സ്ടെ ടെമാൻ: ഫലസ്തീനികളെ പീഢിപ്പിക്കനായി ഇസ്രായേല്‍ പണിത ഗ്വാണ്ടനാമോ

മാസം 9 പിന്നിട്ടിട്ടും  നിഷ്കളങ്ക ജനങ്ങളെ കൊന്നൊടുക്കുന്നതിൽ നിന്നും ഒരടി പിന്നോട്ട് വെച്ചിട്ടില്ല ഇസ്രായേൽ. ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും, സയണിസ്റ്റ് രാജ്യത്തിന്റെ  കിരാതമുറകൾക്ക് വിധേയരാകുന്നത്  യുദ്ധ കാരണം എന്തെന്ന് പോലും അറിയാത്ത ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരുമാണ്. ദിവസം ചെല്ലുംതോറും ഇസ്റാഈലിന്റെ കിരാതമുഖങ്ങള്‍ ഓരോന്നായി ലോകത്തിന് മുന്നില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. അടുത്തിടെയായി  വാർത്തകളിൽ നിറഞ്ഞു നിന്ന, ഇസ്രായേലിലെ  രഹസ്യ തടങ്കൽ പാളയമായ  സ്ടെ ടെയ്മന്‍ അതിന്റെ മറ്റൊരു ഭീകരതെളിവായിരുന്നു. അത്യന്ത്യം ഭീകരവും മനുഷ്യത്വരഹിതവുമായ  മർദ്ദനമുറകളാണ് ബന്ദികളുടെ മേല്‍ ഇവിടെ ഇസ്റാഈല്‍ സൈന്യം പ്രയോഗിക്കുന്നത്. അത് കൊണ്ട് തന്നെ, ഇസ്റാഈലിലെ ഗോണ്ടനാമൊ എന്നാണ് ഇത് അറിയപ്പെടുന്നത് പോലും.

ഏറ്റവും ഭയാനകമായ തടവറ

2023 ഒൿടോബർ ഏഴ് മുതൽ ഇസ്രായേലി തടവു കേന്ദ്രങ്ങളിൽ 36 ഗസ്സക്കാർ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ തന്നെ ഇക്കഴിഞ്ഞ ജൂണിൽ സമ്മതിച്ചതാണ്. സ്ടെ ടെമാനിൽ തടവിലാക്കപ്പെട്ട 4,000  ഫലസ്തീനികളിൽ നിന്നാണിത്. ഇസ്രായേൽ മനുഷ്യാവകാശ സംഘടന തന്നെ പറയുന്നത് പ്രകാരം, കടുത്ത പീഢനങ്ങളാണ് ജയിലറകളിൽ തടവുകാർക്ക് ഏൽക്കേണ്ടിവരുന്നത്. ജയിലിന്റെ ഭാഗമായി ആശുപത്രി പ്രവര്‍ത്തിക്കുന്നത് പോലും, ബന്ദികളെ ശുശ്രൂഷിക്കാനോ ആവശ്യമായ ചികില്‍സകള്‍ നല്കാനോ അല്ല, മറിച്ച് ആവശ്യാനുസരണം ബന്ദികളുടെ അവയവങ്ങള്‍ എടുത്തു മാറ്റാനാണത്രെ. ലോകത്ത് ഇന്ന്, ഏറ്റവും വലിയ മനുഷ്യാവയവ ബേങ്ക് പോലുമുള്ള ഇസ്റാഈലിന്റെ ഉടമസ്ഥതയിലാണെന്നത്, ജയിലറകളില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. അഥവാ, ഇസ്റാഈലിന്റെ ഈ തടവറക്ക് മുന്നില്‍ ഗ്വാണ്ടനാമോ പോലും ലജ്ജിച്ചുപോവുമെന്നര്‍ത്ഥം.

ഇസ്രായേലി സെൻസർഷിപ്പ് കാരണം, സ്ടെ ടെമാനിൽ സംഭവിക്കുന്നതെന്തെന്ന് അറിയാനൊരു വഴിയുമില്ലായിരുന്നു. വല്ലപ്പോഴും മോചിതരാകുന്നകുന്നവരിൽ നിന്നോ, ആക്രമണങ്ങളേറ്റ് മരണം മുന്നിൽ കാണുന്നവരിൽ നിന്നോ, ഇസ്രായേൽ ഡോക്ടർമാരിൽ നിന്നോ, ചുരുക്കം ചില സൈനികരിൽ നിന്നോ വല്ലതും പുറത്തുവന്നാലായി. പാശ്ചാത്യ മാധ്യമങ്ങളും  മനുഷ്യാവകാശ സംഘടനകളും പുറത്തുവിട്ട ചില മൊഴികളിൽ നിന്നുമാണ് ഫലസ്തീനികൾക്ക്  ഇരുട്ടറുകളിൽ കണ്ണുകെട്ടി കഴിയേണ്ടി വരുന്ന  ദുരവസ്ഥയുടെ ചെറുതെങ്കിലും ചില വിവരണങ്ങള്‍ പുറത്ത് വരുന്നത്. അനസ്തേഷ്യ പോലും നൽകാതെയാണത്രെ, സർജന്മാർ  ഓപ്പറേഷനുകൾ നടത്തുന്നത്. അതിലും പലപ്പോഴും നടക്കുന്നത് അവയവ മോഷണമാണ്.

ജനീവ ആസ്ഥാനമായുള്ള യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ, 2023 ഒക്ടോബർ 31- വരെ നടന്ന കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് "ഇസ്രായേലി ഗ്വാണ്ടനാമോ" പുറം ലോകം അറിഞ്ഞു തുടങ്ങുന്നത്. ജയിലിലെ കടുത്ത മനുഷ്യാവകാശലംഘനങ്ങളും മാധ്യമപ്രവർത്തകർക്കും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി അംഗങ്ങൾക്കുമുള്ള പ്രവേശന വിലക്കും ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ തുറന്നു കാട്ടുന്നുണ്ട്. പിന്നീട് ഡിസംബർ 18ന്, അഴിക്കുള്ളിലെ  ഭീകരകൃത്യങ്ങൾ ഹാരേട്സ് ഒന്നൊന്നായി പുറത്തുവിടാൻ തുടങ്ങി. സ്ടെ ടെമാനിനുള്ളിൽ കണ്ണും കയ്യും  കെട്ടിയവരായ നിലയിൽ  ആഴ്ചകളോളം ഇസ്രായേൽ സൈന്യത്തിന്റെ  അതിക്രൂര മര്‍ദ്ദനങ്ങൾക്കിരയാവുന്ന ഫലസ്തീനികളുടെ യഥാർത്ഥ ജീവിതം ഹാരേട്സ് പുറത്തുവിട്ട ഡോക്യുമെന്റിൽ ദർശിക്കാവുന്നതാണ്.

തടങ്കൽ പാളയത്തിൽ നിന്നുള്ള ഒരു സൈനികന്റെ വിവരണം കേൾക്കാം, "വിലങ്ങണിയിച്ച നിലയിൽ,  ശക്തമായ ദുർഗന്ധം ശ്വസിച്ച്,  ഗ്രൗണ്ടിൽ കിടക്കാനാണ് അവരുടെ വിധി. ബാത്റൂമിൽ പോകാൻ പോലും അനുവദിക്കാതെ ഡയപ്പറുകൾ ധരിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു.   കൃത്യമായ പരിചരണം ലഭിക്കാതെ, രോഗം മൂർച്ഛിച്ച് ഇൻഫെക്ഷൻ പിടിപെട്ടവർ ധാരാളമാണ്. പെയിൻ കില്ലർ പോലും നൽകാതെ കാലിന്റെ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്ന ഒരു വൃദ്ധന്റെ  അലർച്ച ഇപ്പോഴും എന്റെ  കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്."

ഭീതിപ്പെടുത്തുന്ന  ശിക്ഷാ മുറകൾ


2024 ജൂൺ ആദ്യത്തിൽ, തടങ്കൽ കേന്ദ്രത്തെയും അതിന്റെ സൈനിക ആശുപത്രിയെയും പ്രതിരോധിക്കുകയും അവിടെ അരങ്ങേറുന്ന മോശമായ പെരുമാറ്റം നിഷേധിക്കുകയും ചെയ്യുന്ന, ഇസ്രായേലി അനസ്‌തേഷ്യോളജിസ്റ്റ് യോയൽ ഡോൺചിനെ പരിചയപ്പെടുത്തുന്നുണ്ട് അസോസിയേറ്റഡ് പ്രസ് ഏജൻസി. കണ്ണുകെട്ടിയുള്ള പീഢനങ്ങളുണ്ടെന്ന് സമ്മതിക്കുന്ന അദ്ദേഹം, അതിനു പിന്നിലെ സുരക്ഷാതന്ത്രമെന്തെന്ന്  തനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത്.

സംശയത്തിന്റെ നിഴലിലുള്ള ഫലസ്തീനികളെ മാത്രമാണ് ജയിലിൽ അടച്ചതെന്നുള്ള ഇസ്രായേലിന്റെ വാദത്തെ അമേരിക്കൻ ഏജൻസി പോലും നിഷേധിക്കുന്നുണ്ട്. വിചാരണ പോലും നടത്താതെ അഴിക്കുള്ളിൽ  പ്രവേശിപ്പിച്ച  പൗരന്മാരുടെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍, തടവുകാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സൗകര്യങ്ങളേ സ്ടെ ടെമാനിലുള്ളൂവെന്ന്, അവിടത്തെ ആശുപത്രിയിലെ ഒരു ഡോക്ടറും സമ്മതിച്ചിരുന്നു. അറസ്റ്റ് ചെയ്തത് മുതൽ  നിർബന്ധമായും ധരിക്കേണ്ടിവരുന്ന  ഇരുമ്പ്  ചങ്ങല, കേവലം ഒരാഴ്ചക്കുള്ളിൽ  രണ്ടു രോഗികളുടെ  കൈ മുറിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നും ഡോക്ടർ വിവരിച്ചിരുന്നു.

അറ്റോണി ജനറലിനും  ഇസ്രായേൽ ഹെൽത്ത് മന്ത്രാലയത്തിനും അയച്ച കത്തിൽ, "വയലേഷൻസ് ഓഫ്  പ്രൊഫഷണൽ എത്തിക്സ്" എന്നാണ് ഡോക്ടർ ഇതിനെ വിശേഷിപ്പിക്കുന്നത്. തടവുകാരുടെ മരണങ്ങളിലെ ഡോക്ടർമാരുടെയും  ആരോഗ്യ-യുദ്ധ മന്ത്രാലയങ്ങളുടെയും അവഗണന തെളിഞ്ഞു കാണാവുന്നതാണ്. ഈ വർഷം മാർച്ച് 13ന്, വാൾ സ്ട്രീറ്റ് ജേണൽ  പ്രസിദ്ധീകരിച്ച മുൻതടവുകാരുടെ സാക്ഷ്യം ഇങ്ങനെയായിരുന്നു, "അടിക്കും തൊഴിക്കും പുറമേ, 20 മണിക്കൂറോളം സൈന്യത്തിന്റെ മുമ്പിൽ  മുട്ടുകുത്തി നിൽക്കേണ്ട സാഹചര്യം പോലും തടവുകാര്‍ക്ക് ഉണ്ടായിട്ടുണ്ട്."

നിഗൂഢ തടവറ
10 മുൻ തടവുകാരുമായി നടത്തിയ അഭിമുഖം വാൾ സ്ട്രീറ്റ് ജേണൽ  ഇയ്യിടെ പ്രസിദ്ധീകരിച്ചിരുന്നു. അവരിൽ 24 കാരനായ ഫലസ്തീന്‍ റെഡ് ക്രസന്റ്  ഉദ്യോഗസ്ഥ ബഹാ അബൂ റുഖ്ബയും ഉണ്ടായിരുന്നു. തോക്കിന്റെ തലപ്പ് കൊണ്ട് അടിച്ചതും തുടയിൽ ചവിട്ടിയതും അടക്കം സ്ത്രീയായ തന്നോട് പോലും കാണിച്ച് ക്രൂരതകളാണ് റുഖ്ബക്ക് പറയാനുണ്ടായിരുന്നത്. ബെഡും ബ്ലാങ്കറ്റും നൽകാതെ നാലു മണിക്കൂറിലേക്ക്  ഉറക്കം ചുരുക്കിയ അനുഭവമാണ് ചിലർ പങ്കുവെച്ചത്. മറ്റു ചിലരാകട്ടെ, 2023 നവംബറിലും ഡിസംബറിലും   ഇസ്രായേൽ ആവശ്യപ്പെട്ടതനുസരിച്ച് സേഫർ സോണിലേക്ക് നീങ്ങവേ ഉണ്ടായ അറസ്റ്റുകളെയാണ് അയവിറക്കിയത്.  അന്നേരം സൈനികർ അവരെ വിവസ്ത്രരാക്കിയിരുന്നു. ബോംബുകളോ മറ്റു ആയുധങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത് എന്നതാണ് നൽകപ്പെട്ട വിശദീകരണം.

വാർത്താ മാധ്യമങ്ങൾക്ക് നൽകുന്ന  വിശദീകരണത്തിൽ മറ്റൊരു തടവുകാരൻ  മുഹമ്മദ് ഉബൈദ്  താൻ നേരിട്ട സംഭവങ്ങളെ പറഞ്ഞുവെക്കുന്നത് ഇങ്ങനെയാണ്. "ആയുധം ഉണ്ടെന്ന് ആരോപിച്ച്  സൈന്യം എന്നോട് വസ്ത്രം അഴിക്കാന്‍ കൽപ്പിച്ചു. എന്നിട്ട് കയ്യും കാലും വരിഞ്ഞു കെട്ടി, മറ്റു തടവുകാരോടൊപ്പം  ഒരു ബസ്സിൽ കയറ്റിവിട്ടു. ഭിത്തിയിൽ  ബന്ധിക്കപ്പെട്ട നിലയിൽ  ആറുമണിക്കൂർ നീണ്ട വിചാരണ നേരിടേണ്ടിവന്നു. അടുത്തദിവസം മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി, ബന്ധുക്കൾ, ഇസ്രായേൽ തടവുകാർ, ഹമാസിന്റെ ടണലുകൾ, റോക്കറ്റ് സൈറ്റുകൾ എന്നിവയെ പറ്റി ദീർഘ ആരായാലുകളായിരുന്നു. അതിനിടെ ഇടിയും തൊഴിയുമെല്ലാം നടക്കുന്നുമുണ്ടായിരുന്നു. ചോദ്യങ്ങൾക്ക് ശേഷം, മുഖത്തുനിന്നും ചോര തുടക്കുകയും, ഇസ്രായേൽ പതാകയുടെയോ ഫോട്ടോയുടെയോ മുന്നിൽ നിൽക്കുകയും വേണം നാല്പതു ദിവസത്തെ തടങ്കലിനു ശേഷം  മോചിതനാവണമെങ്കിൽ. കഴിഞ്ഞ ഡിസംബറിലായിരുന്നു 40 കാരി ഹിബയെ  അറസ്റ്റ് ചെയ്തത്. വീട്ടുകാർ, അയൽവാസികൾ, ഇസ്രായേലി ബന്ദികൾ, ഹമാസ് നേതാക്കൾ എന്നിവരെ പറ്റിയുമുള്ള ചോദ്യങ്ങൾ തന്നെയാണ് ഹിബക്കും നേരിടേണ്ടി വന്നത്.

സ്ടെ ടെമാൻ കൂട്ടക്കൊല
തെക്കൻ  ഇസ്രായേൽ മരുഭൂമിയിലെ  ദീർഷഭ നഗരത്തിലെ ഒരു മിലിട്ടറി ക്യാമ്പിലാണ്  ഈയൊരു തടങ്കൽ പാളയം നിലകൊള്ളുന്നതെന്ന് അടുത്തിടെ ഹീബ്രു പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. CNN മെയ് 11-ന് ഇതിനെ ഇസ്രായേലിലെ ഒരു നിഗൂഢ തടങ്കൽ കേന്ദ്രമായി വിശേഷിപ്പിക്കുന്നുണ്ട്. മുമ്പ് നെഗേവ് മരുഭൂമിയിലെ സൈനിക താവളമായിരുന്നു ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെട്ടിരുന്നത്. 

ഗസ്സയിൽ നിന്ന് ഏകദേശം 18 മൈൽ (28.9 കിലോമീറ്റർ) അകലെയാണ് ഈ ഭീകര തടവറ. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഇതിന്റെ രൂപകൽപന. തടവുകാരെ  നിരന്തരം പീഢിപ്പിക്കാനുള്ള  ഒരു ജയിലും പരിക്കേൽക്കുന്നവരെ ബെഡിൽ ബന്ധിപ്പിച്ച്, ഡയപ്പറുകൾ  ധരിപ്പിച്ച്, പ്രത്യേക ട്യൂബിലൂടെ തീറ്റിക്കുന്ന ഒരു ഹോസ്പിറ്റലും. ഇസ്രായേലിലെ സാധാരണ ഹോസ്പിറ്റലുകൾ ഗസ്സക്കാരെ  ഒരിക്കലും ചികിത്സിക്കാൻ തയ്യാറാവില്ലെന്ന് വാശി പിടിച്ചതോടെ, തട്ടിക്കൂട്ടി ഉണ്ടാക്കിയ  ഹോസ്പിറ്റലാണിത്.

Read More: യിത്സാക് റാബിന്റെ മൃഗീയ നടപടി തന്നെയാണ് ഇസ്റാഈല്‍ ഇപ്പോഴും പിന്തുടരുന്നത്

2024 മാർച്ചിൽ വിദേശ പത്രങ്ങൾ വിരൽചൂണ്ടിയത്,  സ്ടെ ടെമാൻ തടങ്കൽ കേന്ദ്രത്തിന്റെ അഭൂതപൂർവമായ വിപുലീകരണത്തിലേക്കായിരുന്നു. ബീർ ഷെവ സെറ്റിൽമെന്റിനും ഗസ്സ മുനമ്പിനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന   വ്യോമതാവളമായിരുന്നു ഇത്. അവർ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളിൽ, നിരവധി പുതിയ കെട്ടിടങ്ങളും താവളത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിലെ വലിയ കൂടാരങ്ങളും കാണുന്നുണ്ട്. മനുഷ്യാവകാശ ഗ്രൂപ്പുകൾ "ഇസ്രായേലിന്റെ ഗ്വാണ്ടനാമോ"എന്ന് വിശേഷിപ്പിക്കുന്നതിനെ ശരിവെക്കും വിധത്തിൽ, പല തെളിവുകളും ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നു.

ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ച, ജയിലിൽ മരണപ്പെട്ട ഗസ്സയിൽ നിന്നുള്ള 36 ഫലസ്തീനികളും, കടുത്ത മെഡിക്കൽ അവഗണനയുടെ ഇരകളാണെന്നാണ്, ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ സ്ഥിരീകരണം. ചില ഫലസ്തീനികക്ക് വക്കീലുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്, തെല്ല് സങ്കോചത്തോടെയാണ്    ഇസ്രായേലിലെ പീഢനത്തിനെതിരായ പബ്ലിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ടാൽ സ്റ്റെയ്‌നർ വിളിച്ചു പറയുന്നത്. സ്ടെ ടെമാനിലെ ധാർമ്മിക കുറ്റകൃത്യങ്ങളെക്കുറിച്ചും ദീർഘകാല തടവു കാരണം പൂർണ്ണമായ നാഡി തകരാറിലേക്ക് പോലും എത്തിക്കും വിധത്തിൽ തടവുകാർക്കുണ്ടായ ആരോഗ്യ നഷ്ടങ്ങളെക്കുറിച്ചും 2024 ഏപ്രിലിൽ, ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്-ഇസ്രായേൽ, പുറത്തുവിട്ട ഒരു പഠനത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്.

സ്ടെ ടെമാനിലെ ഇരുട്ടറ രഹസ്യങ്ങളെ റിപ്പോർട്ട് ചെയ്യാനായി 2024 ഫെബ്രുവരിയിൽ  കൂടുതൽ പാശ്ചാത്യ  മാധ്യമങ്ങൾ  സജ്ജരായ ഘട്ടത്തിൽ മാത്രമാണ്, ആരോഗ്യമന്ത്രാലയ പ്രതിനിധികളും ഇസ്രായേൽ മെഡിക്കൽ അസോസിയേഷനും ഹോസ്പിറ്റൽ അധികാരികളുമടങ്ങുന്ന എത്തിക്സ് കമ്മിറ്റി അവിടം സന്ദർശിക്കാൻ തുനിയുന്നത്. കമ്മറ്റി ഇതുവരെ അതിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചില്ലെന്ന് മാത്രമല്ല, സ്ഥാപനത്തിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് കടുത്ത യാതനകൾ പേറേണ്ടി  വരുന്നുണ്ടെന്നായിരുന്നു അവര്‍ കണ്ടെത്തിയത്.

തടങ്കൽ പാളയം സന്ദർശിക്കാൻ ഇടയായ  ഒരു ഏജൻസി  ഹരേട്സിന് കൈമാറിയ വിവരങ്ങളില്‍, ഈ തടവറയെ ഇറാഖിലെ  അബൂ ഗുറൈബ് തടവറയോടാണ് സാദൃശ്യപ്പെടുത്തിയത്.

വർദ്ധിത ആക്രമണം

വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി, മെയ് മാസത്തിൽ ഒരു പത്രസമ്മേളനത്തിനിടെ കുപ്രസിദ്ധ തടങ്കൽ പാളയത്തിന്റെ സാന്നിധ്യത്തെ പൊതുമധ്യേ തുറന്ന് വെക്കാൻ ധൈര്യപ്പെടുന്നുണ്ട്. തടവുകാരെ ക്രൂരകൃത്യങ്ങൾക്ക് വിധേയരാക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും അതിനെതിരെ ഇസ്രായേലിനോട്  വാഷിംഗ്ടണിന്  ചോദ്യങ്ങൾ ഏറെയുണ്ടെന്നും കിർബി തുറന്ന് പറഞ്ഞിരുന്നു.

തടവുകാരോട് മോശമായി പെരുമാറിയതിനും അമിതമായ ബലപ്രയോഗം നടത്തിയതിനും നിലവിൽ ചില സൈനികർ അന്വേഷണം നേരിടുന്നുണ്ടെന്ന് ഇസ്രായേലി മിലിട്ടറി അഡ്വക്കേറ്റ് ജനറൽ യിഫാത്ത് ടോമർ യെരുഷാൽമി സമ്മതിച്ചതും അടുത്തിടെയായിരുന്നു. അതേസമയം, സ്ടെ ടെമാൻ പോലുള്ള സൈറ്റുകൾക്ക് നിയമപരമായ പ്രതിരോധം സൃഷ്ടിക്കാനുള്ള ബെഞ്ചമിൻ നെതന്യാഹു സർക്കാറിന്റെ ശ്രമങ്ങളെ കടന്നാക്രമിക്കുന്നുണ്ട്   ഹീബ്രു സൈറ്റ് +972.

പരിമിതമായ മേൽനോട്ടത്തിലോ നടപടി ക്രമത്തിലോ മാത്രം തടവുകാരെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന അൺലോഫുൾ കോമ്പാറ്റ്മെൻസ് ലോയിൽ, മറ്റ് പുതിയ അടിയന്തിര നിയന്ത്രണങ്ങൾക്കൊപ്പം നെസെറ്റ് ഒരു ഭേദഗതി പാസാക്കിയിരുന്നു. 2023 ഡിസംബർ 18ന് നിയമമായ പുതിയ ഭേദഗതി അനുസരിച്ച്, ഒരു വ്യക്തിയെ ജുഡീഷ്യൽ ഉത്തരവില്ലാതെ 45 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാവുന്നതും  കേസിന്റെ ജുഡീഷ്യൽ അവലോകനം കൂടാതെ 75 ദിവസത്തേക്ക് തടവിലാക്കാവുന്നതും കൂടാതെ 180 ദിവസം വരെ വേണമെങ്കിൽ  അഭിഭാഷകനെ സമീപിക്കാനുള്ള  അവകാശം നിഷേധിക്കാവുന്നതുമാണ്. 

തടങ്കലിൽ വെച്ചതിനെക്കുറിച്ചോ  തടവിലാക്കിയ സാഹചര്യങ്ങളെക്കുറിച്ചോ സ്ഥലത്തേക്കുറിച്ചോ ഒരു വിവരവും നൽകപ്പെടാതെ, തടവുകാർ   പീഢിപ്പിക്കപ്പെടുകയോ മരിക്കുകയോ ചെയ്യാം എന്നതാണ് ഈ നിയമങ്ങളുടെ ഫലം. 2024 മാർച്ച് വരെയുള്ള ത്രൈമാസ റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേൽ ജയിൽ സർവീസ്, 829 തടവുകാരെ (828 പുരുഷന്മാരും ഒരു സ്ത്രീയും) നിയമവിരുദ്ധമായ കോംബാറ്റന്റ്സ് നിയമപ്രകാരം തടവിലാക്കിയിട്ടുണ്ട്. പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്ന പ്രകാരം, ഈ നിയമത്തിന് ശേഷം, ഗസ്സയിൽ നിന്നുള്ള തടവുകാരുടെ എണ്ണം 150% വർദ്ധിച്ചിരിക്കുകയാണ്. 

ഇസ്രായേൽ പ്രിസൺ സർവീസിന്റെ അഭിപ്രായത്തിൽ, മാർച്ച് മാസത്തോടെ, "സുരക്ഷാ തടവുകാർ" എന്ന് തരംതിരിക്കുന്ന ഫലസ്തീൻ തടവുകാരുടെ എണ്ണം 9,000 കടന്നിരിക്കുന്നു. അതിൽ കുറ്റം ചുമത്തുകയോ വിചാരണ നേരിടുകയോ ചെയ്യാതെ തടവിലാക്കപ്പെട്ട 3,582 അഡ്മിനിസ്ട്രേറ്റീവ് തടവുകാരുണ്ട്. ഇസ്രായേൽ നിയമം പീഢനത്തെ വ്യക്തമായി നിരോധിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബന്ദി പീഢനത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ കരാറില്‍ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടും, പീഢനത്തെ കുറ്റകൃത്യമായി നിർവചിക്കാനും കുറ്റവാളികൾക്ക് ശിക്ഷ നൽകാനും പാകത്തിലുള്ള   നിയമനിർമ്മാണത്തിൽ നിന്ന് ഇസ്രായേൽ മനപ്പൂർവ്വം പിൻവലിയുകയാണ് ചെയ്യുന്നത്. വർഷങ്ങളായി  വർണ്ണ വംശീയത  മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു രാഷ്ട്രത്തിൽ നിന്നും  ഇതിലപ്പുറം പ്രതീക്ഷിക്കുന്നത്  വങ്കത്തമാകും. യഥാർത്ഥത്തിൽ, ഫലസ്തീനികൾക്കെതിരെ  നിർദാക്ഷിണ്യം പ്രവർത്തിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നതും  ഈയൊരു ബോധം തന്നെയാണ്. എന്തിനും ഏതിനും  വർണ്ണ വെറിയുടെ ഈറ്റില്ലമായ അമേരിക്കയുടെ പിന്തുണയും കൂടെ ആകുമ്പോൾ, ഇത്തരുണത്തിലുള്ള നീക്കങ്ങൾ സ്വാഭാവികം. 

അതേ സമയം, ഇത്രയും ആധുനികരെന്നും ഏറെ പുരോഗതി പ്രാപിച്ചവരെന്നും സ്വയം മേനി നടിച്ചും ഇത്രകാലം മറ്റുള്ളവരെ വിശ്വസിച്ചിപ്പിച്ചും നടന്നിരുന്ന ഇസ്റാഈലിന്റെ തനി നിറവും യഥാര്‍ത്ഥ മുഖവുമാണ് ഇവിടെ ലോകത്തിന് മുന്നില്‍ അനാവൃതമാവുന്നത്. നിസ്സഹായരായ ബന്ദികളോട് മാന്യമായി പെരുമാറണമെന്ന ആരും അംഗീകരിക്കുന്ന മാനുഷിക നിയമത്തെയും സര്‍വ്വോപരി മനസ്സില്‍ അല്പമെങ്കിലും കനിവും ആര്‍ദ്രതയുമുള്ള ആരും അംഗീകരിക്കുന്ന മാനവിക മൂല്യത്തെയുമാണ് അവര്‍ കാറ്റില്‍ പറത്തുന്നത്. ഫലസ്തീനികളുടെ ജീവനും ശരീരത്തിനും ആരോഗ്യത്തിനും നാല്കാലികളുടെ വില പോലും അവര്‍ കല്പിക്കുന്നില്ലെന്നതാണ് സത്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter