സോര്‍ സേ മാറോ നാ... ഇത് ഭീരുത്വത്തിന്റെ പര്യായമാണ്..
ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ വിജയകരമായി കാല് കുത്തിയതോടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ന്ന് വിശ്വ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം പിറക്കുമ്പോഴും മതനിരപേക്ഷതയുടെ മനോഹര മുഖവുമായി നിലകൊണ്ടിരുന്ന നമ്മുടെ രാജ്യം, അപര മത വിദ്വേഷത്തിന്റെ വിഷ ബീജങ്ങളാല്‍ വീണ്ടും വീണ്ടും കുനിഞ്ഞുപോവുകയാണ്. വരുംതലമുറകളെ വാര്‍ത്തെടുക്കേണ്ട അദ്ധ്യാപികമാർ പോലും വെറുപ്പിന്റെ പാഠം പഠിപ്പിച്ചും ചിത്രങ്ങൾ ഉത്‌പാദിപ്പിച്ചും ഉന്മാദം കണ്ടെത്തുകയാണ്. ഒരു ഭാഗത്ത് നേട്ടങ്ങളുടെ കഥ പറഞ്ഞ് രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് കൊട്ടിഘോഷിക്കുമ്പോഴും വർഗ്ഗീയതയുടേയും വിദ്വേഷത്തിന്റേയും ഇത്തരം നിറം കെട്ട കാഴ്ചകൾ രാജ്യത്തിനകത്തെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിൽ അസ്വസ്ഥത പടർത്തുക മാത്രമല്ല ചെയ്യുന്നത് മറിച്ച് അപമാനത്താൽ ലോക സമക്ഷം നമ്മുടെ രാജ്യം തല കുനിക്കുക കൂടിയാണ്.
ഗുണന പട്ടിക ചൊല്ലി പഠിക്കാത്തതിന്റെ പേരിലാണ് യു.പി യിലെ മുസഫർ നഗറിലെ നോഹ എന്ന ഗ്രാമത്തിലെ ഒരു പൊതു വിദ്യാലയത്തിൽ സമപ്രായക്കാരായ സഹപാഠികളെക്കൊണ്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഏഴു വയസ് മാത്രം പ്രായമുള്ള മുസ്‍ലിം കുട്ടിയെ തൃപ്തി ത്യാഗിയെന്ന അദ്ധ്യാപിക ക്രൂരമായി മർദ്ദിച്ചത്.
നിഷ്കളങ്കമായ ബാല്യങ്ങൾക്ക് മധുരമുള്ള കഥകളും സ്‌നേഹമൂറുന്ന വരികളും ചൊല്ലി പഠിപ്പിക്കേണ്ട ധാർമിക ഉത്തരവാദിത്വമുള്ളവരാണ് അധ്യാപകർ. അങ്ങനെയൊരു അധ്യാപികയാണ് മസ്തിഷ്കങ്ങളുറക്കാത്ത ഇളം കുരുന്നുകളിൽ ഇത്രമേൽ മാരകമായ വർഗ്ഗീയ വിഷം വമിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മതേതര വിശ്വാസികൾക്കിടയിൽ വെറുപ്പിന്റെ രാഷ്ട്രീയം ഒമ്പത് ആണ്ട് കൊണ്ട് എത്രത്തോളം വേരാഴ്ത്തി വളർന്നിരിക്കുന്നുവെന്നതിന്റെ നഖഛിത്രം കൂടിയാണ് കരളലിയിപ്പിക്കുന്ന ഈ കാഴ്ച.
മുസ്‍ലിം വിദ്യാർത്ഥിയെ സഹപാഠികളായ മറ്റു ഹിന്ദു കുട്ടികളെക്കൊണ്ട് മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും അടിപ്പിച്ചും ഇടക്കു വെച്ച് "ജോർസെ മാറോ നാ" എന്നാക്രോശിച്ചും ആനന്ദ നൃത്തം ചവിട്ടുന്ന ഒരു തരം മാനസികരോഗത്തിലേക്ക് ഈ അധ്യാപികയെ പരുവപ്പെടുത്തിയ പ്രത്യയ ശാസ്ത്രം ഏതാണ്. അടിയുടെ ആഘാതത്താൽ കണ്ണീരണിഞ്ഞു കരയുന്ന ആ കുരുന്നു ഹൃദയത്തിന്റെ നോവറിയാതിരിക്കാൻ മാത്രം അധ്യാപികയായ ഈ സ്ത്രീയിൽ മനുഷ്യത്വം മരവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരം ഹിന്ദുത്വ ഭീകര പ്രത്യയ ശാസ്ത്രമെന്നല്ലാതെ മറ്റൊന്നുമല്ല.
വിചാരധാര വേദ ഗ്രന്ഥമായും ഹിന്ദുത്വ വാദം മുദ്രാവാക്യമായും ചിന്തിക്കുന്ന ഒരാൾക്കും മാനുഷിക മൂല്യങ്ങളോ സനാതന ധർമ്മങ്ങളോ ഉയർത്തി പിടിക്കാനാവില്ല. മതവിദ്വേഷവും അപരമത വിരോധവും ആപാദചൂഡം ഗ്രസിച്ചവർക്ക് ഏത് സമയത്തും സംഘിയായേ ജീവിക്കാനാകൂ, ഒരിക്കലും മനുഷ്യനായി കഴിയാനാവില്ലെന്ന സത്യം കൂടിയാണ് യോഗി ഭരിക്കുന്ന നാട്ടിലെ ത്യാഗിമാർ പങ്കുവെക്കുന്ന ചിത്രം നമ്മോട് പറയുന്നത്. അത് കൊണ്ടാണ് ഏറെ ഞെട്ടലുണ്ടാക്കിയ മനുഷ്യത്വരഹിതമായ ഈ കൃത്യം നടത്തിയതിൽ തനിക്ക് യാതൊരു ലജ്ജയും മനോ വേദനയുമില്ലെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ നിസ്സങ്കോചം ആ അധ്യാപിക വ്യക്തമാക്കിയതും. തീർത്തും വൃത്തികെട്ട ഈ കൃത്യം നടന്നിട്ടും എന്ത് കൊണ്ട് പരാതി കൊടുത്തില്ലയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്ന് മർദിക്കപ്പെട്ട കുട്ടിയുടെ പിതാവിന്റെ മറുപടി: കേസ് കൊടുത്തിട്ടെന്തു കാര്യമെന്നായിരുന്നു?
വ്യാഴാഴ്ച അരങ്ങേറിയ ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അന്തർദേശീയ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തപ്പോൾ മാത്രമാണ് ഗത്യന്തരമില്ലാതെ യോഗി സർക്കാർ അറസ്റ്റ് രേഖപ്പെടുത്താനും നടപടികൾ കൈകൊള്ളാനും തയ്യാറായതും എന്നും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോൾ മോഡിയും യോഗിയും ത്യാഗിയും വാഴുന്ന വർത്തമാന കാല ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനോഗതി ആ പിതാവിന്റെ വർത്തമാനത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നു വേണം പറയാൻ.
അതോടൊപ്പം, ഇവിടെ പ്രതിഫലിക്കുന്ന മറ്റൊന്ന് സംഘികളുടെ ഭീരുത്വമാണ്. സ്വാതന്ത്ര്യസമരകാലത്ത് തന്നെ ബ്രിട്ടീഷുകാരുടെ കൈകളിലകപ്പെടുമ്പോഴേക്ക് ട്രൌസറില്‍ മൂത്രമൊഴിക്കുന്നതും കവാത് മറന്ന് കാലടിയും ഷൂവും നക്കിത്തുടച്ച് കൊടുക്കുന്നതുമാണ് അവരുടെ രീതി. ഭരണത്തിലിരിക്കുമ്പോഴും അവരെ ആ ഭീതി വിട്ടുമാറിയിട്ടില്ലെന്ന് വേണം കരുതാന്‍. നേരിട്ട് എതിര്‍ക്കാനോ മല്പിടുത്തം നടത്താനോ ധൈര്യമില്ലാത്ത് കൊണ്ടാണ്, കൈയ്യും കാലും കെട്ടിയിട്ട ഏകമനുഷ്യനെ ആള്‍ക്കൂട്ടങ്ങള്‍ തല്ലുന്നതും ആക്രമിക്കുന്നതും. ഈ അധ്യാപിക കുട്ടികളെ ശീലിപ്പിക്കുന്നതും നിസ്സാഹയരെ അക്രമിക്കാന്‍ തന്നെയാണ്. തങ്ങള്‍ക്കെതിരെ ശക്തമായി ആരെങ്കിലും നടന്നുവരുമ്പോഴേക്കും എല്ലാം ഇട്ടെറിഞ്ഞ് പേടിച്ചോടിയതും ഇന്നും പുല്ല് പോലും മുളക്കാതെ കിടക്കുന്ന ആ വഴികളും അവരെ നോക്കി പല്ലിളിക്കുകയാണ്.
നേരറിവ് പകരാനും നേർ വഴി കാണിക്കാനും ബാധ്യസ്ഥരായ അധ്യാപകർ നേരും നെറിയുമില്ലാത്ത ഇത്തരം ആഭാസ സംസ്കാരത്തിന്റെ ഉപാസകരായാൽ വരുംതലമുറ ഭീകരവാദികളും തീവ്രവാദികളുമമായി അധ:പതിക്കാനേ ഉപകരിക്കൂ. അതിനാൽ മതസൗഹാർദ്ധത്തിന്റേയും മനുഷ്യ സ്നേഹത്തിന്റേയും ദേശാഭിമാനത്തിന്റേയും കഥകളാണ് പാഠശാലകളിൽ കൈമാറ്റം ചെയ്യപ്പെടേണ്ടത്, എങ്കിലേ ത്യാഗിമാർ വളരാത്ത പാഠശാലകളും യോഗിമാർ ഭരിക്കാത്ത ഇന്ത്യയും നമുക്ക് പടുത്തുയർത്താൻ കഴിയൂ.
Leave A Comment