ത്രിപുരയിലെ  മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത റാലിക്കിടെ ത്രിപുരയിൽ മതന്യൂനപക്ഷത്തിനെതിരെ നടന്ന ആക്രമണത്തിൽ നാലാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാറിനോടും പോലീസിനോടും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് ഉത്തരവ്. സംഭവത്തിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും 70 പേർക്കെതിരെ കുറ്റപത്രം തയാറാക്കിയെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം പള്ളി തകർക്കുന്നതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളുടെ പേരിലടക്കമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തൃണമൂലിന്റെ രാജ്യസഭ എം.പി സുഷ്മിത ദേവിനെതിരെ നടന്ന ആക്രമണവും മസ്ജിദിന് തീയിട്ട നോർത്ത് ത്രിപുര ജില്ലയിൽ പനിസാഗർ ബ്ലോക്കിൽ മതന്യൂനപക്ഷത്തിനെതിരെ നടന്ന അതിക്രമവും സാകേത് ഗോഖലെ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയാണ് അതിക്രമങ്ങൾക്ക് പിറകിലെന്ന് ആരോപിക്കപ്പെടുന്നതായും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. സുഷ്മിത ദേവാണ് ത്രിണമൂലിനായി ത്രിപുരയിൽ തെരഞ്ഞെടുപ്പ് കാമ്പയിൻ നയിക്കുന്നത്.

വിശ്വ ഹിന്ദു പരിഷത്ത് റാലിക്കിടെയാണ് മസ്ജിദിന് തീയിടുകയും രണ്ടു കടകൾ കത്തിക്കുകയും ചെയ്തത്. ജനക്കൂട്ടം കലാപം നടത്തിയപ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായിരുന്നെന്നും വിമർശനമുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് വിഎച്ച്പി റാലി സംഘടിപ്പിച്ചത്. റാല്ലിക്കിടെ ചിലർ പള്ളിക്കു നേരെ കല്ലെറിയുകയും വാതിൽ തകർക്കുകയുമായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ റോവ ബസാറിലെ ചില വീടുകളും കടകളും കൊള്ളയടിക്കപ്പെട്ടെന്നും എസ്പി ഭാനുപദ ചക്രബർത്തി പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter