.... ഷീറീന്‍ അബൂ അഖ്‍ല, അല്‍ജസീറ, ഖുദ്സ്... ഈ ശബ്ദം നിലച്ചിട്ട് ഇന്നേക്ക് നൂറ് ദിവസം
.... ഷീറീന്‍ അബൂ അഖ്‍ല, അല്‍ജസീറ, ഖുദ്സ്...
ലോകത്തിന് ഏറെ പരിചിതമായിരുന്ന ഈ ശബ്ദം നിലച്ചിട്ട് ഇന്നേക്ക് നൂറ് ദിവസം പൂര്‍ത്തിയാവുകയാണ്. അധിനിവിഷ്ട ഖുദ്സില്‍ ഇസ്‍റാഈല്‍ സൈന്യം നടത്തുന്ന നരമേധങ്ങളുടെ നേര്‍ചിത്രങ്ങള്‍ അല്‍ജസീറയുടെ സ്ക്രീനിലൂടെ ലോകത്തിന് മുന്നിലെത്തിച്ചിരുന്നത്, ക്രിസ്ത്യാനിയായ ഈ അമേരിക്കക്കാരിയായിരുന്നു. മെയ് 11ന്, ഇസ്‍റാഈല്‍ സൈന്യം അവര്‍ക്ക് നേരെ തൊടുത്തുവിട്ട വെടിയുണ്ട, യഥാര്‍ത്ഥത്തില്‍ ചെന്നുപതിച്ചത്, സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന്റെ ചങ്കിലായിരുന്നു. അത് ലോകത്തോട് വിളിച്ച് പറഞ്ഞത്, ഇസ്‍റാഈലിന്റെ തനിനിറവും.
1971ല്‍ ഫലസ്ഥീനിലായിരുന്നു ഷീറീന്റെ ജനനം. ശേഷം അമേരിക്കയിലേക്ക് കുടിയേറിയ കുടുംബം പൌരത്വം സ്വീകരിച്ച് ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കി. പക്ഷേ, അപ്പോഴെല്ലാം തന്റെ ജന്മനാടായ ഫലസ്തീനും ആ നാട്ടുകാരും ഷീറീന്‍റെ മനസ്സില്‍ മായാത്ത ചിത്രങ്ങളായി നിലകൊണ്ടു. വൈകാതെ അവര്‍ ഫലസ്തീനില്‍ തന്നെ തിരിച്ചെത്തുകയും ബൈത് ഹനീനിലെ റോസറി സിസ്റ്റേഴ്സ് സ്കൂളില്‍ പ്രവേശനം നേടി വിദ്യാഭ്യാസജീവിതം തുടരുകയും ചെയ്തു.
ശേഷം ജോര്‍ദ്ദാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ ആര്‍കിടെക്ചറല്‍ എന്‍ജിനിയീറിംഗിന് ചേര്‍ന്നെങ്കിലും, വൈകാതെ, തന്റെ മേഖല അതല്ലെന്ന് തിരിച്ചറിഞ്ഞ ഷീറീന്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് തിരിയുകയും ആ മേഖലയിലെ പഠനത്തിനായി ജോര്‍ദ്ദാനിലെ തന്നെ യര്‍മൂക് യൂണിവേഴ്സിറ്റിയില്‍ ചേരുകയും ചെയ്തു. പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ അവര്‍ നേരെ പോയത് തന്റെ ജന്മനാടായ ഫലസ്തീനിലേക്ക് തന്നെയായിരുന്നു. തുടര്‍ന്ന് യു.എന്നിന്റെ അഭയാര്‍ത്ഥി സഹായ വിഭാഗമായ ഉനര്‍വയടക്കം പല സംഘടനകളിലും സ്ഥാപനങ്ങളിലും അവര്‍ റിപ്പോര്‍ട്ടറായി സേവനം ചെയ്തു.
പത്ര പ്രവര്‍ത്തനം തെരഞ്ഞെടുത്തതിനെ കുറിച്ച് ഷീറീന്‍ പറയുന്നത് ഇങ്ങനെയാണ്, ലോകത്ത് പ്രയാസങ്ങളനുഭവിക്കുന്ന ഒട്ടേറെ പേരുണ്ട്. അവക്കെല്ലാം പരിഹാരം കാണുക എന്നത് നമ്മെ കൊണ്ട് സാധിക്കുന്ന കാര്യമല്ല. എന്നാല്‍, അവരുടെ കൂടെ നില്‍ക്കുകയും ആരും കേള്‍ക്കാതെ പോകുന്ന ആ വിലാപങ്ങളും കാണാതെ പോകുന്ന ആ ദുരിത കാഴ്ചകളും ലോകത്തിന് മുന്നിലെത്തിക്കുകയും ചെയ്യുക എന്നത് മനുഷ്യനെന്ന നിലയില്‍ എന്റെ പ്രാഥമിക ബാധ്യതയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് നിര്‍വ്വഹിക്കാതെ പോയാല്‍ എനിക്ക് ജീവിതം നല്കിയ ദൈവത്തോട് ഞാനെന്ത് മറുപടി പറയും. അത് കൊണ്ടാണ് ഞാന്‍ ഈ മേഖല തെരഞ്ഞെടുത്തത്.
1996 ലായിരുന്നു ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറയുടെ പിറവി. തുടക്കം മുതലേ ചാനല്‍ ഷീറീന്റെ ശ്രദ്ധയില്‍ പ്രത്യേക ഇടം പിടിച്ചിരുന്നു. ശബ്ദമില്ലാത്തവന്റെ ശബ്ദമെന്ന മുഖമുദ്രയുമായി കടന്നുവന്ന അത്, ഫലസ്തീനികളുടെ പ്രശ്നത്തിന് അര്‍ഹമായ പ്രാധാന്യം നല്കുന്നത് ഷീറീനെ വല്ലാതെ ആകര്‍ഷിച്ചു. തന്റെ ജീവിത ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ഇതെന്ന് മനസ്സിലാക്കിയ ഷീറീന്‍, അല്‍ജസീറയിലെത്തുക എന്നത് തന്റെ ലക്ഷ്യമാക്കി മാറ്റുകയും അടുത്ത വര്‍ഷം തന്നെ അത് നേടിയെടുക്കുകയും ചെയ്തു. അപ്പോള്‍ ഇരുപത്തിയാറ് വയസ്സായിരുന്നു അവരുടെ പ്രായം. അറബ് ലോകത്ത് തന്നെ പത്രപ്രവര്‍ത്തന രംഗത്ത് സേവനം ചെയ്യുന്ന സ്ത്രീകള്‍ വളരെ വിരളമായിരുന്ന കാലമായിരുന്നു അത്, ഫലസ്തീനിലും ഖുദ്സിലും ആരും ഇല്ലായിരുന്നു എന്ന് തന്നെ പറയാം.
പിന്നീടങ്ങോട്ട് മരണം വരെ ഷീറീന്‍ അല്‍ജസീറയുടെ മൈക്കും ക്യാമറയുമായി ഫലസ്തീനികള്‍ക്കൊപ്പമായിരുന്നു. ഖുദ്സിന്റെയും ഗസ്സയുടെയും ഓരോ മുക്ക് മൂലകളിലും അവരെത്തി. അവിടങ്ങളിലെ ഓരോ കുടുംബങ്ങളിലും അവര്‍ പരിചിത മുഖമായി മാറി. ഗസ്സ യുദ്ധത്തിലും 2006ലെ ലബനാന്‍ ആക്രമണത്തിലുമെന്ന് വേണ്ട, ഇസ്റാഈല്‍ സൈന്യം സൃഷ്ടിച്ച ചെറിയ അസ്വസ്ഥതകളില്‍ പോലും ലോകവും മറ്റു മാധ്യമങ്ങളും വാര്‍ത്തകള്‍ക്കായി ഉറ്റുനോക്കിയത് അല്‍ജസീറയിലേക്കായിരുന്നു. അപ്പോഴെല്ലാം അവര്‍ കണ്ടത്, പ്രസ് എന്നെഴുതിയ നീല സുരക്ഷാ കോട്ടും തൊപ്പിയും ധരിച്ച ഷീറീന്‍ അബൂ അഖ്‍ലയുടെ മുഖമായിരുന്നു, ആ വാര്‍ത്തകളെല്ലാം ചെന്നവസാനിച്ചത്, ഷീറീന്‍ അബൂ അഖ്‍ല, അല്‍ജസീറ, ഖുദ്സ് എന്ന വിലാസത്തിലും.
2022, മെയ് 11, ബുധനാഴ്ച. ഏതാനും ദിവസങ്ങളായി ഫലസ്തീനികളും ഇസ്റാഈല്‍ സൈന്യവും തമ്മില്‍ ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍ നടക്കുകയാണ്. അത് കൊണ്ട് തന്നെ ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങളായിരുന്നു ഷീറീന് അവ. ജനീന്‍ ക്യാമ്പിന് നേരെ ഇസ്റാഈല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരക്കിലായിരുന്നു, രണ്ട് ദിവസമായി ഷീറീനും സംഘവും.
പതിവ് പോലെ അന്നും നേരം വെളുത്തു. രാവിലെ 6.15ഓടെ, താനും സംഘവും പുറപ്പെടുകയാണെന്ന് പറഞ്ഞ് ഓഫീസിലേക്ക് ഇ-മെയില്‍ സന്ദേശമയച്ച്, അവര്‍ നേരെ ജനീന്‍ അഭയാര്‍ത്ഥി കേമ്പിലേക്ക് നീങ്ങി. ക്യാമ്പിനകത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, ഇസ്‍റാഈല്‍ സൈന്യത്തിന്റെ പ്രത്യേക ഓപറേഷന്‍ നടക്കുകയായിരുന്നു അവിടെ. ഒരു പറ്റം പത്രപ്രവര്‍ത്തകരോടൊപ്പം ഷീറീനും അവിടത്തെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് അയച്ച് കൊണ്ടേയിരുന്നു.
സമയം 6.27... പെട്ടെന്നാണ്, ഇസ്റാഈല്‍ സൈന്യത്തിന്റെ വെടിയുണ്ട ഷീറീന് നേരെ പാഞ്ഞ് വന്നത്. തലക്ക് വെടിയേറ്റ അവര്‍ തന്റെ ജീവിത ധര്‍മ്മത്തോട് നീതി പുലര്‍ത്തി ആ മണ്ണില്‍ തന്നെ പിടഞ്ഞ് വീണു. ഒപ്പം, പ്രസ് എന്ന് വ്യക്തമായി എഴുതിയ ആ സുരക്ഷാകോട്ടും തൊപ്പിയും ഭൂമിയിലേക്ക് പതിച്ചു. പത്ര പ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യമായിരുന്നു അതോടെ ഇസ്റാഈലി സൈന്യത്തിന്റെ വെടിയേറ്റ് പിടഞ്ഞ് വീണത്.
6.37 ആയപ്പോഴേക്കും ഷീറീന്‍ അബൂ അഖ്‍ല എന്ന ആ ധീര പത്രപ്രവര്‍ത്തകയുടെ മരണം സ്ഥിരീകരിച്ച് കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നു. അതോടെ, ലോക വാര്‍ത്താ മാധ്യമങ്ങളുടെ സ്ക്രീനുകള്‍ക്കെല്ലാം ഒരേ മുഖമായി മാറി, അത് ഷീറീന്‍ അബൂ അഖ്‍ലയുടേതായിരുന്നു. ഏറെ വാര്‍ത്തകള്‍ ലോകത്തിന് സമ്മാനിച്ച ഷീറീന്‍ അതോടെ അന്നത്തെ ഏറ്റവും വലിയ വാര്‍ത്തയായി.
Read More: അൽ ജസീറ മാധ്യമപ്രവർത്തക, ഷീറീൻ അബൂ അഖ്‍ല വെടിയേറ്റു മരിച്ചു
പത്രപ്രവര്‍ത്തകക്ക് നേരെ നടന്ന ഇസ്റാഈലിന്റെ ആ ഹീന ആക്രമണത്തെ ലോകമൊന്നടങ്കം അപലപിച്ചു. ലജ്ജാകരമെന്ന് പറയാം, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇസ്റാഈലി സൈന്യം ആ ശവശരീരത്തോട് പോലും മാന്യത കാണിച്ചില്ലെന്നതാണ് പിന്നീട് ലോകം കണ്ടത്.
പക്ഷെ, ക്രിസ്ത്യാനിയായിരുന്നിട്ട് കൂടി, അന്യായത്തിന്റെയും അക്രമത്തിന്റെയും ഇരകളാണെന്ന് മനസ്സിലാക്കി ഫലസ്തീനികളുടെ കൂടെ നില്‍ക്കുകയും അവര്‍ക്ക് വേണ്ടി ജീവന്‍ പോലും ബലി കഴിക്കുകയും ചെയ്ത ആ ധീരവനിതയെ ലോകം നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി. പലയിടത്തും അവരുടെ പേരില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡുകള്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട്, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഷീറീന്‍ അബൂ അഖ്‍ലയുടെ ഘാതകരെ പിടികൂടണമെന്ന മുറവിളികളായിരുന്നു. ആ നിഷ്ഠൂര വധം നടന്ന് നൂറ് ദിവസം പിന്നിടുമ്പോഴും, നീതിക്കായുള്ള മുറവിളികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
നമുക്കും കൂടെ നില്‍ക്കാം, ഇരുട്ടിന്റെ ശക്തികളെ തേടി നീതിയുടെ കൈയ്യാമങ്ങള്‍ ഒരു ദിവസം വരാതിരിക്കില്ലെന്ന ശുഭ പ്രതീക്ഷയോടെ.
Leave A Comment