റമദാന്‍ ചിന്തകള്‍ - നവൈതു 2. ശഹാദത്... അത് ജീവിതം തന്നെ മാറ്റി മറിക്കുന്നു
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന സത്യസാക്ഷ്യമാണ് ഇസ്‍ലാമിന്റെ അടിസ്ഥാനം. തന്നെ സൃഷ്ടിച്ചത് അല്ലാഹുവാണെന്നും അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന സുദൃഢമായ വിശ്വാസമാണ് അത്. അതോടെ മറ്റെല്ലാം അവന്റെ മുന്നില്‍ ഒന്നുമല്ലാതായി മാറുന്നു. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ആ സ്രഷ്ടാവിന്റെ തൃപ്തിയും അവന്ന് വേണ്ടിയുള്ള ജീവിതവും കര്‍മ്മങ്ങളുമായി മാറുന്നു.
എത്ര ബലഹീനനെയും ഏറ്റവും ശക്തനാക്കി മാറ്റുന്ന മന്ത്രമാണ് ഇതെന്നതിന് ഗതകാല ചരിത്രത്തില്‍ സാക്ഷ്യങ്ങളേറെയാണ്. നെഞ്ചില്‍ ഭാരമുള്ള കല്ല് വെച്ച് ചുട്ടുപൊള്ളുന്ന മണലില്‍ കിടക്കേണ്ടിവരുമ്പോഴും, അഹദ്, അഹദ്, അവന്‍ ഏകനാണ് എന്ന് പറയാന്‍ ധൈര്യം പകര്‍ന്നത് ആ വാക്യമായിരുന്നു. കഴുമരത്തിന് മുന്നില്‍ പോലും സുസ്മേര വദനനായി, വലസ്തൂ ഉബാലീ, എനിക്കിതൊന്നും പ്രശ്നമേയല്ലെന്ന് പറഞ്ഞ് കവിത ചൊല്ലാന്‍ ശക്തി നല്കിയതും ആ വാചകം തന്നെ. ബിലാലും ഖുബൈബും യാസിറും അമ്മാറും സുമയ്യയുമെല്ലാം ആ തീയ്യില്‍ കുരുത്ത പൂക്കളായിരുന്നു.
ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ശക്തിയാണ് അതെന്നര്‍ത്ഥം. ആ ചിന്തയും വിശ്വാസവും മനസ്സില്‍ കയറുന്നതോടെ, അവന്റെ മുന്നില്‍ മറ്റെല്ലാം മാറി നില്ക്കുന്നു. പ്രലോഭനങ്ങളോ പ്രകോപനങ്ങളോ പീഢന താടനങ്ങളോ അവന്ന് പിന്നെ പ്രശ്നമേയല്ല. മരണം പോലും അവന്‍ ആസ്വദിക്കുന്നത്, ആ ഏകനായ നാഥനിലേക്കുള്ള തിരിച്ചുപോക്ക് എന്ന നിലയിലാണ്. മരണവിവരം കേള്‍ക്കുമ്പോള്‍ ഉരുവിടുന്ന, ആ നാഥനിലേക്ക് തന്നെയാണ് മടക്കം എന്ന ആശ്വാസത്തിന്റെ വചനം അതാണ് വിളിച്ചുപറയുന്നത്.
Read More: നവൈതു.... റമദാന്‍ ചിന്തകള്‍ 1. പുതിയൊരു മാസം... പുതിയൊരു ജീവിതം
സത്യസാക്ഷ്യം എന്നത് ഏതൊരാളും സ്വേഷ്ട പ്രകാരം മാത്രം തെരഞ്ഞെടുക്കേണ്ടതാണ്. മനസ്സും അതിനുള്ലിലെ ചിന്തയുമാണ് അവിടെ പ്രധാനം എന്നതിനാല്‍ തന്നെ, ആര്‍ക്കും ആരെയും നിര്‍ബന്ധിക്കാന്‍ അവിടെ സാധ്യമല്ല തന്നെ. ഈ ആദര്‍ശം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ, അവന്റെ അടക്കവും അനക്കവും ഉറക്കവും ഉണര്‍ച്ചയും ചലനനിശ്ചലതകളുമെല്ലാം ആ നാഥന് വേണ്ടിയായി മാറുന്നു. നിസ്കാരത്തിനായി കൈകെട്ടി, ഓരോ വിശ്വാസിയും ഏറ്റവും ചുരുങ്ങിയത് അഞ്ച് തവണ പുതുക്കുന്ന, അതിലുപരി, സ്വയം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന പ്രതിജ്ഞയാണ് ഇത്.
റമദാനില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ, എല്ലാം കൈയ്യെത്തും ദൂരത്തുണ്ടായിട്ടും അവയൊന്നും വേണ്ടെന്ന് വെക്കുന്നതും ആ സ്രഷ്ടാവിന് വേണ്ടി തന്നെ. അഥവാ, നോമ്പ് എന്നത് കേവലം ഒരു പട്ടിണിയല്ല. മറിച്ച്, ഏറ്റവും ഉദാത്തവും സമുന്നതവുമായി ഒരു ലക്ഷ്യത്തിന് വേണ്ടിയുള്ള വേണ്ടെന്ന് വെക്കലുകളാണെന്ന് സാരം.
Leave A Comment