ചൈനീസ് അധികാരികള്‍ മുസ്‍ലിംകളോട് ചെയ്യുന്നത്, തുറന്ന് പറഞ്ഞ് മെഹ്റ മെന്‍സെഫ്

ഓസ്‌ട്രേലിയക്കാരിയായ മെഹ്റ മെൻസെഫ്, മുപ്പത്തൊന്നുകാരനായ ചൈനീസ് പൌരന്‍ മിർസാത് താഹറിനെ വിവാഹം കഴിച്ചിട്ട് ആറ് വർഷമായി. പ്രണയ വിവാഹമായിരുന്നു അവരുടേത്. എന്നാല്‍ ഇത് വരെ അവർ ഒരുമിച്ച് ജീവിച്ചത് വെറും പതിനാല് ദിവസം. തന്റെ ഭര്‍ത്താവിന് അനുഭവിക്കേണ്ടിവന്ന വര്‍ഷങ്ങള്‍ നീണ്ട  ഭരണ കൂട ഭീകരതയുടെ ആ കഥ മാധ്യമങ്ങളോട് തുറന്ന് പറയുകയാണ് ഭാര്യ മെഹ്റ.
2016ലെ ഒരു വേനലിലായിരുന്നു ഞങ്ങളുടെ വിവാഹം. അത് വരെ കാത്തുകാത്തിരുന്ന സ്വപ്ന ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു, ഞങ്ങളുടെ സ്നേഹവും ഞങ്ങളുടെ ബന്ധവും വിവാഹവുമെല്ലാം. ഞങ്ങൾ എത്ര മാത്രം സന്തുഷ്ടരായിരുന്നുവെന്നോ, പഴയ ദിനങ്ങളെ കുറിച്ച് പറയുമ്പോള്‍, മെഹ്റയുടെ മുഖത്ത് ഇപ്പോഴും ആ സന്തോഷ ദിനങ്ങള്‍ ഒരായിരം പൂത്തിരികള്‍ കത്തിക്കുന്ന പോലെയുണ്ട്. 
ഒരു പുതിയ ജീവതമായിരുന്നു ഞങ്ങളുടെ സ്വപ്നം. പക്ഷെ, അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആഴ്ചകള്‍ കഴിഞ്ഞതേ ഉള്ളൂ, ഏപ്രിൽ 10-ന് രാത്രി ഞങ്ങളുടെ വീട് ആക്രമിക്കപ്പെട്ടു. അത് മറ്റാരുമായിരുന്നില്ല, സാധാരണക്കാര്‍ക്ക് കാവലൊരുക്കേണ്ട പോലീസ് തന്നെയായിരുന്നു. അവര്‍ മിര്‍സാതിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഇപ്പോള്‍ തിരിച്ചയക്കും എന്നും പറഞ്ഞ് ചോദ്യം ചെയ്യാനായി കൊണ്ട് പോവുകയും ചെയ്തു. പക്ഷേ, പിന്നീട് മിര്‍സാത് വന്നതേയില്ല. അന്വേഷണത്തിനൊടുവില്‍ അറിയാനായത്,  പത്ത് മാസം ഒരു തടങ്കൽ കേന്ദ്രത്തിലും ശേഷം ഒരു കോൺസെൻട്രേഷൻ ക്യാമ്പിലുമായി അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ്. ടൂറിസ്റ്റ് ഗൈഡായി തുർക്കി സന്ദർശിച്ചതിനെ ത്രീവവാദ പ്രവർത്തനങ്ങളുടെ ഭാഗമെന്ന് മുദ്രകുത്തിയായിരുന്നു ആ പീഢനങ്ങളെല്ലാം. 
മാസങ്ങളോളം ചോദ്യം ചെയ്തിട്ടും തെറ്റൊന്നും കണ്ടെത്താനായില്ലെങ്കിലും അധികൃതര്‍ പീഢനവും തടവും തുടര്‍ന്നുകൊണ്ടേയിരുന്നു. മത വിശ്വാസത്തില്‍ നിന്ന് മാറുക എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. ഉയ്ഗൂർ മുസ്‍ലിംകളോടെല്ലാംഇത് തന്നെ അവരുടെ സമീപനം. വിശ്വാസികളെയെല്ലാം മതപരവും സാംസ്കാരികവുമായ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരാക്കുന്ന വിധത്തിൽ പീഢിപ്പിക്കുന്നതും ത്രീവവാദി എന്ന് മുദ്രകുത്തുന്നതുമാണ് അവിടത്തെ പൊതുവായ ചിത്രം. നിസ്കാരവും നോമ്പും നിര്‍വ്വഹിക്കുന്ന, മദ്യം ഉപയോഗിക്കാത്ത, താടി വളർത്തുകയും  ഇസ്‍ലാമിക വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഏതൊരു പൌരനെയും കമ്മ്യൂണിസ്റ്റ് പാർട്ടി തത്വങ്ങൾ അനുസരിക്കാൻ നിർബന്ധിതരാക്കുന്നതാണ് അധികാരികളുടെ പ്രധാന ജോലി തന്നെ. 

Read more: ചൈനയിലെ ഉയ്ഗൂർ മുസ്‌ലിംകൾ: പുതിയ വാർത്തകൾ പ്രതീക്ഷ നൽകുന്നത്

ക്യാമ്പിൽ വെച്ച് താൻ അനുഭവിച്ച മാനസിക പീഢനങ്ങൾക്ക് പുറമേ, ഉറക്കക്കുറവ്, നിരന്തര നിരീക്ഷണം, സെല്ലുകളിൽ തടങ്കലിൽ വെക്കൽ, ഭക്ഷണം നല്കാതെയുള്ള കഠിനമായ ശിക്ഷാനടപടികൾ എന്നിവയുൾപ്പെടെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളാണ് താൻ അനുഭവിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ കരഞ്ഞുപോയി. തങ്ങളുടെ അസ്തിത്വം തന്നെ മറന്ന് പുതിയ ആളുകളായി ക്യാമ്പുകളിൽ നിന്ന് പുറത്തുപോകണമെന്നാണ് ഉയ്ഗൂർ തടവുകാരോട് രണകൂടം നിരന്തരം പ്രേരിപ്പിക്കുന്നത്. ഉയ്ഗൂറുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അവരുടെ സംസ്കാരം, ഭാഷ, മതം എന്നിവ ഒഴിവാക്കി മുഖ്യധാരാ ചൈനീസ് സംസ്കാരത്തിലേക്ക് കൊണ്ട് വരാന്‍ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രക്രിയയാണിത്. 

തടവില്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവ് നന്നേ മെലിഞ്ഞുപോയിരുന്നു. അവന്റെ ചർമ്മം വിളറിയിരുന്നു. അവർ അവനിൽ അടിച്ചേല്‍പിച്ച ഭയം ഒരിക്കലും വിടാതെ അവനെ ഇപ്പോഴും പിന്തുടരുകയാണ്. ഒരു സ്വകാര്യ നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ വരികയോ വാതിലിൽ ആരെങ്കിലും മുട്ടുകയോ ചെയ്താൽ, പേടിച്ച് അവന്‍ അകത്തേക്ക് പോകുകായണ് ഇപ്പോഴും ചെയ്യുന്നത്. കാരണം ആരോ തന്നെ വീണ്ടും കൊണ്ടുപോകാൻ വരുമെന്ന് അവൻ ഭയപ്പെടുന്നു. 

ഒരു വർഷത്തിനുശേഷം, വിസയുടെ കാലാവധി അവസാനിച്ചതിനാൽ മെഹ്‌റേ ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് പോയ സമയത്ത് മിർസാത്തിനെ രണ്ടാമതും പോലീസ് കൊണ്ടുപോയി, മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. പക്ഷെ, വൈകാതെ 2020 സെപ്റ്റംബറിൽ, കിഴക്കൻ സിൻജിയാങ്ങിലെ ചൈനീസ് പോലീസ് വീണ്ടും മിര്‍സാതിനെ തേടിയെത്തി, അറസ്റ്റ് ചെയ്തു.


ഇത് പറയുമ്പോള്‍ മെഹ്റയുടെ കവിളുകളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. തന്റെ ഭർത്താവിന് 25 വർഷം തടവ് ശിക്ഷയാണ് അവര്‍ വിധിച്ചത്. അതും, ഭീകരരെ സംഘടിപ്പിച്ചു എന്ന ഒരിക്കലും ചെയ്യാത്ത കുറ്റം ആരോപിച്ച്. എത്ര തന്നെ സഹിക്കേണ്ടി വന്നാലും വിശ്വാസം കൈവിടുന്ന പ്രശ്നേ ഇല്ലെന്ന് കൂടി അവര്‍ ഉറച്ച് പറയുന്നു. വലിയ പ്രതീക്ഷകളൊന്നുമില്ലെങ്കിലും തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാനായി ആവുന്നതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞയില്‍ തന്നെയാണ് മെഹ്റേ. 
"ഞങ്ങൾ ഉറച്ചുനിൽക്കാൻ തന്നെ പ്രതിജ്ഞയെടുത്തു. ഞാൻ വിശ്വസ്തയായ സ്ത്രീയാണ്, എന്റെ ഭര്‍ത്താവ് ഏറെ സത്യസന്ധനും വിശ്വസ്തനുമായ ഒരു വിശ്വാസിയും. വീണ്ടും ഒന്നിക്കുന്നത് വരെ ഈ പോരാട്ടം തുടരും." ആ വാക്കുകളില്‍ മനസ്സിലുറച്ച വിശ്വാസത്തിന്റെ ആഴവും പരപ്പും വ്യക്തമായി കാണാമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter