അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 65-70) ആരാണ് സ്വാബിഉകള്‍ ?
യഹൂദികളുടെ ചില തെറ്റായ രീതികളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചുമൊക്കെയായിരുന്നല്ലോ ചര്‍ച്ച. അല്ലാഹു പിശുക്കനാണെന്ന് ആരോപിച്ചതിനെക്കുറിച്ചാണ് കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചിരുന്നത്.
ഇത്രയും ഗുരുതരമായ മഹാമോശത്തരങ്ങള്‍ ചെയ്തവരാണെങ്കിലും അതെല്ലാം ഒഴിവാക്കി, സത്യവിശ്വാസം സ്വീകരിക്കാനവര്‍ തയ്യാറായാല്‍ എല്ലാം പൊറുത്തുകൊടുക്കുമെന്നും സുഖലോക സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കും എന്നുമാണിനി 65, 66 ആയത്തുകളില്‍ അല്ലാഹു പറയുന്നത്.
ഇസ്രയേല്യര്‍ എന്ന വിഭാഗം ജന്മനാ അഭിശപ്തരായവരോ ആയുഷ്‌കാലമത്രയും നിര്‍ഭാഗ്യരായി ക്കഴിയാന്‍ വിധിക്കപ്പെട്ടവരോ അല്ല, നിഷേധവും ധിക്കാരവും അല്ലാഹുവിനെതിരെയുള്ള കുത്സിത പ്രവര്‍ത്ത നങ്ങളും കൊണ്ട് അങ്ങനെയാവുകയാണുണ്ടായത്.
അത്തരം പ്രവൃത്തികളൊഴിവാക്കി, അല്ലാഹുവിലും പ്രവാചകന്മാരിലും വേദങ്ങളിലും വിശിഷ്യ ഖുര്‍ആനിലും വിശ്വസിക്കുകയാണെങ്കില്‍ അവര്‍ക്ക് ഉത്തമ ജനവിഭാഗമായി മാറാന്‍ കഴിയും. പരലോകത്തുവെച്ച് ലഭിക്കുന്ന സ്വര്‍ഗീയാനുഗ്രഹങ്ങള്‍ക്ക് പുറമെ ഇഹലോകത്തുവെച്ചും ഗുണഫലങ്ങളനുഭവിക്കാന്‍ കഴിയും.
ഇക്കാര്യങ്ങളെല്ലാം ശരിക്ക് മനസ്സിലാക്കി ഇസ്‌ലാം സ്വീകരിച്ച ചില നല്ലവര്‍ അവരുടെ കൂട്ടത്തിലുണ്ട്. പക്ഷേ, ഭൂരിഭാഗമാളുകളും ദുര്‍മാര്‍ഗത്തിലാണ്. തൗറാത്തും ഇന്‍ജീലും മാറ്റിമറിക്കുകയും തോന്നിയതെല്ലാം മതമാക്കുകയുമാണവര്‍ ചെയ്തത്.
وَلَوْ أَنَّ أَهْلَ الْكِتَابِ آمَنُوا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَأَدْخَلْنَاهُمْ جَنَّاتِ النَّعِيمِ (65)
വേദക്കാര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ നാം അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും സുഖലോക സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنْجِيلَ وَمَا أُنْزِلَ إِلَيْهِمْ مِنْ رَبِّهِمْ لَأَكَلُوا مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ ۚ مِنْهُمْ أُمَّةٌ مُقْتَصِدَةٌ ۖ وَكَثِيرٌ مِنْهُمْ سَاءَ مَا يَعْمَلُونَ (66)
തൗറാത്തും ഇന്‍ജീലും തങ്ങളുടെ റബ്ബിങ്കല്‍ നിന്നവതീര്‍ണമായ മറ്റു വേദങ്ങളും ശരിയായി നിലനിറുത്തിയിരുന്നുവെങ്കില്‍ മുകളിലും കാല്‍ച്ചുവട്ടിലും നിന്ന് അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. ഉദാത്ത നിലപാടു സ്വീകരിക്കുന്ന ഒരു വിഭാഗം അവരിലുണ്ട്; പക്ഷെ, മിക്കവരുടെയും ചെയ്തികള്‍ മഹാ മോശം!
لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَأَدْخَلْنَاهُمْ جَنَّاتِ النَّعِيمِ
പരലോക വിജയത്തിന്‍റെ അടിസ്ഥാനം ഈ രണ്ട് കാര്യങ്ങളാണ് - പാപമോചനവും സ്വര്‍ഗപ്രാപ്‌തിയും.
وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنْجِيلَ
തൗറാത്തിന്‍റെയും ഇന്‍ജീലിന്‍റെയും യഥാര്‍ത്ഥ അധ്യാപനങ്ങളും, വിശുദ്ധ ഖുര്‍ആന്‍ അടക്കം അല്ലാഹു അവതരിപ്പിച്ച മറ്റു ഗ്രന്ഥങ്ങളുടെ അധ്യാപനങ്ങളും തമ്മില്‍ വൈരുധ്യമുണ്ടാകില്ല. ഓരോന്നും മറ്റേതിനെ ശക്തിപ്പെടുത്തുകയും സത്യമാണെന്ന് അംഗീകരിക്കുകയുമാണ് ചെയ്യുന്നത്.
ഒരു കിതാബിനു ശേഷം മറ്റൊരു ഗ്രന്ഥം വരാന്‍ പോകുന്നുവെങ്കില്‍ അതു സംബന്ധമായി ആ കിതാബില്‍ തന്നെ സൂചനയുണ്ടാകും. വരാന്‍ പോകുന്ന ഇന്‍ജീല്‍ അംഗീകരിക്കാന്‍ തൗറാത്തില്‍ നിര്‍ദ്ദേശമുണ്ട്.
വിശുദ്ധ ഖുര്‍ആനെയും മുഹമ്മദ് നബി صلى الله عليه وسلمയെയും അംഗീകരിക്കണമെന്ന്, മൂസാ നബി عليه السلام യും ഈസാനബി عليه السلام യും തൗറാത്തും ഇന്‍ജീലും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ, യഹൂദികളും നസ്വാറാക്കളും തൗറാത്തും ഇന്‍ജീലും പൂര്‍ണമായി സ്വീകരിക്കാന്‍ സന്നദ്ധരായാല്‍തന്നെ മതി. മാറ്റത്തിരുത്തലുകളില്ലാതെ തൗറാത്തും ഇന്‍ജീലും
സ്വീകരിക്കുന്ന പക്ഷം, വിശുദ്ധ ഖുര്‍ആനിലും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും അവര്‍ വിശ്വസിക്കുകതന്നെ ചെയ്യും. അങ്ങനെയവര്‍ ചെയ്തിരുന്നുവെങ്കില്‍, ഇരുലോകത്തും അതിന്‍റെ ഗുണഫലം അനുഭവിക്കാമായിരുന്നു.
لَأَكَلُوا مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ
മുകളിലും കാല്‍ചുവട്ടിലും നിന്ന് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, അന്തരീക്ഷത്തില്‍ നിന്നു മഴവര്‍ഷിച്ചും ഭൂമിയില്‍ നിന്നു സസ്യലതാദികളും കായ്കനികളും ഉണ്ടായും ജീവിതസുഭിക്ഷത കൈവരും എന്നാണ്.
സത്യവിശ്വാസവും സന്മാര്‍ഗനിഷ്ഠയും പാലിക്കുന്നവര്‍ക്ക് പരലോകത്തെ സുഖസൗകര്യങ്ങള്‍ മാത്രമല്ല, ഐഹിക ജീവിതത്തിലും ക്ഷേമൈശ്വര്യങ്ങള്‍ ലഭിക്കുന്നതാണ്. ഈ വസ്തുത വേറെയും പല സ്ഥലങ്ങളിലും അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട് (സൂറത്തുല്‍ അഅ്‌റാഫ് 96; നൂഹ് 10-12 ഉദാഹരണം).
ഇക്കാര്യം ബൈബ്‌ളിലും കാണാവുന്നതാണ്: ‘എന്‍റെ കല്‍പന പ്രമാണിച്ചു അനുസരിച്ചാല്‍ ഞാന്‍ തക്ക സമയത്ത് മഴതരും, ഭൂമി വിളവ് തരും, വൃക്ഷവും ഫലം തരും’ – ഇത്തരം ധാരാളം വാഗ്ദാനങ്ങള്‍ ലേവ്യാ പുസ്തകം 26-ആം അധ്യായത്തിലുണ്ട്.
‘ഞാന്‍ ആജ്ഞാപിക്കുന്ന സകല കല്‍പനകളും അനുസരിച്ചു നടന്നാല്‍ യഹോവ നിന്നെ സര്‍വ്വ ജാതികള്‍ക്കും മീതെയാക്കും, പട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും, വയലില്‍ നീ അനുഗ്രഹിക്കപ്പെടും, ശത്രുക്കളെ നിന്‍റെ മുമ്പില്‍ തോല്‍ക്കുമാറാക്കും’ – ഇത്തരം ധാരാളം വാഗ്ദാനങ്ങള്‍ ആവര്‍ത്തന പുസ്തകം 28-ആം അധ്യായത്തിലും കാണാം.
അടുത്ത ആയത്ത് 67
തന്‍റെ സന്ദേശങ്ങള്‍ പ്രബോധനം ചെയ്യാനാണ് അല്ലാഹു മുര്‍സലുകളെ നിയോഗിക്കുന്നത്. അവരത് നിര്‍വഹിച്ചേ തീരൂ; വിട്ടുവീഴ്ചകളൊന്നും അതിലില്ല. അവരില്‍ ഉണ്ടാകല്‍ അസംഭവ്യം (മുസ്തഹീല്‍) ആയ വിശേഷണമാണത്. ശത്രുക്കളുടെ അക്രമ-മര്‍ദ്ദനങ്ങളൊന്നും ദൗത്യനിര്‍വഹണക്കാര്യത്തില്‍ ഭയപ്പെട്ടുകൂടാ. അവരില്‍ നിന്നുള്ള സംരക്ഷണം അല്ലാഹു നല്‍കും.
തിരുനബി (صلى الله عليه وسلم)യുടെ ജീവന്‍ അപകടപ്പെടുത്തിയോ മറ്റോ ദൗത്യനിര്‍വഹണം പരാജയപ്പെടുത്താന്‍ ആരെയും അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയാണ്. അവിടത്തെ ഇല്ലാതെയാക്കാന്‍ എത്രയെത്ര തന്ത്രങ്ങളാണ് ശത്രുക്കള്‍ മെനഞ്ഞത്! എല്ലാം പരാജയപ്പെടുത്തുകയും അത്ഭുതകരമായി അവിടത്തെ രക്ഷിക്കുകയുമാണ് അല്ലാഹു ചെയ്തത്.
يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ ۖ وَإِنْ لَمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ (67)
ഹേ ദൂതരേ, രക്ഷിതാവിങ്കല്‍ നിന്നു താങ്കള്‍ക്കവതീര്‍ണമായത് പ്രബോധനം ചെയ്യുക. അതു നിര്‍വഹിക്കുന്നില്ലെങ്കില്‍ താങ്കള്‍ അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചു കൊടുത്തിട്ടില്ലെന്നുവരും. ജനങ്ങളില്‍ നിന്നു അങ്ങയെ അല്ലാഹു സംരക്ഷിക്കുന്നതാണ്. നിഷേധികളായവര്‍ക്ക് അവന്‍ സന്മാര്‍ഗദര്‍ശനം നല്‍കുകയേ ചെയ്യില്ല.
ദൗത്യനിര്‍വഹണ കാര്യത്തില്‍ കണിശമായ ശ്രദ്ധയായിരുന്നു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുലര്‍ത്തിയിരുന്നത്. അത് ഉറപ്പു വരുത്തുകകൂടി ചെയ്തിട്ടാണ് അവിടന്ന് ഇഹലോകത്തോട് വിടവാങ്ങിയത്.
ഹജ്ജത്തുല്‍ വിദാഇലെ അവിടത്തെ പ്രസംഗം സുപ്രസിദ്ധമാണല്ലോ. അവിടന്ന് ചോദിച്ചു: ‘ഹേ മനുഷ്യരേ, എന്നെപ്പറ്റി നിശ്ചയം നിങ്ങളോട് ചോദിക്കപ്പെടും. നിങ്ങള്‍ എന്തായിരിക്കുമപ്പോള്‍ പറയുക?’
ആളുകള്‍ പറഞ്ഞു: ‘അവിടുന്ന് ദൗത്യമെത്തിച്ചുതരികയും ഉപദേശിക്കുകയും ചെയ്തുവെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും’. അപ്പോള്‍ തിരുനബി صلى الله عليه وسلم അവിടുത്തെ ചൂണ്ടുവിരല്‍ ആകാശത്തേക്കുയര്‍ത്തുകയും അവരുടെ നേരെ താഴ്ത്തി ആംഗ്യം കാണിക്കുകയും ചെയ്ത് മൂന്നു പ്രാവശ്യം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷ്യം വഹിക്കേണമേ!’ (മുസ്‌ലിം)
وَاللَّهُ يَعْصِمُكَ مِنَ النَّاسِ
തിരുനബി (صلى الله عليه وسلم)യുടെ കുട്ടിക്കാലം മുതല്‍തന്നെ യഹൂദികള്‍ അവിടത്തെ മേല്‍ കണ്ണുവെക്കുകയും അപായപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. കാരണം, അന്ത്യകാലത്തു വരുന്ന നബിയെക്കുറിച്ച് അവരുടെ വേദങ്ങളില്‍ പറഞ്ഞ വിശേഷണങ്ങള്‍, തിരുനബി (صلى الله عليه وسلم)യില്‍ അവര്‍ കണ്ടിരുന്നു. അതുകൊണ്ട്, പ്രവാചകത്വത്തിനു മുമ്പുതന്നെ അവിടത്തെ വധിക്കാനവര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
പ്രവാചകത്വം ലഭിച്ച ശേഷം ശേഷം സ്വന്തം നാട്ടുകാരും കുടുംബക്കാരും തിരുനബി (صلى الله عليه وسلم)യുടെ കഠിനശത്രുക്കളായിമാറി. ഉത്‌ബത്തുബ്‌നു അബീമുഐഥ്, കഴുത്തില്‍ മുണ്ട് ചുറ്റി അവിടത്തെ കൊല്ലാന്‍ ശ്രമിച്ചു. ഹിജ്‌റയുടെ രാത്രി ഊരിപ്പിടിച്ച വാളുകളുമായി ഖുറൈശ് തിരുനബി (صلى الله عليه وسلم)യുടെ വീടു വളഞ്ഞു. ഹിജ്‌റവേളയില്‍ സുറാഖത്ത് അവിടത്തെ വധിക്കാനായി പിന്തുടര്‍ന്നു.
ഉഹ്‌ദ് യുദ്ധത്തില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞപ്പോള്‍ ശത്രുക്കള്‍ ഇടതടവില്ലാതെ തിരുനബി (صلى الله عليه وسلم)യുടെ നേരെ ആയുധങ്ങള്‍ പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചു. കൊല്ലപ്പെട്ടെന്നുവരെ കിംവദന്തി പ്രചരിപ്പിച്ചു.
ഖൈബറില്‍ വെച്ച്, ജൂതവനിത കഠിന വിഷം ചേര്‍ത്ത മാംസം തിരുനബി (صلى الله عليه وسلم)യെ ഭക്ഷിപ്പിക്കാന്‍ ശ്രമിച്ചു. ലബീദ് എന്ന ജൂതനും പുത്രിമാരും കൂടി അവിടത്തേക്ക് സിഹ്റ് ചെയ്‌തു. മറ്റു പലപ്പോഴും യഹൂദികള്‍ അവടിത്തെ ചതിയിലൂടെ വധിക്കാന്‍ ശ്രമം നടത്തി. എല്ലാ ശ്രമങ്ങളില്‍നിന്നും അത്ഭുതകരമായി തിരുനബി (صلى الله عليه وسلم) യെ അല്ലാഹു രക്ഷപ്പെടുത്തി.
وَاللَّهُ يَعْصِمُكَ مِنَ النَّاسِ
ഇപ്പറഞ്ഞതിന്, ദൗത്യം നിര്‍വഹിക്കുന്നതിനടയില്‍ ഒരു വിഷമവും നേരിടുകയില്ല എന്ന് അര്‍ഥമില്ല. സ്വാഭാവികമായ പല പ്രയാസങ്ങളുമുണ്ടാകാം. അങ്ങനെ പലതും ഉണ്ടായിട്ടുമുണ്ടല്ലോ. എല്ലാം അവിടന്ന് അതിജീവിച്ച് ദൗത്യം ഭംഗിയായി നിര്‍വഹിച്ചു.
ഈ വാക്യം അവതരിക്കുന്നതുവരെയും തിരുനബി صلى الله عليه وسلم ക്ക് പല വിഷമ ഘട്ടങ്ങളിലും ചിലര്‍ കാവല്‍ നില്‍ക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഈ ആയത്തിറങ്ങിയ ശേഷം, അവിടന്ന് അത് നിര്‍ത്തലാക്കി.
ആഇശ ബീവി (رضي الله عنها) പറയുന്നു: ഒരു യുദ്ധവേളയില്‍ തമ്പിലാണ് തിരുനബി (صلى الله عليه وسلم). അവിടത്തേക്ക് ഉറക്കം വരുന്നില്ല. എന്താണ് അസ്വാസ്ഥ്യമെന്ന് ഞാന്‍ ചോദിച്ചു. ഇന്നെനിക്ക് പാറാവുകാരായി ആരുമില്ലേ എന്നവിടന്ന് ആരാഞ്ഞു. അങ്ങനെയിരിക്കെ ഞങ്ങള്‍ ആയുധങ്ങളുടെ ശബ്ദം കേട്ടു. ആരാണ്?- തിരുനബി (صلى الله عليه وسلم) അന്വേഷിച്ചു. `ഇത് സഅ്‌ദും ഹുദൈഫയുമാണ്. അങ്ങയുടെ പാറാവുകാരായി വന്നിരിക്കുകയാണ് ഞങ്ങള്‍'-ആഗതര്‍ പറഞ്ഞു. അങ്ങനെ അവിടന്ന് നന്നായി ഉറങ്ങി.
ആ സമയത്താണ് ഈ സൂക്തം ഇറങ്ങിയത്. തല്‍സമയം തമ്പില്‍ നിന്ന് ശിരസ്സ് പുറത്തേക്കു നീട്ടി അവിടന്നിങ്ങനെ പറഞ്ഞു: നിങ്ങള്‍ പിരിഞ്ഞുപൊയ്‌ക്കൊള്ളൂ; അല്ലാഹു എനിക്ക് സംരക്ഷണമേകിയിരിക്കുന്നു. (അസ്‌ബാബുന്നുസൂല്‍ 115).
അടുത്ത ആയത്ത് 68
തൗറാത്തിന്‍റെയും ഇന്‍ജീലിന്‍റെയും ആളുകളാണ് ഞങ്ങളെന്ന് വെറുതെ പറഞ്ഞതുകൊണ്ടു കാര്യമില്ലെന്ന് ആവര്‍ത്തിച്ചുപറയുകയാണിനി. ആ വേദങ്ങള്‍ ശരിയായി കൊണ്ടുനടക്കാനുള്ള സന്നദ്ധതയെങ്കിലുമില്ലാതെ വെറുതയെങ്ങനെ പറയുന്നതിന് എന്തര്‍ത്ഥമാണുള്ളത്?
അല്ലാഹുവിന്‍റെ മതവും ഗ്രന്ഥങ്ങളും എല്ലാം സത്യസന്ധമാണ്. അവ മുഴുവന്‍ അംഗീകരിച്ചവനേ വിശ്വാസിയാകൂ. ചിലത് തള്ളിക്കളഞ്ഞ് ഞാനും ശരിയായ വിശ്വാസി ആണ് എന്ന കേവല വാദത്തിന് അര്‍ത്ഥമോ നിലനില്‍പോ ഇല്ല.
മുഹമ്മദ് നബി (صلى الله عليه وسلم) അന്ത്യപ്രവാചകനാണെന്നും പൂര്‍വ വേദക്കാരൊക്കെ അവിടത്തെ അംഗീകരിക്കണമെന്നും തൗറാത്തിലും ഇന്‍ജീലിലും സ്പഷ്ടമായി കല്‍പിക്കപ്പെട്ടതാണ്. ആ നബിയെയും ഖുര്‍ആനെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള വിശ്വാസ വാദം നിരര്‍ത്ഥകമാണ്.
അവരുടെ ഇത്തരം ഉള്ളുകള്ളികള്‍ വെളിച്ചത്തുകൊണ്ടുവരികയും അതിന്‍റെ പേരില്‍ അവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ അവതരിക്കുമ്പോള്‍, സ്വാഭാവികമായും അവര്‍ക്ക് തിരുനബി صلى الله عليه وسلم യോടും വിശുദ്ധ ഖുര്‍ആനിനോടുമുള്ള വെറുപ്പ് വര്‍ധിക്കും. അതൊന്നും, തിരുനബിയേ صلى الله عليه وسلم , അങ്ങ് കാര്യമാക്കുകയോ അതിന്‍റെ പേരില്‍ സങ്കടപ്പെടുകയോ വേണ്ട എന്ന് അവിടത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഈ ആയത്തിറങ്ങാനുണ്ടായ കാരണം: ഇമാം ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: ഒരു സംഘം ജൂതന്മാര്‍ തിരുനബി (صلى الله عليه وسلم) യടുത്തുവന്ന് ചോദിച്ചു: തൗറാത്ത് സത്യസന്ധമാണെന്ന് നിങ്ങള്‍ സമ്മതിക്കുന്നില്ലേ? അവിടന്ന് പറഞ്ഞു: അതെ. അപ്പോഴവര്‍: ആ, ഞങ്ങള്‍ ആ തൗറാത്തിലാണ് വിശ്വസിക്കുന്നത്. മറ്റൊന്നിലും ഞങ്ങള്‍ വിശ്വസിക്കുകയില്ല. തല്‍സമയമാണ് ഈ സൂക്തം അവതീര്‍ണമായത്. (തഫ്‌സീര്‍ റാസി 12:51).
قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنْجِيلَ وَمَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا ۖ فَلَا تَأْسَ عَلَى الْقَوْمِ الْكَافِرِينَ (68)
വേദക്കാരേ, തൗറാത്തും ഇന്‍ജീലും നാഥങ്കല്‍ നിന്നു നിങ്ങള്‍ക്കവതീര്‍ണമായ മറ്റു വേദങ്ങളും ശരിയാം വണ്ണം നിലനിറുത്തുന്നതുവരെയും മതപരമായി നിങ്ങള്‍ ഒന്നുമല്ല എന്നു താങ്കള്‍ പറയുക. രക്ഷിതാവിങ്കല്‍ നിന്നു താങ്കള്‍ക്കവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതുകൊണ്ട് അവിശ്വാസികളായ ജനത്തെപ്പറ്റി അങ്ങ് ദുഃഖിക്കുകയേ ചെയ്യരുത്.
حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنْجِيلَ
യഥാര്‍ത്ഥ തൗറാത്തും ഇന്‍ജീലുമാണ് ഇവിടെ ഉദ്ദേശ്യം.
അടുത്ത ആയത്ത് 69
അല്ലാഹു, രിസാലത്ത്, ആഖിറത്ത് എന്നീ മൂന്ന് ആധാര ശിലകളില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് സത്യവിശ്വാസം എന്ന സുരക്ഷാസൗധം. അതതു കാലങ്ങളിലുള്ള മുര്‍സലുകളുടെ മാര്‍ഗദര്‍ശന പ്രകാരം വിശ്വാസ സിദ്ധാന്തങ്ങള്‍ മുറുകെ പിടിക്കുകയും തദനുസൃതം സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ ആരായാലും - ജാതിയോ വംശമോ വര്‍ണമോ വ്യത്യാസമില്ലാതെ- ഐഹികവും പാരത്രികവുമായ വിജയത്തിനര്‍ഹരാണ് എന്നാണിനി വ്യക്തമാക്കുന്നത്
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئُونَ وَالنَّصَارَىٰ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (69)
സത്യവിശ്വാസം കൈക്കൊണ്ടവരോ ജൂതമതം സ്വീകരിച്ചവരോ സ്വാബിഉകളോ ക്രിസ്ത്യാനികളോ ആരായാലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് ഭയപ്പെടേണ്ടതായി യാതൊന്നുമില്ല; ദുഃഖിക്കേണ്ടി വരികയുമില്ല അവര്‍.
സൂറത്തുല്‍ ബഖറ 62, സൂറത്തു ആലു ഇംറാന്‍ 85-89 സൂക്തങ്ങള്‍ പഠിച്ചപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
യഹൂദികളോ നസ്വാറാക്കളോ ആരുമാകട്ടെ, ആ മതം വാലിഡായിരുന്ന സമയത്ത്, അതിന്‍റെ നിയമ വ്യവസ്ഥകളനുസരിച്ച് ജീവിച്ചാല്‍ അവര്‍ക്ക് ഐഹികവും പാരത്രികവുമായ വിജയമുണ്ടെന്നാണ് ഈ പറഞ്ഞതിന്‍റെ ചുരുക്കം. ഓരോ മതങ്ങളുടെ സ്വീകാര്യതയും സാധുതാഘട്ടവുമൊക്കെ അതതു കാലങ്ങളില്‍ തന്നെ അല്ലാഹു അറിയിച്ചിട്ടുണ്ട്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക: സര്‍വ മത സത്യവാദത്തിന് തെളിവായി ഈ സൂക്തം ഉയര്‍ത്തിക്കാട്ടുന്നവരുണ്ട്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറയുന്ന ഇക്കൂട്ടര്‍ ഈ ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്യാറുമുണ്ട്. തികഞ്ഞ മൗഢ്യമാണവര്‍ ജല്‍പിക്കുന്നത്.
അല്ലാഹുവിന്‍റെയടുക്കല്‍ സ്വീകാര്യമായ മതം ഒന്നേയുള്ളൂ – ഇസ്‌ലാം (إِنَّ الدِّينَ (عِندَ اللَّهِ الْإِسْلَامُ . അതല്ലാത്ത മറ്റൊരു മതവും അവങ്കല്‍ സ്വീകാര്യമല്ലതന്നെ (وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ)
ആയത്തിന്‍റെ സാരം ഒന്നുകൂടി വിശദമായി പറയാം: പൂര്‍വ സമുദായങ്ങളില്‍ നന്മ ചെയ്തവര്‍ക്ക് അതിന്‍റെ പ്രതിഫലം പൂര്‍ണമായും ലഭിക്കും. അതായത്, അതതു കാലത്തെ പ്രവാചകന്മാരില്‍ വിശ്വസിക്കുകയും അവരുടെ ഉപദേശമനുസരിച്ച് ജീവിക്കുകയും ചെയ്തവര്‍ക്ക് രക്ഷയുണ്ട്.
മൂസാ നബി(عليه السلام)ല്‍ വിശ്വസിച്ച്, തൗറാത്തില്‍ പറഞ്ഞ പ്രകാരം നടന്ന യഹൂദികള്‍ക്ക് അല്ലാഹുവിങ്കല്‍ നന്മയുണ്ട്; ഈസാ നബി(عليه السلام)ന്‍റെ ആഗമനം വരെ.
ഈസാ (عليه السلام) വന്ന ശേഷം അദ്ദേഹത്തില്‍ വിശ്വസിക്കുകയും ഇന്‍ജീലില്‍ പറഞ്ഞ പ്രകാരം നടക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലമുണ്ട്; മുഹമ്മദ് നബി (صلى الله عليه وسلم) നിയോഗിക്കപ്പെടുന്നതുവരെ. അവര്‍ക്ക് ഭയപ്പെടാനോ വ്യസനിക്കാനോ ഒന്നുമില്ല.
എന്നാല്‍, തിരുനബി (صلى الله عليه وسلم) നിയുക്തരായ ശേഷം അവിടത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തവര്‍ക്കല്ലാതെ രക്ഷയുണ്ടാകില്ല. തിരുനബി (صلى الله عليه وسلم) യെ നിഷേധിക്കുന്ന പൂര്‍വ സമുദായങ്ങള്‍ അവരുടെ സ്വന്തം പ്രവാചകരെയും വേദഗ്രന്ഥങ്ങളെയും നിഷേധിച്ചവരാണ്. കാരണം, ആ പ്രവാചകന്മാരും അവരുടെ ദിവ്യഗ്രന്ഥങ്ങളും മുഹമ്മദ് നബി (صلى الله عليه وسلم) യുടെ ആഗമനത്തെക്കുറിച്ചും അവിടത്തെ വിശ്വസിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഊന്നിയൂന്നിപ്പറഞ്ഞിട്ടുണ്ട്!
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئُونَ وَالنَّصَارَى
സത്യവിശ്വാസികള്‍ മുഹമ്മദ് നബി (صلى الله عليه وسلم) യുടെയും, യഹൂദികള്‍ മൂസാ നബി(عليه السلام)ന്‍റെയും, നസ്വാറാക്കള്‍ ഈസാ നബി(عليه السلام)ന്‍റെയും സമുദായങ്ങളാണ്.
وَالصَّابِئُونَ
സ്വാബിഉകളെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. സൂറത്തുല്‍ ബഖറയിലെ 62 ആം സൂക്തം പഠിച്ചപ്പോള്‍ നമ്മളത് പറഞ്ഞിട്ടുണ്ട്.
മതം മാറിയവര്‍ എന്നാണ് വാക്കര്‍ത്ഥം. ഏതായാലും ഈ പേരിലറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ഇപ്പോഴില്ല.
ഇബ്രാഹീം നബി(عليه السلام)ന്‍റെ കാലത്ത് ബാബിലോണിയയിലും നിനെവായിലും വലിയ പ്രതാപികളായിരുന്ന ഒരു മതവിഭഗമായിരുന്നു സ്വാബിഉകള്‍. മനുഷ്യാത്മാവിന് അല്ലാഹുവിനെ നേരിട്ട് സമീപിക്കാന്‍ കഴിയുകയില്ലെന്നാണവര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് സൂര്യചന്ദ്രാദി ഗോളങ്ങളെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്. ഇതാണൊരഭിപ്രായം.
മറ്റൊരു അഭിപ്രായം: യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും മജൂസികളുടെയും പല വിശ്വാസാചാരങ്ങളും സ്വീകരിച്ച, സ്വന്തമായി ഒരു മതമില്ലാത്തവരാണ് സ്വാബിഉകള്‍.
മലക്കുകളെ ആരാധിച്ചിരുന്ന വിഭാഗമാണവര്‍ എന്നാണ് വേറെയൊരു അഭിപ്രായം.
വ്യാഖ്യാതക്കളില്‍ മിക്കപേരും സ്വാബിഉകളെ വേദക്കാരുടെ കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. സ്വാബിഉകളെ സംബന്ധിച്ച് പല അഭിപ്രായങ്ങളും വിവരിച്ച ശേഷം ഹാഫിള് ഇബ്‌നു കസീര്‍(رحمه الله) ഇങ്ങനെയാണെഴുതുന്നത്: അവര്‍ ജൂതരുടെയോ ക്രിസ്ത്യാനികളുടെയോ മജൂസികളുടെയോ മുശ്‌രിക്കുകളുടെയോ മതം സ്വീകരിച്ചവരായിരുന്നില്ല. ഒരു മതത്തെയും അവര്‍ അനുകരിച്ചിരുന്നുമില്ല. സ്വന്തമായ, പ്രകൃതിപരമായ ഒരു രീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.
അടുത്ത ആയത്ത് 70
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മം അനുഷ്‌ഠിക്കുകയും ചെയ്യുന്നവര്‍ക്ക് ഭയപ്പെടാനോ വ്യസനിക്കാനോ ഒന്നുമില്ലെന്ന് പറഞ്ഞല്ലോ.
ഇനി പറയുന്നത്, ഇസ്രാഈലുകാരോട് അങ്ങനെ നല്ലവരായി ജീവിക്കാന്‍ നാം കരാര്‍ വാങ്ങുകയും ആ വിഷയം അവരെ ഇടക്കിടക്ക് ഉണര്‍ത്താന്‍ വേണ്ടി മുര്‍സലുകളെ അയച്ചുകൊണ്ടിരിക്കുകയും ചെയ്‌തു എന്നാണ്.
എന്നിട്ടവര്‍ ചെയ്തതെന്താണ്? അവര്‍ക്കിഷ്ടമില്ലാത്ത സന്ദേശമാണ് ആ മുര്‍സലുകള്‍ നല്‍കുന്നതെങ്കില്‍ ഒന്നുകില്‍ കള്ളന്മാരെന്നു പറഞ്ഞ് തള്ളിക്കളയും, അല്ലെങ്കില്‍ അവരെ ക്രൂരമായി വധിച്ചുകളയും. എത്ര വലിയ ഗുരുതരമായ പാതകമാണിത്!
لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنْفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ (70)
ഇസ്രയേല്യരോട് നാം ഉടമ്പടി ചെയ്യുകയും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. തങ്ങളുടെ ഇച്ഛക്കനുസൃതമല്ലാത്ത കാര്യങ്ങളും കൊണ്ട് അവരുടെയടുത്ത് ഓരോ റസൂല്‍ ചെല്ലുമ്പോഴും ഒരു വിഭാഗത്തെ നിഷേധിക്കുകയും മറ്റൊരു വിഭാഗത്തെ കൊന്നുകളയുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരുന്നത്.
ഇസ്രാഈല്യരധികവും അഹങ്കാരികളും കപട ആഢ്യത്വവും ദുരാഭിജാത്യവും കൊണ്ടുനടക്കുന്നവരുമായിരുന്നു. ഞങ്ങള്‍ അല്ലാഹുവിന്‍റെ പ്രിയപുത്രന്മാരും ഇഷ്ടഭാജനങ്ങളുമാണെന്ന് അവര്‍ പറഞ്ഞിരുന്നത് ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്.
സ്വന്തം താപര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണവര്‍.
അതുകൊണ്ടുതന്നെ, പ്രവാചകന്മാരുടെ ഉപദേശങ്ങളൊന്നും അവര്‍ക്ക് പിടിച്ചില്ല. നിഷേധിക്കുകയും പരഹസിക്കുകയുമാണ് ചെയ്തത്. പല പ്രവാചകരെയും കൊന്നുകളയുകപോലും ചെയ്തു! എന്തൊരു കൊടുംക്രൂരത!
---------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment