കാപ്പി: യമനിലെ സൂഫി കേന്ദ്രങ്ങളിൽ നിന്ന് ലോകത്തിന്റെ ഹൃദയത്തിലേക്ക്
ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു പാനീയമാണ് കാപ്പി. എന്നാൽ വെറുമൊരു ഉന്മേഷദായകപാനീയം എന്നതിലുപരി, കാപ്പിക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ സാംസ്കാരിക ചരിത്രമുണ്ട്. യമനിലെ സൂഫി കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച് ഇസ്താംബുളിലെ രാജകൊട്ടാരങ്ങൾ വരെ നീളുന്ന ഈ ചരിത്രം, കാപ്പി എങ്ങനെ മുസ്‍ലിം ലോകത്തിന്റെ സാമൂഹിക ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി എന്ന് വ്യക്തമാക്കുന്നു.
കാപ്പി ചെടിയുടെ ജന്മദേശം എത്യോപ്യയാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, അതിനെ ഒരു ജനപ്രിയ പാനീയമാക്കി മാറ്റിയതും വൻതോതിൽ കൃഷി ചെയ്യാൻ തുടങ്ങിയതും യെമനിലാണ്. പതിനഞ്ചാം നൂറ്റാണ്ടോടെ യെമനിലെ പണ്ഡിതന്മാരും വ്യാപാരികളും കാപ്പി പ്രചരിപ്പിച്ചു. യെമനിലെ Mocha (Mukha) എന്ന തുറമുഖ നഗരം ലോകത്തെ ഏറ്റവും വലിയ കാപ്പി വ്യാപാര കേന്ദ്രമായി മാറി.
കാപ്പിയുടെ പ്രാരംഭകാല വളർച്ചയിൽ സൂഫി സമൂഹങ്ങൾക്ക് വലിയ പങ്കുണ്ട്. രാത്രികാലങ്ങളിലെ ദിക്ർ ഹൽഖകളിലും മറ്റും ഉറക്കമൊഴിച്ച് ഇരിക്കുന്നതിനായി സൂഫികൾ കാപ്പി ഉപയോഗിച്ചിരുന്നു. ചരിത്രകാരനായ Ralph Hattox യും മറ്റ് ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്, കാപ്പി കുടിക്കുന്ന ശീലം വ്യാപാരത്തിലൂടെയും തീർത്ഥാടന ശൃംഖലകളിലൂടെയും പുറത്തേക്ക് വ്യാപിക്കുന്നതിന് മുമ്പ് തന്നെ സൂഫി വര്യന്മാർക്കിടയിൽ ഒരു ഭക്തിനിർഭരമായ ആചാരമായി മാറിയിരുന്നു എന്നാണ്. കാപ്പിയുടെ പ്രചാരം വർദ്ധിച്ചതോടെ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ഇത് ഹലാലോ ഹറാമോ എന്ന തർക്കമുയർന്നു. 1511-ൽ മക്കയിലെ ഗവർണർ ഖൈർ ബെഗ് കാപ്പി നിരോധിക്കാൻ ശ്രമിച്ചിരുന്നു. ലഹരി പദാർത്ഥങ്ങളുടെ സ്വഭാവമുണ്ട് ഇതിന് എന്നതായിരുന്നു പ്രധാന ന്യായം. എന്നാൽ, കാപ്പി ബുദ്ധിക്ക് മങ്ങലേൽപ്പിക്കുന്നില്ലെന്നും മറിച്ച് ഉന്മേഷം നൽകുകയാണെന്നും വാദിച്ചുകൊണ്ട് ഭൂരിഭാഗം പണ്ഡിതന്മാരും ഇതിനെ അനുകൂലിച്ചു. കാപ്പിയെ അനുകൂലിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്ത പണ്ഡിതന്മാരിൽ പ്രമുഖനായിരുന്നു ഇറാഖിലെ ഉസ്മാനിയ്യാ കാലഘട്ടത്തിലെ പണ്ഡിതനായ അബ്ദുൽ ഖാദിർ അൽജസീരി. 1587-ൽ അദ്ദേഹം ഉംദത്തുൽ സ്വഫ്‌വ ഫീ ഹില്ലിൽ ഖഹ്‌വ എന്ന ഗ്രന്ഥം രചിച്ചു.
1543-ൽ മക്കയിൽ നടന്ന ഒരു വിവാഹ വിരുന്നിനിടെ ഇബ്നു ഹജർ ഹൈതമി(റ) ഒരു കപ്പ് കാപ്പി കുടിക്കാൻ തുടങ്ങുമ്പോഴാണ് സദസ്സിലുണ്ടായിരുന്ന ഒരു മുതിർന്ന ഹനഫി മുഫ്തി ബഹളം വെച്ചത്. കാപ്പി മദ്യത്തേക്കാൾ മോശമായ ലഹരിവസ്തുവാണ്, അത് കുടിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, ഹൈതമി(റ) ഇതിനെ എതിർത്തു. കാപ്പി കുടിക്കുന്നത് തെറ്റല്ലെന്ന് അദ്ദേഹം കാരണങ്ങൾ നിരത്തി വിശദീകരിച്ചു. ഈ തർക്കം മുറുകിയപ്പോൾ മുഫ്തിയുടെ സ്വന്തം അനന്തരവൻ ഇബ്ൻ ഹജർ തങ്ങളുടെ പക്ഷം ചേർന്നു. ഇത് മുഫ്തിയെ വല്ലാതെ പ്രകോപിപ്പിച്ചു. അപമാനിതനായ അദ്ദേഹം ഇബ്ൻ ഹജർ തങ്ങളോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.
അദ്ദേഹത്തെ വകവരുത്താനായി മുഫ്തി ഒരു ഉപായം കണ്ടെത്തി. കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന, ആയുധവിദ്യ അറിയാവുന്ന ഒരാളെ അദ്ദേഹം സ്വാധീനിച്ചു. ഹൈതമി നമ്മുടെ മദ്‌ഹബിനെ അപമാനിക്കുന്നു എന്ന് കള്ളം പറഞ്ഞ് ആ ഗുണ്ടയെ അദ്ദേഹം തങ്ങൾക്കെതിരെ തിരിച്ചുവിട്ടു. അടുത്ത ദിവസം പുലർച്ചെ, ഇബ്ൻ ഹജർ തങ്ങൾ മക്കയിലെ ഹറം പള്ളിയിലേക്ക് ക്ലാസ് എടുക്കാൻ പോകുന്നത് കാത്ത് ആ ഗുണ്ട വഴിയിൽ ഒളിച്ചിരുന്നു. തങ്ങൾ വന്നതും അയാൾ വാളുമായി ചാടിവീണു. എന്നാൽ കൊല്ലാൻ അടുത്തെത്തിയപ്പോഴാണ് അയാൾ ഒരു കാര്യം തിരിച്ചറിഞ്ഞത്, താൻ കൊല്ലാൻ പോകുന്നത് മറ്റാരെയുമല്ല, തന്റെ സ്വന്തം ഗുരുനാഥനായ ശൈഖിനെ തന്നെയാണെന്ന്. ഭയം തോന്നിയ അയാൾ ഉടൻ തന്നെ വാൾ താഴെയിട്ടു അവരുടെ കൈകളിൽ ഉമ്മ വെച്ച് മാപ്പപേക്ഷിച്ചു.
വൈകാതെ, മക്കയും കെയ്‌റോയും കാപ്പി സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറുകയും തീർത്ഥാടകർ വഴിയും വ്യാപാരികൾ വഴിയും കാപ്പി ഇതര നാടുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. കെയ്‌റോയിലെയും മക്കയിലെയും കോഫി ഹൗസുകൾ കഥാപ്രസംഗങ്ങൾക്കും കവിതാലാപനങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വേദിയായി. ഇവയെ Schools of Wisdom എന്ന് പോലും വിളിച്ചുപോന്നു. വിവിധ സാമൂഹിക ചുറ്റുപാടുകളിൽ നിന്നുള്ളവർ ഇവിടെ ഒത്തുകൂടി ആശയങ്ങൾ പങ്കുവെച്ചു.
1535-ൽ കെയ്‌റോയിലെ പ്രമുഖ പണ്ഡിതനായ സുൻബാത്തിയെ ( അഹ്‌മദ് ബിൻ അബ്ദുൽ ഹഖ് ) ചിലർ തെറ്റിദ്ധരിപ്പിച്ചു. കാപ്പി കുടിക്കുന്നത് മദ്യം പോലെ ലഹരി നൽകുന്ന ഒന്നാണെന്നും അത് നിഷിദ്ധമാണെന്നുമായിരുന്നു അവർ പറഞ്ഞത്. ഇത് വിശ്വസിച്ച സുൻബാത്തി, അൽഅസ്ഹർ പള്ളിയിൽ നടന്ന പ്രസംഗത്തിൽ കാപ്പി കുടിക്കുന്നത് വലിയ തെറ്റാണെന്ന് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആവേശഭരിതരായ നൂറുകണക്കിന് ആളുകൾ കെയ്‌റോയിലെ കോഫിഹൗസുകളിലേക്ക് ഇരച്ചുകയറി. അവർ അവിടുത്തെ സാധനങ്ങൾ തല്ലിത്തകർക്കുകയും കാപ്പി കുടിച്ചിരുന്നവരെ മർദ്ദിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് കെയ്‌റോ നഗരത്തിൽ വലിയൊരു ലഹള തന്നെ ഉണ്ടായി.
ഈ വാർത്ത ഈജിപ്തിലെ വൈസ്രോയിയുടെ അടുത്തെത്തി. ഇത്രയും വലിയൊരു ജനക്കൂട്ടത്തെ ഒരു പ്രസംഗം കൊണ്ട് ഇളക്കിവിടാൻ സുൻബാത്തിക്ക് കഴിയുമെന്ന് കണ്ടപ്പോൾ വൈസ്രോയിക്ക് ഭയമായി. ഇന്ന് കാപ്പി നിരോധിക്കാൻ പറഞ്ഞ ഇയാൾ നാളെ ജനങ്ങളെ ഉപയോഗിച്ച് നിങ്ങളുടെ കൊട്ടാരം തകർക്കാൻ പറഞ്ഞാൽ എന്തുചെയ്യും? എന്ന് പറഞ്ഞ് സുൻബാത്തിയുടെ ശത്രുക്കൾ വൈസ്രോയിയെ ആശങ്കയിലാക്കി.
ഭരണകൂടത്തിന് ഭീഷണിയാകുമെന്ന് കരുതിയ വൈസ്രോയി ഉടൻ തന്നെ സുൻബാത്തിയെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും നീക്കം ചെയ്യുകയും അദ്ദേഹത്തെ സ്വന്തം വീട്ടിൽ തടങ്കലിലാക്കുകയും ചെയ്തു. കാപ്പിയെ എതിർത്ത പണ്ഡിതന് ശിക്ഷ ലഭിച്ചതറിഞ്ഞ കാപ്പി പ്രേമികൾ തെരുവിൽ ആഘോഷം നടത്തി. തങ്ങളെ ഉപദ്രവിച്ചവർക്ക് അർഹിച്ച ശിക്ഷ ലഭിച്ചു എന്ന് അവർ വിശ്വസിച്ചു. ഇതാണ് കാപ്പിയുടെ ബറകത്ത് എന്ന് പറഞ്ഞുകൊണ്ടാണ് അവർ ആ വിജയം ആഘോഷിച്ചത്.
ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ കാപ്പി സംസ്കാരം കൂടുതൽ വിപുലീകരിക്കപ്പെട്ടു. ഓട്ടോമൻ ചരിത്രകാരനായ ഇബ്രാഹിം പെചെവിയുടെ അഭിപ്രായത്തിൽ, സുലൈമാൻ ദ മാഗ്നിഫിഷ്യന്റിന്റെ ഭരണകാലത്ത് ഏകദേശം 1554 ലോ 1555 ലോ ആണ് ഇസ്താംബൂളിലെ ആദ്യത്തെ കോഫി ഹൗസ് തുറന്നത്. സിറിയയിലെ അലപ്പോ, ഡമസ്കസ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ ചേർന്നാണ് ഇത് സ്ഥാപിച്ചത്. വൈകാതെ കാപ്പി കുടിക്കുന്നത് ഒരു വലിയ ചടങ്ങായി മാറി. കലാകാരന്മാർ, പണ്ഡിതന്മാർ, സൈനികർ എന്നിവരെല്ലാം ഒരുപോലെ ഇവിടെ ഒത്തുകൂടി. അധികാരികൾ ഈ ഒത്തുകൂടൽ രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും കോഫി ഹൗസിന്റെ സ്വാധീനം കുറയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. 1633 ൽ സുൽത്താൻ മുറാദ് നാലാമൻ ഇത് നിരോധിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾക്കിടയിലെ ഇതിന്റെ സ്വീകാര്യതയെ തകർക്കാൻ സാധിച്ചില്ല.
1630-ൽ മക്കയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കഅബയുടെ ഒരു മതിൽ തകർന്നു വീണു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ, വിള്ളൽ മറയ്ക്കാനായി ഒരു താൽക്കാലിക മറ അവിടെ കെട്ടിയിരുന്നു. ഈ സമയത്ത് പ്രശസ്ത പണ്ഡിതനായ ഇബ്നു അല്ലാൻ(റ), ആ വിള്ളലിനുള്ളിലൂടെ കഅബയുടെ ഉള്ളിൽ കയറി പ്രാർത്ഥിക്കാനും ഹദീസ് പാരായണം പൂർത്തിയാക്കാനും തീരുമാനിച്ചു. എന്നാൽ അദ്ദേഹം തന്റെ കൂടെ ഒരു കപ്പ് കാപ്പി കൂടി കഅബയ്ക്കുള്ളിലേക്ക് കൊണ്ടുപോയി.
ഇതറിഞ്ഞ അദ്ദേഹത്തിന്റെ ശത്രുക്കൾ ഗവർണറോട് ചെന്ന് പരാതിപ്പെട്ടു: ഇബ്നു അല്ലാൻ(റ) അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തെ ഒരു കാപ്പി കുടിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ഇതുകേട്ട ഗവർണർ കോപിഷ്ഠനാവുകയും ഷെയ്ഖിനെ ഉടൻ തടവിലാക്കുകയും ചെയ്തു. ജയിലിലായ ഇബ്നു അല്ലാൻ(റ) സങ്കടത്തോടെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. കൃത്യം ആ സമയത്ത്, ഗവർണർ മഗ്‌രിബ് നിസ്കാരത്തിന് തയ്യാറെടുക്കുമ്പോൾ ഒരു വലിയ ഭൂകമ്പം ഉണ്ടായതുപോലെ അദ്ദേഹത്തിന്റെ കൊട്ടാരം ശക്തമായി കുലുങ്ങാൻ തുടങ്ങി. പേടിച്ചുപോയ ഗവർണർ മന്ത്രിയെ വിളിച്ചു. ഇത് നിങ്ങൾ തടവിലാക്കിയ ഷെയ്ഖ് ഇബ്നു അല്ലാന്റെ(റ) കറാമത്താണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കൂ എന്നും മന്ത്രി ഉപദേശിച്ചു.
ഭയന്നുപോയ ഗവർണർ ഉടൻ തന്നെ ഷെയ്ഖിനെ മോചിപ്പിക്കുകയും അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്തു. കഅബയ്ക്കുള്ളിൽ കാപ്പി കൊണ്ടുപോയത് തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ അശ്രദ്ധയാണെന്ന് സമ്മതിച്ചുകൊണ്ട് ഇബ്നു അല്ലാൻ(റ) പിന്നീട് മാപ്പുപറഞ്ഞു.
ഇന്ന് ആഗോളതലത്തിൽ കാപ്പി ഒരു വാണിജ്യ ഉൽപ്പന്നമായി മാറിയിരിക്കുന്നു. എന്നാൽ ആധുനിക കഫേകളിൽ പലപ്പോഴും ആളുകൾ തങ്ങളുടെ ലാപ്ടോപ്പുകളുമായി ഒറ്റപ്പെട്ട് ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെയാണ് യെമനി കോഫി ഷോപ്പുകൾ വ്യത്യസ്തമാകുന്നത്. കുടുംബങ്ങൾ ഒത്തുകൂടുകയും രാത്രി വൈകുവോളം സംസാരിച്ചിരിക്കുകയും ചെയ്യുന്ന ആ പഴയ കാലത്തെ സാമൂഹിക അനുഭവമാണ് യമനീ കോഫീ ഷോപ്പുകൾ തിരികെ നൽകുന്നത്.
യമൻ മുതൽ ഇസ്താംബുൾ വരെയുള്ള കാപ്പിയുടെ യാത്ര മാനവ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണ്. അത് കേവലം ഒരു പാനീയത്തിന്റെ ചരിത്രമല്ല, മറിച്ച് മനുഷ്യർ എങ്ങനെ ഒത്തുചേരുന്നു എന്നും ആശയവിനിമയം നടത്തുന്നു എന്നും ഉള്ളതിന്റെ അടയാളമാണ്. ആത്മീയതയിൽ തുടങ്ങി സാമൂഹിക വിപ്ലവങ്ങളിൽ വരെ പങ്കുവഹിച്ച കാപ്പി സംസ്കാരം, ഇന്നും ജനങ്ങളെ ഒരുമിപ്പിക്കുന്ന ഒരു വലിയ ശക്തിയായി നിലകൊള്ളുന്നു. ആ പഴയകാലത്തെ ഒത്തുചേരലുകളുടെയും സ്നേഹസംവാദങ്ങളുടെയും അന്തരീക്ഷം തിരികെ ലഭിക്കാനാണ് ആധുനിക ലോകവും ഇപ്പോൾ ആഗ്രഹിക്കുന്നത്.
Ralph Hattox, Coffee and Coffeehouses: The Origins of a Social Beverage in the Medieval Near East
Abd al-Qadir al-Jaziri, ʿUmdat al-ṣafwa fī ḥill al-qahwa
https://www.folger.edu/blogs/shakespeare-and-beyond/islamic-history-of-coffee/



Leave A Comment