ഉത്തര്‍പ്രദേശിലെ സംഭാലില്‍ സംഭവിക്കുന്നത്
ഉത്തര്‍പ്രദേശിലെ സംഭാലില്‍ മുസ്‍ലിം പള്ളിയില്‍ ഭരണകൂടം നടത്തിയ സര്‍വ്വേയും അതേ തുടര്‍ന്ന് നടന്ന, നാല് പേരുടെ മരണത്തിനിടയാക്കിയ അക്രമണങ്ങളും ചര്‍ച്ചയായിരിക്കുകയാണ്. പുണ്യസ്ഥലമാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന സ്ഥലത്താണ് പളളി നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച്, അവിടെ സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടതോടെയാണ് സംഘര്‍ഷം തുടക്കം കുറിക്കുന്നത്. കോടതിയുടെ ഉത്തരവ് വരേണ്ട താമസം, യോഗി ആദിത്യനാഥിന്റെ ഭരണകൂട അധികാരികള്‍ അത് നടത്താനായി അമിതാവേശത്തോടെ വരികയായിരുന്നു. പ്രദേശവാസികളും അധികൃതരും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി പോലീസ് വെടിവെപ്പില്‍ നാല് മുസ്‌ലിംകള്‍ കൊല്ലപ്പെടുക വരെ ചെയ്തു. നവംബര്‍ 24 നായിരുന്നു, ഇന്ത്യന്‍ ബഹുസ്വരതക്ക് കളങ്കമേല്‍പിച്ച ഈ അവസാന സംഭവം നടന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹരിഹര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് മസ്ജിദ് നിലകൊള്ളുന്നത് എന്നാരോപിച്ച്, അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ അടക്കം 8 പേര്‍ ഹര്‍ജി സമര്‍പ്പിച്ചത്. വാരണാസി, മഥുര, ആഗ്ര എന്നിവിടങ്ങളില്‍ ഇന്ന് ചില പള്ളികള്‍ സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രങ്ങളുണ്ടെന്ന് അവകാശപ്പെട്ട് സമാനാമായ നിരവധി ഹര്‍ജികള്‍ മുമ്പും സമര്‍പ്പിച്ച വ്യക്തിയാണ് ജെയിന്‍. ഗ്യാന്‍വാപി പള്ളി വിഷയത്തിലും ഇദ്ദേഹം ഭാഗമായിരുന്നു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മ്മിച്ച മുഗള്‍ കാലഘട്ടത്തിലെ അവശേഷിക്കുന്ന ഒരേയൊരു കെട്ടിടമാണ് സംഭാല്‍ ഷാഹി ജുമാ മസ്ജിദ്. 1991ല്‍ പാര്‍ലിമെന്റ് പാസാക്കിയ, ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനം 1947 ആഗസ്റ്റ് 15 ആയിരിക്കുമെന്ന് പറയുന്ന, ആരാധാനലയ ബില്ലിനെ മാനിക്കാതെ, ഹര്‍ജി സ്വീകരിക്കുകയും അത് പ്രകാരം സര്‍വ്വേ നടത്താന്‍ മണിക്കൂറുകള്‍ക്കകം തന്നെ ഉത്തരവിടുകയും നവംബര്‍ 29നകം റിപ്പോര്‍ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോടതി തന്നെയാണ് ഇവിടെ ആദ്യപ്രതി എന്ന് പറയേണ്ടിവരും.
പള്ളിയുടെ അധികൃതരെ കേള്‍ക്കുക പോലും ചെയ്യാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇത് ബോധപൂര്‍വ്വമായ സര്‍ക്കാര്‍ ഭീകരതയുടെ ഭാഗാമയുള്ള നീക്കമാണെന്ന സംശയം ബലപ്പെടുത്തുന്നു എന്നും അസദുദ്ദീന്‍ ഉവൈസി അടക്കമുള്ള പല നേതാക്കളും അഭിപ്രായപ്പെടുന്നു. അത് കൊണ്ട് തന്നെ, ഈ നാല് പേരുടെ കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കോടതിക്കും യോഗി സര്‍ക്കാരിനുമാണെന്നും പല മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നുണ്ട്. സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിവേചനവും സൃഷ്ടിക്കാന്‍ ബി.ജെ.പി അധികാരം ഉപയോഗിക്കുകയാണെന്നും എത്രയും വേഗം സുപ്രീം കോടതി ഇടപ്പെട്ട് നീതി ലഭ്യമാക്കണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
പ്രദേശത്തെ സമാധാനാന്തരീക്ഷവും സൗഹാര്‍ദ്ദവും തകര്‍ക്കാനുള്ള ബോധപൂര്‍മ്മായ ശ്രമമാണ് ഇതെന്നും നൂറ്റാണ്ടുകളായി മുസ്‍ലിംകള്‍ ആരാധിച്ച് പോരുന്ന പള്ളി, 1991ലെ ബില്ല് പ്രകാരം മുസ്‍ലിംകള്‍ക്ക് അവകാശപ്പെട്ടത് തന്നെയാണെന്നും, പ്രദേശത്തെ എം.പിയായ സിയാഉല്‍ഹഖ് (സമാജ് വാദി പാര്‍ട്ടി) മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാകോടതിയില്‍നിന്ന് തൃപ്തികരമായ വിധി ലഭിച്ചില്ലെങ്കില്‍ ഹോകടതിയെയും ആവശ്യമെങ്കില്‍ സുപ്രീം കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ യൂനിയന്‍ മുസ്‍ലിം ലീഗ് എം.പിമാരും ഈ അക്രമത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. നിയമത്തിന്റെ വഴിയിലൂടെ തന്നെ സമുദായത്തിന് നീതി ലഭിക്കാനായി പോരാടുമെന്ന് അവരും മാധ്യമങ്ങളിലൂടെ ഉറപ്പ് നല്കിയിട്ടുണ്ട്. മസ്ജിദ് കൈയ്യേറ്റങ്ങള്‍ക്കും മുസ്‍ലിം വംശഹത്യക്കുമെതിരെ, നവംബര്‍ 26 മുതല്‍ ഡിസംബര്‍ 6വരെ നീണ്ട് നില്ക്കുന്ന രാജ്യവ്യാപക പ്രതിഷേധം നടത്താനും മുസ്‍ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്.
മതേതര ഇന്ത്യയുടെ ഭരണഘടനാദിനമായ നവംബര്‍ 26 കടന്നുപോവുന്നതിനിടയിലാണ്, ഭരണഘടനയുടെ വ്യക്തമായ ലംഘനമെന്നോണം ഇത്തരം അക്രമണങ്ങള്‍ അരങ്ങേറുന്നത് എന്നത് നിലവില്‍ രാജ്യം എത്തി നില്ക്കുന്ന അതിഭീകരമായ അവസ്ഥാവിശേഷത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‍ലിംകള്‍, സ്വാതന്ത്ര്യാനന്തരം മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും തങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി ജീവന്‍ ബലി കൊടുക്കേണ്ടിവരുന്നു എന്നത്, ദൈനംദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയെയാണ് വരച്ച് കാണിക്കുന്നത്. പത്ത് വര്‍ഷത്തിലേറെ ഭരണം ലഭിച്ചിട്ടും, രാജ്യത്തിന്റെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യാനാവാത്ത ഭരണകൂടങ്ങള്‍, ഇത്തരം സാമുദായിക ധ്രുവീകരണവും വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തലും തന്നെയാണ്, അധികാരസംരക്ഷണത്തിന്റെ മാര്‍ഗ്ഗങ്ങളായി അവലംബിക്കുന്നത്. ജനമനസ്സുകളെ ഒന്നിപ്പിച്ച് ഐക്യത്തോടെ നയിച്ച്, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട ഭരണകൂടം, ഇത്തരം നീചനീക്കങ്ങള്‍ നടത്തുന്നത് മനുഷ്യത്വത്തിന് തന്നെ ലജ്ജാകരമാണെന്ന് പറയാതെ വയ്യ.
Leave A Comment