തഹാഫുത്ത്: തകർക്കപ്പെട്ട ദർശനങ്ങളും തിരുത്തപ്പെട്ട യുക്തികളും
ബുദ്ധി എന്നത് കണ്ണിന്റെ കാഴ്ച പോലെയാണ്, വെളിപാട് (ഖുർആൻ) എന്നത് സൂര്യപ്രകാശത്തെപ്പോലെയും. സൂര്യപ്രകാശമില്ലെങ്കിൽ കണ്ണിന് കാഴ്ചയില്ല, അതുപോലെ വെളിപാടില്ലെങ്കിൽ ബുദ്ധിക്ക് ശരിയായ വഴി കണ്ടെത്താനാവില്ല." — ഇമാം ഗസാലി[1]
ദൈവ സൃഷ്ടിയായ മനുഷ്യന്റെ ബുദ്ധിക്ക് (العقل) ദൈവസത്യങ്ങളെ പൂർണ്ണമായി ഗ്രഹിക്കാനാകുമോ?
ബുദ്ധി, വെളിപാട് (الوحي ) തമ്മിലുള്ള ബന്ധം ഇസ്ലാമിലെ പ്രാമാണിക വൈജ്ഞാനിക ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഗൗരവമേറിയ ഒരു വാദപ്രതിവാദത്തിലേക്ക് വഴിതെളിച്ചതായി കാണാം. മദ്ധ്യകാല ഇസ്ലാമിക ചിന്താധാരയിൽ, ഈ ബന്ധത്തെ ആസ്പദമാക്കി ഒരു പ്രധാന ബൗദ്ധിക വിവാദം തന്നെ രൂപം കൊണ്ടിട്ടുണ്ട്. ഈ സംവാദത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രൂപം ഇമാം ഗസാലിയുടെയും ഇബ്ൻ റുഷ്ദിന്റെയും രചനകളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
ബുദ്ധി വെളിച്ചമാണെങ്കിലും വെളിപാടിന്റെ മാർഗനിർദ്ദേശമില്ലെങ്കിൽ അത് ദിശയറ്റ പ്രകാശമായി മാറാം എന്ന മഹത്തായ ദർശനമാണ് ഇമാം ഗസാലിയുടെ വാക്കുകളുടെ ചുരുക്കം. അദ്ദേഹം തന്റെ (تهافُتُ الفلاسفة) എന്ന കൃതിയിലൂടെ ബുദ്ധിയുടെ പരിധികളെ വരച്ചുകാട്ടിയപ്പോൾ, ഇബ്നു റുഷ്ദ് തന്റെ (تهافُتُ التهافُت) എന്ന രചനയിൽ "സത്യം സത്യത്തെ മുറിപ്പെടുത്തുകയില്ല"[2] (Truth does not contradict truth) എന്ന നിരൂപണത്തിലൂടെ ബുദ്ധിയും വെളിപാടും തമ്മിൽ യഥാർഥത്തിൽ യാതൊരു തരത്തിലുള്ള വൈരുധ്യവും നിലനിൽക്കുന്നില്ലെന്നാണ് പറഞ്ഞു വെക്കുന്നത്.
പരസ്പര പൂരണങ്ങളായ വിശ്വാസവും ബുദ്ധിയും തമ്മിലുള്ള ഈ ബന്ധം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള ചര്ച്ചകൾ ഇന്നും പണ്ഡിതന്മാരുടെ ഇടയിൽ ഏറെ സജീവമാണെന്നത് ഇത്തരം പഠനങ്ങളുടെ പ്രസക്തിയേറുന്നതിന്റെ തെളിവാണ്.
യഥാർത്ഥത്തിൽ ബുദ്ധിയും വെളിപാടും (വഹ്യ്) തമ്മിൽ ഇങ്ങനെയൊരു വൈരുദ്ധ്യമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നിടത്താണ് ഗസാലിയും ഇബ്ൻ റുഷ്ദും വേര്തിരിയുന്നത്.
ഹുജ്ജത്തുൽ ഇസ്ലാം: ദാർശനിക ചക്രവാളത്തിലെ സത്യം തേടിയുള്ള വിപ്ലവം
പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബു ഹാമിദ് അൽഗസാലി, തത്വശാസ്ത്രം, നിയമശാസ്ത്രം, സൂഫിസം എന്നിവയിൽ ഗൗരവമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്[3]. അദ്ദേഹം തത്വചിന്തയെ പൂർണമായി എതിർക്കുന്നതിന് പകരം, ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമായ ഗ്രീക്ക് ദർശനങ്ങളുടെ അമിതപ്രയോഗത്തെ തിരുത്തിക്കൊണ്ട് സത്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തിപ്പോന്നത്.
മൂന്നു മുഖ്യ വിമർശനങ്ങളെ ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ തഹാഫത്തുൽ ഫലാസിഫ എന്ന കൃതിയിലൂടെ, ഗ്രീക്ക് തത്ത്വചിന്തയിൽ അധിഷ്ഠിതമായ തത്ത്വചിന്തകരായ ഇബ്നു സീന, അൽഫാറാബി തുടങ്ങിയവരെ അദ്ദേഹം ആലോചനാത്മകമായി വിലയിരുത്തുന്നുണ്ട്. ഈ നിരൂപണത്തിന്റെ താത്വിക ഘടന അതിനനുസരിച്ച് രൂപപ്പെട്ടിരിക്കുന്ന ഒന്നാണ്[4].
പ്രപഞ്ചോല്പത്തി: ഇമാനേഷൻ സിദ്ധാന്തത്തിനുള്ള ഗസാലിയൻ മറുപടി
മർത്യലോകം ഒരു ദൈവ സൃഷ്ടിയാണെന്ന തന്റെ കാഴ്ചപ്പാടിലൂടെ, ലോകം അനാദിയാണെന്ന തത്വ ചിന്തക വാദത്തെ നിരാകരിച്ചുകൊണ്ട്, സൃഷ്ടിയുടെ ആശയത്തെ സംരക്ഷിക്കുകയാണ് അദ്ദേഹം. ഗസാലിയുടെ വിമർശനങ്ങളിൽ ഏറ്റവും സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ ഒരു ഭാഗമാണിത്. ഉദ്വമനം അഥവാ 'ഇമാനേഷൻ' എന്ന സങ്കൽപ്പത്തിലൂടെ, പ്രകാശത്തിൽ നിന്ന് വെളിച്ചം ഉദ്ഭവിക്കുന്നതുപോലെ, പ്രപഞ്ചം ദൈവത്തിൽ നിന്ന് നിർബന്ധിതമായ ഒരു വികിരണപ്രവാഹമായി (emanation) ഉദ്ഭവംകൊണ്ട ഒന്നാണെന്നാണ് അരിസ്റ്റോട്ടിലിയൻ ചിന്താഗതിയെ പിന്തുടരുന്ന ഇബ്നു സീനയെ പോലുള്ള ചില തത്ത്വചിന്തകരുടെ വാദം[5]. അതിനാൽതന്നെ, ഒരു നിർദ്ദിഷ്ട സമയത്ത് സൃഷ്ടിക്കണമെന്നുള്ള ദൈവ തീരുമാനം ഉണ്ടാവുകയാണെങ്കിൽ, അത് ദൈവത്തിൽ മാറ്റം സംഭവിക്കുന്നതായി സൂചിപ്പിക്കുമെന്നുള്ള നിലപാടാണ് ഇവരുടേത്[6].
പ്രപഞ്ചം അനാദിയാണെന്ന് കരുതുകയാണെങ്കിൽ ഈ നിമിഷത്തിലേക്ക് നാം എങ്ങിനെ എത്തിച്ചേരുന്നു എന്നുള്ള ഗണിതശാസ്ത്രപരമായ ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ലോകത്തിന് ഒരു നിർദ്ദിഷ്ടമായ ആരംഭമുണ്ടാകണമെന്ന നിഗമനത്തിലേക്ക് ഇമാം ഗസാലി എത്തിച്ചേരുന്നത്. ഇത് ഒരു ഉപമയുടെ ദൃഷ്ടികോണത്തിൽ നിന്ന് നിരീക്ഷിക്കാം: അനന്തമായൊരു വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് ഒരു നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക അസാധ്യമായതുപോലെ, ഭൂതകാലം അനന്തമാണെങ്കിൽ ഇന്നത്തെ ദിവസം ഉണ്ടാവുക എന്നതും അസാധ്യമാണ്. അതിനാൽ, ഇന്നത്തെ ദിവസം വന്നെത്തിയതർത്ഥമാക്കുന്നത് ഭൂതകാലത്തിന് ഒരു തുടക്കം ഉണ്ടായിരുന്നു എന്നാണ്[7].
അതുപോലെത്തന്നെ സമാനമായ രണ്ടു വസ്തുക്കളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ ഒരു സാധാരണ മനുഷ്യന് കഴിവുണ്ടെങ്കിൽ, സർവ്വശക്തനായ ദൈവത്തിന് ഒരു പ്രത്യേക സമയം തിരഞ്ഞെടുക്കൽ തീർത്തും അനായാസകരമാണ്. ശൂന്യതയിൽ നിന്ന് ഒരു പ്രത്യേക സമയത്ത് ദൈവം ലോകത്തെ സൃഷ്ടിച്ചു എന്ന ഖുർആനിക ദർശനത്തിന്റെ വെളിച്ചത്തിൽ ലോകത്തിന്റെ അനാദിത്വ സിദ്ധാന്തത്തെ വിശ്വാസപരമായി നിരാകരിക്കുകയാണ് ഇമാം ഗസാലി. ഇപ്രകാരം ഈ സിദ്ധാന്തത്തെ യുക്തിയുടെയും വിശ്വാസത്തിന്റെയും രണ്ട് തലങ്ങളിലൂടെയാണ് ഇദ്ദേഹം ഇവിടെ ഖണ്ഡിക്കുന്നത്.
ദൈവിക ജ്ഞാനത്തിന്റെ ആഴവും പരലോക യാഥാർത്ഥ്യങ്ങളും
അദ്ദേഹത്തിന്റെ രണ്ടാമത്തെ മുഖ്യ വിമർശനം ദൈവീക ജ്ഞാനത്തെ കേന്ദ്രീകരിച്ചാണ് ഉയരുന്നത്. ദൈവജ്ഞാനം കേവലം സാർവ്വത്രിക കാര്യങ്ങളിൽ (الكليات) മാത്രം പരിമിതമായ ഒന്നാണെന്നും, പരിണാമധീന സവിശേഷങ്ങളെ (الجزئيات ) ഉൾകൊള്ളിക്കുന്നില്ലെന്നുമുള്ള വാദം 'സർവ്വജ്ഞാനി' (العليم) എന്ന വിശേഷണത്തോട് അന്വയിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം, പരലോകജീവിതത്തെക്കുറിച്ചുള്ള തത്ത്വചിന്തകരുടെ കാഴ്ചപ്പാടും ഗസാലിയുടെ വിമർശനപരിധിക്കു പുറത്തല്ല.
ഖുർആൻ വിവരിക്കുന്ന സ്വർഗ്ഗ-നരകാനുഭവങ്ങൾ ആത്മാവിനോട് മാത്രം ബന്ധിപ്പിക്കാനാകുന്ന ഒന്നാണോ, അതോ മനുഷ്യന്റെ സമഗ്ര സത്തയെയും ഉൾക്കൊള്ളുന്നുണ്ടോ? പരലോകത്ത് ശരീരം പുനർനിർമ്മിക്കപ്പെടാതെ, ശിക്ഷയും പ്രതിഫലവും ആത്മാവിൽ മാത്രം പരിമിതപ്പെടുത്തുന്ന വാദം, ഖുർആനിലെ നരക-സ്വർഗ്ഗ വർണ്ണനകളെ തള്ളിക്കളയുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു[8]. എന്നിരുന്നാലും, ഗസാലിയുടെ നിരൂപണം എല്ലാ തത്ത്വചിന്താപരമായ വാദങ്ങളെയും ഒരേ തോതിൽ വിലയിരുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. തത്ത്വചിന്തകർ ഉന്നയിച്ച ഇരുപതോളം വാദങ്ങളിൽ മുൻപ് പരാമർശിച്ച ഈ മൂന്ന് ആശയങ്ങളെ മാത്രമാണ് അദ്ദേഹം ദൈവ നിഷേധത്തിന് ഹേതുവാകുന്ന കാര്യങ്ങളായി വിലയിരുത്തിയത്. പതിനേഴ് വാദങ്ങളെ പുത്തനാശയങ്ങളോട് യോജിക്കുന്ന തരത്തിലുള്ള തെറ്റായ ചിന്താഗതികളായിട്ടാണ് അദ്ദേഹം കണക്കാക്കിയതെന്ന് കാണാം[9].
കാര്യകാരണ ബന്ധങ്ങൾ തകരുമ്പോൾ: ഒക്കേഷണലിസത്തിലെ വിപ്ലവചിന്തകൾ
ഇമാം ഗസാലിയുടെ ദർശന വ്യാപ്തി ഗ്രീക്ക് സ്വാധീനമുള്ള ദാർശനിക ചിന്തകളെ വെല്ലുവിളിക്കുന്നതിൽ മാത്രം പരിമിതപ്പെട്ടുകിടക്കുന്നതല്ല. ലോകസംഭവങ്ങളുടെ അന്തർഘടന, കാര്യകാരണബന്ധത്തിന്റെ യാഥാർത്ഥ്യം, ദൈവിക സർവ്വാധികാരം എന്നിവയിലേക്കും അദ്ദേഹത്തിന്റെ ദർശനം വ്യാപിച്ചു. അത്ഭുതങ്ങൾ യുക്തിക്ക് വിരുദ്ധമാണോ? അത്ഭുതവും യുക്തിയും പരസ്പരം ഏറ്റുമുട്ടുന്ന ഈ ചോദ്യത്തിന്റെ കൊടുങ്കാറ്റിനിടയിലാണ് ഗസാലിയുടെ ഒക്കേഷണലിസം ജന്മമെടുക്കുന്നത്. 'ഒക്കേഷണലിസം' കേവലം ഒരു മതപരമായ വാദമല്ല, മറിച്ച് അത് ശാസ്ത്രീയമായ നിശ്ചിതത്വത്തെ (Scientific Determinism) ചോദ്യം ചെയ്യുന്ന ഒന്നുകൂടിയാണ്[10].
നാം ദിനംപ്രതി കാണുന്ന സംഭവങ്ങൾക്കു പിന്നിൽ നിർണ്ണായകമായ കാരണങ്ങൾ ഉണ്ടെന്നാണ് യഥാർത്ഥത്തിൽ കരുതപ്പെടുന്നത്. എന്നാൽ, പ്രപഞ്ചത്തിലെ സംഭവങ്ങൾ സ്വതന്ത്രമായ പ്രകൃതിശക്തികളുടെ നിർബന്ധിത പ്രവർത്തനഫലമല്ല; മറിച്ച് ഓരോ നിമിഷത്തിലും അല്ലാഹുവിന്റെ ഇച്ഛ മുഖേനയാണ് അവ സംഭവിക്കുന്നതെന്ന ദർശനാടിസ്ഥാനത്തിലാണ് ഇമാം ഗസാലി ഉറച്ചുനിൽക്കുന്നത്. ഇതടിസ്ഥാനത്തിൽ, തീയെ സ്പർശിക്കുമ്പോൾ പൊള്ളലേൽക്കുന്നത് തീയ്ക്കുള്ള സ്വതസിദ്ധമായ ശക്തി കൊണ്ടല്ലെന്നും തീയും തൊലിയും തമ്മിലുള്ള സമ്പർക്കാവസരത്തിൽ, പൊള്ളൽ എന്ന സംഭവത്തെ ആ നിമിഷം അല്ലാഹു സൃഷ്ടിക്കുന്നതാണ് യഥാർത്ഥ കാരണമെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്നത്[11]. അതിനാൽ, നാം സാധാരണയായി “തീയാണ് കരിച്ചത്” എന്ന് പറയുമ്പോഴും, ഗസാലിയുടെ കാഴ്ചപ്പാടിൽ അത് ദൈവിക പ്രവർത്തനത്തിന്റെ പുറംപ്രത്യക്ഷം മാത്രമാണെന്ന് വേണം മനസ്സിലാക്കാൻ. ഇതേ ആശയം നിത്യജീവിതത്തിലെ ലളിതമായ സംഭവങ്ങളിലേക്കും വ്യാപിപ്പിക്കാം. ഉദാഹരണത്തിന്, നമ്മൾ സ്വിച്ച് അമർത്തുമ്പോൾ ബൾബ് കത്തുന്നത് വൈദ്യുതിയുടെ സ്വതന്ത്ര ശക്തി കൊണ്ടു മാത്രം സംഭവിക്കുന്ന ഒന്നല്ല; മറിച്ച് അല്ലാഹു നിശ്ചയിച്ച ക്രമത്തിൽ ഓരോ നിമിഷവും സംഭവിക്കുന്ന ദൈവിക സംവിധാനത്തിന്റെ ഭാഗമായിട്ടാണെന്നതാണ് ഗസാലിയുടെ ദർശനത്തിൽ നിന്ന് വ്യക്തമാവുന്നത്.
ഈ ലോകത്ത് നാം നിരന്തരം കാണുന്ന കാര്യകാരണ ബന്ധങ്ങൾ, മനുഷ്യർ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിനിയമങ്ങളായി കരുതുന്നുവെങ്കിലും, ഗസാലിയുടെ ദർശനത്തിൽ അവ കേവലം ശീലപരമായ കാര്യങ്ങൾ മാത്രമാണ്[12]. അത്ഭുതങ്ങൾക്ക് യുക്തിപരമായ സ്ഥാനം നൽകുക എന്നതാണ്, ഈ സിദ്ധാന്തത്തിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. കാരണം, സർവ്വാധിപതി അല്ലാഹു മാത്രമാണ്, മറിച്ച് സ്വതന്ത്ര പ്രകൃതി അല്ല. ഇത്തരം സമീപനമാണ് അദ്ദേഹത്തിന്റെ ഒക്കേഷണലിസം എന്ന ആശയത്തിന്റെ കേന്ദ്രം. ഇന്നത്തെ ശാസ്ത്രലോകത്തിലെ Quantum Physics (ക്വാണ്ടം ഫിസിക്സ്) മുന്നോട്ടുവയ്ക്കുന്ന അനിശ്ചിതത്വ സിദ്ധാന്തവുമായി ഈ ആശയത്തെ പല ആധുനിക ചിന്തകരും താരതമ്യം ചെയ്യുന്നതായി കാണാം[13]. ഇപ്രകാരം, ഒക്കേഷണലിസം വഴി കാര്യകാരണ ബന്ധങ്ങൾ നിർബന്ധിതമല്ലെങ്കിൽ, പ്രവാചകന്മാർ മുഖേന പ്രകടമാകുന്ന അത്ഭുതസംഭവങ്ങൾ യുക്തിക്ക് വിരുദ്ധമല്ലെന്നുള്ള യാഥാർഥ്യമാണ് ഗസാലി ഇവിടെ വ്യക്തമാക്കുന്നത്. അതിനാൽ, അത്ഭുതം എന്നത് യുക്തിയുടെ തകർച്ചയല്ല; മറിച്ച് ഇന്ന് യുക്തിയുടെ പൂർണ്ണതക്ക് “അനിവാര്യ സത്യം” അത്യന്താപേക്ഷികമായ ഒന്നാണെന്ന് കരുതപ്പെടുന്ന മനോഭാവത്തെയാണ് ഗസാലിയുടെ ഈ നിരീക്ഷണം വെല്ലുവിളിക്കുന്നത്.
ഒക്കേഷണലിസം: ഇസ്തിഗാസയിലെ സംവാദങ്ങളും ആദർശ സംരക്ഷണവും
ഗസാലിയുടെ ഈ കാര്യകാരണ ദർശനം (Occasionalism) പിൽക്കാലത്ത് അഹ്ലുസ്സുന്നയുടെ ആദർശ സംരക്ഷണത്തിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. 'ഒക്കേഷണലിസം' മുന്നോട്ടുവെക്കുന്ന പ്രധാന വാദം, കോസ് ആൻഡ് എഫക്ട് എന്നത് ഒരു കുല്ലിയ്യായ നിയമമാണെങ്കിലും, യുക്തിപരമായി നോക്കിയാൽ ആ നിയമം അതിന്റെ എല്ലാ ഘടകങ്ങളിലും ഒരേപോലെ ബാധകമാകണമെന്നില്ല[14]. മനുഷ്യൻ വിവേചന ശേഷിയുള്ള ജീവിയാണ് എന്നത് പൊതുവായ ഒരു നിർവ്വചനമാണ്. പക്ഷേ 'സൈദ്' എന്ന വ്യക്തിയെ എടുക്കുമ്പോൾ, അയാൾക്ക് ആ നിമിഷം ചിന്തിക്കാൻ കഴിയുന്നുണ്ടോ എന്നത് അയാളുടെ അവസ്ഥയെയും അല്ലാഹുവിന്റെ തൗഫീഖിനെയും ആശ്രയിച്ചിരിക്കും. അതുപോലെ, "മനുഷ്യർക്ക് അദൃശ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല" എന്നത് ഒരു കുല്ലിയ്യായ നിയമമായി അഹ്ലുൽ ബിദ്അ കാണുമ്പോൾ, അല്ലാഹു തിരഞ്ഞെടുത്ത വ്യക്തികള്ക്ക് (പ്രവാചകന്മാർ, ഔലിയാക്കൾ) അല്ലാഹു അത്ഭുതകരമായ കഴിവുകൾ നൽകും എന്ന യാഥാർത്ഥ്യം അവർ മറന്നുപോകുന്നു. പ്രപഞ്ചത്തിൽ വസ്തുക്കൾക്ക് സ്വയം പ്രവർത്തിക്കാൻ കഴിയുന്ന സ്ഥിരമായ നിയമങ്ങളില്ല; പകരം ഓരോ നിമിഷത്തിലും (In time) അല്ലാഹു ഓരോ അവസ്ഥകളെ സൃഷ്ടിച്ചു നൽകുകയാണ് ചെയ്യുന്നത്. നബി(സ)യുടെ 'ഇസ്അലൂനീ മാ ബദാ ലകും'[15] (നിങ്ങൾക്ക് തോന്നുന്നത് എന്നോട് ചോദിച്ചുകൊള്ളുക) എന്ന ആഹ്വാനത്തെ ഈ പശ്ചാത്തലത്തിലാണ് അഹ്ലുസ്സുന്നയുടെ പണ്ഡിതർ നോക്കിക്കാണുന്നത്. നബി(സ)യോട് സഹായം തേടുന്നത് അവിടുത്തേക്ക് അല്ലാഹുവിൽ നിന്ന് സ്വതന്ത്രമായ കഴിവുണ്ടെന്ന വിശ്വാസത്തിലല്ല, മറിച്ച് അല്ലാഹു ആ നിമിഷം അവിടുന്ന് വഴി സഹായം നൽകും എന്ന ഉറപ്പിലാണ്. അവിടെ കാരണമല്ല (Cause), കാരണക്കാരനാണ് (Creator of Cause) പ്രധാനം. അതുകൊണ്ട് തന്നെ അത് ശിർക്ക് ആകുന്നില്ല.
എന്നാൽ, പ്രപഞ്ചത്തിലെ കാര്യങ്ങളെ ഒരു 'ഫിക്സഡ് മെക്കാനിസം' ആയി കണ്ടുകൊണ്ട്, അല്ലാഹു പ്രകൃതിക്ക് ചില നിയമങ്ങൾ നൽകിയിട്ടുണ്ടെന്നും (ഉദാഹരണത്തിന് വെള്ളം കുടിച്ചാൽ ദാഹം മാറും), ആ പരിധിക്ക് പുറത്തുള്ളത് ഒരാളോട് ചോദിക്കുന്നത് ശിർക്കാണെന്നുമാണ് സലഫി വാദത്തിന്റെ ശൈലി. എന്നാൽ ഇമാം ഗസാലി പഠിപ്പിച്ചത് പോലെ, 'വെള്ളം ദാഹം മാറ്റും' എന്നത് അല്ലാഹുവിന്റെ ഒരു ആദത്ത് (ശീലം) മാത്രമാണ്, അല്ലാതെ വെള്ളത്തിന്റെ അനിവാര്യമായ കഴിവല്ല. അതുകൊണ്ട് തന്നെ അദൃശ്യമായ മാർഗ്ഗത്തിലൂടെ അല്ലാഹു സഹായിക്കുമെന്ന് വിശ്വസിക്കുന്നതിൽ യുക്തിഭദ്രതയുണ്ട്. ഇതടിസ്ഥാനത്തിൽ സഹായം അഭ്യർത്ഥിക്കുന്നത് സൃഷ്ടികളോടാണെങ്കിലും, അതിന്റെ യഥാർത്ഥ പ്രവർത്തനശക്തി അല്ലാഹുവിന്റെ അറിവോടും അനുവാദത്തോടും കൂടിയാണെന്ന ബോധ്യം ശിർക്കിന്റെ പഴുതുകളെ പൂർണ്ണമായും അടച്ചു കളയുകയാണ് ചെയ്യുന്നത്.[16]
ഗസാലി തത്ത്വചിന്താ വിരോധിയായിരുന്നുവോ?
ഈ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ, അദ്ദേഹം ഒരു ‘തത്ത്വചിന്താ വിരോധി’ ആയിരുന്നോ എന്ന ചോദ്യത്തിന്, അല്ല എന്ന് തന്നെ പറയേണ്ടി വരും. ഇമാം ഗസ്സാലിയുടെ ലക്ഷ്യം തത്ത്വചിന്തയെ എതിർക്കുക എന്നതായിരുന്നില്ല. മറിച്ച്, ഇസ്ലാമിക വിശ്വാസത്തെ യുക്തിയുടെ അടിസ്ഥാനത്തിൽ എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു.
അദ്ദേഹത്തിന്റെ 'സത്യാന്വേഷണ പരീക്ഷണങ്ങൾ' പിൽക്കാലത്ത് ലോകപ്രശസ്തരായ പല ദാർശനികരെയും വലിയ രീതിയിൽത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. ആധുനിക പാശ്ചാത്യ തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന റെനെ ഡെക്കാർട്ടെയുടെ (René Descartes) 'മെത്തേഡ് ഓഫ് ഡൗട്ട്' (Method of Doubt) എന്ന രചനയിൽ ഗസാലിയുടെ ചിന്താ രീതികളുടെ സ്വാധീനം കാണാൻ സാധിക്കുന്നുണ്ട്[17]. ആധുനിക മനഃശാസ്ത്രവും ആത്മീയ ചിന്തകളും കൈകോർക്കുന്ന സമകാലിക ചർച്ചകളിൽ, മനുഷ്യന്റെ ആന്തരിക വെളിച്ചത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാഠങ്ങൾ ഒരു വഴികാട്ടിയായി ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നുണ്ട്. ബുദ്ധിയുടെ പരിമിതികളെ തിരിച്ചറിയുന്നതോടൊപ്പം തന്നെ ആത്മീയമായ ഉൾക്കാഴ്ചകൾക്ക് പ്രാധാന്യം നൽകുന്ന ഗസാലിയുടെ ദർശനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.
എന്റെ വിശ്വാസങ്ങളിൽ എനിക്ക് സംശയമില്ലേ? എന്ന് സ്വയം ചോദിക്കുന്ന ഒരാൾക്ക്, സത്യാന്വേഷണത്തിന്റെ മങ്ങിയ ദർപ്പണത്തിൽ ജ്ഞാനത്തിന്റെ പ്രതിബിംബം തുറന്നുകാട്ടുകയാണ് ഇമാം ഗസാലി. ബാഹ്യമായ നിയമങ്ങൾ പകർന്നുനൽകുന്നതിനപ്പുറം ഉള്ളിലെ ആത്മീയതയുമായി അതിനെ സമന്വയിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇവിടെയാണ് നാം ഗസാലിയുടെ ദാർശനിക വീക്ഷണത്തിന്റെ ആഴം മനസ്സിലാക്കേണ്ടത്. ഒരു സമൂഹത്തിന്റെ ധാർമ്മിക ഉണർവ്വിന് ഇത്തരം ഇടപെടലുകൾ അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ്, അദ്ദേഹത്തിന്റെ വിമർശനങ്ങൾ കേവലം വാദപ്രതിവാദങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാതെ, ഇസ്ലാമിക വൈജ്ഞാനിക ലോകത്തിന് കൂടുതൽ വ്യക്തത നൽകാനുള്ള ശ്രമങ്ങളിലേക്കും വ്യാപിച്ചത്.
തഹാഫത്തു തഹാഫുത്: ഇബ്നു റുഷ്ദിന്റെ ഗസാലിയൻ വിമർശനം
എന്നാൽ ഗസാലി ഉയർത്തിയ ഈ വെല്ലുവിളികളുടെ പ്രതിധ്വനി ഇവിടെ അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ നിരൂപണങ്ങളെ മറ്റൊരു വീക്ഷണത്തിലൂടെ വിലയിരുത്തിക്കൊണ്ട് യുക്തിയെയും വിശ്വാസത്തെയും സമന്വിത ഘടകങ്ങളായി വിവരിക്കുകയും ഗസാലിയുടെ വിമർശനങ്ങളെ പ്രത്യാഖ്യാനിക്കുകയും ചെയ്ത്, "തത്വചിന്ത മതത്തിന്റെ മുലപ്പാൽ കുടിച്ച സഹോദരിയാണ്" എന്ന സുപ്രധാന വാക്യം ഉയർത്തിപ്പിടിച്ച് രണഭൂമിയിലേക്ക് പുതിയ കാൽചുവടുകൾ മുന്നോട്ടുവെക്കുകയാണ് ഇബ്നു റുഷ്ദ്.[18]
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്റെ യുക്തിനിഷ്ഠമായ ദർശനങ്ങളെ ഇസ്ലാമിക പ്രമാണങ്ങളുമായി സമന്വയിപ്പിക്കാനാണ് അൻഡലൂസിയൻ (സ്പെയിൻ) പണ്ഡിതനും പാശ്ചാത്യ ലോകത്ത് 'വ്യാഖ്യാതാവ്' (The Commentator) എന്ന് വിഖ്യാതനുമായ ഇബ്നു റുഷ്ദ് ശ്രമങ്ങൾ നടത്തിയത്. കേവലം ഒരു തർക്കത്തിനപ്പുറം, പ്രപഞ്ചത്തെ അതിന്റെ കാര്യകാരണ ബന്ധങ്ങളോടെ (Cause and Effect) മനസ്സിലാക്കണമെന്ന അരിസ്റ്റോട്ടിലിയൻ നിലപാടിലൂന്നിയാണ് അദ്ദേഹം ഗസാലിയുടെ വാദങ്ങളെ പ്രതിരോധിച്ചത്.
പാശ്ചാത്യ ലോകത്തിലെ ഇബ്നു റുഷ്ദിന്റെ സ്വാധീനം
തോമസ് അക്വിനാസിനെപ്പോലുള്ള ക്രൈസ്തവ-യഹൂദ ചിന്തകർ ഇബ്നു റുഷ്ദിന്റെ യുക്തിചിന്തകളെ ഗൗരവമായി പഠിച്ചതോടെ, വിശ്വാസവും യുക്തിയും സംബന്ധിച്ച ചർച്ചകൾ പാശ്ചാത്യ സർവ്വകലാശാലകളിൽ പുതിയൊരധ്യായം കുറിച്ചു. ഇബ്നു റുഷ്ദിന്റെ അരിസ്റ്റോട്ടിലിയൻ വ്യാഖ്യാനങ്ങൾ ഇസ്ലാമിക ലോകത്തിന് പുറത്ത്, പ്രത്യേകിച്ച് മധ്യകാല യൂറോപ്പിൽ എത്രത്തോളം വിപ്ലവകരമായ സ്വാധീനം ചെലുത്തി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പടിഞ്ഞാറൻ ലോകത്ത് രൂപംകൊണ്ട 'അവെറോയിസം' എന്ന ചിന്താധാര. കേവലം ഒരു വ്യാഖ്യാതാവ് എന്നതിലുപരി, യൂറോപ്പിന്റെ ഇരുണ്ട യുഗത്തിന് അന്ത്യം കുറിക്കാനും നവോത്ഥാനത്തിന് (Renaissance) അടിത്തറയിടാനും കാരണമായ ഒരു ബൗദ്ധിക പാലമായിട്ടാണ് ചരിത്രകാരന്മാർ അദ്ദേഹത്തെ കണക്കാക്കുന്നത്.
ഫസ്ലുൽ മഖാൽ: തത്ത്വചിന്ത ഒരു മതപരമായ ബാധ്യതയോ?
"തത്ത്വചിന്ത മതത്തിന്റെ സഹോദരിയാണ്; അവർ ഒരേ മുലപ്പാൽ കുടിച്ചു വളർന്നവരാണ്. അതുകൊണ്ട് തന്നെ അവ പരസ്പരം കലഹിക്കാനല്ല, മറിച്ച് പരസ്പരപൂരകങ്ങളായി വർത്തിക്കാനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്." — ഇബ്നു റുഷ്ദ് [19]
തന്റെ (فصل المقال ) എന്ന ഗ്രന്ഥത്തിൽ, ഖുർആനിലെ “തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്” എന്ന വാക്യത്തെ മുൻനിർത്തി, ചിന്തയ്ക്കും നിരീക്ഷണത്തിനും പ്രചോദനം നൽകിക്കൊണ്ട്, തത്ത്വചിന്ത പഠിക്കൽ മുസ്ലിം സമൂഹത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം.
“സത്യം സത്യത്തെ മുറിപ്പെടുത്തുകയില്ല” എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ, വെളിപാടും ശരിയായ യുക്തിയും അവസാനം ഒരേ സത്യത്തിലേക്കാണ് എത്തിച്ചേരുന്നതെന്ന വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഇബ്നു റുഷ്ദിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കുക എന്നത് ഒരു മതപരമായ ബാധ്യതയാണ്. പ്രപഞ്ചത്തിലെ അത്ഭുതങ്ങളെ ബുദ്ധിപരമായി വിശകലനം ചെയ്യുന്നത് ദൈവത്തെ കൂടുതൽ അടുത്തറിയാൻ സഹായിക്കുമെന്ന വാദമാണ് അദ്ദേഹത്തിന്റെ രചനകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. വിശ്വാസത്തെ സംരക്ഷിക്കാൻ വേണ്ടി യുക്തിയുടെ വാതിലുകൾ കൊട്ടിയടയ്ക്കേണ്ടതില്ലെന്ന ആശയമാണ് അദ്ദേഹം പകർന്നു നൽകുന്നത്.
ഇബ്ൻ റുഷ്ദിന്റെ സമീപനങ്ങളിൽ നിന്ന്, യുക്തിയും വെളിപാടും പരസ്പര വൈരുദ്ധ്യങ്ങളല്ല; മറിച്ച് ഇരുവതും സത്യാന്വേഷണത്തിന്റെ ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന കാഴ്ചപ്പാടാണെന്നാണ് മനസ്സിലാകുന്നത്. "ട്രൂത് ഡസ് നോട്ട് കോൺട്രാദിക്ററ് ദി ട്രൂത് "എന്ന തന്റെ പ്രസിദ്ധമായ നിലപാടിന്റെ കുടക്കീഴിൽ ലോകത്തിന്റെ അനാദിത്വത്തെ ദൈവനിഷേധമായി കാണുന്നതിന് പകരം പ്രപഞ്ചത്തിന്റെ ചിട്ടയെയും ദൈവസൃഷ്ടിയെയും സൂചിപ്പിക്കുന്ന ബുദ്ധിയും വെളിപാടും വിരോധാഭാസങ്ങളല്ലെന്ന കാര്യം അദ്ദേഹം കൂട്ടിയിണക്കുന്നു. കേവലമൊരു ദാർശനിക തർക്കം എന്നതിലുപരി നിയമപരമായ ഒരു കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം മതവും തത്ത്വചിന്തയും തമ്മിലുള്ള ബന്ധത്തെ തന്റെ വിഖ്യാത ഗ്രന്ഥമായ 'ഫസലുൽ മഖാലിൽ' വിശകലനം ചെയ്യുന്നത്.
പ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതിലെ അത്ഭുതങ്ങളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്താനും ഖുർആൻ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടല്ലോ. അങ്ങനെയാണെങ്കിൽ, ഓരോ വിഷയത്തെ കുറിച്ചും ചിന്തിക്കുന്നതും സത്യം അന്വേഷിച്ചു കണ്ടെത്തുന്നതും ഒരു യഥാർത്ഥ വിശ്വാസിയുടെ ഉത്തരവാദിത്തമല്ലേ? അതുകൊണ്ട് തന്നെയാണ് പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്നതും തത്ത്വചിന്താപരമായ അന്വേഷണങ്ങളിൽ ഏർപ്പെടുന്നതും വിശ്വാസത്തിന് വിരുദ്ധമാണെന്ന തത്വത്തെ അദ്ദേഹം എതിർക്കുന്നത്. മാത്രമല്ല, ഖുർആനിക വചനങ്ങളുടെ അടിസ്ഥാനത്തിൽ അത് ഓരോ വിശ്വാസിയുടെയും മതപരമായ ബാധ്യതയാണെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്നത്.[20]
കാലവും ദ്രവ്യവും: അനാദിത്വവാദത്തിലെ റുഷ്ദിയൻ വായന
ഇബ്നു റുഷ്ദിന്റെ ഈ നിലപാടുകൾ ഏറ്റവും കൂടുതൽ പ്രകടമാവുന്നത് പ്രപഞ്ചത്തിന്റെ അനാദിത്വത്തെക്കുറിച്ചുള്ള (Eternity of the world) ചർച്ചകളിലാണ്. മറ്റൊരു തലത്തിലാണ്, ഗസാലിയുടെ പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്ന വാദത്തെ ഇബ്ൻ റുശ്ദ് മലർത്തിയടിക്കുന്നത്. പ്രപഞ്ചം ഒരു പ്രത്യേക നിമിഷത്തിൽ പെട്ടെന്ന് ഉണ്ടായതാണെന്ന് കരുതുകയാണെങ്കിൽ, ആ നിമിഷത്തിന് മുൻപ് ദൈവം എന്തുചെയ്യുകയായിരുന്നു? സൃഷ്ടിക്കാനുള്ള തീരുമാനം ആ നിമിഷം മാത്രം ദൈവത്തിൽ ഉണ്ടാവാൻ കാരണമെന്ത്? ദൈവമാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്നത് ഒരു പരമമായ സത്യമാണെങ്കിൽ, ആ സൃഷ്ടിപ്പിന് എന്തുകൊണ്ട് ഒരു പ്രത്യേക 'സമയം' നിശ്ചയിച്ചു എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മാറ്റമില്ലാത്തവനാണ് ദൈവം, എന്ന കാര്യം ഉറപ്പാണല്ലോ? അപ്പോൾ, ദൈവത്തിന്റെ സൃഷ്ടി വൈഭവം അനാദിയായിരിക്കണം. അല്ലാതെ, ദൈവത്തിന്റെ തീരുമാനങ്ങളോ ഇച്ഛയോ സമയത്തിന് അനുസരിച്ച് മാറേണ്ട ഒന്നല്ല. കാരണം, ഈ മാറ്റം എന്നത് പരിമിതിയുള്ള സൃഷ്ടികളുടെ സ്വഭാവമാണ്. ഈയൊരു തത്വമാണ് ഇബ്നു റുശ്ദ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. ഇതടിസ്ഥാനത്തിൽ പ്രപഞ്ചം അനാദിയാണെന്ന് പറയുന്നത് അതിനെ ദൈവത്തിന് തുല്യമായി കാണലല്ല; പക്ഷെ ദൈവത്തിന്റെ സൃഷ്ടിപ്പ് എന്നത് കാലത്തിന്റെ അതിർവരമ്പുകൾക്ക് ഉള്ളിൽ ഒതുങ്ങുന്ന ഒന്നല്ലെന്നുള്ള തിരിച്ചറിയാലാണ്. ഈയൊരർത്ഥത്തിൽ പ്രപഞ്ചത്തിന്റെ അനാദിത്വം ദൈവത്തിന്റെ സർവശക്തിത്വത്തെയാണ് അടയാളപ്പെടുത്തുന്നത്.
സൃഷ്ടിപ്പിന്റെ ഭൂപടം: ജ്ഞാനത്തിന്റെ സീമകൾ, 'കുല്ലിയ്യാത്തി'നും 'ജുസ്ഇയ്യാത്തി'നും അപ്പുറം
ഇതേ യുക്തിയിൽ നിന്നുകൊണ്ട് നമുക്ക് ചിന്തിക്കാവുന്ന ഒരു കാര്യമാണ് മനുഷ്യന്റെ അറിവും അല്ലാഹുവിന്റെ ജ്ഞാനവും തമ്മിലുള്ള അന്തരം. നമ്മുടെ അറിവും പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ ജ്ഞാനവും തമ്മിലുള്ള അന്തരം എന്താണ്? ഒരു വസ്തുവിനെ നാം എപ്പോഴാണ് അറിയുന്നത് എന്നുവെച്ചാൽ, അത് നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴോ അനുഭവ പരിധിയിൽ വരുമ്പോഴോ മാത്രമാണ്. എന്നാൽ ദൈവം ഒരു വസ്തുവിനെ അറിയുന്നത് അത് അവന്റെ സൃഷ്ടിയായതുകൊണ്ടാണ്[21]. ഈയൊരു അടിസ്ഥാനപരമായ വ്യത്യാസത്തിന്റെ വൃത്തത്തിനകത്തു നിന്നുകൊണ്ടാണ് ഇബ്നു റുഷ്ദ് ദൈവജ്ഞാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്.
ദൈവത്തിന്റെ അറിവിനെ മനുഷ്യബുദ്ധിയുടെ അളവുകോലുകൾ വെച്ച് അളക്കുന്നത് തീർത്തും അസംബന്ധമാണെന്നാണ് ഇബ്നു റുശ്ദിന്റെ നിരൂപണം. വസ്തുക്കളെ കണ്ട് മനസ്സിലാക്കുന്നതിലൂടെയാണ് മനുഷ്യന്റെ അറിവ് എങ്കിൽ, വസ്തുക്കളെ സൃഷ്ടിക്കുന്നതിലൂടെയാണ് ദൈവത്തിന്റെ ജ്ഞാനം. ഈ രണ്ട് അറിവുകളും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. അൽഗസാലി പറയുന്നത് പോലെ തത്ത്വചിന്തകർ ദൈവത്തിന്റെ അറിവിനെ നിഷേധിക്കുന്നതിന് പകരം ദൈവത്തിന്റെ ജ്ഞാനം മനുഷ്യരുടേതുപോലെയല്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അറിവ് കേവലം സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന ഒന്നാണ്. എന്നാൽ, ആ മാറ്റങ്ങൾക്കെല്ലാം അപ്പുറം മാറ്റമില്ലാത്ത ഒന്നാണ് ദൈവത്തിന്റെ ജ്ഞാനം എന്നാണ് ഇബ്നു റുശ്ദ് ഉന്നയിക്കുന്നത്.
മരണത്തിനപ്പുറം: ആത്മാവിന്റെ അമരത്വത്തിൽ റുഷ്ദിയൻ യുക്തിരേഖ
ഖുർആനിക അധ്യാപനങ്ങൾക്ക് വിരുദ്ധമാണെന്ന് ഗസ്സാലി ചൂണ്ടിക്കാട്ടുകയും, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു പുത്തനാശയം മാത്രമല്ല, ദൈവനിഷേധം (കുഫ്ർ) തന്നെയാണെന്ന് ഉറച്ചുപറയുകയും ചെയ്ത പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ് പുനരുത്ഥാനം. എന്നാൽ, ഇബ്നു റുഷ്ദിന് ഈ വിഷയത്തോടുള്ള സമീപനം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിലാണ്. മനുഷ്യ ബുദ്ധിക്ക് അതീതമായ ഒരു മഹാ സത്യത്തെ കേവലം ഒരു സാധാരണക്കാരനായ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ സമീപിക്കാൻ വേണ്ടിയാണ് ഖുര്ആനിൽ പരലോക ഭോഗയാതനകൾ ഭൗതിക ഉദാഹരണങ്ങളിലൂടെ വിവരിക്കുന്നത് എന്നദ്ദേഹം തിരുത്തിപ്പറഞ്ഞു. മതഗ്രന്ഥങ്ങളിലെ ആലങ്കാരിക പ്രയോഗങ്ങളെ (Metaphors) അതിന്റെ ആഴത്തിൽ മനസ്സിലാക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ടാണ്, പുനരുത്ഥാനത്തെ തള്ളിക്കളയാതെ തന്നെ ആത്മാവിന്റെ അമരത്വത്തെ ഇബ്ൻ റുശ്ദ് ഉയർത്തിപ്പിടിക്കുന്നത്[22]. മാത്രമല്ല നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൗതിക ജീവിതത്തിന്റെ ഒരു പകർപ്പല്ലെന്നതിലുപരി തീർത്തും ഉന്നതമായ മറ്റൊരു തലത്തിലുള്ള അനുഭവമാണ് പരലോക ജീവിതം എന്ന വസ്തുതകൂടിയാണ് അദ്ദേഹം അടിവരയിട്ടുവെക്കുന്നത്.
തകരാത്ത കണ്ണികൾ: പ്രപഞ്ചക്രമത്തിലെ റുഷ്ദിയൻ യുക്തിരേഖ
പ്രപഞ്ചത്തിലെ എല്ലാ അറിവുകളെയും അർത്ഥശൂന്യമാക്കുന്ന ഒരു വാദം മാത്രമാണ് കാര്യവും കാരണവും തമ്മിലുള്ള ബന്ധം വെറും ശീലമാണെന്നുള്ളത്. രാവിലെ അലാറം മുഴങ്ങുമ്പോൾ നാം എഴുന്നേൽക്കുന്നു. ഫോൺ അലാറം കേട്ടാൽ ശരീരം ഉണരാൻ പ്രതികരിക്കുന്നു, ശേഷം നാം എഴുന്നേറ്റ് വെള്ളം കുടിക്കുന്നു, പഠിക്കാൻ ഇരിക്കുന്നു.
ഇവിടെ ഓരോ ഘട്ടത്തിനും ഒരു കാരണം, അതിന്റെ ഫലം എന്ന ക്രമമുണ്ട്. അലാറം മുഴങ്ങാതിരുന്നാൽ പലപ്പോഴും നാം വൈകി എഴുന്നേൽക്കും. വെള്ളം കുടിക്കാതിരുന്നാൽ ക്ഷീണം തോന്നാം. പഠിക്കാതിരുന്നാൽ പരീക്ഷയിൽ ഫലം കുറയാം.
ഇബ്നു റുഷ്ദിന്റെ നിലപാടനുസരിച്ച്, ഇത്തരത്തിലുള്ള കാര്യകാരണബന്ധങ്ങളാണ് മനുഷ്യജീവിതത്തെ ക്രമബദ്ധമാക്കുന്നത്. ലോകം ഒരു ചിട്ടയോടെ പ്രവർത്തിക്കുന്നതിനാലാണ് മനുഷ്യൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും, ശാസ്ത്രം വികസിക്കുന്നതും, ദിനചര്യ മുന്നോട്ടുപോകുന്നതും. ആ ക്രമം തന്നെ അല്ലാഹു നിശ്ചയിച്ച നിയമക്രമത്തിന്റെ ഭാഗമാണെന്നുമാണ് അദ്ദേഹം ബോധ്യപ്പെടുത്തുന്നത്[23]. ഇതനുസരിച്ചു, തീയ്ക്ക് പൊള്ളിക്കാനുള്ള സ്വഭാവം അല്ലാഹു നൽകിയതാണെന്നും, അതിനെ അംഗീകരിക്കാതിരിക്കുന്നത് പ്രപഞ്ചത്തിലെ ചിട്ടയെ നിഷേധിക്കലാണെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഓരോ വസ്തുവിനും അതിന്റേതായ ഒരു പ്രകൃതമുണ്ട്. അതിനാൽ, കത്തുക എന്നുള്ളത് തീയിന്റെ സ്വഭാവമാണെന്നുള്ളതുമാണ് ഇബ്നു റുശ്ദിന്റെ ഈ നിരൂപങ്ങളിലൂടെ നമുക്ക് ഗ്രഹിക്കാനാവുന്നത്. യുക്തിയുടെ ലോകത്ത് കാര്യകാരണ ബന്ധം ഒഴിവാക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും അത്ഭുതങ്ങളെ അദ്ദേഹം തള്ളിക്കളയുന്നുമില്ലെന്നുള്ളതാണ് യാഥാർഥ്യം.
ആത്മീയതയുടെ യുക്തിയും യുക്തിയുടെ ആത്മീയതയും: ഒരു ഉപസംഹാരം
ഇമാം ഗസാലിയും ഇബ്നു റുഷ്ദും തമ്മിലുള്ള ഈ സംവാദം നൂറ്റാണ്ടുകൾക്ക് മുമ്പ് അവസാനിച്ച ഒന്നല്ല. മറിച്ച്, ഇന്നും ശാസ്ത്രവും പുരോഗതിയും പുരോഗമനത്തിന്റെ അത്യുന്നതിയിൽ എത്തിനിൽക്കുമ്പോഴും ഓരോ ചിന്തകന്റെയും ഉള്ളിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ബൗദ്ധിക സമരമാണിത്. സത്യത്തിൽ ഇവരിലാരാണ് ശരി?
ഈ ചോദ്യത്തിന് 'ഒരാൾ മാത്രം ശരി' എന്ന ലളിതമായ ഉത്തരം നൽകുക അസാധ്യമാണ്. കാരണം, ഇവർ രണ്ടുപേരും ഒരേ സത്യത്തിന്റെ രണ്ട് വ്യത്യസ്ത വശങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇമാം ഗസാലി തന്റെ 'അൽമുൻഖിദ്' (Al-Munqidh min al-Dalal) എന്ന കൃതിയിലൂടെ, യുക്തിക്ക് അപ്പുറം ഹൃദയത്തിന്റെ വെളിച്ചം കൊണ്ട് മാത്രമേ പരമമായ സത്യത്തെ പുൽകാൻ കഴിയൂ എന്ന സന്ദേശം നൽകുമ്പോൾ, മറുവശത്ത്, ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ ബുദ്ധിയെ ഉപയോഗപ്പെടുത്തികൊണ്ട് വിശ്വാസത്തെ യുക്തിഭദ്രമാക്കാനാണ് ഇബ്നു റുഷ്ദ് ശ്രമിച്ചത്.
ഇന്ന് ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഗസാലി ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും പ്രസക്തമാണ്. ലോകം അനാദിയാണോ അതോ സൃഷ്ടിക്കപ്പെട്ടതാണോ എന്ന തർക്കം, ഭൗതികശാസ്ത്രത്തിലെ 'ബിഗ് ബാംഗ്' സിദ്ധാന്തങ്ങളിലും 'മൾട്ടിവേഴ്സ്' ചർച്ചകളിലും ഇന്നും നിഴലിച്ചു നിൽക്കുന്നതായി കാണാം. അത്ഭുതങ്ങൾ പ്രകൃതിനിയമങ്ങളുടെ തകർച്ചയാണോ അതോ ഇനിയും നമുക്ക് മനസ്സിലാകാത്ത ഉയർന്ന ശാസ്ത്രീയ ക്രമങ്ങളാണോ എന്ന സംശയം, ക്വാണ്ടം ഫിസിക്സിലെ അനിശ്ചിതത്വങ്ങളെ (Uncertainty) ഓർമ്മപ്പെടുത്തുകയാണ്.
യഥാർത്ഥത്തിൽ, ശാസ്ത്രത്തിന്റെ വളർച്ചക്കനുസരിച്ചു വിശ്വാസം കുറയുന്നതിനു പകരം കൂടുതൽ ആഴങ്ങളിലേക്ക് ഊളിയിടുകയാണ് ചെയ്യേണ്ടതെന്ന വലിയ പാഠമാണ് ഈ നിരൂപണങ്ങളിലൂടെ മനസ്സിലാക്കപ്പെടേണ്ടത്. മതഗ്രന്ഥങ്ങളിലെ വിവരണങ്ങൾ കേവലം രൂപകങ്ങളാണോ (Metaphors) അതോ യാഥാർത്ഥ്യമാണോ എന്ന തർക്കം പോലും മനുഷ്യബോധത്തിന്റെ പരിമിതികളെ ചൂണ്ടിക്കാട്ടുകയാണ്. ഈ രണ്ട് മഹദ്വ്യക്തികളുടെയും ദർശനങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് അല്ലാമാ ഇഖ്ബാൽ പറയുന്നത് ഇപ്രകാരമാണ്: ഇസ്ലാമിക ചിന്തയുടെ ചരിത്രത്തിൽ ഗസാലിയും ഇബ്നു റുഷ്ദും രണ്ട് വിപരീത ദിശകളല്ല, മറിച്ച് സത്യാന്വേഷണത്തിന്റെ രണ്ട് അനിവാര്യമായ ഘട്ടങ്ങളാണ്. ഒരാൾ ആത്മീയമായ ഉറപ്പിനും മറ്റൊരാൾ ബൗദ്ധികമായ തെളിവുകൾക്കും വേണ്ടി നിലകൊണ്ടു."[24]
ദൈവത്തെ അറിയാൻ മനുഷ്യന് വേണ്ടത് ഹൃദയമാണോ ബുദ്ധിയാണോ എന്ന ചോദ്യത്തിന്, 'ഹൃദയമുള്ള ബുദ്ധിയും ബുദ്ധിയുള്ള ഹൃദയവുമാണ്' വേണ്ടത് എന്നാകും ഈ രണ്ട് മഹാചിന്തകരുടെയും ദർശനങ്ങൾ ചേർത്തു വായിക്കുമ്പോൾ കരസ്ഥമാവുന്ന ഉത്തരം. ബുദ്ധിയെ ദൈവത്തിന്റെ അടയാളമായി കാണുന്ന ഇസ്ലാമിക ചിന്താധാരയെ ശരിയായി മനസ്സിലാക്കാൻ ഇത്തരം ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ട്. സത്യം സത്യത്തെ മുറിപ്പെടുത്തില്ല എന്ന ഇബ്നു റുഷ്ദിന്റെ ബോധ്യവും, ഹൃദയത്തിൽ ജ്വലിക്കുന്ന വെളിച്ചമാണ് അറിവെന്ന ഇമാം ഗസാലിയുടെ പാഠവും ഒത്തുചേരുമ്പോഴാണ് സത്യാന്വേഷണത്തിന്റെ യാത്ര പൂർണ്ണമാകുന്നത്. അതിനാൽ, മുൻകഴിഞ്ഞ ഈ താത്വിക ചർച്ചകൾ ചരിത്രത്തിലൊതുങ്ങിക്കൂടുന്നില്ല, മറിച്ച് ഇന്നും ഗവേഷണത്തിനും സംവാദങ്ങൾക്കും പുതിയ വഴിതുറക്കുകയാണ്.
സഹായക ഗ്രന്ഥങ്ങൾ (References)
[1] ഇമാം അൽ-ഗസാലി, മിശ്കാത്തുൽ അൻവാർ, പേജ്: 55, പ്രസാധകർ: ദാറുൽ കുതുബുൽ ഇൽമിയ്യ, ബെയ്റൂട്ട്
[2] ഇബ്നു റുഷ്ദ്, തഹാഫുത്തു തഹാഫുത്ത്, പേജ്: 147, എഡിറ്റർ: സുലൈമാൻ ദുൻയ, ദാറുൽ മആരിഫ്, കെയ്റോ.
[3] ഇമാം അൽ-ഗസാലി, അൽ-മുൻഖിദ് മിനദ്ദലാൽ, പേജ്: 85, പ്രസാധകർ: ദാറുൽ കുതുബുൽ ഇൽമിയ്യ, ബെയ്റൂട്ട്
[4] ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, പേജ്: 38 (ആമുഖം), എഡിറ്റർ: സുലൈമാൻ ദുൻയ, ദാറുൽ മആരിഫ്, ഈജിപ്ത്.
[5] ലോകത്തിന്റെ അനാദിത്വത്തെക്കുറിച്ചുള്ള ഒന്നാമത്തെ ചർച്ച, തഹാഫുത്തുൽ ഫലാസിഫ, പേജ്: 92.
[6] ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, പേജ്: 96, എഡിറ്റർ: സുലൈമാൻ ദുൻയ, ദാറുൽ മആരിഫ്, ഈജിപ്ത്.
[7] ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, പേജ്: 112 (ഒന്നാമത്തെ ചർച്ച).
[8] ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, (ശരീരങ്ങളുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ഇരുപതാമത്തെ ചർച്ച), പേജ്: 618, എഡിറ്റർ: സുലൈമാൻ ദുൻയ, ദാറുൽ മആരിഫ്, ഈജിപ്ത്.
[9] ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, പേജ്: 625 (ഉപസംഹാരം).
[10] . ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, (കാര്യകാരണ ബന്ധത്തെക്കുറിച്ചുള്ള പതിനേഴാമത്തെ ചർച്ച), പേജ്: 495.
[11] ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, പേജ്: 496, എഡിറ്റർ: സുലൈമാൻ ദുൻയ, ദാറുൽ മആരിഫ്, ഈജിപ്ത്.
[12] ഇമാം അൽ-ഗസാലി, തഹാഫുത്തുൽ ഫലാസിഫ, പേജ്: 507.
[13] ഗസാലിയുടെ ഒക്കേഷണലിസവും ആധുനിക ഭൗതികശാസ്ത്രവും തമ്മിലുള്ള താരതമ്യ പഠനങ്ങൾക്കായി കാണുക: ഗ്രെഹാം ഹർമൻ, അൽ-ഗസാലി ആൻഡ് മോഡേൺ ഫിസിക്സ്.
[14]സഅ്ദുദ്ദീൻ തഫ്താസാനി, ശറഹുൽ മഖാസിദ്, ഭാഗം: 2, പേജ്: 145 (അദൃശ്യമായ കഴിവുകളെക്കുറിച്ചുള്ള ചർച്ച).
[15] സ്വഹീഹു മുസ്ലിം, ഹദീസ് നമ്പർ: 2359.
[16] ഇമാം അൽ-ഗസാലി, അൽ-ഇക്തിസാദ് ഫിൽ ഇഅ്തിഖാദ്, പേജ്: 92, ദാറുൽ കുതുബുൽ ഇൽമിയ്യ, ബെയ്റൂട്ട്. (അല്ലാഹുവിന്റെ കഴിവുകളെയും ശിർക്കിന്റെ നിർവ്വചനത്തെയും കുറിച്ചുള്ള ഭാഗം).
[17] മഖ്ദൂം, മുഹമ്മദ് വെൽഫെയർ, അൽ-ഗസാലി ആൻഡ് ഡെക്കാർട്ടെ: എ കംപാരറ്റീവ് സ്റ്റഡി ഓഫ് ദെയർ ഫിലോസഫിക്കൽ മെത്തേഡ്സ്.
[18] ഇബ്നു റുഷ്ദ്, തഹാഫുത്തു തഹാഫുത്ത്, എഡിറ്റർ: സുലൈമാൻ ദുൻയ, ദാറുൽ മആരിഫ്, കെയ്റോ.
[19] ഇബ്നു റുഷ്ദ്, ഫസ്ലുൽ മഖാൽ ഫീമാ ബൈനൽ ഹിക്മതി വശ്ശരീഅത്തി മിനൽ ഇത്തിസാൽ, പേജ്: 68.
[20] ഇബ്നു റുഷ്ദ്, ഫസ്ലുൽ മഖാൽ, പേജ്: 32, (തത്ത്വചിന്താപരമായ പഠനം മതപരമായി നിർബന്ധമാണെന്ന് സമർത്ഥിക്കുന്ന ഭാഗം).
[21] ഇബ്നു റുഷ്ദ്, തഹാഫുത്തു തഹാഫുത്ത്, പേജ്: 462, എഡിറ്റർ: സുലൈമാൻ ദുൻയ, ദാറുൽ മആരിഫ്, കെയ്റോ.
[22] ഇബ്നു റുഷ്ദ്, ഫസ്ലുൽ മഖാൽ, പേജ്: 45.
[23] ഇബ്നു റുഷ്ദ്, തഹാഫുത്തു തഹാഫുത്ത്, പേജ്: 785.
[24] അല്ലാമാ മുഹമ്മദ് ഇഖ്ബാൽ, ദ റീ കൺസ്ട്രക്ഷൻ ഓഫ് റിലീജിയസ് തോട്ട് ഇൻ ഇസ്ലാം, പേജ്: 4.



Leave A Comment