഈ മദ്ഹബിൽ ഭക്ഷിക്കുന്നത് അനുവദനീയവും നിഷിദ്ധവുമായ ജീവികളെക്കുറിച്ചുള്ള വിവരണമാണ് 'ദബീഹ്‌മാല' ഉൾക്കൊള്ളുന്നത്. 'ഖിസ്സത്ത് സുലൈമാനു ബ്നു ദാവൂദ്' എന്ന ചരിത്രമഹാകാവ്യം വളരെക്കാലത്തെ നിരന്തര പരിശ്രമങ്ങൾക്കുശേഷം രചിച്ചതാണ്. ഇതിന് അന്തിമരൂപം നൽകിയത് ഹിജ്റ 1268-ലാണ്. ഇദ്ദേഹത്തിന്റെ 'തശറുഖുൽ ഖുർആൻ' ചരിത്രപരമായി വിലപ്പെട്ടൊരു ഖണ്ഡകാവ്യമാണ്. വിശുദ്ധ ഖുർആനിന്റെ ചരിത്രവും അതിന്റെ അർത്ഥം ഗ്രഹിക്കുവാനുള്ള ഉൽബോധനവുമാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ പാട്ടിലൂടെ കവി ഖുർആൻ പരിഭാഷ വേണമെന്ന ആശയം ജനഹൃദയങ്ങളിൽ അങ്കുരിപ്പിച്ചു.

ശറആൽ ഇസ്‍ലാം ദീൻ ഖിയാമത്തോളം

ശറഫിൽ ഖുർആനും ഇറക്കീഇൽമാൽ

ഇൽമാൽ പലേ ഇല്മും ഹിക്മത്താലെ

അജബാൽ ഹലീമായോൻ അതിയിൽ ആക്കീ

ബൽമാ മികച്ചുള്ള കിത്താബതിന്റെ

വളർമ്മാ ബശർജിന്നും അറിക ഇല്ലാ...

'ലിഖാമാല'യിൽ പാരത്രിക ജീവിതത്തിലെ സൗഭാഗ്യ-ദുർഭാഗ്യങ്ങളെസ്സംബന്ധിച്ച സവിസ്തര വിവരണമാണുള്ളത്.

ഖുർആൻ പരിഭാഷാ സംരംഭം

ഹിജ്റ 1272-ൽ മായൻകുട്ടി എളയ വിശുദ്ധ ഖുർആൻ ആദ്യമായി അറബി മലയാളത്തിൽ വിവർത്തനം ചെയ്യാൻ തുടങ്ങി. നീണ്ട പതിനഞ്ച് വർഷങ്ങൾക്കൊടുവിലാണ് ഇതിന്റെ പ്രസ്സ് കോപ്പി തയ്യാറായത്. അറക്കൽ കൊട്ടാരത്തിൽ എഴുത്തുകാരെ ശമ്പളം കൊടുത്ത് താമസിപ്പിച്ച് അദ്ദേഹം നൂറുകണക്കിന് ഖുർആൻ പരിഭാഷയുടെ കോപ്പികൾ എടുപ്പിച്ച് കേരളത്തിലെ പ്രസിദ്ധ മുസ്‍ലിം തറവാടുകളിലേക്ക് അയച്ചുകൊടുത്തു.

ഖുർആൻ ഭാഷ്യത്തിന് അദ്ദേഹം നൽകിയ നാമം 'തർജമത്തു തഫ്‌സീറിൽ ഖുർആൻ' എന്നാണ്. ഈ ഖുർആൻ പരിഭാഷക്കെതിരിൽ അന്നത്തെ യാഥാസ്ഥിതിക മതപണ്ഡിതന്മാർ പ്രതിഷേധ ശബ്ദമുയർത്തി. അവരുടെ ശക്തമായ എതിർപ്പ് കാരണം ചില മുസ്‍ലിംകൾ ഈ കയ്യെഴുത്തു പ്രതികൾ അറബിക്കടലിൽ താഴ്ത്തി. ഖുർആൻ പരിഭാഷക്കെതിരെ മതപണ്ഡിതന്മാർ ഫത്‍വ പ്രസിദ്ധീകരിച്ചപ്പോൾ, വിപ്ലവകാരിയും ധീരനുമായിരുന്ന മായൻകുട്ടി എളയക്ക്‌ അത് കൂടുതൽ വാശിയും കരുത്തും പകർന്നു.

തുടർന്ന്, തലശ്ശേരി, കണ്ണൂർ, വളപട്ടണം, കാസർകോട് മുതലായ പ്രദേശങ്ങളിലെ ചില യുവാക്കൾ തഫ്‌സീർ അച്ചടിക്കാൻ അദ്ദേഹത്തെ ശക്തിയായി പ്രേരിപ്പിച്ചു. തദാവശ്യാർത്ഥം ഹിജ്റ 1286-ൽ അദ്ദേഹം കണ്ണൂർ അറക്കൽ കൊട്ടാരത്തിനടുത്ത് ഒരു ലിത്തോ പ്രസ്സ് സ്ഥാപിച്ചു. ഒന്നാം ഭാഗം ഹിജ്റ 1289-ൽ അച്ചടിച്ചു. ഹിജ്റ 1294-ൽ അവസാനത്തെ ആറാം വാള്യം വരെ പുറത്ത് വന്നു. ഖുർആൻ പരിഭാഷയുടെ മുഴുവൻ വാല്യങ്ങളും അറക്കൽ കൊട്ടാരത്തിന്റെ സമീപത്തുള്ള പള്ളി ലൈബ്രറിയിൽ സൂക്ഷിക്കുന്നുണ്ട്. ചില പ്രാചീന മുസ്‍ലിം തറവാടുകളിലുമുണ്ട്.

മായൻകുട്ടി എളയ സഹോദര സമുദായങ്ങൾക്കിടയിൽ ഇസ്‍ലാം സന്ദേശം പ്രചരിപ്പിക്കുകയും അമുസ്‍ലിംകൾ പോലും അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുകയും ചെയ്തിരുന്നു. മരുമക്കത്തായ ആചാരത്തിനെതിരിൽ ശബ്ദിച്ചിരുന്ന അദ്ദേഹത്തെ സ്വകുടുംബാംഗങ്ങൾ തന്നെ എതിർത്തിരുന്നു. ഹിജ്റ 1292-ൽ പത്നീസമേതം ഹജ്ജിന് പോയ അദ്ദേഹം തിരിച്ചുവരവിൽ കേരളീയ ഹാജിമാർക്കു താമസിക്കാൻ പ്രസിദ്ധമായ 'കേയീ റുബാത്ത്' നിർമ്മിച്ചു.

കേയിറുബാത്ത്

കേരളത്തിലെ തലശ്ശേരി ആസ്ഥാനമാക്കിയുള്ള പ്രമുഖ മുസ്‍ലിം വ്യാപാര കുടുംബമായ 'കേയി' കുടുംബത്തിലെ പ്രധാനി മായൻകുട്ടി എളയ മക്കയിൽ സ്ഥാപിച്ച ഒരു അഭയകേന്ദ്രം, അഥവാ സത്രമാണ് കേയിറുബാത്ത്. 'റുബാത്ത്' എന്ന അറബി പദത്തിൻ്റെ അർത്ഥം പൊതുവായി സത്രം അല്ലെങ്കിൽ താമസസ്ഥലം എന്നാണ്, കേയി കുടുംബം സ്ഥാപിച്ചതുകൊണ്ട് ഇത് കേയീ റുബാത്ത് എന്നറിയപ്പെട്ടു. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിൻ്റെ ആദ്യപാദങ്ങളിലും കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനം വളരെയധികം ദുർഘടം പിടിച്ചതായിരുന്നു. മാസങ്ങൾ നീണ്ട കപ്പൽ യാത്രകൾക്കൊടുവിൽ മക്കയിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക്, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്, തികച്ചും സൗജന്യമായി താമസിക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇതു നിർമിച്ചത്. ഈ കഠിനമായ യാത്രയുടെ അവസാനം, മലയാളി ഹാജിമാർക്ക് ഒരു സുരക്ഷിത താവളവും 'സ്വന്തം വീട്' എന്ന ആശ്വാസവും നൽകാൻ കേയീ റുബാത്തിന് കഴിഞ്ഞു. ഇത് കേരളവും അറബ് നാടുകളുമായുള്ള ശക്തമായ സാംസ്കാരിക-വാണിജ്യ ബന്ധങ്ങളുടെ ചരിത്രപരമായ ഒരു അടയാളം കൂടിയാണ്. കാലക്രമേണ, സൗദി അറേബ്യൻ സർക്കാർ മക്കയിലെ തീർത്ഥാടന സൗകര്യങ്ങൾ വികസിപ്പിച്ചതിൻ്റെ ഭാഗമായി മറ്റു റുബാത്തുകൾക്ക് സംഭവിച്ചതുപോലെ കേയീ റുബാത്തിൻ്റെ യഥാർത്ഥ കെട്ടിടത്തിനും മാറ്റങ്ങൾ വന്നെങ്കിലും, മലയാളി തീർത്ഥാടകരുടെ ചരിത്രത്തിലും ഓർമ്മകളിലും ഈ പേര് ഇന്നും ധർമ്മനിഷ്ഠയുടെയും സഹായത്തിൻ്റെയും പ്രതീകമായി നിലനിൽക്കുന്നു.

ഹിജ്റ 1303-ൽ അദ്ദേഹം മരണപ്പെട്ടു. കണ്ണൂർ അറക്കൽ രാജകുടുംബാംഗങ്ങളുടെ ഖബർസ്ഥാനിലാണ് അദ്ദേഹത്തെ മറവുചെയ്തത്.

അവലംബം

മഹ‌ത്തായ മാപ്പിള സാഹിത്യ പാരമ്പര്യം

മലബാറിലെ കേയിമാര്‍ - ഡോ. കെ കെ എന്‍ കുറുപ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter