റബീഅ്-മൂന്ന്: അങ്ങ് സുരക്ഷിതനെങ്കില്‍, പിന്നെ ഒന്നും പ്രശ്നമേ അല്ല...
ഹിജ്റ മൂന്നാം വര്‍ഷം, ശവ്വാല്‍ മാസം...
ഉഹ്ദ് യുദ്ധം കഴിഞ്ഞ് പ്രവാചകരും അനുയായികളും തിരിച്ച് വരുകയാണ്. പ്രമുഖരും പ്രവാചകരുടെ സന്തത സഹചാരികളുമായ പല സ്വഹാബികളും യുദ്ധത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. ഹംസ(റ), സഅ്ദുബ്നുറബീഅ്(റ), മുസ്വ്അബുബ്നു ഉമൈര്‍(റ).. അങ്ങനെ നീണ്ടുപോവുന്നു ആ പട്ടിക.
മദീനയിലെത്തിയതും അവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് സമാശ്വസിപ്പിക്കുകയാണ് പ്രവാചകര്‍. സ്വന്തക്കാര്‍ നഷ്ടപ്പെട്ടതിനേക്കാളേറെ അവരെയെല്ലാം അലട്ടിയത്, ഉഹ്ദില്‍ പ്രവാചകര്‍ കൊല്ലപ്പെട്ടു എന്ന കിംവദന്തിയായിരുന്നു. തങ്ങളുടെ നേതാവിന് വല്ലതും സംഭവിച്ചോ എന്നതായിരുന്നു അവരുടെയെല്ലാം ആശങ്ക. പ്രവാചകര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് നേരിട്ട് കാണാനായി എല്ലാവരും ഓടിവരുകയാണ്.
ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട സ്ത്രീകളെയും അനാഥരായി മാറിയ കുട്ടികളെയും ചേര്‍ത്ത് പിടിച്ച് അവിടുന്ന് മുന്നോട്ട് നീങ്ങി. അവര്‍ക്കായി ദുആ ചെയ്യുകയും രക്തസാക്ഷികള്‍ക്ക് ലഭിക്കാനിരിക്കുന്ന വലിയ പ്രതിഫലത്തെ കുറിച്ച് അവരോട് പറയുകയും ചെയ്യുന്നുണ്ടായിരുന്നു ഹബീബ്.
വഴിക്ക്, തന്റെ ഉമ്മയെയും കൂട്ടി അന്‍സാരി പ്രമുഖനായ സഅ്ദുബ്നുമുആദ്(റ) കടന്ന് വന്നു. സഅ്ദ്(റ)ന്റെ സഹോദരന്‍ അംറുബ്നുമുആദും യുദ്ദത്തില്‍ രക്തസാക്ഷികളായവരുടെ കൂട്ടത്തിലുണ്ട്. അദ്ദേഹം പറഞ്ഞു, പ്രവാചകരേ, ഇത് എന്റെ ഉമ്മയാണ്. പ്രവാചകര്‍ ആ ഉമ്മയെയും ആശ്വസിപ്പിച്ചു. ഉടന്‍ ആ ഉമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, പ്രവാചകരേ, അങ്ങ് സുരക്ഷിതനായി തിരിച്ചെത്തിയില്ലേ, ഞങ്ങള്‍ക്ക് അത് മതി. മറ്റുള്ളതൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്നമേ അല്ല.
പ്രവാചകര്‍ വീണ്ടും മുന്നോട്ട് നീങ്ങി. അപ്പോഴാണ് മറ്റൊരു സ്ത്രീ കടന്നുവരുന്നത്. അവരുടെ ഉപ്പയും സഹോദരനും ഭര്‍ത്താവും മകനും ഉഹ്ദില്‍ രക്തസാക്ഷികളായിട്ടുണ്ട്. ആ വിവരമറിഞ്ഞിട്ടും അതൊന്നും വക വെക്കാതെ അവര്‍ പ്രവാചകരെ തേടി ഓടി വരുകയാണ്. വഴിയില്‍ പലരും അവരെ സഹതാപത്തോടെ നോക്കുന്നുണ്ട്. ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട ആ സ്ത്രീയുടെ വിഷമം ആര്‍ക്കും ഊഹിച്ചെടുക്കാവുന്നതേ ഉള്ളൂ. പക്ഷെ, അതൊന്നും വക വെക്കാതെ, എന്റെ പ്രവാചകനെവിടെ, അവര്‍ക്ക് വല്ലതും സംഭവിച്ചുവോ എന്ന് ചോദിച്ചുകൊണ്ട് അവര്‍ മുന്നോട്ട് പോവുകയാണ്.
പ്രവാചകരുടെ സമീപമെത്തിയതും ആ മഹതി പ്രവാചകരുടെ വസ്ത്രത്തിന്റെ ഒരറ്റം പിടിച്ച് ചുംബിച്ച് കൊണ്ട് ഇങ്ങനെ ഉരുവിട്ടു, അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് സുരക്ഷിതനാണെങ്കില്‍, അങ്ങേക്ക് ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍, പിന്നെ മറ്റുള്ളതൊന്നും എനിക്ക് വിഷയമേ അല്ല, എന്റെ ഉമ്മയെയും വാപ്പയെയുമെല്ലാം അങ്ങേക്ക് പകരം നല്കാന്‍ ഞാന്‍ തയ്യാറാണ്.
അറിഞ്ഞവരെല്ലാം ആ ഹബീബിനെ അഗാധമായി സ്നേഹിച്ചിരുന്നു. നമുക്കും ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ.
Leave A Comment