സുബ്ഹതുൽ മർജാൻ: ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തിയ കൃതി
18-ആം നൂറ്റാണ്ടിലെ പ്രശസ്ത കവിയും ചരിത്രകാരനുമായിരുന്ന ഗുലാം അലി ആസാദ് ബിൽഗ്രാമിയുടെ ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും വിളിച്ചോതുന്ന പ്രശസ്ത കൃതിയാണ് 'സുബ്ഹതുൽ മർജാൻ ഫീ ആസാരി ഹിന്ദുസ്ഥാൻ'. അറബി ഭാഷയിലുള്ള കൃതിക്ക് ഇന്ത്യക്കകത്തും പുറത്തും വളരെ വലിയ സ്വാധീനമുണ്ടാക്കാന്‍ ആയിട്ടുണ്ട്. ഇന്ത്യയുടെ പണ്ഡിത സമ്പത്തും ഇസ്‍ലാമിന്റെ ഇന്ത്യയിലേക്കുള്ള ആഗമനവും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഗുലാം അലി ആസാദ്
യഥാർത്ഥ നാമം മിർ ഗുലാം അലി ഹുസ്സൈൻ വാസിദി എന്നാണ്. ഉത്തർപ്രദേശിലെ ബിൽഗ്രാം എന്ന ഗ്രാമത്തിലെ പണ്ഡിത കുടുംബത്തിലാണ് ജനനം. അറബി, ഉറുദു, പാഴ്സി ഭാഷകളിലെല്ലാം ഏറെ പാണ്ഡിത്യമുള്ള ഇദ്ദേഹത്തിന് മുഗൾ ഭരണാധികാരികൾക്കിടയിൽ വലിയ ആദരവ് ലഭിച്ചിരുന്നു.
സൂഫിസം, കവിത, ചരിത്രം എന്നിവയിലെല്ലാം നിപുണനായ ഇദ്ദേഹം 18 ആം നൂറ്റാണ്ടിലെ മഹാപ്രതിഭയായിരുന്നു. തന്റെ അമ്മാവനായ സയ്യിദ് മിർ തുഫൈൽ ബിൽഗ്രാമിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ഗുരു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഗദ്യശാസ്ത്രം, കാവ്യശാസ്ത്രം, ഹദീസുകൾ, ഗണിതം, ഭാഷകൾ, സാഹിത്യം, തത്വങ്ങൾ, ദൈവശാസ്ത്രം എന്നിവയിൽ പ്രാവീണ്യം നേടി. പഠനത്തിൽ വലിയ താല്പര്യം കാണിച്ച കുടുംബത്തിൽ പിറന്നതിനാൽ തന്നെ ചെറുപ്രായത്തിൽ തന്നെ പല മേഖലകളിലും പാണ്ഡിത്യം നേടാനായി. കവിതകളും ഹദീസുകളും മനപാഠമാക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.
തന്റെ കവിതയിൽ, വിചിത്ര കാര്യങ്ങൾ, പഴഞ്ചൊല്ലുകൾ, ജ്ഞാനം എന്നിവ വിശദീകരിക്കുന്നതിൽ അദ്ദേഹത്തിന് വളരെ മിടുക്കുണ്ടായിരുന്നു. നബിയെ പ്രകീർത്തിച്ചു ധാരാളം കവിത എഴുതിയ ഇദ്ദേഹം മക്ക, മദീന എന്നിവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തുകയുണ്ടായി. തീർത്ഥാടനം കഴിഞ്ഞ് ഔറങ്കാബാദിൽ എത്തിയ അദ്ദേഹം ഒരുപാട് പണ്ഡിതരുമായി സഹവർത്തിച്ച് മരണം വരെ അവിടെ തുടർന്നു. ഭൗതിക ആർഭാടത്തിൽ നിന്നെല്ലാം ഒഴിഞ്ഞ് ഭക്തിയും ദാരിദ്ര്യവും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. കാവ്യാത്മകത നിറഞ്ഞു നിന്നിട്ടുള്ള അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടും പഠനത്തിനും മറ്റുമായി ഇന്നും ഉപയോഗിക്കപ്പെടുന്നു. അദ്ദേഹത്തിന് അറബിയിലും പാഴ്സിയിലും കവിതാസമാഹാരങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഓരോ കൃതിയും 21- ആം നൂറ്റാണ്ടിലും ഏറെ ചര്‍ച്ചകള്‍ക്ക് വിധൈയമാണ്.
അറബിഭാഷയിൽ ഇന്ത്യൻ സംസ്കാരത്തെയും മറ്റും വിളിച്ചോതുന്ന ഈ കൃതി പ്രധാനമായും 4 അദ്ധ്യായങ്ങളിലാണ്.
- ഖുർആനിലും ഹദീസിലും ഇന്ത്യയെ കുറിച്ചുള്ള പരാമർശങ്ങൾ
ആദിമ മനുഷ്യൻ ആദം(അ) ആദ്യമായി ഭൂമിയിലിറങ്ങിയത് ഇന്ത്യയിലാണ്. അവിടെ അദ്ദേഹം ധാരാളം കാലം താമസിച്ചു. ദൈവം അദ്ദേഹത്തിന് ജീവിതം നയിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും നൽകി. പഴങ്ങൾ, ധാന്യങ്ങൾ, മൃഗങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിനായി സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയിൽ നിന്നും 40 തവണ ഹജ്ജിന് പോവുകയും ഓരോ തവണയും ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു അദ്ദേഹം.
ആദം(അ)മിനെ ഉണ്ടാക്കിയ മണ്ണ് ഇന്ത്യയിൽ നിന്നെടുത്തെന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യമായി മൃഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഇന്ത്യയിൽ ഉൽഭവിച്ചുവെന്നും പിന്നീടാണ് അവ മറ്റുള്ളിടങ്ങളിലേക്കെത്തിയതെന്നും പറയപ്പെടുന്നു. ഇതിൽ ഗ്രന്ഥകർത്താവ് അവലംബിച്ച ഹദീസുകളും വ്യാഖ്യാനങ്ങളും ദുർബലപ്പെട്ടതാണ്. അതിനാൽ ഈ അദ്ധ്യായം ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കുറിക്കുന്നുവെന്നേ പറയാനാകൂ.
- ഇന്ത്യൻ പണ്ഡിതർ
ഇന്ത്യയിലോ വിദേശത്തോ ജനിച്ച്, ഇന്ത്യയെ തങ്ങളുടെ വാസസ്ഥലമായി തിരെഞ്ഞെടുത്ത പ്രമുഖ ഇന്ത്യൻ പണ്ഡിതർ, എഴുത്തുകാർ, കവികൾ എന്നിവരുടെ ജീവചരിത്രങ്ങൾ എന്നിവ ഈ അദ്ധ്യായത്തിൽ ഉൾപ്പെടുന്നു. കല, സഹത്യം, ശാസ്ത്രം എന്നീ മേഖലകളിൽ സംഭാവനകളര്‍പ്പിച്ച വിശിഷ്ട പണ്ഡിതൻമാരെയാണ് ഇതില്‍ പരാമർശിക്കുന്നത്. ചില ശാസ്ത്രങ്ങൾ കണ്ടുപിടിക്കുന്നത്തിലും അവ ക്രമീകരിക്കുന്നതിലും ഇന്ത്യൻ പണ്ഡിതർ വലിയ കഴിവുള്ളവരാണെന്നും ഭാഷ, കല, ചരിത്രം, ഗദ്യം, ഹദീസ്, വ്യാഖ്യാനങ്ങൾ എന്നിവയിൽ ഇന്ത്യൻ പണ്ഡിതർ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകത്തിന് ഇത്രമേൽ സംഭാവന ചെയ്ത ഈ പണ്ഡിതന്മാരെ കുറിച്ചോ അവരുടെ ജീവതത്തെകുറിച്ചോ ആരും എഴുതാൻ തുനിഞ്ഞില്ല എന്നതാണ്, തന്നെ ഈ അധ്യായം എഴുതാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
- അലങ്കാരശാസ്ത്രം
ഈ അധ്യായം അറബി ഭാഷയിൽ ഉപയോഗിക്കുന്ന വാചികവും അർത്ഥപരവുമായ അലങ്കാര ശൈലികളിലും കാവ്യവിശേഷതകളിലും കേന്ദ്രീകരിക്കുന്നു. ഈ ശൈലികൾ പാഴ്സിയൻ, സംസ്കൃതം, ഹിന്ദി ഭാഷകളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ ഭാഷകളിലെ കലാസൗന്ദര്യം ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു. കൂടാതെ, അദ്ദേഹം തന്റെ തന്നെ ചില പുതിയ അലങ്കാര ശൈലികളും നിർവചനങ്ങളോടെയും ഉദാഹരണങ്ങളോടെയും (അറബ് കവികളുടെ കവിതകളും തന്റെ സ്വന്തം കവിതകളും ഉൾപ്പെടുത്തി) അവതരിപ്പിക്കുന്നു.
അധ്യായത്തിന്റെ ആരംഭത്തിൽ ഇസ്‍ലാമിൽ കവിതയ്ക്ക് ഉള്ള മഹത്വത്തെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. നന്മയും ജ്ഞാനവും പ്രചരിപ്പിക്കുന്ന കവിതകളെ പിന്തുണയ്ക്കുന്ന ഖുർആൻ വാക്യങ്ങളും ഹദീസുകളും അദ്ദേഹം ഉദ്ധരിക്കുന്നു. കവിത സ്വതവേ ദോഷകരമല്ലെന്നും അതിന്റെ ഉള്ളടക്കത്തിൽ നിന്നാണ് നല്ലതോ ചീത്തയോ നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. “അവനെ നാം കവിത പഠിപ്പിച്ചിട്ടില്ല” എന്ന ഖുർആൻ വാക്യം കവിതയെ അപമാനിക്കാൻ ഉള്ളതല്ല, മറിച്ച് ഖുർആനും സാധാരണ കവിതയും തമ്മിൽ വ്യത്യാസമുണ്ട് എന്ന് വരുത്തിക്കാണിക്കാനുള്ളതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അലങ്കാരശാസ്ത്രം (علم البديع) എങ്ങനെ വളർന്നു എന്നതും അദ്ദേഹം വിശദമായി രേഖപ്പെടുത്തുന്നുണ്ട്. അബ്ദുല്ലാഹ് ഇബ്ന് അൽമുതാസ്, കുദാമ ഇബ്ൻ ജഅ്‌ഫർ, ഇബ്ൻ റഷീഖ് തുടങ്ങിയവരുടെ സംഭാവനകളെ കുറിച്ചും പറയുമ്പോള്‍ തന്നെ, ഇസ്‍ലാമിന് മുമ്പുള്ള കാലഘട്ടങ്ങളിൽ, വിക്രമാദിത്യ രാജാവിന്റെ കാലത്ത് ഭാരതീയർ പല അലങ്കാരങ്ങളും കണ്ടുപിടിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. ചില ശൈലികൾ അറബികളുടേതും ഭാരതീയരുടേയും പൊതുവായവയാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.
- പ്രിയപ്പെട്ടവർ, പ്രണയം
ഈ അധ്യായത്തിൽ പ്രേമം, പ്രേമികൾ, പ്രിയപ്പെട്ടവർ എന്നിവയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഇതെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ നിലവിലുണ്ടെങ്കിലും, ആസാദ് ബിൽഗ്രാമി ഒരു സവിശേഷ സമീപനം സ്വീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഇന്ത്യൻ പണ്ഡിതന്മാരും കവിമാരും പ്രേമം, പ്രിയപ്പെട്ടവർ എന്നിവയെ വ്യത്യസ്ത ഭാഗങ്ങളായി തിരിച്ച് കൃത്യമായി വിവരണം ചെയ്തതിൽ അദ്ദേഹം അഭിനന്ദനമറിയിക്കുന്നു. ചില രൂപരേഖകൾ അറബ് സാഹിത്യത്തിലും കാണാമെങ്കിലും, ഭാരതീയർ അതിനേക്കാൾ കൂടുതൽ ശാസ്ത്രീയവും സുന്ദരവുമായ രീതിയിൽ ഇതിനെ വർഗ്ഗീകരിച്ചതായി അദ്ദേഹം വിശ്വസിക്കുന്നു.
ഇബ്നു ഹസ്മിന്റെ തൗഖ് അൽഹമാമ, അല്‍അഖ്ദുല്‍ഫരീദ് മുതലായ പ്രശസ്ത അറബിക് കൃതികൾ അദ്ദേഹം പരാമർശിക്കുന്നു. എന്നിരുന്നാലും, ഈ മേഖലയിൽ ഇന്ത്യൻ സാഹിത്യത്തിന്റെ പുതുമയും സമൃദ്ധിയും അദ്ദേഹം കൂടുതൽ ഉന്നതമായി കാണുന്നു. പ്രേമത്തിന്റെ വിവിധ രൂപങ്ങൾക്ക് പ്രത്യേകപേരുകളും നിർവചനങ്ങളും നൽകുകയും, അതിന് കവിതകളും ഉദാഹരണങ്ങളായും ഉപയോഗിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ഭൗതികവും സാംസ്‌കാരികവുമായ ആഴമേറിയ പാരമ്പര്യത്തെ ഗഹനമായി വിശകലനം ചെയ്യുന്ന അപൂർവമായ കൃതിയാണ്, ഗുലാം അലി ആസാദിൻറെ സുബ്ഹതുല്‍മര്‍ജാന്‍. അറബിഭാഷയില്‍, ഇന്ത്യൻ അറിവുകളും സംസ്കാരവും ലോകസമൂഹത്തിനു പരിചയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ഈ ശ്രമം ഏറെ അഭിനന്ദനീയമാണ്. കാവ്യശാസ്ത്രം, അലങ്കാരശാസ്ത്രം, ചരിത്രം, പ്രേമസാഹിത്യം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഈ കൃതി ഇന്ത്യയുടെ ബൗദ്ധികസമ്പത്തിന്റെ തെളിവാണ്. ഇസ്‍ലാമിക വിദ്യകളും ഇന്ത്യൻ പാരമ്പര്യവും തമ്മിലുള്ള സവിശേഷ ബന്ധത്തെ പ്രതിപാദിച്ച ഈ കൃതി ഇന്നും ആധികാരികവും പ്രസക്തവുമായി തുടരുന്നു.



Leave A Comment