സി.എം അബ്ദുല്ല മൗലവി വധം; അനിശ്ചിതകാല സമരം ഒക്ടോബര്‍ 10 മുതല്‍
ഖാസി സിഎം അബ്ദുല്ല മൗലവി വധക്കേസുമായി ബന്ധപ്പെട്ട് അനിശ്ചിതകാല സമരം ഈ മാസം 10 മുതല്‍ കാസര്‍കോട് ആരംഭിക്കും. അബ്ദുല്ല മൗലവി കൊല്ലപ്പെട്ടിട്ട് എട്ട് വര്‍ഷം പിന്നിട്ടിട്ടും സി.ബി.ഐ കേസന്വേഷണം പ്രഹസനമാക്കി മാറ്റുന്നതിലും കൊലയാളികളെ കണ്ടെത്താനുള്ള വഴിയില്‍ കൂടി അന്വേഷണം നടത്താത്തതിലും പ്രതിഷേധിച്ചാണ് സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മറ്റിയും സംയുക്ത നേതൃത്തത്തില്‍ അനിശ്ചിതകാല സമരം തുടങ്ങുന്നത്.
ശാസ്ത്രീയമായി കേസ് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവും വ്യക്തമായി തെളിവുകള്‍ ഹാജരാക്കിയിട്ടും അത് പരിഗണിക്കാതെയും കേസ് അന്വേഷണമെന്ന പേരില്‍ തലസ്ഥാന നഗരിയില്‍ ഇരുന്ന് ഒരു അന്വേഷണവും നടത്താതെ ഇടക്കിടെ അബ്ദുല്ല മൗലവിയുടെ വധക്കേസ് ആത്മഹത്യയാക്കി അവസാനിപ്പിക്കാനുള്ള ശ്രമം സി.ബി.ഐ നടത്തുന്നത് കൊലയാളി സംഘത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.