ന്യൂനപക്ഷ സ്കോളർഷിപ്പ്; മുസ്‌ലിം സമുദായത്തിന് മുറിവേറ്റു , മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്നും മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

പാണക്കാട് സ്വദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ മുസ്ലീം സംഘടനകളുടെ യോഗത്തിന് ശേഷമാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തു വന്നത്. നൂറു ശതമാനം അർഹത പെട്ട സ്കോളർഷിപ്പ് ആണ് മുസ്ലീം വിഭാഗത്തിന് നഷ്ട്ടപെട്ടത്. മുസ്ലിം സമുദായത്തിന് മുറിവേറ്റിരിക്കുന്നുവെന്നത് മുഴുവൻ മുസ്ലീം സംഘടനകളുടേയും വികാരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

മുസ്ലീം വിഭാഗം എന്നും പിന്നോക്കമാവണമെന്ന ഗൂഡാലോചനയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് യോഗത്തിന് ശേഷം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

അതേസമയം വിഷയത്തിൽ എല്ലാ മുസ്ലീം സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരികാനാണ് യോഗത്തിന്റെ തീരുമാനം. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സമിതി മുഖ്യമന്ത്രിയെ നേരിൽ കാണും. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാകും സമിതിയുടെ പ്രവർത്തനം നടക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter