ന്യൂറോഫിഖ്ഹ്: ആധുനിക മസ്തിഷ്ക ഗവേഷണവും ഇസ്ലാമിക കർമ്മശാസ്ത്രവും

ശാസ്ത്രസാങ്കേതികവിദ്യയുടെ വികസനം മനുഷ്യജീവിതത്തിന്റെ ഭൗതിക–മാനസിക തലങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്ന ആധുനിക കാലഘട്ടത്തിൽ, ന്യൂറോസയൻസ് മനുഷ്യന്റെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും കുറിച്ചുള്ള അറിവിനെ വിപ്ലവകരമായി വികസിപ്പിച്ചിട്ടുണ്ട്. തലച്ചോർ ഇന്ന് വെറും ജൈവിക അവയവമല്ല; മറിച്ച് ചിന്ത, ഭാഷ, ഇച്ഛാശക്തി, നൈതിക തീരുമാനങ്ങൾ എന്നിവയുടെ കേന്ദ്രമായാണ് പരിഗണിക്കപ്പെടുന്നത്.

ഇസ്‍ലാമിക ഫിഖ്ഹ് മനുഷ്യന്റെ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കി വികസിച്ച ശാസ്ത്രമായതിനാൽ, ഇത്തരം കാലിക മാറ്റങ്ങളെ അവഗണിക്കാൻ അതിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് ന്യൂറോസയൻസിനെയും ഫിഖ്ഹിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന “ന്യൂറോഫിഖ്ഹ്” എന്ന ആശയം അക്കാദമിക ചർച്ചകളിൽ  പ്രാധാന്യം നേടുന്നത്.

വിജ്ഞാന ശാഖയെ ഇമാം ശാഫി(റ) രണ്ടായാണ് തിരിക്കുന്നത്:

  1. ഇൽമുൽ അദ്‍യാൻ – ദീനുമായി ബന്ധപ്പെട്ട വിജ്ഞാനശാഖ
  2. ഇൽമുൽ അബ്ദാൻ – ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിച്ച വിജ്ഞാനശാഖ

ഈ രണ്ടു വിജ്ഞാനശാഖകളും പരസ്പരം വിരുദ്ധമല്ല; മറിച്ച് അവ തമ്മിലുള്ള സംവാദമാണ് മനുഷ്യജീവിതത്തെ സമഗ്രമായി മനസ്സിലാക്കാൻ സഹായിക്കുന്നത്. ന്യൂറോഫിഖ്ഹ് ഈ “ക്രോസ്-ടോക്ക്” യാഥാർത്ഥ്യമാക്കുന്ന ഒരു പഠനമേഖലയാണ്.

ന്യൂറോസയൻസിലെ നിർണായക മുന്നേറ്റങ്ങളിലൊന്നാണ് തലച്ചോറിലെ രാസപ്രവർത്തനങ്ങൾ വൈദ്യുതസിഗ്നലുകളായി രേഖപ്പെടുത്താനും വ്യാഖ്യാനിക്കാനും കഴിയുന്നതെന്ന കണ്ടെത്തൽ. EEG (Electroencephalogram) പോലുള്ള സാങ്കേതികവിദ്യകൾ തലച്ചോറിന്റെ വൈദ്യുത പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ വഴിതുറന്നു. 1926-ൽ ഹാൻസ് ബെർഗർ (Hans Berger) കണ്ടെത്തിയ EEG  വഴി തലച്ചോറിന്റെ വൈദ്യുത പ്രവർത്തനം രേഖപ്പെടുത്താൻ തുടങ്ങി. തുടർന്ന് ഈ സിഗ്നലുകൾ ഉപയോഗിച്ച് മനുഷ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള പഠനങ്ങൾ പുരോഗമിച്ചു. ഈ അറിവുകളുടെ തുടർച്ചയായി വികസിച്ച Brain–Computer Interface (BCI) സാങ്കേതികവിദ്യ, തലച്ചോറിനെയും കമ്പ്യൂട്ടറുകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന സംവിധാനമാണ്. ഇതുവഴി, സംസാരശേഷിയോ ചലനശേഷിയോ നഷ്ടപ്പെട്ട വ്യക്തികൾക്ക് ചിന്തകളെ എഴുത്തായോ ശബ്ദമായോ മാറ്റാൻ സാധിക്കുന്നു. 1970-കളിൽ ആരംഭിച്ച (BCI) ഗവേഷണങ്ങൾ, ഇലോൺ മസ്കിന്റെ Neuralink പോലുള്ള സംരംഭങ്ങളിലൂടെ അടുത്തകാലത്ത് പ്രായോഗിക ശ്രദ്ധ നേടിയിട്ടുണ്ട്.

BCI സാങ്കേതികവിദ്യയിൽ, തലച്ചോറിലെ നാഡീസിഗ്നലുകൾ ഡിജിറ്റൽ കോഡുകളാക്കി, കമ്പ്യൂട്ടറുകളിലേക്കോ യന്ത്രങ്ങളിലേക്കോ കൈമാറുന്നു. തന്മൂലം, സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ആശയവിനിമയം സാധ്യമാക്കാനും പൂർണ പക്ഷാഘാതമുള്ളവർക്ക് ചിന്തയിലൂടെ കമ്പ്യൂട്ടർ നിയന്ത്രിക്കാനും കൃത്രിമ കൈകാലുകൾ (prosthetics) തലച്ചോറിന്റെ നിർദേശപ്രകാരം പ്രവർത്തിക്കാനും സാധ്യമാക്കുന്നു. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം ഇതിന് ഒരു മുൻകാല ഉദാഹരണമാണ്. എന്നാൽ BCI സാങ്കേതികവിദ്യയുടെ പുതിയ പരീക്ഷണങ്ങളിൽ, പൂർണമായി ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് നേരിട്ട് തലച്ചോറിൽ ഘടിപ്പിച്ച ചിപ്പുകൾ മുഖേന ആശയവിനിമയം നടത്താൻ സാധിക്കുന്ന അവസ്ഥ വരെ കൈവരിച്ചിട്ടുണ്ട്.

ഇസ്‍ലാമിക ഫിഖ്ഹിൽ മനുഷ്യനെ ഒരു മുകല്ലഫ് (നിയമബാധ്യതയുള്ള വ്യക്തി) ആയി പരിഗണിക്കുന്നതിന്റെ അടിസ്ഥാനമാണ് ബോധവും വിവേചനശേഷിയും (അഖ്ൽ). ഭ്രാന്ത്, ബോധക്ഷയം, ഉറക്കം, ലഹരി തുടങ്ങിയ അവസ്ഥകളിൽ ഉത്തരവാദിത്വം കുറയുകയോ ഒഴിവാകുകയോ ചെയ്യുന്നു എന്നത് ഫിഖ്ഹ് അംഗീകരിച്ച സിദ്ധാന്തമാണ്. ഒട്ടിച്ചേർന്ന ഇരട്ടകളെക്കുറിച്ചുള്ള ക്ലാസിക്കൽ ഫിഖ്ഹ് ചർച്ചകൾ ഇവിടെ ശ്രദ്ധേയമാണ്. ഇബ്നുഹജർ അൽഹൈതമി(റ) ഉൾപ്പെടെയുള്ള പണ്ഡിതർ വ്യക്തമാക്കുന്നത്: ഒരു വ്യക്തിയെ സ്വതന്ത്ര വ്യക്തിയായി കണക്കാക്കുന്നതിന് സ്വതന്ത്ര തല/തലച്ചോറിന്റെ സാന്നിധ്യമാണ് നിർണായകം. ഇത്, ബോധത്തിന്റെ കേന്ദ്രം തലച്ചോറാണെന്ന ആധുനിക ന്യൂറോസയൻസ് കാഴ്ചപ്പാടുമായി സാദൃശ്യം പുലർത്തുന്നതാണ്.

ഫിഖ്ഹ്, മനുഷ്യചിന്തയെ അഞ്ചു ഘട്ടങ്ങളായി വേർതിരിക്കുന്നു:

  1. هاجس – ക്ഷണികമായ ചിന്ത
  2. خاطر – ആവർത്തിച്ച് വരുന്ന തോന്നൽ
  3. حديث النفس – ആത്മസംഭാഷണം
  4. هم– ചെയ്യാനുള്ള ഉദ്ദേശ്യം
  5. عزم – ഉറച്ച തീരുമാനം

ഉത്തരവാദിത്വം സാധാരണയായി ഹമ്മ് അസ്മ് പ്രവൃത്തി എന്ന ഘട്ടത്തിൽ മാത്രമാണ് ബാധകമാകുന്നത്. BCI മുഖേന പുറത്ത് വരുന്ന വാക്കുകളോ പ്രവൃത്തികളോ ഈ ഘട്ടങ്ങളിൽ   ഏത് ഘട്ടത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് ന്യൂറോഫിഖിഹിലെ കേന്ദ്രചോദ്യം.

സംസാരശേഷിയില്ലാത്തവരുടെ കാര്യത്തിൽ, “ഇശാറത്ത്” (ആംഗ്യം) സംസാരത്തിന്റെ സ്ഥാനത്ത് നില്‍ക്കുന്നതായി ക്ലാസിക്കൽ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ, Brain–Computer Interface മുഖേന പുറത്തുവരുന്ന ആശയവിനിമയം, കൃത്യതയും ഉദ്ദേശ്യത്തിന്റെ വ്യക്തതയും ഉറപ്പുവരുത്തുന്ന സാഹചര്യത്തിൽ, ഇശാറത്തിന്റെ വികസിത രൂപമായി പരിഗണിക്കാമോ എന്ന ചോദ്യം ഉയരുന്നു.

വസിയത്ത്, വക്കാലത്ത്, നിക്കാഹ് തുടങ്ങിയ വിഷയങ്ങളിൽ, BCI വഴി ലഭിക്കുന്ന പ്രസ്താവനകൾക്ക് എത്രത്തോളം നിയമസാധുത നൽകാം എന്നതില്‍, സാങ്കേതിക കൃത്യത (technical accuracy), സ്ഥിരീകരണം (verification), സാക്ഷ്യം (shahāda) എന്നിവ നിർണായക ഘടകങ്ങളാണ്.

ന്യൂറോസയൻസ്, ചില സാഹചര്യങ്ങളിൽ മനുഷ്യന്റെ തീരുമാനശേഷി നാഡീവൈകല്യങ്ങൾ മൂലം പരിമിതമാകുന്നുവെന്ന് വ്യക്തമാക്കുന്നു. അത്തരം അവസ്ഥകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ ഫിഖ്ഹ് എങ്ങനെ സമീപിക്കണം എന്നത് ഗൗരവമേറിയ ചർച്ചാവിഷയമാണ്. “ശുബ്ഹ” (അവ്യക്തത) നിലനിൽക്കുന്നിടത്ത് കടുത്ത ശിക്ഷകൾ ഒഴിവാക്കണമെന്ന കർമശാസ്ത്ര സിദ്ധാന്തം ഇവിടെ പരിഗണനീയമാണ്.

നിസ്കാരം, ത്വവാഫ് തുടങ്ങിയ ഇബാദത്തുകളിൽ “ശേഷി” എന്ന ആശയം നിർണായകമാണ്. Brain–Computer Interface മുഖേന നിയന്ത്രിക്കപ്പെടുന്ന കൃത്രിമ അവയവങ്ങൾ ഒരാളുടെ യഥാർത്ഥ ശേഷിയായി കണക്കാക്കാമോ എന്നത്, ഈ മേഖലയില്‍ ഫിഖ്ഹ് ആലോചിക്കേണ്ട ഒരു പ്രധാന വിഷയമാണ്. സാങ്കേതികവിദ്യ സാധാരണവും പ്രാപ്യവും ആകുമ്പോൾ, അത് ഇസ്തിത്വാഅത്തിന്റെ പരിധിയിൽ ഉൾപ്പെടാമെന്ന സാധ്യത ഫിഖ്ഹ് നിരാകരിക്കുന്നില്ല.

ന്യൂറോഫിഖ്ഹ് ആധുനിക ശാസ്ത്രത്തോടുള്ള കീഴടങ്ങലല്ല; മറിച്ച്, ശരീഅത്തിന്റെ മഖാസിദുകളെ സംരക്ഷിച്ചുകൊണ്ട്, മാറുന്ന യാഥാർഥ്യങ്ങളോട് സംവദിക്കുന്ന ഫിഖ്ഹിന്റെ സജീവതയുടെ പ്രതിഫലനമാണ്. ഇത്തരം സങ്കീർണ്ണ വിഷയങ്ങളിൽ വ്യക്തിഗത അഭിപ്രായങ്ങളെക്കാൾ, ഫിഖ്ഹ് കൗൺസിലുകൾ, ഉലമാക്കൾ, ന്യൂറോസയൻസ് വിദഗ്ധർ എന്നിവർ ചേർന്ന കൂട്ടായ ചിന്തകളും ചര്‍ച്ചകളും അനിവാര്യമാണ്. ശാസ്ത്രവും ദീനും തമ്മിലുള്ള സംവാദം ശക്തിപ്പെടുമ്പോഴാണ്, മനുഷ്യനേയും മനുഷ്യജീവിതത്തെയും കൂടുതൽ മാനുഷികവും നൈതികവുമായ രീതിയിൽ മുന്നോട്ട് നയിക്കാൻ സാധിക്കുക.

അവസാനമായി, ശാസ്ത്രസാങ്കേതിക പുരോഗതി മനുഷ്യപുരോഗതിക്കും നീതിക്കും ഉപകാരപ്പെടുന്ന വിധത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ, അത് ഇസ്‍ലാമിക ദർശനവുമായി പൂർണമായി സുസംഗതമാണ്. ഫിഖ്ഹ് അതിന്റെ അടിസ്ഥാനങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്, ഇത്തരം നവസാഹചര്യങ്ങൾക്ക് സമതുലിതമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ, എക്കാലത്തും ശേഷിയുള്ളതാണ്.

 About The Author:

(പൊന്നാനി മഊനത്തുൽ ഇസ്‍ലാം അറബിക് കോളേജ്, രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ലേഖകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter