സിറാജൻ മുനീറാ: മാല-മൗലിദുകളില്‍ പ്രതിഫലിച്ച പ്രതീകം
സൂറത്തുൽ അഹ്സാബ് 46-ാം സൂക്തത്തിൽ സിറാജൻ മുനീറ എന്ന ഭാവാർത്ഥം കൊണ്ടാണ് പ്രവാചകൻ(സ്വ)യെ അല്ലാഹു വിശേഷിപ്പിക്കുന്നത്. ഇത് ഹസ്സാനുബ്നു സാബിത്ത്(റ), ഇമാം ബൂസൂരി(റ) തുടങ്ങി ഇസ്‌ലാമിക ലോകത്തെ സാഹിത്യകാരന്മാർക്ക് ഭക്ത-സമർപ്പണ കൃതികൾ രചിക്കാൻ വലിയ പ്രചോദനം നൽകി. മലബാറും ഇത്യാദി പ്രവാചകാലങ്കാര കൃതികൾക്ക് വളക്കൂറുള്ള മണ്ണായി. അറബ് ലോകവുമായുള്ള ആഴമേറിയ ബന്ധങ്ങൾ വളർത്തിയെടുത്തത് കൊണ്ട് ഇന്ത്യൻ മഹാസമുദ്ര വ്യാപാര ശൃംഖലയിലെ ‘പ്രധാന കേന്ദ്രം’ എന്ന സ്ഥാനമാണ് മലബാറിന് കരഗതമായത്. ഈ വാണിജ്യ ബന്ധങ്ങൾ സാംസ്കാരികം, ബൗദ്ധികം, സാഹിത്യ-പാരമ്പര്യം, വിശിഷ്യ പ്രവാചക പ്രകീർത്തനം (മദ്ഹുന്നബി) എന്നിവയുടെ കൈമാറ്റങ്ങൾക്ക് കാരണമായി.
ഈ സാംസ്കാരിക കൈമാറ്റം മലബാറിൽ ഭക്തി രചനകൾക്ക്, പ്രത്യേകിച്ച് മാല-മൗലിദ്, ഭക്തി കാവ്യം എന്നിവകളുടെ വളർച്ചയ്ക്ക് കാരണമായി. ഈ സാഹിത്യ അനുഷ്ഠാന രൂപങ്ങൾ വെറും സ്തുതി വാക്യങ്ങൾ അല്ല, മറിച്ച് പ്രവാചകൻറെ ആത്മീയ വെളിച്ചത്തിൽ (നൂറ്മുഹമ്മദിയ്യ) കേന്ദ്രീകരിച്ചുള്ള ദൈവശാസ്ത്രപരമായ ഗവേഷണങ്ങളാണ്, അതായത് അവിടത്തോടുള്ള ആഴമേറിയ സ്നേഹത്തിൽ (ഇശ്ഖ്) വേരൂന്നിയതാണ്. ആഴമേറിയ പ്രവാചക പ്രണയത്തിൽ ചാലിച്ച പതിനാറാം നൂറ്റാണ്ടിലെ പൊന്നാനി പണ്ഡിതൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ(ന:മ) യുടെ മൻഖൂസ് മൗലിദ് പോലുള്ള കൃതികൾ മലബാറിൻറെ ആത്മീയ ജീവിത്തിൻ്റെ ആധാരമായി മാറി.
സിറാജൻ മുനീറ: മലബാറിയൻ തഫ്സീറുകളുടെ വ്യാഖ്യാനം
‘പ്രകാശം നൽകുന്ന വിളക്ക്’ എന്നാണ് പ്രഗൽഭ പണ്ഡിതനായിരുന്ന കെ.വി മുഹമ്മദ് മുസ്‌ലിയാർ(ന:മ) തൻറെ തഫ്സീറായ ഫത്ഹുർ റഹ്മാൻ ഫീ തഫ്സീറിൽ ഖുർആനിൽ അർത്ഥം പറഞ്ഞിരിക്കുന്നത്. അതായത് ജീവിതത്തിന്റെ നാനാതുറകളിലും സമുദായത്തിന് മാതൃക കാണിച്ച് കൊടുക്കുന്ന വ്യക്തിയെന്നർത്ഥം. വലിയവനെന്നോ ചെറിയവനെന്നോ ധനികനെന്നോ ദരിദ്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നബിയുടെ സന്നിധിയിൽ കടന്നുചെല്ലാം. അവർക്ക് ആവശ്യമായ വിജ്ഞാന പ്രകാശം നബിയാകുന്ന ദീപത്തിൽ നിന്ന് കത്തിച്ചെടുക്കാം, ലോകത്തിൻറെ ഏതു ഭാഗത്തേക്കും കൊണ്ടു പോകാം.
മുസ്തഫൽ ഫൈസി തൻറെ ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ഈ രീതിയിൽ തന്നെയാണ് വിശദീകരിക്കുന്നത്. ഒപ്പം സ്വഹാബിമാരുടെ പ്രാധാന്യം അറിയിക്കുന്ന വാക്കുകളിലേക്ക് കൂടി വിരൽ ചൂണ്ടുന്നു: നബി പ്രകാശിക്കുന്ന വിളക്കും അതിന് ചുറ്റും ഇരിക്കുന്ന സ്വഹാബികൾ ആ വിളക്കിൽ നിന്ന് പ്രകാശം സ്വീകരിക്കുന്നവരുമാകുന്നു. എത്രത്തോളം നബിയെന്ന വിളക്കിൽ നിന്ന് അകലുന്നുവോ അത്രത്തോളം ഇരുട്ട് കൂടിക്കൊണ്ടേയിരിക്കും, അതായത്, എന്റെ നൂറ്റാണ്ടാണ് ഏറ്റവും നല്ല നൂറ്റാണ്ട്, ശേഷം പിന്നീട് വരുന്നവര്‍, അതിന് ശേഷം അവരുടെ ശേഷം വരുന്നവര്‍ എന്ന പ്രവാചക വചനത്തെ ഇതിനോട് ചേർത്ത് വായിക്കുന്നു.
നൂർ മുഹമ്മദിയ്യ, അഥവാ മുഹമ്മദ് നബി(സ്വ) യുടെ ആദിമ വെളിച്ചത്തെ കേന്ദ്രീകരിച്ചുള്ള വിശാലമായ പഠനങ്ങൾ ഇസ്‍ലാമിക ദൈവ ശാസ്ത്രത്തിനും (അഖീദ), സൂഫി പാരമ്പര്യത്തിനും വലിയ പ്രചോദനമായി മാറി. ഈ സിദ്ധാന്തമനുസരിച്ച്, ദൈവം ആദ്യം സൃഷ്ടിച്ചത് പ്രവാചകന്റെ പ്രകാശമായിരുന്നു. അതിൽ നിന്നാണ് മറ്റെല്ലാ സൃഷ്ടികളും പിന്നീട് ഉത്ഭവിച്ചത്. ഈ പ്രഭ ചരിത്ര പുരുഷനായ മുഹമ്മദിൽ ഭൗതികമായി (physically) വെളിവാകുന്നത് വരെ ആദം നബി(അ) മുതൽ എല്ലാ പ്രവാചകന്മാരിലൂടെയും കടന്നു പോയി. മൻഖൂസ്, ഷറഫൽ അനാം പോലുള്ള മൗലിദുകളിൽ കാണപ്പെടുന്ന ഗദ്യങ്ങളിൽ ഇങ്ങനെ വിവരിക്കുന്നു:
“പ്രവാചകൻ(സ്വ) യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടു: ആദം നബിയെ സൃഷ്ടിക്കുന്നതിന്ന് ആയിരം വർഷങ്ങൾക്കു മുമ്പ് അല്ലാഹുവിൻറെ അടുത്ത് ഞാൻ ഒരു പ്രകാശമായിരുന്നു. ആ പ്രകാശത്തെ അല്ലാഹുവും അവൻറെ മലക്കുകളും പ്രകീർത്തിക്കും. അല്ലാഹു ആദം നബിയെ സൃഷ്ടിച്ചപ്പോൾ ആ നൂറിനെ ആദം നബിയുടെ കളിമണ്ണിൽ നിക്ഷേപിച്ചു. അങ്ങനെ അല്ലാഹു ആദം നബിയുടെ മുതുകില്‍ നിക്ഷേപിച്ച് എന്നെ ഭൂമിയിലേക്ക് ഇറക്കി. ശേഷം നൂഹ് നബിയുടെ മുതുകിൽ എന്നെ നിക്ഷേപിച്ച് കപ്പലിൽ ഇറക്കി. തീ കുണ്ഠാരത്തിൽ എറിയപ്പെട്ടപ്പോൾ എന്നെ ഇബ്രാഹിം നബിയുടെ മുതുകില്‍ നിക്ഷേപിച്ചു. എന്റെ രക്ഷിതാവ് എന്നെ മാന്യമായ മുതുകുകളിൽ നിന്ന് വിശുദ്ധവും പവിത്രവുമായ ഗർഭാശയങ്ങളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ഒരിക്കലും തിന്മയിൽ ഇണ ചേരാത്ത മാതാപിതാക്കളിൽ നിന്ന് അല്ലാഹു അങ്ങനെ എന്നെ പുറത്തെടുത്തു.”[1]
'സിറാജൻ മുനീറ' എന്ന രൂപകം കാവ്യപാരമ്പര്യങ്ങളിലും വ്യാപിച്ചിരിന്നു. പ്രഥമ പ്രവാചക പ്രകീർത്തനത്തിലൂടെ പിതാമഹൻ അബ്ദുൽ മുത്വലിബ് പ്രഖ്യാപിക്കുന്നു: "നിങ്ങൾ ജനിച്ചപ്പോൾ, ഭൂമിയും ചക്രവാളങ്ങളും പ്രകാശിച്ചു; ആ വെളിച്ചത്തിലും ശരിയായ മാർഗനിർദേശത്തിലുമാണ് ഞങ്ങൾ നീങ്ങുന്നത്.”
മുസ്‍ലിംകളും അമുസ്‍ലിംകളുമായ കേരളീയ കവികളും 'സിറാജൻ മുനീറ' എന്ന ഭാവനയെ സ്വീകരിച്ചിട്ടുണ്ട്. ‘സിറാജൻ മുനീറ’ സങ്കൽപ്പത്തിന്റെ പ്രതിധ്വനിയാണ് പ്രശസ്ത മലയാള കവി വള്ളത്തോൾ നാരായണ മേനോൻ പ്രവാചകനെ "ഇരുട്ട് നീക്കം ചെയ്യാൻ ദൈവം അയച്ച സൂര്യൻ" എന്ന് വിശേഷിപ്പിച്ചത്. പ്രവാചകന്റെ ജനനം വെറുമൊരു ചരിത്ര സംഭവമല്ല, മറിച്ച് ഒരു പ്രാപഞ്ചിക ദൃഷ്ടാന്തമാണ്, ലോകത്തിന് സുസ്ഥിര വെളിച്ചമേകുന്ന വിളക്ക് ഭൂജാതനായ നിമിഷമാണ് അതെന്നര്‍ത്ഥം.
‘സിറാജൻ മുനീറ’യുടെ മലബാറിലെ സ്വീകാര്യതയും വേരോട്ടവും
‘സിറാജൻ മുനീറ’ പ്രമേയത്തിന്റെ മലബാറിലേക്കുള്ള പ്രയാണം ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സാംസ്കാരികവും ബൗദ്ധികവുമായ കൈമാറ്റത്തിന്റെ ഒരു കഥയാണല്ലോ. പല രാജ്യങ്ങളിലേക്കും അറബി ഭാഷയും സംസ്കാരവും ചേർന്നുവെന്ന സങ്കൽപ്പത്തെ കൂട്ടിവായിച്ച് കൊണ്ട് അക്കാദമിക ചിന്തകൻ റോണിറ്റ് റിച്ചിയുടെ "അറബിക് കോസ്‌മോപോളിസ്" എന്ന വിശേഷണത്തിൻ്റെ ഭാഗമായിരുന്നു മലബാറിന്റെ തീരദേശ സമൂഹങ്ങൾ[2]. ഈ പ്രദേശങ്ങളിൽ കച്ചവടം, പാണ്ഡിത്യം, മതാവിഷ്കാരങ്ങൾ എന്നിവയ്ക്കുള്ള ഒരു ‘പൊതുവായ ഭാഷ’യായിരുന്നു അറബി. ഇത് ഗ്രന്ഥങ്ങളുടെയും ആശയങ്ങളുടെയും കൈമാറ്റത്തിന് ആക്കംകൂട്ടി. 12, 13 നൂറ്റാണ്ടുകളിൽ പ്രവാചക - ജനനാഘോഷ മാധ്യമമായി അറബ് ലോകത്ത് ഉയർന്നുവന്ന ‘മൗലിദ്’ സംസ്കാരം ഈ സമുദ്ര പാതകളിലൂടെയാണ് സഞ്ചരിച്ചത്. അന്തലൂസിയൻ ഗ്രന്ഥമായ ശറഫൽ അനാം പോലുള്ള അറബി ഗ്രന്ഥങ്ങൾ യമൻ, ഹിജാസ് തുടങ്ങിയ
കേന്ദ്രങ്ങളിലൂടെ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പ്രചരിച്ചിരിന്നു എന്ന് ഇനസ് വെയ്ൻറിച്ച് അഭിപ്രായപ്പെടുന്നു.[3] പ്രവാചകന്റെ പൂർവ്വകാല പ്രകാശത്തെയും (നൂർ മുഹമ്മദിയ്യ) തിരുജനനത്തെയും കേന്ദ്രീകരിച്ചുള്ള ശറഫൽ അനാം മൗലിദ് മലബാറിയൻ പ്രവാചകാനുരാഗ രചനകൾക്ക് പ്രേരണയായി മാറി. മക്ക, ഈജിപ്ത് പോലുള്ള പ്രധാന ഇസ്‍ലാമിക പഠന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത മലബാറിലെ പണ്ഡിതരായിരുന്നു ഈ ആശയ കൈമാറ്റത്തിൻ്റെ പ്രാഥമിക പ്രതിനിധികൾ. അവരിൽ ഏറ്റവും ശ്രദ്ധേയൻ മൻഖൂസ് മൗലിദിന്റെ രചയിതാവായ ശൈഖ് സൈനദ്ദീൻ മഖ്ദൂം ഒന്നാമൻ (മ. 1522) ആയിരുന്നു. മക്കയിലും കെയ്‌റോയിലെ അൽഅസ്ഹറിലും അദ്ദേഹം വിദ്യ അഭ്യസിച്ചിരുന്നത് മൗലിദ് ആഘോഷങ്ങളുടെ പ്രമുഖ വക്താവായിരുന്ന ജലാലദ്ദീൻ അൽസുയൂത്വിയെ പോലുള്ള പ്രമുഖ പണ്ഡിതന്മാരുടെ കീഴിലായിരുന്നു. തിരിച്ചെത്തിയ പണ്ഡിതന്മാർ ‘മലബാറിലെ മക്ക’ എന്നറിയപ്പെടുന്ന പൊന്നാനിയെ പോലെ സജീവമായ വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
ഇത്യാദി സ്ഥാപനങ്ങളിൽ, ആഗോള ഇസ്‍ലാമിക സാഹിത്യരൂപങ്ങൾ പകർത്തിയെഴുതുക മാത്രമല്ല ചെയ്തത്, മറിച്ച് അവയെ വളർത്തിയെടുക്കുകയും പ്രദേശികവത്കരിക്കുകയും ചെയ്തു. ശറഫൽഅനാം പോലുള്ള അറബി മൗലിദ് മാതൃകകളുടെ ഘടനയും, ശൈലിയും പിന്തുടർന്ന് പ്രാദേശിക സമൂഹത്തിന്റെ പ്രത്യേക ആത്മീയ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി രചിക്കപ്പെട്ട മൻഖൂസ് മൗലിദ് പോലുള്ള ഗ്രന്ഥങ്ങൾ രചിക്കാൻ സാധ്യമാകുന്ന ബൗദ്ധിക അന്തരീക്ഷം പൊന്നാനി അന്ന് ഒരുക്കിക്കൊടുത്തു. ഈ സ്വീകരണ-പ്രാദേശികവൽക്കരണ സംഭവവികാസങ്ങളിലൂടെ, സിറാജൻ മുനീറ എന്ന ആഗോള ആശയം അങ്ങനെ മലബാറിന്റെ മത-സംസ്കാര ഹൃദയത്തിലും അലിഞ്ഞു ചേർന്നു.
മൗലിദ് ആചാരങ്ങളിലെ സ്വാധീനങ്ങൾ
മലബാറിൽ മൗലിദ് പാരമ്പര്യം സാഹിത്യപരമായി മാത്രമല്ല, വിശ്വാസ-കർമ്മപരമായും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സിറാജൻ മുനീറ എന്ന ആശയത്തെ സജീവമാക്കുന്ന സമൂഹിക ആചാരമാണ് മൗലിദ്. പ്രവാചകന്റെ ആത്മീയ സാന്നിധ്യവും അനുഗ്രഹങ്ങളും സമൂഹത്തിന് കൂട്ടായി അനുഭവിക്കാൻ സഹായിക്കുന്ന ഒരു ആരാധനാക്രമമാണ് മൗലിദ് പാരായണം.
മൻഖൂസ് മൗലിദിന്റെ രചനാ പശ്ചാത്തലം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊന്നാനിയിലെ ജനങ്ങൾക്ക് മാരകമായ ‘കോളറ’ ബാധിച്ചപ്പോഴാണ് സൈനദ്ദീൻ മഖ്ദൂം ഒന്നാമൻ ഇത് രചിച്ചതെന്ന് പാരമ്പര്യ ഗ്രന്ഥങ്ങൾ പറയുന്നു. ആത്മീയ പരിഹാരത്തിനായി അവർ അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹം മൗലിദ് സമാഹരിക്കുകയും അവരുടെ വീടുകളിൽ അത് പാരായണം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഉണ്ടായ രോഗശമനം മൗലിദിന്റെ പങ്ക് ഒരു ‘അനുസ്മരണ ഗ്രന്ഥം’ എന്ന നിലയിൽ മാത്രമല്ല അതിനെ സമീപിച്ചത്, മറിച്ച് ഇഹലോകത്ത് രോഗശാന്തിയും (ശിഫാഅ്) പ്രവാചകന്റെ ശിപാർശ (ശഫാഅത്) വഴി അന്ത്യനാളിൽ ദൈവിക സംരക്ഷണവും തേടുന്നതിനുള്ള സ്വാധീനമേറിയ മാർഗ്ഗമായി അതിനെ സ്വീകരിച്ചു പോന്നു. സമാപന പ്രാർത്ഥന (ദുആ') യിൽ "നമ്മുടെ ഈ ദേശത്ത് നിന്ന്" (ബലദിനാ ഹാദാ) പ്ലേഗുകളും (താ'ഊൻ) പകർച്ചവ്യാധികളും (വബാ') എടുത്ത്മാറ്റാൻ അല്ലാഹുവിനോട് അര്‍ത്ഥിക്കുന്നത് ഈ ചരിത്ര സന്ദർഭത്തിലേക്ക് സൂചന നൽകുന്നു.
മൻഖൂസ് മൗലിദിന്റെ ഉള്ളടക്കം 'പ്രകാശ'ത്തിന്റെ അലങ്കാരപ്രയോഗങ്ങളാൽ സമ്പുഷ്ടമാണ്. പ്രവാചകനെ പൂർണ്ണചന്ദ്രന്റെ തിളക്കത്തേക്കാൾ തിളക്കമുള്ള "പ്രകാശിക്കുന്ന വിളക്ക്" എന്ന ഉപമ അതിൽ ആവർത്തിച്ച് പ്രതിയോഗിക്കുന്നു. കാവ്യാത്മകമായ വിവരണങ്ങൾ അവിടുത്തെ പ്രസന്നമായ തിരുമുഖത്തെയും, ജനനവേളയിലെ അല്‍ഭുതപ്പെടുത്തുന്ന അടയാളങ്ങളെയും രേഖപ്പെടുത്തുന്നു. ഒരു ഉദ്ധരണി ഇങ്ങനെ വായിക്കാം: 'നക്ഷത്രങ്ങൾക്കിടയിലെ പൂർണചന്ദ്രനെപ്പോലെ .. എന്നല്ല, അതിനേക്കാളേറെ അങ്ങ് ഞങ്ങൾക്കിടയിൽ പ്രഭ പരത്തുന്നു'. 'അങ്ങ് മാതാവോ പിതാവോ? അവരിൽ നിന്നുള്ള ഗുണം അങ്ങയുടെ നന്മയോളം വിലമതിക്കുന്നതായി ഞങ്ങൾ ഒട്ടും കാണുന്നില്ല'. 'കൈയും കണക്കുമില്ലാത്ത പാപങ്ങൾ ഞാൻ ചെയ്തുകൂട്ടിയിരിക്കുന്നു. വിചാരണ ദിനത്തിൽ താങ്കളുടെ ശിപാർശ മാത്രമാണ് ഞങ്ങളുടെ രക്ഷാ കവചം.....'[4]
സമൂഹാരാധന, പ്രവാചകാനുരാഗങ്ങളെ പാടിക്കൊണ്ടുള്ള തവസ്സുൽ എന്നിവ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിയ്ക്കാൻ കൂടുതൽ സഹായകമാകുമെന്ന വിശ്വാസത്തോടെ, മൗലിദ് പാരായണത്തിൽ സമൂഹം സജീവമായി പങ്കെടുക്കുന്നു. പ്രവാചകന്റെ ജനനവേളകളെ ഓർമ്മിക്കുന്ന പദ്യങ്ങൾ ചൊല്ലാൻ വേണ്ടി ബഹുമാനത്തോടെ നിൽക്കൽ (ഖിയാം) മൗലിദ് സദസുകളിലെ സുപ്രധാന നിമിഷമായി കണക്കാക്കാം. ‘സിറാജൻ മുനീറ’ ലോകത്തിലേക്ക് പ്രവേശിക്കുന്നതിനോടുള്ള സമൂഹത്തിന്റെ ആദരവും സന്തോഷവുമാണ് ഈ കൂട്ടായ പ്രവൃത്തിയിൽ പ്രകടമാകുന്നത്.
‘മാല’ കാവ്യങ്ങളിലെ സ്വാധീനങ്ങൾ
മലബാറിൽ സിറാജൻ മുനീറ എന്ന വിശേഷണത്തിൻ്റെ സ്വാധീനം മൗലിദുകൾക്കപ്പുറം മലബാറിയൻ മാപ്പിള സാഹിത്യ രൂപമായ ‘മാല- കാവ്യ’ങ്ങളുടെ ഉൽഭവങ്ങളിലേക്കും നയിച്ചു. സാധാരണയായി ബഹുമാനിക്കപ്പെടുന്ന വ്യക്തികളെയും മറ്റും സ്തുതിക്കുന്ന അറബി-മലയാളത്തിൽ രചിക്കപ്പെട്ട ഭക്തിനിർഭരമായ കാവ്യങ്ങളാണ് ‘മാല’കൾ. ആഴമേറിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന അറബി സാഹിത്യങ്ങളെ പ്രാദേശിക പ്രേക്ഷകർക്ക് എത്തിക്കുന്നതിൽ ഈ ‘സങ്കര ഭാഷാ രൂപം’ ഒരു പാലമായി വർത്തിച്ചു പോന്നു.
ബഗ്ദാദി സൂഫിവര്യനായിരുന്ന അബ്ദുൽഖാദർ ജീലാനി തങ്ങളെ സ്തുതിച്ചുകൊണ്ട് കോഴിക്കോട്ടുകാരനായ ഖാളി മുഹമ്മദ് രചിച്ച മുഹ്‍യിദ്ധീൻ മാല (1607) ആണ് ഈ സാഹിത്യ രൂപത്തിന്റെ അടിസ്ഥാന ഗ്രന്ഥം. ജീലാനി തങ്ങളെ പ്രകീർത്തിക്കുന്നതാണെങ്കിലും 'മാല' ആരംഭിക്കുന്നത് പ്രവാചകൻ മുഹമ്മദ് നബി(സ്വ)യെ സ്തുതിച്ചുകൊണ്ടാണ്. ഇതിൽ എല്ലാ ആത്മീയ പ്രകാശത്തിന്റേയും 'ആത്യന്തിക സ്രോതസ്സായി' പ്രവാചകനെ സ്ഥാപിക്കുന്നു. മാല സാഹിത്യത്തിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളെ പ്രവാചക പ്രകാശത്തിന്റെ (സിറാജൻ മുനീറയുടെ) അനന്തരാവകാശികളായും വാഹകരായും വായിക്കാമെന്ന് ഈ ഘടന സൂചിപ്പിക്കുന്നു.
മാലയുടെ കാവ്യശാസ്ത്രവും അറബി മലയാള സാംസ്കാരിക സമന്വയത്തെ ഉൾക്കൊള്ളുന്നുണ്ട്. ഖാദി മുഹമ്മദ് തന്റെ കൃതിയെ "മുത്തും മാണിക്യവും ഒരുമിച്ച് ചേർത്തുകൊണ്ട്" (ലുലുഅ് വ യാഖൂത്ത്) നെയ്ത ഒരു മാലയായി വിശേഷിപ്പിക്കുന്നു. "മുത്ത്" (ലുലുഅ്) എന്ന വാക്യം, കാവ്യാശയങ്ങൾ, പ്രാസങ്ങൾ എന്നിവയാൽ സമ്പന്നമായ കൃതി അറബി കാവ്യ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതായി ഭാഷാപണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നു. "മാണിക്യം" (യാഖൂത്ത്)അതിന്റെ വ്യത്യസ്തമായ സ്വരസൂചക പാറ്റേണുകളും (Phonetic patterns), അനുകരണങ്ങളും കൊണ്ട് മലയാളത്തിന്റെ തദ്ദേശീയ ദ്രാവിഡ സാഹിത്യ പാരമ്പര്യത്തെയും സൂചിപ്പിക്കുന്നു. ഈ ദ്വൈഭാഷ- സംസ്കാര സംയോജനം ശക്തമായ ഒരു പുതിയ മാധ്യമം സൃഷ്ടിക്കുകയും സങ്കര സാഹിത്യത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയും ചെയ്തു.
മുഹ്‌യിദ്ദീൻ മാലയാണ് ഏറ്റവും പ്രസിദ്ധമെങ്കിലും, ബദർ മാല പോലുള്ള മറ്റ് കൃതികളും സമാനമായ ഒരു മാതൃക പിന്തുടരുന്നു. ബദർ മൗലിദ് എന്നറിയപ്പെടുന്ന ബദർ രക്തസാക്ഷികളെ പ്രകീർത്തിക്കുന്ന കൃതികൾ ‘മാല’ സാഹിത്യത്തിൻറെ മറ്റൊരു വിഭാഗമാണ്. പ്രവാചകൻ ലോകത്തിലേക്ക് കൊണ്ടുവന്ന 'ദിവ്യപ്രകാശ'ത്തെ പ്രതിരോധിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള പ്രവാചകാനുയായികളുടെ ത്യാഗങ്ങളെ ‘പോരാട്ട’മായി ഈ കൃതികൾ വരച്ചുകാട്ടുന്നു. ഈ വിധത്തിൽ, മൗലിദുകളുടെ ഘടനയിൽ നിന്നും ഭക്തി തീവ്രതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട 'മാല' പാരമ്പര്യം, ‘സിറാജൻ മുനീറ’യുടെ വിശ്വാസപ്രമാണത്തെ ജനപ്രിയമാക്കുന്നതിനും അതിനെ മാപ്പിള സംസ്കാര ഘടനയിൽ സമന്വയിപ്പിക്കുന്നതിനുമുള്ള മറ്റൊരു മാർഗം കൂടിയായി.
Bibliography:
- Arafath, Yasser P. K. “Malabar Ulema in the Shafiite Cosmopolis: Fitna, Piety and Resistance in the Age of Fasad.” The Medieval History Journal 21 (2018): 1–42.
- Hudawi, K.T. Jabir. “03 -മന്‍ഖൂസ്വ് മൗലിദ്: ഇശ്ഖിന്റെ കാവ്യപ്രപഞ്ചം (Manqūṣ Mawlid: The Poetic Universe of 'Ishq').” Islamonweb. August 27, 2025.
- Muneer, Aram Kuzhiyan. “Poetics of Piety: Genre, Self-Fashioning, and the Mappila Lifescape.” Journal of the Royal Asiatic Society 3 (2015): 1–19.
- Pattikkad, Dr. Saithali Faizy. “മലയാള കാവ്യ പ്രപഞ്ചത്തിലെ തിരു നബി(സ്വ) – (1), (2), (3) (The Holy Prophet in the Universe of Malayalam Poetry - 1, 2, 3).” Al Muneer.
- Weinrich, Ines. “From the Arab Lands to the Malabar Coast: The Arabic Mawlid as a Literary Genre and a Traveling Text.” Entangled Religions 11.5 (2020).
[1] മൻഖൂസ് മൗലിദ് (പേജ് 1-2)
[2] അറബിക് കോസ്‌മൊപൊലിസ്: അറബി ഭാഷയും സംസ്കാരവും പല രാജ്യങ്ങളിലേക്കും ചേർന്നുവെന്ന സങ്കൽപ്പത്തെ വിളിക്കുന്നു. സൗത്ത്, സൗത്ത്-ഈസ്റ്റ് ഏഷ്യയിലെ വിവിധ സമൂഹങ്ങൾ ഇതിലൂടെ തമ്മിൽ സംസ്കാരങ്ങൾ, ആശയങ്ങൾ എന്നിവർ കൈമാറ്റം നടത്തുകയും ചെയ്തു
[3] ഇനസ് വെയ്ൻറിച്ച്, Performing the Divine: Mawlid Performances in the Muslim World (Berlin: de Gruyter, 2021), 56.
[4] മൻഖൂസ് മൗലിദ്
ലേഖകനെ കുറിച്ച്:
മാണൂർ ദാറുൽ ഹിദായ ദഅവ കോളേജ് ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് ലേഖകന്‍



Leave A Comment